അധികാരം സംബന്ധിച്ച ക്രിസ്തീയ വീക്ഷണം
“ദൈവത്താലല്ലാതെ ഒരധികാരവുമില്ല.”—റോമർ 13:1.
1. യഹോവയാണ് പരമാധികാരി എന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
അധികാരം സൃഷ്ടികർത്തൃത്വവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ജീവനുള്ളതും ജീവനില്ലാത്തതുമായ സകല സൃഷ്ടികൾക്കും അസ്തിത്വം കൊടുത്ത പരമാധികാരിയാണ് യഹോവയാം ദൈവം. അനിഷേധ്യമായും അവനാണ് പരമാധികാരി. സ്വർഗീയ സൃഷ്ടികളുടെ വികാരങ്ങളിൽ സത്യക്രിസ്ത്യാനികൾ പങ്കുകൊള്ളുന്നു. അവർ പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്: “ഞങ്ങളുടെ ദൈവമായ യഹോവേ, നീ മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യനാണ്. എന്തെന്നാൽ നീ സർവ്വവും സൃഷ്ടിച്ചു. നിന്റെ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.”—വെളിപാട് 4:11, NW.
2. സഹമനുഷ്യരുടെമേൽ ആധിപത്യം നടത്താനുള്ള നൈസർഗികമായ അവകാശം തങ്ങൾക്കില്ലെന്ന് ആദ്യകാല മനുഷ്യഭരണാധിപൻമാർ ഒരുതരത്തിൽ സമ്മതിച്ചതെങ്ങനെ, യേശു പൊന്തിയോസ് പീലാത്തോസിനോടു പറഞ്ഞത് എന്തായിരുന്നു?
2 ഒരു ദൈവമെന്നോ ദൈവത്തിന്റെ ഒരു പ്രതിനിധിയെന്നോ അവകാശപ്പെട്ടുകൊണ്ട് തങ്ങളുടെ അധികാരത്തിനു നിയമസാധുതയുണ്ടാക്കാൻ ആദ്യകാല മനുഷ്യഭരണാധിപൻമാരിൽ അനേകരും ശ്രമിച്ചു എന്ന വസ്തുതതന്നെ എടുക്കുക. മററു മനുഷ്യരുടെമേൽ ഭരണം നടത്താനുള്ള നൈസർഗികമായ അവകാശം ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല എന്നതിന്റെ മൗനമായ ഒരു അംഗീകാരമാണ് അത്.a (യിരെമ്യാവു 10:23) നിയമസാധുതയുള്ള അധികാരത്തിന്റെ ഒരേ ഒരു ഉറവ് യഹോവയാം ദൈവമാണ്. യഹൂദയിലെ റോമൻ ഗവർണറായിരുന്ന പൊന്തിയോസ് പീലാത്തോസിനോട് ക്രിസ്തു പറഞ്ഞു: “മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെ മേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു.”—യോഹന്നാൻ 19:11.
“ദൈവത്താലല്ലാതെ ഒരധികാരവുമില്ല”
3. “ശ്രേഷ്ഠാധികാ”രികളെ കുറിച്ച് അപ്പോസ്തലനായ പൗലോസ് എന്തു പ്രസ്താവിച്ചു, യേശുവിന്റെയും പൗലോസിന്റെയും പ്രസ്താവനകൾ ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?
3 റോമാസാമ്രാജ്യത്തിന്റെ മേധാവിത്വത്തിൻ കീഴിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് അപ്പോസ്തലനായ പൗലോസ് എഴുതി: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ [“അവരുടെ ആപേക്ഷിക സ്ഥാനങ്ങളിൽ,” NW] ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.” (റോമർ 13:1) പീലാത്തോസിന്റെ അധികാരം “മേലിൽനിന്നു” നൽകപ്പെട്ടതാണെന്നു പ്രസ്താവിച്ചപ്പോൾ യേശു എന്താണ് അർഥമാക്കിയത്? തന്റെ നാളിലെ രാഷ്ട്രീയ അധികാരികൾ അവരുടെ സ്ഥാനങ്ങളിൽ ആക്കപ്പെട്ടിരിക്കുന്നത് ദൈവത്താലാണ് എന്ന് അപ്പോസ്തലനായ പൗലോസ് കരുതിയത് ഏതു വിധത്തിലാണ്? ഈ ലോകത്തിലെ ഓരോ രാഷ്ട്രീയ ഭരണാധിപന്റെയും നിയമനത്തിനു യഹോവ വ്യക്തിപരമായി ഉത്തരവാദിയാണെന്ന് അവർ അർഥമാക്കിയോ?
4. യേശുവും പൗലോസും പിശാചിനെ എന്തു വിളിച്ചു, പിശാചിന്റെ ഏത് അവകാശവാദം യേശു നിഷേധിച്ചില്ല?
4 ഇത് എങ്ങനെ ശരിയാകും, സാത്താനെ “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്നു യേശു വിളിച്ചില്ലേ, അവനെ “ഈ ലോകത്തിന്റെ ദൈവം” എന്ന് അപ്പോസ്തലനായ പൗലോസ് വിശേഷിപ്പിച്ചില്ലേ? (യോഹന്നാൻ 12:31; 16:11, NW; 2 കൊരിന്ത്യർ 4:4) അതിലുപരി, യേശുവിനെ പരീക്ഷിക്കുന്ന സമയത്ത്, സാത്താൻ അവനു വാഗ്ദാനം ചെയ്തത് “നിവസിത ഭൂമിയിലെ സകല രാജ്യങ്ങ”ളുടെ മേലുമുള്ള “അധികാരം” ആയിരുന്നു. തന്നെ ഏൽപ്പിച്ചിരിക്കുന്നതാണ് ഈ അധികാരം എന്നായിരുന്നു അപ്പോഴത്തെ അവന്റെ അവകാശവാദം. യേശു അവന്റെ വാഗ്ദാനം നിരാകരിച്ചു. പക്ഷേ അത്തരം അധികാരം നൽകാൻ സാത്താനു സാധിക്കും എന്നതിനെ യേശു നിഷേധിച്ചില്ല.—ലൂക്കോസ് 4:5-8, NW.
5. (എ) മാനുഷിക അധികാരികളെക്കുറിച്ചുള്ള യേശുവിന്റെയും പൗലോസിന്റെയും വാക്കുകൾ നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്? (ബി) ശ്രേഷ്ഠാധികാരികൾ ‘അവരുടെ ആപേക്ഷിക സ്ഥാനങ്ങളിൽ ദൈവത്താൽ ആക്കിവെക്കപ്പെട്ടിരിക്കുന്ന’ത് ഏത് അർഥത്തിലാണ്?
5 സാത്താന്റെ മത്സരത്തിനുശേഷം ആദാമിനെയും ഹവ്വായെയും പ്രലോഭിപ്പിച്ച് അവരെക്കൊണ്ടും ദൈവത്തിന്റെ പരമാധികാരത്തിനെതിരെ മത്സരിപ്പിച്ചശേഷം അവനെ ജീവിച്ചിരിക്കാൻ അനുവദിച്ച യഹോവ ഈ ലോകത്തിൻമേലുള്ള ഭരണാധിപത്യം അവന് ഏൽപ്പിച്ചുകൊടുത്തു. (ഉല്പത്തി 3:1-6; താരതമ്യം ചെയ്യുക: പുറപ്പാടു 9:15, 16.) അതുകൊണ്ട്, യേശുവിന്റെയും പൗലോസിന്റെയും വാക്കുകളുടെ അർഥം ഇങ്ങനെയാകണം, ഏദെനിൽവെച്ച് ആദ്യമനുഷ്യ ജോഡികൾ ദിവ്യാധിപത്യത്തെ അഥവാ ദൈവഭരണത്തെ വലിച്ചെറിഞ്ഞശേഷം അവർ നിയമവാഴ്ചയുള്ള ഒരു സമൂഹത്തിൽ ജീവിക്കേണ്ടതിന് അധികാരഘടനകൾ ഉണ്ടാക്കാൻ യഹോവ അന്യാധീനപ്പെട്ടുപോയ മനുഷ്യരെ അനുവദിച്ചു. ചിലപ്പോഴൊക്കെ, യഹോവ തന്റെ ഉദ്ദേശ്യനിവൃത്തിക്കുവേണ്ടി ചില ഭരണാധിപൻമാരെയോ ഗവൺമെൻറുകളെയോ വീഴ്ത്തിയിട്ടുണ്ട്. (ദാനീയേൽ 2:19-21) മററു ചിലരെ അധികാരത്തിൽ തുടർന്നും നിലകൊള്ളാൻ അവൻ അനുവദിച്ചിട്ടുണ്ട്. നിലനിന്നുപോകാൻ യഹോവ ക്ഷമയോടെ സമ്മതിക്കുന്ന ഭരണാധിപൻമാരെക്കുറിച്ച്, അവർ ‘അവരുടെ ആപേക്ഷിക സ്ഥാനങ്ങളിൽ ദൈവത്താൽ ആക്കിവെക്കപ്പെട്ടിരിക്കുന്നു’ എന്നു പറയാവുന്നതാണ്.
ആദിമ ക്രിസ്ത്യാനികളും റോമൻ ഭരണാധികാരികളും
6. ആദിമക്രിസ്ത്യാനികൾ റോമൻ ഭരണാധികാരികളെ വീക്ഷിച്ചത് എങ്ങനെയായിരുന്നു, എന്തുകൊണ്ട്?
6 ഇസ്രായേലിൽ അധിനിവേശം നടത്തിയ റോമാക്കാർക്കെതിരെ ഗൂഢാലോചന നടത്തി പോരാടിയിരുന്ന യഹൂദവിഭാഗങ്ങളോടൊപ്പം ആദിമ ക്രിസ്ത്യാനികൾ ചേർന്നില്ല. റോമൻ ഭരണാധികാരികൾ അവരുടെ നിയമസംഹിതകളിലൂടെ കരയിലും കടലിലും ക്രമപാലനം നടത്തി. കൂടാതെ, ഉപയോഗപ്രദമായ അനേകം നീർച്ചാലുകൾ, റോഡുകൾ, പാലങ്ങൾ മുതലായവ നിർമിക്കുകയും പൊതുവേ, സകലരുടെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു. ഇതെല്ലാം നിമിത്തം ക്രിസ്ത്യാനികൾ റോമൻ ഭരണാധികാരികളെ കരുതിയത് ‘തങ്ങളുടെ നൻമയ്ക്കുവേണ്ടിയുള്ള, തങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ ശുശ്രൂഷകൻ [അഥവാ, “ദാസൻ,” അടിക്കുറിപ്പ്]’ ആയിട്ടാണ്. (റോമർ 13:3, 4, NW) ഇനി, ക്രമസമാധാനനില മുഖാന്തരം ഉളവായ സാഹചര്യമോ, യേശുക്രിസ്തു കൽപ്പിച്ചപ്രകാരം എല്ലായിടത്തും പോയി സുവാർത്ത പ്രസംഗിക്കാൻ ക്രിസ്ത്യാനികളെ സഹായിക്കുന്നതുമായിരുന്നു. (മത്തായി 28:19, 20) സകലത്തിലും ഒരു നല്ല മനസ്സാക്ഷിയോടെ അവർക്കു റോമാക്കാർ ചുമത്തിയ നികുതികൾ കൊടുക്കാൻ കഴിയുമായിരുന്നു, അവയിൽ കുറെ പണമെല്ലാം ചെലവഴിച്ചിരുന്നത് ദൈവാംഗീകാരമില്ലാത്ത കാര്യങ്ങൾക്കായിരുന്നെങ്കിലും.—റോമർ 13:5-7.
7, 8. (എ) റോമർ 13:1-7-ന്റെ ഒരു ശ്രദ്ധാപൂർവകമായ വായന എന്തു വെളിപ്പെടുത്തുന്നു, സന്ദർഭം എന്തു പ്രകടമാക്കുന്നു? (ബി) ഏതെല്ലാം സാഹചര്യങ്ങളിൽ റോമൻ ഭരണാധികാരികൾ “ദൈവശുശ്രൂഷക”നായി പ്രവർത്തിച്ചില്ല, ഇക്കാര്യത്തിൽ ആദിമ ക്രിസ്ത്യാനികൾ എന്തു മനോഭാവം കൈക്കൊണ്ടു?
7 നൻമ ചെയ്യുന്നവരെ പ്രശംസിക്കാനും തിൻമ ചെയ്യുന്നവരെ ശിക്ഷിക്കാനുമുള്ള “ദൈവശുശ്രൂഷക”നാണ് രാഷ്ട്രീയ “ശ്രേഷ്ഠാധികാരി”കൾ എന്ന് റോമർക്കുള്ള ലേഖനം 13-ാം അധ്യായത്തിന്റെ ആദ്യത്തെ ഏഴു വാക്യങ്ങളുടെ ഒരു ശ്രദ്ധാപൂർവകമായ വായന വെളിപ്പെടുത്തുന്നു. നല്ലത് എന്തെന്നും മോശമായത് എന്തെന്നും തീരുമാനിക്കുന്നത് ശ്രേഷ്ഠാധികാരികളല്ല, ദൈവമാണെന്ന് ഇതിന്റെ സന്ദർഭം പ്രകടമാക്കുന്നു. അതുകൊണ്ട്, റോമൻ ചക്രവർത്തിയോ മറേറതെങ്കിലും രാഷ്ട്രീയ അധികാരികളോ ദൈവം വിലക്കിയിരിക്കുന്നത് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ, അഥവാ മറിച്ചു പറഞ്ഞാൽ, ദൈവം ആവശ്യപ്പെട്ടതു വിലക്കിയിരുന്നെങ്കിൽ അയാൾ മേലാൽ ദൈവശുശ്രൂഷകനായിട്ടല്ല പ്രവർത്തിക്കുന്നത്. “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നായിരുന്നു യേശു പ്രസ്താവിച്ചത്. (മത്തായി 22:21) ആരാധനയോ അല്ലെങ്കിൽ ഒരു വ്യക്തിയുടെ ജീവനോ പോലുള്ള ദൈവത്തിനുള്ള സംഗതികൾ റോമാരാഷ്ട്രം ആവശ്യപ്പെട്ടിരുന്നെങ്കിൽ സത്യക്രിസ്ത്യാനികൾ ‘ഞങ്ങൾ മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു’ എന്ന അപ്പോസ്തലിക ബുദ്ധ്യുപദേശം പിൻപററുമായിരുന്നു.—പ്രവൃത്തികൾ 5:29.
8 ചക്രവർത്തിയാരാധനയിലും വിഗ്രഹാരാധനയിലും പങ്കെടുക്കുക, ക്രിസ്തീയ യോഗങ്ങൾ ഉപേക്ഷിക്കുക, സുവാർത്തയുടെ പ്രസംഗവേല നിർത്തുക എന്നിവ ചെയ്യാൻ ആദിമ ക്രിസ്ത്യാനികൾ വിസമ്മതിച്ചപ്പോൾ ഫലം പീഡനമായിരുന്നു. പൊതുവേ വിശ്വസിക്കപ്പെടുന്നത് അപ്പോസ്തലനായ പൗലോസ് നീറോ ചക്രവർത്തിയുടെ കൽപ്പനപ്രകാരം വധിക്കപ്പെട്ടു എന്നാണ്. മററു ചക്രവർത്തിമാരും, വിശേഷിച്ച് ഡൊമിനീഷ്യൻ, മാർക്കസ് ഔറേലിയസ്, സെപ്ററിമിയസ്, സെവേയ്റുസ്, ഡേസിയസ്, ഡയക്ലീഷ്യൻ എന്നിവർ ആദിമ ക്രിസ്ത്യാനികളെ പീഡിപ്പിച്ചവരാണ്. ഈ ചക്രവർത്തിമാരും അവരുടെ കീഴിലുള്ള അധികാരികളും ക്രിസ്ത്യാനികളെ പീഡിപ്പിച്ചപ്പോൾ അവർ തീർച്ചയായും “ദൈവശുശ്രൂഷക”നായി പ്രവർത്തിക്കുകയായിരുന്നില്ല.
9. (എ) രാഷ്ട്രീയ ശ്രേഷ്ഠാധികാരികളെ സംബന്ധിച്ചുള്ള ഏതു സത്യം അവശേഷിക്കുന്നു, രാഷ്ട്രീയ മൃഗത്തിനു ശക്തിയും അധികാരവും ലഭിക്കുന്നത് ആരിൽനിന്നാണ്? (ബി) ശ്രേഷ്ഠാധികാരികളോടുള്ള ക്രിസ്ത്യാനികളുടെ കീഴ്പെടൽ സംബന്ധിച്ചു ന്യായമായും എന്തു പറയാവുന്നതാണ്?
9 മനുഷ്യസമൂഹത്തിൽ നിയമവാഴ്ച നിലനിർത്താൻ രാഷ്ട്രീയ ശ്രേഷ്ഠാധികാരികൾ ഏതെങ്കിലുംതരത്തിൽ “ദൈവത്തിന്റെ ക്രമീകരണ”മായി വർത്തിക്കുമ്പോൾപ്പോലും അവർ നിലകൊള്ളുന്നത് സാത്താൻ ദൈവമായിരിക്കുന്ന ലൗകിക വ്യവസ്ഥിതിയുടെ ഭാഗമായിത്തന്നെയെന്ന് ദൃഷ്ടാന്തീകരിക്കാൻ ഇതെല്ലാം ഉതകുന്നു. (1 യോഹന്നാൻ 5:19) അവർ വെളിപ്പാടു 13:1, 2-ലെ “കാട്ടുമൃഗം” [NW] പ്രതീകപ്പെടുത്തുന്ന ലോകവിസ്തൃത രാഷ്ട്രീയ സംഘടനയുടെ ഭാഗമാണ്. ആ മൃഗത്തിനു ശക്തിയും അധികാരവും ലഭിക്കുന്നതു പിശാചായ സാത്താൻ എന്ന “മഹാസർപ്പ”ത്തിൽനിന്നാണ്. (വെളിപ്പാടു 12:9) അതുകൊണ്ട്, അത്തരം അധികാരികളോടുള്ള ക്രിസ്ത്യാനികളുടെ കീഴ്പെടൽ ആപേക്ഷികമാണ്, സമ്പൂർണമല്ല എന്നതു ന്യായയുക്തമാണ്.—താരതമ്യം ചെയ്യുക: ദാനീയേൽ 3:16-18.
അധികാരത്തോടുള്ള ഉചിതമായ ആദരവ്
10, 11. (എ) അധികാരസ്ഥാനത്തുള്ളവരോടു നാം ആദരവുള്ളവരായിരിക്കണം എന്നു പൗലോസ് പ്രകടമാക്കിയതെങ്ങനെ? (ബി) “രാജാക്കൻമാരെയും ഉന്നത സ്ഥാനങ്ങളിലുള്ള എല്ലാവരെയും സംബന്ധിച്ചു” പ്രാർഥിക്കാനാവുന്നതെങ്ങനെ, എന്തുകൊണ്ട്?
10 എന്നിരുന്നാലും, രാഷ്ട്രീയ ശ്രേഷ്ഠാധികാരികളോട് ക്രിസ്ത്യാനികൾ ഒരു മുരടൻ ധിക്കാരമനോഭാവം കൈക്കൊള്ളണമെന്ന് ഇതിനർഥമില്ല. അവരുടെ രഹസ്യമോ പരസ്യമോ ആയ ജീവിതം നോക്കിയാൽ പ്രത്യേകിച്ച് എന്തെങ്കിലും ആദരവ് അർഹിക്കാത്തവരാണ് ഇവരിൽ പലരും എന്നതു ശരിതന്നെ. എങ്കിലും, അധികാരസ്ഥാനങ്ങളിലുള്ളവരോട് ആദരവോടെ പെരുമാറേണ്ടതാണെന്ന് അപ്പോസ്തലൻമാർ, തങ്ങളുടെ മാതൃക, ബുദ്ധ്യുപദേശം എന്നിവയാൽ പ്രകടമാക്കി. വ്യഭിചാരിയായ ഹെരോദ് അഗ്രിപ്പാ 2-ാമൻ രാജാവിന്റെ മുമ്പിൽ സന്നിഹിതനായ പൗലോസ് ഉചിതമായ ആദരവോടെയാണ് അദ്ദേഹത്തോടു സംസാരിച്ചത്.—പ്രവൃത്തികൾ 26:2, 3, 25.
11 നമ്മുടെ പ്രാർഥനകളിൽ ലൗകിക അധികാരികളെ പരാമർശിക്കുന്നത് ഉചിതമാണെന്നുപോലും പൗലോസ് പ്രസ്താവിച്ചു. വിശേഷിച്ച്, നമ്മുടെ ജീവിതത്തെയും ക്രിസ്തീയ പ്രവർത്തനങ്ങളെയും ബാധിക്കുന്ന തീരുമാനങ്ങളെടുക്കാൻ അവരുടെ സഹായം തേടുന്ന അവസരത്തിൽ. അദ്ദേഹം എഴുതി: “എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കൻമാർക്കും സകല അധികാരസ്ഥൻമാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു. അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. അവൻ സകലമനുഷ്യരും [“സകലതരം മനുഷ്യരും,” NW] രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.” (1 തിമൊഥെയൊസ് 2:1-4) അത്തരം അധികാരികളോടുള്ള നമ്മുടെ ആദരപൂർവകമായ മനോഭാവം നിമിത്തം ചിലപ്പോൾ ‘സകലതരം മനുഷ്യരെ’യും രക്ഷിക്കാൻ ശ്രമിക്കുന്ന നമ്മുടെ വേല കൂടുതൽ സ്വാതന്ത്ര്യത്തോടെ നിർവഹിക്കാൻ അവർ നമ്മെ അനുവദിക്കും എന്നതാവാം ഫലം.
12, 13. (എ) അധികാരികളെ സംബന്ധിച്ചു സമനിലയുള്ള ഏതു ബുദ്ധ്യുപദേശമാണ് പത്രോസ് നൽകിയത്? (ബി) യഹോവയുടെ സാക്ഷികൾക്കെതിരെ മുൻവിധിയുണ്ടാക്കുന്ന “യുക്തിഹീനരായ മനുഷ്യരുടെ അനഭിജ്ഞ സംസാര”ത്തെ [NW] നമുക്ക് എങ്ങനെ മറികടക്കാം?
12 അപ്പോസ്തലനായ പത്രോസ് എഴുതി: “സകല മനുഷ്യനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ. നിങ്ങൾ നൻമ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസൻമാരായും നടപ്പിൻ. എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ. ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.” (1 പത്രൊസ് 2:13-17) എത്ര സമനിലയുള്ള ബുദ്ധ്യുപദേശം! അവന്റെ ദാസൻമാരെന്ന നിലയിൽ ദൈവത്തിനു സമ്പൂർണമായി കീഴ്പെടാൻ നമുക്കു കടപ്പാടുണ്ട്. എന്നാൽ ദുഷ്പ്രവൃത്തിക്കാരെ ശിക്ഷിക്കാൻ ആക്കിവെച്ചിരിക്കുന്ന രാഷ്ട്രീയാധികാരികൾക്കു നാം ആപേക്ഷികമായി, ആദരപൂർവകമായി കീഴ്പെടുന്നു.
13 അനേകം ലൗകിക അധികാരികൾക്കും വിചിത്രമായ തെററിദ്ധാരണകളാണു യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ളതെന്നു കണ്ടിട്ടുണ്ട്. അവർ അങ്ങനെയാവാൻ കാരണം സാധാരണമായി, ദൈവജനതയുടെ ശത്രുക്കൾ ദ്രോഹബുദ്ധ്യാ നടത്തുന്ന ദുഷ്പ്രചരണമാണ്. അല്ലെങ്കിൽ നമ്മെക്കുറിച്ച് അവർക്ക് അറിവു ലഭിച്ചത് മാധ്യമങ്ങളിലൂടെയാകാം. ഇവയിലെ വിവരണങ്ങളാകട്ടെ, എല്ലായ്പോഴും നിഷ്പക്ഷവുമല്ല. ചിലപ്പോഴൊക്കെ നമ്മുടെ ആദരപൂർവകമായ മനോഭാവംകൊണ്ട് ഈ മുൻവിധിയെ മാററിയെടുക്കാൻ കഴിയും. സാധ്യമാകുന്ന സ്ഥലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ വേലയെയും വിശ്വാസങ്ങളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്രദാനം ചെയ്തുകൊണ്ടും അതു ചെയ്യാവുന്നതാണ്. ജോലിത്തിരക്കുള്ള ഉദ്യോഗസ്ഥൻമാർക്ക് ഒരു സംക്ഷിപ്ത വിവരണം ലഭിക്കാൻ യഹോവയുടെ സാക്ഷികൾ ഇരുപതാം നൂററാണ്ടിൽ എന്ന ലഘുപത്രിക മതിയാകും. എന്നാൽ സമ്പൂർണമായ വിവരത്തിനാണെങ്കിൽ യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന പുസ്തകം കൊടുക്കാവുന്നതാണ്. പ്രാദേശികവും ദേശീയവുമായ വായനശാലകളിലെ പുസ്തകഷെൽഫുകളിൽ സ്ഥാനംപിടിക്കേണ്ട ഒരു ഉത്തമ ഉപകരണമാണ് അത്.
ക്രിസ്തീയ ഭവനങ്ങൾക്കുള്ളിലെ അധികാരം
14, 15. (എ) ക്രിസ്തീയഭവനത്തിനുള്ളിലെ അധികാരത്തിന്റെ അടിസ്ഥാനം എന്ത്? (ബി) ഭർത്താക്കൻമാരോടുള്ള ക്രിസ്തീയ ഭാര്യമാരുടെ മനോഭാവം എന്തായിരിക്കണം, എന്തുകൊണ്ട്?
14 ലൗകിക അധികാരികൾക്ക് അർഹിക്കുന്ന ആദരവ് കൊടുക്കാൻ ദൈവം ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നു. അപ്പോൾപ്പിന്നെ, സമാനമായി ക്രിസ്തീയഭവനങ്ങൾക്കുള്ളിൽ ദൈവം ഏർപ്പെടുത്തിയിട്ടുള്ള അധികാരഘടനയെ അവർ ആദരിക്കണമെന്ന കാര്യം പറയേണ്ടതില്ലല്ലോ. യഹോവയുടെ ജനത്തിനിടയിലെ ശിരസ്ഥാനതത്ത്വം അർഥസമ്പുഷ്ടമായ വാക്കുകളിൽ ചുരുക്കിപ്പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലോസ് എഴുതി: “ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 കൊരിന്ത്യർ 11:3) ഇതാണു ദിവ്യാധിപത്യത്തിന്റെ, അഥവാ ദൈവഭരണത്തിന്റെ തത്ത്വം. ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്?
15 ദിവ്യാധിപത്യത്തോടുള്ള ആദരവ് ആരംഭിക്കുന്നതു ഭവനത്തിലാണ്. വിശ്വാസി ആയാലും അല്ലെങ്കിലും ഭർത്താവിന്റെ അധികാരത്തോടു ശരിയായ ആദരവു പ്രകടമാക്കാത്ത ഒരു ക്രിസ്തീയ ഭാര്യയുടെ പ്രവൃത്തി ദിവ്യാധിപത്യപരമല്ല. പൗലോസ് ക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ. ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കൻമാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു. എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കൻമാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.” (എഫെസ്യർ 5:21-24) ക്രിസ്തീയ പുരുഷൻമാർ ക്രിസ്തുവിന്റെ ശിരസ്ഥാനത്തിനു കീഴ്പെടേണ്ടതുള്ളതുപോലെ ക്രിസ്തീയ സ്ത്രീകൾ ഭർത്താക്കൻമാരുടെ ദൈവദത്ത അധികാരത്തിനു കീഴ്പെടുന്നതിലെ ജ്ഞാനം അംഗീകരിക്കണം. ഇത് അവർക്ക് ആഴമായ ആന്തരിക സംതൃപ്തിയും, അതിലും പ്രധാനമായി യഹോവയുടെ അനുഗ്രഹവും കൈവരുത്തും.
16, 17. (എ) ക്രിസ്തീയ ഭവനങ്ങളിൽ വളർന്നുവന്ന കുട്ടികൾ ഇന്നത്തെ മററനേകം കുട്ടികളിൽനിന്നു വ്യത്യസ്തരായിരിക്കുന്നത് എങ്ങനെ, അവർക്ക് അതിനുള്ള പ്രേരകഘടകം എന്താണ്? (ബി) ഇന്നത്തെ ചെറുപ്പക്കാർക്ക് യേശു ഒരു ഉത്തമ മാതൃക ആയിരുന്നതെങ്ങനെയാണ്, അവർ എന്തു ചെയ്യാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു?
16 മാതാപിതാക്കളോട് ഉചിതമായ ആദരവു പ്രകടമാക്കാൻ ദിവ്യാധിപത്യ കുട്ടികൾക്കു സന്തോഷമാണ്. അന്ത്യനാളിലെ യുവതലമുറയെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത് അവർ “അമ്മയപ്പൻമാരെ അനുസരിക്കാത്തവ”രായിരിക്കും എന്നാണ്. (2 തിമൊഥെയൊസ് 3:1, 2) എന്നാൽ ക്രിസ്തീയ കുട്ടികളോടു ദൈവത്തിന്റെ നിശ്വസ്തവചനം പറയുന്നു: “മക്കളേ, നിങ്ങളുടെ അമ്മയപ്പൻമാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യൻമാരിൽ കണ്ടാൽ പ്രസാദകരമല്ലോ.” (കൊലൊസ്സ്യർ 3:20) മാതാപിതാക്കളുടെ അധികാരത്തോടുള്ള ആദരവ് യഹോവയെ പ്രീതിപ്പെടുത്തുകയും അവന്റെ അനുഗ്രഹങ്ങൾ നേടിത്തരികയും ചെയ്യുന്നു.
17 ഇതു യേശുവിന്റെ കാര്യത്തിൽ ദൃഷ്ടാന്തീകരിക്കപ്പെടുന്നുണ്ട്. ലൂക്കോസിന്റെ വിവരണം പ്രസ്താവിക്കുന്നു: “പിന്നെ അവൻ അവരോടുകൂടെ [അവന്റെ മാതാപിതാക്കളോടുകൂടെ] ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു [“കീഴടങ്ങുന്നതിൽ തുടർന്നു,” NW]. . . . യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” (ലൂക്കൊസ് 2:51, 52) അപ്പോൾ യേശുവിനു 12 വയസ്സായിരുന്നു. അവൻ മാതാപിതാക്കൾക്കു “കീഴടങ്ങുന്നതിൽ തുടർന്നു” എന്ന് ഊന്നിപ്പറയുന്ന ഒരു ഗ്രീക്കു ക്രിയാരൂപമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട്, കൗമാരത്തിൽ പ്രവേശിച്ചതോടെ അവന്റെ കീഴ്പെടൽ അവസാനിച്ചില്ല. ആത്മീയതയിലും യഹോവയുടെയും ദൈവഭക്തിയുള്ള മനുഷ്യരുടെയും പ്രീതിയിലും പുരോഗതി പ്രാപിക്കാൻ ചെറുപ്പക്കാരായ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഭവനത്തിന് അകത്തും പുറത്തുമുള്ള അധികാരത്തോടു നിങ്ങൾ ആദരവു പ്രകടമാക്കണം.
സഭയ്ക്കുള്ളിലെ അധികാരം
18. ക്രിസ്തീയ സഭയുടെ ശിരസ്സ് ആരാണ്, അവൻ ആരെ അധികാരം ഭരമേൽപ്പിച്ചിരിക്കുന്നു?
18 ക്രിസ്തീയ സഭയ്ക്കുള്ളിൽ ക്രമം ഉണ്ടായിരിക്കേണ്ട ആവശ്യത്തെപ്പററി സംസാരിച്ചുകൊണ്ട്, പൗലോസ് എഴുതി: “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ. . . . സകലവും ഉചിതമായും ക്രമമായും [അഥവാ “ക്രമമനുസരിച്ചു,” NW അടിക്കുറിപ്പ്] നടക്കട്ടെ.” (1 കൊരിന്ത്യർ 14:33, 40) സകല കാര്യങ്ങളും അടുക്കിലും ചിട്ടയിലും നടത്താൻവേണ്ടി ക്രിസ്തീയ സഭയുടെ ശിരസ്സായ ക്രിസ്തു വിശ്വസ്തരായ മനുഷ്യരെ അധികാരം ഭരമേൽപ്പിച്ചിട്ടുണ്ട്. നാം ഇങ്ങനെ വായിക്കുന്നു: “അവൻ ചിലരെ അപ്പൊസ്തലൻമാരായും ചിലരെ പ്രവാചകൻമാരായും ചിലരെ സുവിശേഷകൻമാരായും ചിലരെ ഇടയൻമാരായും ഉപദേഷ്ടാക്കൻമാരായും നിയമിച്ചിരിക്കുന്നു; അതു . . . വിശുദ്ധൻമാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും . . . ആകുന്നു. അങ്ങനെ നാം . . . സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.”—എഫെസ്യർ 4:11, 12, 13, 15.
19. (എ) ഭൂമിയിൽ തനിക്കുള്ളതിനുമേൽ ആരെയാണു ക്രിസ്തു നിയമിച്ചിരിക്കുന്നത്, പ്രത്യേക അധികാരം അവൻ ആർക്കാണു കൊടുത്തിരിക്കുന്നത്? (ബി) ക്രിസ്തീയ സഭയിൽ നടക്കുന്ന അധികാരഭരമേൽപ്പിക്കൽ എന്ത്, ഇതു നമ്മുടെ ഭാഗത്തുനിന്ന് എന്ത് ആവശ്യമാക്കിത്തീർക്കുന്നു?
19 ഈ അന്ത്യകാലത്ത്, ക്രിസ്തു “വിശ്വസ്തനും വിവേകിയുമായ അടിമ” വർഗത്തെ “തനിക്കുള്ള സകലത്തിൻമേ”ൽ അഥവാ ഭൂമിയിലെ രാജ്യതാത്പര്യങ്ങളിൻമേൽ നിയമിച്ചിട്ടുണ്ട്. (മത്തായി 24:45-47, NW) ഒന്നാം നൂററാണ്ടിലെപോലെ ഈ അടിമ അഭിഷിക്തരായ ക്രിസ്തീയ പുരുഷൻമാരുടെ ഒരു ഭരണസംഘത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്നു. തീരുമാനങ്ങളെടുക്കാനും മററു മേൽവിചാരകൻമാരെ നിയമിക്കാനും ക്രിസ്തു അധികാരം കൊടുത്തിരിക്കുന്നത് ഈ അഭിഷിക്തർക്കാണ്. (പ്രവൃത്തികൾ 6:2, 3; 15:2) ക്രമത്തിൽ, ബ്രാഞ്ച് കമ്മിററി, ഡിസ്ട്രിക്ററ് മേൽവിചാരകൻമാർ, സർക്കിട്ട് മേൽവിചാരകൻമാർ, യഹോവയുടെ സാക്ഷികളുടെ ഭൂമിയിലാസകലമുള്ള 73,000-ത്തിലധികമുള്ള സഭകളിൽ ഓരോന്നിലുമുള്ള മൂപ്പൻമാർ എന്നിവർക്കു ഭരണസംഘം അധികാരം വീതിച്ചുകൊടുക്കുന്നു. അർപ്പിതരായ ഈ സകല ക്രിസ്തീയ പുരുഷൻമാരും നമ്മുടെ പിന്തുണയും ആദരവും അർഹിക്കുന്നു.—1 തിമൊഥെയൊസ് 5:17.
20. അധികാരസ്ഥാനത്തിരിക്കുന്ന സഹക്രിസ്ത്യാനികളോട് ആദരവില്ലാത്തവരിൽ യഹോവ അപ്രീതിപ്പെടുന്നു എന്ന് ഏതു ദൃഷ്ടാന്തം പ്രകടമാക്കുന്നു?
20 ക്രിസ്തീയ സഭയ്ക്കുള്ളിൽ നാം കൊടുക്കാൻ കടപ്പെട്ടിരിക്കുന്ന ആദരവും ലൗകിക അധികാരികളോടു നാം കാണിക്കാൻ കടപ്പെട്ടിരിക്കുന്ന കീഴ്പെടലും തമ്മിൽ രസകരമായ ഒരു താരതമ്യം ചെയ്യാവുന്നതാണ്. ദൈവം അംഗീകരിക്കുന്ന ഒരു മാനുഷിക നിയമം ഒരു വ്യക്തി ലംഘിക്കുമ്പോൾ “വാഴുന്നവർ” നിശ്ചയിച്ചുകൊടുക്കുന്ന ശിക്ഷ വാസ്തവത്തിൽ “തിൻമ ചെയ്യു”ന്നവരുടെ മേലുള്ള ദൈവകോപത്തിന്റെ ഒരു പരോക്ഷ പ്രകടനമാണ്. (റോമർ 13:3, 4) ഒരു വ്യക്തി മാനുഷിക നിയമങ്ങൾ ലംഘിച്ച് ലൗകിക അധികാരികളോട് ആദരവില്ലാതെ പെരുമാറുമ്പോൾ യഹോവ കോപാകുലനാകുന്നു. അങ്ങനെയെങ്കിൽ, ഒരു സമർപ്പിത ക്രിസ്ത്യാനി ബൈബിൾതത്ത്വങ്ങളെ പുച്ഛിച്ചുതള്ളി അധികാരസ്ഥാനത്തിരിക്കുന്ന സഹക്രിസ്ത്യാനികളോട് അനാദരവു പ്രകടമാക്കുന്നെങ്കിൽ അത് അവന് എത്രയധികം അപ്രീതിയുളവാക്കും!
21. ഏതു തിരുവെഴുത്തുപരമായ ബുദ്ധ്യുപദേശം പിൻപററാൻ നാം സന്തോഷമുള്ളവരാണ്, പിൻവരുന്ന ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
21 മത്സരാത്മകമോ സ്വതന്ത്രമോ ആയ മനോഭാവം കൈക്കൊണ്ട് ദൈവത്തിന്റെ അപ്രീതി വിളിച്ചുവരുത്തുന്നതിനു പകരം നമുക്കു ഫിലിപ്പിയിലെ ക്രിസ്ത്യാനികൾക്ക് പൗലോസ് കൊടുത്ത ബുദ്ധ്യുപദേശം പിൻപററാം: “അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏററവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ. ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു. വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ. അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.” (ഫിലിപ്പിയർ 2:12-15) അധികാരപ്രതിസന്ധി വിളിച്ചുവരുത്തിയിരിക്കുന്ന വക്രതയും കോട്ടവുമുള്ള ഇന്നത്തെ തലമുറയെപ്പോലെയല്ല യഹോവയുടെ ജനം. അവർ അധികാരത്തിനു മനസ്സോടെ കീഴ്പെടുന്നു. അങ്ങനെ അവർ മഹത്തായ പ്രയോജനങ്ങൾ കൊയ്തെടുക്കുന്നു. പിൻവരുന്ന ലേഖനത്തിൽ നമുക്ക് അതു കാണാവുന്നതാണ്.
[അടിക്കുറിപ്പ്]
a മുൻലേഖനം കാണുക.
പുനരവലോകനം ചെയ്യുമ്പോൾ
◻ പരമാധികാരി ആരാണ്, അവന്റെ അധികാരത്തിനു നിയമസാധുതയുള്ളത് എന്തുകൊണ്ട്?
◻ ശ്രേഷ്ഠാധികാരികൾ ‘അവരുടെ ആപേക്ഷിക സ്ഥാനങ്ങളിൽ ദൈവത്താൽ ആക്കിവെക്കപ്പെട്ടിരിക്കുന്ന’ത് ഏത് അർഥത്തിലാണ്?
◻ ശ്രേഷ്ഠാധികാരികൾ “ദൈവശുശ്രൂഷക”രല്ലാതാകുന്നത് എപ്പോൾ?
◻ ക്രിസ്തീയ കുടുംബങ്ങളിൽ ഏത് അധികാരഘടന നിലനിൽക്കുന്നു?
◻ ക്രിസ്തീയ സഭയിൽ നടക്കുന്ന അധികാരഭരമേൽപ്പിക്കൽ എന്ത്?
[18-ാം പേജിലെ ചിത്രം]
“കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നു യേശു പ്രസ്താവിച്ചു