അധ്യായം 21
ന്യായവിധിദിവസം, അതിനുശേഷം
1. ന്യായവിധിദിവസത്തെക്കുറിച്ചുളള ഒരു പൊതുവീക്ഷണം എന്താണ്?
1 ന്യായവിധിദിവസം നിങ്ങളെ ഏതു ചിത്രമാണ് അനുസ്മരിപ്പിക്കുന്നത്? ചിലർ ഒരു വലിയ സിംഹാസനവും അതിന്റെ മുമ്പാകെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവരുടെ ഒരു ദീർഘനിരയും സങ്കൽപ്പിക്കുന്നു. ഓരോരുത്തരും സിംഹാസനത്തിൻമുമ്പിലൂടെ കടന്നുപോകുമ്പോൾ അയാൾ തന്റെ കഴിഞ്ഞകാലപ്രവൃത്തികളനുസരിച്ചു ന്യായം വിധിക്കപ്പെടുന്നു, ന്യായാധിപന്റെ പുസ്തകത്തിൽ അവയെല്ലാം എഴുതിയിട്ടുണ്ട്. അയാൾ ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നുകിൽ സ്വർഗത്തിലേക്കോ അല്ലെങ്കിൽ ഒരു അഗ്നിനരകത്തിലേക്കോ അയാൾ അയയ്ക്കപ്പെടുന്നു.
2. (എ) ആരാണു ന്യായവിധിദിവസത്തിന് ഏർപ്പാടുചെയ്തിരിക്കുന്നത്? (ബി) ആരെയാണ് അവൻ ന്യായാധിപനായി നിയമിച്ചിരിക്കുന്നത്?
2 എന്നുവരികിലും, ബൈബിൾ ന്യായവിധിദിവസത്തെക്കുറിച്ചു വളരെ വ്യത്യസ്തമായ ഒരു ചിത്രമാണു നൽകുന്നത്. അതു ഭയപ്പെടേണ്ട ഒരു ദിവസമല്ല. ബൈബിൾ ദൈവത്തെക്കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക: “താൻ നിയമിച്ചിരിക്കുന്ന ഒരു പുരുഷൻ മുഖാന്തരം നിവസിതഭൂമിയെ നീതിയിൽ ന്യായം വിധിക്കാൻ താൻ ഉദ്ദേശിക്കുന്ന ഒരു ദിവസം അവൻ നിശ്ചയിച്ചിരിക്കുന്നു.” (പ്രവൃത്തികൾ 17:31) തീർച്ചയായും ദൈവം നിയമിച്ചിരിക്കുന്ന ഈ ന്യായാധിപൻ യേശുക്രിസ്തു ആണ്.
3. (എ) ക്രിസ്തു ഉചിതമായി ന്യായം വിധിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) ആളുകൾ ഏതടിസ്ഥാനത്തിലാണു ന്യായം വിധിക്കപ്പെടുന്നത്?
3 ക്രിസ്തു ഉചിതമായും നീതിയായും ന്യായം വിധിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. യെശയ്യാവ് 11:3, 4-ൽ അവനെക്കുറിച്ചുളള ഒരു പ്രവചനം നമുക്ക് ഇതു സംബന്ധിച്ച് ഉറപ്പുനൽകുന്നു. അതുകൊണ്ട് പരക്കെയുളള അഭിപ്രായത്തിനു വിരുദ്ധമായി അവൻ ആളുകളുടെ കഴിഞ്ഞകാല പാപങ്ങളുടെ അടിസ്ഥാനത്തിൽ അവരെ ന്യായം വിധിക്കുകയില്ല, അവയിലനേകവും അജ്ഞതയിലായിരിക്കാം ചെയ്തിരിക്കുന്നത്. മരണത്തിങ്കൽ ഒരു വ്യക്തി അയാൾ ചെയ്ത ഏതു പാപത്തിൽനിന്നും സ്വതന്ത്രനാക്കപ്പെടുന്നു അഥവാ വിമുക്തനാക്കപ്പെടുന്നുവെന്നു ബൈബിൾ വിശദീകരിക്കുന്നു. “മരിച്ചവൻ അവന്റെ പാപത്തിൽനിന്നു വിമുക്തനാക്കപ്പെട്ടിരിക്കുന്നു” എന്ന് അതു പറയുന്നു. (റോമർ 6:7) അതിന്റെ അർഥം ഒരു വ്യക്തി ഉയിർപ്പിക്കപ്പെടുമ്പോൾ അയാൾ ന്യായവിധിദിവസത്തിൽ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ന്യായം വിധിക്കപ്പെടുമെന്നാണ്, അയാൾ മരിക്കുന്നതിനുമുമ്പു ചെയ്തതിന്റെ അടിസ്ഥാനത്തിലല്ല.
4. (എ) ന്യായവിധിദിവസം എത്ര നീണ്ടതായിരിക്കും? (ബി) ക്രിസ്തുവിനോടുകൂടെ ആർ ന്യായാധിപൻമാരായിരിക്കും?
4 അതുകൊണ്ടു ന്യായവിധിദിവസം 24 മണിക്കൂറടങ്ങിയ ഒരു അക്ഷരീയ ദിവസമല്ല. യേശുക്രിസ്തുവിനോടുകൂടെ ന്യായം വിധിക്കുന്നവരെക്കുറിച്ചു പറയുമ്പോൾ ബൈബിൾ ഇതു വ്യക്തമാക്കുന്നുണ്ട്. (1 കൊരിന്ത്യർ 6:1-3) “ഞാൻ സിംഹാസനങ്ങൾ കണ്ടു, അവയിൽ ഇരുന്നവർ ഉണ്ടായിരുന്നു, അവർക്കു ന്യായവിധിയുടെ അധികാരം കൊടുക്കപ്പെട്ടു”വെന്നു ബൈബിളെഴുത്തുകാരൻ പറയുന്നു. ഈ ന്യായാധിപൻമാർ ക്രിസ്തുവിന്റെ അഭിഷിക്തരായ വിശ്വസ്താനുഗാമികളാണ്: അവർ ബൈബിൾ തുടർന്നുപറയുന്നതുപോലെ “ജീവനിലേക്കുവരുകയും ക്രിസ്തുവിനോടുകൂടെ ഒരായിരംവർഷം രാജാക്കൻമാരായി ഭരിക്കുകയും ചെയ്തു.” അതുകൊണ്ട് ന്യായവിധിദിവസം 1,000 വർഷം നീളമുളളതായിരിക്കും. അത് ക്രിസ്തുവും അവന്റെ വിശ്വസ്തരായ 1,44,000 അഭിഷിക്താനുഗാമികളും “പുതിയ ഭൂമി”യുടെമേൽ “പുതിയ ആകാശങ്ങളാ”യി ഭരിക്കുന്ന അതേ 1,000-വർഷകാലഘട്ടമാണ്.—വെളിപ്പാട് 20:4, 6; 2 പത്രോസ് 3:13.
5, 6. (എ) ഒരു ബൈബിൾസങ്കീർത്തനക്കാരൻ ന്യായവിധിദിവസത്തെ വർണിച്ചതെങ്ങനെ? (ബി) ന്യായവിധിദിവസത്തിൽ ഭൂമിയിലെ ജീവിതം എങ്ങനെയായിരിക്കും?
5 ഈ പേജുകൾ കാണുക. മനുഷ്യവർഗത്തിന് അത്ഭുതകരമായ ന്യായവിധിദിവസം എങ്ങനെയായിരിക്കുമെന്ന് അവ ഒരു ഏകദേശധാരണ നൽകുന്നു. ബൈബിൾ സങ്കീർത്തനക്കാരൻ ആ മഹത്തായ കാലത്തെ സംബന്ധിച്ച് എഴുതി: “തുറസ്സായ വയലും അതിലുളള സകലവും ആനന്ദിക്കട്ടെ. അതേസമയം കാട്ടിലെ സകല വൃക്ഷങ്ങളും യഹോവയുടെ മുമ്പാകെ സന്തോഷത്തോടെ ഘോഷിക്കട്ടെ. എന്തെന്നാൽ അവൻ വന്നിരിക്കുന്നു; എന്തെന്നാൽ അവൻ ഭൂമിയെ ന്യായം വിധിക്കാൻ വന്നിരിക്കുന്നു. അവൻ ഫലദായകമായ ദേശത്തെ നീതിയോടെയും ജനങ്ങളെ അവന്റെ വിശ്വസ്തതയോടെയും ന്യായം വിധിക്കും.”—സങ്കീർത്തനം 96:12, 13.
6 അർമഗെദ്ദോനെ അതിജീവിക്കുന്നവർ ന്യായവിധിദിവസത്തിൽ ഭൂമിയെ ഒരു പറുദീസയാക്കാൻ പണിയെടുക്കും. ഈ പറുദീസയിലേക്കു മരിച്ചവർ തിരികെ സ്വാഗതം ചെയ്യപ്പെടും. (ലൂക്കോസ് 23:43) മരണത്താൽ ദീർഘനാളായി വേർപെട്ടിരുന്ന കുടുംബങ്ങൾ വീണ്ടും ഒന്നിക്കുമ്പോൾ എന്തു സന്തോഷമായിരിക്കും! അതെ, സമാധാനത്തിൽ ജീവിക്കുന്നതും നല്ല ആരോഗ്യം ആസ്വദിക്കുന്നതും ദൈവോദ്ദേശ്യങ്ങൾ സംബന്ധിച്ചു പ്രബോധനം ലഭിക്കുന്നതും എത്ര ഉല്ലാസപ്രദമായിരിക്കും! ബൈബിൾ പറയുന്നു: “നീ ഭൂമിയെ ന്യായം വിധിക്കുമ്പോൾ ഫലദായകമായ ദേശത്തെ നിവാസികൾ തീർച്ചയായും പഠിക്കുന്നതു നീതിയായിരിക്കും.” (യെശയ്യാവ് 26:9) ന്യായവിധിദിവസത്തിൽ സകല ജനങ്ങളും യഹോവയെക്കുറിച്ചു പഠിക്കും, അവനെ അനുസരിക്കുന്നതിനും സേവിക്കുന്നതിനും അവർക്കു സകല അവസരവും കൊടുക്കപ്പെടും.
7. ന്യായവിധിദിവസത്തിൽ ദൈവത്തെ സേവിക്കാൻ തീരുമാനിക്കുന്നവർക്കും അങ്ങനെ ചെയ്യാൻ വിസമ്മതിക്കുന്നവർക്കും എന്തു സംഭവിക്കും?
7 അങ്ങനെയുളള പറുദീസായവസ്ഥകളിലാണു യേശുക്രിസ്തുവും അവന്റെ 1,44,000 സഹരാജാക്കൻമാരും മനുഷ്യവർഗത്തെ ന്യായംവിധിക്കുന്നത്. യഹോവയെ സേവിക്കാൻ തീരുമാനിക്കുന്ന ആളുകൾ നിത്യജീവനു യോഗ്യരായിരിക്കും. എന്നാൽ ഈ അത്യുത്തമസാഹചര്യങ്ങളിൽപോലും ചിലർ ദൈവത്തെ സേവിക്കാൻ വിസമ്മതിക്കും. തിരുവെഴുത്തുകൾ പറയുന്നതുപോലെ: “ദുഷ്ടനോട് ആനുകൂല്യം കാണിച്ചാലും അവൻ കേവലം നീതി പഠിക്കുകയില്ല. സത്യസന്ധതയുളള ദേശത്ത് അവൻ അന്യായമായി പ്രവർത്തിക്കും.” (യെശയ്യാവ് 26:10) അതുകൊണ്ട് തങ്ങളുടെ വഴികൾക്കു മാററം വരുത്തുന്നതിനും നീതി പഠിക്കുന്നതിനും പൂർണാവസരം കൊടുക്കപ്പെട്ടശേഷം അങ്ങനെയുളള ദുഷ്ടൻമാർ നശിപ്പിക്കപ്പെടും. ന്യായവിധിദിവസം അവസാനിക്കുന്നതിനുമുമ്പുതന്നെ ചിലർ വധിക്കപ്പെടും. (യെശയ്യാവ് 65:20) പറുദീസാ ഭൂമിയെ ദുഷിപ്പിക്കാൻ അല്ലെങ്കിൽ നശിപ്പിക്കാൻ ജീവിച്ചിരിക്കുന്നതിന് അവർ അനുവദിക്കപ്പെടുകയില്ല.
8. സോദോമിലെ പുരുഷൻമാരുടെ ധാർമികാവസ്ഥ എന്തായിരുന്നു?
8 യഹോവയുടെ വലിയ ന്യായവിധിദിവസത്തിൽ ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിക്കുന്നതു യഥാർഥത്തിൽ മഹത്തായ ഒരു പദവിയായിരിക്കും. എന്നിരുന്നാലും, അത് എല്ലാവർക്കും കിട്ടുകയില്ലാത്ത ഒരു പദവിയായിരിക്കുമെന്നു ബൈബിൾ സൂചിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന് പുരാതന സോദോമിലെ ആളുകളെക്കുറിച്ചു പരിചിന്തിക്കുക. ലോത്തിനെ സന്ദർശിച്ച “പുരുഷൻമാരു”മായി ലൈംഗികബന്ധങ്ങളിലേർപ്പെടാൻ സോദോമിലെ പുരുഷൻമാർ ശ്രമിച്ചുവെന്നു ബൈബിൾ പറയുന്നു. അവർ അത്ഭുതകരമായി അന്ധരാക്കപ്പെട്ടപ്പോൾപോലും, അവർ ലോത്തിനെ സന്ദർശിച്ചവരുമായി വേഴ്ചനടത്താൽ അകത്തു കടക്കുന്നതിനു “വാതിൽ കണ്ടുപിടിക്കാൻ കിണഞ്ഞുശ്രമിക്കുകയായിരുന്ന”തുകൊണ്ട് അവരുടെ അധാർമിക പെരുമാററം അത്യന്തം അതിർകടന്നതായിരുന്നു.—ഉല്പത്തി 19:4-11.
9, 10. സോദോമിലെ ദുഷ്ടരായ ആളുകൾക്ക് ഒരു പുനരുത്ഥാനത്തിനുളള പ്രത്യാശയെക്കുറിച്ചു തിരുവെഴുത്തുകൾ എന്തു സൂചിപ്പിക്കുന്നു?
9 ന്യായവിധിദിവസത്തിൽ അത്തരം ഭയങ്കര ദുഷ്ടൻമാർ പുനരുത്ഥാനം ചെയ്യിക്കപ്പെടുമോ? പ്രത്യക്ഷത്തിൽ അവർ പുനരുത്ഥാനം ചെയ്യിക്കപ്പെടുകയില്ലെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന് യേശുവിന്റെ വിശ്വസ്ത ശിഷ്യൻമാരിലൊരാളായിരുന്ന യൂദാ, മനുഷ്യപുത്രിമാരുമായി ബന്ധങ്ങളിലേർപ്പെടാൻ സ്വർഗങ്ങളിലെ തങ്ങളുടെ സ്ഥാനം വെടിഞ്ഞ ദൂതൻമാരെക്കുറിച്ച് ആദ്യം എഴുതി. അനന്തരം അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അങ്ങനെതന്നെ സോദോമും ഗോമോറയും അവയ്ക്കു ചുററുമുളള നഗരങ്ങളും മേൽപ്പറഞ്ഞവരെപ്പോലെ, അതേരീതിയിൽ അത്യധികമായി ദുർവൃത്തിയിലേർപ്പെടുകയും പ്രകൃതിവിരുദ്ധ ഉപയോഗത്തിനായി ജഡത്തിന്റെ പിന്നാലെ പോകുകയും ചെയ്തശേഷം, നിത്യാഗ്നിയുടെ ന്യായമായ ശിക്ഷ അനുഭവിച്ചുകൊണ്ട് ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമായി നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്നു.” (യൂദാ 6, 7; ഉല്പത്തി 6:1, 2) അതെ, സോദോമിലെയും ചുററുപാടുമുണ്ടായിരുന്ന നഗരങ്ങളിലെയും ആളുകൾ അവരുടെ അത്യധികമായ ദുർമാർഗം നിമിത്തം നാശമനുഭവിച്ചു; പ്രത്യക്ഷത്തിൽ അവർ അതിൽനിന്ന് ഒരിക്കലും പുനരുത്ഥാനം ചെയ്യിക്കപ്പെടുകയില്ല.—2 പത്രോസ് 2:4-6, 9, 10എ.
10 സോദോമ്യർ പുനരുത്ഥാനം ചെയ്യിക്കപ്പെടാതിരുന്നേക്കാമെന്നു യേശുവും സൂചിപ്പിച്ചു. അവൻ അത്ഭുതങ്ങൾ ചെയ്ത നഗരങ്ങളിലൊന്നായ കഫർന്നഹൂമിനെക്കുറിച്ചു സംസാരിച്ചപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “നിന്നിൽ (കഫർന്നഹൂം) നടന്ന വീര്യപ്രവൃത്തികൾ സോദോമിൽ നടന്നിരുന്നുവെങ്കിൽ അത് ഈ ദിവസംവരെയും നിലനിൽക്കുമായിരുന്നു. തത്ഫലമായി, ന്യായവിധിദിവസത്തിൽ സോദോം ദേശത്തിനു നിങ്ങളേക്കാൾ സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 11:22-24) യേശുവിന്റെ ഇസ്രായേല്യസദസ്സിന്റെ മനസ്സുകളിൽ ന്യായവിധിദിവസത്തിലെ ഒരു പുനരുത്ഥാനത്തിനു തികച്ചും അയോഗ്യരായിരുന്ന പുരാതന സോദോമ്യർക്കു കൂടുതൽ സഹിക്കാവതാകും എന്നു പറഞ്ഞുകൊണ്ടു യേശു ഇവിടെ കഫർന്നഹൂമിലെ ആളുകളുടെ നിന്ദ്യാവസ്ഥയെ ദൃഢീകരിക്കുകയായിരുന്നു.
11. “നീതിമാൻമാർ”ക്കു ന്യായവിധിദിവസത്തിൽ “നീതികെട്ട” ഏതൊരാളെക്കാളും എളുപ്പമായിരിക്കുന്നതെന്തുകൊണ്ട്?
11 അപ്പോൾ തീർച്ചയായും നാം ഒരു പുനരുത്ഥാനത്തിനു യോഗ്യതപ്രാപിക്കാൻ തക്കവണ്ണം ജീവിക്കുന്നതിനു നമ്മാൽ കഴിയുന്നതെല്ലാം നാം ചെയ്യണം. എന്നാൽ പുനരുത്ഥാനം പ്രാപിക്കുന്ന മരിച്ചവരിൽ ചിലർക്കു നീതി പഠിക്കുന്നതും പ്രവർത്തിക്കുന്നതും മററുളളവരെക്കാൾ പ്രയാസമായിരിക്കുമോയെന്നു പിന്നെയും ചോദിക്കപ്പെട്ടേക്കാം. ശരി, ഇതു പരിചിന്തിക്കുക: അബ്രാഹാം, ഇസ്ഹാക്ക്, ഇയ്യോബ്, ദബോരാ, രൂത്ത്, ദാനിയേൽ എന്നിങ്ങനെയുളള “നീതിമാൻമാരായ” ആളുകൾ മരിക്കുന്നതിനുമുമ്പ് അവരെല്ലാം മിശിഹായുടെ വരവിനുവേണ്ടി നോക്കിപ്പാർത്തിരുന്നു. ന്യായവിധിദിവസത്തിൽ അവനെക്കുറിച്ചു പഠിക്കുന്നതിനും അവൻ സ്വർഗത്തിൽ ഭരിക്കുന്നുവെന്നു മനസ്സിലാക്കുന്നതിനും അവർ എത്ര സന്തോഷമുളളവരായിരിക്കും! അതുകൊണ്ട് ഈ “നീതിമാൻമാർ”ക്ക് ആ കാലത്തു നീതി പ്രവർത്തിക്കുന്നത്, അതേ ഉദ്ദേശ്യത്തിൽതന്നെ പുനരുത്ഥാനത്തിലേക്കു വരുത്തപ്പെടുന്ന ഏതു “നീതികെട്ടവരെ”ക്കാളും വളരെ എളുപ്പമായിരിക്കും.—പ്രവൃത്തികൾ 24:15.
“ജീവന്റെ”യും “ന്യായവിധിയുടെ”യും പുനരുത്ഥാനങ്ങൾ
12. യോഹന്നാൻ 5:28-30 അനുസരിച്ച് ആർക്ക് ഒരു “ജീവന്റെ പുനരുത്ഥാനം” ലഭിക്കുന്നു, ആർക്ക് ഒരു “ന്യായവിധിയുടെ പുനരുത്ഥാനം” ലഭിക്കുന്നു?
12 ന്യായവിധിദിവസത്തിലെ അവസ്ഥയെക്കുറിച്ചു വർണിക്കവേ യേശു പറഞ്ഞു: “സ്മാരകക്കല്ലറകളിലുളള എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ട് പുറത്തുവരും. . .നല്ല കാര്യങ്ങൾ ചെയ്തവർ ഒരു ജീവന്റെ പുനരുത്ഥാനത്തിലേക്ക്, ഹീനകാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നവർ ഒരു ന്യായവിധിയുടെ പുനരുത്ഥാനത്തിലേക്ക്. . .ഞാൻ കേൾക്കുന്നതുപോലെ ന്യായംവിധിക്കുന്നു; ഞാൻ നൽകുന്ന ന്യായവിധി നീതിയുളളതാണ്, എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ സ്വന്ത ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് അന്വേഷിക്കുന്നത്.” (യോഹന്നാൻ 5:28-30) ഈ “ജീവന്റെ പുനരുത്ഥാനം” എന്താണ്, “ന്യായവിധിയുടെ പുനരുത്ഥാനം” എന്താണ്? അവ ലഭിക്കുന്നതാർക്ക്?
13. ഒരു വ്യക്തിക്കു “ജീവന്റെ പുനരുത്ഥാനം” എന്നതിന്റെ അർഥമെന്ത്?
13 മരിച്ചവർ ശവക്കുഴിയിൽനിന്നു പുറത്തുവരുമ്പോൾ അവർ തങ്ങളുടെ കഴിഞ്ഞകാലത്തെ പ്രവൃത്തികളനുസരിച്ചു ന്യായംവിധിക്കപ്പെടുന്നില്ലെന്നു നാം വ്യക്തമായി കണ്ടുകഴിഞ്ഞു. എന്നാൽ ന്യായവിധിദിവസത്തിൽ അവർ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് അവർ ന്യായംവിധിക്കപ്പെടുന്നത്. അതുകൊണ്ട് “നല്ലകാര്യങ്ങൾ ചെയ്തവരെയും” “ഹീനകാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നവരെയും” കുറിച്ചു യേശു പറഞ്ഞപ്പോൾ അവർ ന്യായവിധിദിവസത്തിൽ ചെയ്യുന്ന നല്ലകാര്യങ്ങളെയും ദുഷ്ടകാര്യങ്ങളെയുമാണ് അവൻ പരാമർശിച്ചത്. ഉയിർപ്പിക്കപ്പെടുന്നവരിൽ അനേകരും തങ്ങൾ ചെയ്യുന്ന നല്ലകാര്യങ്ങൾ നിമിത്തം 1,000 വർഷ ന്യായവിധിദിവസത്തിന്റെ അന്ത്യമാകുമ്പോഴേക്ക് മാനുഷപൂർണതയിലേക്കു പുരോഗമിക്കും. അങ്ങനെ മരിച്ചവരിൽനിന്നുളള അവരുടെ തിരിച്ചുവരവ് ഒരു “ജീവന്റെ പുനരുത്ഥാന”മാണെന്നു തെളിയും. എന്തുകൊണ്ടെന്നാൽ അവർ പാപരഹിതമായ പൂർണജീവൻ പ്രാപിക്കും.
14. ഒരു വ്യക്തിക്കു “ന്യായവിധിയുടെ പുനരുത്ഥാനം” ലഭിക്കുന്നു എന്നതിന്റെ അർഥമെന്ത്?
14 മറിച്ച്, ന്യായവിധിദിവസത്തിൽ ‘ഹീനകാര്യങ്ങൾ’ അഥവാ ദുഷ്കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നവരെ സംബന്ധിച്ചെന്ത്? മരിച്ചവരിൽനിന്നുളള അവരുടെ തിരിച്ചുവരവ് ഒരു “ന്യായവിധിയുടെ പുനരുത്ഥാന”മാണെന്നു തെളിയും. അതിന്റെ അർഥമെന്താണ്? അതിന്റെ അർഥം മരണത്തിനുളള ഒരു ന്യായവിധി അഥവാ കുററവിധി എന്നാണ്. അതുകൊണ്ട് അവർ ഒന്നുകിൽ ന്യായവിധി ദിവസത്തിലോ അല്ലെങ്കിൽ അതിന്റെ അവസാനത്തിലോ നശിപ്പിക്കപ്പെടും. അവർ ദുഷ്ക്കാര്യങ്ങൾ ചെയ്യുന്നുവെന്നതാണു കാരണം; അവർ നീതി പഠിക്കാനും പ്രവർത്തിക്കാനും ശാഠ്യപൂർവം വിസമ്മതിക്കുന്നു.
ന്യായവിധിദിവസം തുടങ്ങുന്ന സമയം
15. ന്യായവിധിദിവസം തുടങ്ങുന്നതിനു തൊട്ടുമുൻപ് എന്തു സംഭവിക്കുന്നു?
15 ന്യായവിധിദിവസത്തിനു തൊട്ടുമുൻപു സംഭവിക്കുന്നത് അപ്പോസ്തലനായ യോഹന്നാൻ ദർശനത്തിൽ കണ്ടു. അവൻ എഴുതി: “ഞാൻ ഒരു വലിയ വെളള സിംഹാസനവും അതിൻമേൽ ഇരിക്കുന്നവനെയും കണ്ടു. അവന്റെ മുമ്പാകെനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി,. . .മരിച്ചവർ, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. . . .മരിച്ചവർ. . .ന്യായം വിധിക്കപ്പെട്ടു.” (വെളിപ്പാട് 20:11, 12) അതുകൊണ്ട് ന്യായവിധിദിവസം തുടങ്ങുന്നതിനുമുൻപ് “ഭൂമിയും ആകാശവും” ഉൾക്കൊളളുന്ന ഇപ്പോഴത്തെ വ്യവസ്ഥിതി നീങ്ങിപ്പോകും. സകല ദുഷ്ടൻമാരും അർമഗെദ്ദോനിൽ നശിപ്പിക്കപ്പെടുമ്പോൾ, ദൈവത്തെ സേവിക്കുന്നവർ മാത്രമേ അതിജീവിക്കുകയുളളു.—1 യോഹന്നാൻ 2:17.
16. (എ) മരിച്ചവർക്കു പുറമെ ആരും ന്യായവിധിദിവസത്തിൽ ന്യായം വിധിക്കപ്പെടും? (ബി) അവർ എന്തിൽനിന്നു ന്യായം വിധിക്കപ്പെടും?
16 അങ്ങനെ ന്യായവിധിദിവസത്തിൽ പുനരുത്ഥാനം പ്രാപിക്കുന്ന “മരിച്ചവർ” മാത്രമായിരിക്കയില്ല ന്യായം വിധിക്കപ്പെടുന്നത്. അർമഗെദ്ദോനെ അതിജീവിക്കുന്ന “ജീവിച്ചിരിക്കുന്നവരും” അവർക്കുണ്ടായേക്കാവുന്ന മക്കളും ന്യായം വിധിക്കപ്പെടും. (2 തിമൊഥെയോസ് 4:1) യോഹന്നാൻ തന്റെ ദർശനത്തിൽ അവർ ന്യായം വിധിക്കപ്പെടുന്നതെങ്ങനെയെന്നു കണ്ടു. “ചുരുളുകൾ തുറക്കപ്പെട്ടു; ചുരുളുകളിൽ എഴുതിയിരുന്ന കാര്യങ്ങളിൽനിന്ന് അവരുടെ പ്രവൃത്തികളനുസരിച്ചു മരിച്ചവർ ന്യായം വിധിക്കപ്പെട്ടു. സമുദ്രം അതിലുളള മരിച്ചവരെ ഏല്പിച്ചുകൊടുത്തു, മരണവും ഹേഡീസും അവയിലുളള മരിച്ചവരെ ഏൽപ്പിച്ചുകൊടുത്തു. അവർ അവരുടെ പ്രവൃത്തികളനുസരിച്ചു വ്യക്തിപരമായി ന്യായം വിധിക്കപ്പെട്ടു.”—വെളിപ്പാട് 20:12, 13.
17. “ജീവിച്ചിരിക്കുന്നവരും” “മരിച്ചവരും” ന്യായം വിധിക്കപ്പെടുന്ന “ചുരുളുകൾ” എന്താണ്?
17 “മരിച്ചവരും” “ജീവിച്ചിരിക്കുന്നവരും” ന്യായം വിധിക്കപ്പെടുന്നതിനു തുറക്കപ്പെടുന്ന “ചുരുളുകൾ” എന്താണ്? പ്രസ്പഷ്ടമായി, അവ നമ്മുടെ ഇപ്പോഴത്തെ വിശുദ്ധ ബൈബിളിനു പുറമേയുളള എന്തെങ്കിലുമായിരിക്കും. അവ യഹോവയുടെ നിയമങ്ങളും നിർദേശങ്ങളുമടങ്ങിയിരിക്കുന്ന നിശ്വസ്ത എഴുത്തുകൾ അഥവാ പുസ്തകങ്ങൾ ആണ്. ഇവ വായിക്കുന്നതിനാൽ ഭൂമിയിലെ സകല മനുഷ്യർക്കും ദൈവത്തിന്റെ ഇഷ്ടം അറിയാൻ കഴിയും. അനന്തരം ഈ “ചുരുളുകളി”ലെ നിയമങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഭൂമിയിലുളള എല്ലാവരും ന്യായം വിധിക്കപ്പെടും. അവിടെ എഴുതിയിരിക്കുന്ന കാര്യങ്ങൾ അനുസരിക്കുന്നവർക്കു ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ ലഭിക്കും. അവർ ക്രമേണ മാനുഷപൂർണതയിലേക്കു വളരും.
18. (എ) ന്യായവിധിദിവസത്തിന്റെ അന്ത്യത്തിലെ അവസ്ഥ എന്തായിരിക്കും? (ബി) 1,000 വർഷത്തിന്റെ അവസാനത്തിൽ മരിച്ചവർ ഏതു വിധത്തിൽ ജീവനിലേക്കു വരുന്നു?
18 ആയിരവർഷന്യായവിധിദിവസത്തിന്റെ അവസാനമാകുമ്പോഴേക്ക്, ഭൂമിയിലുളള ആരും ആദാമിന്റെ പാപം നിമിത്തം മരിക്കുന്ന അവസ്ഥയിലായിരിക്കയില്ല. സത്യമായി, സമ്പൂർണമായ അർഥത്തിൽതന്നെ എല്ലാവരും ജീവനിലേക്കു വന്നിരിക്കും. “മരിച്ചവരിൽ ശേഷിച്ചവർ [സ്വർഗത്തിലേക്കു പോകുന്ന 1,44,000 പേർ ഒഴികെയുളളവർ] ആയിരം വർഷം അവസാനിക്കുന്നതുവരെ ജീവനിലേക്കു വന്നില്ല” എന്നു പറയുമ്പോൾ ബൈബിൾ ഇതിനെയാണു പരാമർശിക്കുന്നത്. (വെളിപ്പാട് 20:5) ഇവിടെ “മരിച്ചവരിൽ ശേഷിച്ചവർ” എന്ന പരാമർശം മററുളളവർ 1,000 വർഷ ന്യായവിധിദിവസത്തിന്റെ അന്ത്യത്തിലാണ് ഉയിർപ്പിക്കപ്പെടുന്നതെന്ന് അർഥമാക്കുന്നില്ല. പകരം, സകല മനുഷ്യരും ഒടുവിൽ മാനുഷപൂർണതയിലെത്തുമ്പോഴാണ് അവർ ജീവനിലേക്കു വരുന്നതെന്ന് അത് അർഥമാക്കുന്നു. അവർ ഏദൻതോട്ടത്തിൽ ആദാമും ഹവ്വായും ആയിരുന്ന അതേ പൂർണതയുളള അവസ്ഥയിലായിരിക്കും. അപ്പോൾ എന്തു സംഭവിക്കും?
ന്യായവിധിദിവസത്തിനുശേഷം
19. ന്യായവിധിദിവസത്തിന്റെ അന്ത്യത്തിൽ ക്രിസ്തു എന്തു ചെയ്യുന്നു?
19 ദൈവം തന്നെ ഭരമേൽപ്പിച്ചതെല്ലാം ചെയ്തശേഷം യേശുക്രിസ്തു “തന്റെ ദൈവവും പിതാവുമായവനു രാജ്യം ഏൽപ്പിച്ചുകൊടുക്കുന്നു.” ഇത് 1,000-വർഷ ന്യായവിധിദിവസത്തിന്റെ അവസാനത്തിലായിരിക്കും. അപ്പോഴേക്കും സകലശത്രുക്കളും നീക്കംചെയ്യപ്പെട്ടിരിക്കും. ശത്രുക്കളിൽ അവസാനത്തേത് ആദാമിൽനിന്ന് അവകാശപ്പെടുത്തിയ മരണമായിരിക്കും. അതു നശിപ്പിക്കപ്പെടും! അപ്പോൾ രാജ്യം യഹോവയാം ദൈവത്തിന്റെ വകയായിത്തീരുന്നു. അവൻ രാജാവെന്നനിലയിൽ നേരിട്ടു ഭരിക്കുന്നു.—1 കൊരിന്ത്യർ 15:24-28.
20. (എ)“ജീവന്റെ പുസ്തക”ത്തിൽ ആരുടെ പേർ എഴുതണമെന്നു നിശ്ചയിക്കാൻ യഹോവ എന്തു ചെയ്യും? (ബി) മനുഷ്യവർഗത്തിന് ഒരു അന്തിമപരിശോധന ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
20 “ജീവന്റെ ചുരുളിൽ” അഥവാ “ജീവന്റെ പുസ്തക”ത്തിൽ ആരുടെ പേർ എഴുതണമെന്നു യഹോവ എങ്ങനെ നിശ്ചയിക്കും? (വെളിപ്പാട് 20:12, 15) അതു മനുഷ്യവർഗത്തിന്റെമേലുളള ഒരു പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും. അത്തരമൊരു പരിശോധനയിൽ ആദാമും ഹവ്വായും പരാജയപ്പെട്ടത് ഓർക്കുക. പരിശോധിക്കപ്പെട്ടപ്പോൾ ഇയ്യോബ് നിർമലത പാലിച്ചതും ഓർക്കുക. എന്നാൽ 1,000 വർഷത്തിന്റെ അവസാനംവരെ ജീവിക്കുന്ന മിക്ക മനുഷ്യരുടെയും വിശ്വാസം ഒരിക്കലും പരീക്ഷിക്കപ്പെട്ടിരിക്കയില്ല. അവർ ഉയിർപ്പിക്കപ്പെടുന്നതിനുമുൻപ് അവർ യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അജ്ഞരായിരുന്നു. അവർ സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ ഭാഗമായിരുന്നു; അവർ “നീതികെട്ടവർ” ആയിരുന്നു. പിന്നീട് അവരുടെ പുനരുത്ഥാനശേഷം, പിശാചിൽനിന്നുളള യാതൊരു എതിർപ്പും കൂടാതെ പറുദീസയിൽ ജീവിക്കുകനിമിത്തം യഹോവയെ സേവിക്കുന്നത് അവർക്ക് എളുപ്പമായിരുന്നു. എന്നാൽ തുടർന്നും യഹോവയെ സേവിക്കുന്നതിൽനിന്ന് അവരെ തടയാൻ ശ്രമിക്കുന്നതിനു സാത്താന് അവസരം കൊടുക്കപ്പെട്ടാൽ അന്നു പൂർണരായിരിക്കുന്ന ആ ശതകോടിക്കണക്കിനു മനുഷ്യർ യഹോവയെ സേവിക്കുമോ? സാത്താൻ പൂർണരായിരുന്ന ആദാമിനോടും ഹവ്വായോടും ചെയ്തത് അവരോടും ചെയ്യാൻ കഴിയുമോ?
21. (എ) യഹോവ മനുഷ്യവർഗത്തെ എങ്ങനെ പരിശോധിക്കും? (ബി) പരിശോധന പൂർത്തിയാകുമ്പോൾ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും എന്തു സംഭവിക്കും?
21 അത്തരം പ്രശ്നങ്ങൾക്കു തീരുമാനമുണ്ടാക്കാൻ 1,000 വർഷമായി സാത്താനും അവന്റെ ഭൂതങ്ങളും സ്ഥിതിചെയ്തിരുന്ന അഗാധത്തിൽനിന്നു യഹോവ അവരെ സ്വതന്ത്രരായി വിടുന്നു. ഫലമെന്താണ്? യഹോവയെ സേവിക്കുന്നതിൽനിന്നു കുറേപ്പേരെ അകററുന്നതിൽ സാത്താൻ വിജയിക്കുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. അവർ “സമുദ്രത്തിലെ മണൽ” പോലെയായിരിക്കും. അവരുടെ സംഖ്യ അനിശ്ചിതമാണെന്നാണ് അതിന്റെ അർഥം. ഈ പരിശോധന നിർവഹിക്കപ്പെട്ടശേഷം സാത്താനും അവന്റെ ഭൂതങ്ങളും പരിശോധനയിൽ വിജയിക്കാത്തവരും പ്രതീകാത്മക “തീത്തടാക”ത്തിലേക്ക് എറിയപ്പെടുന്നു, അതാണ് രണ്ടാം (നിത്യ) മരണം. (വെളിപ്പാട് 20:7-10, 15) “ജീവന്റെ പുസ്തകത്തിൽ” പേരെഴുതിക്കാണുന്നവർ മഹത്തായ ഭൗമിക പറുദീസയിൽ നിലനില്ക്കും. അവരുടെ പേരുകൾ “ജീവന്റെ പുസ്തക”ത്തിൽ എഴുതുന്നതിന്റെ അർഥം അവർ ഹൃദയത്തിലും മനസ്സിലും ശരീരത്തിലും പൂർണനീതിയുളളവരാണെന്നും അങ്ങനെ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ യോഗ്യരാണെന്നും യഹോവ വിധിക്കുന്നുവെന്നാണ്.
ഇപ്പോഴത്തെ ന്യായവിധിദിവസം
22. ന്യായവിധിദിവസവും മനുഷ്യവർഗത്തിന്റെ അന്തിമപരിശോധനയും കാണാൻ ജീവിച്ചിരിക്കുന്നതിനു നാം ഇപ്പോൾ എന്തിനെ അതിജീവിക്കണം?
22 അങ്ങനെ ബൈബിൾ 1,000-ത്തിൽ പരം വർഷം ഭാവിയിലേക്കു കടന്നുളള സംഭവങ്ങളെക്കുറിച്ചുളള വിവരങ്ങൾ നൽകുന്നു. ഭാവിയിൽ സ്ഥിതിചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു ഭയപ്പെടാൻ കാരണമില്ലെന്ന് അതു പ്രകടമാക്കുന്നു. എന്നാൽ ചോദ്യം ഇതാണ്: യഹോവയാം ദൈവം കരുതിവെച്ചിരിക്കുന്ന നൻമകൾ ആസ്വദിക്കാൻ നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ? അതു നിങ്ങൾ നേരത്തെയുളള ഒരു ന്യായവിധിദിവസത്തെ, അതായത്, ഇപ്പോഴത്തെ “ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്റെയും ദിവസ”ത്തെ അതിജീവിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.—2 പത്രോസ് 3:7.
23. (എ) ഇപ്പോൾ ആളുകൾ ഏതു രണ്ടു വർഗങ്ങളായി വേർതിരിക്കപ്പെടുന്നു? (ബി) ഓരോ വർഗത്തിനും എന്തു സംഭവിക്കും, എന്തുകൊണ്ട്?
23 അതെ, ക്രിസ്തു തിരിച്ചുവരുകയും അവന്റെ സ്വർഗീയ സിംഹാസനത്തിൽ ഇരിക്കുകയും ചെയ്തതു മുതൽ സകല മനുഷ്യവർഗവും ന്യായവിധിയിലാണ്. ഇപ്പോഴത്തെ ഈ ന്യായവിധിദിവസം 1,000 വർഷ ന്യായവിധിദിവസം തുടങ്ങുന്നതിനു മുമ്പാണു വരുന്നത്. ഇപ്പോഴത്തെ ന്യായവിധിസമയത്ത് ആളുകൾ ക്രിസ്തുവിന്റെ ഇടതുവശത്തേക്കു “കോലാടുകളാ”യോ വലതുവശത്തേക്ക് “ചെമ്മരിയാടുകളാ”യോ വേർതിരിക്കപ്പെടുന്നു. “കോലാടുകൾ” ക്രിസ്തുവിന്റെ അഭിഷിക്ത “സഹോദരൻമാരെ” അവരുടെ ദൈവികസേവനത്തിൽ സഹായിക്കാത്തതുകൊണ്ടു നശിപ്പിക്കപ്പെടും. കാലക്രമത്തിൽ, ഈ “കോലാടുകൾ” അനുതാപമില്ലാത്ത പാപികളും ദുഷ്ടരും അനീതിപ്രവൃത്തിയിൽ കഠിനപ്പെട്ടിരിക്കുന്നവരുമാണെന്നു പ്രകടമാക്കുന്നു. മറിച്ച്, “ചെമ്മരിയാടുകൾ” എല്ലാ വിധത്തിലും ക്രിസ്തുവിന്റെ “സഹോദരൻമാരെ” പിന്താങ്ങുന്നതിനാൽ രാജ്യഭരണത്തിൻകീഴിലെ ജീവനാൽ അനുഗ്രഹിക്കപ്പെടും.—മത്തായി 25:31-46.
[178-ാം പേജിലെ ചിത്രങ്ങൾ]
സോദോമിലുണ്ടായിരുന്നവർക്കു ന്യായവിധിദിവസത്തിൽ കൂടുതൽ സഹിക്കാവതാകുമെന്നു യേശു പറഞ്ഞതെന്തുകൊണ്ട്?