സത്യത്താൽ സ്വതന്ത്രമാക്കപ്പെടുന്നു
ഐക്യനാടുകളിൽ, പത്തു ലക്ഷത്തിലധികം ആളുകൾ തടവിൽ കഴിയുകയാണ്. ഇവരിൽ, മൂവായിരത്തോളം പേരെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുകയാണ്. നിങ്ങൾ അത്തരമൊരു അവസ്ഥയിലാണെന്നു സങ്കൽപ്പിക്കുക. നിങ്ങൾക്കെന്തു തോന്നും? അത്തരമൊരു സാധ്യതയെക്കുറിച്ചുള്ള ചിന്തതന്നെ തീർച്ചയായും ഭയങ്കരമാണ്. എന്നിരുന്നാലും, ഒരർഥത്തിൽ, എല്ലാ മനുഷ്യരും സമാനമായൊരു സ്ഥിതിവിശേഷത്തിലാണ്. ബൈബിൾ പറയുന്നു: “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമർ 3:23) അതേ, ആദാമിന്റെ പിൻഗാമികൾ എന്നനിലയിൽ, നാം പാപപൂരിത അവസ്ഥയുടെ “തടവി”ലാണ്. (റോമർ 5:12) ക്രിസ്തീയ അപ്പോസ്തലനായ പൗലൊസിന് അനുഭവപ്പെട്ടതുപോലെ, നമ്മുടെ ബന്ധനത്തിന്റെ ഫലങ്ങൾ നമുക്കു ദിവസേന അനുഭവപ്പെടുന്നു. അവൻ എഴുതി: “എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.”—റോമർ 7:23.
നമ്മുടെ പാപപൂർണമായ സ്വഭാവത്തിന്റെ ഫലമായി, പ്രതീകാത്മകമായി പറഞ്ഞാൽ നാം ഓരോരുത്തരും മരണശിക്ഷാവിധിയിൻ കീഴിലാണ്. കാരണം ബൈബിൾ പ്രസ്താവിക്കുന്നു: “പാപത്തിന്റെ ശമ്പളം മരണമത്രേ.” (റോമർ 6:23) സങ്കീർത്തനക്കാരനായ മോശ നമ്മുടെ അവസ്ഥ നന്നായി വർണിച്ചു: “നമുക്ക് ആകെയുള്ളത് എഴുപതു വർഷങ്ങൾ—നാം കരുത്തരെങ്കിൽ എൺപതു വർഷങ്ങൾ; എന്നിട്ടും അക്കാലമത്രെയും കുഴപ്പങ്ങളും ദുരിതങ്ങളുമാണ്; ജീവിതം പെട്ടെന്നു തീരുന്നു, നാം കടന്നുപോകുന്നു.”—സങ്കീർത്തനം 90:10, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ; യാക്കോബ് 4:14 താരതമ്യം ചെയ്യുക.
മനുഷ്യവർഗം പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലാണെന്നതു മനസ്സിൽപ്പിടിച്ചുകൊണ്ടായിരുന്നു യേശു അനുഗാമികളോട് ഇങ്ങനെ പറഞ്ഞത്: ‘സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കും.’ (യോഹന്നാൻ 8:32) ആ വാക്കുകളിലൂടെ, യേശു റോമൻ ഭരണത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തെക്കാൾ വളരെ ശ്രേഷ്ഠമായ ഒരു സംഗതിയെക്കുറിച്ചുള്ള പ്രത്യാശ തന്റെ അനുഗാമികൾക്കു വെച്ചുനീട്ടുകയായിരുന്നു—അവൻ അവർക്കു പാപത്തിൽനിന്നുള്ള മോചനവും മരണത്തിൽനിന്നുള്ള വിടുതലും വാഗ്ദാനം ചെയ്യുകയായിരുന്നു! ഇത് അവർക്കെങ്ങനെ നൽകപ്പെടുമായിരുന്നു? “പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും,” യേശു അവരോടു പറഞ്ഞു. (യോഹന്നാൻ 8:36) അതേ, തന്റെ ജീവിതം അർപ്പിക്കുകവഴി, “പുത്ര”നായ യേശു, ആദാം നഷ്ടപ്പെടുത്തിയതു തിരിച്ചുവാങ്ങാൻ വേണ്ടി ഒരു പാപപരിഹാര ബലിയായി. (1 യോഹന്നാൻ 4:10) ഇത് അനുസരണമുള്ള മനുഷ്യവർഗത്തിനു പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു മോചിതരാകുന്നതിനുള്ള വഴി തുറന്നു. ‘ദൈവത്തിന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്’ അവൻ മരണംവരിച്ചു.—യോഹന്നാൻ 3:16.
അതുകൊണ്ടു നമ്മെ സ്വതന്ത്രമാക്കാൻ കഴിയുന്ന സത്യം യേശുക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ളതാണ്. അവന്റെ കാൽച്ചുവടു പിൻചെല്ലുന്നവർ ആയിത്തീരുന്നവർക്കു ദൈവരാജ്യം ഭൂമിയുടെ കാര്യങ്ങളിൽ പൂർണ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ പാപത്തിൽനിന്നും മരണത്തിൽനിന്നും വിമോചിതരാകുന്നതിനുള്ള പ്രത്യാശയുണ്ട്. ദൈവവചനത്തിലെ സത്യം അംഗീകരിക്കുന്നവർ ഇപ്പോൾപ്പോലും യഥാർഥ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. ഏതു വിധങ്ങളിൽ?
മരിച്ചവരെക്കുറിച്ചുള്ള ഭയത്തിൽനിന്നു സ്വാതന്ത്ര്യം
ഇന്നു കോടിക്കണക്കിനാളുകൾ മരിച്ചവരെക്കുറിച്ചുള്ള ഭയപ്പാടിൽ ജീവിക്കുന്നു. എന്തുകൊണ്ട്? മരിക്കുമ്പോൾ ആത്മാവു ശരീരം വിട്ട് ഒരു ആത്മമണ്ഡലത്തിലേക്കു യാത്രയാകുന്നുവെന്ന് അവരുടെ മതങ്ങൾ അവരെ പഠിപ്പിച്ചിരിക്കുന്നതാണു കാരണം. അതുകൊണ്ടാണു മരിച്ചയാളുടെ ബന്ധുക്കളുടെ വകയായി പല ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ഉറക്കിളപ്പ് ആചാരം ഇന്നു ചില ദേശങ്ങളിലുള്ളത്. ഇതിൽ പലപ്പോഴും ഉച്ചത്തിലുള്ള പാട്ടും ചെണ്ടകൊട്ടും ഉണ്ടായിരിക്കും. ഇത് മരിച്ച വ്യക്തിയെ പ്രസാദിപ്പിക്കുമെന്നും ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാൻ തിരിച്ചുവരുന്നതിൽനിന്ന് അയാളുടെ ആത്മാവിനെ തടയുമെന്നും വിലാപകർ വിശ്വസിക്കുന്നു. മരിച്ചവരെക്കുറിച്ചുള്ള ക്രൈസ്തവലോകത്തിന്റെ വ്യാജപഠിപ്പിക്കലുകൾ ഈ ആചാരത്തെ നിലനിർത്താനേ ഉപകരിച്ചിട്ടുള്ളൂ.
എന്നിരുന്നാലും, ബൈബിൾ മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നു. നിങ്ങളുടെ ദേഹി നിങ്ങൾ ആകുന്നു, അല്ലാതെ മരണത്തിനുശേഷവും ജീവിക്കുന്ന നിങ്ങളുടെ ഏതോ ഒരു ദുർജ്ഞേയ ഭാഗമല്ലെന്ന് അതു വ്യക്തമായി പ്രസ്താവിക്കുന്നു. (ഉല്പത്തി 2:7; യെഹസ്കേൽ 18:4) കൂടാതെ, മരിച്ചവർ ഒരു അഗ്നിനരകത്തിൽ ദണ്ഡനമനുഭവിക്കുന്നില്ല. അവർ ഒരു ആത്മമണ്ഡലത്തിന്റെ ഭാഗവുമല്ല, അവർക്കു ജീവിച്ചിരിക്കുന്നവരെ ഒട്ടു ബാധിക്കാനുമാവില്ല. “മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല” എന്നു ബൈബിൾ പറയുന്നു.—സഭാപ്രസംഗി 9:5, 10.
ഈ ബൈബിൾ സത്യങ്ങൾ മരിച്ചവരെക്കുറിച്ചുള്ള ഭയത്തിൽനിന്ന് അനേകമാളുകളെ സ്വതന്ത്രരാക്കിയിട്ടുണ്ട്. തങ്ങളുടെ പൂർവികരെ പ്രസാദിപ്പിക്കുന്നതിനായി ചെലവേറിയ ബലികൾ അവർ മേലാൽ അർപ്പിക്കുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവരുടെ പാപങ്ങൾ ഹേതുവായി അവർ നിർദയം ദണ്ഡിപ്പിക്കപ്പെടുകയാണെന്ന വിഷമവും അവർക്കില്ല. മരിച്ചവർക്കു ബൈബിൾ അത്ഭുതകരമായ പ്രത്യാശ വെച്ചുനീട്ടുന്നുവെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. കാരണം, ദൈവത്തിന്റെ നിയമിത സമയത്ത് “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്ന് അതു നമ്മോടു പറയുന്നു. (പ്രവൃത്തികൾ 24:15; യോഹന്നാൻ 5:28, 29) അങ്ങനെ, ഒരു സുഖനിദ്രയിൽ ആയിരിക്കുന്നതുപോലെ, മരിച്ചവർ ഇപ്പോൾ കേവലം വിശ്രമിക്കുകയാണ്.—യോഹന്നാൻ 11:11-14 താരതമ്യം ചെയ്യുക.
മരണം കൈവരുത്തുന്ന നിരാശയിൽനിന്നു നമ്മെ സ്വതന്ത്രമാക്കാൻ മരിച്ചവരുടെ അവസ്ഥയെയും പുനരുത്ഥാന പ്രത്യാശയെയും കുറിച്ചുള്ള സത്യത്തിനു കഴിയും. ഒരു അപകടത്തിൽ തങ്ങളുടെ നാലു വയസ്സുള്ള പുത്രൻ കൊല്ലപ്പെട്ടപ്പോൾ ഐക്യനാടുകളിലെ ഒരു വിവാഹിത ദമ്പതികൾക്കു താങ്ങായത് അത്തരം പ്രത്യാശയായിരുന്നു. “പുനരുത്ഥാനത്തിലൂടെ തങ്ങളുടെ പുത്രനെ വീണ്ടും കാണുന്നതുവരെ ഞങ്ങളുടെ ജീവിതത്തിൽ നികത്താനാകാത്ത ഒരു ശൂന്യതയുണ്ട്,” അവന്റെ മാതാവ് സമ്മതിക്കുന്നു. “എന്നാൽ ഞങ്ങളുടെ വേദന തീർത്തും താത്കാലികമാണ്, കാരണം ഞങ്ങളുടെ ദുഃഖക്കണ്ണീർ തുടച്ചുകളയുമെന്നു യഹോവ വാഗ്ദത്തം ചെയ്യുന്നു.”—വെളിപ്പാടു 21:3, 4.
ഭാവിയെക്കുറിച്ചുള്ള ഭയത്തിൽനിന്നു സ്വാതന്ത്ര്യം
ഭാവി എന്തു കൈവരുത്തും? ഒരു ആണവ വിനാശത്തിൽ നമ്മുടെ ഭൂമി കത്തിച്ചാമ്പലാകുമോ? ഭൂമിയുടെ അന്തരീക്ഷ മലിനീകരണം നിമിത്തം നമ്മുടെ ഗ്രഹം വാസയോഗ്യമല്ലാത്തതായിത്തീരുമോ? ധാർമികാധഃപതനം അരാജകത്വത്തിലും കുഴപ്പത്തിലും കലാശിക്കുമോ? ഇവയെല്ലാം ഇന്ന് അനേകരുടെയും ഭയങ്ങളാണ്.
എന്നിരുന്നാലും, ബൈബിൾ അത്തരം കൊടുംഭീതിയിൽനിന്നു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. ‘ഭൂമി എന്നേക്കും നില്ക്കുന്നു’ എന്ന് അതു നമുക്ക് ഉറപ്പുതരുന്നു. (സഭാപ്രസംഗി 1:4) യഹോവ നമ്മുടെ ഗ്രഹത്തെ സൃഷ്ടിച്ചത് ഉത്തരവാദിത്വബോധമില്ലാത്ത മനുഷ്യർ അതിനെ നശിപ്പിക്കുന്നതു കാണാനല്ല. (യെശയ്യാവു 45:18) മറിച്ച്, ഏകീകൃതമായ മനുഷ്യകുടുംബത്തിനുവേണ്ടിയുള്ള ഒരു പറുദീസാ ഭവനമായി ഉതകുന്നതിനാണു യഹോവ ഭൂമിയെ സൃഷ്ടിച്ചത്. (ഉല്പത്തി 1:27, 28) അവന്റെ ഉദ്ദേശ്യത്തിനു മാറ്റംവന്നിട്ടില്ല. “ഭൂമിയെ നശിപ്പിക്കുന്നവരെ” ദൈവം “നശിപ്പി”ക്കുമെന്നു ബൈബിൾ നമ്മോടു പറയുന്നു. (വെളിപ്പാടു 11:18) അതിനുശേഷം, ‘സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും,’ ബൈബിൾ പറയുന്നു.—സങ്കീർത്തനം 37:11.
ഈ വാഗ്ദത്തം വിശ്വാസയോഗ്യമാണ്, കാരണം ദൈവം നുണപറയുകയില്ല. യഹോവ തന്റെ പ്രവാചകനായ യെശയ്യാവിലൂടെ പ്രസ്താവിച്ചു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാവു 55:11; തീത്തൊസ് 1:2) അതുകൊണ്ട്, 2 പത്രൊസ് 3:13-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവിക വാഗ്ദത്തത്തിന്റെ നിവൃത്തിക്കായി നമുക്ക് ഉറപ്പോടെ നോക്കിപ്പാർത്തിരിക്കാനാകും: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.”
മനുഷ്യഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യം
ദൈവത്തോടുള്ള ഭക്തിയിൽ നിർഭയത്വം പ്രകടിപ്പിച്ചിട്ടുള്ള സ്ത്രീപുരുഷന്മാരുടെ ഉത്കൃഷ്ട ദൃഷ്ടാന്തങ്ങൾ ബൈബിൾ നമുക്കു പ്രദാനം ചെയ്യുന്നു. അക്കൂട്ടത്തിൽപ്പെട്ട ചിലരാണ് ഗിദെയോൻ, ബാരാക്, ദെബോരാ, ദാനീയേൽ, എസ്ഥേർ, യിരെമ്യാവ്, അബിഗയിൽ, യായേൽ എന്നിവർ. ഈ വിശ്വസ്ത സ്ത്രീപുരുഷന്മാർ പ്രകടമാക്കിയത് ഇപ്രകാരം എഴുതിയ സങ്കീർത്തനക്കാരന്റെ മനോഭാവംതന്നെ: “ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്വാൻ കഴിയും?”—സങ്കീർത്തനം 56:11.
ഒന്നാം നൂറ്റാണ്ടിൽ, പ്രസംഗവേല നിർത്തണമെന്നു മതനേതാക്കന്മാർ ആവശ്യപ്പെട്ടപ്പോൾ, അപ്പോസ്തലന്മാരായ പത്രൊസും യോഹന്നാനും സമാനമായ ധൈര്യം പ്രകടമാക്കുകയുണ്ടായി. “ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല,” അവർ ഉത്തരം പറഞ്ഞു. പത്രൊസിന്റെയും യോഹന്നാന്റെയും ഉറച്ച നിലപാടു നിമിത്തം അവർ പിന്നീട് തടവിലായി. അത്ഭുതകരമായി മോചിതരായ അവർ നേരേ ചെന്ന് “ദൈവവചനം ധൈര്യത്തോടെ പ്രസ്താവി”ക്കുന്നതിൽ തുടർന്നു. ഉടനെതന്നെ പത്രൊസിനെയും മറ്റ് അപ്പോസ്തലന്മാരെയും യഹൂദ ന്യായാധിപസംഘത്തിന്മുമ്പാകെ കൊണ്ടുവന്നു. മഹാപുരോഹിതൻ അവരോടു പറഞ്ഞു: “ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു.” പത്രൊസും മറ്റ് അപ്പോസ്തലന്മാരും ഉത്തരം പറഞ്ഞു: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.”—പ്രവൃത്തികൾ 4:16, 17, 19, 20, 31; 5:18-20, 27-29.
ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്ന വേലയിൽ, യഹോവയുടെ സാക്ഷികൾ ഇന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ തീക്ഷ്ണത അനുകരിക്കാൻ യത്നിക്കുന്നു. അവർക്കിടയിലെ യുവജനങ്ങൾപോലും തങ്ങളുടെ വിശ്വാസത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിച്ചുകൊണ്ടു നിർഭയരാണെന്നു മിക്കപ്പോഴും തെളിയിക്കുന്നു. ഏതാനും ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
സ്റ്റെയ്സി. ഒരു കൗമാരപ്രായക്കാരി. പ്രകൃത്യാതന്നെ ലജ്ജാവതി. അതുകാരണം തന്റെ വിശ്വാസത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നത് അവൾക്ക് ആദ്യമൊക്കെ ഒരു വെല്ലുവിളിയായിരുന്നു. തന്റെ ലജ്ജാശീലം മറികടക്കാൻ അവൾ എന്തു ചെയ്തു? “ഞാൻ ബൈബിൾ പഠിക്കുകയും മനസ്സിലാക്കിയിരിക്കുന്ന സംഗതികളാണ് ഞാൻ സംസാരിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്തു,” അവൾ പറയുന്നു. “അത് അതിനെ കൂടുതൽ എളുപ്പമാക്കുകയും എനിക്ക് എന്നിൽത്തന്നെ കൂടുതൽ വിശ്വാസമുണ്ടാകുകയും ചെയ്തു.” സ്റ്റെയ്സിയുടെ സൽപ്പേരിനെക്കുറിച്ചു പ്രാദേശിക പത്രത്തിൽ റിപ്പോർട്ട് ഉണ്ടായിരുന്നു. അവളുടെ സ്കൂളിലെ ഒരു അധ്യാപിക എഴുതിയ പ്രസ്തുത ലേഖനം അഭിപ്രായപ്പെട്ടു: “[സ്റ്റെയ്സിയുടെ] വിശ്വാസം മിക്ക കൗമാരപ്രായക്കാർക്കും അനുഭവപ്പെടുന്ന അനേകം സമ്മർദങ്ങളോടു പോരാടാനുള്ള ശക്തി അവൾക്കു നൽകിയിരിക്കുന്നതായി തോന്നുന്നു. . . . ദൈവസേവനത്തിനായിരിക്കണം തന്റെ മനസ്സിൽ ഒന്നാം സ്ഥാനമെന്ന് അവൾക്കു തോന്നുന്നു.”
അഞ്ചു വയസ്സുള്ളപ്പോൾമുതൽതന്നെ ടോമി മാതാപിതാക്കളിൽനിന്നു ബൈബിളിനെക്കുറിച്ചു പഠിക്കാൻ തുടങ്ങി. നന്നേ ചെറുപ്പത്തിൽത്തന്നെ, അവൻ സത്യാരാധനയ്ക്കുവേണ്ടി ധീരമായ നിലപാട് എടുത്തു. അവന്റെ യുവസഹപാഠികൾ വിശേഷദിവസ ചിത്രങ്ങൾ വരച്ചപ്പോൾ, അവൻ ദൈവത്തിന്റെ വാഗ്ദത്ത പറുദീസയുടെ രംഗങ്ങൾ വരച്ചു. യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെക്കുറിച്ച് അനേകം വിദ്യാർഥികൾക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നതായി ഒരു കൗമാരപ്രായക്കാരനായ ടോമിക്കു മനസ്സിലായി. ഭയപ്പെട്ട് ഒഴിഞ്ഞുമാറുന്നതിനുപകരം, അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഒരുമിച്ച് ഉത്തരം കൊടുക്കാനായി ക്ലാസ്സുമായി താനൊരു ചോദ്യോത്തര ചർച്ച നടത്തട്ടേയെന്ന് അവൻ തന്റെ അധ്യാപകരിൽ ഒരാളോടു ചോദിച്ചു. ഇതിന് അനുവാദം കിട്ടി, നല്ലൊരു സാക്ഷ്യവും നൽകപ്പെട്ടു.
മാർകീയേറ്റയ്ക്ക് 17 വയസ്സുള്ളപ്പോൾ തന്റെ വിശ്വാസത്തെക്കുറിച്ച് ക്ലാസ്സിലുള്ള മറ്റുള്ളവരോടു സംസാരിക്കാൻ അവൾ ഒരു നല്ല അവസരം കണ്ടെത്തി. “ഞങ്ങൾക്ക് ഒരു പ്രസംഗം നടത്തുന്നതിനുള്ള നിയമനം ലഭിച്ചു,” അവൾ പറയുന്നു. “യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിൽനിന്നായിരുന്നു ഞാൻ എന്റെ വിഷയം തിരഞ്ഞെടുത്തത്.a ഞാൻ പുസ്തകത്തിൽനിന്ന് അഞ്ച് അധ്യായങ്ങൾ തിരഞ്ഞെടുത്ത് അതിന്റെ ശീർഷകങ്ങൾ ബ്ലാക്ക്ബോർഡിൽ എഴുതി. തങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയ ക്രമത്തിൽ അവയെ തരംതിരിക്കാൻ ഞാൻ ക്ലാസ്സിനോട് ആവശ്യപ്പെട്ടു.” അതിനുശേഷം ക്ലാസ്സ് പങ്കുപറ്റലോടെ ഒരു ചർച്ച നടത്തി. “ഞാൻ കുട്ടികൾക്കു പുസ്തകം കാണിച്ചുകൊടുത്തു,” മാർകീയേറ്റ ഉപസംഹരിക്കുന്നു, “വിദ്യാർഥികളിൽ പലരുംതന്നെ ഓരോ കോപ്പി വീതം ആവശ്യപ്പെട്ടു. എന്റെ അധ്യാപികപോലും ഒരെണ്ണം ആവശ്യപ്പെട്ടു.”
സത്യത്തിനു നിങ്ങളെ സ്വതന്ത്രരാക്കാനാകും
നാം കണ്ടതുപോലെ, ബൈബിളിൽ ഉൾക്കൊണ്ടിരിക്കുന്ന സത്യത്തിന് ബൈബിൾ പഠിക്കുകയും അതിന്റെ സന്ദേശം കാര്യമായി എടുക്കുകയും ചെയ്യുന്ന എല്ലാ പ്രായക്കാരുടേയുംമേൽ ഒരു വിമോചനഫലം ഉണ്ട്. അതു മരിച്ചവരെക്കുറിച്ചുള്ള ഭയം, ഭാവിയെക്കുറിച്ചുള്ള ഭയം, മാനുഷഭയം എന്നിവയിൽനിന്ന് അവരെ മോചിപ്പിക്കുന്നു. അവസാനം, യേശുവിന്റെ മറുവില അനുസരണമുള്ള മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കും. അവകാശപ്പെടുത്തിയിരിക്കുന്ന പാപപൂർണ അവസ്ഥയാൽ മേലാൽ ബന്ധിതരായിരിക്കാതെ ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കാറാകുന്നത് എന്തൊരു സന്തോഷമായിരിക്കും!—സങ്കീർത്തനം 37:29.
ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള അനുഗ്രഹങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കാൻ നിങ്ങൾക്കു താത്പര്യമുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അതുകൊണ്ട് തന്റെ ശിഷ്യന്മാർക്ക് യേശു വാഗ്ദാനം ചെയ്ത സ്വാതന്ത്ര്യം അനുഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, യഹോവയാം ദൈവത്തെയും അവന്റെ പുത്രനെയും കുറിച്ചു നിങ്ങൾ പഠിക്കണം. നിങ്ങൾ ദൈവഹിതം എന്താണെന്ന് അറിയുകയും അതു നിവർത്തിക്കുകയും വേണം. എന്തെന്നാൽ ബൈബിൾ പറയുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
[7-ാം പേജിലെ ചിത്രം]
ദൈവരാജ്യത്തിൻ കീഴിൽ, മനുഷ്യവർഗം ഒടുവിൽ പാപത്തിൽനിന്നും മരണത്തിൽനിന്നും സ്വതന്ത്രരാക്കപ്പെടും