ബൈബിളിന്റെ വീക്ഷണം
“ലോകത്തിന്റെ ഭാഗമല്ല”—എന്താണ് അതിന്റെ അർഥം?
പൊ.യു. നാലാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ട ആയിരക്കണക്കിനാളുകൾ തങ്ങളുടെ വസ്തുവകകൾ, ബന്ധുജനങ്ങൾ, പരിചയിച്ച ജീവിതരീതി എന്നിവയെല്ലാം ഉപേക്ഷിച്ച് ഈജിപ്തിലെ മരുഭൂമിയിൽ ഒറ്റപ്പെട്ടു ജീവിക്കാൻ പോകുകയുണ്ടായി. അവർ ആങ്കറൈറ്റുകൾ എന്നറിയപ്പെടാൻ തുടങ്ങി. പ്രസ്തുത പദം, “ഞാൻ പിൻവലിയുന്നു” എന്നർഥമുള്ള ഗ്രീക്കിലെ അനാക്കോറിയോ എന്ന പദത്തിൽനിന്നാണ് വന്നിരിക്കുന്നത്. സമകാലീനരിൽനിന്ന് അകന്നുനിൽക്കുന്നവരായി ഒരു ചരിത്രകാരൻ അവരെ വർണിക്കുന്നു. മനുഷ്യ സമൂഹത്തിൽനിന്നു പിൻവലിയുകവഴി, ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കണം’ എന്ന ക്രിസ്തീയ വ്യവസ്ഥ തങ്ങൾ പാലിക്കുകയാണെന്ന് അവർ കരുതി.—യോഹന്നാൻ 15:19, NW.
‘ലോകത്താലുള്ള കളങ്കം പററാതവണ്ണം’ സ്വയം കാത്തുകൊള്ളാൻ ബൈബിൾ ക്രിസ്ത്യാനികളെ ബുദ്ധ്യുപദേശിക്കുന്നു. (യാക്കോബ് 1:27) തിരുവെഴുത്തുകൾ വ്യക്തമായി ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” (യാക്കോബ് 4:4) എന്നാൽ, ക്രിസ്ത്യാനികൾ അക്ഷരാർഥത്തിൽ മറ്റുള്ളവരിൽനിന്നു പിൻവലിഞ്ഞുകൊണ്ട് ആങ്കറൈറ്റുകൾ ആകണമെന്ന് അതിനർഥമുണ്ടോ? തങ്ങളുടെ മതവിശ്വാസങ്ങൾ പങ്കിടാത്തവരിൽനിന്ന് അവർ അകന്നുനിൽക്കേണ്ടതുണ്ടോ?
ക്രിസ്ത്യാനികൾ സാമൂഹികവിരുദ്ധരല്ല
ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്ന മനുഷ്യസമൂഹത്തിൽനിന്ന് ക്രിസ്ത്യാനികൾ വേർപെട്ടിരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്ന നിരവധി ബൈബിൾ വിവരണങ്ങളിൽ, ലോകത്തിന്റെ ഭാഗമല്ലാതിരിക്കുകയെന്ന ആശയം ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. (2 കൊരിന്ത്യർ 6:14-17; എഫെസ്യർ 4:18; 2 പത്രൊസ് 2:20 എന്നിവ താരതമ്യം ചെയ്യുക.) അതുകൊണ്ട് സമ്പത്ത്, പ്രാമുഖ്യത, സുഖോല്ലാസങ്ങൾ എന്നിവയ്ക്കൊക്കെ പുറകേയുള്ള ലോകത്തിന്റെ പരക്കംപാച്ചിൽപ്പോലെ യഹോവയുടെ നീതിപൂർവകമായ വഴികൾക്കു വിരുദ്ധമായ മനോഭാവങ്ങളെയും സംസാരത്തെയും നടത്തയെയും സത്യക്രിസ്ത്യാനികൾ ബുദ്ധിപൂർവം നിരാകരിക്കുന്നു. (1 യോഹന്നാൻ 2:15-17) യുദ്ധവും രാഷ്ട്രീയവും പോലുള്ള കാര്യാദികളിൽ നിഷ്പക്ഷരായി നിലകൊള്ളുകവഴിയും അവർ ലോകത്തിൽനിന്നു വേർപെട്ടിരിക്കുന്നു.
തന്റെ ശിഷ്യന്മാർ ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കണ’മെന്ന് യേശുക്രിസ്തു പറഞ്ഞു. എന്നാൽ അവൻ ദൈവത്തോട് ഇങ്ങനെയും പ്രാർഥിച്ചു: “അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.” (യോഹന്നാൻ 17:15) ക്രിസ്ത്യാനികളല്ലാത്തവരുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചുകൊണ്ട് തന്റെ ശിഷ്യന്മാർ സാമൂഹികവിരുദ്ധരായിത്തീരണമെന്ന് യേശു ആഗ്രഹിച്ചിരുന്നില്ലെന്നു വ്യക്തം. വാസ്തവത്തിൽ, ഒറ്റപ്പെടൽ ‘പരസ്യമായും വീടുതോറും’ പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള ദൗത്യം നിറവേറ്റുന്നതിൽനിന്ന് ഒരു ക്രിസ്ത്യാനിയെ തടയുക മാത്രമേ ചെയ്യൂ.—പ്രവൃത്തികൾ 20:20; മത്തായി 5:16; 1 കൊരിന്ത്യർ 5:9, 10.
ലോകത്തിന്റെ കളങ്കം പറ്റാതെ നിലകൊള്ളാനുള്ള ബുദ്ധ്യുപദേശം തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്നു കരുതാനുള്ള യാതൊരടിസ്ഥാനവും ക്രിസ്ത്യാനികൾക്കു നൽകുന്നില്ല. യഹോവയെ ഭയപ്പെടുന്നവർ “അഹംഭാവം” വെറുക്കുന്നു. (സദൃശവാക്യങ്ങൾ 8:13, പി.ഒ.സി. ബൈബിൾ) “താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു” എന്ന് ഗലാത്യർ 6:3 പറയുന്നു. “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർ”ന്നിരിക്കുന്നതുകൊണ്ട് തങ്ങൾ ശ്രേഷ്ഠരാണെന്നു വിചാരിക്കുന്നവർ സ്വയം വഞ്ചിക്കുകയാണു ചെയ്യുന്നത്.—റോമർ 3:23.
‘ആരെക്കുറിച്ചും ദൂഷണം പറയാതിരിക്കുക’
യേശുവിന്റെ നാളുകളിൽ, തങ്ങളുടെ മതവിഭാഗങ്ങളിൽപ്പെടാത്തവരെയെല്ലാം നിന്ദിച്ചിരുന്ന ആളുകളുണ്ടായിരുന്നു. ഇവരിൽപ്പെട്ടവരായിരുന്നു പരീശന്മാർ. മോശൈക ന്യായപ്രമാണത്തിൽ അപാരമായ പാണ്ഡിത്യമുണ്ടായിരുന്നതിനുപുറമേ, അവർക്ക് യഹൂദ പാരമ്പര്യത്തെക്കുറിച്ച് വള്ളിപുള്ളി വിടാതെ അറിയുകയും ചെയ്യാമായിരുന്നു. (മത്തായി 15:1, 2; 23:2) മതപരമായ പല ആചാരങ്ങളും സൂക്ഷ്മതയോടെ പിൻപറ്റുന്നതിൽ അവർ അഭിമാനിച്ചിരുന്നു. തങ്ങളുടെ ധൈഷണിക നേട്ടങ്ങളും മതപരമായ സ്ഥാനവും ഒന്നുകൊണ്ടുമാത്രമാണ് പരീശന്മാർ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരെന്നപോലെ പെരുമാറിയത്. “ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു” എന്നു പറഞ്ഞുകൊണ്ട് അവർ കപടഭക്തിയും വെറുപ്പും കലർന്ന മനോഭാവം പ്രകടമാക്കി.—യോഹന്നാൻ 7:49.
പരീശന്മാരല്ലാത്തവരെ കുറിക്കാൻ അവർക്ക് നിന്ദാഗർഭമായ ഒരു പദപ്രയോഗമുണ്ടായിരുന്നു. അംഹാരെറ്റ്സ് എന്ന എബ്രായ പദം ആദ്യകാലങ്ങളിൽ സമൂഹത്തിലെ സാധാരണ അംഗങ്ങളെ ഒരു നല്ല വിധത്തിൽ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു. എന്നാൽ കാലക്രമേണ, യഹൂദയിലെ അഹങ്കാരികളായ മതനേതാക്കന്മാർ അംഹാരെറ്റ്സ് എന്ന പദത്തിന് നിന്ദയുടെ പരിവേഷം നൽകി. വ്യത്യസ്ത മതവിശ്വാസങ്ങളിൽപ്പെട്ടവരെ താഴ്ത്തിക്കെട്ടുന്ന ഒരു രീതിയിൽ “വിജാതീയർ”, “സംസ്കാരശൂന്യർ” എന്നൊക്കെയുള്ള പദങ്ങൾ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുൾപ്പെടെ മറ്റു വിഭാഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ, ക്രിസ്ത്യാനിത്വം സ്വീകരിക്കാഞ്ഞവരെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ എങ്ങനെയാണു വീക്ഷിച്ചിരുന്നത്? അവിശ്വാസികളോട് “സൗമ്യത”യോടും “ആഴമായ ആദര”വോടുംകൂടെ പെരുമാറാനുള്ള ബുദ്ധ്യുപദേശം യേശുവിന്റെ ശിഷ്യന്മാർക്കു ലഭിച്ചിരുന്നു. (2 തിമൊഥെയൊസ് 2:25; 1 പത്രൊസ് 3:15) അപ്പോസ്തലനായ പൗലൊസ് ഇക്കാര്യത്തിൽ നല്ലൊരു മാതൃക വെച്ചു. അവനെ ആർക്കും എപ്പോഴും സമീപിക്കാമായിരുന്നു. അവൻ അഹങ്കാരിയല്ലായിരുന്നു. മറ്റുള്ളവർക്കുമീതെ തന്നെത്തന്നെ ഉയർത്തുന്നവനായിരിക്കുന്നതിനു പകരം അവൻ താഴ്മയുള്ളവനും കെട്ടുപണി ചെയ്യുന്നവനുമായിരുന്നു. (1 കൊരിന്ത്യർ 9:22, 23) തീത്തൊസിനുള്ള തന്റെ നിശ്വസ്ത ലേഖനത്തിൽ, ആരെക്കുറിച്ചും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും’ ഉള്ള ബുദ്ധ്യുപദേശം പൗലൊസ് നൽകുന്നു.—തീത്തൊസ് 3:2.
ബൈബിളിൽ “അവിശ്വാസി” എന്ന പദം ക്രിസ്ത്യാനികളല്ലാത്തവരെ കുറിക്കാൻ ചിലപ്പോഴൊക്കെ ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും “അവിശ്വാസി” എന്ന പദം ഒരു ഔദ്യോഗിക നാമധേയമോ പേരോ ആയി ഉപയോഗിച്ചിരുന്നുവെന്നതിനു യാതൊരു തെളിവുമില്ല. തീർച്ചയായും, അത് ക്രിസ്ത്യാനികളല്ലാത്തവരെ കുറച്ചുകാണിക്കുന്നതിനോ താഴ്ത്തിക്കെട്ടുന്നതിനോ ആയിട്ടല്ല ഉപയോഗിച്ചിരുന്നത്. കാരണം അങ്ങനെ ചെയ്യുന്നത് ബൈബിൾ തത്ത്വങ്ങൾക്ക് വിരുദ്ധമാകുമായിരുന്നു. (സദൃശവാക്യങ്ങൾ 24:9) ഇന്ന് യഹോവയുടെ സാക്ഷികൾ അവിശ്വാസികളോട് പരുഷമായോ അഹങ്കാരത്തോടെയോ ഇടപെടാതിരിക്കാൻ ശ്രമിക്കുന്നു. സാക്ഷികളല്ലാത്ത ബന്ധുക്കളെയോ അയൽക്കാരെയോ തരംതാഴ്ന്ന പേരുകൾ വിളിക്കുന്നത് അപമര്യാദയായി അവർ കണക്കാക്കുന്നു. ‘കർത്താവിന്റെ ദാസൻ എല്ലാവരോടും ശാന്തനായിരിക്കണം’ എന്നുള്ള ബൈബിൾ ബുദ്ധ്യുപദേശം അവർ പിൻപറ്റുന്നു.—2 തിമൊഥെയൊസ് 2:24.
‘എല്ലാവർക്കും നൻമചെയ്ക’
ലോകത്തോട്, പ്രത്യേകിച്ച് ദൈവിക നിലവാരങ്ങളോട് കടുത്ത അനാദരവു പ്രകടിപ്പിക്കുന്നവരോട്, അടുപ്പം കാണിക്കുന്നതിലെ അപകടങ്ങൾ തിരിച്ചറിയേണ്ടത് മർമപ്രധാനമാണ്. (1 കൊരിന്ത്യർ 15:33 താരതമ്യം ചെയ്യുക.) എങ്കിലും, ‘എല്ലാവർക്കും നൻമചെയ്ക’ എന്നു ബൈബിൾ ബുദ്ധ്യുപദേശിക്കുമ്പോൾ “എല്ലാവർക്കും” എന്നതിൽ ക്രിസ്തീയ വിശ്വാസങ്ങൾ പങ്കിടാത്തവരും ഉൾപ്പെടുന്നു. (ഗലാത്യർ 6:10) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ചില സന്ദർഭങ്ങളിൽ അവിശ്വാസികളോടൊപ്പം ഭക്ഷണം കഴിച്ചിരുന്നുവെന്നു സ്പഷ്ടം. (1 കൊരിന്ത്യർ 10:27) അതുകൊണ്ട്, ഇന്ന് ക്രിസ്ത്യാനികൾ അവിശ്വാസികളെ സഹമനുഷ്യരായി വീക്ഷിച്ചുകൊണ്ട് സമതുലിതമായ രീതിയിൽ അവരോട് ഇടപെടുന്നു.—മത്തായി 22:39.
ബൈബിൾ സത്യങ്ങളുമായി പരിചിതനല്ലാത്തതുകൊണ്ടുമാത്രം ഒരു വ്യക്തി അയോഗ്യനോ മാന്യതയില്ലാത്തവനോ ആണെന്ന് കരുതുന്നതു തെറ്റായിരിക്കും. ആളുകൾ വ്യത്യസ്തരാണ്, സാഹചര്യങ്ങളും അങ്ങനെതന്നെ. അതുകൊണ്ട്, അവിശ്വാസികളുമായുള്ള സമ്പർക്കത്തെ എത്രത്തോളം നിയന്ത്രിക്കണമെന്ന് ഓരോ ക്രിസ്ത്യാനിയും തീരുമാനിക്കണം. എന്നിരുന്നാലും ഒരു ക്രിസ്ത്യാനി, ആങ്കറൈറ്റുകൾ ചെയ്തിരുന്നതുപോലെ അക്ഷരാർഥത്തിൽ ഒറ്റപ്പെട്ടുകഴിയുകയോ പരീശന്മാരെപ്പോലെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്നു ധരിക്കുകയോ ചെയ്യേണ്ടതില്ല. അതു തിരുവെഴുത്തുവിരുദ്ധമാണുതാനും.