ദുഃഖിതരെങ്കിലും നാം പ്രത്യാശയില്ലാത്തവരല്ല
“നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.”—1 തെസ്സലൊനീക്യർ 4:13.
1. മനുഷ്യവർഗം ഒരു നിരന്തര അടിസ്ഥാനത്തിൽ എന്ത് അനുഭവിക്കുന്നു?
നിങ്ങൾക്ക് പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടോ? പ്രായമെന്തുതന്നെ ആയിക്കൊള്ളട്ടെ, നമ്മിൽ മിക്കവരും ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മരണത്തിൽ ദുഃഖാർത്തരായിട്ടുണ്ട്. ഒരുപക്ഷേ അത് മുത്തശ്ശനോ മുത്തശ്ശിയോ മാതാപിതാക്കളിലൊരാളോ വിവാഹ ഇണയോ ഒരു കുട്ടിയോ ആയിരുന്നിരിക്കാം. വാർധക്യവും രോഗവും അപകടവും നിരന്തരം മരണം കൊയ്യുന്നു. കുറ്റകൃത്യം, അക്രമം, യുദ്ധം എന്നിവ ദുരിതവും ദുഃഖവും കൂട്ടുന്നു. വർഷംതോറും ലോകവ്യാപകമായി ശരാശരി അഞ്ചുകോടിയിലധികം ആളുകൾ മരിക്കുന്നു. 1993-ൽ ദിവസേനയുള്ള ശരാശരി സംഖ്യ 1,40,250 ആയിരുന്നു. മരണനിരക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബാധിക്കുന്നു, നഷ്ടബോധമോ അഗാധവും.
2. കുട്ടികൾ മരിക്കുന്നതിൽ അസ്വാഭാവികത ഉള്ളതായി തോന്നുന്നതെന്ത്?
2 യു.എസ്.എ.യിലെ കാലിഫോർണിയയിലുള്ള മാതാപിതാക്കളോടു നമ്മുടെ സഹതാപം പ്രകടിപ്പിച്ചുകൂടേ? അവരുടെ ഗർഭിണിയായിരുന്ന മകൾ പെട്ടെന്നൊരു കാറപകടത്തിൽ മരിച്ചുപോയി. അപ്രതീക്ഷിതമായ ഒരു ആഘാതത്തിൽ അവർക്കു തങ്ങളുടെ ഏക മകളെയും ആദ്യത്തെ പേരക്കിടാവാകുമായിരുന്ന കുഞ്ഞിനെയും നഷ്ടപ്പെട്ടു. ബലിയാടായവളുടെ ഭർത്താവിന് തന്റെ ഭാര്യയെയും ആദ്യത്തെ മകനെ അല്ലെങ്കിൽ മകളെയും നഷ്ടപ്പെട്ടു. കുട്ടി ചെറുപ്പമാണേലും പ്രായമായതാണേലും ശരി, കുട്ടിയുടെ മരണം സഹിക്കുന്നതു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം സഹജമല്ല. മാതാപിതാക്കൾ മരിക്കുന്നതിനുമുമ്പു കുട്ടികൾ മരിക്കുന്നതു സ്വാഭാവികമല്ല. നാമെല്ലാം ജീവനെ സ്നേഹിക്കുന്നു. തൻമൂലം, മരണം വാസ്തവമായും ഒരു ശത്രുതന്നെ.—1 കൊരിന്ത്യർ 15:26.
മരണം മാനവ കുടുംബത്തിൽ പ്രവേശിക്കുന്നു
3. ഹാബേലിന്റെ മരണം ആദാമിനെയും ഹവ്വായെയും എങ്ങനെ ബാധിച്ചിരിക്കാം?
3 നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിന്റെയും ഹവ്വായുടെയും മത്സരം മുതൽ മനുഷ്യ ചരിത്രത്തിൽ ഏതാണ്ട് ആറായിരമാണ്ടോളം പാപം രാജാവായി വാണിരിക്കുന്നു. (റോമർ 5:14; 6:12, 23) തങ്ങളുടെ മകനായ ഹാബേലിനെ സഹോദരനായ കയീൻ കൊന്നപ്പോൾ അവർ എങ്ങനെ പ്രതികരിച്ചുവെന്നു ബൈബിൾ നമ്മോടു പറയുന്നില്ല. അത് ഒന്നിലധികം കാരണത്താൽ അവരെ വിവശരാക്കിയ അനുഭവമായിരുന്നിരിക്കണം. തങ്ങളുടെ സ്വന്തം പുത്രന്റെ കൊലപാതകത്തിങ്കൽ അവർ ആദ്യമായി മനുഷ്യമരണത്തെ മുഖാമുഖം കണ്ടു. തങ്ങളുടെ മത്സരത്തിന്റെയും ഇച്ഛാസ്വാതന്ത്ര്യത്തിന്റെ തുടർച്ചയായുള്ള ദുരുപയോഗത്തിന്റെയും ഫലം അവർ കണ്ടു. ദൈവത്തിൽനിന്നുള്ള മുന്നറിയിപ്പ് ഉണ്ടായിട്ടും കയീൻ ആദ്യ സഹോദരഹത്യയ്ക്കു മുതിർന്നു. ഹാബേലിന്റെ മരണം ഹവ്വായെ ആഴമായി ബാധിച്ചിരിക്കാൻ ഇടയുണ്ടെന്നു നമുക്കറിയാം, കാരണം, ശേത്തിനെ പ്രസവിച്ചപ്പോൾ അവൾ, “കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു” എന്നു പറഞ്ഞു.—ഉല്പത്തി 4:3-8, 25.
4. അമർത്ത്യ ദേഹിയെപ്പറ്റിയുള്ള കെട്ടുകഥ ഹാബേലിന്റെ മരണശേഷം ആശ്വാസദായകമാകാതിരുന്നത് എന്തുകൊണ്ടാവാം?
4 നമ്മുടെ ആദ്യ മാതാപിതാക്കൾ തങ്ങളുടെമേലുള്ള ദൈവത്തിന്റെ ശിക്ഷാവിധിയുടെ യാഥാർഥ്യത്തെയും അഭിമുഖീകരിച്ചു—തങ്ങൾ മത്സരിക്കുകയും അനുസരണക്കേടു കാണിക്കുകയും ചെയ്താൽ “തീർച്ചയായും മരിക്കും” എന്ന യാഥാർഥ്യത്തെതന്നെ. സാത്താൻ നുണ പറഞ്ഞിട്ടും അമർത്ത്യ ദേഹിയെപ്പറ്റിയുള്ള കെട്ടുകഥ അത്രമാത്രം വികസിച്ചിരുന്നില്ലെന്നതു സ്പഷ്ടമാണ്, തൻമൂലം അതിൽനിന്ന് എന്തെങ്കിലും വ്യാജാശ്വാസം കണ്ടെത്താനും അവർക്കായില്ല. ‘നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരും . . . നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും” എന്നു ദൈവം ആദാമിനോടു പറഞ്ഞു. ഒരു അമർത്ത്യ ദേഹി സഹിതം സ്വർഗത്തിലോ നരകത്തിലോ ലിംബോയിലോ ശുദ്ധീകരണസ്ഥലത്തോ വേറെ എവിടെയെങ്കിലുമോ ഉള്ള ഒരു ഭാവി അസ്തിത്വത്തെക്കുറിച്ച് അവൻ യാതൊരു സൂചനയും നൽകിയില്ല. (ഉല്പത്തി 2:17; 3:4, 5, 19) പാപം ചെയ്ത ജീവനുള്ള ദേഹികൾക്കു സംഭവിക്കുന്നപോലെ ആദാമും ഹവ്വായും ഒടുവിൽ മരിക്കുകയും നാസ്തിയായിത്തീരുകയും ചെയ്യും. ശലോമോൻ രാജാവ് ഇപ്രകാരമെഴുതാൻ നിശ്വസ്തനായി: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല.”—സഭാപ്രസംഗി 9:5, 6.
5. മരിച്ചവർക്കുള്ള യഥാർഥ പ്രത്യാശയെന്ത്?
5 ആ വാക്കുകൾ എത്ര സത്യം! ഇരുന്നൂറോ മുന്നൂറോ വർഷം മുമ്പുള്ള പൂർവികരെ ആരാണ് ഓർക്കുന്നത്? പലപ്പോഴും അവരുടെ കല്ലറകൾപോലും മറന്നുപോകുന്നു അല്ലെങ്കിൽ അവഗണിക്കപ്പെടുന്നു. അതിന്റെ അർഥം നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക് യാതൊരു പ്രത്യാശയുമില്ലെന്നാണോ? അല്ല, തീർച്ചയായുമല്ല. മാർത്ത തന്റെ മരിച്ചുപോയ സഹോദരനായ ലാസറിനെപ്പറ്റി യേശുവിനോടു പറഞ്ഞു: “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു.” (യോഹന്നാൻ 11:24) മരിച്ചവരെ ഒരു ഭാവി സമയത്തു ദൈവം ഉയിർപ്പിക്കും എന്ന് എബ്രായർ വിശ്വസിച്ചിരുന്നു. എന്നിട്ടും മരിച്ച പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ ദുഃഖിക്കുന്നതിൽനിന്ന് അത് അവരെ പിന്തിരിപ്പിച്ചില്ല.—ഇയ്യോബ് 14:13.
ദുഃഖമനുഭവിച്ച വിശ്വസ്തർ
6, 7. അബ്രഹാമും യാക്കോബും മരണത്തോടു പ്രതികരിച്ചതെങ്ങനെ?
6 ഏകദേശം നാലായിരം വർഷം മുമ്പ് അബ്രഹാമിന്റെ ഭാര്യ സാറാ മരിച്ചപ്പോൾ “അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരയാൻ വന്നു.” ദൈവത്തിന്റെ ആ വിശ്വസ്ത ദാസൻ തന്റെ പ്രിയപ്പെട്ട, വിശ്വസ്ത ഭാര്യയുടെ നഷ്ടത്തിൽ അഗാധ വികാരങ്ങൾ പ്രകടമാക്കി. ധീരനായിരുന്നെങ്കിലും തന്റെ ദുഃഖം കണ്ണീർപൊഴിച്ചുകൊണ്ടു പ്രകടമാക്കാൻ അവൻ സങ്കോചം കാട്ടിയില്ല.—ഉല്പത്തി 14:11-16; 23:1, 2.
7 യാക്കോബിന്റെ കാര്യവും അങ്ങനെതന്നെയായിരുന്നു. തന്റെ പുത്രനായ യോസേഫിനെ ഒരു കാട്ടുമൃഗം കൊന്നുവെന്നു വിശ്വസിക്കത്തക്കവണ്ണം യാക്കോബ് കബളിപ്പിക്കപ്പെട്ടപ്പോൾ അവൻ എങ്ങനെയാണു പ്രതികരിച്ചത്? ഉല്പത്തി 37:34, 35-ൽ നാം ഇങ്ങനെ വായിക്കുന്നു: “യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുശീല ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു. അവന്റെ പുത്രൻമാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാൻ വന്നു; അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.” അതേ, പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ ദുഃഖം പ്രകടിപ്പിക്കുന്നതു മാനുഷികവും സ്വാഭാവികവുമാണ്.
8. എബ്രായർ മിക്കപ്പോഴും തങ്ങളുടെ ദുഃഖം പ്രകടിപ്പിച്ചതെങ്ങനെ?
8 ആധുനികമോ പ്രാദേശികമോ ആയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ യാക്കോബിന്റെ പ്രതികരണം കുറച്ചു കൂടിപ്പോയെന്നും അതിഭാവുകത്വം നിറഞ്ഞതാണെന്നും ചിലർ ചിന്തിച്ചേക്കാം. എന്നാൽ അവൻ വ്യത്യസ്തമായ ഒരു കാലഘട്ടത്തിലും സംസ്കാരത്തിലുമാണു വളർന്നുവന്നത്. രട്ടുശീല ചുറ്റിക്കൊണ്ടുള്ള അവന്റെ ദുഃഖപ്രകടനം ഇത്തരം ആചാരത്തെക്കുറിച്ചു ബൈബിളിൽ പരാമർശിക്കുന്ന ആദ്യത്തെ സന്ദർഭമാണ്. എന്നിരുന്നാലും, എബ്രായ തിരുവെഴുത്തുകളിൽ വർണിച്ചിരിക്കുന്നപ്രകാരം കരയുകയും വിലാപഗീതമാലപിക്കുകയും ചാരത്തിൽ ഇരിക്കുകയും ചെയ്തുകൊണ്ടെല്ലാം ദുഃഖം പ്രകടിപ്പിക്കുമായിരുന്നു. ലഭ്യമായ തെളിവുകളനുസരിച്ച്, തങ്ങളുടെ യഥാർഥ ദുഃഖം പ്രകടിപ്പിക്കുന്നതിൽനിന്ന് എബ്രായർ പിൻമാറിനിന്നില്ല.a—യെഹെസ്കേൽ 27:30-32; ആമോസ് 8:10.
ദുഃഖം, യേശുവിന്റെ നാളിൽ
9, 10. (എ) യേശു ലാസറിന്റെ മരണത്തോടു പ്രതികരിച്ചതെങ്ങനെ? (ബി) യേശുവിന്റെ പ്രതികരണം അവനെപ്പറ്റി നമ്മോട് എന്തു പറയുന്നു?
9 യേശുവിന്റെ ആദിമ ശിഷ്യൻമാരെ സംബന്ധിച്ചു നമുക്ക് എന്തു പറയാൻ കഴിയും? ദൃഷ്ടാന്തത്തിന്, ലാസറിന്റെ സഹോദരിമാരായ മാർത്തയും മറിയയും അവന്റെ മരണത്തിൽ വിലപിച്ചുകൊണ്ടു കണ്ണുനീർ വാർത്തു. പൂർണമനുഷ്യനായ യേശു രംഗത്തു വന്നപ്പോൾ എങ്ങനെയാണു പ്രതികരിച്ചത്? യോഹന്നാന്റെ വിവരണം പറയുന്നു: “യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദൻമാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി; അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്നു അവർ അവനോടു പറഞ്ഞു. യേശു കണ്ണുനീർ വാർത്തു.”—യോഹന്നാൻ 11:32-35.
10 “യേശു കണ്ണുനീർ വാർത്തു.” ആ ചുരുങ്ങിയ വാക്കുകൾ യേശുവിന്റെ മനുഷ്യത്വത്തെയും അവന്റെ അനുകമ്പയെയും അവന്റെ വികാരങ്ങളെയുംകുറിച്ചു വാചാലമായി സംസാരിക്കുന്നു. പുനരുത്ഥാനപ്രത്യാശയെക്കുറിച്ചു പൂർണ ബോധ്യമുണ്ടായിരുന്നിട്ടും “യേശു കരഞ്ഞു.” (യോഹന്നാൻ 11:35, ജയിംസ് രാജാവിന്റെ ഭാഷാന്തരം) “അവനോടു [ലാസറിനോട്] എന്തു പ്രിയം ഉണ്ടായിരുന്നു” എന്നു കാണികൾ അഭിപ്രായപ്പെട്ടുവെന്നു വിവരണം തുടർന്നു പറയുന്നു. തീർച്ചയായും, ഒരു പൂർണമനുഷ്യനായിരുന്ന യേശു തന്റെ സുഹൃത്തിന്റെ മരണത്തിൽ കരഞ്ഞ സ്ഥിതിക്ക് ഒരു പുരുഷനോ സ്ത്രീയോ ഇന്നു വിലപിക്കുകയോ കരയുകയോ ചെയ്യുന്നതിൽ ഒട്ടും ലജ്ജിക്കാനില്ല.—യോഹന്നാൻ 11:36.
മരിച്ചവർക്കുള്ള പ്രത്യാശയെന്ത്?
11. (എ) വിലാപമുൾപ്പെടുന്ന ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും? (ബി) നാം പ്രത്യാശയില്ലാത്തവരെപ്പോലെ ദുഃഖിക്കാത്തതിനു കാരണമെന്ത്?
11 ഈ ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക് എന്തു മനസ്സിലാക്കാൻ കഴിയും? ദുഃഖം പ്രകടിപ്പിക്കുന്നതു മാനുഷികവും സ്വാഭാവികവുമാണെന്നും ദുഃഖം പ്രകടമാക്കാൻ നമുക്കു ലജ്ജ തോന്നേണ്ടതില്ലെന്നും തന്നെ. പുനരുത്ഥാന പ്രത്യാശ ദുഃഖത്തെ ലഘൂകരിക്കുമ്പോഴും പ്രിയപ്പെട്ട ഒരാളുടെ മരണം ആഴത്തിൽ അനുഭവപ്പെടുന്ന ആഘാതമേൽപ്പിക്കുന്ന ഒരു നഷ്ടമാണ്. വർഷങ്ങളോളം, ഒരുപക്ഷേ ദശാബ്ദങ്ങളോളമുള്ള സുഹൃദ്ബന്ധവും പങ്കുവയ്ക്കലും പെട്ടെന്ന്, ദാരുണമായി നിലംപതിക്കുകയാണ്. പ്രത്യാശയില്ലാത്തവരെപ്പോലെ അല്ലെങ്കിൽ തെറ്റായ പ്രത്യാശ ഉള്ളവരെപ്പോലെ നാം ദുഃഖിക്കുന്നില്ലെന്നുള്ളതു സത്യംതന്നെ. (1 തെസ്സലൊനീക്യർ 4:13) മനുഷ്യന് അമർത്ത്യ ദേഹി ഉണ്ടെന്നോ പുനർജൻമത്തിലൂടെ തുടർന്നു സ്ഥിതിചെയ്യുന്നുവെന്നോ ഉള്ള ഏതെങ്കിലും കെട്ടുകഥകളാൽ നാം വഴിതെറ്റിക്കപ്പെടുന്നില്ല. ‘നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും’ യഹോവ വാഗ്ദത്തം ചെയ്തിട്ടുണ്ടെന്നു നമുക്കറിയാം. (2 പത്രൊസ് 3:13) ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4.
12. പൗലോസ് പുനരുത്ഥാനത്തിലുള്ള തന്റെ പ്രത്യാശ പ്രകടമാക്കിയതെങ്ങനെ?
12 മരിച്ചവർക്ക് എന്തു പ്രത്യാശയാണുള്ളത്?b “ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും” എന്നെഴുതിയപ്പോൾ ക്രിസ്തീയ എഴുത്തുകാരനായ പൗലോസ് നമുക്ക് ആശ്വാസവും പ്രത്യാശയും നൽകാൻ നിശ്വസ്തനാക്കപ്പെട്ടു. (1 കൊരിന്ത്യർ 15:26) “നീക്കംചെയ്യേണ്ട അവസാനത്തെ ശത്രു മരണമായിരിക്കും” എന്ന് ന്യൂ ഇംഗ്ലീഷ് ബൈബിൾ പ്രസ്താവിക്കുന്നു. പൗലോസിന് അതേക്കുറിച്ച് ഇത്രമാത്രം ഉറപ്പുള്ളവനായിരിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനായ യേശുക്രിസ്തുവിനാൽ അവൻ മതപരിവർത്തനം ചെയ്യിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. (പ്രവൃത്തികൾ 9:3-19) അതുകൊണ്ടാണ്, “മനുഷ്യൻമൂലം [ആദാം] മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം [യേശു] ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും” എന്നുകൂടെ പൗലോസിനു പറയാൻ കഴിഞ്ഞത്.—1 കൊരിന്ത്യർ 15:21, 22.
13. ദൃക്സാക്ഷികൾ ലാസറിന്റെ പുനരുത്ഥാനത്തിൽ പ്രതികരിച്ചതെങ്ങനെ?
13 യേശുവിന്റെ പഠിപ്പിക്കൽ നമുക്കു ഭാവിയിലേക്കു വലിയ ആശ്വാസവും പ്രത്യാശയും നൽകുന്നു. ദൃഷ്ടാന്തത്തിന്, ലാസറിന്റെ കാര്യത്തിൽ അവൻ എന്താണു ചെയ്തത്? നാലു ദിവസമായി ലാസറിന്റെ ശരീരം കിടന്നിരുന്ന കല്ലറക്കലേക്ക് അവൻ പോയി. അവൻ ഒരു പ്രാർഥന ഉരുവിട്ടു, “ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു. മരിച്ചവൻ പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.” മാർത്തയുടെയും മറിയയുടെയും മുഖങ്ങളിൽ തെളിഞ്ഞ അത്ഭുതവും സന്തോഷവും നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ? ഈ അത്ഭുതം കണ്ടപ്പോൾ അയൽക്കാർ എത്രമാത്രം അത്ഭുതസ്തബ്ധരായിരുന്നിരിക്കണം! കാണികളിൽ അനേകർ യേശുവിൽ വിശ്വസിച്ചതിൽ അതിശയിക്കാനില്ല. എന്നിരുന്നാലും, അവന്റെ മതവിരോധികൾ “അവനെ കൊല്ലുവാൻ ആലോചിച്ചു.”—യോഹന്നാൻ 11:41-53.
14. ലാസറിന്റെ പുനരുത്ഥാനം എന്തിനുള്ള സൂചകമായിരുന്നു?
14 യേശു അനേകം ദൃക്സാക്ഷികളുടെ മുമ്പാകെയാണ് ആ അവിസ്മരണീയമായ പുനരുത്ഥാനം നിർവഹിച്ചത്. നേരത്തെ ഒരു സന്ദർഭത്തിൽ അവൻ മുൻകൂട്ടിപ്പറഞ്ഞിരുന്ന ഭാവി പുനരുത്ഥാനത്തിന്റെ ഒരു സൂചകമായിരുന്നു അത്. അവൻ ഇങ്ങനെ പറഞ്ഞു: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [ദൈവപുത്രന്റെ] ശബ്ദം കേട്ടു, നൻമ ചെയ്തവർ ജീവന്നായും തിൻമ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴികവരുന്നു.”—യോഹന്നാൻ 5:28, 29.
15. യേശുവിന്റെ പുനരുത്ഥാനത്തെപ്പറ്റി പൗലോസിനും അനന്യാസിനും എന്തു തെളിവാണ് ഉണ്ടായിരുന്നത്?
15 നേരത്തെ സൂചിപ്പിച്ചപ്രകാരം അപ്പോസ്തലനായ പൗലോസ് പുനരുത്ഥാനത്തിൽ വിശ്വസിച്ചു. എന്തടിസ്ഥാനത്തിൽ? അവൻ മുമ്പ് ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന കുപ്രസിദ്ധനായ ശൗൽ ആയിരുന്നു. അവന്റെ പേരും പ്രശസ്തിയും വിശ്വാസികളുടെ ഇടയിൽ ഭയം ജനിപ്പിച്ചു. എന്തിന്, അവനല്ലേ ക്രിസ്തീയ രക്തസാക്ഷിയായ സ്തേഫാനോസിനെ കല്ലെറിഞ്ഞുകൊല്ലാൻ അനുമതി നൽകിയത്? (പ്രവൃത്തികൾ 8:1; 9:1, 2, 26) എന്നിട്ടും, പുനരുത്ഥാനം പ്രാപിച്ച ക്രിസ്തു ദമാസ്കസിലേക്കുള്ള വഴിയിൽ താത്കാലിക അന്ധത വരുത്തിക്കൊണ്ടു ശൗലിനു ബോധോദയം വരുത്തി. “ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു” എന്നു തന്നോടു പറയുന്ന ഒരു ശബ്ദം ശൗൽ കേട്ടു. “നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ” എന്ന് ഉത്തരം ലഭിച്ചു. പുനരുത്ഥാനം പ്രാപിച്ച അതേ ക്രിസ്തുതന്നെ ദമാസ്കസിൽ ജീവിച്ചിരുന്ന അനന്യാസിനോട് ശൗൽ പ്രാർഥിക്കുന്ന വീട്ടിൽ ചെന്ന് അവന്റെ കാഴ്ച വീണ്ടെടുക്കാൻ നിർദേശിച്ചു. അങ്ങനെ വ്യക്തിപരമായ അനുഭവത്തിൽനിന്ന് ശൗലിനും അനന്യാസിനും പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നതിനുള്ള സകല കാരണങ്ങളുമുണ്ടായിരുന്നു.—പ്രവൃത്തികൾ 9:4, 5, 10-12.
16, 17. (എ) പൗലോസ് മനുഷ്യദേഹിയുടെ സഹജമായ, അമർത്ത്യതയെപ്പറ്റിയുള്ള ഗ്രീക്കു സങ്കൽപ്പത്തിൽ വിശ്വസിച്ചിരുന്നില്ല എന്നു നമുക്ക് എങ്ങനെ അറിയാൻ കഴിയും? (ബി) ബൈബിൾ എന്ത് ഉറച്ച പ്രത്യാശയാണു നൽകുന്നത്? (എബ്രായർ 6:17-20)
16 ശൗൽ, അതായത്, അപ്പോസ്തലനായ പൗലോസ് പീഡിപ്പിക്കപ്പെട്ട ഒരു ക്രിസ്ത്യാനിയെന്നനിലയിൽ നാടുവാഴിയായ ഫെലിക്സിന്റെ മുമ്പാകെ വരുത്തപ്പെട്ടപ്പോൾ ഉത്തരം പറഞ്ഞതെങ്ങനെയെന്നു ശ്രദ്ധിക്കുക. പ്രവൃത്തികൾ 24:15-ൽ നാം ഇങ്ങനെ വായിക്കുന്നു: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിൽ ആശ വെച്ചിരിക്കുന്നു.” പ്രസ്പഷ്ടമായി, കൽപ്പനാത്മക മരണാനന്തര ജീവിതത്തിലേക്കോ അധോലോകത്തിലേക്കോ അതിജീവിക്കുന്നുവെന്നു കരുതപ്പെടുന്ന മനുഷ്യദേഹിയുടെ സഹജമായ, അമർത്ത്യതയെപ്പറ്റിയുള്ള ഗ്രീക്കു പുറജാതി വിശ്വാസത്തിൽ പൗലോസ് വിശ്വസിച്ചിരുന്നില്ല. അദ്ദേഹം പുനരുത്ഥാനത്തിൽ വിശ്വസിക്കുകയും അതിൽ വിശ്വസിക്കാൻ പഠിപ്പിക്കുകയും ചെയ്തു. ചിലർക്ക് സ്വർഗത്തിൽ ആത്മീയ ജീവികളെന്ന നിലയിൽ ക്രിസ്തുവിനോടൊപ്പം അമർത്ത്യജീവന്റെ ദാനവും ഭൂരിപക്ഷത്തിന് പൂർണതയുള്ള ഭൂമിയിൽ ജീവനിലേക്കുള്ള തിരിച്ചുവരവും ലഭ്യമാകുമെന്ന് അത് അർഥമാക്കും.—ലൂക്കൊസ് 23:43; 1 കൊരിന്ത്യർ 15:20-22, 53, 54; വെളിപ്പാടു 7:4, 9, 17; 14:1, 3.
17 അങ്ങനെ, പുനരുത്ഥാനത്തിലൂടെ അനേകരും തങ്ങളുടെ പ്രിയപ്പെട്ടവരെ ഇവിടെ ഭൂമിയിൽ വീണ്ടും കാണും എന്ന വ്യക്തമായ ഒരു വാഗ്ദത്തവും ഉറച്ച പ്രത്യാശയും ബൈബിൾ നമുക്കു നൽകുന്നു. എന്നാൽ വളരെ വ്യത്യസ്ത സാഹചര്യങ്ങളിലാണെന്നുമാത്രം.—2 പത്രൊസ് 3:13; വെളിപ്പാടു 21:1-4.
ദുഃഖിക്കുന്നവർക്കു പ്രായോഗിക സഹായം
18. (എ) “ദൈവഭയ” കൺവെൻഷനുകളിൽ സഹായകരമായ എന്ത് ഉപകരണമാണു പ്രകാശനം ചെയ്തത്? (ചതുരം കാണുക.) (ബി) എന്തു ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്?
18 എന്നിരുന്നാലും, ഇപ്പോൾ നമുക്കു നമ്മുടെ ഓർമകളും ദുഃഖവുമുണ്ട്. ഈ പീഡാകരമായ വിരഹഘട്ടത്തെ അതിജീവിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? ദുഃഖിക്കുന്നവരെ സഹായിക്കാൻ മറ്റുള്ളവർക്ക് എന്തു ചെയ്യാൻ കഴിയും? കൂടാതെ, യഥാർഥമായ യാതൊരു പ്രത്യാശയുമില്ലാതെ ദുഃഖിക്കുന്നവരായി നമ്മുടെ വയൽശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്ന ആത്മാർഥതയുള്ളവരെ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? മരണത്തിൽ നിദ്രപ്രാപിച്ച, നമ്മുടെ പ്രിയപ്പെട്ടവരെ സംബന്ധിച്ച് എന്തു കൂടുതലായ സാന്ത്വനം നമുക്കു ബൈബിളിൽനിന്നു ലഭിക്കും? പിൻവരുന്ന ലേഖനം ചില നിർദേശങ്ങൾ പ്രദാനം ചെയ്യും.
[അടിക്കുറിപ്പുകൾ]
a ബൈബിൾ കാലങ്ങളിലെ വിലാപത്തെക്കുറിച്ചു കൂടുതലായ വിവരങ്ങൾക്കുവേണ്ടി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 2, പേജുകൾ 446-7 കാണുക.
b ബൈബിളിൽ കാണുന്ന പുനരുത്ഥാനപ്രത്യാശ സംബന്ധിച്ചു കൂടുതലായ വിവരങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 783-93 കാണുക.
നിങ്ങൾക്ക് ഉത്തരം നൽകാമോ?
◻ മരണം ഒരു ശത്രുവാണെന്ന് എന്തുകൊണ്ടു പറയാൻ കഴിയും?
◻ ബൈബിൾ കാലങ്ങളിൽ ദൈവദാസൻമാർ തങ്ങളുടെ ദുഃഖം എങ്ങനെ പ്രകടിപ്പിച്ചിരുന്നു?
◻ മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശയാണുള്ളത്?
◻ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നതിനു പൗലോസിന് എന്തടിസ്ഥാനമാണ് ഉണ്ടായിരുന്നത്?
[8, 9 പേജിലെ ചതുരം]
ദുഃഖിക്കുന്നവർക്കു പ്രായോഗിക സഹായം
1994-95-ലെ “ദൈവഭയ” കൺവെൻഷനുകളിൽ നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ശീർഷകത്തിൽ ഒരു ലഘുപത്രിക പ്രകാശനം ചെയ്യുന്നതായി വാച്ച് ടവർ സൊസൈറ്റി അറിയിച്ചു. പ്രോത്സാഹജനകമായ ഈ പ്രസിദ്ധീകരണം സകല രാഷ്ട്രങ്ങളിലും ഭാഷകളിലുമുള്ള ആളുകൾക്കു സാന്ത്വനം നൽകുന്നതിനു രൂപകൽപ്പന ചെയ്തുകൊണ്ടുള്ളതാണ്. നിങ്ങൾ ഒരുപക്ഷേ കണ്ടിരിക്കാനിടയുള്ളതുപോലെ, അത് മരണത്തെക്കുറിച്ചും മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുമുള്ള ബൈബിളിന്റെ ലളിതമായ വിശദീകരണം പ്രദാനം ചെയ്യുന്നു. അതിലും പ്രധാനമായി അത് യേശുക്രിസ്തുവിലൂടെ ദൈവം വാഗ്ദത്തം ചെയ്ത ശുദ്ധീകരിക്കപ്പെട്ട പറുദീസാ ഭൂമിയിലേക്കുള്ള പുനരുത്ഥാനത്തെ വിശേഷവത്കരിക്കുന്നു. അത് തീർച്ചയായും വിലപിക്കുന്നവർക്കു സാന്ത്വനം പകരുന്നു. അതുകൊണ്ട്, ക്രിസ്തീയ ശുശ്രൂഷയിൽ അതൊരു സഹായകമായ ഉപകരണമായിരിക്കുകയും വളരെയധികം ഭവന ബൈബിളധ്യയനങ്ങളിൽ കലാശിക്കാൻ തക്കവണ്ണം താത്പര്യമുണർത്താൻ ഉതകുകയും ചെയ്യണം. അധ്യയനത്തിനുവേണ്ടിയുള്ള ചോദ്യങ്ങൾ വളരെ വിവേകപൂർവം ഓരോ ഭാഗത്തിന്റെയും ഒടുവിലായി ചതുരങ്ങളിൽ കൊടുത്തിരിക്കുന്നു. തൻമൂലം ആത്മാർഥതയുള്ള, വിലപിക്കുന്ന ഏതൊരു വ്യക്തിയുമായി ചർച്ചചെയ്ത ആശയങ്ങൾ സുഗമമായി പുനരവലോകനം ചെയ്യുന്നതിനു കഴിയും.
[8-ാം പേജിലെ ചിത്രം]
ലാസർ മരിച്ചപ്പോൾ യേശു കണ്ണുനീർ വാർത്തു
[9-ാം പേജിലെ ചിത്രം]
യേശു ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു
[7-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
First Mourning, by W. Bouguereau, from original glass plate in Photo-Drama of Creation, 1914