ദൈവവചനം പുനർജൻമത്തെക്കുറിച്ചുപഠിപ്പിക്കുന്നുവോ?
പുനർജൻമ സിദ്ധാന്തത്തെ പിന്താങ്ങുന്ന തെളിവു കണ്ടെത്താമെന്ന പ്രതീക്ഷയോടെ ബൈബിൾ പരിശോധിക്കുന്ന ഏതൊരാളും നിരാശനായിത്തീരുമെന്നുള്ളതിനു രണ്ടുപക്ഷമില്ല. മനുഷ്യർ മുൻകാല ജീവിതങ്ങൾ നയിച്ചിട്ടുള്ളതായി ബൈബിളിലൊരിടത്തും നിങ്ങൾ കണ്ടെത്തുകയില്ല. മാത്രമല്ല, “പുനർജൻമം,” “ആത്മാവിന്റെ ദേഹാന്തരഗമനം,” അല്ലെങ്കിൽ “അമർത്ത്യദേഹി” എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും നിങ്ങൾ ബൈബിളിൽ കണ്ടെത്തുകയില്ല.
എന്നിരുന്നാലും, പുനർജൻമം എന്ന ആശയം പുരാതനകാലങ്ങളിൽ വളരെ സർവസാധാരണമായിരുന്നു, അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വിശദീകരണം അനാവശ്യമായിരിക്കുമായിരുന്നു എന്നു പറഞ്ഞുകൊണ്ട് പുനർജൻമത്തിൽ വിശ്വസിക്കുന്നവർ ബൈബിൾ തെളിവില്ലായ്മയുടെ കാരണം വിശദീകരിക്കാൻ ശ്രമിച്ചേക്കാം. പുനർജൻമത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ വളരെ പഴക്കമുള്ളതാണെന്നതു സത്യംതന്നെ. എന്നാൽ അത് എത്ര പഴക്കമുള്ളതായിരുന്നാലും അല്ലെങ്കിൽ എത്ര സാധാരണമോ അല്ലാത്തതോ ആയിരുന്നാലും ഇപ്പോഴും അവശേഷിക്കുന്ന ചോദ്യം ഇതാണ്, ബൈബിൾ അതു പഠിപ്പിക്കുന്നുണ്ടോ?
2 തിമൊഥെയൊസ് 3:16, 17-ൽ പൗലോസ് അപ്പോസ്തലൻ ഇപ്രകാരം എഴുതി: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ [“ദൈവനിശ്വസ്തമാകയാൽ,” NW] ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” അതേ, ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണ്, മാനവകുടുംബത്തോടുള്ള അവന്റെ ആശയവിനിമയമാണ്. പൗലോസ് എഴുതിയതുപോലെ, ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവികാലത്തെയും സംബന്ധിച്ചതുൾപ്പെടെ ജീവിതത്തെ സംബന്ധിച്ച പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിന് “വക പ്രാപിച്ചു തികഞ്ഞവൻ” ആകാൻ ആത്മാർഥതയുള്ള ഒരു അന്വേഷകനെ അതു പ്രാപ്തനാക്കുന്നു.
പൗലോസ് ഇങ്ങനെയും പ്രസ്താവിച്ചു: ‘ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മമനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടു.’ (1 തെസ്സലൊനീക്യർ 2:13) ബൈബിളിൽ അടങ്ങിയിരിക്കുന്നതു മമനുഷ്യന്റെ ചിന്തകളല്ല, പിന്നെയോ ദൈവത്തിന്റെ ചിന്തകളാണ്. അതുകൊണ്ട് മമനുഷ്യന്റെ ചിന്തകൾ വർഷങ്ങളിലുടനീളം എത്ര പ്രചാരമുള്ളതായിരുന്നാൽപ്പോലും ബൈബിൾ അവയോടു പലപ്പോഴും വിയോജിക്കുന്നു എന്ന കാര്യം നമ്മെ അമ്പരപ്പിക്കരുത്. എന്നാൽ നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം, ‘ചിലടത്തു ബൈബിൾ പുനർജൻമം എന്ന ആശയത്തിന്റെ സൂചന നൽകുന്നില്ലേ?’
തെററായി മനസ്സിലാക്കുന്ന തിരുവെഴുത്തുകൾ
മത്തായി 17:11-13-ൽ ബൈബിൾ ഈ വിഷയത്തെ സ്പർശിക്കുന്നുവെന്ന് പുനർജൻമത്തിൽ വിശ്വസിക്കുന്നവർ പറയാറുണ്ട്. ആ ഭാഗത്തു സ്നാപകയോഹന്നാനെ പുരാതന കാലത്തെ പ്രവാചകനായ ഏലിയാവുമായി യേശു ബന്ധപ്പെടുത്തുന്നു. ആ ഭാഗം ഇങ്ങനെ വായിക്കുന്നു: ‘ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം. എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; . . . അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചാണു തങ്ങളോടു പറഞ്ഞത് എന്നു ശിഷ്യൻമാർ ഗ്രഹിച്ചു.’
ഇതു പറഞ്ഞപ്പോൾ, സ്നാപകയോഹന്നാൻ പ്രവാചകനായ ഏലിയാവിന്റെ പുനരവതാരമായിരുന്നുവെന്ന് യേശു അർഥമാക്കിയോ? ഇല്ലായിരുന്നുവെന്ന് യോഹന്നാനുതന്നെ അറിയാമായിരുന്നു. ഒരു അവസരത്തിൽ ‘നീ ഏലീയാവോ?’ എന്ന് ചോദിച്ചപ്പോൾ യോഹന്നാൻ ഇങ്ങനെ വ്യക്തമായി ഉത്തരം നൽകി: “അല്ല.” (യോഹന്നാൻ 1:21) എന്നിരുന്നാലും, മിശിഹായ്ക്കു മുമ്പായി “ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ” യോഹന്നാൻ വരുമെന്നു മുൻകൂട്ടിപ്പറയപ്പെട്ടിരുന്നു. (ലൂക്കൊസ് 1:17; മലാഖി 4:5, 6) മററു വാക്കുകളിൽ പറഞ്ഞാൽ, ഏലിയാവ് ചെയ്തതിനോടു സമാനമായ ഒരു പ്രവർത്തനം അനുഷ്ഠിച്ചു എന്ന അർഥത്തിൽ സ്നാപകയോഹന്നാൻ “ഏലീയാവു” ആയിരുന്നു.
യോഹന്നാൻ 9:1, 2-ൽ നാം ഇപ്രകാരം വായിക്കുന്നു: ‘അവൻ [യേശു] കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു. അവന്റെ ശിഷ്യൻമാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പൻമാരോ?’ ഈ മനുഷ്യൻ കുരുടനായി ജനിച്ചതുകൊണ്ട് മുൻജൻമത്തിൽ അവൻ പാപം ചെയ്തിരിക്കാം എന്നു പുനർജൻമത്തിൽ വിശ്വസിക്കുന്നവർ അഭിപ്രായപ്പെടുന്നു.
എന്നാൽ, ഈ ചോദ്യം ചോദിക്കാൻ ശിഷ്യൻമാരെ പ്രേരിപ്പിച്ചത് എന്തായിരുന്നാലും യേശുവിന്റെ മറുപടിയായിരിക്കണം പ്രധാനമായ ഘടകം. അവൻ ഇപ്രകാരം പ്രഖ്യാപിച്ചു: “അവൻ എങ്കിലും അവന്റെ അമ്മയപ്പൻമാരെങ്കിലും പാപം ചെയ്തിട്ടല്ല.” (യോഹന്നാൻ 9:3) വൈകല്യങ്ങൾ ഒരു പൂർവജൻമത്തിലെ പാപങ്ങളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന പുനർജൻമത്തോടു വിയോജിപ്പിലാണ് ഇത്. ജനിക്കുന്നതിനു മുമ്പ് ആർക്കും പാപം ചെയ്യാനാവില്ല. ഏശാവിനെയും യാക്കോബിനെയും സംബന്ധിച്ചു “ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നു പ്രവർത്തിക്കയോ ചെയ്യുംമുമ്പെ” എന്നെഴുതിയപ്പോൾ പൗലോസ് ഈ വസ്തുത വ്യക്തമാക്കി.—റോമർ 9:11.
പുനരുത്ഥാനം, പുനർജൻമമല്ല
പുനർജൻമപഠിപ്പിക്കലിനെ ബൈബിൾ പിന്താങ്ങുന്നില്ലെങ്കിലും ആർക്കും നിരാശ തോന്നേണ്ട ആവശ്യമില്ല. രോഗം, ദുഃഖം, വേദന, മരണം തുടങ്ങിയ കാര്യങ്ങൾ നിറഞ്ഞ ഒരു ലോകത്തിലേക്കു വീണ്ടും പിറന്നുവീഴുക എന്ന ആശയത്തെക്കാൾ വളരെയേറെ ആശ്വാസപ്രദമായ ഒന്നാണു ബൈബിൾ വാഗ്ദത്തം ചെയ്യുന്നത്. ബൈബിൾ വാഗ്ദത്തം ചെയ്യുന്നത് ആശ്വാസപ്രദമാണെന്നു മാത്രമല്ല ദൈവത്തിന്റെ സ്വന്തം വചനമായിരിക്കുന്നതിനാൽ അതാണു സത്യം.
പ്രോത്സാഹജനകമായ ആ പഠിപ്പിക്കൽ പൗലോസ് ഈ വാക്കുകളിൽ പ്രകടമാക്കി: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.” “പുനരുത്ഥാനം” എന്ന പദമോ അതിന്റെ ഏതെങ്കിലും രൂപമോ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ 50 പ്രാവശ്യം കാണപ്പെടുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പഠിപ്പിക്കലായി പൗലോസ് അതിനെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നു.—പ്രവൃത്തികൾ 24:15; എബ്രായർ 6:1, 2.
മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം എന്നു പറയുമ്പോൾ മരണം നിലവിലിരിക്കുന്നു എന്നതു വ്യക്തമാണല്ലോ. മനുഷ്യന് ഒരു അമർത്ത്യദേഹി ഉണ്ടെന്ന എന്തെങ്കിലുമൊരു സൂചന ബൈബിളിലൊരിടത്തും കാണാനാവില്ല. മരണത്തിങ്കൽ ശരീരത്തെ വേർപെട്ടുപോകുന്ന ഒരു അമർത്ത്യദേഹി മനുഷ്യന് ഉണ്ടായിരിക്കുകയും സ്വർഗത്തിലോ നരകത്തിലോ ഉള്ള ഒരു നിത്യവിധിയിലേക്കു മനുഷ്യൻ പോകുകയും അല്ലെങ്കിൽ വീണ്ടും ജനിക്കുകയും ചെയ്തിരുന്നെങ്കിൽ ഒരു പുനരുത്ഥാനത്തിന്റെ ആവശ്യം ഉണ്ടായിരിക്കുമായിരുന്നില്ല. നേരേ മറിച്ച്, മനുഷ്യദേഹി അമർത്ത്യമല്ല പിന്നെയോ മർത്ത്യവും നശിച്ചുപോകുന്നതുമാണെന്ന് ഏതാണ്ട് നൂറോളം ബൈബിൾ പാഠഭാഗങ്ങൾ കാട്ടിത്തരുന്നു. അതിനു ചേർച്ചയിൽ മരണം ജീവന്റെ നേരെ വിപരീതമാണെന്ന്, അതായത് അസ്ഥിത്വത്തിനു വിപരീതമായ അസ്ഥിത്വമില്ലായ്മ ആണെന്നു ബൈബിൾ എല്ലായിടത്തും ഒരുപോലെ സംസാരിക്കുന്നു.
മരണം അല്ലെങ്കിൽ അസ്ഥിത്വമില്ലായ്മ ആയിരുന്നു ദൈവത്തിനെതിരെ ആദാമും ഹവ്വായും പാപം ചെയ്തതിനു ലഭിച്ച ശിക്ഷ. അതൊരു ശിക്ഷയായിരുന്നു, അല്ലാതെ മറെറാരിടത്തുള്ള ഒരു അമർത്ത്യജീവനിലേക്കുള്ള പ്രവേശനമാർഗം അല്ലായിരുന്നു. അവർ എവിടെനിന്നു വന്നുവോ അവിടേക്കുതന്നെ തിരികെ പോകുമെന്നു ദൈവം പ്രഖ്യാപിച്ചു—നിലത്തെ പൊടിയിലേക്ക്: “നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; . . . നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്പത്തി 3:19) ദൈവം അവരെ സൃഷ്ടിച്ച് ഭൂമിയിലെ ഏദൻതോട്ടത്തിൽ ആക്കിവെക്കുന്നതിനു മുമ്പ് അവർക്ക് യാതൊരു അമർത്ത്യദേഹിയും ഉണ്ടായിരുന്നില്ല. മരണശേഷവും അവർക്ക് അതുണ്ടായിരുന്നില്ല.
മരണത്തിൽനിന്നുള്ള പുനരുത്ഥാനം ഉറക്കത്തിൽനിന്ന് അഥവാ വിശ്രമത്തിൽനിന്ന് ഉണരുന്നതിനോടു താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, താൻ ഉയിർപ്പിക്കാനിരുന്ന ലാസറിനെക്കുറിച്ചു യേശു ഇങ്ങനെ പറഞ്ഞു: “ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു.” (യോഹന്നാൻ 11:11) പ്രവാചകനായ ദാനിയേലിനെക്കുറിച്ചു നാം ഇപ്രകാരം വായിക്കുന്നു: “നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേററുവരും.”—ദാനീയേൽ 12:13.
ഭൂമിയിലെ അനന്തജീവൻ
മരണത്തിൽനിന്നു പുനരുത്ഥാനം ചെയ്യുന്നവരുടെ ഭാഗധേയം എന്തായിരിക്കും? രണ്ടുതരം പുനരുത്ഥാനങ്ങളെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്—സ്വർഗീയവും ഭൗമികവും. എക്കാലത്തും ജീവിച്ചു മരിച്ചിട്ടുള്ളവരിൽ ഏറിയ പങ്കിന്റെയും പ്രതിഫലം ഒരു ഭൗമിക പുനരുത്ഥാനമായിരിക്കും. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ ക്രിസ്തുവിനോടു കൂടെ ഭരണം നടത്തുന്നതിനു വളരെ കുറച്ചു പേർക്കേ സ്വർഗീയ പുനരുത്ഥാനമുള്ളൂ. (വെളിപ്പാടു 14:1-3; 20:4) എപ്പോഴാണു ഭൗമിക പുനരുത്ഥാനം ആരംഭിക്കുന്നത്? ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയെ ദൈവം നശിപ്പിക്കുകയും നീതിയുള്ള ഒരു പുതിയ മനുഷ്യ സമുദായമായ “ഒരു പുതിയ ഭൂമി” യാഥാർഥ്യമായിത്തീരുകയും ചെയ്തശേഷം അത് ആരംഭിക്കും.—2 പത്രോസ് 3:13, NW; സദൃശവാക്യങ്ങൾ 2:21, 22; ദാനീയേൽ 2:44.
“പുതിയ ഭൂമി”യിൽ മേലാൽ രോഗമോ ദുരിതമോ ഉണ്ടായിരിക്കുകയില്ല. മരണം പോലും മേലാൽ ഉണ്ടായിരിക്കുകയില്ല, ആ സ്ഥാനത്ത് അനന്തജീവന്റെ പ്രതീക്ഷയായിരിക്കും ഉണ്ടായിരിക്കുക. “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:4, 5) മാത്രമല്ല, സങ്കീർത്തനക്കാരൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) അതുപോലെ, “സൌമ്യതയുള്ളവർ ഭാഗ്യവാൻമാർ; അവർ ഭൂമിയെ അവകാശമാക്കും” എന്നു യേശു പ്രസ്താവിച്ചു.—മത്തായി 5:5.
ദൈവത്തിന്റെ മഹത്തരമായ ആ വാഗ്ദത്തങ്ങളെ പുനർജൻമപഠിപ്പിക്കലുമായി താരതമ്യം ചെയ്തുനോക്കുക. ആ ആശയമനുസരിച്ച് ദുഷിച്ച അതേ പഴയ വ്യവസ്ഥിതിയിൽത്തന്നെ ജീവിക്കാൻ നിങ്ങൾ വീണ്ടും വീണ്ടും മടങ്ങിയെത്തും. അതിന്റെ അർഥം ദുഷ്ടത, യാതന, രോഗം, മരണം എന്നിവ അടങ്ങിയ ജീവിതചക്രത്തിന് അറുതിയുണ്ടാവില്ല എന്നതുതന്നെ. ആ വീക്ഷണം എത്ര ആശയററതാണ്!
നിങ്ങൾ മുമ്പു ജീവിച്ചിട്ടുണ്ടോ? നിങ്ങൾ വീണ്ടും ജീവിക്കുമോ? എന്നീ ചോദ്യങ്ങൾക്കു ബൈബിൾ ഈ വിധത്തിൽ ഉത്തരം നൽകുന്നു: ഇല്ല, ഇപ്പോഴത്തെ ജീവിതമല്ലാതെ ഒരു ജീവിതവും നിങ്ങൾ നയിച്ചിട്ടില്ല. എന്നാൽ നിങ്ങളുടെ ജീവിതത്തെ നിലനിൽക്കുന്ന ഒന്നാക്കിത്തീർക്കാൻ, അനന്തമായ ഒന്നാക്കിത്തീർക്കാൻ നിങ്ങൾക്കു സാധിക്കും. ഇന്ന്, ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ ഈ “അന്ത്യനാളുക”ളിൽ, ലോകാവസാനത്തെ അതിജീവിച്ച് മരിക്കാതെതന്നെ ദൈവത്തിന്റെ പുതിയ ലോകത്തിലേക്കു കടക്കുന്നതിനുള്ള പ്രത്യാശ നിങ്ങൾക്ക് ഉണ്ടായിരിക്കാൻ കഴിയും. (2 തിമോത്തി 3:1-5, NW; വെളിപ്പാടു 7:9-15) അഥവാ ദൈവത്തിന്റെ പുതിയ ലോകം വരുന്നതിനു മുമ്പ് നിങ്ങൾ മരിച്ചുപോയാൽ, ഒരു പറുദീസാഭൂമിയിലെ അനന്തജീവനിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുന്നതിന്റെ പ്രത്യാശ നിങ്ങൾക്കുണ്ടായിരിക്കാവുന്നതാണ്.—ലൂക്കൊസ് 23:43.
നിങ്ങൾ യേശുവിൽ വിശ്വാസം പ്രകടമാക്കുന്നെങ്കിൽ നിങ്ങൾക്ക് എന്തുതന്നെ സംഭവിച്ചാലും, മറിയയുടെ സഹോദരനായ ലാസർ മരിച്ചപ്പോൾ യേശു അവളോടു പറഞ്ഞ വാക്കുകൾ നിങ്ങൾക്കും ബാധകമാകും: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല.”—യോഹന്നാൻ 11:25, 26.
[8-ാം പേജിലെ ആകർഷകവാക്യം]
ആദാമിന് ഒരു അമർത്ത്യദേഹി ഉണ്ടായിരുന്നില്ല, മറിച്ച് അവൻ മരിച്ചപ്പോൾ പൊടിയിലേക്കു തിരികെ പോയി
[9-ാം പേജിലെ ചിത്രം]
ദൈവവചനം പഠിപ്പിക്കുന്നത് പുനരുത്ഥാനമാണ്, അല്ലാതെ പുനർജൻമമല്ല