അധ്യായം 66
കൂടാരോത്സവത്തിനുവേണ്ടി യരുശലേമിൽ
യേശു ആലയത്തിൽ പഠിപ്പിക്കുന്നു
സ്നാനപ്പെട്ടതിനു ശേഷമുള്ള വർഷങ്ങളിൽ യേശുവിനു വലിയ പേരും പ്രശസ്തിയും ആയി. ആയിരക്കണക്കിനു ജൂതന്മാർ യേശുവിന്റെ അത്ഭുതങ്ങൾ കണ്ടിട്ടുണ്ട്. യേശുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്ത നാട്ടിലെങ്ങും പരന്നു. ഇപ്പോൾ യരുശലേമിൽ കൂടാരപ്പെരുന്നാളിന്റെ സമയമാണ്. എല്ലാവരും യേശുവിനെ അന്വേഷിക്കുന്നുണ്ട്.
യേശുവിനെക്കുറിച്ച് ആളുകൾക്കു പലപല അഭിപ്രായങ്ങളാണുള്ളത്. “യേശു ഒരു നല്ല മനുഷ്യനാണ് ” എന്നു ചിലരും “അല്ല, അവൻ ജനങ്ങളെ വഴിതെറ്റിക്കുന്നവനാണ് ” എന്നു മറ്റു ചിലരും പറയുന്നു. (യോഹന്നാൻ 7:12) ഉത്സവത്തിന്റെ ആദ്യദിവസങ്ങളിലാണ് ആളുകൾ അധികവും ഇങ്ങനെയൊക്കെ അടക്കം പറയുന്നത്. പക്ഷേ, പരസ്യമായി യേശുവിന്റെ പക്ഷം പറയാൻ ആർക്കും ധൈര്യമില്ല. കാരണം ജൂതനേതാക്കന്മാർ എങ്ങനെ പ്രതികരിക്കുമെന്ന് എല്ലാവർക്കും നല്ല പേടിയുണ്ട്.
ഉത്സവം പകുതിയായപ്പോൾ യേശു ആലയത്തിൽ എത്തുന്നു. പഠിപ്പിക്കാനുള്ള യേശുവിന്റെ അത്ഭുതകരമായ പ്രാപ്തിയിൽ ആളുകൾ അതിശയിക്കുന്നു. യേശു ഒരിക്കലും റബ്ബിമാരുടെ വിദ്യാലയങ്ങളിൽ പഠിച്ചിട്ടില്ല. അതുകൊണ്ട്, “വിദ്യാലയത്തിൽ പഠിച്ചിട്ടില്ലാത്ത യേശുവിനു തിരുവെഴുത്തുകളെക്കുറിച്ച് ഇത്രമാത്രം അറിവ് എവിടെനിന്ന് കിട്ടി” എന്നു ജൂതന്മാർ അതിശയിക്കുന്നു.—യോഹന്നാൻ 7:15.
“ഞാൻ പഠിപ്പിക്കുന്ന കാര്യങ്ങൾ എന്റേതല്ല, എന്നെ അയച്ച ദൈവത്തിന്റേതാണ്. ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നവൻ, ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതാണോ അതോ എന്റെ സ്വന്തം ആശയമാണോ എന്നു തിരിച്ചറിയും” എന്ന് യേശു വിശദീകരിക്കുന്നു. (യോഹന്നാൻ 7:16, 17) യേശുവിന്റെ പഠിപ്പിക്കൽ ദൈവനിയമത്തിനു ചേർച്ചയിലാണ്. അതുകൊണ്ട് സ്വന്തം മഹത്ത്വമല്ല, ദൈവത്തിന്റെ മഹത്ത്വമാണു യേശു തേടുന്നത് എന്നു വ്യക്തം!
തുടർന്ന് യേശു പറയുന്നു: “മോശ നിങ്ങൾക്കു നിയമം നൽകിയല്ലോ. പക്ഷേ നിങ്ങളിൽ ഒരാൾപ്പോലും അത് അനുസരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ നോക്കുന്നത് എന്തിനാണ്?” ജനക്കൂട്ടത്തിൽ ചിലർക്കു പക്ഷേ ഇങ്ങനെ കൊല്ലാൻ നോക്കുന്നതിനെക്കുറിച്ച് അറിയില്ല. അവർ സാധ്യതയനുസരിച്ച് മറ്റു നഗരങ്ങളിൽനിന്ന് ഇവിടെ എത്തിയവരാണ്. ഇതുപോലൊരു നല്ല അധ്യാപകനെ ആരെങ്കിലും കൊല്ലാൻ നോക്കുമെന്ന കാര്യം അവർക്ക് ഒട്ടും ഉൾക്കൊള്ളാൻ പറ്റുന്നില്ല. അതുകൊണ്ട് ഇങ്ങനെ പറയുന്നതു കേൾക്കുമ്പോൾ യേശുവിന് എന്തോ കുഴപ്പമുണ്ട് എന്നുതന്നെ അവർ വിചാരിക്കുന്നു. “അതിന് ആരാണു നിങ്ങളെ കൊല്ലാൻ നോക്കുന്നത്? നിങ്ങൾക്കു ഭൂതം ബാധിച്ചിട്ടുണ്ട്,” അവർ പറയുന്നു.—യോഹന്നാൻ 7:19, 20.
ഏതാണ്ട് ഒന്നര വർഷം മുമ്പ് യേശു ശബത്തിൽ ഒരാളെ സുഖപ്പെടുത്തിയപ്പോൾ ജൂതനേതാക്കന്മാർ യേശുവിനെ കൊല്ലാൻ നോക്കിയതാണ്. യേശു ഇപ്പോൾ ചിന്തയെ ഉണർത്തുന്ന ഒരു ന്യായവാദം ഉപയോഗിക്കുകയും ന്യായബോധമില്ലാത്ത അവരുടെ ചിന്താഗതിയെ തുറന്നുകാട്ടുകയും ചെയ്യുന്നു. മോശയുടെ നിയമമനുസരിച്ച് ശബത്താണെങ്കിൽപ്പോലും എട്ടാം ദിവസം ഒരു ആൺകുഞ്ഞിനെ പരിച്ഛേദന ചെയ്യണം എന്നതിലേക്ക് യേശു ശ്രദ്ധ ക്ഷണിക്കുന്നു. എന്നിട്ട് യേശു ചോദിക്കുന്നു: “മോശയുടെ നിയമം ലംഘിക്കാതിരിക്കാൻ ഒരാളെ ശബത്തിൽ പരിച്ഛേദന ചെയ്യാമെങ്കിൽ, ശബത്തിൽ ഞാൻ ഒരു മനുഷ്യനെ പൂർണമായി സുഖപ്പെടുത്തിയതിനു നിങ്ങൾ എന്റെ നേരെ രോഷംകൊള്ളുന്നത് എന്തിനാണ്? പുറമേ കാണുന്നതുവെച്ച് വിധിക്കാതെ നീതിയോടെ വിധിക്കുക.”—യോഹന്നാൻ 7:23, 24.
സാഹചര്യം അറിയാവുന്ന യരുശലേംകാരിൽ ചിലർ പറയുന്നു: “ഈ മനുഷ്യനെയല്ലേ അവർ (ഭരണാധികാരികൾ) കൊല്ലാൻ നോക്കുന്നത്? എന്നിട്ടും കണ്ടോ, അയാൾ പരസ്യമായി സംസാരിക്കുന്നു. അവരാകട്ടെ ഒന്നും പറയുന്നുമില്ല. ഇനി ഇതു ക്രിസ്തുവാണെന്നു പ്രമാണിമാർക്ക് ഉറപ്പായിക്കാണുമോ?” അപ്പോൾപ്പിന്നെ ആളുകൾ യേശുവിനെ ക്രിസ്തുവായി അംഗീകരിക്കുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്യാത്തത് എന്തുകൊണ്ടാണ്? “ഈ മനുഷ്യൻ എവിടെനിന്നാണെന്നു നമുക്ക് അറിയാമല്ലോ. എന്നാൽ ക്രിസ്തു വരുമ്പോൾ എവിടെനിന്ന് വന്നെന്ന് ആർക്കും അറിയാൻ പറ്റില്ല.”—യോഹന്നാൻ 7:25-27.
ആലയത്തിൽ പഠിപ്പിക്കുമ്പോൾത്തന്നെ യേശു പറയുന്നു: “നിങ്ങൾക്ക് എന്നെ അറിയാം. ഞാൻ എവിടെനിന്ന് വന്നെന്നും അറിയാം. സ്വന്തം തീരുമാനമനുസരിച്ച് വന്നതല്ല ഞാൻ. എന്നെ അയച്ചത് യഥാർഥത്തിലുള്ള ഒരു വ്യക്തിയാണ്. നിങ്ങൾക്കോ ആ വ്യക്തിയെ അറിയില്ല. എന്നാൽ എനിക്ക് അറിയാം. കാരണം ഞാൻ ആ വ്യക്തിയുടെ പ്രതിനിധിയാണ്. ആ വ്യക്തിയാണ് എന്നെ അയച്ചത്.” (യോഹന്നാൻ 7:28, 29) യേശു വ്യക്തമായി അങ്ങനെ പറയുന്നതു കേൾക്കുമ്പോൾ ആളുകൾ യേശുവിനെ പിടികൂടാൻ നോക്കുന്നു. യേശുവിനെ ജയിലിലാക്കാനോ കൊല്ലാനോ ആണ് അവരുടെ ശ്രമം. പക്ഷേ, അവരുടെ ശ്രമം പരാജയപ്പെടുന്നു. കാരണം യേശു മരിക്കാനുള്ള സമയമായിട്ടില്ല.
പലരും അവർ ചെയ്യേണ്ടതുപോലെ യേശുവിൽ വിശ്വാസം അർപ്പിക്കുന്നു. യേശു വെള്ളത്തിനു മുകളിലൂടെ നടന്നു, കാറ്റിനെ ശാന്തമാക്കി, കുറച്ച് അപ്പവും മീനും കൊണ്ട് ആയിരങ്ങളെ അത്ഭുതകരമായി പോഷിപ്പിച്ചു, രോഗികളെ സുഖപ്പെടുത്തി, മുടന്തർ നടക്കാൻ ഇടയാക്കി, അന്ധന്മാരുടെ കണ്ണു തുറന്നു, കുഷ്ഠരോഗികളെ സുഖപ്പെടുത്തി, മരിച്ചവരെപ്പോലും ഉയിർപ്പിച്ചു. അതെ, അതുകൊണ്ട്, “ക്രിസ്തു വരുമ്പോൾ ഈ മനുഷ്യൻ ചെയ്തതിൽ കൂടുതൽ എന്ത് അത്ഭുതങ്ങൾ ചെയ്യാനാണ് ” എന്ന് അവർ ചോദിക്കുന്നതിൽ തെറ്റില്ല.—യോഹന്നാൻ 7:31.
ജനം ഇങ്ങനെ പറയുന്നതു പരീശന്മാർ കേൾക്കുമ്പോൾ അവരും മുഖ്യപുരോഹിതന്മാരും യേശുവിനെ അറസ്റ്റു ചെയ്യാൻ ഭടന്മാരെ അയയ്ക്കുന്നു.