അധ്യായം 124
ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നു, അറസ്റ്റ് ചെയ്യുന്നു
മത്തായി 26:47-56; മർക്കോസ് 14:43-52; ലൂക്കോസ് 22:47-53; യോഹന്നാൻ 18:2-12
യൂദാസ് യേശുവിനെ തോട്ടത്തിൽവെച്ച് ഒറ്റിക്കൊടുക്കുന്നു
പത്രോസ് മഹാപുരോഹിതന്റെ അടിമയെ വെട്ടുന്നു
യേശുവിനെ അറസ്റ്റു ചെയ്യുന്നു
സമയം അർധരാത്രി കഴിഞ്ഞിരിക്കുന്നു. യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനു പുരോഹിതന്മാർ 30 വെള്ളിനാണയം യൂദാസിന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഇപ്പോൾ യൂദാസ് മുഖ്യപുരോഹിതന്മാരും പരീശന്മാരും അടങ്ങിയ വലിയ ജനക്കൂട്ടവുമായി യേശുവിനെ തേടിപ്പിടിക്കാൻ ഇറങ്ങി. ഒരു സൈന്യാധിപനോടൊപ്പം ആയുധധാരികളായ പടയാളികളും അവരുടെകൂടെയുണ്ട്.
പെസഹ കഴിഞ്ഞ് യേശു യൂദാസിനെ പറഞ്ഞുവിട്ടപ്പോൾ, യൂദാസ് നേരെ പോയത് മുഖ്യപുരോഹിതന്മാരുടെ അടുക്കലേക്കായിരിക്കാം. (യോഹന്നാൻ 13:27) അവർ അവരുടെ ഭടന്മാരെയും ഒരു കൂട്ടം പടയാളികളെയും കൂട്ടിവരുത്തി. യൂദാസ് അവരെയും കൂട്ടി യേശുവും അപ്പോസ്തലന്മാരും പെസഹ ആഘോഷിച്ച മുറിയിലേക്കു പോയിക്കാണും. എന്നാൽ അവരെ അവിടെ കാണാത്തതുകൊണ്ട് അവർ കിദ്രോൻ താഴ്വര താണ്ടി തോട്ടത്തിലേക്കു നീങ്ങുകയാണ്. ആയുധങ്ങളോടൊപ്പം തീപ്പന്തങ്ങളും വിളക്കുകളും അവർ കരുതിയിട്ടുണ്ട്. യേശുവിനെ കണ്ടുപിടിച്ചിട്ടുതന്നെ കാര്യം എന്ന മട്ടിലാണ് അവർ.
ഒലിവുമലയിലേക്ക് ആ വലിയ ജനക്കൂട്ടത്തെയുംകൊണ്ട് നീങ്ങുന്ന യൂദാസിനെ കണ്ടാൽ യേശു എവിടെയാണെന്ന കാര്യം യൂദാസിനു നല്ല നിശ്ചയമുള്ളതുപോലെ തോന്നും. യേശുവും അപ്പോസ്തലന്മാരും ബഥാന്യയിലാണ് താമസിച്ചിരുന്നത്. ഒട്ടുമിക്ക ദിവസവും യരുശലേമിലേക്കു പോയിരുന്ന അവർ ഗത്ത്ശെമന തോട്ടത്തിൽ വിശ്രമിക്കുമായിരുന്നു. ഇപ്പോൾ രാത്രി ഏറെ ഇരുട്ടിയിരിക്കുന്നു. ഒലിവുമരങ്ങളുടെ നിഴൽ കാരണം അവരെയൊന്നും അത്ര വ്യക്തമായി കാണാൻ കഴിയുന്നില്ല. യേശുവിനെ ഇതുവരെ കണ്ട് പരിചയമില്ലാത്ത പടയാളികൾക്കു യേശുവിനെ തിരിച്ചറിയാൻ കഴിയുമോ? അവരെ സഹായിക്കാൻ യൂദാസ് ഒരു അടയാളം പറഞ്ഞൊക്കുന്നു. യൂദാസ് പറയുന്നു: “ഞാൻ ആരെയാണോ ചുംബിക്കുന്നത്, അയാളാണു നിങ്ങൾ അന്വേഷിക്കുന്നവൻ. അയാളെ പിടിച്ച് കൊണ്ടുപൊയ്ക്കൊള്ളൂ, രക്ഷപ്പെടാതെ നോക്കണം.”—മർക്കോസ് 14:44.
ജനക്കൂട്ടവുമായി തോട്ടത്തിൽ എത്തിയ യൂദാസ് യേശുവിനെയും അപ്പോസ്തലന്മാരെയും കണ്ടിട്ട് നേരെ അങ്ങോട്ടു ചെല്ലുന്നു. എന്നിട്ട് “റബ്ബീ, നമസ്കാരം” എന്നു പറഞ്ഞ് വളരെ സ്നേഹത്തോടെ യേശുവിനെ ചുംബി ക്കുന്നു. യേശു ചോദിച്ചു: “സ്നേഹിതാ, നീ എന്തിനാണു വന്നത്?” (മത്തായി 26:49, 50) ആ ചോദ്യത്തിനു മറുപടിയും യേശുതന്നെ പറയുന്നു: “യൂദാസേ, നീ മനുഷ്യപുത്രനെ ഒരു ചുംബനംകൊണ്ട് ഒറ്റിക്കൊടുക്കുകയാണോ?” (ലൂക്കോസ് 22:48) യൂദാസിനെക്കുറിച്ച് കൂടുതലൊന്നും യേശു പറയാൻ ആഗ്രഹിച്ചില്ല!
യേശു ഇപ്പോൾ വെളിച്ചത്തേക്കു മാറിനിന്നിട്ട് ചോദിക്കുന്നു: “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” “നസറെത്തുകാരനായ യേശുവിനെ” എന്നു ജനക്കൂട്ടം പറയുന്നു. യേശു ധൈര്യത്തോടെ അവരോട്, “അതു ഞാനാണ് ” എന്നു പറഞ്ഞു. (യോഹന്നാൻ 18:4, 5) അടുത്തതായി എന്താണു സംഭവിക്കുക എന്നു പേടിച്ച് ആ പുരുഷന്മാർ നിലത്തേക്കു വീഴുന്നു.
ഈ അവസരം മുതലാക്കിക്കൊണ്ട് രാത്രിയുടെ ഇരുളിലേക്ക് ഓടിമറയാൻ യേശു തുനിഞ്ഞില്ല. പകരം അവർ ആരെയാണ് അന്വേഷിക്കുന്നത് എന്നു യേശു വീണ്ടും ചോദിക്കുന്നു. “നസറെത്തുകാരനായ യേശുവിനെ” എന്ന് അവർ പറഞ്ഞപ്പോൾ ശാന്തമായി യേശു അവരോടു പറഞ്ഞു: “അതു ഞാനാണെന്നു പറഞ്ഞല്ലോ. എന്നെയാണു നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇവരെ വിട്ടേക്ക്.” ആരും നഷ്ടമാകാതെ നോക്കുമെന്നു താൻ മുമ്പ് പറഞ്ഞ കാര്യം ഈ നിർണായകസമയത്തുപോലും യേശു ഓർക്കുന്നു. (യോഹന്നാൻ 6:39; 17:12) യേശു തന്റെ വിശ്വസ്തരായ അപ്പോസ്തലന്മാരെ കാത്തുസംരക്ഷിച്ചു. യൂദാസ് എന്ന “നാശപുത്രനല്ലാതെ” ആരും നഷ്ടപ്പെട്ടുപോയില്ല. (യോഹന്നാൻ 18:7-9) തന്റെ വിശ്വസ്തരായ അനുഗാമികളെ പോകാൻ അനുവദിക്കണമെന്ന് യേശു ഇപ്പോൾ അവരോട് ആവശ്യപ്പെടുന്നു.
പടയാളികൾ എഴുന്നേറ്റ് യേശുവിനെ പിടിക്കുക എന്ന ലക്ഷ്യത്തിൽ യേശുവിന്റെ അടുത്തേക്കു വരുന്നത് കണ്ടപ്പോഴാണ് സംഭവിക്കുന്നത് എന്താണെന്ന് അപ്പോസ്തലന്മാർക്ക് മനസ്സിലാകുന്നത്. “കർത്താവേ, ഞങ്ങൾ വാൾ എടുത്ത് വെട്ടട്ടേ” എന്ന് അവർ ചോദിച്ചു. (ലൂക്കോസ് 22:49) യേശു മറുപടി പറയുന്നതിനു മുമ്പേ പത്രോസ് അപ്പോസ്തലന്മാരുടെ കൈയിലുണ്ടായിരുന്ന രണ്ടു വാളുകളിൽ ഒന്നെടുത്ത് മഹാപുരോഹിതന്റെ ദാസനായ മൽക്കൊസിന്റെ വലത് ചെവി വെട്ടി.
യേശു മൽക്കൊസിന്റെ ചെവി സുഖപ്പെടുത്തുന്നു. എന്നിട്ട് വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിക്കുന്നു. പത്രോസിനോട് യേശു ഇങ്ങനെ പറയുന്നു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.” യേശു അറസ്റ്റു ചെയ്യപ്പെടാൻ തയ്യാറാണ്. കാരണം അങ്ങനെ സംഭവിച്ചില്ലെങ്കിൽ “ഇതുപോലെ സംഭവിക്കണമെന്നുള്ള തിരുവെഴുത്തുകൾ എങ്ങനെ നിറവേറും” എന്ന് യേശു ചോദിക്കുന്നു. (മത്തായി 26:52, 54) യേശു ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പിതാവ് എനിക്കു തന്നിരിക്കുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലേ?” (യോഹന്നാൻ 18:11) തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം നടന്നുകാണാൻ യേശു ആഗ്രഹിക്കുന്നു. മരിക്കാൻപോലും യേശു തയ്യാറാണ്.
യേശു ജനക്കൂട്ടത്തോടു ചോദിക്കുന്നു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്? ഞാൻ ദിവസവും ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ പ്രവാചകന്മാർ എഴുതിയതു നിറവേറേണ്ടതിനാണ് ഇതൊക്കെ ഇങ്ങനെ സംഭവിച്ചത്.”—മത്തായി 26:55, 56.
പടയാളികളുടെ സംഘവും സൈന്യാധിപനും ജൂതന്മാരുടെ ഉദ്യോഗസ്ഥരും യേശുവിനെ പിടിച്ചുകെട്ടുന്നു. ഇതു കണ്ട് അപ്പോസ്തലന്മാരെല്ലാം ഓടിപ്പോകുന്നു. എന്നാൽ “ഒരു യുവാവ്,” ഒരുപക്ഷേ അത് ശിഷ്യനായ മർക്കോസ് ആയിരുന്നിരിക്കണം, യേശുവിന്റെ പിന്നാലെ പോകാനായി ജനക്കൂട്ടത്തോടൊപ്പം നിൽക്കുന്നു. (മർക്കോസ് 14:51) പക്ഷേ ആ യുവാവിനെ ജനക്കൂട്ടം തിരിച്ചറിഞ്ഞു. അവർ അയാളെ പിടിക്കാൻ ശ്രമിച്ചപ്പോൾ ധരിച്ചിരുന്ന ലിനൻ വസ്ത്രം വിട്ടിട്ട് അയാൾ ഓടിപ്പോകുന്നു.