സത്യം നിങ്ങൾക്ക് എത്ര വിലപ്പെട്ടതാണ്?
‘നിങ്ങൾ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.’ —യോഹന്നാൻ 8:31ബി, 32.
1. “സത്യം” എന്ന പീലാത്തൊസിന്റെ പ്രയോഗം യേശുവിന്റേതിൽനിന്നു വ്യത്യസ്തമായിരുന്നത് എങ്ങനെ?
‘സത്യം എന്നാൽ എന്ത്’ എന്നു പീലാത്തൊസ് ചോദിച്ചപ്പോൾ അവനു പൊതുവായ സത്യത്തെ കുറിച്ച് അറിയാനേ താത്പര്യമുണ്ടായിരുന്നുള്ളു എന്നു തോന്നുന്നു. എന്നാൽ യേശുവാകട്ടെ അവൻ അതു ചോദിക്കുന്നതിനു തൊട്ടുമുമ്പ് ഇങ്ങനെ പറഞ്ഞിരുന്നു: “സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:37, 38) ഇവിടെ “സത്യ”ത്തെ കുറിച്ചു പരാമർശിക്കവേ, യേശു ഒരു നിശ്ചയോപപദം ഉപയോഗിച്ചിരിക്കുന്നതായി മൂല ഗ്രീക്ക് പാഠം കാണിക്കുന്നു. അവൻ ദിവ്യ സത്യത്തെ പരാമർശിക്കുകയായിരുന്നു.
സത്യത്തോടുള്ള ലോകത്തിന്റെ മനോഭാവം
2. യേശുവിന്റെ ഏതു പ്രസ്താവന സത്യത്തിന്റെ മൂല്യത്തെ എടുത്തുകാട്ടുന്നു?
2 “വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ” എന്നു പൗലൊസ് പറഞ്ഞു. (2 തെസ്സലൊനീക്യർ 3:2) സത്യത്തെ കുറിച്ചും അതുതന്നെ പറയാവുന്നതാണ്. ബൈബിളധിഷ്ഠിതമായ സത്യം അറിയാൻ അവസരം ലഭിക്കുമ്പോൾ, പലരും മനപ്പൂർവം അതു തള്ളിക്കളയുന്നു. എങ്കിലും അത് എത്രയോ വിലപ്പെട്ടതാണ്! യേശു പറഞ്ഞു: ‘നിങ്ങൾ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.’—യോഹന്നാൻ 8:31ബി, 32.
3. വഞ്ചകമായ പഠിപ്പിക്കലുകൾ സംബന്ധിച്ച എന്തു മുന്നറിയിപ്പിനു നാം ചെവി കൊടുക്കേണ്ടതുണ്ട്?
3 മനുഷ്യരുടെ തത്ത്വജ്ഞാനത്തിലും പാരമ്പര്യങ്ങളിലും സത്യം കണ്ടെത്താനാവില്ലെന്ന് പൗലൊസ് അപ്പൊസ്തലൻ വ്യക്തമാക്കി. (കൊലൊസ്സ്യർ 2:8) അതേ, അത്തരം പഠിപ്പിക്കലുകൾ വഞ്ചനാത്മകമാണ്. എഫെസ്യ ക്രിസ്ത്യാനികൾ അത്തരം കാര്യങ്ങളിൽ വിശ്വാസം അർപ്പിക്കുന്നപക്ഷം, അവർ “മനുഷ്യരുടെ ചതിയാലും ഉപായത്താലും . . . ഉപദേശത്തിന്റെ ഓരോ കാററിനാൽ അലഞ്ഞുഴലുന്ന” ആത്മീയ ശിശുക്കളെ പോലെ ആയിത്തീരുമെന്ന് പൗലൊസ് പറഞ്ഞു. (എഫെസ്യർ 4:14) ഇന്ന് “മനുഷ്യരുടെ ചതി” മുഖ്യമായും പ്രോത്സാഹിപ്പിക്കപ്പെടുന്നത് ദിവ്യ സത്യത്തെ എതിർക്കുന്നവരുടെ പ്രചാരണ തന്ത്രങ്ങളാലാണ്. അത്തരം പ്രചാരണങ്ങൾ വിദഗ്ധമായി സത്യത്തെ വ്യാജമാക്കി ചിത്രീകരിക്കുകയും വ്യാജത്തെ സത്യമാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. വഞ്ചകമായ ഇത്തരം സമ്മർദങ്ങൾക്കു മധ്യേ സത്യം കണ്ടെത്താൻ നാം ശുഷ്കാന്തിയോടെ തിരുവെഴുത്തുകൾ പരിശോധിക്കേണ്ടതുണ്ട്.
ക്രിസ്ത്യാനികളും ലോകവും
4. സത്യം ആർക്കു ലഭ്യമാണ്, അതു ലഭിക്കുന്നവർക്ക് എന്തു കടപ്പാടുണ്ട്?
4 തന്റെ ശിഷ്യരായി തീർന്നവരെ പരാമർശിച്ചുകൊണ്ട് യേശുക്രിസ്തു യഹോവയോട് ഇങ്ങനെ അപേക്ഷിച്ചു: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:17) തന്നെ സേവിക്കുന്നതിനും തന്റെ നാമവും രാജ്യവും ഘോഷിക്കുന്നതിനും യഹോവ അത്തരം വ്യക്തികളെ വിശുദ്ധീകരിക്കും അല്ലെങ്കിൽ വേർതിരിച്ചു നിറുത്തും. (മത്തായി 6:9, 10; 24:14) യഹോവയുടെ സത്യം എല്ലാവർക്കും സ്വന്തമല്ലെങ്കിലും, അന്വേഷിക്കുന്ന ഏവർക്കും സൗജന്യ ദാനം എന്ന നിലയിൽ അതു ലഭ്യമാണ്. ദേശ-വംശ-സംസ്കാര ഭേദമൊന്നും അതിനൊരു തടസ്സമല്ല. പത്രൊസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ . . . ഗ്രഹിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.
5. ക്രിസ്ത്യാനികൾ മിക്കപ്പോഴും പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്?
5 ക്രിസ്ത്യാനികൾ മറ്റുള്ളവരുമായി ബൈബിൾ സത്യമാണു പങ്കുവെക്കുന്നതെങ്കിലും, എല്ലായിടത്തും അവർ സ്വാഗതം ചെയ്യപ്പെടാറില്ല. യേശു ഈ മുന്നറിയിപ്പു നൽകി: “അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.” (മത്തായി 24:9) ഈ വാക്യത്തെ പരാമർശിച്ചുകൊണ്ട് ഐറിഷ് വൈദികനായ ജോൺ ആർ. കോട്ടർ 1817-ൽ ഇങ്ങനെ എഴുതി: “തങ്ങളുടെ പ്രസംഗ പ്രവർത്തനത്താൽ ആളുകളുടെ ജീവിതത്തെ ഉടച്ചുവാർക്കാനുള്ള അവരുടെ [ക്രിസ്ത്യാനികളുടെ] ശ്രമങ്ങൾ, അവർക്ക് ആളുകളുടെ കൃതജ്ഞതയല്ല, വിദ്വേഷമായിരിക്കും നേടിക്കൊടുക്കുക. മനുഷ്യരുടെ തിന്മകൾ തുറന്നുകാട്ടുന്നതിനാൽ ആളുകൾ അവരെ പീഡിപ്പിക്കും.” അത്തരം പീഡകർ ‘രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളു’ന്നില്ല. അങ്ങനെ, “സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.”—2 തെസ്സലൊനീക്യർ 2:10-12.
6. ഒരു ക്രിസ്ത്യാനി എന്തു മോഹങ്ങൾ നട്ടുവളർത്തരുത്?
6 വിദ്വേഷപൂരിതമായ ഈ ലോകത്തു ജീവിക്കുന്ന ക്രിസ്ത്യാനികൾക്ക് അപ്പൊസ്തലനായ യോഹന്നാൻ ഈ ബുദ്ധിയുപദേശം നൽകുന്നു: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. . . . ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.” (1 യോഹന്നാൻ 2:15, 16) “എല്ലാം” എന്നു പറയുന്നതിനാൽ യോഹന്നാൻ യാതൊന്നിനെയും ഒഴിവാക്കുന്നില്ല എന്നതു ശ്രദ്ധിക്കുക. അതുകൊണ്ട് ഈ ലോകം വെച്ചുനീട്ടുന്ന, സത്യത്തിൽനിന്നു നമ്മെ വ്യതിചലിപ്പിച്ചേക്കാവുന്ന യാതൊന്നിനോടും നാം മോഹം നട്ടുവളർത്തരുത്. യോഹന്നാന്റെ ഈ ബുദ്ധിയുപദേശത്തിനു ചെവി കൊടുത്താൽ അതു നമ്മുടെ ജീവിതത്തിന്മേൽ ശക്തമായ പ്രഭാവം ചെലുത്തും. എങ്ങനെ?
7. സത്യത്തെ കുറിച്ചുള്ള പരിജ്ഞാനം പരമാർഥഹൃദയരെ പ്രചോദിപ്പിക്കുന്നത് എങ്ങനെ?
7 ജീവനു വേണ്ടിയുള്ള ദിവ്യ വ്യവസ്ഥകളെ കുറിച്ചു വ്യക്തികളെയും കൂട്ടങ്ങളെയും പ്രബോധിപ്പിച്ചുകൊണ്ട്, ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ 2001 എന്ന വർഷത്തിൽ ഓരോ മാസവും 45 ലക്ഷത്തിലധികം ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തി. തത്ഫലമായി, 2,63,431 ആളുകൾ സ്നാപനമേറ്റു. സത്യത്തിന്റെ വെളിച്ചം ഈ പുതിയ ശിഷ്യന്മാർക്കു വിലപ്പെട്ട ഒന്നായിത്തീർന്നു. മോശമായ കൂട്ടുകെട്ടുകളും ഈ ലോകത്തിൽ വ്യാപകമായിരിക്കുന്ന അധാർമികവും ദൈവനിന്ദാകരവുമായ ജീവിതശൈലികളും അവർ ഉപേക്ഷിച്ചു. സ്നാപനമേറ്റതിൽപ്പിന്നെ, സകല ക്രിസ്ത്യാനികൾക്കുമായി യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾക്കൊത്ത് ജീവിക്കുന്നതിൽ അവർ തുടർന്നിരിക്കുന്നു. (എഫെസ്യർ 5:5) സത്യം നിങ്ങൾക്കും അത്രത്തോളം വിലപ്പെട്ടതാണോ?
യഹോവ നമുക്കായി കരുതുന്നു
8. യഹോവ നമ്മുടെ സമർപ്പണത്തോട് എങ്ങനെ പ്രതികരിക്കുന്നു, ‘ഒന്നാമതു രാജ്യം അന്വേഷിക്കുന്നത്’ ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ട്?
8 നാം അപൂർണരാണെങ്കിലും യഹോവ കരുണാപൂർവം നമ്മുടെ സമർപ്പണത്തെ അംഗീകരിക്കുന്നു. പ്രതീകാത്മകമായ വിധത്തിൽ, കുനിഞ്ഞ് അവൻ നമ്മെ തന്നോടു ചേർത്തുകൊള്ളുന്നു. അതുവഴി, നമ്മുടെ ലക്ഷ്യങ്ങളും മോഹങ്ങളും ഉത്കൃഷ്ടമാക്കാൻ അവൻ നമ്മെ പഠിപ്പിക്കുന്നു. (സങ്കീർത്തനം 113:6-8) ഒപ്പംതന്നെ, താനുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കാനും യഹോവ നമ്മെ അനുവദിക്കുന്നു, “ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയി”രുന്നാൽ നമുക്കായി കരുതുമെന്നും അവൻ വാഗ്ദാനം ചെയ്യുന്നു. അപ്രകാരം ചെയ്തുകൊണ്ട് നാം നമ്മുടെ ആത്മീയത കാത്തുസൂക്ഷിക്കുന്നെങ്കിൽ “[മറ്റു] വസ്തുക്കളെല്ലാം നിങ്ങളോടു ചേർക്കപ്പെടും” എന്ന് അവൻ ഉറപ്പു നൽകുന്നു.—മത്തായി 6:33, NW.
9. “വിശ്വസ്തനും വിവേകിയുമായ അടിമ” ആരാണ്, ഈ “അടിമ”യെ ഉപയോഗിച്ച് യഹോവ നമുക്കായി കരുതുന്നത് എങ്ങനെ?
9 പന്ത്രണ്ട് അപ്പൊസ്തലന്മാരെ തിരഞ്ഞെടുത്തുകൊണ്ട് യേശുക്രിസ്തു അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയ്ക്ക് അടിത്തറയിട്ടു. ഈ സഭ പിന്നീട് ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്ന് അറിയപ്പെട്ടു. (ഗലാത്യർ 6:16; വെളിപ്പാടു 21:9, 14) പിന്നീട് അത് ‘സത്യത്തിന്റെ തൂണ്, ജീവനുള്ള ദൈവത്തിന്റെ സഭ’ എന്നു വിശേഷിപ്പിക്കപ്പെട്ടു. (1 തിമൊഥെയൊസ് 3:15) ആ സഭയിലെ അംഗങ്ങളെ യേശു “വിശ്വസ്തനും വിവേകിയുമായ അടിമ” എന്നും “വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ” എന്നും വിളിച്ചു. ക്രിസ്ത്യാനികൾക്ക് ‘തക്കസമയത്ത് അവരുടെ ആഹാര വിഹിതം’ നൽകാനുള്ള ഉത്തരവാദിത്വം ആ വിശ്വസ്ത ദാസന് ഉണ്ടായിരിക്കുമെന്ന് യേശു പറഞ്ഞു. (മത്തായി 24:3, 45-47, NW; ലൂക്കൊസ് 12:42, NW) ആഹാരമില്ലെങ്കിൽ നാം പട്ടിണികിടന്നു മരിക്കും. സമാനമായി, ആത്മീയ ആഹാരം ഭക്ഷിക്കുന്നില്ലെങ്കിൽ നാം ആത്മീയമായി ദുർബലരായി മരിക്കും. അതുകൊണ്ട്, യഹോവ നമുക്കായി കരുതുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് “വിശ്വസ്തനും വിവേകിയുമായ അടിമ.” ആ “അടിമ” മുഖാന്തരം നമുക്കായി ക്രമീകരിച്ചിരിക്കുന്ന വിലപ്പെട്ട ആത്മീയ കരുതലുകൾക്കായി നമുക്ക് എപ്പോഴും കൃതജ്ഞതയുള്ളവർ ആയിരിക്കാം.—മത്തായി 5:3, NW.
10. യോഗങ്ങൾക്കു പതിവായി ഹാജരാകുന്നത് മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
10 ആത്മീയ ആഹാരം ഭക്ഷിക്കുന്നതിൽ വ്യക്തിപരമായ പഠനം ഉൾപ്പെടുന്നു. കൂടാതെ, മറ്റു ക്രിസ്ത്യാനികളുമായി സഹവസിക്കുന്നതും സഭായോഗങ്ങൾക്കു ഹാജരാകുന്നതും അതിൽ ഉൾപ്പെടുന്നുണ്ട്. ആറു മാസം മുമ്പ്, അല്ലെങ്കിൽ ആറ് ആഴ്ച മുമ്പ് നിങ്ങൾ എന്തൊക്കെ ഭക്ഷിച്ചു എന്നു കൃത്യമായി ഓർമിക്കാൻ നിങ്ങൾക്കു കഴിയുമോ? ഇല്ലായിരിക്കാം. എങ്കിലും നിങ്ങൾ ഭക്ഷിച്ചതെല്ലാം നിങ്ങൾക്ക് ആവശ്യമായ പോഷണം പ്രദാനം ചെയ്തു. മാത്രമല്ല, നിങ്ങൾ വീണ്ടും വീണ്ടും ഭക്ഷിച്ചത് ഒരേ ആഹാരവും ആയിരിക്കാം. ക്രിസ്തീയ യോഗങ്ങളിലൂടെ ലഭിക്കുന്ന ആത്മീയ ആഹാരത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്. യോഗങ്ങളിൽ കേട്ട എല്ലാ കാര്യങ്ങളും നമുക്ക് ഓർമിച്ചെടുക്കാൻ കഴിയില്ലായിരിക്കാം. സമാനമായ വിവരങ്ങൾ ഒന്നിൽ കൂടുതൽ പ്രാവശ്യം അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ടാകാം. എങ്കിലും അത് ആത്മീയ ആഹാരമാണ്, നമ്മുടെ ക്ഷേമത്തിനു മർമപ്രധാനമായ ഒന്ന്. എല്ലായ്പോഴും നമ്മുടെ യോഗങ്ങൾ നമുക്ക് നല്ല ആത്മീയ ഭക്ഷണം പ്രദാനം ചെയ്യുന്നു, അതും തക്ക സമയത്തുതന്നെ.
11. ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ നമുക്ക് എന്തു കടപ്പാടുകളുണ്ട്?
11 ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നത് നമ്മുടെമേൽ ഒരു ഉത്തരവാദിത്വം കൈവരുത്തുന്നു. “തമ്മിൽ പ്രബോധിപ്പി”ക്കാനും സഭയിലെ സഹവിശ്വാസികളെ “സ്നേഹത്തിന്നും സൽപ്രവൃത്തിക്കൾക്കും” പ്രേരിപ്പിക്കാനും ക്രിസ്ത്യാനികളോടു ബുദ്ധിയുപദേശിച്ചിരിക്കുന്നു. എല്ലാ ക്രിസ്തീയ യോഗങ്ങൾക്കും തയ്യാറാകുന്നതും ഹാജരാകുന്നതും അവയിൽ പങ്കെടുക്കുന്നതും വ്യക്തിപരമായി നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു. കൂടാതെ, അത് മറ്റുള്ളവർക്കു പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. (എബ്രായർ 10:23-25) ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികളുടെ കാര്യത്തിലെന്നപോലെ, ആത്മീയ ആഹാരം ഭക്ഷിക്കാൻ ചിലർക്ക് നിരന്തര പ്രോത്സാഹനത്തിന്റെ ആവശ്യമുണ്ടായിരിക്കാം. (എഫെസ്യർ 4:13, NW) ആവശ്യമായി വരുന്നപക്ഷം അത്തരം പ്രോത്സാഹനം നൽകുന്നത് സ്നേഹപൂർവകമായ ഒരു നടപടിയാണ്. അങ്ങനെയാകുമ്പോൾ അവർക്കു പക്വതയുള്ള ക്രിസ്ത്യാനികളായി വളരാൻ സാധിക്കും. അപ്പൊസ്തലനായ പൗലൊസ് അവരെ കുറിച്ച് ഇങ്ങനെ പറയുന്നു: “കട്ടിയായ ആഹാരം പക്വമതികൾക്ക്, ശരിയും തെറ്റും തിരിച്ചറിയാൻ തക്കവണ്ണം ഉപയോഗത്താൽ തങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിച്ചിരിക്കുന്നവർക്ക് ഉള്ളതാണ്.”—എബ്രായർ 5:14, NW.
സ്വന്തം ആത്മീയാവശ്യങ്ങൾക്കു ശ്രദ്ധ നൽകൽ
12. നാം സത്യത്തിൽ നിലനിൽക്കണമെങ്കിൽ ആർക്കാണ് ആത്യന്തിക ഉത്തരവാദിത്വം ഉള്ളത്? വിശദമാക്കുക.
12 നമ്മുടെ വിവാഹ ഇണയോ മാതാപിതാക്കളോ സത്യത്തിന്റെ പാതയിലൂടെ മുന്നേറാൻ നമുക്കു പ്രോത്സാഹനം നൽകിയേക്കാം. സമാനമായി തങ്ങളുടെ പരിപാലനത്തിൻ കീഴിലുള്ള ആട്ടിൻകൂട്ടത്തിന്റെ ഭാഗമെന്ന നിലയിൽ സഭാ മൂപ്പന്മാർ നമ്മെ വഴിനയിക്കുന്നുണ്ടാകും. (പ്രവൃത്തികൾ 20:28) എന്നാൽ സത്യത്തിൽ അധിഷ്ഠിതമായ ജീവന്റെ വഴിയിൽ നാം തുടരണമെങ്കിൽ അതിന്റെ ആത്യന്തിക ഉത്തരവാദിത്വം ആർക്കാണ്? തീർച്ചയായും അത് വ്യക്തികളെന്ന നിലയിൽ നമുക്കുതന്നെയാണ്. അനുകൂല സാഹചര്യങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും അതു സത്യമാണ്. പിൻവരുന്ന സംഭവം പരിചിന്തിക്കുക.
13, 14. മേൽപ്പറഞ്ഞ കുഞ്ഞാടിന്റെ ദൃഷ്ടാന്തം കാണിക്കുന്നതുപോലെ, ആവശ്യമായ ആത്മീയ സഹായം നമുക്ക് എങ്ങനെ നേടാൻ കഴിയും?
13 സ്കോട്ട്ലൻഡിലെ ഒരു പുൽപ്പുറത്ത് ഏതാനും ചെമ്മരിയാട്ടിൻകുട്ടികൾ മേഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് അവയിൽ ഒരെണ്ണം കൂട്ടംതെറ്റി ഒരു പാറയിടുക്കിലേക്കു വീണു. പരിക്കൊന്നും പറ്റിയില്ലെങ്കിലും അത് ആകെ വിരണ്ടുപോയി. പാറയിടുക്കിൽനിന്നു കയറാനാകാതെ അതു ദയനീയമായി കരയാൻ തുടങ്ങി. അതുകേട്ട് തള്ളയാടും കരച്ചിൽ തുടങ്ങി, ഒടുവിൽ ഇടയൻ വന്ന് ആട്ടിൻകുട്ടിയെ പുറത്തെടുത്തു.
14 ഇവിടെ നടന്ന കാര്യങ്ങളുടെ ക്രമം ശ്രദ്ധിക്കുക. ആട്ടിൻകുട്ടി സഹായത്തിനായി നിലവിളിക്കുന്നു, അപ്പോൾ തള്ളയാടും കരയുന്നു, അതുകേട്ട ആട്ടിടയൻ ഉടനടി ആ കുഞ്ഞാടിന്റെ രക്ഷയ്ക്ക് എത്തുന്നു. ഒരു കുഞ്ഞാടിനും അതിന്റെ തള്ളയ്ക്കും അപകടം മണത്തറിഞ്ഞ് ഉടനടി സഹായത്തിനായി നിലവിളിക്കാൻ കഴിയുമെങ്കിൽ, ആത്മീയമായി ഇടർച്ച സംഭവിക്കുമ്പോൾ അല്ലെങ്കിൽ സാത്താന്റെ ലോകത്തുനിന്ന് അപ്രതീക്ഷിത അപകടങ്ങൾ നേരിടുമ്പോൾ നമ്മളും അങ്ങനെ ചെയ്യേണ്ടതല്ലേ? (യാക്കോബ് 5:14, 15; 1 പത്രൊസ് 5:8) തീർച്ചയായും, ചെറുപ്പമായതിനാലോ സത്യത്തിൽ താരതമ്യേന പുതിയവർ ആയതിനാലോ അനുഭവപരിചയം കുറവാണെങ്കിൽ നാം വിശേഷിച്ചും അങ്ങനെ ചെയ്യേണ്ടതാണ്.
ദിവ്യ മാർഗനിർദേശം പിൻപറ്റുന്നത് സന്തുഷ്ടി കൈവരുത്തുന്നു
15. ക്രിസ്തീയ സഭയുമായി സഹവസിക്കാൻ തുടങ്ങിയപ്പോൾ ഒരു സ്ത്രീക്ക് ഉണ്ടായ വികാരം എന്താണ്?
15 ബൈബിൾ ഗ്രാഹ്യത്തിന്റെ മൂല്യത്തെയും സത്യത്തിന്റെ ദൈവത്തെ ആരാധിക്കുന്നവർക്ക് അതു കൈവരുത്തുന്ന മനഃശാന്തിയെയും കുറിച്ചു പരിചിന്തിക്കുക. ജീവിതകാലം മുഴുവൻ ‘ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭ’യിലെ അംഗമായിരുന്ന ഒരു 70 വയസ്സുകാരി യഹോവയുടെ സാക്ഷികളിൽ ഒരാളുമൊത്ത് വ്യക്തിപരമായ ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിച്ചു. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് അവർ താമസിയാതെ മനസ്സിലാക്കി. രാജ്യഹാളിലെ ഹൃദയംഗമമായ പരസ്യ പ്രാർഥനകൾക്കു ശേഷം എല്ലാവരോടുമൊപ്പം അവരും “ആമേൻ” പറയാൻ തുടങ്ങി. ഒരിക്കൽ വികാരവായ്പോടെ അവർ ഇങ്ങനെ പറഞ്ഞു: “വെറും മർത്യരായ നമ്മിൽനിന്നു വളരെ, വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരുവനായിട്ടല്ല നിങ്ങൾ ദൈവത്തെ ചിത്രീകരിക്കുന്നത്. മറിച്ച്, പ്രിയപ്പെട്ട ഒരു സുഹൃത്തിനെ എന്നപോലെ നമ്മുടെ ഇടയിലേക്കു നിങ്ങൾ അവനെ കൊണ്ടുവരുന്നതുപോലെ എനിക്കു തോന്നുന്നു. മുമ്പൊരിക്കലും എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.” ആ താത്പര്യക്കാരി സത്യം തന്നിൽ ഉളവാക്കിയ മതിപ്പ് ഒരിക്കലും മറന്നുകളയാൻ ഇടയില്ല. അതുപോലെ, സത്യം നാം ആദ്യമായി സ്വീകരിച്ചപ്പോൾ അതു നമുക്ക് എത്ര വിലപ്പെട്ടതായിരുന്നു എന്നത് നമുക്ക് ഒരിക്കലും മറന്നുകളയാതിരിക്കാം.
16. (എ) പണസമ്പാദനം ജീവിതത്തിലെ പ്രമുഖ ലക്ഷ്യമാക്കിയാൽ എന്തു സംഭവിക്കും? (ബി) യഥാർഥ സന്തുഷ്ടി നമുക്ക് എങ്ങനെ കണ്ടെത്താം?
16 കൂടുതൽ പണം ഉണ്ടായിരുന്നെങ്കിൽ തങ്ങൾ കൂടുതൽ സന്തുഷ്ടരായിരുന്നേനെ എന്നു പലരും വിശ്വസിക്കുന്നു. എന്നാൽ, പണസമ്പാദനം നമ്മുടെ ജീവിതത്തിലെ മുഖ്യ ലക്ഷമാക്കി മാറ്റിയാൽ നാം “കണക്കറ്റ മനോവ്യഥകൾ” അനുഭവിച്ചെന്നുവരാം. (1 തിമൊഥെയൊസ് 6:10, ഫിലിപ്സ്) പണം വാരിക്കൂട്ടാമെന്ന വ്യാമോഹത്തിൽ, ഭാഗ്യക്കുറികൾ വാങ്ങിക്കൂട്ടിയും ചൂതാട്ടത്തിൽ ഏർപ്പെട്ടും ഓഹരി വിപണികളിൽ നിക്ഷേപിച്ചുമൊക്കെ എത്ര പണമാണ് ആളുകൾ കളഞ്ഞുകുളിക്കുന്നതെന്നു നോക്കുക. എന്നാൽ തങ്ങൾ ആശിക്കുന്ന സമ്പത്ത് വാരിക്കൂട്ടാൻ അവരിൽ വളരെ കുറച്ചു പേർക്കേ സാധിക്കുന്നുള്ളൂ. ഒട്ടുമിക്കപ്പോഴും അവർപോലും ഓർക്കാപ്പുറത്തു കൈവന്ന സമ്പത്ത് തങ്ങൾക്കു സന്തോഷം കൈവരുത്തുന്നില്ലെന്നു കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ നിലനിൽക്കുന്ന സന്തോഷം ലഭിക്കുന്നത് യഹോവയുടെ ഹിതം ചെയ്യുന്നതിലൂടെയും അവന്റെ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനാലും അവന്റെ ദൂതന്മാരുടെ സഹായത്താലും ക്രിസ്തീയ സഭയോടൊത്തു പ്രവർത്തിക്കുന്നതിനാലുമാണ്. (സങ്കീർത്തനം 1:1-3; 84:4, 5; 89:15) നാം അങ്ങനെ ചെയ്യുമ്പോൾ, അപ്രതീക്ഷിതമായ അനുഗ്രഹങ്ങൾ നമ്മെ തേടിയെത്തിയേക്കാം. നിങ്ങളുടെ ജീവിതത്തിൽ അത്തരം അനുഗ്രഹങ്ങൾ ലഭിക്കത്തക്കവിധം സത്യം നിങ്ങൾക്ക് അത്രയേറെ വിലപ്പെട്ടതാണോ?
17. പത്രൊസ് തോൽക്കൊല്ലനായ ശിമോന്റെ വീട്ടിൽ താമസിച്ചു എന്നത് അവന്റെ മനോഭാവത്തെ കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
17 അപ്പൊസ്തലനായ പത്രൊസിന്റെ അനുഭവം പരിചിന്തിക്കുക. പൊ.യു. 36-ൽ ശീനാർ സമഭൂമിയിലേക്ക് അവൻ ഒരു മിഷനറി യാത്ര നടത്തി. അവിടെ ലിദ്ദാ എന്ന സ്ഥലത്തുവെച്ച് അവൻ തളർവാതക്കാരനായിരുന്ന ഐനെയാസിനെ സൗഖ്യമാക്കി. പിന്നീട് പത്രൊസ് യോപ്പയിലെ തുറമുഖത്തേക്കു പോയി. അവിടെ അവൻ തബീഥായെ ഉയിർപ്പിച്ചു. പ്രവൃത്തികൾ 9:43 നമ്മോട് ഇങ്ങനെ പറയുന്നു: “പിന്നെ അവൻ തോല്ക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെനാൾ യോപ്പയിൽ പാർത്തു.” ആ പട്ടണത്തിലെ ആളുകൾക്കു ശുശ്രൂഷ ചെയ്യവേ, പത്രൊസ് യാതൊരു മുൻവിധിയും കൂടാതെയാണു പ്രവർത്തിച്ചത് എന്നു വിവരണം വ്യക്തമാക്കുന്നു. എങ്ങനെ? ബൈബിൾ പണ്ഡിതനായ ഫ്രെഡ്രിക് ഡബ്ല്യൂ. ഫാറർ ഇങ്ങനെ എഴുതുന്നു: “അലിഖിത [മോശൈക] ന്യായപ്രമാണത്തിന്റെ അക്ഷരങ്ങളിൽ കടിച്ചുതൂങ്ങുന്ന ഒരുവൻ ഒരിക്കലും ഒരു തോൽക്കൊല്ലന്റെ വീട്ടിൽ താമസിക്കാൻ തയ്യാറാകുമായിരുന്നില്ല. തോൽപ്പണിയിൽ നാനാതരം മൃഗങ്ങളുടെ തുകലുകളും ശവശരീരങ്ങളും അതുപോലെ മറ്റു നിരവധി വസ്തുക്കളും ആയുള്ള സമ്പർക്കം ഉൾപ്പെട്ടിരുന്നതിനാൽ, നിയമാനുഷ്ഠാനവാദികളുടെ ദൃഷ്ടിയിൽ ഈ തൊഴിൽ അശുദ്ധവും അറപ്പുളവാക്കുന്നതുമായ ഒന്നായിരുന്നു.” ശിമോന്റെ ‘കടൽപ്പുറത്തെ വീട്’ അവന്റെ തുകൽശാലയുടെ അടുത്തായിരുന്നില്ലെങ്കിൽകൂടി, ആളുകൾ ‘അറപ്പോടെ വീക്ഷിച്ചിരുന്നതും തന്മൂലം പണിക്കാരന് ആത്മനിന്ദ വരുത്തിവെച്ചിരുന്നതുമായ’ ഒരു തൊഴിലിലാണ് അവൻ ഏർപ്പെട്ടിരുന്നത് എന്ന് ഫാറർ പറയുന്നു.—പ്രവൃത്തികൾ 10:6.
18, 19. (എ) പത്രൊസിന് ലഭിച്ച ദർശനം അവനെ ചഞ്ചലപ്പെടുത്തിയത് എന്തുകൊണ്ട്? (ബി) അപ്രതീക്ഷിതമായ എന്തു പദവിയാണ് പത്രൊസിനു ലഭിച്ചത്?
18 മുൻവിധി ഇല്ലാതിരുന്ന പത്രൊസ്, ശിമോന്റെ ആതിഥ്യം സ്വീകരിച്ചു. അവിടെവെച്ച് പത്രൊസിന് അപ്രതീക്ഷിതമായി ദൈവത്തിൽനിന്ന് ഒരു നിർദേശം ലഭിച്ചു. യഹൂദ ന്യായപ്രമാണം അനുസരിച്ച് അശുദ്ധമായിരുന്ന ചില ജന്തുക്കളെ ഭക്ഷിക്കാൻ അവന് ഒരു ദർശനത്തിൽ കൽപ്പന ലഭിച്ചു. “മലിനമോ അശുദ്ധമോ ആയതൊന്നും” താൻ ഒരുനാളും ഭക്ഷിച്ചിട്ടില്ലെന്നു പറഞ്ഞുകൊണ്ട് പത്രൊസ് പ്രതിഷേധിച്ചു. എന്നാൽ മൂന്നു പ്രാവശ്യം അവനോട് ഇങ്ങനെ പറയപ്പെട്ടു: “ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു.” “ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചുകൊണ്ടി”രുന്നതിൽ അതിശയിക്കാനില്ല.—പ്രവൃത്തികൾ 10:5-17; 11:7-10.
19 തലേന്ന്, 50 കിലോമീറ്റർ അകലെയുള്ള കൈസര്യയിലെ കൊർന്നേല്യൊസ് എന്നു പേരുള്ള ഒരു വിജാതീയനും ഒരു ദർശനം ലഭിച്ചിരുന്ന കാര്യം പത്രൊസിന് അറിയില്ലായിരുന്നു. പത്രൊസിനെ കണ്ടെത്താനായി ശിമോൻ എന്ന തോൽക്കൊല്ലന്റെ വീട്ടിലേക്ക് ആളയയ്ക്കാൻ യഹോവയുടെ ദൂതൻ കൊർന്നേല്യൊസിനു നിർദേശം നൽകിയിരുന്നു. അതിൻപ്രകാരം കൊർന്നേല്യൊസ് ശിമോന്റെ വീട്ടിലേക്ക് ആളയച്ചു, പത്രൊസ് അവരോടൊപ്പം കൈസര്യയിലേക്കു പോകുകയും ചെയ്തു. അവിടെ പത്രൊസ് കൊർന്നേല്യൊസിനോടും അവന്റെ ബന്ധുമിത്രാദികളോടും സുവിശേഷം അറിയിച്ചു. തത്ഫലമായി അവർ, രാജ്യാവകാശികളെന്ന നിലയിൽ പരിശുദ്ധാത്മാവ് ലഭിച്ച, പരിച്ഛേദന ഏൽക്കാത്ത ആദ്യത്തെ വിജാതീയ വിശ്വാസികൾ ആയിത്തീർന്നു. പരിച്ഛേദന ഏൽക്കാത്തവർ ആയിരുന്നെങ്കിലും പത്രൊസിന്റെ വാക്കുകൾ ശ്രദ്ധിച്ച ഏവരും സ്നാപനമേറ്റു. അത് യഹൂദർ അശുദ്ധരായി വീക്ഷിച്ചിരുന്ന വിജാതീയർക്കു ക്രിസ്തീയ സഭയിലെ അംഗങ്ങളായിത്തീരാൻ വഴിതുറന്നു. (പ്രവൃത്തികൾ 10:1-48; 11:18) സത്യം പത്രൊസിനു വിലപ്പെട്ടതായിരുന്നതുകൊണ്ട് അവൻ യഹോവയുടെ നിർദേശത്തിനു ചെവി കൊടുക്കുകയും വിശ്വാസത്തോടെ പ്രവർത്തിക്കുകയും ചെയ്തു. തന്മൂലം എത്ര അസാധാരണമായ പദവിയാണ് പത്രൊസിനു ലഭിച്ചത്!
20. ജീവിതത്തിൽ സത്യത്തിനു പ്രഥമസ്ഥാനം നൽകുമ്പോൾ നമുക്ക് എന്തു ദിവ്യ പിന്തുണ ലഭിക്കുന്നു?
20 പൗലൊസിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക: “സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു നമുക്ക് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരാം.” (എഫെസ്യർ 4:15, NW) അതേ, നമ്മുടെ ജീവിതത്തിൽ സത്യത്തിനു പ്രഥമ സ്ഥാനം നൽകുകയും പരിശുദ്ധാത്മാവ് മുഖാന്തരം നമ്മുടെ കാലടികളെ നയിക്കാൻ യഹോവയെ അനുവദിക്കുകയും ചെയ്യുന്നെങ്കിൽ, ഇപ്പോൾത്തന്നെ സത്യം നമുക്ക് അളവറ്റ സന്തോഷം കൈവരുത്തും. കൂടാതെ, നമ്മുടെ സുവാർത്താ ഘോഷണ വേലയിൽ ദൈവദൂതന്മാർ നമുക്കു നൽകുന്ന പിന്തുണയും മനസ്സിൽ പിടിക്കുക. (വെളിപ്പാടു 14:6, 7; 22:6) യഹോവ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന അത്തരമൊരു വേലയിൽ പിന്തുണയുണ്ടായിരിക്കുന്നത് എത്ര വലിയ പദവിയാണ്! വിശ്വസ്തത കാത്തുസൂക്ഷിക്കുന്നത് സത്യത്തിന്റെ ദൈവമായ യഹോവയെ സകല നിത്യതയിലും സ്തുതിക്കാൻ നമ്മെ നയിക്കും. അതിലും വിലപ്പെട്ട എന്തെങ്കിലും നമുക്കു ലഭിക്കാനുണ്ടോ?—യോഹന്നാൻ 17:3.
നാം എന്തു പഠിച്ചു?
• പലരും സത്യം സ്വീകരിക്കാത്തത് എന്തുകൊണ്ട്?
• സാത്താന്റെ ലോകത്തിലെ കാര്യങ്ങളെ ക്രിസ്ത്യാനികൾ എങ്ങനെ വീക്ഷിക്കണം?
• യോഗങ്ങളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം, എന്തുകൊണ്ട്?
• സ്വന്തം ആത്മീയതയ്ക്കു ശ്രദ്ധ നൽകാൻ നമുക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?
[18-ാം പേജിലെ ഭൂപടം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മഹാ സമുദ്രം
കൈസര്യ
ശാരോൻ സമഭൂമി
യോപ്പ
ലിദ്ദാ
യെരൂശലേം
[ചിത്രം]
പത്രൊസ് ദിവ്യ നിർദേശം പിൻപറ്റിയതിനാൽ അവന് അപ്രതീക്ഷിതമായ അനുഗ്രഹങ്ങൾ ലഭിച്ചു
[കടപ്പാട്]
ഭൂപടം: Mountain High Maps® Copyright © 1997 Digital Wisdom, Inc.
[13-ാം പേജിലെ ചിത്രം]
യേശു സത്യത്തിനു സാക്ഷ്യം വഹിച്ചു
[15-ാം പേജിലെ ചിത്രം]
ഭൗതിക ആഹാരം പോലെ, ആത്മീയ ആഹാരം നമ്മുടെ ക്ഷേമത്തിനു മർമപ്രധാനമാണ്