അധ്യായം 55
യേശുവിന്റെ വാക്കുകൾ അനേകരെ ഞെട്ടിക്കുന്നു
യേശുവിന്റെ മാംസം തിന്നുന്നതും രക്തം കുടിക്കുന്നതും
പലർക്കും ബുദ്ധിമുട്ട് തോന്നിയിട്ട് യേശുവിനെ അനുഗമിക്കുന്നത് നിറുത്തുന്നു
യേശു കഫർന്നഹൂമിലെ ഒരു സിനഗോഗിൽ പഠിപ്പിക്കുകയാണ്. താൻ സ്വർഗത്തിൽനിന്ന് വന്ന ശരിക്കുള്ള അപ്പമാണെന്ന് യേശു പറയുന്നു. ഗലീലക്കടലിനു കിഴക്ക് യേശു അപ്പവും മീനും കൊടുത്ത ആളുകളോടു പറഞ്ഞതിന്റെ ബാക്കിയായിട്ടാണ് യേശു ഇപ്പോൾ സംസാരിക്കുന്നത്.
യേശു ചർച്ച തുടരുന്നു: “നിങ്ങളുടെ പൂർവികർ വിജനഭൂമിയിൽവെച്ച് മന്ന കഴിച്ചിട്ടും മരിച്ചുപോയല്ലോ.” എന്നിട്ട് ഒരു വ്യത്യാസം എടുത്തുകാണിച്ചുകൊണ്ട് യേശു പറയുന്നു: “ഞാനാണു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം. ഈ അപ്പം തിന്നുന്നയാൾ എന്നും ജീവിച്ചിരിക്കും. ലോകത്തിന്റെ ജീവനുവേണ്ടിയുള്ള എന്റെ മാംസമാണു ഞാൻ കൊടുക്കാനിരിക്കുന്ന അപ്പം.”—യോഹന്നാൻ 6:48-51.
എ.ഡി. 30-ലെ വസന്തകാലത്ത് യേശു നിക്കോദേമൊസിനോട് ദൈവം യേശുവിനെ ഒരു രക്ഷകനായി നൽകിയെന്നും അത്ര വലുതാണു ദൈവത്തിനു ലോകത്തോടുള്ള സ്നേഹമെന്നും പറഞ്ഞിരുന്നു. താൻ നൽകാനിരിക്കുന്ന ബലിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് തന്റെ മാംസം കഴിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് യേശു ഇപ്പോൾ ഊന്നിപ്പറയുന്നു. അതാണു നിത്യജീവൻ നേടാനുള്ള വഴി.
പക്ഷേ, യേശു പറയുന്നത് ആളുകൾക്ക് ഉൾക്കൊള്ളാനാകുന്നില്ല. “ഇവൻ എങ്ങനെ ഇവന്റെ മാംസം നമുക്കു തിന്നാൻ തരും,” അവർ ചോദിക്കുന്നു. (യോഹന്നാൻ 6:52) താൻ ഇതു പറയുന്നത് അക്ഷരാർഥത്തിലല്ല, ആലങ്കാരികമായിട്ടാണ് എന്ന് അവർ മനസ്സിലാക്കാൻ യേശു ആഗ്രഹിക്കുന്നു. അത് ആലങ്കാരികമായി എടുക്കേണ്ടതാണെന്ന് യേശുവിന്റെ തുടർന്നുള്ള വാക്കുകൾ വ്യക്തമാക്കുന്നു.
“നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ കിട്ടില്ല. എന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നയാൾക്കു നിത്യജീവനുണ്ട്. . . . കാരണം എന്റെ മാംസം യഥാർഥഭക്ഷണവും എന്റെ രക്തം യഥാർഥപാനീയവും ആണ്. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നയാൾ എന്നോടും ഞാൻ അയാളോടും യോജിപ്പിലായിരിക്കും.”—യോഹന്നാൻ 6:53-56.
ഈ വാക്കുകൾ കേട്ടപ്പോൾ ജൂതന്മാർക്ക് എന്തു തോന്നിയിരിക്കണമെന്ന് ഒന്ന് ആലോചിച്ചു നോക്കിയേ! യേശു നരഭോജനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നോ രക്തം ഭക്ഷിക്കുന്നതിന് എതിരെയുള്ള നിയമം ലംഘിക്കാൻ പറയുകയാണെന്നോ അവർ ചിന്തിച്ചിരിക്കാം. (ഉൽപത്തി 9:4; ലേവ്യ 17:10, 11) എന്നാൽ അക്ഷരാർഥത്തിൽ മാംസമോ രക്തമോ കഴിക്കുന്നതിനെയല്ല യേശു അർഥമാക്കുന്നത്. യേശു പെട്ടെന്നുതന്നെ തന്റെ പൂർണതയുള്ള മനുഷ്യശരീരവും ജീവരക്തവും ബലിയായി അർപ്പിക്കാൻ പോകുകയാണ്. നിത്യജീവൻ നേടാൻ ആഗ്രഹിക്കുന്ന എല്ലാവരും ആ ബലിയിൽ വിശ്വാസം അർപ്പിക്കണം എന്നാണ് യേശു പറയുന്നത്. പക്ഷേ, യേശുവിന്റെ ശിഷ്യന്മാരിൽ ചിലർക്കുപോലും ഇതു മനസ്സിലാകുന്നില്ല. ചിലർ ഇങ്ങനെ പറയുന്നു: “ഹൊ, എന്തൊക്കെയാണ് ഇദ്ദേഹം ഈ പറയുന്നത്? ഇതൊക്കെ കേട്ടുനിൽക്കാൻ ആർക്കു കഴിയും!”—യോഹന്നാൻ 6:60.
ശിഷ്യന്മാരിൽ ചിലരും യേശുവിന്റെ വാക്കുകൾ കേട്ട് പിറുപിറുക്കുന്നെന്നു കണ്ട് യേശു ചോദിക്കുന്നു: “ഇതു നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കിയോ? അങ്ങനെയെങ്കിൽ മനുഷ്യപുത്രൻ എവിടെനിന്ന് വന്നോ അവിടേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ? . . . ഞാൻ നിങ്ങളോടു പറഞ്ഞ വചനങ്ങളാണ് ആത്മാവും ജീവനും. എന്നാൽ, വിശ്വസിക്കാത്ത ചിലർ നിങ്ങൾക്കിടയിലുണ്ട്.” അതോടെ ശിഷ്യന്മാരിൽ പലരും യേശുവിനെ ഉപേക്ഷിച്ച് പോകുന്നു. പിന്നെ അവർ യേശുവിന്റെകൂടെ നടക്കുന്നില്ല.—യോഹന്നാൻ 6:61-64.
അതുകൊണ്ട് യേശു 12 അപ്പോസ്തലന്മാരോട്, “നിങ്ങൾക്കും പോകണമെന്നുണ്ടോ” എന്നു ചോദിക്കുന്നു. അപ്പോൾ പത്രോസ് പറയുന്നു: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടുത്തേക്കു പോകാനാണ്? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്! അങ്ങ് ദൈവത്തിന്റെ പരിശുദ്ധനെന്നു ഞങ്ങൾ വിശ്വസിക്കുന്നു, അതു ഞങ്ങൾക്കു മനസ്സിലായിട്ടുമുണ്ട്.” (യോഹന്നാൻ 6:67-69) വിശ്വസ്തതയുടെ എത്ര നല്ല മാതൃക! പത്രോസിനോ മറ്റ് അപ്പോസ്തലന്മാർക്കോ ഇപ്പോഴും യേശു പഠിപ്പിക്കുന്നതൊന്നും പൂർണമായി മനസ്സിലാകുന്നില്ലെന്ന് ഓർക്കണം!
പത്രോസിന്റെ മറുപടി കേട്ട് യേശുവിനു സന്തോഷമാകുന്നു. പക്ഷേ, യേശു പറയുന്നു: “ഞാൻ നിങ്ങൾ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, ഇല്ലേ? എങ്കിലും നിങ്ങളിൽ ഒരാൾ പരദൂഷണം പറയുന്നവനാണ്.” (യോഹന്നാൻ 6:70) യൂദാസ് ഈസ്കര്യോത്തിനെക്കുറിച്ചാണ് യേശു അതു പറയുന്നത്. ഈ സമയത്ത് യൂദാസ് തെറ്റായ വഴിക്കു നീങ്ങിത്തുടങ്ങുകയാണെന്ന് യേശു തിരിച്ചറിഞ്ഞിരിക്കണം.
എന്തായാലും പത്രോസും മറ്റ് അപ്പോസ്തലന്മാരും തന്നെ ഉപേക്ഷിച്ചുപോകാതെ താൻ ചെയ്യുന്ന ജീവരക്ഷാകരമായ ആ പ്രവർത്തനം ചെയ്യുന്നതിൽ യേശുവിനു തീർച്ചയായും സന്തോഷം തോന്നുന്നു.