ദൈവഭക്തിയുള്ള ദാതാക്കൾക്ക് നിത്യസന്തുഷ്ടി ലഭിക്കാനിരിക്കുന്നു
“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”—യോഹന്നാൻ 3:16.
1, 2. (എ) ഏററവും വലിയ ദാതാവ് ആരാണ്, മനുഷ്യവർഗ്ഗത്തിനുള്ള അവന്റെ ഏററവും വലിയ ദാനമെന്താണ്? (ബി) തന്റെ ഏററവും വലിയ ദാനം നൽകുകയിൽ ദൈവം ഏതു ഗുണം പ്രകടമാക്കി?
എല്ലാവരിലും വെച്ച് ഏററവും വലിയ ദാതാവ് യഹോവയാം ദൈവമാണ്. “ഏതു നല്ല ദാനവും തികഞ്ഞ ഏതു സമ്മാനവും ഉയരത്തിൽനിന്നാണ്, എന്തെന്നാൽ അത് സ്വർഗ്ഗീയ വെളിച്ചങ്ങളുടെ പിതാവിൽനിന്ന് ഇറങ്ങിവരുന്നു, അവങ്കൽ നിഴൽമാററത്തിന്റെ ഒരു വ്യതിയാനം ഇല്ല” എന്ന് ക്രിസ്തീയ ശിഷ്യനായ യാക്കോബ് എഴുതിയത് ആകാശഭൂമികളുടെ സ്രഷ്ടാവായ അവനെക്കുറിച്ചായിരുന്നു. (യാക്കോബ് 1:17, NW.) നൽകപ്പെടാവുന്നതിലേക്കും ഏററവും വലിയ ദാനത്തിന്റെ ദാതാവും അവനാണ്. മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള അവന്റെ ഏററവും വലിയ ദാനത്തെക്കുറിച്ച് “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്നു പറയപ്പെട്ടു.—യോഹന്നാൻ 3:16.
2 ആ വാക്കുകൾ പറഞ്ഞവൻ ദൈവത്തിന്റെ ആ ഏകജാത പുത്രൻതന്നെയല്ലാതെ മററാരുമായിരുന്നില്ല. ഒരു പിതാവിന്റെ ഏകജാതനായ പുത്രൻ ജീവന്റെയും തന്റെ ജീവിതാസ്വാദനത്തിന് കരുതപ്പെട്ടിട്ടുള്ള സകല നല്ല കാര്യങ്ങളുടെയും ഉറവെന്ന നിലയിൽ സ്വാഭാവികമായി അങ്ങനെയുള്ള ഒരു പിതാവിനെ വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യും. എന്നാൽ ദൈവത്തിന്റെ സ്നേഹം ഈ ഏക പുത്രനിൽ മാത്രം ഒതുക്കിനിർത്തപ്പെട്ടില്ല. തന്റെ സൃഷ്ടികളിൽ മററുള്ളവർക്ക് അങ്ങനെയുള്ള ഒരു ദാനം നീട്ടിക്കൊടുക്കുന്നത് ഒരു അസാധാരണ തോതിലുള്ള ദൈവത്തിന്റെ സ്നേഹപ്രകടനത്തെ വെളിപ്പെടുത്തുമായിരുന്നു. (റോമർ 5:8-10വരെ താരതമ്യപ്പെടുത്തുക.) ഈ സന്ദർഭത്തിൽ “നൽകി” എന്ന പദത്തിന്റെ അർത്ഥമെന്താണെന്ന് നാം പരിശോധിക്കുമ്പോൾ ഇത് പൂർവാധികം സ്പഷ്ടമാണ്.
ദൈവം നൽകിയ “തന്റെ സ്നേഹപുത്രന്റെ” ദാനം
3. “തന്റെ സ്നേഹപുത്രനു” പുറമേ, വേറെ ആരും സ്വർഗ്ഗീയ പിതാവിന്റെ സ്നേഹം അനുഭവിച്ചു?
3 ദൈർഘ്യം പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ ദൈവം സ്വർഗ്ഗീയ മണ്ഡലത്തിൽ ഈ ഏകജാതപുത്രനുമായി—“തന്റെ സ്നേഹപുത്രനു”മായി—വ്യക്തിപരമായ സഹവാസം ആസ്വദിച്ചിരുന്നു. (കൊലോസ്യർ 1:13) ആ കാലത്തെല്ലാം പിതാവും പുത്രനും അന്യോന്യമുള്ള സ്നേഹത്തിലും പ്രിയത്തിലും വളരെയധികം വളർന്നതുകൊണ്ട് അവരുടേതുപോലെയുള്ള വേറൊരു പരസ്പരസ്നേഹം ഇല്ലായിരുന്നു. തന്റെ ഏകജാതനായ പുത്രൻ മുഖാന്തരം ദൈവം അസ്തിത്വത്തിലേക്കു വരുത്തിയിരുന്ന മററു സൃഷ്ടികൾ യഹോവയുടെ ദിവ്യകുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ സ്നേഹിക്കപ്പെട്ടു. അങ്ങനെ ദൈവത്തിന്റെ മുഴു കുടുംബത്തിൻമേലും സ്നേഹം വാണു. “ദൈവം സ്നേഹം ആകുന്നു” എന്ന് വിശുദ്ധ ലിഖിതങ്ങളിൽ ശരിയായിത്തന്നെ പ്രസ്താവിച്ചിരിക്കുന്നു. (1 യോഹന്നാൻ 4:8) അതുകൊണ്ട് ദിവ്യ കുടുംബം പിതാവായ യഹോവയാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നവർ ചേർന്നുളവാകുന്നതായിരിക്കുമായിരുന്നു.
4. ദൈവം തന്റെ പുത്രനെ നൽകിയതിൽ തന്റെ വ്യക്തിപരമായ സഹവാസത്തിന്റെ നഷ്ടത്തിലധികം ഉൾപ്പെട്ടിരുന്നതെങ്ങനെ, നൽകിയത് ആർക്കുവേണ്ടിയായിരുന്നു?
4 യഹോവയും അവന്റെ ആദ്യജാത പുത്രനും തമ്മിലുള്ള ബന്ധങ്ങൾ വളരെ അടുത്തതായിരുന്നതുകൊണ്ട് അങ്ങനെയുള്ള ഉററ സഹവാസം അന്യോന്യം ഇല്ലാതെപോകുന്നത് അതിൽത്തന്നെ വലിയ നഷ്ടമായിരിക്കുമായിരുന്നു. (കൊലോസ്യർ 1:15) എന്നാൽ ഈ ഏകജാത പുത്രനെ ‘നൽകി’യത് “തന്റെ സ്നേഹപുത്രനു”മായുള്ള വ്യക്തിപരമായ സഹവാസം ഇല്ലാതെ പോകുന്നതിനെക്കാൾ കൂടുതൽ അർത്ഥമാക്കി. അത് യഹോവ തന്റെ പുത്രനെ മരണത്തിനു വിധേയനാകാനും അങ്ങനെ ദൈവത്തിന്റെ സാർവത്രിക കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ ആസ്തിക്യത്തിൽനിന്ന് നീക്കംചെയ്യപ്പെടാനും അനുവദിക്കുന്ന അളവോളം പോലും പോയി. അത് ഒരിക്കലും ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളല്ലാഞ്ഞവർക്കുവേണ്ടിയുള്ള ഒരു മരണമായിരുന്നു. ഞെരുക്കമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി തന്റെ ഏകജാതനായ പുത്രനെക്കാൾ വലിയ ഒരു ദാനം യഹോവക്ക് നൽകാൻ കഴിയുമായിരുന്നില്ല, അവനെ തിരുവെഴുത്തുകൾ “ദൈവത്താലുള്ള സൃഷ്ടിയുടെ ആരംഭം” എന്നുംകൂടെ തിരിച്ചറിയിക്കുന്നു.—വെളിപ്പാട് 3:14.
5. (എ) ആദാമിന്റെ സന്താനങ്ങളുടെ ദുരവസ്ഥ എന്തായിരുന്നു, ദൈവത്തിന്റെ നീതി അവന്റെ വിശ്വസ്ത പുത്രൻമാരിലൊരാളുടെ ഭാഗത്തുനിന്ന് എന്താവശ്യപ്പെട്ടു? (ബി) ദൈവത്തിന്റെ ഏററവും വലിയ ദാനം അവന്റെ സ്വന്തം ഭാഗത്തുനിന്ന് എന്താവശ്യപ്പെട്ടു?
5 ആദ്യ മനുഷ്യജോടിയായ ആദാമും ഹവ്വായും ദൈവകുടുംബത്തിലെ അംഗങ്ങളെന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. ദൈവത്തിനെതിരെ പാപംചെയ്യുക നിമിത്തം ആ അവസ്ഥയിലാണ് അവർ എത്തിയത്. അവർ മേലാൽ ദൈവകുടുംബത്തിലെ അംഗങ്ങളല്ലായിരുന്നുവെന്നു മാത്രമല്ല, അവർ മരണവിധിയിൻകീഴിലുമായിരുന്നു. അതുകൊണ്ട്, അവരുടെ സന്താനങ്ങളെ തന്റെ കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ ദൈവപ്രീതിയിലേക്ക് പുനഃസ്ഥാപിക്കുന്ന പ്രശ്നം മാത്രമല്ലുണ്ടായിരുന്നത്, പിന്നെയോ ദിവ്യമരണവിധിയിൽനിന്ന് വിടുവിക്കുന്നതിന്റെ പ്രശ്നവുമുണ്ടായിരുന്നു. ദിവ്യനീതിയുടെ പ്രവർത്തനമനുസരിച്ച്, ഇത് യഹോവയാം ദൈവത്തിന്റെ വിശ്വസ്ത പുത്രൻമാരിൽ ഒരാൾ പകരമോ ഒരു മറുവിലയോ ആയി മരണമനുഭവിക്കേണ്ടതാവശ്യമാക്കിത്തീർക്കുമായിരുന്നു. അതുകൊണ്ട് വലിയ ചോദ്യം തെരഞ്ഞെടുക്കപ്പെടുന്ന ആൾ മനുഷ്യപാപികൾക്കുവേണ്ടി ഒരു പകരമരണം അനുഭവിക്കാൻ സന്നദ്ധനായിരിക്കുമോ എന്നതായിരുന്നു. തന്നെയുമല്ല, ഇത് കൈവരുത്തുന്നതിന് സർവശക്തനായ ദൈവത്തിന്റെ ഭാഗത്ത് ഒരു അത്ഭുതം ആവശ്യമാക്കിത്തീർക്കുമായിരുന്നു. അത് മുമ്പുണ്ടായിട്ടില്ലാത്ത അളവിലുള്ള ഒരു ദിവ്യ സ്നേഹപ്രകടനവുമാവശ്യമാക്കിത്തീർക്കുമായിരുന്നു.—റോമർ 8:32.
6. ദൈവപുത്രന് പാപികളായ മനുഷ്യവർഗ്ഗം ഉൾപ്പെട്ട സാഹചര്യത്തിന്റെ ആവശ്യങ്ങൾക്ക് യോഗ്യനായിത്തീരാൻ കഴിഞ്ഞതെങ്ങനെ, ഈ കാര്യം സംബന്ധിച്ച് അവൻ എന്തു പറഞ്ഞു?
6 പാപികളായ മനുഷ്യവർഗ്ഗം ഉൾപ്പെടുന്ന സാഹചര്യത്തിന്റെ പ്രത്യേക ആവശ്യങ്ങൾക്ക് യഹോവയുടെ ആദ്യജാത പുത്രനു മാത്രമേ യോഗ്യനായിത്തീരാൻ കഴിയുമായിരുന്നുള്ളു. ദൈവപുത്രൻമാരുടെ ഇടയിൽ അവൻ നിസ്തുലനായിരിക്കത്തക്കവണ്ണം ദിവ്യോൽപ്പാദിത കുടുംബത്തിലെ അംഗങ്ങളോട് പ്രിയം കാണിക്കുന്നതിൽ അവൻ അത്രയധികമായി തന്റെ സ്വർഗ്ഗീയ പിതാവിന്റെ ഒരു പ്രതിച്ഛായയാണ്. ബുദ്ധിശക്തിയുള്ള മറെറല്ലാ ജീവികളും അവൻ മുഖാന്തരം ആസ്തിക്യത്തിലേക്കു വരുത്തപ്പെട്ടതിനാൽ അവരോടുള്ള അവന്റെ പ്രിയം തീർച്ചയായും സമൃദ്ധമായിരിക്കും. മാത്രവുമല്ല, യഹോവയുടെ ഏകജാത പുത്രനായ യേശുക്രിസ്തുവിന്റെ ഒരു പ്രമുഖ ഗുണമാണ് സ്നേഹം, എന്തുകൊണ്ടെന്നാൽ “അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിൻ മുദ്രയും” ആകുന്നു. (എബ്രായർ 1:3) തന്റെ ജീവനെ പാപികളായ മനുഷ്യവർഗ്ഗത്തിനുവേണ്ടി കൊടുത്തുകൊണ്ട് ഏററവും കൂടിയ അളവിൽ ഈ സ്നേഹം കാണിക്കുന്നതിനുള്ള തന്റെ സന്നദ്ധത പ്രകടമാക്കിക്കൊണ്ട് യേശു തന്റെ 12 അപ്പോസ്തലൻമാരോട് ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നത്.”—മർക്കോസ് 10:45; യോഹന്നാൻ 15:13 കൂടെ കാണുക.
7, 8. (എ) യേശുക്രിസ്തുവിനെ മനുഷ്യവർഗ്ഗലോകത്തിലേക്ക് അയച്ചതിൽ യഹോവയുടെ ആന്തരം എന്തായിരുന്നു? (ബി) ദൈവം തന്റെ ഏകജാതനായ പുത്രനെ ഏതു തരം ദൗത്യം നിറവേററാൻ അയച്ചു?
7 ഈ ദരിദ്രമായിപ്പോയ മനുഷ്യവർഗ്ഗലോകത്തിലേക്ക് യേശുവിനെ അയച്ചതിന് യഹോവയാം ദൈവത്തിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. ഇതിനുള്ള പ്രേരകം ദിവ്യസ്നേഹമായിരുന്നു, എന്തെന്നാൽ യേശുതന്നെ ഇങ്ങനെ പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.”—യോഹന്നാൻ 3:16, 17.
8 യഹോവ സ്നേഹപൂർവം തന്റെ ഏകജാതപുത്രനെ അയച്ചത് രക്ഷയുടെ ഒരു ദൗത്യം വഹിക്കാനായിരുന്നു. ദൈവം തന്റെ പുത്രനെ ഇങ്ങോട്ടയച്ചത് ലോകത്തെ വിധിക്കാനല്ലായിരുന്നു. അങ്ങനെയുള്ള ഒരു നീതിന്യായപരമായ ദൗത്യം വഹിക്കാൻ ദൈവപുത്രൻ അയക്കപ്പെട്ടിരുന്നുവെങ്കിൽ, സകല മനുഷ്യവർഗ്ഗത്തിന്റെയും ഭാവി പ്രതീക്ഷ നിരാശാജനകമായിരിക്കുമായിരുന്നു. യേശുക്രിസ്തു മനുഷ്യകുടുംബത്തിൻമേൽ ഉച്ചരിക്കുന്ന പ്രതികൂല ന്യായവിധി മരണശിക്ഷാവിധി ആയിരിക്കുമായിരുന്നു. (റോമർ 5:12) അങ്ങനെ, ഈ ദിവ്യസ്നേഹത്തിന്റെ അനന്യസാധാരണമായ പ്രകടനത്താൽ ദൈവം കേവലമായ നീതി ആവശ്യപ്പെട്ട മരണവിധിയെ സമതുലിതമാക്കി.
9. യഹോവയുടെ കൊടുക്കലിനെ സംബന്ധിച്ച് സങ്കീർത്തനക്കാരനായ ദാവീദ് എങ്ങനെ വിചാരിച്ചു?
9 എല്ലാ കാര്യങ്ങളിലും യഹോവയാം ദൈവം തന്റെ വ്യക്തിത്വത്തിന്റെ മികച്ച സവിശേഷതയെന്ന നിലയിൽ സ്നേഹം കാണിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കളെ സംബന്ധിച്ചടത്തോളം, അവ ഭൂമിയിലെ തന്റെ വിശ്വസ്താരാധകർക്ക് ദൈവം സ്നേഹപൂർവം വേണ്ടതിലധികം കൊടുക്കുന്നുവെന്ന് ശരിയായിത്തന്നെ പറയാവുന്നതാണ്. ദാവീദ് ദൈവത്തോട് പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ ഈ കാര്യം സംബന്ധിച്ച് അവന് തോന്നിയത് അങ്ങനെയാണ്: “നിന്റെ ഭക്തൻമാർക്കുവേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി മനുഷ്യപുത്രൻമാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നൻമ എത്ര വലിയതാകുന്നു.” (സങ്കീർത്തനം 31:19) ഇസ്രായേലിൻമേലുള്ള ദാവീദിന്റെ രാജത്വത്തിൻകാലത്ത്—അതെ, ദൈവത്താൽ പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട ആ ജനതയിലെ ഒരു അംഗമെന്ന നിലയിൽ തന്റെ ജീവിതത്തിലുടനീളം—അവന് മിക്കപ്പോഴും യഹോവയുടെ നൻമ അനുഭവപ്പെട്ടു. അത് സമൃദ്ധമാണെന്ന് ദാവീദ് കണ്ടെത്തി.
ഇസ്രായേലിനു നേരിട്ട ദൈവത്തിൽനിന്നുള്ള ഒരു വലിയ ദാനത്തിന്റെ നഷ്ടം
10. പുരാതന ഇസ്രായേൽ ഭൂമിയിലെ മറേറതൊരു ജനതയെക്കാളും വ്യത്യസ്തമായിരുന്നതെങ്ങനെ?
10 പുരാതന ഇസ്രായേലിന് അതിന്റെ ദൈവമായി യഹോവ ഉണ്ടായിരുന്നതിൽ അത് ഭൂമിയിലെ മറേറതൊരു ജനതയിൽനിന്നും വ്യത്യസ്തമായിരുന്നു. ഒരു മദ്ധ്യസ്ഥനെന്ന നിലയിൽ പ്രവാചകനായ മോശ മുഖാന്തരം യഹോവ അബ്രാഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികളെ തന്നോടുതന്നെയുള്ള ഒരു ഉടമ്പടിബന്ധത്തിലേക്ക് വരുത്തി. ഈ മാതൃകയിൽ അവൻ മറെറാരു ജനതയുമായും ഇടപെട്ടിരുന്നില്ല. അതുകൊണ്ട്, നിശ്വസ്ത സങ്കീർത്തനക്കാരന് ഇങ്ങനെ ഉദ്ഘോഷിക്കാൻ കഴിഞ്ഞു: “അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ.”—സങ്കീർത്തനം 147:19, 20.
11. ഇസ്രായേൽ എന്നുവരെ ദൈവത്തിങ്കലുള്ള അതിന്റെ അനുകൂല നില ആസ്വദിച്ചു, അവരുടെ ബന്ധത്തിലെ മാററത്തെ യേശു പ്രകടമാക്കിയതെങ്ങനെ?
11 സ്വാഭാവിക ഇസ്രായേൽ ജനത നമ്മുടെ പൊതുയുഗത്തിന്റെ 33-ാം ആണ്ടിൽ മശിഹായെന്ന നിലയിൽ യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞതുവരെ അത് ദൈവവുമായുള്ള ഈ അനുഗൃഹീത ബന്ധത്തിൽ തുടർന്നു. യേശു ദുഃഖപൂർണ്ണമായ ഈ ഉദ്ഘോഷം നടത്തിയ ദിവസം ഇസ്രായേലിനെ സംബന്ധിച്ചടത്തോളം സങ്കടകരമായ ഒരു ദിവസമായിരുന്നു: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകൻമാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ, നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും.” (മത്തായി 23:37, 38) മുമ്പ് യഹോവയുടെ പ്രീതി ഉണ്ടായിരുന്നിട്ടും ഇസ്രായേൽ ജനതക്ക് ദൈവത്തിൽനിന്നുള്ള പ്രത്യേക ദാനം നഷ്ടപ്പെട്ടുവെന്ന് യേശുവിന്റെ വാക്കുകൾ സൂചിപ്പിച്ചു. എങ്ങനെ?
12. ‘യെരൂശലേമിന്റെ മക്കൾ’ ആരായിരുന്നു, യേശു അവരെ കൂട്ടിച്ചേർക്കുന്നത് എന്തിനെ അർത്ഥമാക്കുമായിരുന്നു?
12 “മക്കൾ” എന്ന പദം ഉപയോഗിച്ചതിനാൽ യേശു യെരൂശലേമിൽ പാർത്തവരും മുഴു യഹൂദജനതയെയും പ്രതിനിധാനം ചെയ്തവരുമായ പരിച്ഛേദനയേററ സ്വാഭാവിക യഹൂദൻമാരെ മാത്രമേ പരാമർശിച്ചുള്ളു. ‘യെരൂശലേമിന്റെ മക്കളെ’ യേശു കൂട്ടിച്ചേർക്കുന്നത് ആ “മക്കളെ” ദൈവവുമായുള്ള ഒരു പുതിയ ഉടമ്പടിയിലേക്ക് അവൻ വരുത്തുന്നതിനെ അർത്ഥമാക്കുമായിരുന്നു, യഹോവയുടെയും ഈ സ്വാഭാവിക യഹൂദൻമാരുടെയും മദ്ധ്യസ്ഥനായി സേവിക്കുന്നത് അവൻതന്നെയായിരിക്കും. (യിരെമ്യാവ് 31:31-34) ഇത് പാപങ്ങളുടെ മോചനത്തിൽ കലാശിക്കുമായിരുന്നു, എന്തെന്നാൽ ദൈവത്തിന്റെ സ്നേഹത്തിന്റെ വ്യാപ്തി അത്രത്തോളമായിരുന്നു. (മലാഖി 1:2 താരതമ്യപ്പെടുത്തുക.) ഇത് സത്യമായി ഒരു വലിയ ദാനമായിരിക്കുമായിരുന്നു.
13. ദൈവപുത്രനെ ഇസ്രായേൽ നിരസിച്ചത് ഏതു നഷ്ടത്തിൽ കലാശിച്ചു, എന്നാൽ യഹോവയുടെ സന്തോഷത്തിന് കുറവില്ലാഞ്ഞതെന്തുകൊണ്ട്?
13 തന്റെ പ്രാവചനികവചനത്തിനു ചേർച്ചയായി, പുതിയ ഉടമ്പടിയിൽ പങ്കാളികളായിത്തീരുന്ന ദാനം യഹൂദരേതർക്ക് നീട്ടിക്കൊടുക്കുന്നതിന് യഹോവ ന്യായമായിരിക്കുന്നടത്തോളം കാലം കാത്തിരുന്നു. എന്നാൽ ദൈവത്തിന്റെ സ്വന്തം പുത്രനായ മശിഹായെ തള്ളിക്കളഞ്ഞതിനാൽ സ്വാഭാവിക ഇസ്രായേൽ ജനതക്ക് ഈ വലിയ ദാനം നഷ്ടപ്പെട്ടു. അതുകൊണ്ട് യഹോവ യഹൂദജനതയല്ലാത്ത ജനത്തിന് ഈ ദാനം നീട്ടിക്കൊടുത്തുകൊണ്ട് തന്റെ പുത്രന്റെ ഈ നിരസനത്തെ സമതുലിതമാക്കി. ആ വിധത്തിൽ വലിയ ദാതാവെന്ന നിലയിലുള്ള യഹോവയുടെ സന്തോഷം കുറയാതെ തുടർന്നു.
കൊടുക്കലിന്റെ സന്തുഷ്ടി
14. സർവ അഖിലാണ്ഡത്തിലും വെച്ച് ഏററവും സന്തുഷ്ടനായ സൃഷ്ടി യേശുക്രിസ്തു ആയിരിക്കുന്നതെന്തുകൊണ്ട്?
14 യഹോവ “സന്തുഷ്ടനായ ദൈവം” ആകുന്നു. (1 തിമൊഥെയോസ് 1:11) മററുള്ളവർക്കുള്ള കൊടുക്കലാണ് അവനെ സന്തുഷ്ടനാക്കുന്ന ഒരു സംഗതി. ക്രി.വ. ഒന്നാം നൂററാണ്ടിൽ “സ്വീകരിക്കുന്നതിലുള്ളതിനെക്കാൾ കൂടുതൽ സന്തോഷം കൊടുക്കുന്നതിലുണ്ട്” എന്ന് അവന്റെ ഏകജാതനായ പുത്രൻ പറയുകയുണ്ടായി. (പ്രവൃത്തികൾ 20:35) ഈ തത്വത്തിനു ചേർച്ചയായി യേശു മുഴു അഖിലാണ്ഡത്തിന്റെയും സ്രഷ്ടാവിന്റെ അതിസന്തുഷ്ട സൃഷ്ടിയായിത്തീർന്നിരിക്കുന്നു. എങ്ങനെ? ശരി, യഹോവയാം ദൈവംതന്നെ കഴിഞ്ഞാൽ യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ പ്രയോജനത്തിനുവേണ്ടി തന്റെ ജീവൻ വെച്ചുകൊടുത്തുകൊണ്ട് എല്ലാററിലുംവച്ച് ഏററവും വലിയ ദാനം നൽകിയിരിക്കുന്നു. യഥാർത്ഥത്തിൽ, അവൻ ‘സന്തുഷ്ടനായ ഏകാധിപതി’യാണ്. (1 തിമൊഥെയോസ് 6:15) യേശു അങ്ങനെ കൊടുക്കുന്നതിലുള്ള കൂടിയ സന്തോഷത്തെക്കുറിച്ച് താൻ പറഞ്ഞതിനെ ഉദാഹരിക്കുന്നു.
15. യഹോവ ഒരിക്കലും എന്തിന്റെ മാതൃകയല്ലാതായിത്തീരുകയില്ല, ബുദ്ധിശക്തിയുള്ള അവന്റെ സൃഷ്ടികൾക്ക് എങ്ങനെ അവന്റെ സന്തുഷ്ടിയുടെ ഒരു അളവ് ആസ്വദിക്കാൻ കഴിയും?
15 യേശുക്രിസ്തു മുഖാന്തരം യഹോവയാം ദൈവം ബുദ്ധിശക്തിയുള്ള തന്റെ സകല സൃഷ്ടികൾക്കുമുള്ള ഉദാരമതിയായ ദാതാവെന്ന നിലയിൽ ഒരിക്കലും പരാജയപ്പെടുകയില്ല, എല്ലായ്പ്പോഴും അവരുടെ കൊടുക്കലിന്റെ ഏററവും നല്ല മാതൃകയായിരിക്കുയും ചെയ്യും. ദൈവം മററുള്ളവർക്ക് നല്ല ദാനങ്ങൾ കൊടുക്കുന്നതിൽ ഉല്ലാസം കണ്ടെത്തുന്നതുപോലെ, അവൻ ഭൂമിയിലെ തന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികളുടെ ഹൃദയങ്ങളിൽ ഔദാര്യത്തിന്റെ ആത്മാവ് വെച്ചിട്ടുമുണ്ട്. ആ വിധത്തിൽ അവർ തന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുകയും അനുകരിക്കുകയും അവന്റെ സന്തുഷ്ടിയുടെ ഒരു അളവ് ആസ്വദിക്കുകയും ചെയ്യുന്നു. (ഉല്പത്തി 1:26; എഫേസ്യർ 5:1) യേശു ഉചിതമായി തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.”—ലൂക്കോസ് 6:38.
16. യേശു ലൂക്കോസ് 6:38-ൽ ഏതു കൊടുക്കലിനെ പരാമർശിച്ചു?
16 കൊടുക്കലിന്റെ ഗതിയെ ഒരു ശീലമാക്കുന്നതിൽ അതിവിശിഷ്ട ദൃഷ്ടാന്തമാണ് യേശു തന്റെ ശിഷ്യൻമാർക്കുവേണ്ടി വെച്ചത്. അങ്ങനെയുള്ള കൊടുക്കലിനോട് സ്വീകരിക്കുന്നവരുടെ ഭാഗത്ത് നല്ല പ്രതികരണമുണ്ടായിരിക്കുമെന്ന് അവൻ പറഞ്ഞു. ലൂക്കോസ് 6:38-ൽ യേശു മുഴുവനായും ഭൗതികദാനങ്ങൾ കൊടുക്കുന്നതിനെ പരാമർശിക്കുകയല്ലായിരുന്നു. അവൻ തന്റെ ശിഷ്യൻമാരോട് അവരെ ഭൗതികമായി ദരിദ്രരാക്കുന്ന ഒരു ഗതി പിന്തുടരാൻ പറയുകയല്ലായിരുന്നു. പകരം, അവർക്ക് ആത്മീയചാരിതാർത്ഥ്യത്തിന്റെ ഒരു ബോധം കൊടുക്കുന്ന ഒരു ഗതിയിലേക്ക് അവൻ അവരെ നയിക്കുകയായിരുന്നു.
നിത്യസന്തുഷ്ടിക്ക് ഉറപ്പുലഭിക്കുന്നു
17. ഈ അന്ത്യനാളുകളിൽ യഹോവ തന്റെ സാക്ഷികൾക്ക് ഏത് അത്ഭുതകരമായ ദാനം നൽകിയിരിക്കുന്നു?
17 ഈ അന്ത്യനാളുകളിൽ സകല സൃഷ്ടിയുടെയും തലവനായ യഹോവയാം ദൈവം എന്തൊരു അത്ഭുതകരമായ ദാനമാണ് അവന്റെ സാക്ഷികൾക്ക് നൽകിയിരിക്കുന്നത്! അവൻ നമുക്ക് രാജ്യത്തിന്റെ സുവാർത്ത നൽകിയിരിക്കുന്നു. അവന്റെ വാഴുന്ന പുത്രനായ യേശുക്രിസ്തുവിന്റെ കൈകളിലെ സ്ഥാപിതദൈവരാജ്യത്തിന്റെ പ്രഘോഷകരായിരിക്കുന്ന വലിയ പദവി നമുക്കുണ്ട്. (മത്തായി 24:14; മർക്കോസ് 13:10) അത്യുന്നത ദൈവത്തിന്റെ വാചാലരായ സാക്ഷികളാക്കപ്പെട്ടിരിക്കുന്നത് അതുല്യമായ ഒരു വരമാണ്, ദൈവത്തെ അനുകരിച്ചുകൊണ്ട് നമുക്ക് കൊടുക്കൽ ശീലിക്കാൻ കഴിയുന്ന ഏററവും നല്ല മാർഗ്ഗം ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്തം വരുന്നതിനുമുമ്പ് മററുള്ളവർക്ക് രാജ്യസന്ദേശം പങ്കുവെക്കുകയാണ്.
18. യഹോവയുടെ സാക്ഷികളെന്ന നിലയിൽ, നാം മററുള്ളവർക്ക് എന്ത് കൊടുക്കണം?
18 അപ്പോസ്തലനായ പൗലോസ് മററുള്ളവരോട് രാജ്യസന്ദേശം ഘോഷിച്ചപ്പോൾ അവൻ അഭിമുഖീകരിക്കേണ്ടിവന്ന പ്രയാസങ്ങളെ അവൻ പരാമർശിച്ചു. (2 കൊരിന്ത്യർ 11:23-27) മററുള്ളവർക്ക് രാജ്യപ്രത്യാശ കൊടുക്കുന്നതിനുള്ള ശ്രമത്തിൽ ആധുനികനാളിലെ യഹോവയുടെ സാക്ഷികളും പ്രയാസങ്ങളനുഭവിക്കുകയും വ്യക്തിപരമായ ഇഷ്ടങ്ങളെ മാററിവെക്കുകയും ചെയ്യേണ്ടിവരുന്നു. വിശേഷിച്ച് നാം ലജ്ജയുള്ളവരാണെങ്കിൽ, ആളുകളുടെ വീട്ടുവാതിൽക്കലേക്കു പോകാൻ നമുക്ക് ചായ്വില്ലായിരിക്കാം. എന്നാൽ ക്രിസ്തുവിന്റെ അനുഗാമികളെന്ന നിലയിൽ “രാജ്യത്തിന്റെ ഈ സുവാർത്ത” പ്രസംഗിച്ചുകൊണ്ട് മററുള്ളവർക്ക് ആത്മീയകാര്യങ്ങൾ കൊടുക്കുന്നതിനുള്ള പദവിയെ നമുക്ക് ഒഴിവാക്കാനോ ഒഴിഞ്ഞുമാറാനോ കഴിയില്ല. (മത്തായി 24:14) യേശുവിനുണ്ടായിരുന്ന അതേ മനോഭാവം നമുക്കാവശ്യമാണ്. മരണത്തെ അഭിമുഖീകരിച്ചപ്പോൾ അവൻ: “പിതാവേ, . . . ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.” (മത്തായി 26:39) മററുള്ളവർക്ക് രാജ്യസുവാർത്ത കൊടുക്കുന്നതിന്റെ സംഗതിയിൽ യഹോവയുടെ ദാസൻമാർ തങ്ങളുടെ സ്വന്ത ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം ചെയ്യണം—തങ്ങൾ ആഗ്രഹിക്കുന്നതല്ല, അവൻ ആഗ്രഹിക്കുന്നത്.
19. “നിത്യവസതികൾ” ഉള്ളതാർക്കാണ്, അവരെ നമുക്ക് എങ്ങനെ സ്നേഹിതരാക്കാൻ കഴിയും?
19 അങ്ങനെയുള്ള കൊടുക്കലിൽ നമ്മുടെ സമയവും വിഭവങ്ങളും ഉൾപ്പെടും, എന്നാൽ ദൈവഭക്തിയുള്ള ദാതാക്കളായിരിക്കുന്നതിനാൽ നമ്മുടെ സന്തുഷ്ടി നിത്യമായിരിക്കുമെന്ന് നാം ഉറപ്പുവരുത്തുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “അനീതിയുള്ള ധനത്തെക്കൊണ്ട് [“ലൗകികധനം”, ന്യൂ ഇൻറർനാഷനൽ വേർഷൻ] നിങ്ങൾക്ക് സ്നേഹിതരെ ഉളവാക്കുക, അത് തീർന്നുപോകുമ്പോൾ അവർ നിങ്ങളെ നിത്യവസതികളിലേക്ക് സ്വീകരിക്കേണ്ടതിനുതന്നെ.” (ലൂക്കോസ് 16:9, NW) “നിത്യവസതികൾ” ഉള്ളവരെ സ്നേഹിതരാക്കാൻ “അനീതിയുള്ള ധനം” ഉപയോഗിക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. സ്രഷ്ടാവെന്ന നിലയിൽ സകലവും യഹോവയുടേതാണ്, അവന്റെ ആദ്യജാത പുത്രൻ സകലത്തിന്റെയും അവകാശിയെന്ന നിലയിൽ ആ ഉടമസ്ഥതയിൽ പങ്കുപററുന്നു. (സങ്കീർത്തനം 50:10-12; എബ്രായർ 1:1, 2) അവരെ സ്നേഹിതരാക്കുന്നതിന് അവരുടെ അംഗീകാരം കൈവരുത്തുന്ന ഒരു വിധത്തിൽ നാം ധനത്തെ ഉപയോഗിക്കണം. ഇതിൽ മററുള്ളവരുടെ പ്രയോജനത്തിനുവേണ്ടി ഭൗതികവസ്തുക്കൾ ഉപയോഗിക്കുന്നതിൽ നല്ല മനോഭാവമുണ്ടായിരിക്കുന്നത് ഉൾപ്പെടുന്നു. (മത്തായി 6:3, 4; 2 കൊരിന്ത്യർ 9:7 താരതമ്യപ്പെടുത്തുക) യഹോവയാം ദൈവവും യേശുക്രിസ്തുവുമായുള്ള നമ്മുടെ സൗഹൃദത്തെ ബലിഷ്ഠമാക്കുന്നതിന് ഉചിതമായ ഒരു വിധത്തിൽ നമുക്ക് പണം ഉപയോഗിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, യഥാർത്ഥ ഞെരുക്കമുള്ള ആളുകളെ സഹായിക്കുന്നതിന് നമുക്കുള്ളത് സന്തോഷപൂർവം ഉപയോഗിച്ചുകൊണ്ടും ദൈവരാജ്യതാത്പര്യങ്ങളെ പുരോഗമിപ്പിക്കുന്നതിന് നമ്മുടെ വിഭവങ്ങൾ ചെലവിടുന്നതിലും നാം ഇതു ചെയ്യുന്നു.—സദൃശവാക്യങ്ങൾ 19:17; മത്തായി 6:33.
20. (എ) യഹോവക്കും യേശുക്രിസ്തുവിനും നമ്മെ “നിത്യവസതികളി”ലേക്ക് ആനയിക്കാൻ കഴിയുന്നതെന്തുകൊണ്ട്, ഈ സ്ഥലങ്ങൾ എവിടെയായിരിക്കാം? (ബി) നിത്യതയിലെല്ലാം ഏതു പദവി നമ്മുടേതായിരിക്കാൻ കഴിയും?
20 യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും അമർത്യത നിമിത്തം അവർക്ക് എന്നേക്കും നമ്മുടെ സ്നേഹിതരായിരിക്കാൻ കഴിയും, “നിത്യവസതികളി”ലേക്ക് നമ്മെ ആനയിക്കാനും കഴിയും. അത് സ്വർഗ്ഗത്തിൽ സകല വിശുദ്ധദൂതൻമാരോടുകൂടെയായാലും ഭൂമിയിൽ പുനഃസ്ഥാപിക്കപ്പെടുന്ന പറുദീസയിലായാലും അങ്ങനെതന്നെയാണ്. (ലൂക്കോസ് 23:43) സ്നേഹപൂർവം ദൈവം യേശുക്രിസ്തുവിനെ ദാനംചെയ്തതാണ് ഇതെല്ലാം സാദ്ധ്യമാക്കിയത്. (യോഹന്നാൻ 3:16) തന്റെ സ്വന്തം അനുപമമായ സന്തുഷ്ടിക്കുവേണ്ടി സകല സൃഷ്ടിക്കും കൊടുത്തുകൊണ്ടിരിക്കാൻ യഹോവയാം ദൈവം യേശുക്രിസ്തുവിനെ ഉപയോഗിക്കും. യഥാർത്ഥത്തിൽ, യഹോവയാം ദൈവത്തിന്റെ പരമാധികാരത്തിന്റെയും നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവാകുന്ന അവന്റെ ഏകജാതനായ പുത്രന്റെ രാജത്വത്തിന്റെയും കീഴിൽ കൊടുക്കുന്നതിനുള്ള പദവി നമുക്കുതന്നെ നിത്യതയിലെല്ലാം ഉണ്ടായിരിക്കും. ഇത് ദൈവഭക്തിയുള്ള ദാതാക്കൾക്കെല്ലാമുള്ള നിത്യസന്തുഷ്ടിയിൽ കലാശിക്കും.
നിങ്ങൾ ഓർക്കുന്നുവോ?
◻ ദൈവത്തിന്റെ ഏററവും വലിയ ദാനം അവന്റെ ഭാഗത്ത് എന്ത് ആവശ്യമാക്കിത്തീർക്കുമായിരുന്നു?
◻ ദൈവം ഏതുതരം ദൗത്യം നിർവഹിക്കാൻ തന്റെ പുത്രനെ അയച്ചു?
◻ സർവ അഖിലാണ്ഡത്തിലുംവെച്ച് ഏററവും സന്തുഷ്ടനായ സൃഷ്ടി ആരാണ്, എന്തുകൊണ്ട്?
◻ ദൈവഭക്തിയുള്ള ദാതാക്കൾ എങ്ങനെ നിത്യസന്തുഷ്ടി അനുഭവിക്കും?
[10-ാം പേജിലെ ചിത്രം]
ഒരു മറുവിലയാഗമായി ദൈവം തന്റെ പുത്രനെ ദാനംചെയ്തതിനെ നിങ്ങൾ വിലമതിക്കുന്നുവോ?
[12-ാം പേജിലെ ചിത്രം]
നിങ്ങൾ സുവാർത്ത പ്രസംഗിച്ചുകൊണ്ടും നിങ്ങളുടെ വിഭവങ്ങൾകൊണ്ട് ആ വേലയെ പിന്താങ്ങിക്കൊണ്ടും ദൈവരാജ്യത്തെ ഒന്നാമത് അന്വേഷിക്കുന്നുവോ?