അധ്യായം ഇരുപത്തിയൊന്ന്
അവൻ പോരാടി, ഭയത്തിനും സംശയത്തിനും എതിരെ
1-3. സംഭവബഹുലമായ ആ ദിവസം പത്രോസ് സാക്ഷ്യം വഹിച്ചത് എന്തിനൊക്കെ, അവന്റെ രാത്രിയാത്ര എങ്ങനെയായിരുന്നു?
പത്രോസ് ആഞ്ഞ് തുഴയുകയാണ്. രാവേറെ ചെന്നിരിക്കുന്നു. കിഴക്കൻ ചക്രവാളത്തിൽ ഒരു മങ്ങിയ പ്രഭ കാണുന്നുണ്ടോ? നേരം വെളുക്കുകയാണോ? പുറം കഴച്ചുപൊട്ടുന്നു, തോൾപ്പലകകൾ വലിഞ്ഞുമുറുകി പുകയുന്നതുപോലെ. ഇങ്ങനെ നിറുത്താതെ തുഴയാൻ തുടങ്ങിയിട്ട് നേരം എത്രയായി! കടലിനെ ഇളക്കിമറിക്കുകയാണ് വന്യമായ കാറ്റ്! തിരമാലകൾ ഒന്നിനുപിറകെ ഒന്നായി വള്ളത്തിൽ ആഞ്ഞടിക്കുകയാണ്! ചിതറിത്തെറിക്കുന്ന തണുത്ത കടൽവെള്ളത്തിൽ അവൻ ആകെ നനഞ്ഞുകുതിർന്നു. ഭ്രാന്തമായ കാറ്റിൽ അവന്റെ മുടിയിഴകൾ അലങ്കോലപ്പെട്ടു! ഇതൊന്നും കൂട്ടാക്കാതെ അവൻ തുഴഞ്ഞുനീങ്ങുകയാണ്!
2 മണിക്കൂറുകൾക്കുമുമ്പാണ് പത്രോസും കൂട്ടുകാരും തീരം വിട്ടത്. അപ്പോൾ യേശു അവരോടൊപ്പം പോന്നില്ല. അവൻ അവിടെത്തന്നെ തങ്ങി. അന്നേ ദിവസം യേശു ഏതാനും അപ്പവും മീനും കൊണ്ട് ആയിരങ്ങളുടെ വിശപ്പ് അകറ്റുന്നത് അവർ കണ്ടു. ആ അത്ഭുതം കണ്ട് അന്തംവിട്ടുപോയ ജനം യേശുവിനെ പിടിച്ച് രാജാവാക്കാൻ ശ്രമിച്ചു. പക്ഷേ അവൻ അവരുടെ ഭരണകൂടത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ചില്ല. അങ്ങനെയുള്ള രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടാനുള്ള ആഗ്രഹം വെച്ചുപുലർത്തരുതെന്ന് തന്റെ അനുഗാമികളെ പഠിപ്പിക്കാനും യേശു ഉറച്ചിരുന്നു. ജനക്കൂട്ടത്തിൽനിന്നു തന്റെ ശിഷ്യന്മാരെ വിളിച്ച്, അവരോട് വള്ളത്തിൽ കയറി അക്കരയ്ക്കു പോകാൻ അവൻ നിർബന്ധിച്ചു. അവൻ പ്രാർഥിക്കാനായി ഒറ്റയ്ക്ക് മലയിലേക്കു കയറിപ്പോകുകയും ചെയ്തു.—മർക്കോ. 6:35-45; യോഹന്നാൻ 6:14-17 വായിക്കുക.
3 പൗർണമി അടുത്തിരുന്നതുകൊണ്ട് നല്ല നിലാവുണ്ടായിരുന്നു. ശിഷ്യന്മാർ കര വിട്ടുപോരുമ്പോൾ ചന്ദ്രൻ തലയ്ക്കു മുകളിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് പടിഞ്ഞാറേ ചക്രവാളത്തിലേക്ക് മെല്ലെ മറയാൻ തുടങ്ങുകയാണ്. ഇത്രയും മണിക്കൂറുകൾ തുഴഞ്ഞിട്ടും അവർക്ക് ഏതാനും കിലോമീറ്റർ പിന്നിടാനേ കഴിഞ്ഞിട്ടുള്ളൂ! നിറുത്താതെയുള്ള കാറ്റിന്റെ ഇരമ്പലും തിരമാലകളുടെ ഗർജനവും കൊണ്ട് എത്ര ഒച്ചയെടുത്താലും തമ്മിൽ പറയുന്നത് കേൾക്കാനാകുന്നില്ല. സംഭാഷണം ബുദ്ധിമുട്ടായതുകൊണ്ട് പത്രോസ് ഏകാന്തമായ ചിന്തകളിൽ മുഴുകിയിരിക്കാം!
രണ്ടു വർഷംകൊണ്ട് വളരെയധികം കാര്യങ്ങൾ പത്രോസ് യേശുവിൽനിന്നു പഠിച്ചു. അതിലേറെ അവന് പിന്നെയും പഠിക്കാനുണ്ടായിരുന്നു
4. പത്രോസ് നമുക്ക് അനുകരിക്കാൻ ഒരു നല്ല മാതൃകയായിരിക്കുന്നത് എന്തുകൊണ്ട്?
4 ചിന്തിക്കാൻ എന്തെല്ലാം കാര്യങ്ങളുണ്ട്! രണ്ടു വർഷങ്ങൾക്കു മുമ്പാണ് പത്രോസ് നസറായനായ യേശുവിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ആ രണ്ടു വർഷങ്ങളും സംഭവബഹുലമായിരുന്നു. ഇതിനോടകം വളരെയധികം കാര്യങ്ങൾ അവൻ പഠിച്ചു. ഇനിയുമേറെ പഠിക്കാനുമുണ്ട്. കാരണം, ഇപ്പോഴും അവന്റെ മനസ്സിൽ ഭയവും സംശയവും ഉണ്ട്. അതിനോട് പോരാടാൻതന്നെയാണ് അവന്റെ തീരുമാനം. അതിനുള്ള മനസ്സൊരുക്കം കാണിച്ച പത്രോസ് നമുക്ക് ഒരു അനുകരണീയമാതൃകയാണ്. അത് എന്തുകൊണ്ടെന്നു നമുക്ക് നോക്കാം.
“ഞങ്ങൾ മിശിഹായെ . . . കണ്ടെത്തിയിരിക്കുന്നു!”
5, 6. എങ്ങനെയുള്ള ജീവിതമായിരുന്നു പത്രോസിന്റേത്?
5 യേശുവിനെ കണ്ടുമുട്ടിയ ദിവസം പത്രോസ് ഒരിക്കലും മറക്കുകയില്ല. അവന്റെ സഹോദരൻ അന്ത്രെയാസാണ് അതിശയിപ്പിക്കുന്ന ഈ വാർത്ത ആദ്യം അവനോട് പറഞ്ഞത്: “ഞങ്ങൾ മിശിഹായെ . . . കണ്ടെത്തിയിരിക്കുന്നു.” ആ വാർത്ത കേട്ടതോടെ പത്രോസിന്റെ ജീവിതത്തിന് ചില മാറ്റങ്ങൾ വരാൻതുടങ്ങി. പിന്നെ ഒരു മടങ്ങിപ്പോക്ക് ഉണ്ടായില്ലെന്നുതന്നെ പറയാം.—യോഹ. 1:41.
6 പത്രോസ് കഫർന്നഹൂമിലാണ് താമസിച്ചിരുന്നത്. ഗലീലക്കടൽ എന്നറിയപ്പെടുന്ന ശുദ്ധജലതടാകത്തിന്റെ വടക്കേ കരയിലുള്ള ഒരു പട്ടണമാണ് കഫർന്നഹൂം. മീൻ പിടിച്ച് വിൽക്കുന്ന ജോലിയായിരുന്നു പത്രോസിന്റേത്. അവനും അന്ത്രെയാസും സെബെദിപുത്രന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും കൂടെ കൂട്ടുകച്ചവടം നടത്തുകയായിരുന്നു. പത്രോസിന്റെ വീട്ടിൽ അവനും ഭാര്യയും ഭാര്യയുടെ അമ്മയും അവന്റെ സഹോദരനായ അന്ത്രെയാസും ഉണ്ടായിരുന്നു. അത്ര ചെറുതല്ലാത്ത ആ കുടുംബത്തെ പോറ്റാൻ മീൻപിടുത്തക്കാരനായ പത്രോസിന് കഠിനാധ്വാനംതന്നെ ചെയ്യേണ്ടിവന്നു. നല്ല മിടുക്കും സാമർഥ്യവും ആരോഗ്യവും വേണ്ട തൊഴിലായിരുന്നു അത്. നമുക്ക് ആ മീൻപിടുത്തക്കാരുടെ ജീവിതത്തിലേക്കൊന്നു കണ്ണോടിക്കാം: വലിയ വലകളുമായി കടലിലേക്ക് വള്ളങ്ങളിൽ പോകുന്ന പുരുഷന്മാർ. രണ്ടു വള്ളങ്ങൾക്കിടയിലൂടെ അവർ വലയിറക്കുകയാണ്. പിന്നെ, വലയിൽ കുടുങ്ങിയ എല്ലാത്തരം മത്സ്യങ്ങളെയും വലയോടെ വലിച്ച് വള്ളത്തിലിട്ട് കരയിലേക്ക് മടങ്ങും. രാത്രി മണിക്കൂറുകൾ നീണ്ട അധ്വാനത്തിനു ശേഷം കരയിലെത്തുന്ന അവരുടെ ജോലി തീരുന്നില്ല. ഇനി, മീനെല്ലാം തരം തിരിക്കണം, വിൽക്കണം, വലകൾ വൃത്തിയാക്കണം, കേടുപോക്കണം. പകലാണ് ഇതെല്ലാം ചെയ്തുതീർക്കേണ്ടത്.
7. യേശുവിനെക്കുറിച്ച് പത്രോസ് കേട്ട വാർത്ത എന്ത്, അത് ആവേശജനകമായിരുന്നത് എന്തുകൊണ്ട്?
7 ബൈബിൾ നമ്മോടു പറയുന്നത് അന്ത്രെയാസ്, യോഹന്നാൻ സ്നാപകന്റെ ഒരു ശിഷ്യനായിരുന്നെന്നാണ്. യോഹന്നാൻ പ്രസംഗിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ച് തന്റെ സഹോദരൻ വിവരിച്ചു പറയുന്നത് പത്രോസ് അതീവതാത്പര്യത്തോടെ കേൾക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം യോഹന്നാൻ, നസറായനായ യേശുവിനെ ചൂണ്ടി ഇങ്ങനെ പറയുന്നത് അന്ത്രെയാസ് കേട്ടു: “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!” അപ്പോൾത്തന്നെ അന്ത്രെയാസ് യേശുവിനെ അനുഗമിക്കാൻ തുടങ്ങി. പിന്നെ, പത്രോസിനെ തേടിച്ചെന്ന് ആവേശകരമായ ഈ വാർത്ത അറിയിച്ചു: മിശിഹാ വന്നെത്തിയിരിക്കുന്നു! (യോഹ. 1:35-40) ഏതാണ്ട്, 4,000 വർഷം മുമ്പ് ഏദെനിലെ മത്സരത്തെത്തുടർന്ന് മനുഷ്യവർഗത്തിന് യഥാർഥപ്രത്യാശയുമായി ഒരാൾ വരുമെന്ന് യഹോവയാം ദൈവം വാഗ്ദാനം ചെയ്തിരുന്നു. (ഉല്പ. 3:15) മനുഷ്യവർഗത്തിന്റെ ആ രക്ഷകനെയാണ് അന്ത്രെയാസ് കണ്ടുമുട്ടിയത്, മിശിഹായെ! വാർത്ത കേട്ടതും യേശുവിനെ കാണാനായി പത്രോസ് അപ്പോൾത്തന്നെ പുറപ്പെട്ടു.
8. യേശു പത്രോസിനു നൽകിയ പേരിന്റെ അർഥമെന്തായിരുന്നു, ആ പേര് ഉചിതമാണോ എന്ന് ചിലർ സംശയിക്കുന്നത് എന്തുകൊണ്ട്?
8 അന്നുവരെ പത്രോസ്, ശിമോൻ അല്ലെങ്കിൽ ശിമെയോൻ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ യേശു അവനെ നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു: “നീ യോഹന്നാന്റെ മകനായ ശിമോൻ ആകുന്നു. നീ കേഫാ (എന്നുവെച്ചാൽ പത്രോസ്) എന്നു വിളിക്കപ്പെടും.” (യോഹ. 1:42) “കേഫാ” എന്നാൽ “കല്ല്,” “പാറ” എന്നൊക്കെയാണ് അർഥം. യേശുവിന്റെ വാക്കുകൾ ഒരു പ്രവചനമായിരുന്നെന്നു പറയാം. പത്രോസ് ഒരു പാറപോലെ, ഒന്നിലും ഇളകാത്തവനും ഉറച്ചവനും ആയിത്തീരുമെന്ന് യേശു മുൻകൂട്ടിക്കണ്ടു. അതായത് അവൻ ക്രിസ്തുവിന്റെ അനുഗാമികൾക്ക് ആശ്രയയോഗ്യനായ ഒരാളായിരിക്കും. പത്രോസിന് സ്വയം അങ്ങനെ തോന്നിയോ? സംശയമാണ്. സുവിശേഷവിവരണങ്ങളുടെ ഇന്നത്തെ ചില വായനക്കാർക്കുപോലും പത്രോസ് പാറപോലുള്ളവനാണെന്ന് തോന്നുന്നില്ല. ചിലർ പറയുന്നത് ബൈബിൾരേഖയിൽ കാണുന്ന അവന്റെ സ്വഭാവം സ്ഥിരതയില്ലാത്തതും ഉറപ്പില്ലാത്തതും എപ്പോഴും മാറുന്നതും ആണെന്നാണ്.
9. (എ) യഹോവയും അവന്റെ പുത്രനും നമ്മളിൽ നോക്കുന്നത് എന്താണ്, എന്തുകൊണ്ട്? (ബി) അവരുടെ വീക്ഷണം ആശ്രയയോഗ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
9 പത്രോസിന് കുറവുകളുണ്ടായിരുന്നു, അതിൽ സംശയമൊന്നുമില്ല. യേശുവിന് അതെല്ലാം അറിയാമായിരുന്നുതാനും. പക്ഷേ യേശു തന്റെ പിതാവായ യഹോവയെപ്പോലെ ആളുകളിലുള്ള നന്മയാണ് നോക്കുന്നത്. താൻ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻതക്ക കഴിവും പ്രാപ്തിയും മനസ്സൊരുക്കവും പത്രോസിനുണ്ടെന്ന് യേശു കണ്ടു. ആ നല്ല ഗുണങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടുവരാൻ പത്രോസിനെ സഹായിക്കാനാണ് യേശു നോക്കിയത്. യഹോവയും അവന്റെ പുത്രനും നമ്മിലെയും നന്മയാണ് നോക്കുന്നത്. അവർക്ക് കാണാൻമാത്രം നന്മ നമ്മിലുണ്ടോ എന്ന് നമ്മളിൽ പലർക്കും സംശയം തോന്നിയേക്കാം. പക്ഷേ ഒന്നും സംശയിക്കേണ്ട, നമ്മളിൽ നന്മയുണ്ടെന്ന് അവർ പറയുന്നെങ്കിൽ, വിശ്വസിക്കുക! എന്നിട്ട് നമ്മെ രൂപപ്പെടുത്താനും പരിശീലിപ്പിക്കാനും അവരെ അനുവദിക്കുക. പത്രോസ് അങ്ങനെയായിരുന്നു.—1 യോഹന്നാൻ 3:19, 20 വായിക്കുക.
“ഭയപ്പെടേണ്ട!”
10. സാധ്യതയനുസരിച്ച് പത്രോസ് യേശു ചെയ്ത ഏതെല്ലാം കാര്യങ്ങൾ കണ്ടിട്ടുണ്ട്, എന്നിട്ടും അവൻ എന്തു ചെയ്തു?
10 വൈകാതെതന്നെ യേശു ആരംഭിച്ച പ്രസംഗപര്യടനത്തിൽ പത്രോസും അവനെ അനുഗമിച്ചതായി തോന്നുന്നു. അങ്ങനെയാണെങ്കിൽ കാനായിലെ കല്യാണവിരുന്നിൽ യേശു വെള്ളം വീഞ്ഞാക്കിക്കൊണ്ട് ആദ്യത്തെ അത്ഭുതം പ്രവർത്തിക്കുന്നത് അവൻ കണ്ടിട്ടുണ്ടാകണം. പോരാത്തതിന്, വിസ്മയിപ്പിക്കുന്നതും മനസ്സിൽ പ്രത്യാശ നിറയ്ക്കുന്നതും ആയ ദൈവരാജ്യത്തെക്കുറിച്ച് യേശു പ്രസംഗിക്കുന്നത് അവൻ കേട്ടു. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും അവൻ യേശുവിന്റെ കൂടെ പോകാതെ തന്റെ മത്സ്യവ്യാപാരത്തിലേക്ക് തിരിച്ചുപോയി. കുറച്ചു മാസങ്ങൾക്കു ശേഷം പത്രോസ് യേശുവിനെ വീണ്ടും കണ്ടുമുട്ടി. ഈ സമയത്ത് യേശു അവനെ തന്നോടൊപ്പം വരാനും മുഴുസമയപ്രസംഗവേല ഏറ്റെടുക്കാനും ക്ഷണിച്ചു.
11, 12. (എ) തലേ രാത്രിയിൽ പത്രോസിനുണ്ടായ അനുഭവം എന്തായിരുന്നു? (ബി) യേശുവിന്റെ പ്രസംഗം കേട്ടിരുന്ന പത്രോസിന്റെ മനസ്സിലേക്ക് എന്തെല്ലാം ചിന്തകൾ വന്നുകാണും?
11 ഒരു രാത്രി പത്രോസും കൂട്ടുകാരും മീൻപിടിത്തത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വെളുപ്പാൻകാലമായിട്ടും അവർക്ക് ഒന്നും കിട്ടിയില്ല. പലവട്ടം അവർ വലയിറക്കി. പക്ഷേ ഫലമുണ്ടായില്ല. പത്രോസ് പഠിച്ച പണി പതിനെട്ടും നോക്കി. മീൻ കാണാനിടയുള്ള പല താവളങ്ങളിലും മാറിമാറി വലയിറക്കി. ‘കറുത്തിരുണ്ട കടൽവെള്ളത്തിലൂടെ ചുഴിഞ്ഞുനോക്കി മീൻകൂട്ടങ്ങൾ എവിടെയാണെന്നു കണ്ടുപിടിക്കാനും അവയെ ഓടിച്ച് വലയ്ക്കകത്ത് കയറ്റാനും കഴിഞ്ഞിരുന്നെങ്കിൽ,’ പത്രോസ് ആശിച്ചുപോയിക്കാണും! ഇത്തരം അവസരങ്ങളിൽ എല്ലാ മീൻപിടിത്തക്കാരും ഇങ്ങനെയൊക്കെ ആശിച്ചുപോകാറുണ്ട്. ഒരിക്കലും നടക്കാനിടയില്ലാത്ത ഈ കാര്യങ്ങളെക്കുറിച്ച് അവൻ ഓർത്തുപോയെങ്കിൽ അവന്റെ നിരാശ പിന്നെയും കൂടിക്കാണും. പത്രോസ് ഒരു വിനോദത്തിന് മീൻപിടിക്കാൻ ഇറങ്ങിയതല്ല, ഇത് അവന്റെ ഉപജീവനമാണ്. അവനെ ആശ്രയിച്ച് ഒരു കുടുംബം കാത്തിരിപ്പുണ്ട്. ഒടുവിൽ പത്രോസ് വെറുങ്കൈയോടെ തീരത്തേക്കു മടങ്ങി. മീൻ കിട്ടിയാലും ഇല്ലെങ്കിലും വല വൃത്തിയാക്കാതെ പറ്റില്ലല്ലോ! അങ്ങനെ അവൻ വല വൃത്തിയാക്കുന്നതിൽ മുഴുകിയിരിക്കുമ്പോഴാണ് യേശു വരുന്നത്.
യേശുവിന്റെ പ്രസംഗത്തിന്റെ കേന്ദ്രവിഷയമായ ദൈവരാജ്യത്തെക്കുറിച്ച് കേട്ടുകൊണ്ടിരിക്കാൻ പത്രോസിന് ഒട്ടും മടുപ്പ് തോന്നിയില്ല
12 യേശു ഒറ്റയ്ക്കല്ല, ഒരാൾക്കൂട്ടവുമുണ്ട് കൂടെ. അവന്റെ ഓരോ വാക്കിനും കാതോർത്ത് അവന്റെ കൂടെ പോന്നതാണ് അവരെല്ലാം. യേശുവിനെ പൊതിഞ്ഞ് ആളുകൾ നിന്നിരുന്നതിനാൽ അവൻ പത്രോസിന്റെ വള്ളത്തിൽ കയറിയിട്ട് വള്ളം കരയിൽനിന്ന് അല്പം നീക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് വള്ളത്തിലിരുന്ന് യേശു ആളുകളെ പഠിപ്പിച്ചുതുടങ്ങി. ജലപ്പരപ്പിലൂടെ ഒഴുകിവരുന്ന യേശുവിന്റെ ശബ്ദം ആളുകൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു. കരയിലെ ആൾക്കൂട്ടത്തിനൊപ്പം പത്രോസും ഓരോ വാക്കും കാതുകൂർപ്പിച്ച് കേട്ടു. യേശുവിന്റെ പ്രസംഗത്തിന്റെ കേന്ദ്രവിഷയമായ ദൈവരാജ്യത്തെക്കുറിച്ച് കേട്ടുകൊണ്ടിരിക്കാൻ പത്രോസിന് ഒട്ടും മടുപ്പ് തോന്നിയില്ല. പ്രത്യാശ നിറയുന്ന ഈ സന്ദേശം നാടു മുഴുവൻ ഘോഷിക്കാൻ ക്രിസ്തുവിനെ സഹായിക്കാനായാൽ, അത് എത്ര വലിയ പദവിയായിരിക്കുമെന്ന് പത്രോസ് ചിന്തിച്ചുകാണും. പക്ഷേ, അതു തന്നെക്കൊണ്ടാകുമോ, കുടുംബം പോറ്റേണ്ടേ? തലേ ദിവസത്തെ പാഴ്വേല അവന്റെ മനസ്സിലേക്കു വന്നുകാണും. മീൻപിടിത്തംതന്നെ എടുപ്പതു പണിയുണ്ട്. അതിന്റെ കൂടെ ഇതും നടക്കുമോ?—ലൂക്കോ. 5:1-3.
13, 14. പത്രോസിനുവേണ്ടി യേശു ഏത് അത്ഭുതം ചെയ്തു, അവന്റെ പ്രതികരണം എന്തായിരുന്നു?
13 പ്രസംഗം പൂർത്തിയാക്കിയിട്ട് യേശു പത്രോസിനോട് പറഞ്ഞു: “ആഴമുള്ളിടത്തേക്കു നീക്കി വലയിറക്കുക.” പത്രോസിന്റെ മനസ്സിൽ സംശയം നിറഞ്ഞു. അവൻ പറഞ്ഞു: “ഗുരോ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നീ പറഞ്ഞതുകൊണ്ടു ഞാൻ വലയിറക്കാം.” പത്രോസ് വല കഴുകിക്കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും അത് കടലിലിറക്കാൻ അവന് ഒട്ടും മനസ്സുണ്ടായിരുന്നില്ല. അതും ഒരു മീൻപോലും ഇരതേടി ഇറങ്ങുകയില്ലാത്ത ആ നേരത്ത്! പക്ഷേ, അവൻ അനുസരിച്ചു. സഹായത്തിന് മറ്റൊരു വള്ളത്തിൽ പിന്നാലെ വരാൻ അവൻ കൂട്ടുകാരെയും വിളിച്ചിട്ടുണ്ടാകും.—ലൂക്കോ. 5:4, 5.
14 അവൻ പോയി വലയിറക്കി. സമയമായപ്പോൾ പത്രോസ് വല വലിച്ചുതുടങ്ങി, പൊങ്ങുന്നില്ല! എന്താണിത്ര ഭാരം? സർവശക്തിയുമെടുത്ത് പത്രോസ് വല വലിച്ചുപൊക്കുകയാണ്. വല പൊങ്ങിവരുന്നവഴിക്ക് അവൻ ആ കാഴ്ച കണ്ട് സ്തബ്ധനായി! വല നിറയെ പിടയ്ക്കുന്ന മീൻകൂട്ടം! അതിന്റെ ഭാരത്താൽ വല കീറുമെന്നായി! പരിഭ്രാന്തനായി പത്രോസ് മറ്റേ വള്ളത്തിലെ കൂട്ടുകാരെ സഹായത്തിനു വിളിച്ചു. അവർ പാഞ്ഞെത്തി. മീനെല്ലാം ഒറ്റ വള്ളത്തിൽ കൊള്ളുകയില്ലെന്ന് അവർക്ക് മനസ്സിലായി. അതുകൊണ്ട് അവർ മറ്റേ വള്ളത്തിലും നിറച്ചു. മീനിന്റെ ഭാരംകൊണ്ട് രണ്ടു വള്ളങ്ങളും മുങ്ങാറായി! ആശ്ചര്യംകൊണ്ട് അവന്റെ കണ്ണു തള്ളിപ്പോയി! ക്രിസ്തുവിന്റെ ശക്തി പ്രവർത്തിക്കുന്നത് അവൻ ഇതിനു മുമ്പും കണ്ടിട്ടുണ്ടായിരുന്നു. പക്ഷേ, ഈ അത്ഭുതം അവനെ നേരിട്ട് ബാധിക്കുന്നതാണ്. അവനുവേണ്ടിയാണ്, അവന്റെ കുടുംബത്തിനുവേണ്ടിയാണ് യേശു ഇത് ചെയ്തിരിക്കുന്നത്. ഈ വള്ളത്തിലിരിക്കുന്നത് ആരാണ്! അവന്റെ വാക്കിന് ഇതാ മീനുകൾ കൂട്ടത്തോടെ വലയ്ക്കുള്ളിൽ വന്നുകയറിയിരിക്കുന്നു! ഹൊ, പത്രോസിന്റെ സിരകളിലൂടെ ഭയം പാഞ്ഞുകയറി. യേശുവിന്റെ കാൽക്കൽവീണ് അവൻ പറഞ്ഞുപോയി: “കർത്താവേ, എന്നെ വിട്ട് പോകേണമേ; ഞാനൊരു പാപിയായ മനുഷ്യനാണ്.” ദൈവശക്തി ഇങ്ങനെയൊക്കെ ഉപയോഗിക്കാൻ അധികാരമുള്ള ഈ മനുഷ്യന്റെ കൂടെ നടക്കാനുള്ള യോഗ്യത തനിക്കുണ്ടോ? ഇതായിരിക്കാം പത്രോസിന്റെ മനസ്സിലുണ്ടായിരുന്നത്.—ലൂക്കോസ് 5:6-9 വായിക്കുക.
15. പത്രോസിന്റെ സംശയങ്ങളും ആശങ്കകളും ഭയവും അടിസ്ഥാനമില്ലാത്തതാണെന്ന് യേശു അവന് പഠിപ്പിച്ചുകൊടുത്തത് എങ്ങനെ?
15 യേശു അലിവോടെ അവനോട് ഇങ്ങനെ പറഞ്ഞു: “ഭയപ്പെടേണ്ട! ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും.” (ലൂക്കോ. 5:10, 11) കുടുംബത്തിന്റെ ഉപജീവനവും മറ്റും ഓർത്ത് സംശയിക്കാനോ ഭയപ്പെടാനോ ഉള്ള സമയമല്ല ഇത്. അത്തരം ആശങ്കകൾക്കും സംശയങ്ങൾക്കും ഇനി ഒരു സ്ഥാനവുമില്ല. സ്വന്തം പിഴവുകളും കുറവുകളും ഓർത്തുള്ള ഭയവും ഇനി വേണ്ട. യേശുവിന് ഒരു വലിയ വേല ചെയ്യാനുണ്ട്. ചരിത്രം മാറ്റിയെഴുതുന്ന ഒരു നിയോഗം! “ധാരാളം ക്ഷമിക്കു”ന്ന ഒരു ദൈവമാണല്ലോ പത്രോസിന്റെ ദൈവം. (യെശ. 55:7) ആ ദൈവം, പത്രോസിനുവേണ്ടി കരുതിക്കൊള്ളും, അവന്റെ കുടുംബത്തിനുവേണ്ടി കരുതിക്കൊള്ളും. അവനെ പ്രസംഗവേലയിൽ സജ്ജനാക്കും.—മത്താ. 6:33.
16. പത്രോസും യാക്കോബും യോഹന്നാനും യേശുവിന്റെ ക്ഷണത്തോട് പ്രതികരിച്ചത് എങ്ങനെ, അവരുടേത് ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നത് എന്തുകൊണ്ട്?
16 പത്രോസ് അപ്പോൾത്തന്നെ യേശുവിനെ അനുസരിച്ചു. യാക്കോബും യോഹന്നാനും അങ്ങനെതന്നെ ചെയ്തു. “അവർ വള്ളങ്ങൾ കരയ്ക്കടുപ്പിച്ചിട്ട് സകലവും ഉപേക്ഷിച്ച് അവനെ അനുഗമിച്ചു.” (ലൂക്കോ. 5:11) അങ്ങനെ പത്രോസ് യേശുവിലും അവനെ അയച്ചവനിലും തനിക്ക് വിശ്വാസമുണ്ടെന്ന് തെളിയിച്ചു. ജീവിതത്തിൽ അവൻ എടുത്ത ഏറ്റവും നല്ല തീരുമാനം! ഭയവും സംശയവും മറികടന്ന് ദൈവസേവനത്തിനായി ഇറങ്ങിത്തിരിക്കുന്ന ഇന്നത്തെ ക്രിസ്ത്യാനികളും പത്രോസിനെപ്പോലെ തങ്ങൾക്ക് വിശ്വാസമുണ്ടെന്നു കാണിക്കുകയാണ്. അവർ യഹോവയിൽ അർപ്പിക്കുന്ന ആ വിശ്വാസം ഒരിക്കലും അസ്ഥാനത്താകുകയില്ല!—സങ്കീ. 22:4, 5.
“നീ എന്തിനു സംശയിച്ചു?”
17. യേശുവിനെ കണ്ടുമുട്ടിയതുമുതലുള്ള ഈ രണ്ടു വർഷക്കാലത്തെ എന്തെല്ലാം ഓർമകൾ പത്രോസിന് അയവിറക്കാനുണ്ടായിരുന്നു?
17 പത്രോസ് യേശുവിനെ കണ്ടുമുട്ടിയിട്ട് രണ്ടു വർഷമായിക്കാണും. ഒരു രാത്രി, പ്രക്ഷുബ്ധമായ ഗലീലക്കടലിലൂടെ വള്ളം തുഴഞ്ഞു പോകുകയാണ് പത്രോസ്. ഈ രംഗമാണ് അധ്യായത്തിന്റെ തുടക്കത്തിൽ കണ്ടത്. വള്ളം തുഴഞ്ഞുപോകുമ്പോൾ, അവന്റെ മനസ്സിലൂടെ എന്തെല്ലാം ഓർമകൾ കടന്നുപോയെന്ന് നമുക്ക് അറിയില്ല. ഓർമിക്കാനാണെങ്കിൽ ഒരുപാടുണ്ട്: തന്റെ അമ്മായിയമ്മയെ യേശു സുഖപ്പെടുത്തിയത്, മലയിൽവെച്ച് യേശു നടത്തിയ ഗംഭീരമായ പ്രസംഗം, പഠിപ്പിക്കലിലൂടെയും അത്ഭുതപ്രവൃത്തികളിലൂടെയും താൻ യഹോവ തിരഞ്ഞെടുത്തവനും മിശിഹായും ആണെന്ന് അവൻ പല തവണ തെളിയിച്ച് കാണിച്ചത്, അങ്ങനെയെല്ലാം. ഇപ്പോൾ മാസങ്ങൾ കടന്നുപോയിരിക്കുന്നു, ഭയത്തിനും സംശയത്തിനും പെട്ടെന്നു വഴിപ്പെട്ടുപോകുന്ന പ്രവണത കുറച്ചൊക്കെ നിയന്ത്രിക്കാൻ അവൻ പഠിച്ചു. യേശു അവനെ 12 അപ്പൊസ്തലന്മാരിൽ ഒരാളായി തിരഞ്ഞെടുക്കുകപോലും ചെയ്തു! എന്നിട്ടും ഇപ്പോഴും ഭയവും സംശയവും മുഴുവനായി അവനെ വിട്ടൊഴിഞ്ഞിട്ടില്ല. അത് അവനു മനസ്സിലാകുന്ന ഒരു സംഭവം നടക്കാൻപോകുകയായിരുന്നു.
18, 19. (എ) ഗലീലക്കടലിൽവെച്ച് പത്രോസ് കണ്ട കാഴ്ച വിവരിക്കുക. (ബി) യേശു പത്രോസിന്റെ അപേക്ഷ അനുവദിച്ചുകൊടുത്തത് എങ്ങനെ?
18 രാത്രിയുടെ നാലാം യാമമാണെന്നു തോന്നുന്നു. 3 മണിക്കും സൂര്യോദയത്തിനും ഇടയ്ക്കുള്ള ഒരു സമയം. പത്രോസ് പെട്ടെന്ന് തുഴച്ചിൽ നിറുത്തി, അവൻ ഞെട്ടി നിവർന്നിരുന്നു. അവിടെ, തിരകൾക്കുമീതെ എന്തോ അനങ്ങുന്നതുപോലെ. തിരയടിച്ചുണ്ടാകുന്ന പാൽപ്പതയിൽ നിലാവെളിച്ചം തട്ടി തിളങ്ങുന്നതാണോ? ഹേയ്, അല്ല. അത് കുത്തനെ നിൽക്കുകയാണ്! ആകൃതി മാറുന്നില്ല! അതൊരു മനുഷ്യനാണോ? അതെ, ഒരു മനുഷ്യൻ കടലിന്റെ മീതെ കൂടി നടക്കുകയാണ്! ആ രൂപം അടുത്തടുത്ത് വരുന്നു! അവരുടെ നേരെയാണിപ്പോൾ വരുന്നത്! പേടിച്ചരണ്ട ശിഷ്യന്മാർ അത് ഏതോ ഭൂതമാണെന്നു വിചാരിച്ച് നിലവിളിച്ചു. അപ്പോൾ ആ രൂപം അവരോടു പറഞ്ഞു: “ധൈര്യമായിരിക്കുവിൻ, ഇതു ഞാനാണ്; ഭയപ്പെടേണ്ട.” അത് യേശുവായിരുന്നു!—മത്താ. 14:25-28.
19 ഉടനെ പത്രോസ് പറഞ്ഞു: “കർത്താവേ, അതു നീയാണെങ്കിൽ, വെള്ളത്തിന്മീതെ നടന്ന് നിന്റെ അടുക്കൽ വരാൻ എന്നോടു കൽപ്പിക്കേണമേ.” അവന്റെ ഈ ആദ്യപ്രതികരണം നല്ല ധൈര്യത്തോടെയായിരുന്നു. അത്യപൂർവമായ ഈ സംഭവം പത്രോസിനെ ആവേശംകൊള്ളിച്ചു. തന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെടുത്താൻ അവൻ ഉറച്ചു. അതുകൊണ്ട് യേശുവിന്റെ ആ അത്ഭുതശക്തി ഒന്ന് അനുഭവിച്ചറിഞ്ഞ്, അതിലൊന്നു പങ്കുകൊള്ളാൻ, അവൻ ആഗ്രഹിച്ചു. പത്രോസിന്റെ അപേക്ഷ കേട്ടപ്പോൾ യേശു അവനെ തന്റെ അടുത്തേക്കു വിളിച്ചു. ഉടനെ പത്രോസ് വള്ളത്തിന്റെ വക്കത്തു ചവിട്ടി തിരയിളകുന്ന ജലപ്പരപ്പിലേക്ക് കാലെടുത്തുവെച്ചു. ഉറപ്പുള്ള തറയിലേക്ക് ചവിട്ടുന്നതുപോലെ അവനു തോന്നി. പിന്നെ അവൻ ആ ജലപ്പരപ്പിൽ ഉറച്ചുനിന്നു. എന്നിട്ട് കാലടികൾ വെച്ച് നടന്നുനീങ്ങി. പത്രോസിന്റെ ആ അനുഭൂതി ഒന്നു സങ്കല്പിച്ചുനോക്കൂ! താൻ കടലിന്മീതെ നടക്കുകയാണ്! അത്ഭുതംകൊണ്ട് അവൻ മതിമറന്നു! എന്നാൽ അതാ, പെട്ടെന്ന് അവന്റെ ഭാവം മാറി! എന്താണ് സംഭവിച്ചതെന്നു നോക്കാം.—മത്തായി 14:29 വായിക്കുക.
20. (എ) പത്രോസിന് ശ്രദ്ധ പതറിയത് എങ്ങനെ, എന്നിട്ട് എന്തു സംഭവിച്ചു? (ബി) ഈ സംഭവത്തിൽനിന്ന് യേശു പത്രോസിനെ എന്തു പാഠമാണ് പഠിപ്പിച്ചത്?
20 പത്രോസ് യേശുവിൽനിന്ന് ശ്രദ്ധ മാറ്റാൻ പാടില്ലായിരുന്നു. കാറ്റ് അമ്മാനമാടുന്ന കടൽത്തിരകൾക്കുമീതെ നടന്നുനീങ്ങാൻ പത്രോസിന് ശക്തി പകരുന്നത് ആരാണ്? യഹോവയുടെ ശക്തിയാൽ യേശുവാണ് അത് ചെയ്യുന്നത്! പത്രോസിന് തന്നിലുള്ള വിശ്വാസം കണ്ടിട്ടാണ് അവനോട് തന്റെ അടുത്തേക്ക് വരാൻ യേശു പറഞ്ഞത്. പക്ഷേ പെട്ടെന്ന് പത്രോസിന് ശ്രദ്ധ പതറി. “ശക്തമായ കാറ്റുകണ്ട് അവൻ ഭയന്നു” എന്നു നമ്മൾ വായിക്കുന്നു. വലിയ കാറ്റടിക്കുന്നതും തിരകൾ വള്ളത്തിൽ ആഞ്ഞടിക്കുന്നതും നുരയും പതയും കാറ്റിൽ ചിതറുന്നതും അവൻ നോക്കിപ്പോയി. അവൻ പരിഭ്രാന്തനായി! ആ നിലയില്ലാക്കടലിൽ താണുതാണ് പോകുന്നതും മുങ്ങിച്ചാകുന്നതും അവൻ സങ്കല്പിച്ചുകാണും. അവന്റെ വിശ്വാസവും മുങ്ങിത്താഴാൻ തുടങ്ങി! സ്ഥിരതയും ഉറപ്പും ഉള്ളവനാകും എന്ന് മനസ്സിൽക്കണ്ട് ‘പാറ’ എന്ന് യേശു വിളിച്ചവൻ ഇതാ, വെള്ളത്തിലിട്ട കല്ലുപോലെ പൊടുന്നനെ മുങ്ങിത്താഴുന്നു! അവന്റെ വിശ്വാസം ആടിയുലഞ്ഞതാണ് കാരണം! പത്രോസിന് നന്നായി നീന്തലറിയാമായിരുന്നു. പക്ഷേ അവൻ അതിനു മുതിരുന്നില്ല. അവൻ ഉച്ചത്തിൽ യേശുവിനോട് നിലവിളിച്ചു: “കർത്താവേ, എന്നെ രക്ഷിക്കേണമേ!” യേശു അവനെ കൈക്കുപിടിച്ച് പൊക്കിയെടുത്തു. എന്നിട്ട് അവിടെ, ആ ഓളപ്പരപ്പിൽ നിന്നുകൊണ്ടുതന്നെ, യേശു അവന് ഒരു സുപ്രധാനപാഠം പഠിപ്പിച്ചുകൊടുത്തു: “അൽപ്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു?”—മത്താ. 14:30, 31.
21. സംശയിക്കുന്ന പ്രകൃതം അപകടം ചെയ്യുന്നത് എന്തുകൊണ്ട്, അതിനെതിരെ നമുക്ക് എങ്ങനെ പോരാടാം?
21 “നീ എന്തിനു സംശയിച്ചു?” എന്ന യേശുവിന്റെ ചോദ്യം ഇവിടെ പ്രസക്തമായിരുന്നു. സംശയം എന്ന വികാരത്തിന് സംഹാരശക്തിയുണ്ടെന്നു പറയാം! നാം അതിനു വഴങ്ങിപ്പോയാൽ അതു നമ്മുടെ വിശ്വാസം തിന്നുകളയും! ആത്മീയമായി നമ്മളെ മുക്കിക്കളയും! അതുകൊണ്ട്, സംശയത്തിനെതിരെ സർവശക്തിയുമെടുത്ത് തുഴയണം. എങ്ങനെയാണ് അതിനു കഴിയുക? ലക്ഷ്യത്തിൽനിന്നു കണ്ണുപറിക്കാതിരിക്കുക. നമ്മുടെ ജീവിതത്തിൽ നമ്മെ ഭയപ്പെടുത്തുന്ന കാര്യങ്ങളുണ്ട്, ഉത്സാഹം ചോർത്തിക്കളയുന്ന കാര്യങ്ങളുണ്ട്, നമ്മുടെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങളുണ്ട്. അവയിൽത്തന്നെ മനസ്സു പതിപ്പിച്ചാൽ അതു നമ്മുടെ സംശയങ്ങൾക്കു വളം വെക്കുകയേ ഉള്ളൂ. അങ്ങനെ യഹോവയിൽനിന്നും അവന്റെ പുത്രനിൽനിന്നും നമ്മൾ അകന്നുപോകും. പിന്നെയോ, യഹോവയും അവന്റെ പുത്രനും തങ്ങളെ സ്നേഹിക്കുന്നവർക്കുവേണ്ടി ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാൻപോകുന്നതും ആയ കാര്യങ്ങളിൽ മനസ്സുപതിപ്പിക്കുക. നമ്മുടെ വിശ്വാസം തുരുമ്പിക്കാൻ ഇടയാക്കുന്ന സംശയങ്ങളെ ദൂരെയകറ്റാൻ അങ്ങനെ നമുക്കു കഴിയും!
22. പത്രോസിന്റെ വിശ്വാസം അനുകരണീയമായിരിക്കുന്നത് എന്തുകൊണ്ട്?
22 യേശു പത്രോസിനെയും കൂട്ടി ജലപ്പരപ്പിലൂടെ വള്ളത്തിനരികിലേക്കു നടന്ന് അതിൽ കയറി. പെട്ടെന്ന് കാറ്റ് ശമിച്ചു. ഗലീലക്കടൽ കനത്ത ശാന്തതയിലമർന്നു! അപ്പോൾ, പത്രോസും മറ്റു ശിഷ്യന്മാരും ആശ്ചര്യഭരിതരായി യേശുവിനോട് ഇങ്ങനെ പറഞ്ഞു: “നീ സത്യമായും ദൈവപുത്രനാകുന്നു.” (മത്താ. 14:33) അപ്പോഴേക്കും പ്രഭാതമാകാറായി, തടാകത്തിനു മീതെ വെളിച്ചം പരന്നുതുടങ്ങി. പത്രോസിന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞു. ഭയത്തെയും സംശയത്തെയും പടികടത്താൻ അവനു കഴിഞ്ഞു. എന്നുവരികിലും, യേശു മുൻകൂട്ടികണ്ട ‘പാറപോലുള്ള’ ഒരു ക്രിസ്ത്യാനിയാകാൻ അവനു പിന്നെയും കാതങ്ങൾ സഞ്ചരിക്കേണ്ടിയിരുന്നു. പക്ഷേ അവൻ ഒന്നു തീരുമാനിച്ചുറച്ചിരുന്നു: ശ്രമിച്ചുകൊണ്ടിരിക്കുക! വളർന്നുകൊണ്ടിരിക്കുക! സ്വന്തം ബലഹീനതകൾക്കെതിരെ പോരാടാൻ നിങ്ങൾ ഇതുപോലൊരു തീരുമാനമെടുത്തിട്ടുണ്ടോ? എങ്കിൽ പത്രോസിന്റെ വിശ്വാസം അനുകരിക്കുക!