യഹോവയുടെ കരുണയെ അനുകരിക്കുവിൻ
“നിങ്ങളുടെ പിതാവു കരുണാസമ്പന്നൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണാസമ്പന്നർ ആയിരിക്കുന്നതിൽ തുടരുവിൻ.”—ലൂക്കൊസ് 6:36, NW.
1. പരീശന്മാർ കരുണയില്ലാത്തവർ ആണെന്നു പ്രകടമാക്കിയത് എങ്ങനെ?
ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവർ ആണെങ്കിലും, മനുഷ്യർ അവന്റെ കരുണയെ അനുകരിക്കാൻ പലപ്പോഴും പരാജയപ്പെടുന്നു. (ഉല്പത്തി 1:27) ഉദാഹരണത്തിന്, പരീശന്മാരുടെ കാര്യം പരിചിന്തിക്കുക. ഒരു മനുഷ്യന്റെ ശോഷിച്ച കൈ യേശു ശബത്തു ദിവസം കരുണാപൂർവം സുഖപ്പെടുത്തിയപ്പോൾ ഒരു കൂട്ടം എന്ന നിലയിൽ അവർ അതിൽ ആഹ്ലാദിച്ചില്ല. പകരം, അവർ “അവനെ നശിപ്പിപ്പാൻ വേണ്ടി അവന്നു വിരോധമായി തമ്മിൽ ആലോചിച്ചു.” (മത്തായി 12:9-14) മറ്റൊരു സന്ദർഭത്തിൽ, ജന്മനാ അന്ധനായ ഒരു മനുഷ്യനെ യേശു സുഖപ്പെടുത്തി. അപ്പോഴും, “പരീശൻമാരിൽ ചിലർ” യേശുവിന്റെ അനുകമ്പയിൽ സന്തോഷിക്കാൻ യാതൊരു കാരണവും കണ്ടില്ല. പകരം അവർ ഇങ്ങനെ പരാതിപ്പെടുകയാണു ചെയ്തത്: “ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല.”—യോഹന്നാൻ 9:1-7, 16.
2, 3. ‘പരീശന്മാരുടെ പുളിച്ച മാവു സൂക്ഷിച്ചുകൊൾവിൻ’ എന്ന പ്രസ്താവനയാൽ യേശു എന്താണ് അർഥമാക്കിയത്?
2 പരീശന്മാരുടെ അനുകമ്പാരഹിതമായ മനോഭാവം മനുഷ്യർക്കും ദൈവത്തിനും എതിരെയുള്ള ഒരു പാപം ആയിത്തീർന്നു. (യോഹന്നാൻ 9:39-41) അതുകൊണ്ടുതന്നെ, ശക്തരായ ഈ ന്യൂനപക്ഷ സമൂഹത്തിന്റെയും സദൂക്യരെപോലുള്ള മറ്റു മതനിരതരുടെയും “പുളിച്ച മാവു സൂക്ഷിച്ചുകൊ”ള്ളാൻ യേശു തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകി. (മത്തായി 16:6) ബൈബിളിൽ, പുളിച്ച മാവ് പാപത്തെയോ ദുഷിപ്പിനെയോ പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കുന്നു. അതുകൊണ്ട് ‘ശാസ്ത്രിമാരുടെയും പരീശൻമാരുടെയും’ പഠിപ്പിക്കലുകൾക്ക് നിർമല ആരാധനയെ ദുഷിപ്പിക്കാനാകും എന്നു പറയുകയായിരുന്നു യേശു. എങ്ങനെ? കരുണ ഉൾപ്പെടെയുള്ള “ഘനമേറിയ” സംഗതികൾ അവഗണിക്കുകയും അതേസമയം ദൈവത്തിന്റെ ന്യായപ്രമാണത്തെ തങ്ങളുടെ വ്യാഖ്യാന പ്രകാരമുള്ള നിയമങ്ങളുടെയും ആചാരങ്ങളുടെയും ചട്ടക്കൂട്ടിലൂടെ മാത്രം വീക്ഷിക്കാൻ ആളുകളെ പഠിപ്പിക്കുകയും ചെയ്തതിനാൽ. (മത്തായി 23:23) ആചാരാനുഷ്ഠാന വിധികളുടേതായ ഈ മതം ദൈവത്തിന്റെ ആരാധനയെ ദുർവഹമാക്കി.
3 ധൂർത്ത പുത്രനെ കുറിച്ചുള്ള ഉപമയുടെ രണ്ടാം ഭാഗത്ത്, യേശു യഹൂദ മതനേതാക്കന്മാരുടെ ദുഷിച്ച ചിന്തയെ തുറന്നുകാട്ടി. ഉപമയിൽ, യഹോവയെ പ്രതിനിധാനം ചെയ്യുന്ന പിതാവ്, അനുതാപം പ്രകടമാക്കിയ പുത്രനോട് ക്ഷമിക്കാൻ ഉത്സുകൻ ആയിരുന്നു. എന്നാൽ ‘പരീശന്മാരെയും ശാസ്ത്രിമാരെയും’ പ്രതിനിധാനം ചെയ്യുന്ന, അവന്റെ ജ്യേഷ്ഠന് സംഗതിയെ കുറിച്ച് തികച്ചും വ്യത്യസ്തമായ വീക്ഷണം ആണ് ഉണ്ടായിരുന്നത്.—ലൂക്കൊസ് 15:2.
ഒരു സഹോദരന്റെ ക്രോധം
4, 5. ധൂർത്ത പുത്രൻ “നഷ്ടപ്പെട്ടു പോയ”വനായിരുന്നത് ഏത് അർഥത്തിൽ?
4 “അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോടു അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു, ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു. അപ്പോൾ അവൻ കോപിച്ചു [“ക്രോധമുള്ളവൻ ആയിത്തീർന്നു,” “NW”], അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു.”—ലൂക്കൊസ് 15:25-28.
5 വ്യക്തമായും, യേശുവിന്റെ ഉപമയിൽ ധൂർത്ത പുത്രനു മാത്രമല്ല പ്രശ്നം ഉണ്ടായിരുന്നത്. ഒരു പരാമർശ ഗ്രന്ഥം പറയുന്നു: “ഇവിടെ ചിത്രീകരിച്ചിരിക്കുന്ന രണ്ടു പുത്രന്മാരും നഷ്ടപ്പെട്ടു പോയവർതന്നെ, ഒരാൾ അനീതിയിലൂടെ അധമൻ ആയിക്കൊണ്ടും മറ്റേയാൾ സ്വയനീതീകരണത്തിലൂടെ അവിവേകി ആയിക്കൊണ്ടും.” ധൂർത്ത പുത്രന്റെ സഹോദരൻ ആഹ്ലാദിക്കാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, “ക്രോധമുള്ളവൻ ആയിത്തീ”രുകയും ചെയ്തു. ‘ക്രോധം’ എന്നതിനുള്ള മൂല ഗ്രീക്കു പദം സൂചിപ്പിക്കുന്നത് കോപ പ്രകടനത്തെക്കാൾ ഉപരി, കോപം ഉറഞ്ഞുകൂടിയ മനസ്സിന്റെ അവസ്ഥയെയാണ്. ധൂർത്ത പുത്രന്റെ സഹോദരൻ ഹൃദയത്തിൽ കടുത്ത അമർഷം വെച്ചുകൊണ്ടിരുന്നു എന്നു വ്യക്തമാണ്, അതുകൊണ്ട് വാസ്തവത്തിൽ ഒരിക്കലും വീടുവിട്ടുപോകാൻ പാടില്ലായിരുന്ന ഒരുവന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നത് അവന് ഉചിതമായി തോന്നിയില്ല.
6. ധൂർത്ത പുത്രന്റെ സഹോദരൻ ആരെ പ്രതിനിധാനം ചെയ്യുന്നു, എന്തുകൊണ്ട്?
6 യേശു പാപികളോടു കാട്ടിയ അനുകമ്പയിലും ശ്രദ്ധയിലും അമർഷം പ്രകടിപ്പിച്ചവരെ ധൂർത്ത പുത്രന്റെ സഹോദരൻ നന്നായി പ്രതിനിധാനം ചെയ്യുന്നു. യേശുവിന്റെ കരുണ സ്വയനീതിക്കാരായ ഇക്കൂട്ടരിൽ ഒരു സ്വാധീനവും ചെലുത്തിയില്ല; ഒരു പാപിക്കു ക്ഷമ ലഭിക്കുമ്പോൾ സ്വർഗത്തിൽ ഉണ്ടാകുന്ന സന്തോഷവും ഇവരിൽ പ്രതിഫലിച്ചില്ല. പകരം, യേശുവിന്റെ കരുണയിൽ ക്രോധമുള്ളവരായി അവർ ഹൃദയത്തിൽ “ദോഷം നിരൂപിക്കാ”ൻ തുടങ്ങി. (മത്തായി 9:2-4) ഒരു സന്ദർഭത്തിൽ ചില പരീശന്മാരുടെ കോപം അതികഠിനം ആയിത്തീർന്നു, അവർ യേശു സൗഖ്യമാക്കിയവനെ വിളിച്ചുവരുത്തി പള്ളിയിൽനിന്നു “പുറത്താക്കിക്കളഞ്ഞു”! (യോഹന്നാൻ 9:22, 34) ധൂർത്ത പുത്രന്റെ സഹോദരന് “അകത്തു കടപ്പാൻ മനസ്സില്ലാ”തിരുന്നതുപോലെ, യഹൂദ മതനേതാക്കന്മാർക്ക് “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കാ”നുള്ള അവസരം ലഭിച്ചപ്പോൾ അവർ അതിനു കൂട്ടാക്കിയില്ല. (റോമർ 12:15) യേശു തന്റെ ഉപമയുടെ ശേഷിച്ച ഭാഗത്ത് അവരുടെ ദുഷ്ട നിരൂപണങ്ങളെ കൂടുതലായി തുറന്നുകാട്ടി.
തെറ്റായ ന്യായവാദം
7, 8. (എ) ധൂർത്ത പുത്രന്റെ സഹോദരൻ പുത്രത്വത്തിന്റെ അർഥം ഗ്രഹിക്കാൻ പരാജയപ്പെട്ടത് ഏതു വിധത്തിൽ? (ബ) മൂത്ത പുത്രൻ പിതാവിൽനിന്നു വ്യത്യസ്തൻ ആയിരുന്നത് എങ്ങനെ?
7 അപ്പോൾ “അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു. അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു [“സേവിച്ചിരിക്കുന്നു,” “NW”]; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല. വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ.”—ലൂക്കൊസ് 15:28-30.
8 ഈ വാക്കുകളിലൂടെ, താൻ പുത്രത്വത്തിന്റെ യഥാർഥ അർഥം ഗ്രഹിക്കാൻ പരാജയപ്പെട്ടിരിക്കുന്നു എന്ന് ധൂർത്ത പുത്രന്റെ സഹോദരൻ വ്യക്തമാക്കി. ഒരു തൊഴിലാളി തന്റെ തൊഴിലുടമയെ സേവിക്കുന്നതു പോലെയാണ് അവൻ തന്റെ പിതാവിനെ സേവിച്ചത്. “ഞാൻ നിന്നെ സേവിച്ചിരിക്കുന്നു” എന്നാണ് അവൻ പിതാവിനോടു പറഞ്ഞത്. ഈ മൂത്ത പുത്രൻ ഒരിക്കലും വീടുവിട്ടു പോകുകയോ പിതാവിന്റെ കൽപ്പനകൾ ലംഘിക്കുകയോ ചെയ്തില്ല എന്നതു സത്യംതന്നെ. എന്നാൽ സ്നേഹത്താൽ പ്രചോദിതമായിരുന്നോ ആ അനുസരണം? പിതാവിനെ സേവിക്കുന്നതിൽ അവനു യഥാർഥ സന്തോഷം തോന്നിയിരുന്നോ, അതോ, “വയലിൽ” തന്റെ കർത്തവ്യങ്ങൾ നിർവഹിച്ചിരിക്കുന്നതുകൊണ്ട് താൻ ഒരു നല്ല പുത്രനാണെന്ന ധാരണയിൽ അവൻ അങ്ങേയറ്റം കൃതാർഥനായി തീർന്നിരുന്നുവോ? യഥാർഥത്തിൽ അർപ്പണബോധമുള്ള ഒരു പുത്രൻ ആയിരുന്നെങ്കിൽ, അവൻ പിതാവിന്റെ മനസ്സ് പ്രതിഫലിപ്പിക്കാൻ പരാജയപ്പെട്ടത് എന്തുകൊണ്ട്? സഹോദരനോട് കരുണ കാട്ടാൻ അവസരം ലഭിച്ചപ്പോൾ, അവന്റെ ഹൃദയത്തിൽ അനുകമ്പയ്ക്കു സ്ഥാനം ഇല്ലാതെപോയത് എന്തുകൊണ്ട്?—സങ്കീർത്തനം 50:20-22 താരതമ്യം ചെയ്യുക.
9. യഹൂദ മതനേതാക്കന്മാർ മൂത്ത പുത്രനോടു സദൃശർ ആയിരുന്നത് എങ്ങനെ എന്നു വിശദമാക്കുക.
9 യഹൂദ മതനേതാക്കന്മാർ ഈ മൂത്ത പുത്രനോടു സദൃശർ ആയിരുന്നു. ഒരു നിയമസംഹിത കർശനമായി പാലിച്ചിരുന്നതുകൊണ്ട് തങ്ങൾ ദൈവത്തോടു വിശ്വസ്തരാണ് എന്നായിരുന്നു അവരുടെ വിശ്വാസം. അനുസരണം മർമപ്രധാനമാണ് എന്നതു സത്യംതന്നെ. (1 ശമൂവേൽ 15:22) എന്നാൽ അവർ പ്രവൃത്തികൾക്ക് അമിത പ്രാധാന്യം കൽപ്പിച്ചത് ദൈവത്തിന്റെ ആരാധനയെ കേവലം യാന്ത്രികവും ഭക്തിയുടെ പരിവേഷം മാത്രമുള്ളതുമാക്കി, യഥാർഥ ആത്മീയത ഉണ്ടായിരുന്നില്ല. അവരുടെ മനസ്സിന് പാരമ്പര്യജ്വരം ബാധിക്കുകയും ഹൃദയം സ്നേഹശൂന്യം ആയിത്തീരുകയും ചെയ്തിരുന്നു. സാധാരണക്കാരെ പാദത്തിനടിയിലെ പൊടി പോലെ വീക്ഷിച്ച അവർ വെറുപ്പോടെ അവരെ “ശപിക്കപ്പെട്ട”വർ എന്ന് വിശേഷിപ്പിക്കുമായിരുന്നു. (യോഹന്നാൻ 7:49) വാസ്തവത്തിൽ, അത്തരം നേതാക്കന്മാരുടെ ഹൃദയങ്ങൾ ദൈവത്തിൽനിന്നു വളരെയേറെ അകന്നിരിക്കുമ്പോൾ അവരുടെ പ്രവൃത്തികളിൽ ദൈവത്തിന് എങ്ങനെ മതിപ്പു തോന്നാനാണ്?—മത്തായി 15:7, 8.
10. (എ) ‘യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നത്’ എന്ന വാക്കുകൾ ഉചിതമായ ബുദ്ധ്യുപദേശം ആയിരുന്നത് എന്തുകൊണ്ട്? (ബി) കരുണയില്ലായ്മ എത്ര ഗുരുതരമായ സംഗതിയാണ്?
10 “യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ” എന്ന് യേശു പരീശന്മാരോടു പറഞ്ഞു. (മത്തായി 9:13; ഹോശേയ 6:6) തങ്ങളുടെ മുൻഗണനകൾ സംബന്ധിച്ച് അവർ ആശയക്കുഴപ്പത്തിലായി, എന്തെന്നാൽ കരുണയില്ലെങ്കിൽ അവരുടെ എല്ലാ ബലികളും നിരർഥകം ആകുമായിരുന്നു. ഇത് ഗൗരവമുള്ള സംഗതിയാണ്, എന്തെന്നാൽ “കരുണയില്ലാത്ത”വരെ “മരണയോഗ്യ”രുടെ കൂട്ടത്തിലുള്ളവർ ആയിട്ടാണ് ദൈവം വീക്ഷിക്കുന്നത് എന്ന് ബൈബിൾ പ്രസ്താവിക്കുന്നു. (റോമർ 1:31, 32) അതുകൊണ്ട്, ഒരു വർഗമെന്ന നിലയിൽ മതനേതാക്കന്മാർ നിത്യനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്നു എന്ന് യേശു പറഞ്ഞതിൽ അത്ഭുതപ്പെടാനില്ല. വ്യക്തമായും, അവർക്ക് ഈ ന്യായവിധി ലഭിക്കുന്നതിനുള്ള മുഖ്യകാരണം അവരുടെ കരുണയില്ലായ്മ ആയിരുന്നു. (മത്തായി 23:33) എന്നാൽ ഈ വർഗത്തിൽപ്പെട്ട ചില വ്യക്തികൾ സഹായം സ്വീകരിച്ചെന്നിരിക്കും. ഉപമയുടെ അവസാനം പിതാവ് മൂത്ത പുത്രനോടു പറഞ്ഞ വാക്കുകളിലൂടെ യേശു അത്തരം യഹൂദന്മാരുടെ ചിന്തയെ നേരെയാക്കാൻ ശ്രമിച്ചു. അത് എങ്ങനെയെന്നു നമുക്കു നോക്കാം.
ഒരു പിതാവിന്റെ കരുണ
11, 12. ഉപമയിലെ പിതാവ് മൂത്ത പുത്രനുമായി ന്യായവാദം ചെയ്യാൻ ശ്രമിക്കുന്നത് എങ്ങനെ, പിതാവ് ‘നിന്റെ സഹോദരൻ’ എന്ന പ്രയോഗം നടത്തിയതിലെ സാരം എന്തായിരുന്നിരിക്കാം?
11 “അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു. നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.”—ലൂക്കൊസ് 15:31, 32.
12 പിതാവ് ‘നിന്റെ സഹോദരൻ’ എന്ന പ്രയോഗം നടത്തുന്നതു ശ്രദ്ധിക്കുക. ആ പദപ്രയോഗം ഉപയോഗിച്ചത് എന്തുകൊണ്ട്? നേരത്തേ പിതാവിനോടു സംസാരിക്കവേ, മൂത്ത പുത്രൻ ധൂർത്ത പുത്രനെ “എന്റെ സഹോദരൻ” എന്നതിനു പകരം “നിന്റെ മകൻ” എന്നു പറഞ്ഞത് അനുസ്മരിക്കുക. അവൻ തനിക്കും തന്റെ ഉടപ്പിറന്നവനും ഇടയിലെ സഹോദരബന്ധം അംഗീകരിച്ചു സംസാരിച്ചില്ല. അതുകൊണ്ട് ഫലത്തിൽ, പിതാവ് ഇപ്പോൾ തന്റെ മൂത്ത പുത്രനോട് ഇങ്ങനെ പറയുകയാണ്: ‘അവൻ കേവലം എന്റെ പുത്രനല്ല, നിന്റെ സഹോദരൻ ആണ്, നിന്റെതന്നെ മാംസവും രക്തവും. അവന്റെ തിരിച്ചുവരവിൽ നിനക്ക് ആഹ്ലാദിക്കാൻ നല്ല കാരണം ഉണ്ട്!’ യേശുവിന്റെ സന്ദേശം യഹൂദ നേതാക്കന്മാർക്ക് വ്യക്തമായിരുന്നിരിക്കണം. അവർ പുച്ഛിച്ചിരുന്ന പാപികൾ വാസ്തവത്തിൽ അവരുടെ “സഹോദരന്മാർ” ആയിരുന്നു. നിശ്ചയമായും, “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.” (സഭാപ്രസംഗി 7:20) അതുകൊണ്ട്, പാപികൾ അനുതാപം പ്രകടമാക്കിയപ്പോൾ ശ്രേഷ്ഠരായ യഹൂദന്മാർക്ക് ആഹ്ലാദിക്കാൻ മതിയായ കാരണം ഉണ്ടായിരുന്നു.
13. യേശുവിന്റെ ഉപമ പെട്ടെന്ന് അവസാനിക്കുന്നത് നമ്മുടെ മുമ്പാകെ ഏതു ഗൗരവമായ ചോദ്യം അവശേഷിപ്പിക്കുന്നു?
13 പിതാവിന്റെ അഭ്യർഥനയ്ക്കു ശേഷം, ഉപമ പെട്ടെന്ന് അവസാനിക്കുകയാണ്. ശ്രോതാക്കൾ തങ്ങളുടേതായ നിഗമനത്തിൽ എത്താൻ യേശു ആഗ്രഹിക്കുന്നതുപോലെ തോന്നുന്നു. മൂത്ത പുത്രന്റെ പ്രതികരണം എന്തായിരുന്നാലും, ഓരോ ശ്രോതാവും ഈ ചോദ്യം അഭിമുഖീകരിക്കുന്നു: ‘ഒരു പാപി അനുതാപം പ്രകടമാക്കുമ്പോൾ, സ്വർഗത്തിൽ അനുഭവപ്പെടുന്ന സന്തോഷത്തിൽ നിങ്ങളും പങ്കുചേരുമോ? ഇന്ന് ക്രിസ്ത്യാനികൾക്കും ഈ ചോദ്യത്തോടു പ്രതികരിക്കുന്നതിനുള്ള അവസരം ഉണ്ട്. എങ്ങനെ?
ഇന്ന് ദൈവത്തിന്റെ കരുണയെ അനുകരിക്കൽ
14. (എ) കരുണയുടെ കാര്യത്തിൽ എഫെസ്യർ 5:1-ൽ കാണുന്ന പൗലൊസിന്റെ ബുദ്ധ്യുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാൻ കഴിയും? (ബി) ദൈവത്തിന്റെ കരുണ സംബന്ധിച്ച ഏതു തെറ്റിദ്ധാരണയ്ക്ക് എതിരെ നാം ജാഗരിക്കേണ്ട ആവശ്യമുണ്ട്?
14 പൗലൊസ് എഫെസ്യരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.” (എഫെസ്യർ 5:1) അതുകൊണ്ട്, ക്രിസ്ത്യാനികൾ എന്ന നിലയിൽ, നാം ദൈവത്തിന്റെ കരുണയെ വിലമതിക്കുകയും നമ്മുടെ ഹൃദയത്തിൽ അത് ഉൾനടുകയും എന്നിട്ട് മറ്റുള്ളവരോടുള്ള ഇടപെടലിൽ ആ ഗുണം പ്രകടമാക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ ജാഗ്രത ആവശ്യമാണ്. ദൈവത്തിന്റെ കരുണയെ പാപത്തിന്റെ ഗൗരവം കുറയ്ക്കലായി ദുർവ്യാഖ്യാനം ചെയ്യരുത്. ഉദാഹരണത്തിന്, കാര്യഗൗരവമില്ലാതെ ഇങ്ങനെ ചിന്തിക്കുന്ന ചിലർ ഉണ്ട്, ‘പാപം ചെയ്യുമ്പോഴൊക്കെ, എന്നോടു ക്ഷമിക്കണമേ എന്ന് എനിക്ക് ദൈവത്തോടു പ്രാർഥിക്കാൻ സാധിക്കും, അവൻ കരുണ കാണിക്കും.’ അത്തരം മനോഭാവം, ബൈബിൾ എഴുത്തുകാരനായ യൂദാ പറഞ്ഞതുപോലെ, “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കു”ന്നതിനു തുല്യമാണ്. (യൂദാ 4) യഹോവ കരുണയുള്ളവൻ ആണെങ്കിലും, അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരോട് ഇടപെടുമ്പോൾ അവൻ “യാതൊരു കാരണവശാലും ശിക്ഷ ഇളവു ചെയ്യുകയില്ല.”—പുറപ്പാടു 34:7, NW; യോശുവ 24:19-ഉം 1 യോഹന്നാൻ 5:16-ഉം താരതമ്യം ചെയ്യുക.
15. (എ) വിശേഷാൽ മൂപ്പന്മാർ കരുണ സംബന്ധിച്ച് സമനിലയുള്ള ഒരു കാഴ്ചപ്പാട് നിലനിർത്തേണ്ടത് എന്തുകൊണ്ട്? (ബി) മനഃപൂർവം തെറ്റു ചെയ്യുന്നതിനെ മൂപ്പന്മാർ വെച്ചുപൊറുപ്പിക്കില്ലെങ്കിലും, അവർ എന്തു ചെയ്യാൻ യത്നിക്കണം, എന്തുകൊണ്ട്?
15 അതേസമയം, ഇതിനു നേർവിപരീതമായ ദിശയിൽ അങ്ങേയറ്റം പോകുന്നതിന്, അതായത് തങ്ങളുടെ പാപങ്ങളെ കുറിച്ച് യഥാർഥ അനുതാപവും ദിവ്യമായ ദുഃഖവും പ്രകടമാക്കുന്നവരോട് കർക്കശമായും വിമർശന ബുദ്ധിയോടെയും ഇടപെടുന്നതിന് എതിരെയും നാം ജാഗരിക്കണം. (2 കൊരിന്ത്യർ 7:11) യഹോവയുടെ ആടുകളുടെ പരിപാലനം മൂപ്പന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നതിനാൽ, ഇക്കാര്യത്തിൽ, വിശേഷിച്ച് നീതിന്യായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, അവർ സമനിലയുള്ള ഒരു കാഴ്ചപ്പാട് നിലനിർത്തേണ്ടത് അത്യന്താപേക്ഷിതം ആണ്. ക്രിസ്തീയ സഭയെ ശുദ്ധമായി സൂക്ഷിക്കണം, പുറത്താക്കൽ നടപടിയിലൂടെ ‘ദുഷ്ടനെ നീക്കിക്കള’യുന്നത് തിരുവെഴുത്തുപരമായി ഉചിതമാണ്. (1 കൊരിന്ത്യർ 5:11-13) അതേസമയം, വ്യക്തമായ അടിസ്ഥാനം ഉള്ളപ്പോൾ കരുണ പ്രകടമാക്കുകയും വേണം. മനഃപൂർവം തെറ്റു ചെയ്യുന്നതിനെ മൂപ്പന്മാർ വെച്ചുപൊറുപ്പിക്കില്ലെങ്കിലും, അവർ നീതിയുടെ പരിധിയിൽ നിന്നുകൊണ്ട് സ്നേഹപുരസ്സരവും കരുണാപൂർവകവുമായ ഗതി പിൻപറ്റാൻ യത്നിക്കുന്നു. അവർ ഈ ബൈബിൾ തത്ത്വത്തെ കുറിച്ച് എപ്പോഴും ബോധമുള്ളവരാണ്: “കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.”—യാക്കോബ് 2:13; സദൃശവാക്യങ്ങൾ 19:17; മത്തായി 5:7.
16. (എ) ദുഷ്പ്രവൃത്തിക്കാർ തന്നിലേക്കു തിരിച്ചുവരാൻ യഹോവ യഥാർഥത്തിൽ ആഗ്രഹിക്കുന്നു എന്ന് ബൈബിൾ ഉപയോഗിച്ചു പ്രകടമാക്കുക. (ബി) അനുതാപം പ്രകടമാക്കുന്ന പാപികളുടെ തിരിച്ചുവരവിനെ നാമും സ്വാഗതം ചെയ്യുന്നു എന്ന് എങ്ങനെ പ്രകടമാക്കാം?
16 ദുഷ്പ്രവൃത്തിക്കാർ തന്നിലേക്കു തിരിച്ചുവരാൻ യഹോവ ആഗ്രഹിക്കുന്നു എന്നു ധൂർത്ത പുത്രന്റെ ഉപമ വ്യക്തമാക്കുന്നു. നിശ്ചയമായും, പ്രതീക്ഷയ്ക്കു വകയില്ലെന്ന് അവർ തെളിയിക്കുന്നതുവരെ അവൻ അവർക്ക് ക്ഷണം നീട്ടിക്കൊടുക്കുന്നു. (യെഹെസ്കേൽ 33:11; മലാഖി 3:7; റോമർ 2:4, 5; 2 പത്രൊസ് 3:9) ധൂർത്ത പുത്രന്റെ പിതാവിനെ പോലെ, യഹോവ തിരിച്ചുവരുന്നവരോട് മാന്യതയോടെ ഇടപെട്ട് അവരെ സമ്പൂർണ അർഥത്തിൽത്തന്നെ കുടുംബാംഗങ്ങൾ ആയി കൈക്കൊള്ളുന്നു. ഇക്കാര്യത്തിൽ നിങ്ങൾ യഹോവയെ അനുകരിക്കുന്നുണ്ടോ? പുറത്താക്കപ്പെട്ട് കുറച്ച് കാലം കഴിഞ്ഞ് പുനഃസ്ഥിതീകരിക്കപ്പെടുന്ന ഒരു സഹവിശ്വാസിയോട് നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? ‘സ്വർഗ്ഗത്തിൽ സന്തോഷം’ ഉണ്ടെന്നു നമുക്ക് ഇതിനോടകംതന്നെ അറിയാം. (ലൂക്കൊസ് 15:7) എന്നാൽ ഭൂമിയിൽ, നിങ്ങളുടെ സഭയിൽ, നിങ്ങളുടെ ഹൃദയത്തിൽ സന്തോഷം ഉണ്ടോ? അതോ, ഉപമയിലെ മൂത്ത പുത്രനെ പോലെ, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ വിട്ടുപിരിയാൻ പാടില്ലായിരുന്ന ഒരാൾ സ്വാഗതം അർഹിക്കുന്നില്ല എന്നമട്ടിൽ കുറച്ചൊക്കെ അമർഷം തോന്നുന്നുവോ?
17. (എ) ഒന്നാം നൂറ്റാണ്ടിൽ കൊരിന്തിൽ എന്തു സ്ഥിതിവിശേഷം വികാസം പ്രാപിച്ചു, സംഗതി കൈകാര്യം ചെയ്യാൻ ആ സഭയിലുള്ളവരെ പൗലൊസ് ഉപദേശിച്ചത് എങ്ങനെ? (ബി) പൗലൊസിന്റെ ഉദ്ബോധനം പ്രായോഗികം ആയിരുന്നത് എന്തുകൊണ്ട്, ഇന്നു നമുക്ക് അത് എങ്ങനെ ബാധകമാക്കാൻ കഴിയും? (വലതു വശത്തുള്ള ചതുരം കാണുക.)
17 ഇക്കാര്യത്തിൽ നമ്മെത്തന്നെ പരിശോധിക്കുന്നതിന്, ഏതാണ്ട് പൊ.യു. 55-ൽ കൊരിന്തിൽ എന്തു സംഭവിച്ചു എന്നു പരിചിന്തിക്കുക. അവിടെ ആ സഭയിൽനിന്നു പുറത്താക്കപ്പെട്ടിരുന്ന ഒരു മനുഷ്യൻ അവസാനം തന്റെ ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി. സഹോദരങ്ങൾ എന്തു ചെയ്യണമായിരുന്നു? അയാളുടെ അനുതാപത്തെ സംശയത്തോടെ വീക്ഷിച്ച് അയാളെ തുടർന്നും അവഗണിക്കണമായിരുന്നോ? നേരേമറിച്ച്, പൗലൊസ് കൊരിന്ത്യരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു. അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.” (2 കൊരിന്ത്യർ 2:7, 8) അനുതാപം പ്രകടമാക്കുന്ന ദുഷ്പ്രവൃത്തിക്കാർ അവമാനത്തിന്റെയും നിരാശയുടെയും വികാരങ്ങൾക്കു വിശേഷാൽ വശംവദർ ആയെന്നിരിക്കും. അതുകൊണ്ട്, സഹവിശ്വാസികളാലും യഹോവയാലും തങ്ങൾ സ്നേഹിക്കപ്പെടുന്നുവെന്ന ഉറപ്പ് അവർക്കു ലഭിക്കേണ്ടതുണ്ട്. (യിരെമ്യാവു 31:3; റോമർ 1:12) അതു മർമപ്രധാനം ആണ്. എന്തുകൊണ്ട്?
18, 19. (എ) കൊരിന്ത്യർ ആദ്യം അങ്ങേയറ്റം മൃദുവായ സമീപനം സ്വീകരിക്കുന്നവർ ആണെന്നു പ്രകടമാക്കിയത് എങ്ങനെ? (ബി) കരുണയില്ലാത്ത മനോഭാവം ഹേതുവായി കൊരിന്ത്യർ ‘സാത്താനാൽ തോല്പിക്ക’പ്പെടുമായിരുന്നത് എങ്ങനെ?
18 ക്ഷമിക്കുന്നത് ശീലമാക്കാൻ കൊരിന്ത്യരെ ഉദ്ബോധിപ്പിക്കവേ, പൗലൊസ് ഒരു കാരണം നൽകി, അതായത് അവൻ പറഞ്ഞു: “സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.” (2 കൊരിന്ത്യർ 2:11) അവൻ എന്തായിരുന്നു അർഥമാക്കിയത്? അങ്ങേയറ്റം മൃദുവായ സമീപനം സ്വീകരിച്ചതിന് നേരത്തേ കൊരിന്ത്യ സഭയെ പൗലൊസ് ശാസിച്ചിരുന്നു. അവർ ഈ മനുഷ്യനെ ശിക്ഷിക്കാതെ അയാളുടെ പാപഗതിയിൽ തുടരാൻ അനുവദിച്ചിരുന്നു. അങ്ങനെ ചെയ്യുക വഴി, സഭ—വിശേഷിച്ചും അതിലെ മൂപ്പന്മാർ—സാത്താനെ പ്രസാദിപ്പിക്കുമാറ് പ്രവർത്തിച്ചിരുന്നു, എന്തെന്നാൽ സഭയുടെ സത്പേരിനെ കളങ്കപ്പെടുത്തുന്നത് അവന് ഒരു രസം ആയിരുന്നിരിക്കാം.—1 കൊരിന്ത്യർ 5:1-5.
19 അവർ ഇപ്പോൾ ഇതിനു നേർവിപരീതമായി അങ്ങേയറ്റത്തെ നിലപാട് എടുത്താൽ, അതായത് അനുതാപം ഉള്ളവനോടു ക്ഷമിക്കാൻ വിസമ്മതിക്കുന്നെങ്കിൽ, സാത്താൻ അവരെ മറ്റൊരു ദിശയിൽ തോൽപ്പിക്കുക ആയിരിക്കും. എങ്ങനെ? സാത്താന് അവരുടെ പരുക്കൻ, കരുണയില്ലാത്ത പെരുമാറ്റത്തെ മുതലെടുക്കാൻ കഴിയുമായിരുന്നു. അനുതാപമുള്ള പാപി ‘അതിദുഃഖത്തിൽ മുങ്ങിപ്പോകുന്നെങ്കിൽ’—അല്ലെങ്കിൽ ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ പരിഭാഷപ്പെടുത്തുന്നതുപോലെ, “പൂർണമായും ഉപേക്ഷിച്ചുപോകുമാറ് ദുഃഖിതൻ” ആകുന്നെങ്കിൽ’—യഹോവയുടെ മുമ്പാകെ എത്ര ഭാരിച്ച ഉത്തരവാദിത്വം ആണ് മൂപ്പന്മാർക്കു വഹിക്കാനുള്ളത്! (യെഹെസ്കേൽ 34:6; യാക്കോബ് 3:1 എന്നിവ താരതമ്യം ചെയ്യുക.) തന്റെ അനുഗാമികളോട് “ഈ ചെറിയവരിൽ ഒരുത്തന്നു” ഇടർച്ച വരുത്താതെ സൂക്ഷിക്കാൻ ആജ്ഞാപിച്ചിട്ട് യേശു, മതിയായ കാരണത്തോടെ, ഇങ്ങനെ പറഞ്ഞു: “സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴെച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക.”a (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—ലൂക്കൊസ് 17:1-4.
20. ഒരു പാപി അനുതപിക്കുമ്പോൾ ഏതു വിധത്തിൽ സ്വർഗത്തിലും ഭൂമിയിലും സന്തോഷം അനുഭവപ്പെടുന്നു?
20 വർഷംതോറും നിർമല ആരാധനയിലേക്കു തിരിച്ചുവരുന്ന ആയിരക്കണക്കിന് ആളുകൾ യഹോവ തങ്ങൾക്കു നീട്ടിത്തന്നിരിക്കുന്ന കരുണയ്ക്ക് നന്ദിയുള്ളവർ ആണ്. “ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവപ്പെട്ട ഒരു സമയം ഉണ്ടായിരുന്നതായി എനിക്ക് ഓർമയില്ല” എന്നാണ് തന്റെ പുനഃസ്ഥിതീകരണത്തെ കുറിച്ച് ഒരു ക്രിസ്തീയ സഹോദരി പറയുന്നത്. തീർച്ചയായും, അവരുടെ സന്തോഷം ദൂതന്മാർക്കിടയിലും പ്രതിഫലിക്കുന്നുണ്ട്. ഒരു പാപി അനുതപിക്കുമ്പോൾ “സ്വർഗ്ഗത്തിൽ” അനുഭവപ്പെടുന്ന “സന്തോഷ”ത്തിൽ നമുക്കും പങ്കുചേരാം. (ലൂക്കൊസ് 15:7) അങ്ങനെ ചെയ്യുമ്പോൾ, നാം യഹോവയുടെ കരുണയെ അനുകരിക്കുക ആയിരിക്കും.
[അടിക്കുറിപ്പുകൾ]
a കൊരിന്തിലെ ആ ദുഷ്പ്രവൃത്തിക്കാരൻ താരതമ്യേന ഹ്രസ്വമായ ഒരു കാലയളവിനുള്ളിൽ പുനഃസ്ഥിതീകരിക്കപ്പെട്ടു എന്നു കാണുന്നുണ്ടെങ്കിലും, ഇത് എല്ലാ പുറത്താക്കലുകൾക്കും ഒരു മാനദണ്ഡം ആയി ഉപയോഗിക്കാവുന്നതല്ല. ഓരോ കേസും വ്യത്യസ്തമാണ്. ചില ദുഷ്പ്രവൃത്തിക്കാർ പുറത്താക്കപ്പെട്ട് മിക്കവാറും ഉടൻതന്നെ യഥാർഥ അനുതാപം പ്രകടമാക്കാൻ തുടങ്ങുന്നു. എന്നാൽ മറ്റുള്ളവരാകട്ടെ ഗണ്യമായ സമയം കഴിഞ്ഞാണ് അത്തരം ഒരു മനോഭാവം പ്രകടമാക്കുന്നത്. എന്നിരുന്നാലും എല്ലാവരുടെയും കാര്യത്തിൽ, പുനഃസ്ഥിതീകരിക്കപ്പെടാൻ ആദ്യം ദൈവിക ദുഃഖത്തിന്റെ തെളിവും, സാധ്യമായിരിക്കുന്നിടത്ത്, അനുതാപത്തിനു യോഗ്യമായ പ്രവൃത്തികളും പ്രകടമാക്കണം.—പ്രവൃത്തികൾ 26:20; 2 കൊരിന്ത്യർ 7:11.
പുനരവലോകനം
□ യഹൂദ മതനേതാക്കന്മാർ ധൂർത്ത പുത്രന്റെ സഹോദരനോടു സദൃശർ ആയിരുന്നത് ഏതു വിധത്തിൽ?
□ ധൂർത്ത പുത്രന്റെ സഹോദരൻ പുത്രത്വത്തിന്റെ യഥാർഥ അർഥം ഗ്രഹിക്കാൻ പരാജയപ്പെട്ടത് ഏതെല്ലാം വിധങ്ങളിൽ?
□ ദൈവത്തിന്റെ കരുണയെ കുറിച്ചു വിചിന്തനം ചെയ്യുമ്പോൾ, അതിരുകടന്ന ഏത് രണ്ടു നിലപാടുകൾ നാം ഒഴിവാക്കേണ്ടതുണ്ട്?
□ നമുക്ക് ഇന്ന് എങ്ങനെ ദൈവത്തിന്റെ കരുണയെ അനുകരിക്കാം?
[17-ാം പേജിലെ ചതുരം]
‘നിങ്ങളുടെ സ്നേഹം അവന് ഉറപ്പിച്ചുകൊടുപ്പിൻ’
പുറത്താക്കപ്പെട്ട ദുഷ്പ്രവൃത്തിക്കാരൻ പിന്നീട് അനുതാപം പ്രകടമാക്കിയപ്പോൾ അവനെ കുറിച്ച് പൗലൊസ് കൊരിന്ത്യ സഭയോടു പറഞ്ഞു: “നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.” (2 കൊരിന്ത്യർ 2:8) “ഉറപ്പിച്ചുകൊടുക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം “സാധൂകരിക്കുക” എന്ന് അർഥമുള്ള ഒരു നിയമ പദമാണ്. അതേ, അനുതപിച്ച് പുനഃസ്ഥിതീകരണത്തിലേക്കു വരുന്നവർക്ക് തങ്ങൾ സ്നേഹിക്കപ്പെടുന്നു എന്നും സഭാംഗങ്ങൾ എന്ന നിലയിൽ തങ്ങൾ വീണ്ടും സ്വാഗതം ചെയ്യപ്പെടുന്നു എന്നും ബോധ്യപ്പെടേണ്ട ആവശ്യം ഉണ്ട്.
എന്നിരുന്നാലും, ഒരു വ്യക്തിയുടെ പുറത്താക്കലിലേക്കോ പുനഃസ്ഥിതീകരണത്തിലേക്കോ നയിച്ച പ്രത്യേക സാഹചര്യങ്ങൾ സംബന്ധിച്ച് സഭയിലെ മിക്കവർക്കും അറിയില്ലെന്ന് നാം ഓർക്കണം. അതിലുപരി, അനുതാപം പ്രകടമാക്കിയിരിക്കുന്ന വ്യക്തിയുടെ ദുഷ്പ്രവൃത്തി ചിലരെ, ഒരുപക്ഷേ ദീർഘകാല അടിസ്ഥാനത്തിൽപ്പോലും, വ്യക്തിപരമായി ബാധിക്കുകയോ വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാകാം. അതുകൊണ്ട്, പുനഃസ്ഥിതീകരണത്തെ കുറിച്ചുള്ള അറിയിപ്പു നടത്തിക്കഴിയുമ്പോൾ, ഇത്തരം കാര്യങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ട്, നാം സ്വാഗത പ്രകടനങ്ങൾ ഒഴിവാക്കുന്നത് ഉചിതമാണ്, അത്തരം സംഗതികൾ പിന്നീട് വ്യക്തിപരമായ അടിസ്ഥാനത്തിൽ നിർവഹിക്കാവുന്നതേയുള്ളൂ.
ക്രിസ്തീയ സഭയുടെ അംഗങ്ങൾ എന്ന നിലയിൽ തങ്ങൾ വീണ്ടും സ്വാഗതം ചെയ്യപ്പെടുന്നു എന്ന് പുനഃസ്ഥിതീകരിക്കപ്പെട്ടവർ മനസ്സിലാക്കുന്നത് അവരുടെ വിശ്വാസത്തെ എത്രകണ്ട് ബലിഷ്ഠമാക്കുന്നതാണ്! അനുതപിച്ച് തിരിച്ചെത്തിയിരിക്കുന്നവരുമായി രാജ്യഹാളിൽ വെച്ചും ശുശ്രൂഷയിലും മറ്റ് ഉചിതമായ സന്ദർഭങ്ങളിലും സംസാരിച്ചുകൊണ്ടും കൂട്ടായ്മ ആസ്വദിച്ചുകൊണ്ടും അവരെ നമുക്കു പ്രോത്സാഹിപ്പിക്കാനാകും. ഈ പ്രിയപ്പെട്ടവരോടുള്ള നമ്മുടെ സ്നേഹം അങ്ങനെ ഉറപ്പിച്ചു കൊടുക്കുന്നതിലൂടെ, അഥവാ സാധൂകരിക്കുന്നതിലൂടെ, നാം ഒരു തരത്തിലും അവരുടെ പാപത്തിന്റെ ഗുരുതരാവസ്ഥയെ നിസ്സാരീകരിക്കുന്നില്ല. മറിച്ച്, അവർ പാപഗതി ഉപേക്ഷിച്ച് യഹോവയിലേക്കു മടങ്ങി വന്നിരിക്കുന്നു എന്ന വസ്തുതയിൽ നാം, സ്വർഗീയ വൃന്ദങ്ങളോടൊപ്പം, ആഹ്ലാദിക്കുകയാണ്.—ലൂക്കൊസ് 15:7.
[15-ാം പേജിലെ ചിത്രം]
സഹോദരന്റെ തിരിച്ചുവരവിൽ മൂത്ത പുത്രൻ ആഹ്ലാദിക്കാൻ കൂട്ടാക്കിയില്ല