“ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു”
“ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.”—1 യോഹന്നാൻ 4:11.
1. മാർച്ച് 23-ാം തീയതി സൂര്യാസ്തമയത്തിനുശേഷം, ലോകവ്യാപകമായി രാജ്യഹാളുകളിലും മറ്റു യോഗസ്ഥലങ്ങളിലും ലക്ഷക്കണക്കിനാളുകൾ സമ്മേളിക്കുന്നതിന്റെ കാരണമെന്ത്?
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റേഴ് മാർച്ച് 23 ഞായറാഴ്ച, സൂര്യാസ്തമയത്തിനുശേഷം, ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന രാജ്യഹാളുകളിലും മറ്റു യോഗസ്ഥലങ്ങളിലും നിസ്സംശയമായും 1,30,00,000-ത്തിലധികമാളുകൾ സമ്മേളിക്കും. എന്തുകൊണ്ട്? മനുഷ്യവർഗത്തോടുള്ള ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹപ്രകടനം അവരുടെ ഹൃദയങ്ങളെ സ്പർശിച്ചിരിക്കുന്നു എന്നതുതന്നെ കാരണം. ഈ ദൈവസ്നേഹത്തിന്റെ മഹനീയ തെളിവിന്മേൽ യേശുക്രിസ്തു ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. കാരണം അവൻ പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”—യോഹന്നാൻ 3:16.
2. ദൈവസ്നേഹത്തോടുള്ള നമ്മുടെ പ്രതികരണം സംബന്ധിച്ച് നാമെല്ലാം ഏതു ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കുന്നതു പ്രയോജനപ്രദമാണ്?
2 ദൈവം പ്രകടമാക്കിയിരിക്കുന്ന സ്നേഹത്തെക്കുറിച്ചു പരിചിന്തിക്കുമ്പോൾ, നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്, ‘ദൈവം ചെയ്തിരിക്കുന്ന സംഗതികൾ ഞാൻ വാസ്തവത്തിൽ വിലമതിക്കുന്നുണ്ടോ? ഞാൻ എന്റെ ജീവിതത്തെ ഉപയോഗിക്കുന്ന വിധം ആ വിലമതിപ്പിനുള്ള തെളിവു നൽകുന്നുണ്ടോ?’
“ദൈവം സ്നേഹം തന്നേ”
3. (എ) ദൈവത്തിനു സ്നേഹപ്രകടനം സ്വാഭാവികമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) അവന്റെ സൃഷ്ടിവേലകളിൽ ശക്തിയും ജ്ഞാനവും പ്രകടമായിരിക്കുന്നതെങ്ങനെ?
3 ദൈവത്തിന്റെ ഭാഗത്തെ സ്നേഹപ്രകടനം അതിൽത്തന്നെ സ്വാഭാവികമാണ്, കാരണം “ദൈവം സ്നേഹം തന്നേ.” (1 യോഹന്നാൻ 4:8) സ്നേഹമാണ് അവന്റെ മുഖ്യ ഗുണം. അവൻ ഭൂമിയെ മനുഷ്യവാസത്തിനായി ഒരുക്കിയപ്പോൾ, അവൻ പർവതങ്ങളെ ഉയർത്തിയതും തടാകങ്ങളെയും സമുദ്രങ്ങളെയും വെള്ളംകൊണ്ടു നിറച്ചതും ശക്തിയുടെ ഒരു ഭയഗംഭീര പ്രകടനമായിരുന്നു. (ഉല്പത്തി 1:9, 10) ദൈവം ജലപരിവൃത്തിയും ഓക്സിജൻപരിവൃത്തിയും സ്ഥാപിച്ചപ്പോൾ, ഭൂമിയിലെ രാസഘടകങ്ങളെ ജീവൻ നിലനിർത്തുന്നതിനു മനുഷ്യർക്കു ദഹിപ്പിക്കാൻ കഴിയുന്ന രൂപത്തിലാക്കിമാറ്റാൻ അസംഖ്യം സൂക്ഷ്മജീവികളെയും വൈവിധ്യമാർന്ന സസ്യങ്ങളെയും രൂപകൽപ്പന ചെയ്തപ്പോൾ, ഭൂമി എന്ന ഗ്രഹത്തിലെ ദിവസ, മാസ ദൈർഘ്യത്തോട് ഒത്തുവരുന്ന നമ്മുടെ ജൈവഘടികാരങ്ങൾ സ്ഥാപിച്ചപ്പോൾ അവന്റെ മഹാ ജ്ഞാനം പ്രകടമായി. (സങ്കീർത്തനം 104:24; യിരെമ്യാവു 10:12) എങ്കിലും, ഭൗതിക സൃഷ്ടിയിൽ അതിലും കൂടുതൽ തെളിഞ്ഞുനിൽക്കുന്ന ദൈവത്തിന്റെ സ്നേഹത്തിനുള്ള തെളിവുതന്നെയാണ്.
4. ഭൗതിക സൃഷ്ടിയിൽ, നാമെല്ലാവരും ദൈവസ്നേഹത്തിന്റെ ഏതു തെളിവ് കണ്ട് വിലമതിക്കണം?
4 നാം പഴുത്ത മാംസളമായ ഒരു പഴം തിന്നുമ്പോൾ നമ്മുടെ അണ്ണാക്കു ദൈവസ്നേഹത്തെക്കുറിച്ചു പറയുന്നു. വ്യക്തമായും അത്തരമൊരു പഴം നമ്മെ ജീവനോടെ നിലനിർത്താൻ മാത്രമല്ല, നമുക്കു സുഖാനുഭൂതി പകരാനുംകൂടിയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അതിന്റെ വ്യക്തമായ തെളിവു കണ്ണഞ്ചിപ്പിക്കുന്ന സൂര്യാസ്തമയങ്ങളിലും ഒരു തെളിഞ്ഞ രാത്രിയിലെ നക്ഷത്രനിബിഡമായ ആകാശത്തിലും പുഷ്പങ്ങളുടെ വിവിധ രൂപങ്ങളിലും വർണപ്പൊലിമയിലും മൃഗക്കുട്ടികളുടെ വികൃതികളിലും സുഹൃത്തുക്കളുടെ ഊഷ്മളമായ പുഞ്ചിരികളിലും നമ്മുടെ കണ്ണുകൾക്കു കാണാവുന്നതാണ്. നാം വസന്തകാല പുഷ്പങ്ങളുടെ ഹൃദ്യമായ പരിമളം ശ്വസിക്കുമ്പോൾ നമ്മുടെ മൂക്ക് അതിനെക്കുറിച്ചു നമ്മെ ബോധവാന്മാരാക്കുന്നു. നാം ഒരു വെള്ളച്ചാട്ടത്തിന്റെ ആരവവും കളകൂജനങ്ങളും നമ്മുടെ പ്രിയപ്പെട്ടവരുടെ ശബ്ദങ്ങളും ശ്രദ്ധിക്കുമ്പോൾ നമ്മുടെ കാതുകൾ അതു ഗ്രഹിക്കുന്നു. പ്രിയപ്പെട്ടയാൾ നമ്മെ ഊഷ്മളമായി ആലിംഗനം ചെയ്യുമ്പോൾ നമുക്ക് അത് അനുഭവപ്പെടുന്നു. ചില സംഗതികൾ കാണാനോ കേൾക്കാനോ മണക്കാനോ മനുഷ്യർക്കാവില്ലെങ്കിലും ചില മൃഗങ്ങൾക്ക് അതിനുള്ള പ്രാപ്തിയുണ്ട്. എന്നാൽ ദൈവത്തിന്റെ പ്രതിച്ഛായയിൽ ഉണ്ടാക്കപ്പെട്ടിരിക്കുന്ന മനുഷ്യവർഗത്തിനു യാതൊരു മൃഗത്തിനും കഴിയാത്തവിധം ദൈവസ്നേഹം ഗ്രഹിക്കാനുള്ള പ്രാപ്തിയുണ്ട്.—ഉല്പത്തി 1:27.
5. ആദാമിനോടും ഹവ്വായോടും യഹോവ അളവറ്റ സ്നേഹം പ്രകടമാക്കിയതെങ്ങനെ?
5 യഹോവയാം ദൈവം ആദ്യ മനുഷ്യരായ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചപ്പോൾ, അവൻ അവരെ തന്റെ സ്നേഹത്തിന്റെ തെളിവിനാൽ മൂടി. അവൻ ഒരു തോട്ടം, ഒരു പറുദീസ, നട്ടുപിടിപ്പിച്ചിരുന്നു. എല്ലാത്തരം വൃക്ഷങ്ങളും അതിൽ വളർന്നുവരാൻ ഇടയാക്കുകയും ചെയ്തിരുന്നു. അതിനെ നനയ്ക്കാൻ ഒരു നദി പ്രദാനം ചെയ്യുകയും മനംകവരുന്ന പക്ഷിമൃഗാദികളെക്കൊണ്ട് അതിനെ നിറയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അവൻ ആദാമിനും ഹവ്വായ്ക്കും ഭവനമായി നൽകി. (ഉല്പത്തി 2:8-10, 19) തന്റെ അഖിലാണ്ഡകുടുംബത്തിന്റെ ഭാഗമെന്നനിലയിൽ, തന്റെ മക്കളോടെന്നപോലെ, യഹോവ അവരുമായി ഇടപെട്ടു. (ലൂക്കൊസ് 3:38) ഒരു മാതൃക എന്നനിലയിൽ ഏദെൻ പ്രദാനംചെയ്തിട്ട്, ഈ ആദ്യ മനുഷ്യജോഡിയുടെ സ്വർഗീയ പിതാവ് അവർക്കു പ്രസ്തുത പറുദീസ മുഴു ഗോളത്തിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള സംതൃപ്തിദായകമായ നിയമനം കൊടുത്തു. മുഴു ഭൂമിയും അവരുടെ സന്താനങ്ങളാൽ നിറയണമായിരുന്നു.—ഉല്പത്തി 1:28.
6. (എ) ആദാമും ഹവ്വായും സ്വീകരിച്ച മത്സരാത്മക ഗതിയെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? (ബി) ഏദെനിൽ സംഭവിച്ചതിൽനിന്നു നാം പാഠം ഉൾക്കൊണ്ടിരിക്കുന്നുവെന്നും ആ അറിവിൽനിന്നു നാം പ്രയോജനം അനുഭവിച്ചിരിക്കുന്നുവെന്നും എന്തു സൂചിപ്പിച്ചേക്കാം?
6 എന്നിരുന്നാലും, താമസിയാതെ ആദാമും ഹവ്വായും അനുസരണത്തിന്റെ ഒരു പരിശോധന, വിശ്വസ്തതയുടെ ഒരു പരിശോധന, അഭിമുഖീകരിച്ചു. തങ്ങളുടെമേൽ ചൊരിയപ്പെട്ട സ്നേഹത്തോടു വിലമതിപ്പു പ്രകടിപ്പിക്കാൻ ആദ്യം ഒരാളും പിന്നീടു മറ്റേയാളും പരാജയപ്പെട്ടു. അവർ ചെയ്തതു ഞെട്ടലുളവാക്കുന്ന സംഗതിയായിരുന്നു. അതു നീതീകരിക്കത്തക്കതായിരുന്നില്ല! തത്ഫലമായി, അവർക്കു ദൈവവുമായുള്ള ബന്ധം നഷ്ടമായി. അവന്റെ കുടുംബത്തിൽനിന്ന് അവർ പുറത്താക്കപ്പെടുകയും ഏദെനിൽനിന്നു നിഷ്കാസിതരാകുകയും ചെയ്തു. അവരുടെ പാപത്തിന്റെ ഫലങ്ങൾ നാമിന്നും അനുഭവിക്കുന്നു. (ഉല്പത്തി 2:16, 17; 3:1-6, 16-19, 24; റോമർ 5:12) സംഭവിച്ച സംഗതിയിൽനിന്നു നാം പാഠം ഉൾക്കൊണ്ടിട്ടുണ്ടോ? ദൈവത്തിന്റെ സ്നേഹത്തോടു നാം പ്രതികരിക്കുന്നത് എങ്ങനെയാണ്? അവന്റെ സ്നേഹത്തെ നാം വിലമതിക്കുന്നുവെന്നു പ്രകടമാക്കുന്നതാണോ ഓരോ ദിവസവും നാം എടുക്കുന്ന തീരുമാനങ്ങൾ?—1 യോഹന്നാൻ 5:3.
7. ആദാമും ഹവ്വായും ചെയ്തതു ഗണ്യമാക്കാതെ, യഹോവ അവരുടെ സന്താനങ്ങളോടു സ്നേഹം പ്രകടമാക്കിയതെങ്ങനെ?
7 ദൈവം തങ്ങൾക്കുവേണ്ടി ചെയ്ത സകല സംഗതികളോടുമുള്ള നമ്മുടെ ആദിമ മനുഷ്യ മാതാപിതാക്കളുടെ കടുത്ത വിലമതിപ്പില്ലായ്മ ദൈവത്തിന്റെ സ്വന്തം സ്നേഹത്തിനു കുറവുവരുത്തിയില്ല. ഇന്നു ജീവിച്ചിരിക്കുന്ന നാമുൾപ്പെടെ, അന്നു ജനിച്ചിട്ടില്ലായിരുന്ന മനുഷ്യരോടുള്ള കാരുണ്യംനിമിത്തം, തങ്ങൾ മരിക്കുന്നതിനുമുമ്പ് ഒരു കുടുംബത്തെ ഉളവാക്കാൻ ദൈവം ആദാമിനെയും ഹവ്വായെയും അനുവദിച്ചു. (ഉല്പത്തി 5:1-5; മത്തായി 5:44, 45) അവൻ അതു ചെയ്തില്ലായിരുന്നെങ്കിൽ, നമ്മിലാരും ജനിക്കുകയില്ലായിരുന്നു. തന്റെ ഹിതത്തെക്കുറിച്ചു ക്രമാനുഗതമായി വെളിപ്പെടുത്തിക്കൊണ്ട്, വിശ്വാസം പ്രകടമാക്കുന്ന ആദാമിന്റെ സന്താനങ്ങളിൽപ്പെട്ടവർക്കെല്ലാം യഹോവ പ്രത്യാശയ്ക്കുള്ള ഒരു അടിസ്ഥാനവും നൽകി. (ഉല്പത്തി 3:15; 22:18; യെശയ്യാവു 9:6, 7) അവന്റെ ക്രമീകരണത്തിൽ സകല ജനതകളിൽനിന്നുള്ള ആളുകൾക്കും, ആദാം നഷ്ടപ്പെടുത്തിയത്, അതായത്, ദൈവത്തിന്റെ അഖിലാണ്ഡ കുടുംബത്തിലെ അംഗീകൃത അംഗങ്ങൾ എന്നനിലയിൽ പൂർണതയുള്ള ജീവൻ, വീണ്ടെടുക്കാവുന്ന മാർഗം ഉൾപ്പെട്ടിരുന്നു. ഒരു മറുവില പ്രദാനം ചെയ്തുകൊണ്ടാണ് അവൻ ഇതു ചെയ്തത്.
മറുവില എന്തിന്?
8. ആദാമും ഹവ്വായും മരിക്കണമെങ്കിലും, അവരുടെ അനുസരണമുള്ള മക്കളാരും മരിക്കേണ്ടതില്ലെന്ന് ദൈവത്തിനു കേവലം തീരുമാനിക്കാനാകുമായിരുന്നില്ല, എന്തുകൊണ്ട്?
8 മനുഷ്യജീവൻ നൽകപ്പെടേണ്ടിവരുന്ന വിധത്തിലുള്ള ഒരു വീണ്ടെടുപ്പുവില വാസ്തവത്തിൽ ആവശ്യമായിരുന്നോ? തങ്ങളുടെ മത്സരത്തിന് ആദാമും ഹവ്വായും മരിക്കണമെങ്കിലും, ദൈവത്തെ അനുസരിക്കുന്ന അവരുടെ സന്താനങ്ങൾക്കെല്ലാം എന്നേക്കും ജീവിക്കാമെന്ന് ദൈവത്തിനു കേവലം തീരുമാനിക്കാനാകുമായിരുന്നില്ലേ? ഹ്രസ്വദൃഷ്ടിയുള്ള മാനുഷിക വീക്ഷണത്തിൽ, അതു യുക്തിസഹമായി തോന്നാം. എന്നിരുന്നാലും, യഹോവ “നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.” (സങ്കീർത്തനം 33:5) ആദാമും ഹവ്വായും പാപികളായിത്തീർന്നതിനുശേഷം മാത്രമാണ് അവർ മക്കളെ ജനിപ്പിക്കുന്നത്; അതുകൊണ്ട് അവരുടെ മക്കളാരും പൂർണരായി ജനിച്ചില്ല. (സങ്കീർത്തനം 51:5) അവരെല്ലാം പാപം അവകാശപ്പെടുത്തി, പാപത്തിനുള്ള ശിക്ഷ മരണമാണ്. യഹോവ ഇത് അവഗണിച്ചിരുന്നെങ്കിൽ, തന്റെ അഖിലാണ്ഡ കുടുംബത്തിലെ അംഗങ്ങൾക്കുവേണ്ടി അത് എന്തുതരം മാതൃകയാകുമായിരുന്നു? നീതിനിഷ്ഠമായ സ്വന്തം നിലവാരങ്ങൾ അവന് അവഗണിക്കാനാവില്ല. അവൻ നീതിയുടെ നിബന്ധനകളെ ആദരിച്ചു. ഉൾപ്പെട്ടിരുന്ന പ്രശ്നങ്ങൾ ദൈവം കൈകാര്യം ചെയ്ത വിധത്തിൽ യുക്തിയുക്തമായി കുറ്റം കണ്ടെത്താൻ ആർക്കുംതന്നെ ഒരിക്കലും സാധിക്കുകയില്ല.—റോമർ 3:21-23.
9. നീതിയുടെ ദിവ്യനിലവാരം അനുസരിച്ച് ഏതുതരം മറുവില ആവശ്യമായിരുന്നു?
9 അപ്പോൾപ്പിന്നെ, യഹോവയോടു സ്നേഹപുരസ്സരമായ അനുസരണം പ്രകടമാക്കുന്ന ആദാമിന്റെ സന്താനങ്ങളിൽപ്പെട്ടവരെ മോചിപ്പിക്കുന്നതിന് ഉചിതമായ ഒരു അടിസ്ഥാനം പ്രദാനം ചെയ്യാനാകുമായിരുന്നത് എങ്ങനെ? പൂർണനായ ഒരു മനുഷ്യൻ ഒരു ബലിമരണം നടത്തുന്നെങ്കിൽ, പ്രസ്തുത മറുവിലയിൽ വിശ്വസിക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്നവരുടെ പാപങ്ങൾക്കുള്ള മോചനം പ്രദാനം ചെയ്യാൻ നീതിയനുസരിച്ച് ആ പൂർണ ജീവന്റെ മൂല്യം ഉതകുമായിരുന്നു. ആദാം എന്ന ഒരു മനുഷ്യന്റെ പാപം മുഴു മനുഷ്യകുടുംബത്തെയും പാപികളാക്കാൻ കാരണമായതിനാൽ, മറ്റൊരു പൂർണ മനുഷ്യന്റെ ചൊരിയപ്പെട്ട രക്തം, തത്തുല്യമായ മൂല്യമായതുകൊണ്ട്, നീതിയുടെ തുലാസിന്റെ തട്ടുകൾ തുല്യമാക്കാൻ ഉതകുമായിരുന്നു. (1 തിമൊഥെയൊസ് 2:5, 6) എന്നാൽ അത്തരമൊരു വ്യക്തിയെ എവിടെ കണ്ടെത്താൻ കഴിയുമായിരുന്നു?
വില എത്ര വലിയതായിരുന്നു?
10. ആവശ്യമായ മറുവില പ്രദാനം ചെയ്യാൻ ആദാമിന്റെ സന്താനങ്ങൾക്കു സാധിക്കുമായിരുന്നില്ലാഞ്ഞത് എന്തുകൊണ്ട്?
10 പാപിയായ ആദാമിന്റെ സന്താനങ്ങൾക്കിടയിൽ, ആദാം കളഞ്ഞുകുളിച്ച ജീവിത പ്രതീക്ഷകൾ തിരിച്ചുവാങ്ങാൻ ആവശ്യമായതു പ്രദാനം ചെയ്യാൻ കഴിയുന്ന ആരുമില്ലായിരുന്നു. “സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.” (സങ്കീർത്തനം 49:7-9) മനുഷ്യവർഗത്തെ പ്രത്യാശാരഹിതരായി വിടുന്നതിനുപകരം, യഹോവതന്നെ ദയാപുരസ്സരം കരുതൽ പ്രദാനം ചെയ്തു.
11. അനുയോജ്യമായ മറുവിലയ്ക്ക് ആവശ്യമായ പൂർണതയുള്ള മനുഷ്യജീവൻ യഹോവ ഏതു മാർഗത്തിലൂടെ പ്രദാനം ചെയ്തു?
11 ആത്മവ്യക്തിയായി ജീവിക്കുമ്പോൾത്തന്നെ, ശരീരം മരണത്തിന് ഏൽപ്പിച്ച് മരിക്കുന്ന പ്രതീതിയുളവാക്കി, മനുഷ്യനായി അവതരിക്കാൻ യഹോവ ഒരു ദൂതനെ ഭൂമിയിലേക്ക് അയച്ചില്ല. അതിനുപകരം, ദൈവത്തിന്, സ്രഷ്ടാവിന്, മാത്രം രൂപകൽപ്പന ചെയ്യാവുന്ന ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ട്, ഒരു സ്വർഗീയ പുത്രന്റെ ജീവശക്തിയും വ്യക്തിത്വ സവിശേഷതകളും യഹൂദാ ഗോത്രത്തിലെ ഹേലിയുടെ പുത്രിയായ മറിയ എന്ന സ്ത്രീയുടെ ഗർഭപാത്രത്തിലേക്കു മാറ്റി. ദൈവത്തിന്റെ കർമോദ്യുക്ത ശക്തിയായ പരിശുദ്ധാത്മാവ് അമ്മയുടെ ഉദരത്തിലെ കുട്ടിയുടെ വളർച്ചയെ സംരക്ഷിച്ചു. അത് ഒരു പൂർണമനുഷ്യനായി ജനിച്ചു. (ലൂക്കൊസ് 1:35; 1 പത്രൊസ് 2:22) അങ്ങനെ ദിവ്യനീതിയുടെ നിബന്ധനകളെ പൂർണമായി നിറവേറ്റുന്ന ഒരു മറുവില പ്രദാനം ചെയ്യുന്നതിന് ആവശ്യമായ വില ഈ ഒരുവന്റെ പക്കലുണ്ടായിരുന്നു.—എബ്രായർ 10:5.
12. (എ) യേശു ഏത് അർഥത്തിലാണു ദൈവത്തിന്റെ “ഏകജാതനായ പുത്ര”ൻ ആയിരിക്കുന്നത്? (ബി) മറുവില പ്രദാനം ചെയ്യാൻ ദൈവം ഈ ഒരുവനെ അയച്ചതിൽ നമ്മോടുള്ള അവന്റെ സ്നേഹത്തെ എടുത്തുകാണിക്കുന്നതെങ്ങനെ?
12 പതിനായിരക്കണിനുവരുന്ന സ്വർഗീയ പുത്രന്മാരിൽ ആർക്കാണു യഹോവ ഈ നിയമനം നൽകിയത്? “ഏകജാതനായ പുത്ര”നെന്നു തിരുവെഴുത്തുകളിൽ വർണിച്ചിരിക്കുന്ന ഒരുവന്. (1 യോഹന്നാൻ 4:9) മനുഷ്യനായി ജനിച്ചപ്പോൾ അവൻ എന്ത് ആയിത്തീർന്നോ അതിനെയല്ല, മറിച്ച് അതിനുമുമ്പു സ്വർഗത്തിൽ അവൻ എന്തായിരുന്നോ അതിനെ വർണിക്കാനാണ് ഈ പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. മറ്റാരുടെയും സഹകരണമില്ലാതെ യഹോവ നേരിട്ടു സൃഷ്ടിച്ച ഒരേ ഒരുവനാണ് അവൻ. എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യജാതനാണവൻ. അവനെ ഉപയോഗിച്ചാണ് ദൈവം മറ്റെല്ലാ സൃഷ്ടികളെയും അസ്തിത്വത്തിൽ കൊണ്ടുവന്നത്. ദൂതന്മാർ ദൈവത്തിന്റെ പുത്രന്മാരാണ്, ആദാം ദൈവത്തിന്റെ ഒരു പുത്രനായിരുന്നതുപോലെ. എന്നാൽ “പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സു”ള്ളവനായാണ് യേശുവിനെ വർണിച്ചിരിക്കുന്നത്. അവനെ “പിതാവിന്റെ മടിയിൽ” വസിക്കുന്നവനായി പറഞ്ഞിരിക്കുന്നു. (യോഹന്നാൻ 1:14, 18) പിതാവുമായുള്ള അവന്റെ ബന്ധം അടുപ്പമുള്ളതും വിശ്വസ്തതയുള്ളതും ആർദ്രതയുള്ളതുമാണ്. മനുഷ്യവർഗത്തോടു പിതാവിനുള്ള അതേ സ്നേഹംതന്നെ അവനുമുണ്ട്. പിതാവിന് ഈ പുത്രനെക്കുറിച്ച് എന്തു തോന്നുന്നുവെന്നും പുത്രനു മനുഷ്യവർഗത്തെക്കുറിച്ച് എന്തു തോന്നുന്നുവെന്നും സദൃശവാക്യങ്ങൾ 8:30, 31 പ്രകടമാക്കുന്നു: “ഞാൻ അവന്റെ [യഹോവയുടെ] അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു. . . . എന്റെ [ജ്ഞാനത്തിന്റെ ആളത്വമായ, യഹോവയുടെ അതിവിദഗ്ധ വേലക്കാരനായ, യേശുവിന്റെ] പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.” മറുവില പ്രദാനം ചെയ്യാൻ ദൈവം ഭൂമിയിലേക്ക് അയച്ചത് ഈ ഏറ്റവും പ്രിയപ്പെട്ട പുത്രനെയായിരുന്നു. അതുകൊണ്ട്, യേശുവിന്റെ ഈ പ്രസ്താവന എത്ര അർഥവത്താണ്: ‘ദൈവം തന്റെ ഏകജാതനായ പുത്രനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു’!—യോഹന്നാൻ 3:16.
13, 14. അബ്രാഹാം യിസ്ഹാക്കിനെ ബലിയർപ്പിക്കാൻ തുനിഞ്ഞതിനെക്കുറിച്ചുള്ള ബൈബിൾ രേഖ, യഹോവ ചെയ്ത എന്തു വിലമതിക്കാൻ നമ്മെ സഹായിക്കണം? (1 യോഹന്നാൻ 4:10)
13 അത് എന്തർഥമാക്കുന്നുവെന്നു നമുക്കൊരു ഏകദേശ ഗ്രാഹ്യമുണ്ടാകാൻ നമ്മെ സഹായിക്കുന്നതിന്, യേശു ഭൂമിയിലേക്കു വരുന്നതിനു ദീർഘനാൾ മുമ്പ്, ഏതാണ്ട് 3,890 വർഷങ്ങൾക്കുമുമ്പ്, ദൈവം അബ്രാഹാമിനോടു കൽപ്പിച്ചു: “നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ എകജാതനായ യിസ്ഹാക്കിനെ തന്നേ, കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക.” (ഉല്പത്തി 22:1, 2) വിശ്വാസത്തിൽ, അബ്രാഹാം അനുസരിച്ചു. നിങ്ങളെ അബ്രാഹാമിന്റെ സ്ഥാനത്തു നിർത്തുക. അതു നിങ്ങളുടെ പുത്രൻ, നിങ്ങൾ അതിയായി സ്നേഹിക്കുന്ന പുത്രൻ, ആയിരുന്നെങ്കിലോ? യാഗത്തിനായുള്ള വിറകു കീറുമ്പോഴും മോരിയാ ദേശത്തേക്കു പല ദിവസങ്ങളെടുത്തു യാത്ര ചെയ്യുമ്പോഴും നിങ്ങളുടെ പുത്രനെ യാഗപീഠത്തിൽ വെക്കുമ്പോഴും നിങ്ങളുടെ വികാരങ്ങൾ എന്തായിരിക്കുമായിരുന്നു?
14 സഹാനുഭൂതിയുള്ള ഒരു മാതാവിനോ പിതാവിനോ അത്തരം വികാരങ്ങൾ ഉള്ളതെന്തുകൊണ്ട്? ദൈവം മനുഷ്യനെ തന്റെ പ്രതിച്ഛായയിലാണു സൃഷ്ടിച്ചതെന്ന് ഉല്പത്തി 1:27 പറയുന്നു. നമ്മുടെ സ്നേഹത്തിന്റെയും അനുകമ്പയുടെയും വികാരങ്ങൾ വളരെ പരിമിതമായ ഒരു വിധത്തിൽ യഹോവയുടെതന്നെ സ്നേഹവും അനുകമ്പയും പ്രതിഫലിപ്പിക്കുന്നു. അബ്രാഹാമിന്റെ കാര്യത്തിൽ, യിസ്ഹാക്ക് വാസ്തവത്തിൽ ബലിചെയ്യപ്പെടാതിരിക്കാൻ ദൈവം ഇടപെട്ടു. (ഉല്പത്തി 22:12, 13; എബ്രായർ 11:17-19) എന്നാൽ തന്റെ സ്വന്തം കാര്യത്തിൽ, മറുവില പ്രദാനം ചെയ്യുന്നത് തനിക്കും പുത്രനും വലിയ വില ഒടുക്കേണ്ടിവരുന്ന ഒരു സംഗതിയായിരുന്നിട്ടുകൂടി യഹോവ അതിൽനിന്ന് അവസാനനിമിഷം പിൻമാറിയില്ല. അങ്ങനെ ചെയ്തതു ദൈവത്തിന് എന്തെങ്കിലും കടപ്പാടു തോന്നിയതുകൊണ്ടല്ല, മറിച്ച് അസാധാരണമായ അനർഹദയയുടെ ഒരു പ്രകടനമെന്ന നിലയിലായിരുന്നു. നാമതിനെ പൂർണമായും വിലമതിക്കുന്നുണ്ടോ?—എബ്രായർ 2:9.
അതിനെ സാധ്യമാക്കുന്നത്
15. ഇപ്പോഴത്തെ വ്യവസ്ഥിതിയിൽപ്പോലും മറുവില മനുഷ്യജീവിതത്തെ സ്വാധീനിച്ചിരിക്കുന്നതെങ്ങനെ?
15 ദൈവം ചെയ്തിരിക്കുന്ന ആ സ്നേഹപുരസ്സരമായ കരുതലിന്, അതിനെ വിശ്വാസത്തോടെ സ്വീകരിക്കുന്നവരുടെ ജീവിതത്തിന്മേൽ ആഴമായ സ്വാധീനമുണ്ട്. പാപത്തിന്റെ ഫലമായി മുമ്പ് അവർ ദൈവത്തിൽനിന്ന് അന്യപ്പെട്ടവരായിരുന്നു. അവന്റെ വചനം പറയുന്നതുപോലെ, അവർ ‘ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ടു ശത്രുക്കളു’മായിരുന്നു. (കൊലൊസ്സ്യർ 1:21-23) എന്നാൽ അവർ “അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്ന”വരായി. (റോമർ 5:8-10) അവരുടെ ജീവിതഗതിക്കു മാറ്റം വരുത്തുകയും ക്രിസ്തുവിന്റെ ബലിയിൽ വിശ്വാസം പ്രകടമാക്കുന്നവർക്കു ദൈവം സാധ്യമാക്കുന്ന പാപമോചനം സ്വീകരിക്കുകയും ചെയ്തശേഷം, അവർ ഒരു ശുദ്ധമായ മനസ്സാക്ഷിയാൽ അനുഗ്രഹിക്കപ്പെടുന്നു.—എബ്രായർ 9:14; 1 പത്രൊസ് 3:21.
16. മറുവിലയിലുള്ള വിശ്വാസം നിമിത്തം ചെറിയ ആട്ടിൻകൂട്ടത്തിന് എന്ത് അനുഗ്രഹങ്ങൾ നൽകപ്പെടുന്നു?
16 ഇവരിൽ ഒരു പരിമിത എണ്ണം ആളുകൾക്ക്, ഒരു ചെറിയ ആട്ടിൻകൂട്ടത്തിന്, സ്വർഗീയ രാജ്യത്തിൽ തന്റെ പുത്രനോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അനർഹ അനുഗ്രഹം യഹോവ വെച്ചുനീട്ടിയിരിക്കുന്നു. ഭൂമിയെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ആദിമോദ്ദേശ്യം നിവർത്തിക്കലാണ് അതിന്റെ ലക്ഷ്യം. (ലൂക്കൊസ് 12:32) ഇവരെ “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നു”മായി തിരഞ്ഞെടുത്തിരിക്കുന്നു. “ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു [“അവർ ഭൂമിയുടെമേൽ വാഴേണ്ടതാകുന്നു,” NW].” (വെളിപ്പാടു 5:9, 10) ഇവർക്ക് അപ്പോസ്തലനായ പൗലൊസ് എഴുതി: “നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ.” (റോമർ 8:15-17) പുത്രന്മാരെന്നനിലയിൽ ദൈവത്താൽ ദത്തെടുക്കപ്പെടുന്നതിലൂടെ അവർക്കു ലഭിക്കുന്നത് ആദാം നഷ്ടപ്പെടുത്തിയ അമൂല്യബന്ധമാണ്; എന്നാൽ ആദാമിന് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു സംഗതി ഈ പുത്രന്മാർക്കു ലഭിക്കും, സ്വർഗീയസേവനത്തിൽ ഉൾപ്പെടുന്ന കൂടുതലായ പദവികൾ. യോഹന്നാൻ അപ്പോസ്തലൻ ഇങ്ങനെ പറഞ്ഞതിൽ യാതൊരു അത്ഭുതവുമില്ല: “നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു”! (1 യോഹന്നാൻ 3:1) അത്തരക്കാരോടു ദൈവം തത്ത്വാധിഷ്ഠിത സ്നേഹം (അഗാപെ) മാത്രമല്ല, യഥാർഥ സുഹൃത്തുക്കൾക്കിടയിൽ നിലനിൽക്കുന്ന ബന്ധത്തിന്റെ സവിശേഷതയുള്ള ആർദ്രപ്രീതിയും (ഫീലിയ) പ്രകടമാക്കുന്നു.—യോഹന്നാൻ 16:27.
17. (എ) മറുവിലയിൽ വിശ്വാസം പ്രകടമാക്കുന്ന എല്ലാവർക്കും, എന്ത് അവസരം നൽകപ്പെടുന്നു? (ബി) “ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം” അവർക്ക് എന്ത് അർഥമാക്കും?
17 മറ്റുള്ളവർക്കും—ദൈവം യേശുക്രിസ്തുവിലൂടെ ചെയ്തിരിക്കുന്ന ജീവനുവേണ്ടിയുള്ള ഉദാരമായ കരുതലിൽ വിശ്വാസം പ്രകടമാക്കുന്ന എല്ലാവർക്കും—ആദാം നഷ്ടപ്പെടുത്തിയ അമൂല്യ ബന്ധം നേടുന്നതിനുള്ള അവസരം യഹോവ തുറന്നുകൊടുക്കുന്നു. പൗലൊസ് അപ്പോസ്തലൻ വിശദമാക്കി: “സൃഷ്ടി [ആദാമിന്റെ പിൻഗാമികളായ മനുഷ്യ സൃഷ്ടി] ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു [അതായത് ക്രിസ്തുവിനോടൊപ്പം സ്വർഗീയ രാജ്യത്തിന്റെ അവകാശികളായ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യവർഗത്തിനുവേണ്ടി ക്രിയാത്മക നടപടിയെടുക്കുന്നുവെന്നു വ്യക്തമായി തെളിയുന്ന സമയത്തിനായി കാത്തിരിക്കുന്നു]. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള [ദൈവം കൊടുത്ത] ആശയോടെ മായെക്കു [മരണത്തിന്റെ പ്രതീക്ഷയോടെ അവർ പാപത്തിൽ ജനിച്ചു, തങ്ങളെത്തന്നെ വിമോചിതരാക്കാൻ അവർക്കു യാതൊരു മാർഗവുമില്ലായിരുന്നു] കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ.” (റോമർ 8:19-21) ആ സ്വാതന്ത്ര്യം എന്ത് അർഥമാക്കും? അവർ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു മോചിക്കപ്പെട്ടിരിക്കുന്നുവെന്ന്. അവരുടെ മനസ്സിനും ശരീരത്തിനും പൂർണതയും തങ്ങളുടെ ഭവനമായി പറുദീസയും പൂർണത ആസ്വദിക്കാനും ഏക സത്യദൈവമായ യഹോവയോടുള്ള തങ്ങളുടെ വിലമതിപ്പു പ്രകടിപ്പിക്കാനുമുള്ള നിത്യജീവനും ലഭിക്കും. ഇവയെല്ലാം എങ്ങനെ സാധ്യമായി? ദൈവത്തിന്റെ ഏകജാതപുത്രന്റെ മറുവിലയാഗത്തിലൂടെ.
18. മാർച്ച് 23-ാം തീയതി സൂര്യാസ്തമയത്തിനുശേഷം, നാം എന്തു ചെയ്യുകയായിരിക്കും, എന്തുകൊണ്ട്?
18 പൊ.യു. 33 നീസാൻ 14-ാം തീയതി യെരൂശലേമിലെ ഒരു മാളികമുകളിൽവെച്ച് യേശു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തി. എല്ലാ സത്യ ക്രിസ്ത്യാനികളുടെയും ജീവിതത്തിൽ അവന്റെ മരണത്തിന്റെ വാർഷിക സ്മാരകാഘോഷം ഒരു പ്രധാനപ്പെട്ട സംഭവമായിരിക്കുകയാണ്. യേശുതന്നെ ഇങ്ങനെ കൽപ്പിച്ചിരിക്കുന്നു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ.” (ലൂക്കൊസ് 22:19) 1997-ലെ സ്മാരകം മാർച്ച് 23-ാം തീയതി സൂര്യാസ്തമയത്തിനുശേഷം (അപ്പോഴാണ് നീസാൻ 14 ആരംഭിക്കുന്നത്) നടത്തപ്പെടുന്നതായിരിക്കും. ആ ദിവസം, ഈ സ്മാരക ആഘോഷത്തിനായി സന്നിഹിതരായിരിക്കുന്നതിനെക്കാൾ പ്രാധാനമായി മറ്റൊന്നുമില്ല.
[അധ്യയന ചോദ്യങ്ങൾ]
◻ ഏതെല്ലാം വിധങ്ങളിൽ ദൈവം മനുഷ്യവർഗത്തോട് അളവറ്റ സ്നേഹം പ്രകടമാക്കിയിരിക്കുന്നു?
◻ ആദാമിന്റെ സന്താനങ്ങളെ വീണ്ടെടുക്കുന്നതിന് ഒരു പൂർണ മനുഷ്യജീവൻ ആവശ്യമായിരുന്നത് എന്തുകൊണ്ട്?
◻ എത്ര വലിയ വില ഒടുക്കിക്കൊണ്ടാണ് യഹോവ ആ കരുതൽ ചെയ്തത്?
◻ മറുവില എന്തു സാധ്യമാക്കുന്നു?
[10-ാം പേജിലെ ചിത്രം]
ദൈവം തന്റെ ഏകജാത പുത്രനെ നൽകി