അധ്യായം 130
യേശുവിനെ ജൂതന്മാർക്ക് വിട്ടുകൊടുക്കുന്നു
മത്തായി 27:31, 32; മർക്കോസ് 15:20, 21; ലൂക്കോസ് 23:24-31; യോഹന്നാൻ 19:6-17
പീലാത്തൊസ് യേശുവിനെ വിട്ടയയ്ക്കാൻ ശ്രമിക്കുന്നു
യേശുവിനെ ഒരു കുറ്റവാളിയാക്കി മരണശിക്ഷയ്ക്കു വിധിക്കുന്നു
യേശുവിനെ പരിഹസിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തെങ്കിലും അതുകൊണ്ടൊന്നും മുഖ്യപുരോഹിതന്മാർക്കും കൂട്ടാളികൾക്കും മതിയാകുന്നില്ല. യേശുവിനെ കൊല്ലുക എന്നതാണ് അവരുടെ ഒരേ ഒരു ലക്ഷ്യം. അതുകൊണ്ട് യേശുവിനെ വിട്ടയയ്ക്കാനുള്ള പീലാത്തൊസിന്റെ ശ്രമം വിജയിക്കുന്നില്ല. “അവനെ സ്തംഭത്തിലേറ്റ്! അവനെ സ്തംഭത്തിലേറ്റ്!” എന്ന് അവർ അലറിവിളിക്കുന്നു. എന്നാൽ പീലാത്തൊസ് അവരോടു പറയുന്നു: “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി സ്തംഭത്തിലേറ്റിക്കൊള്ളൂ. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല.”—യോഹന്നാൻ 19:6.
യേശു രാജ്യദ്രോഹംപോലുള്ള ഗുരുതരമായ കുറ്റം ചെയ്തെന്നും അതിനാൽ മരണശിക്ഷ അർഹിക്കുന്നെന്നും പീലാത്തൊസിനെ ബോധ്യപ്പെടുത്താൻ ജൂതന്മാർക്കു കഴിയുന്നില്ല. അതുകൊണ്ട് ഇപ്പോൾ അവർ മതപരമായ ഒരു കുറ്റം ആരോപിക്കുന്നു. യേശു ദൈവദൂഷകനാണെന്നു സൻഹെദ്രിനു മുമ്പാകെ അവർ പറഞ്ഞ അതേ കുറ്റം ഇപ്പോൾ അവർ പീലാത്തൊസിനു മുമ്പാകെയും ഉന്നയിക്കുന്നു. “ഞങ്ങൾക്ക് ഒരു നിയമമുണ്ട്. അതനുസരിച്ച് ഇവൻ മരിക്കണം. കാരണം ഇവൻ ദൈവപുത്രനെന്ന് അവകാശപ്പെടുന്നു” എന്ന് അവർ പീലാത്തൊസിനോട് പറയുന്നു. (യോഹന്നാൻ 19:7) ഇപ്പോൾ പീലാത്തൊസ് യേശുവിന് എതിരെ പുതിയൊരു ആരോപണമാണ് കേൾക്കുന്നത്.
ഈ ഉപദ്രവങ്ങളെല്ലാം നേരിട്ടിട്ടും യേശു പതറാതെ നിൽക്കുന്നതും തന്റെ ഭാര്യ യേശുവിനെക്കുറിച്ച് സ്വപ്നം കണ്ട കാര്യവും പീലാത്തൊസിന്റെ മനസ്സിലുണ്ട്. യേശുവിനെ വിട്ടയയ്ക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചിന്തിച്ചുകൊണ്ട് ഇപ്പോൾ പീലാത്തൊസ് തന്റെ വസതിക്കുള്ളിലേക്കു പോകുന്നു. (മത്തായി 27:19) ‘എന്താണാവോ ഈ പുതിയ ആരോപണം? യേശു ദൈവപുത്രനാണെന്നോ?’ യേശു ഗലീലയിൽനിന്നാണെന്ന് പീലാത്തൊസിന് അറിയാം. (ലൂക്കോസ് 23:5-7) എങ്കിലും യേശുവിനോട്, “താൻ എവിടെനിന്നാണ് ” എന്നു ചോദിക്കുന്നു. (യോഹന്നാൻ 19:9) യേശു ഇതിനു മുമ്പു സ്വർഗത്തിൽ ജീവിച്ചിരുന്നോ എന്നും ദൈവത്തിന്റെ അടുത്തുനിന്ന് വന്നയാളാണോ എന്നും പീലാത്തൊസ് ചിന്തിച്ചുകാണുമോ?
യേശു ഒരു രാജാവാണെന്നും യേശുവിന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ലെന്നും യേശു പറയുന്നത് പീലാത്തൊസ് നേരിട്ട് കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതെക്കുറിച്ച് കൂടുതൽ വിശദീകരണത്തിനൊന്നും പോകാതെ യേശു മൗനം പാലിക്കുന്നു. യേശു നിശ്ശബ്ദനായി നിന്നത് പീലാത്തൊസിന്റെ അഭിമാനത്തിനു ക്ഷതം ഏൽപ്പിക്കുന്നു. ദേഷ്യത്തോടെ പീലാത്തൊസ് യേശുവിനോട് ചോദിച്ചു: “എന്താ, എന്നോട് ഒന്നും പറയില്ലെന്നാണോ? തന്നെ വിട്ടയയ്ക്കാനും വധിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിയില്ലേ?”—യോഹന്നാൻ 19:10.
യേശു ഇങ്ങനെ മാത്രം പറയുന്നു: “മുകളിൽനിന്ന് തന്നില്ലെങ്കിൽ അങ്ങയ്ക്ക് എന്റെ മേൽ ഒരു അധികാരവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ എന്നെ അങ്ങയുടെ കൈയിൽ ഏൽപ്പിച്ചുതന്ന മനുഷ്യന്റെ പാപം കൂടുതൽ ഗൗരവമുള്ളതാണ്.” (യോഹന്നാൻ 19:11) അതു പറഞ്ഞപ്പോൾ യേശു ഒരു വ്യക്തിയെ മാത്രമായിരിക്കില്ല ഉദ്ദേശിച്ചത്. പകരം ആ പാപത്തിൽ പങ്കുണ്ടായിരുന്ന കയ്യഫയെയും അയാളുടെ സഹചാരികളെയും യൂദാസ് ഈസ്കര്യോത്തയെയും ഒക്കെയായിരിക്കാം യേശു ഉദ്ദേശിച്ചത്.
യേശുവിന്റെ വാക്കുകളും പക്വതയോടെയുള്ള സമീപനവും പീലാത്തൊസിൽ വലിയ മതിപ്പുളവാക്കുന്നു. യേശു ദൈവത്തിന്റെ അടുക്കൽനിന്ന് വന്നയാളാണോ എന്ന ഭയവും പീലാത്തൊസിനുണ്ട്. അതുകൊണ്ട് വീണ്ടും യേശുവിനെ വെറുതെ വിടാൻ പീലാത്തൊസ് ശ്രമിക്കുന്നു. എന്നാൽ ഇപ്പോൾ പീലാത്തൊസ് ഒരുപക്ഷേ ഭയപ്പെട്ടിരുന്ന കാര്യംതന്നെ ജൂതന്മാർ അദ്ദേഹത്തോടു പറയുന്നു. അവർ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നു: “ഇവനെ വിട്ടയച്ചാൽ അങ്ങ് സീസറിന്റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഒരാൾ സീസറിനെ എതിർക്കുന്നു.”—യോഹന്നാൻ 19:12.
ഗവർണർ ഒരിക്കൽക്കൂടി യേശുവിനെ പുറത്തേക്കു കൊണ്ടുവന്നിട്ട്, ന്യായാസനത്തിലിരുന്നുകൊണ്ട് ഇങ്ങനെ പറയുന്നു: “ഇതാ, നിങ്ങളുടെ രാജാവ്.” ഇപ്പോഴും ജൂതന്മാരുടെ മനസ്സിന് ഒരു മാറ്റവും ഇല്ല. “അവന്റെ കഥ കഴിക്ക്! അവനെ കൊന്നുകളയണം! അവനെ സ്തംഭത്തിലേറ്റ്!” എന്ന് അവർ അലറിവിളിക്കുന്നു. എന്നാൽ പീലാത്തൊസ് ഇങ്ങനെ ചോദിക്കുന്നു: “നിങ്ങളുടെ രാജാവിനെ ഞാൻ വധിക്കണമെന്നോ?” റോമൻ ഭരണത്തിൻ കീഴിൽ ജൂതന്മാർ വളരെയധികം കഷ്ടത അനുഭവിച്ചിട്ടുണ്ടെങ്കിലും, “ഞങ്ങൾക്കു സീസറല്ലാതെ മറ്റൊരു രാജാവില്ല” എന്ന് മുഖ്യപുരോഹിതന്മാർ തറപ്പിച്ച് പറയുന്നു.—യോഹന്നാൻ 19:14, 15.
ഒടുവിൽ പീലാത്തൊസ് ജൂതന്മാരുടെ സമ്മർദത്തിനു വഴങ്ങി യേശുവിനെ വധിക്കുന്നതിനായി അവർക്ക് വിട്ടുകൊടുക്കുന്നു. അവർ യേശുവിന്റെ പർപ്പിൾ നിറത്തിലുള്ള മേലങ്കി അഴിച്ചുമാറ്റി യേശുവിനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിക്കുന്നു. കൊല്ലാൻ കൊണ്ടുപോകുമ്പോൾ തന്റെ ദണ്ഡനസ്തംഭം ചുമക്കുന്നത് യേശു തന്നെയാണ്.
നീസാൻ 14 വെള്ളിയാഴ്ച. സമയം ഇപ്പോൾ ഉച്ചയോടടുത്തു. വ്യാഴാഴ്ച അതിരാവിലെ എഴുന്നേറ്റ യേശു ഇതുവരെ ഉറങ്ങിയിട്ടില്ല. ഒന്നിനു പുറകേ ഒന്നായി കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോയ യേശുവിന് ഇപ്പോൾ ദണ്ഡനസ്തംഭത്തിന്റെ ഭാരം താങ്ങാൻ കഴിയുന്നില്ല. യേശുവിന്റെ ബലമെല്ലാം ചോർന്നുപോയി. പടയാളികൾ അതു കണ്ട് അതുവഴി കടന്നുപോയ ആഫ്രിക്കയിലെ കുറേനയിൽനിന്നുള്ള ശിമോനെ ദണ്ഡനസ്തംഭം ചുമക്കാൻ നിർബന്ധിക്കുന്നു. സംഭവിക്കുന്ന കാര്യങ്ങൾ കണ്ടുകൊണ്ട് പല ആളുകളും കരഞ്ഞും വിലപിച്ചും കൊണ്ട് യേശുവിന്റെ പിന്നാലെ പോകുന്നു.
വിലപിക്കുന്ന സ്ത്രീകളോട് യേശു ഇങ്ങനെ പറയുന്നു: “യരുശലേംപുത്രിമാരേ, എന്നെ ഓർത്ത് കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് കരയൂ. കാരണം, ‘പ്രസവിക്കുകയോ മുലയൂട്ടുകയോ ചെയ്യാത്ത വന്ധ്യമാരായ സ്ത്രീകൾ സന്തുഷ്ടർ’ എന്ന് ആളുകൾ പറയുന്ന കാലം ഇതാ വരുന്നു. അന്ന് അവർ മലകളോട്, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും കുന്നുകളോട്, ‘ഞങ്ങളെ മൂടൂ!’ എന്നും പറയും. മരം പച്ചയായിരിക്കുമ്പോൾ സ്ഥിതി ഇതാണെങ്കിൽ അത് ഉണങ്ങിക്കഴിയുമ്പോൾ എന്തായിരിക്കും അവസ്ഥ?”—ലൂക്കോസ് 23:28-31.
യേശു അതു പറഞ്ഞപ്പോൾ ഉദ്ദേശിച്ചത് ജൂതജനതയെയാണ്. അവർ ഉണങ്ങിക്കൊണ്ടിരിക്കുന്ന ഒരു മരംപോലെയാണ്. എന്നാൽ ആ ജനതയിൽ ഇപ്പോഴും അൽപ്പം പച്ചപ്പ് അവശേഷിക്കുന്നുണ്ട്. കാരണം യേശുവും യേശുവിൽ വിശ്വസിക്കുന്ന കുറച്ച് ജൂതന്മാരും അവിടെയുണ്ട്. എന്നാൽ യേശു മരിക്കുകയും ശിഷ്യന്മാർ ജൂതമതം ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ ആ ജനത ആത്മീയമായി കരിഞ്ഞുണങ്ങും. ഒരു ഉണങ്ങിയ മരംപോലെയായിത്തീരും അവർ, ആത്മീയത ഒട്ടുമില്ലാത്ത വെറും ഒരു ജനത! റോമൻ സൈന്യം ദൈവത്തിന്റെ വധനിർവാഹകരായി ഈ ജനത്തെ ആക്രമിക്കുമ്പോൾ അവിടെ വലിയ നിലവിളികൾ ഉയരും.