അധ്യായം 67
“ആ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”
യേശുവിനെ അറസ്റ്റു ചെയ്യാൻ ഭടന്മാരെ അയയ്ക്കുന്നു
നിക്കോദേമൊസ് യേശുവിനുവേണ്ടി സംസാരിക്കുന്നു
കൂടാരോത്സവത്തിനുവേണ്ടി യേശു ഇപ്പോഴും യരുശലേമിൽത്തന്നെയുണ്ട്. “ജനക്കൂട്ടത്തിൽ അനേകർ യേശുവിൽ വിശ്വസിച്ച”തുകൊണ്ട് യേശുവിനു സന്തോഷമാകുന്നു. പക്ഷേ മതനേതാക്കന്മാർക്ക് അതു തീരെ പിടിക്കുന്നില്ല. യേശുവിനെ അറസ്റ്റു ചെയ്യാൻ അവർ ഭടന്മാരെ അയയ്ക്കുന്നു. (യോഹന്നാൻ 7:31, 32) പക്ഷേ യേശു ഒളിക്കാൻ ശ്രമിക്കുന്നില്ല.
പകരം, യേശു യരുശലേമിൽ പരസ്യമായി പഠിപ്പിക്കുകയാണ്. യേശു പറയുന്നു: “ഞാൻ അൽപ്പസമയംകൂടെ നിങ്ങളുടെകൂടെയുണ്ടായിരിക്കും. പിന്നെ ഞാൻ എന്നെ അയച്ച വ്യക്തിയുടെ അടുത്തേക്കു പോകും. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകുന്നിടത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല.” (യോഹന്നാൻ 7:33, 34) ജൂതന്മാർക്ക് ഇതു മനസ്സിലാകുന്നില്ല. അതുകൊണ്ട് അവർ തമ്മിൽത്തമ്മിൽ ഇങ്ങനെ ചോദിക്കുന്നു: “നമുക്കു കണ്ടുപിടിക്കാൻ പറ്റാത്ത ഏതു സ്ഥലത്തേക്കായിരിക്കും ഈ മനുഷ്യൻ പോകുന്നത്? ഗ്രീക്കുകാരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന ജൂതന്മാരുടെ അടുത്ത് ചെന്ന് അവിടെയുള്ള ഗ്രീക്കുകാരെ പഠിപ്പിക്കാനാണോ ഇയാളുടെ ഉദ്ദേശ്യം? ‘നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകുന്നിടത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല’ എന്ന് ഇപ്പോൾ പറഞ്ഞതിന്റെ അർഥം എന്തായിരിക്കും?” (യോഹന്നാൻ 7:35, 36) യേശു പറയുന്നതു തന്റെ മരണത്തെക്കുറിച്ചും സ്വർഗത്തിലേക്കുള്ള പുനരുത്ഥാനത്തെക്കുറിച്ചും ആണ്. ശത്രുക്കൾക്ക് എന്തായാലും അവിടെ പോകാൻ പറ്റില്ല.
ഉത്സവത്തിന്റെ ഏഴാം ദിവസമാണ് ഇത്. ഉത്സവദിവസങ്ങളിൽ എന്നും രാവിലെ പുരോഹിതൻ ശിലോഹാം കുളത്തിൽനിന്ന് എടുത്ത വെള്ളം ആലയത്തിലെ യാഗപീഠത്തിൽ ഒഴിക്കും. അത് യാഗപീഠത്തിന്റെ ചുവടുവരെ ഒഴുകിയെത്തുന്നു. ഈ രീതിയെ ഓർമിപ്പിച്ചുകൊണ്ടായിരിക്കാം യേശു ഇങ്ങനെ ഉറക്കെ വിളിച്ചുപറയുന്നു: “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അയാൾ എന്റെ അടുത്ത് വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ കാര്യത്തിൽ തിരുവെഴുത്തു പറയുന്നതു സത്യമാകും: ‘അവന്റെ ഉള്ളിൽനിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകും.’”—യോഹന്നാൻ 7:37, 38.
തന്റെ ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട് സ്വർഗീയജീവനിലേക്കു വിളിക്കപ്പെടുന്നവരുടെ നിരയിൽ ആകുമ്പോൾ സംഭവിക്കുന്ന കാര്യമാണു യേശു ഇവിടെ സൂചിപ്പിക്കുന്നത്. യേശുവിന്റെ മരണശേഷമാണ് ഈ അഭിഷേകം നടക്കുക. പിറ്റേ വർഷത്തെ പെന്തിക്കോസ്തു ദിവസംമുതൽ ജീവജലത്തിന്റെ അരുവികൾ ഒഴുകാൻ തുടങ്ങുന്നു. പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ശിഷ്യന്മാർ ആളുകളുമായി സത്യം പങ്കുവെക്കുമ്പോഴാണ് ഇതു നടക്കുന്നത്.
യേശു പഠിപ്പിക്കുന്നതു കേട്ടിട്ട് ചിലർ, “ഇതുതന്നെയാണ് ആ പ്രവാചകൻ” എന്നു പറയുന്നു. മുൻകൂട്ടിപ്പറഞ്ഞിരുന്ന, മോശയെക്കാൾ വലിയ പ്രവാചകനെയായിരിക്കാം അവർ ഉദ്ദേശിക്കുന്നത്. “ഇതു ക്രിസ്തുതന്നെ” എന്നു മറ്റു ചിലർ പറയുന്നു. എന്നാൽ വേറെ ചിലർ ഇങ്ങനെ വാദിക്കുന്നു: “അതിനു ക്രിസ്തു ഗലീലയിൽനിന്നാണോ വരുന്നത്? ക്രിസ്തു ദാവീദിന്റെ വംശജനായി, ദാവീദിന്റെ ഗ്രാമമായ ബേത്ത്ലെഹെമിൽനിന്ന് വരുമെന്നല്ലേ തിരുവെഴുത്തു പറയുന്നത്?”—യോഹന്നാൻ 7:40-42.
അങ്ങനെ ജനക്കൂട്ടത്തിനിടയിൽ ഭിന്നിപ്പുണ്ടാകുന്നു. യേശുവിനെ അറസ്റ്റു ചെയ്യാൻ പലർക്കും ആഗ്രഹമുണ്ടെങ്കിലും ആരും യേശുവിനെ പിടിക്കാൻ ധൈര്യപ്പെടുന്നില്ല. ഭടന്മാർ വെറുങ്കൈയോടെ മതനേതാക്കന്മാരുടെ അടുത്ത് മടങ്ങിച്ചെന്നപ്പോൾ മുഖ്യപുരോഹിതന്മാരും പരീശന്മാരും അവരോട്, “നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത് എന്താണ് ” എന്നു ചോദിക്കുന്നു. “ആ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല” എന്ന് അവർ പറയുന്നു. അപ്പോൾ മതനേതാക്കന്മാർ ദേഷ്യത്തോടെ അവരെ അധിക്ഷേപിക്കാനും ചീത്തവിളിക്കാനും തുടങ്ങുന്നു: “നിങ്ങളെയും അവൻ വഴിതെറ്റിച്ചോ? പ്രമാണിമാരിലോ പരീശന്മാരിലോ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ, ഇല്ലല്ലോ? എന്നാൽ നിയമം അറിഞ്ഞുകൂടാത്ത ഈ ജനം ശപിക്കപ്പെട്ടവരാണ്.”—യോഹന്നാൻ 7:45-49.
അപ്പോൾ സൻഹെദ്രിനിലെ ഒരു അംഗമായ നിക്കോദേമൊസ് എന്ന പരീശൻ യേശുവിനുവേണ്ടി സംസാരിക്കാൻ ധൈര്യം കാണിക്കുന്നു. ഏതാണ്ട് രണ്ടര വർഷം മുമ്പ് ഒരിക്കൽ ഇരുട്ടിന്റെ മറവിൽ നിക്കോദേമൊസ് യേശുവിനെ കാണാൻ വന്നതാണ്. അന്ന് അദ്ദേഹം യേശുവിലുള്ള വിശ്വാസം തുറന്നുപ്രകടിപ്പിച്ചിരുന്നു. നിക്കോദേമൊസ് ഇപ്പോൾ പറയുന്നു: “ഒരാൾക്കു പറയാനുള്ളതു കേൾക്കാതെയും അയാൾ ചെയ്യുന്നത് എന്താണെന്നു മനസ്സിലാക്കാതെയും അയാളെ വിധിക്കുന്നതു നമ്മുടെ നിയമമനുസരിച്ച് ശരിയാണോ?” അവർക്ക് എന്തു മറുപടിയാണു പറയാനുള്ളത്: “എന്താ, താങ്കളും ഒരു ഗലീലക്കാരനാണോ? തിരുവെഴുത്തുകൾ പരിശോധിച്ചുനോക്ക്, ഗലീലയിൽനിന്ന് ഒരു പ്രവാചകനും എഴുന്നേൽക്കില്ലെന്ന് അപ്പോൾ മനസ്സിലാകും.”—യോഹന്നാൻ 7:51, 52.
ഗലീലയിൽനിന്ന് ഒരു പ്രവാചകൻ വരുമെന്ന് തിരുവെഴുത്തുകൾ നേരിട്ടു പറയുന്നില്ല. എന്നാൽ ക്രിസ്തു അവിടെനിന്ന് വരുന്നതിനെക്കുറിച്ചുള്ള സൂചനകൾ തിരുവെഴുത്തുകളിൽ ഉണ്ടുതാനും. “ജനതകളുടെ ഗലീല”യിൽ “വലിയൊരു വെളിച്ചം” കാണുമെന്ന് അതു പ്രവചിച്ചു. (യശയ്യ 9:1, 2; മത്തായി 4:13-17) കൂടാതെ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ യേശു ദാവീദിന്റെ വംശജനായി ബേത്ത്ലെഹെമിലാണു ജനിച്ചത്. ഇക്കാര്യം പരീശന്മാർക്ക് അറിയാമായിരുന്നിരിക്കാം. എന്നാലും യേശുവിനെക്കുറിച്ച് ആളുകൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയത് ഇവർതന്നെയായിരിക്കാം.