“സത്യം വാങ്ങുക, അത് ഒരിക്കലും വിറ്റുകളയരുത്”
“സത്യം വാങ്ങുക, അത് ഒരിക്കലും വിറ്റുകളയരുത്. ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും വാങ്ങുക.”—സുഭാ. 23:23.
1, 2. (എ) നമ്മുടെ ഏറ്റവും മൂല്യവത്തായ സ്വത്ത് ഏതാണ്? (ബി) ഏതു സത്യങ്ങൾ നമ്മൾ മൂല്യവത്തായി കാണുന്നു, എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.)
നിങ്ങളുടെ ഏറ്റവും മൂല്യവത്തായ സ്വത്ത് ഏതാണ്? അതിലും വില കുറഞ്ഞ എന്തെങ്കിലും കാര്യത്തിനു നിങ്ങൾ അതു വെച്ചുമാറുമോ? യഹോവയുടെ സമർപ്പിതരായ ആരാധകർക്ക് ആ ചോദ്യങ്ങളുടെ ഉത്തരം ലളിതമാണ്. നമ്മുടെ ഏറ്റവും മൂല്യവത്തായ സ്വത്ത് യഹോവയുമായി നമുക്കുള്ള ബന്ധമാണ്. അതിനു പകരം എന്തൊക്കെ കിട്ടുമെന്നു പറഞ്ഞാലും നമ്മൾ അതു നഷ്ടപ്പെടുത്തില്ല. ബൈബിൾസത്യത്തെയും നമ്മൾ നിധിപോലെ കരുതുന്നു. നമ്മുടെ സ്വർഗീയപിതാവുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ നമ്മളെ സഹായിച്ചത് ആ സത്യമാണ്.—കൊലോ. 1:9, 10.
2 തന്റെ വചനമായ ബൈബിളിലൂടെ മഹാനായ നമ്മുടെ ഉപദേഷ്ടാവ് എന്തെല്ലാമാണു പഠിപ്പിക്കുന്നതെന്നു ചിന്തിക്കുക! അർഥപൂർണമായ തന്റെ പേരിനെക്കുറിച്ചും ആകർഷകമായ തന്റെ ഗുണങ്ങളെക്കുറിച്ചും ഉള്ള സത്യം യഹോവ വെളിപ്പെടുത്തിയിരിക്കുന്നു. സ്വന്തം മകനായ യേശുവിലൂടെ സ്നേഹപൂർവം തന്നിരിക്കുന്ന മോചനവില എന്ന അതുല്യമായ സമ്മാനത്തെക്കുറിച്ചും നമ്മളെ അറിയിച്ചിരിക്കുന്നു. കൂടാതെ, മിശിഹൈകരാജ്യത്തെക്കുറിച്ചും യഹോവ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. അഭിഷിക്തർക്കു സ്വർഗീയപ്രത്യാശയും ‘വേറെ ആടുകൾക്കു’ ഭൂമിയിൽ ജീവിക്കാനുള്ള പ്രത്യാശയും യഹോവ വെച്ചുനീട്ടുന്നു. (യോഹ. 10:16) അതുപോലെ, നമ്മൾ എങ്ങനെ ജീവിക്കണമെന്നും യഹോവ പഠിപ്പിക്കുന്നു. ഈ സത്യങ്ങളെല്ലാം നമ്മൾ മൂല്യവത്തായി കാണുന്നു. കാരണം സ്രഷ്ടാവുമായി കൂടുതൽ അടുക്കാൻ അവ സഹായിക്കുകയും നമ്മുടെ ജീവിതത്തിന് അർഥം പകരുകയും ചെയ്യുന്നു.
3. സത്യം വാങ്ങുക എന്നു പറഞ്ഞാൽ എന്ത് അർഥമാക്കുന്നില്ല?
3 യഹോവ ഉദാരനായ ദൈവമാണ്. സത്യം അന്വേഷിക്കുന്നവരിൽനിന്ന് യഹോവ നല്ലതൊന്നും പിടിച്ചുവെക്കില്ല. എന്തിന്, തന്റെ പ്രിയപുത്രന്റെ ജീവൻപോലും ഒരു സമ്മാനമായിട്ടാണു തന്നത്. തീർച്ചയായും, ദൈവം ഒരിക്കലും സത്യത്തിനു വിലയായി നമ്മളോടു പണം ആവശ്യപ്പെടില്ല. ഒരിക്കൽ ശിമോൻ എന്ന ഒരാൾ, പരിശുദ്ധാത്മാവിനെ മറ്റുള്ളവർക്കു കൊടുക്കാനുള്ള അധികാരം പണം കൊടുത്ത് കരസ്ഥമാക്കാൻ ശ്രമിച്ചപ്പോൾ പത്രോസ് ഇങ്ങനെ പറഞ്ഞുകൊണ്ട് അയാളെ ശാസിച്ചു: “ദൈവം സൗജന്യമായി കൊടുക്കുന്ന സമ്മാനം പണം കൊടുത്ത് വാങ്ങാമെന്നു വ്യാമോഹിച്ചതുകൊണ്ട് നിന്റെ വെള്ളിപ്പണം നിന്റെകൂടെ നശിക്കട്ടെ.” (പ്രവൃ. 8:18-20) അങ്ങനെയെങ്കിൽ “സത്യം വാങ്ങുക” എന്ന ദൈവപ്രചോദിതമായ വാക്കുകളുടെ അർഥം എന്താണ്?
സത്യം “വാങ്ങുക” എന്നാൽ എന്താണ് അർഥം?
4. ഈ ലേഖനത്തിൽ സത്യത്തെക്കുറിച്ച് എന്താണു പഠിക്കാൻപോകുന്നത്?
4 സുഭാഷിതങ്ങൾ 23:23 വായിക്കുക. യാതൊരു ശ്രമവുംകൂടാതെ ദൈവവചനത്തിലെ സത്യം കണ്ടെത്താൻ നമുക്കു കഴിയില്ല. അതു നേടിയെടുക്കാൻ എന്തെല്ലാം ത്യാഗങ്ങൾ ആവശ്യമാണോ അതെല്ലാം ചെയ്യാൻ നമ്മൾ മനസ്സു കാണിക്കണം. സുഭാഷിതങ്ങളുടെ എഴുത്തുകാരൻ പറയുന്നതുപോലെ, ഒരിക്കൽ “സത്യം” ‘വാങ്ങിയാൽ’ അഥവാ സമ്പാദിച്ചാൽ അതു ‘വിറ്റുകളയാതിരിക്കാൻ’ അല്ലെങ്കിൽ നഷ്ടപ്പെടുത്താതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. അതുകൊണ്ട് സത്യം “വാങ്ങുക” എന്നാൽ അതിന്റെ അർഥം എന്താണെന്നും അതിനു കൊടുക്കേണ്ടിവന്നേക്കാവുന്ന വില എന്താണെന്നും നമുക്ക് ഇപ്പോൾ ചർച്ച ചെയ്യാം. അത് സത്യത്തോടുള്ള നമ്മുടെ വിലമതിപ്പ് ആഴമുള്ളതാക്കാനും സത്യം ഒരിക്കലും ‘വിറ്റുകളയില്ല’ എന്ന തീരുമാനം ശക്തിപ്പെടുത്താനും സഹായിക്കും. ഇനി കാണാൻപോകുന്നതുപോലെ, നമ്മൾ വാങ്ങുന്ന സത്യത്തിനു നമ്മൾ കൊടുക്കുന്ന വിലയ്ക്കു തക്ക മൂല്യമുണ്ട്.
5, 6. (എ) പണം കൊടുക്കാതെ നമ്മൾ എങ്ങനെയാണു സത്യം ‘വാങ്ങുന്നത്?’ ദൃഷ്ടാന്തം പറയുക. (ബി) സത്യം നമുക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്?
5 ഒരു സാധനം സൗജന്യമായി കിട്ടുന്നതാണെങ്കിലും ഒരർഥത്തിൽ അതിനു വില കൊടുക്കേണ്ടിവന്നേക്കാം. സുഭാഷിതങ്ങൾ 23:23-ലെ “വാങ്ങുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിനു “സമ്പാദിക്കുക” എന്നും അർഥമാക്കാൻ കഴിയും. മൂല്യവത്തായ ഒരു സാധനം ലഭിക്കുന്നതിനുവേണ്ടി ചെയ്യുന്ന ശ്രമത്തെയോ അതിനുവേണ്ടി എന്തെങ്കിലും പകരം കൊടുക്കുന്നതിനെയോ ആണ് ഈ രണ്ടു വാക്കുകളും അർഥമാക്കുന്നത്. സത്യം വാങ്ങുക എന്ന ആശയം മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം. നിങ്ങൾ ഇങ്ങനെ ഒരു പരസ്യത്തെക്കുറിച്ച് അറിയുന്നു എന്നിരിക്കട്ടെ: “മാർക്കറ്റിൽ ഏത്തപ്പഴം സൗജന്യമായി ലഭിക്കും.” കൈയുംകെട്ടിയിരുന്നാൽ ഏത്തപ്പഴം തനിയെ നമ്മുടെ മേശപ്പുറത്ത് എത്തും എന്നാണോ അതിന് അർഥം? അല്ല. കടയിൽ പോയി അതു വാങ്ങണം, അതിനു സമയം കണ്ടെത്തണം. ഏത്തപ്പഴം സൗജന്യമാണോ എന്നു ചോദിച്ചാൽ അതെ. പക്ഷേ നമ്മുടെ ഭാഗത്ത് ശ്രമം ആവശ്യമാണ്. സമാനമായി, സത്യം വാങ്ങുന്നതിനു നമ്മൾ പണം കൊടുക്കേണ്ട ആവശ്യമില്ല. എന്നാൽ അതു ലഭിക്കുന്നതിനു നമ്മുടെ ഭാഗത്ത് ശ്രമം കൂടിയേ തീരൂ.
6 യശയ്യ 55:1-3 വായിക്കുക. സത്യം വാങ്ങുക എന്ന ആശയം കൂടുതലായി മനസ്സിലാക്കാൻ യശയ്യ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ നമ്മളെ സഹായിക്കും. ഈ ബൈബിൾഭാഗത്ത് യഹോവ തന്റെ വചനത്തെ വെള്ളത്തോടും പാലിനോടും വീഞ്ഞിനോടും ഉപമിക്കുന്നു. ശുദ്ധമായ ഒരു ഗ്ലാസ്സ് തണുത്ത വെള്ളംപോലെ നവോന്മേഷം പകരുന്നതാണു ദൈവത്തിന്റെ സത്യവചനങ്ങൾ. പാൽ നമുക്ക് ഊർജം പകരുകയും കുട്ടികളെ വളരാൻ സഹായിക്കുകയും ചെയ്യുന്നതുപോലെ യഹോവയുടെ വാക്കുകൾ നമ്മുടെ ആത്മീയാരോഗ്യം കാക്കും, ആത്മീയമായി വളരാൻ സഹായിക്കുകയും ചെയ്യും. യഹോവയുടെ വാക്കുകളെ വീഞ്ഞിനോടും താരതമ്യപ്പെടുത്താം. എങ്ങനെ? ബൈബിളിൽ വീഞ്ഞിനെ സന്തോഷവുമായിട്ടാണു ബന്ധപ്പെടുത്തിയിരിക്കുന്നത്. (സങ്കീ. 104:15) അതുകൊണ്ട് ‘വീഞ്ഞു വാങ്ങിക്കൊള്ളാൻ’ പറഞ്ഞതിലൂടെ തന്റെ വാക്കുകൾക്കു ചേർച്ചയിൽ ജീവിക്കുന്നതു നമുക്കു സന്തോഷം തരും എന്ന ഉറപ്പാണ് യഹോവ തരുന്നത്. (സങ്കീ. 19:8) ദൈവത്തിന്റെ സത്യവചനങ്ങൾ പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ എത്ര മനോഹരമായിട്ടാണ് ഇവിടെ വരച്ചുകാട്ടിയിരിക്കുന്നത്! അതിനുവേണ്ടി ചെയ്യുന്ന ശ്രമങ്ങളെ നമ്മൾ കൊടുക്കുന്ന വിലയോടു താരതമ്യപ്പെടുത്താനാകും. സത്യം വാങ്ങുന്നതിനുവേണ്ടി നമ്മൾ കൊടുക്കേണ്ടിവന്നേക്കാവുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം.
സത്യം വാങ്ങാൻ നിങ്ങൾ എന്തെല്ലാം ത്യജിച്ചിരിക്കുന്നു?
7, 8. (എ) സത്യം വാങ്ങാൻ നമ്മൾ സമയം ചെലവഴിക്കേണ്ടത് എന്തുകൊണ്ട്? (ബി) ചെറുപ്പക്കാരിയായ ഒരു വിദ്യാർഥി സത്യത്തിനുവേണ്ടി എത്ര സമയം കൊടുക്കാൻ തയ്യാറായിരുന്നു, അതിന്റെ ഫലം എന്തായിരുന്നു?
7 സമയം. സത്യം വാങ്ങുന്ന എല്ലാവരും കൊടുക്കേണ്ട ഒരു വിലയാണ് ഇത്. രാജ്യസന്ദേശം ശ്രദ്ധിക്കാനും ബൈബിളും ബൈബിൾപ്രസിദ്ധീകരണങ്ങളും വായിക്കാനും വ്യക്തിപരമായി ബൈബിൾ പഠിക്കാനും മീറ്റിങ്ങുകൾക്കു തയ്യാറാകാനും ഹാജരാകാനും ഒക്കെ സമയം വേണം. ഇതിനുവേണ്ടി, പ്രാധാന്യം കുറഞ്ഞ കാര്യങ്ങളിൽനിന്ന് നമ്മൾ ‘സമയം വിലയ്ക്കു വാങ്ങണം.’ (എഫെസ്യർ 5:15, 16-ഉം അടിക്കുറിപ്പും വായിക്കുക.) അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകളെക്കുറിച്ചുള്ള അറിവ് നേടാൻ എത്ര സമയമെടുക്കും? അതു നമ്മുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു കാര്യം ഓർത്തിരിക്കാം: യഹോവയുടെ ജ്ഞാനത്തെയും വഴികളെയും പ്രവൃത്തികളെയും കുറിച്ച് നമുക്കു പഠിക്കാൻ കഴിയുന്ന കാര്യങ്ങൾക്ക് ഒരു പരിധിയുമില്ല. (റോമ. 11:33) വീക്ഷാഗോപുരത്തിന്റെ ആദ്യലക്കം സത്യത്തെ ‘ഒരു ശാലീന ചെറുപുഷ്പത്തോടാണു’ താരതമ്യം ചെയ്തത്. അതു തുടർന്ന് ഇങ്ങനെ പറഞ്ഞു: “സത്യത്തിന്റെ ഒരു പുഷ്പംകൊണ്ട് തൃപ്തിയടയരുത്. ഒരെണ്ണം മതിയായിരുന്നെങ്കിൽ, കൂടുതൽ ഉണ്ടാകുമായിരുന്നില്ല. പറിച്ചുകൊണ്ടിരിക്കുക, കൂടുതലായി അന്വേഷിച്ചുകൊണ്ടിരിക്കുക.” നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാൻ കഴിയും: ‘എന്റെ സത്യത്തിന്റെ പൂച്ചെണ്ട് എത്ര വലുതാണ്?’ യഹോവയെക്കുറിച്ച് നമ്മൾ എത്ര പഠിച്ചാലും തീരില്ല. നിത്യതയിൽ ഉടനീളം യഹോവയെക്കുറിച്ച് നമുക്ക് പഠിക്കാനുണ്ടാകും. ഇന്ന്, സമയം ജ്ഞാനപൂർവം ഉപയോഗിച്ചുകൊണ്ട് നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്നതനുസരിച്ച് കഴിയുന്നിടത്തോളം സത്യം വാങ്ങുക എന്നതാണു പ്രധാനം. സത്യത്തിനായി ദാഹിച്ച ഒരാളുടെ അനുഭവം നോക്കാം.
8 മരീക്കോa എന്ന ഒരു ജാപ്പനീസ് യുവതി വിദ്യാഭ്യാസത്തിനായി ഐക്യനാടുകളിലെ ന്യൂയോർക്ക് സിറ്റിയിലേക്കു വന്നു. 1950-കളുടെ അവസാനം ജപ്പാനിൽ തുടങ്ങിയ ഒരു മതത്തിലെ അംഗമായിരുന്നു മരീക്കോ. മുൻനിരസേവികയായ നമ്മുടെ ഒരു സഹോദരി വീടുതോറുമുള്ള പ്രവർത്തനത്തിൽ മരീക്കോയെ കണ്ടുമുട്ടി. ബൈബിൾസത്യം പഠിക്കാൻ തുടങ്ങിയപ്പോൾ മരീക്കോയ്ക്ക് അങ്ങേയറ്റം സന്തോഷം തോന്നി. ആഴ്ചയിൽ രണ്ടു പ്രാവശ്യം ബൈബിൾ പഠിപ്പിക്കാൻ മരീക്കോ ആ സഹോദരിയോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസവും ഒരു അംശകാലജോലിയും ഒക്കെയായി തിരക്കിലായിരുന്നെങ്കിലും മരീക്കോ പെട്ടെന്നുതന്നെ മീറ്റിങ്ങുകൾക്കു ഹാജരാകാൻ തുടങ്ങി. മരീക്കോ കൂട്ടുകാരുമൊത്ത് ചില കളികളിൽ ഏർപ്പെടാറുണ്ടായിരുന്നു. എന്നാൽ സത്യം പഠിക്കുന്നതിനുവേണ്ടി സമയം വിലയ്ക്കു വാങ്ങി. എങ്ങനെ? അത്തരം കളികൾ വേണ്ടെന്നുവെച്ചു. അത് ഒരു ത്യാഗമായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് ആത്മീയപുരോഗതി വരുത്താൻ മരീക്കോയ്ക്കു കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ മരീക്കോ സ്നാനപ്പെട്ടു, ആറു മാസം കഴിഞ്ഞ് 2006-ൽ മുൻനിരസേവനം തുടങ്ങി. ഇപ്പോഴും ഒരു മുൻനിരസേവികയായി തുടരുന്നു.
9, 10. (എ) സത്യം വാങ്ങുമ്പോൾ ഭൗതികവസ്തുക്കളോടുള്ള നമ്മുടെ വീക്ഷണത്തിന് എന്തു മാറ്റമുണ്ടാകും? (ബി) എന്തൊക്കെ അവസരങ്ങളാണു ഒരു യുവതി ഉപേക്ഷിച്ചത്, അതെക്കുറിച്ച് അവൾക്ക് എന്താണ് ഇപ്പോൾ തോന്നുന്നത്?
9 സാമ്പത്തികനേട്ടങ്ങൾ. സത്യം വാങ്ങുന്നതിനു ചിലപ്പോൾ നല്ല ശമ്പളമുള്ള ഒരു ജോലി ഉപേക്ഷിക്കേണ്ടിവന്നേക്കാം. ‘മനുഷ്യരെ പിടിക്കുന്നവരാകാൻ’ യേശു ക്ഷണിച്ചപ്പോൾ പത്രോസും അന്ത്രയോസും അവരുടെ ‘വലകൾ ഉപേക്ഷിച്ചു.’ (മത്താ. 4:18-20) ഇന്നു സത്യം പഠിക്കുന്ന ഒരു വ്യക്തി ജോലി ഉപേക്ഷിക്കണമെന്ന് അതിന് അർഥമില്ല. കാരണം അദ്ദേഹത്തിനു തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങളുണ്ടായിരിക്കാം. (1 തിമൊ. 5:8) എങ്കിലും മിക്കപ്പോഴും സത്യം പഠിക്കുന്ന ആളുകൾ പണത്തോടും വസ്തുവകകളോടും ഉള്ള തങ്ങളുടെ മനോഭാവത്തിനു മാറ്റം വരുത്തേണ്ടിവരും. ജീവിതത്തിൽ ഏതിനാണു പ്രാധാന്യം കൊടുക്കേണ്ടതെന്ന് അവർ തിരിച്ചറിയുകയും വേണം. യേശു അതു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കൂ. പകരം, . . . സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കൂ.” (മത്താ. 6:19, 20) ഒരു യുവതിയുടെ അനുഭവം നോക്കാം.
10 മരിയ സ്കൂളിൽ പോകാൻ പ്രായമാകുന്നതിനു മുമ്പുതന്നെ ഗോൾഫ് കളിച്ചുതുടങ്ങി. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് മരിയ ആ കളിയിലുള്ള കഴിവ് വളർത്തി. നല്ല ഒരു കളിക്കാരിയായിരുന്നതുകൊണ്ട് മരിയയ്ക്ക് ഒരു സർവകലാശാലയിൽ സ്കോളർഷിപ്പ് കിട്ടുകയും ചെയ്തു. ഗോൾഫ് ആയിരുന്നു മരിയയുടെ ജീവിതം. ഒരു മികച്ച ഗോൾഫ് കളിക്കാരിയായി നേട്ടങ്ങൾ കൊയ്യുക എന്നതായിരുന്നു ലക്ഷ്യം. അപ്പോഴാണു മരിയ ബൈബിൾ പഠിക്കാൻ തുടങ്ങിയത്. പഠിക്കുന്ന സത്യങ്ങളെ സ്നേഹിച്ചുതുടങ്ങിയ മരിയയ്ക്കു ജീവിതത്തിൽ നല്ല ചില മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. മരിയ പറയുന്നു: “ബൈബിളിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ഞാൻ എന്റെ മനോഭാവത്തിലും ജീവിതരീതിയിലും എത്രത്തോളം മാറ്റം വരുത്തിയോ അത്രത്തോളം എന്റെ സന്തോഷം വർധിച്ചു.” ഒരേ സമയം ആത്മീയസമ്പത്തും ഭൗതികസമ്പത്തും നേടാൻ ശ്രമിക്കുന്നതു ബുദ്ധിമുട്ടാണെന്നു മരിയ തിരിച്ചറിഞ്ഞു. (മത്താ. 6:24) ഒരു ഗോൾഫ് കളിക്കാരിയാകുക എന്ന ജീവിതാഭിലാഷം മരിയ ഉപേക്ഷിച്ചു, ഒപ്പം അതിലൂടെ കിട്ടുമായിരുന്ന പണവും പ്രശസ്തിയും എല്ലാം. അതായിരുന്നു മരിയ സത്യത്തിനുവേണ്ടി കൊടുത്ത വില. എന്നാൽ സത്യം വാങ്ങിയതുകൊണ്ട് മരിയ ഇപ്പോൾ ഒരു മുൻനിരസേവികയാണ്. ഇപ്പോഴത്തെ തന്റെ ജീവിതത്തെ മരിയ എങ്ങനെയാണു വർണിക്കുന്നതെന്നോ: “കിട്ടാവുന്നതിൽവെച്ച് ഏറ്റവും സന്തോഷമുള്ള, അർഥവത്തായ ഒരു ജീവിതം!”
11. സത്യം വാങ്ങുമ്പോൾ നമ്മുടെ ചില വ്യക്തിബന്ധങ്ങൾക്ക് എന്തു സംഭവിച്ചേക്കാം?
11 വ്യക്തിബന്ധങ്ങൾ. ബൈബിൾസത്യത്തിനു ചേർച്ചയിൽ നമ്മൾ ജീവിക്കാൻ തീരുമാനിക്കുമ്പോൾ ചില സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നമ്മളോടുള്ള അടുപ്പം കുറഞ്ഞേക്കാം. എന്തുകൊണ്ട്? തന്റെ അനുഗാമികൾക്കുവേണ്ടി യേശു ഇങ്ങനെ പ്രാർഥിച്ചു: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ. അങ്ങയുടെ വചനം സത്യമാണ്.” (യോഹ. 17:17, അടിക്കുറിപ്പ്) “വിശുദ്ധീകരിക്കേണമേ” എന്നതിനു “വേർതിരിക്കേണമേ” എന്നും അർഥമാക്കാൻ കഴിയും. സത്യം സ്വീകരിക്കുമ്പോൾ അതു നമ്മളെ ലോകത്തിൽനിന്ന് വേർപെടുത്തും. ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിലായിരിക്കും നമ്മൾ പിന്നീടു ജീവിക്കുന്നത്. നമ്മുടെ മൂല്യങ്ങൾക്കു മാറ്റം വന്നിരിക്കുന്നതുകൊണ്ട് ആളുകൾ നമ്മളെ വ്യത്യസ്തരായിട്ടായിരിക്കും പിന്നെ കാണുന്നത്. ഒരു വേർതിരിവ് സൃഷ്ടിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിലും ചില സുഹൃത്തുക്കളും കുടുംബാംഗങ്ങളും നമ്മളിൽനിന്ന് അകന്നേക്കാം, പുതിയ വിശ്വാസത്തിന്റെ പേരിൽ എതിർക്കുകപോലും ചെയ്തേക്കാം. അതു നമ്മളെ അതിശയിപ്പിക്കരുത്. യേശു പറഞ്ഞു: “ഒരാളുടെ വീട്ടുകാർതന്നെ അയാളുടെ ശത്രുക്കളാകും.” (മത്താ. 10:36) സത്യം വാങ്ങുന്നതിനു നമ്മൾ കൊടുക്കുന്ന വില എത്ര വലുതാണെങ്കിലും അതിന്റെ പ്രതിഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത് ഒരു നഷ്ടവുമല്ല എന്നു യേശു ഉറപ്പു നൽകി.—മർക്കോസ് 10:28-30 വായിക്കുക.
12. ജൂതനായ ഒരു വ്യക്തി സത്യം വാങ്ങുന്നതിന് എന്തു വിലയാണു കൊടുത്തത്?
12 ജൂതനായ ഒരു ബിസിനെസ്സുകാരനായിരുന്നു ആരോൺ. ദൈവത്തിന്റെ പേര് ഉച്ചരിക്കാൻ പാടില്ല എന്നു കുട്ടിക്കാലംമുതലേ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു. പക്ഷേ ആരോൺ ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാൻ അതിയായി ആഗ്രഹിച്ചു. ഒരിക്കൽ യഹോവയുടെ സാക്ഷികളിൽ ഒരാൾ, എബ്രായയിലുള്ള ദൈവനാമത്തിന്റെ നാലു വ്യഞ്ജനങ്ങളോടൊപ്പം സ്വരാക്ഷരങ്ങളും ചേർത്താൽ “യഹോവ” എന്ന് ഉച്ചരിക്കാമെന്നു കാണിച്ചുകൊടുത്തു. ആരോണിന് ആവേശമായി. തനിക്കു പുതുതായി കിട്ടിയ ഈ അറിവ് റബ്ബിമാരോടു പറയാൻ അദ്ദേഹം സിനഗോഗിലേക്കു പോയി. പക്ഷേ അവരുടെ പ്രതികരണം ആരോണിനെ ഞെട്ടിച്ചു. ദൈവത്തിന്റെ പേരിനെക്കുറിച്ചുള്ള സത്യം പഠിച്ച ആരോണിന്റെ സന്തോഷത്തിൽ പങ്കു ചേരുന്നതിനു പകരം അവർ അദ്ദേഹത്തിന്റെ മേൽ തുപ്പുകയും പുറത്താക്കപ്പെട്ട ഒരാളോടെന്നപോലെ ഇടപെടുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബബന്ധങ്ങൾക്കു വിള്ളൽ വീണു. പക്ഷേ അതൊന്നും ആരോൺ കാര്യമായെടുത്തില്ല. അദ്ദേഹം സത്യം വാങ്ങുന്നതിൽ തുടർന്നു. ശേഷിച്ച ജീവിതകാലത്ത് ഉടനീളം യഹോവയുടെ ധീരനായ ഒരു സാക്ഷിയായി സേവിച്ചു. ആരോണിനെപ്പോലെ, സത്യത്തിൽ നടക്കുന്നതിനു സമൂഹത്തിൽ നമുക്കുള്ള സ്ഥാനത്തിലോ കുടുംബബന്ധങ്ങളിലോ വരുന്ന ഏതൊരു മാറ്റവും ഉൾക്കൊള്ളാൻ നമ്മൾ തയ്യാറാകണം.
13, 14. സത്യം വാങ്ങുന്നതിനു നമ്മുടെ ചിന്തയിലും പ്രവർത്തനങ്ങളിലും എന്തൊക്കെ മാറ്റങ്ങൾ വേണ്ടിവന്നേക്കാം? ഒരു ഉദാഹരണം പറയുക.
13 ദൈവികമല്ലാത്ത ചിന്തയും പ്രവർത്തനങ്ങളും. സത്യം സ്വീകരിക്കാനും ബൈബിളിന്റെ ധാർമികനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനും വേണ്ടി ചിന്തയിലും പ്രവർത്തനങ്ങളിലും മാറ്റങ്ങൾ വരുത്താൻ നമ്മൾ മനസ്സുള്ളവരായിരിക്കണം. ഈ മാറ്റങ്ങളെക്കുറിച്ച് പത്രോസ് എന്താണ് എഴുതിയതെന്നു നോക്കുക: “അനുസരണമുള്ള മക്കളെന്ന നിലയിൽ, അറിവില്ലായ്മയുടെ കാലത്തുണ്ടായിരുന്ന മോഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതു നിറുത്തുക. പകരം . . . നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക.” (1 പത്രോ. 1:14, 15) ധാർമികമായി അധഃപതിച്ച കൊരിന്ത് നഗരത്തിലെ ആളുകൾക്ക്, സത്യം വാങ്ങുന്നതിന് അവരുടെ ജീവിതരീതിയിൽ വളരെയധികം മാറ്റങ്ങൾ വരുത്തേണ്ടിയിരുന്നു. (1 കൊരി. 6:9-11) സമാനമായി ഇന്നും, സത്യം വാങ്ങുന്നതിന് അനേകം ആളുകൾ അവരുടെ ദൈവികമല്ലാത്ത പ്രവർത്തനങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു. പത്രോസ് അക്കാലത്തെ ക്രിസ്ത്യാനികളോട് ഇങ്ങനെയും പറഞ്ഞു: “കഴിഞ്ഞ കാലത്ത് നിങ്ങൾ, ജനതകളിൽപ്പെട്ടവർ ചെയ്യാൻ ഇഷ്ടപ്പെടുന്നതുപോലെ ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും അനിയന്ത്രിതമായ മോഹങ്ങളിലും അമിതമായ മദ്യപാനത്തിലും വന്യമായ ആഘോഷങ്ങളിലും മത്സരിച്ചുള്ള കുടിയിലും മ്ലേച്ഛമായ വിഗ്രഹാരാധനയിലും മുഴുകി വേണ്ടുവോളം ജീവിച്ചു.”—1 പത്രോ. 4:3.
14 അനേകവർഷങ്ങളായി ഡെവിനും ജാസ്മിനും മദ്യപാനികളായിരുന്നു. ഡെവിൻ നല്ല കഴിവുള്ള ഒരു കണക്കെഴുത്തുകാരൻ ആയിരുന്നെങ്കിലും മദ്യപാനം കാരണം കിട്ടുന്ന ജോലിയെല്ലാം നഷ്ടപ്പെടുമായിരുന്നു. ജാസ്മിനാകട്ടെ, തന്റേടിയും അക്രമാസക്തയും ആയിരുന്നു. ഒരു ദിവസം ജാസ്മിൻ മദ്യപിച്ചിട്ട് വഴിയിലൂടെ നടക്കുമ്പോൾ മിഷനറിമാരായ രണ്ടു സാക്ഷികളെ കണ്ടുമുട്ടി. ആ മിഷനറിമാർ ഒരു ബൈബിൾപഠനത്തിനുള്ള ക്രമീകരണം ചെയ്തു. അടുത്ത ആഴ്ച ഡെവിന്റെ വീട്ടിൽ മിഷനറിമാർ എത്തിയപ്പോൾ ഡെവിനും ജാസ്മിനും കുടിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ആ മിഷനറിമാർ അവരെ തേടി അവരുടെ വീട്ടിൽ ചെല്ലുമെന്ന് അവർ ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാൽ അടുത്ത പ്രാവശ്യം മിഷനറിമാർ ചെന്നപ്പോൾമുതൽ ഡെവിനും ജാസ്മിനും ഉത്സാഹത്തോടെ ബൈബിൾ പഠിക്കാൻ തുടങ്ങി. പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുകയും ചെയ്തു. മൂന്നു മാസത്തിനുള്ളിൽ അവർ കുടി നിറുത്തി, പിന്നീട് അവരുടെ വിവാഹം നിയമാനുസൃതമാക്കി. അവരുടെ ഈ മാറ്റം നാട്ടിലെങ്ങും അറിയാൻ ഇടയായി. ആ ഗ്രാമത്തിലെ അനേകം ആളുകൾ ബൈബിൾ പഠിക്കാൻ ഇതു കാരണമായി.
15. സത്യം വാങ്ങുന്നതിനുവേണ്ടി നമ്മൾ കൊടുക്കേണ്ടിവന്നേക്കാവുന്ന മറ്റൊരു വില ഏതാണ്, അത് ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ടാണ്?
15 തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങളും രീതികളും. ചിലരെ സംബന്ധിച്ചിടത്തോളം, തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങളും രീതികളും ഉപേക്ഷിക്കുന്നതായിരിക്കാം സത്യത്തിനുവേണ്ടി കൊടുക്കേണ്ടിവരുന്ന ഏറ്റവും വലിയ വില. തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങൾ ഉപേക്ഷിക്കാൻ ചിലർക്ക് എളുപ്പമായിരിക്കും. എന്നാൽ മറ്റു ചിലർക്കു കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും എതിർപ്പു കാരണം ഈ വില കൊടുത്ത് സത്യം വാങ്ങാൻ മടി തോന്നിയേക്കാം. പ്രത്യേകിച്ച് മരണത്തിൽ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്കുവേണ്ടി നടത്തുന്ന ചടങ്ങുകളുടെ സമയത്ത് അവർ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. (ആവ. 14:1) എന്നാൽ ധൈര്യത്തോടെ പ്രവർത്തിച്ചവരുടെ മാതൃക, ഇത്തരം ആചാരങ്ങൾ ഉപേക്ഷിക്കാൻ നമ്മളെ സഹായിക്കും. ഒന്നാം നൂറ്റാണ്ടിൽ എഫെസൊസിലെ ആളുകൾ ധൈര്യത്തോടെ നിലപാടെടുത്തതിനെക്കുറിച്ച് നമുക്കു നോക്കാം.
16. എഫെസൊസിലുള്ള ചിലർ സത്യം വാങ്ങുന്നതിനുവേണ്ടി എന്തു ചെയ്തു?
16 മന്ത്രപ്രയോഗങ്ങൾക്കു പേരുകേട്ട ഒരു നഗരമായിരുന്നു എഫെസൊസ്. അവിടെ, പുതുതായി ക്രിസ്ത്യാനികളായവർ മന്ത്രപ്രയോഗങ്ങൾ ഉപേക്ഷിക്കാനും സത്യം വാങ്ങാനും എന്താണു ചെയ്തത്? ബൈബിൾ പറയുന്നു: “മന്ത്രപ്രയോഗങ്ങൾ നടത്തിയിരുന്ന ധാരാളം പേർ അവരുടെ പുസ്തകങ്ങളെല്ലാം കൊണ്ടുവന്ന് എല്ലാവരുടെയും മുന്നിൽവെച്ച് കത്തിച്ചുകളഞ്ഞു. അവർ അവയുടെ വില കണക്കുകൂട്ടി. അത് 50,000 വെള്ളിക്കാശു വരുമായിരുന്നു. ഇങ്ങനെ യഹോവയുടെ വചനം പ്രചരിക്കുകയും ശക്തിയാർജിക്കുകയും ചെയ്തു.” (പ്രവൃ. 19:19, 20) വൻ സാമ്പത്തികനഷ്ടമുണ്ടായിട്ടും വിശ്വസ്തരായ ക്രിസ്ത്യാനികൾ ഇത്തരം ത്യാഗം ചെയ്യാൻ മടി കാണിച്ചില്ല, അവർ മഹത്തായ അനുഗ്രഹങ്ങൾ നേടി.
17. (എ) സത്യം വാങ്ങുന്നതിനുവേണ്ടി നമ്മൾ എന്തൊക്കെ കാര്യങ്ങൾ വിലയായി കൊടുക്കേണ്ടിവന്നിരിക്കാം? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ ഏതൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
17 സത്യം വാങ്ങുന്നതിനുവേണ്ടി നിങ്ങൾ എന്തു വിലയാണു കൊടുത്തത്? സത്യത്തിന്റെ പുഷ്പങ്ങൾ പറിച്ചെടുക്കുന്നതിനുവേണ്ടി നമ്മൾ എല്ലാവരും വളരെയധികം സമയം ചെലവഴിക്കുന്നു. ചിലർ സാമ്പത്തികനേട്ടങ്ങൾ വേണ്ടെന്നുവെച്ചു. വേറെ ചിലർ വ്യക്തിബന്ധങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി. മറ്റു ചിലരാകട്ടെ, തങ്ങളുടെ ചിന്തയിലും പ്രവർത്തനങ്ങളിലും മാറ്റങ്ങൾ വരുത്തി. തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങളും രീതികളും ചിലർക്ക് ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ നമുക്ക് ഒന്നറിയാം, എന്തൊക്കെ വില കൊടുക്കേണ്ടിവന്നാലും ബൈബിൾസത്യമാണ് അതിനെക്കാളെല്ലാം മൂല്യവത്തായത്. അതിലൂടെ നമുക്ക് യഹോവയുമായി നല്ലൊരു ബന്ധത്തിലാകാൻ കഴിയുന്നു. അതാണു നമ്മുടെ ഏറ്റവും മൂല്യവത്തായ സ്വത്ത്. സത്യം അറിഞ്ഞതിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾ അനുഭവിച്ചറിയുമ്പോൾ ആരെങ്കിലും ഈ സത്യം വിൽക്കുന്നതിനെപ്പറ്റി നമുക്കു ചിന്തിക്കാൻപോലുമാകില്ല. അങ്ങനെ ആരെങ്കിലും ചെയ്യുമോ? ഗുരുതരമായ അത്തരം ഒരു തെറ്റു പറ്റാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം? അടുത്ത ലേഖനത്തിൽ അതിനുള്ള ഉത്തരം നോക്കാം.
a ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.