പാഠം 17
യേശുവിന്റെ ആകർഷകമായ ഗുണങ്ങൾ
ഭൂമിയിൽവെച്ച് യേശു പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങൾ പഠിക്കുമ്പോൾ യേശുവിനോടും പിതാവായ യഹോവയോടും നമ്മൾ കൂടുതൽ അടുക്കും. ആകർഷകമായ ആ ഗുണങ്ങളിൽ ചിലത് ഏതൊക്കെയാണ്? നമ്മുടെ ജീവിതത്തിൽ യേശുവിന്റെ ആ ഗുണങ്ങൾ നമുക്ക് എങ്ങനെ പകർത്താം?
1. യേശു പിതാവിനെപ്പോലെതന്നെയാണ് എന്നു പറയുന്നത് എന്തുകൊണ്ട്?
കോടിക്കണക്കിന് വർഷങ്ങൾ യേശു യഹോവയോടൊപ്പം സ്വർഗത്തിൽ ഉണ്ടായിരുന്നു. സ്നേഹവാനായ തന്റെ പിതാവിൽനിന്ന് യേശു ധാരാളം കാര്യങ്ങൾ കണ്ടുപഠിച്ചു. അങ്ങനെ യേശുവിന് യഹോവയെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും യഹോവയുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിഞ്ഞു. (യോഹന്നാൻ 5:19 വായിക്കുക.) “എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്ന് പറയാൻ കഴിയുന്നത്ര യേശു യഹോവയെ അനുകരിച്ചു. (യോഹന്നാൻ 14:9) അതുകൊണ്ട്, യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ചു പഠിക്കുന്തോറും യഹോവയെ കൂടുതൽ നന്നായി അറിയാൻ കഴിയും. ഉദാഹരണത്തിന്, യേശു ആളുകളോട് ദയയോടെ ഇടപെട്ടതിൽനിന്ന് യഹോവ നമ്മളോട് എങ്ങനെ ഇടപെടുമെന്നു മനസ്സിലാക്കാം.
2. യഹോവയെ സ്നേഹിക്കുന്നുണ്ടെന്ന് യേശു എങ്ങനെയാണ് കാണിച്ചത്?
യേശു പറഞ്ഞു: “ഞാൻ പിതാവിനെ സ്നേഹിക്കുന്നുണ്ടെന്നു ലോകം അറിയാൻ, പിതാവ് എന്നോടു കല്പിച്ചതെല്ലാം ഞാൻ അങ്ങനെതന്നെ ചെയ്യുകയാണ്.” (യോഹന്നാൻ 14:31) ഭൂമിയിലായിരുന്നപ്പോൾ യേശു ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും യഹോവയെ അനുസരിച്ചുകൊണ്ട് പിതാവിനോടുള്ള സ്നേഹം കാണിച്ചു. മാത്രമല്ല, തന്റെ പിതാവിനെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കാൻ യേശുവിന് വളരെ ഇഷ്ടമായിരുന്നു. ആളുകൾ തന്റെ പിതാവിനെ അറിയാനും പിതാവുമായി അടുത്ത ബന്ധത്തിലേക്കു വരാനും യേശു ആഗ്രഹിച്ചു.—യോഹന്നാൻ 14:23.
3. ആളുകളെ സ്നേഹിക്കുന്നുണ്ടെന്ന് യേശു എങ്ങനെയാണ് കാണിച്ചത്?
“മനുഷ്യമക്കളോട് എനിക്കു പ്രത്യേകപ്രിയം തോന്നി” എന്നാണ് യേശുവിനെക്കുറിച്ച് ബൈബിൾ പറയുന്നത്. (സുഭാഷിതങ്ങൾ 8:31) സ്വന്തം കാര്യം മാത്രം നോക്കാതെ, മറ്റുള്ളവരെ സഹായിച്ചുകൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും യേശു സ്നേഹം കാണിച്ചു. യേശു അത്ഭുതങ്ങൾ ചെയ്തത് മറ്റുള്ളവരോട് മനസ്സലിവ് തോന്നിയിട്ടാണ്, അല്ലാതെ തനിക്കു ശക്തിയുണ്ടെന്നു കാണിക്കാൻവേണ്ടി മാത്രമല്ല. (മർക്കോസ് 1:40-42) യേശു ആളുകളോട് ദയയോടെ ഇടപെട്ടു, ആരോടും വേർതിരിവു കാണിച്ചില്ല. തന്നെ ശ്രദ്ധിച്ച നല്ല മനസ്സുള്ള ആളുകൾക്ക് യേശു ആശ്വാസവും പ്രത്യാശയും പകർന്നു. മനുഷ്യകുടുംബത്തോടുള്ള സ്നേഹം കാരണം യേശു കഷ്ടപ്പാടുകൾ സഹിക്കാനും മരിക്കാനും തയ്യാറായി. എന്നാൽ താൻ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നവരോടു യേശുവിന് ഇന്നും ഒരു പ്രത്യേക സ്നേഹമുണ്ട്.—യോഹന്നാൻ 15:13, 14 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
യേശു എങ്ങനെയുള്ള ഒരു വ്യക്തിയാണെന്ന് നമുക്ക് കൂടുതലായി നോക്കാം. യേശു മറ്റുള്ളവരോടു സ്നേഹത്തോടെ ഇടപെട്ടു, ഉദാരമായി കൊടുത്തു. അത് നമുക്ക് എങ്ങനെ അനുകരിക്കാമെന്ന് പഠിക്കാം.
4. യേശു പിതാവിനെ സ്നേഹിക്കുന്നു
ദൈവത്തോടുള്ള സ്നേഹം എങ്ങനെ കാണിക്കാമെന്ന് യേശുവിന്റെ ജീവിതത്തിൽനിന്നു നമുക്കു പഠിക്കാം. ലൂക്കോസ് 6:12; യോഹന്നാൻ 15:10; 17:26 എന്നീ വാക്യങ്ങൾ വായിക്കുക. ഓരോ വാക്യവും വായിച്ചിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യേശുവിനെപ്പോലെ നമ്മൾ യഹോവയെ സ്നേഹിക്കുന്നുണ്ടെന്ന് എങ്ങനെ കാണിക്കാം?
5. യേശു ആളുകളോട് മനസ്സലിവോടെ ഇടപെടുന്നു
യേശു സ്വന്തം കാര്യങ്ങളെക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കാണ് പ്രാധാന്യം കൊടുത്തത്. ക്ഷീണിച്ചിരുന്നപ്പോൾപ്പോലും തന്റെ ശക്തിയും സമയവും ഒക്കെ മറ്റുള്ളവർക്കുവേണ്ടി ഉപയോഗിക്കാൻ യേശുവിന് മടിയൊന്നും തോന്നിയില്ല. മർക്കോസ് 6:30-44 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
മറ്റുള്ളവരെ സഹായിക്കാൻ തനിക്കു മനസ്സുണ്ടെന്ന് യേശു കാണിച്ചത് എങ്ങനെയെല്ലാമാണ്?—31, 34, 41, 42 വാക്യങ്ങൾ കാണുക.
ആളുകളെ സഹായിക്കാൻ യേശുവിന് തോന്നിയത് എന്തുകൊണ്ടാണ്?—34-ാം വാക്യം കാണുക.
യേശു പകർത്തിയത് യഹോവയുടെ ഗുണങ്ങളാണ്. ഇതിൽനിന്ന് യഹോവയെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
യേശുവിനെ അനുകരിച്ചുകൊണ്ട് നമുക്ക് മറ്റുള്ളവരെ എങ്ങനെ സ്നേഹിക്കാം?
6. യേശു ഉദാരമായി കൊടുക്കുന്നു
ഒരുപാടൊന്നും ഇല്ലായിരുന്നെങ്കിലും ഉള്ളതു കൊടുക്കാൻ യേശുവിനു മനസ്സായിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിൽ യേശു ഒട്ടും പിശുക്കു കാണിച്ചില്ല. നമ്മളും അതുപോലെ ചെയ്യാനാണ് യേശു പറയുന്നത്. പ്രവൃത്തികൾ 20:35 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
സന്തോഷമുള്ളവർ ആയിരിക്കാൻ എന്തു ചെയ്യണമെന്നാണ് യേശു പറഞ്ഞത്?
വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
നമ്മുടെ കൈയിൽ അധികമൊന്നും ഇല്ലെങ്കിലും മറ്റുള്ളവർക്ക് എങ്ങനെയൊക്കെ കൊടുക്കാൻ കഴിയും?
നിങ്ങൾക്ക് അറിയാമോ?
യേശുവിന്റെ നാമത്തിൽ യഹോവയോടു പ്രാർഥിക്കാൻ ബൈബിൾ പഠിപ്പിക്കുന്നു. (യോഹന്നാൻ 16:23, 24 വായിക്കുക.) അങ്ങനെ പ്രാർഥിക്കുമ്പോൾ, നമ്മൾ യഹോവയുടെ സുഹൃത്താകാൻവേണ്ടി യേശു ചെയ്ത കാര്യങ്ങളോട് വിലമതിപ്പ് കാണിക്കുകയാണ്.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “നമ്മുടെ കഷ്ടപ്പാടൊന്നും ദൈവം കാണുന്നില്ല.”
യഹോവയുടെ ഗുണങ്ങളാണല്ലോ യേശു പകർത്തിയത്. അതുകൊണ്ട് യേശു ചെയ്ത കാര്യങ്ങളിൽനിന്ന് യഹോവ നമുക്കുവേണ്ടി കരുതുമെന്ന് എങ്ങനെ മനസ്സിലാക്കാം?
ചുരുക്കത്തിൽ
യേശു യഹോവയെ സ്നേഹിക്കുന്നു, ആളുകളെയും സ്നേഹിക്കുന്നു. യഹോവയുടെ ഗുണങ്ങളാണ് യേശു പകർത്തിയത്. അതുകൊണ്ട്, യേശുവിനെ അടുത്തറിയുമ്പോൾ നമുക്ക് യഹോവയെയും അടുത്ത് അറിയാൻ കഴിയും.
ഓർക്കുന്നുണ്ടോ?
യേശുവിനെപ്പോലെ, നമുക്ക് എങ്ങനെ യഹോവയെ സ്നേഹിക്കാം?
യേശുവിനെപ്പോലെ, നമുക്ക് എങ്ങനെ ആളുകളെ സ്നേഹിക്കാം?
യേശുവിന്റെ ഏതു ഗുണമാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്?
കൂടുതൽ മനസ്സിലാക്കാൻ
നമുക്കു പകർത്താൻ കഴിയുന്ന യേശുവിന്റെ ചില ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക.
“യേശുവിനെ അനുകരിക്കാൻ. . .” (യേശു—വഴിയും സത്യവും ജീവനും, പേജ് 317)
യേശുവിന്റെ നാമത്തിൽ പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുക.
“യേശുവിന്റെ നാമത്തിൽ നമ്മൾ പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?” (വെബ്സൈറ്റിലെ ലേഖനം)
യേശു കാഴ്ചയിൽ എങ്ങനെയായിരുന്നെന്ന് ബൈബിൾ എന്തെങ്കിലും പറയുന്നുണ്ടോ?
“യേശുവിനെ കാണാൻ എങ്ങനെയായിരുന്നു?” (വെബ്സൈറ്റിലെ ലേഖനം)
യേശു സ്ത്രീകളോടു പെരുമാറിയ വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
“ദൈവം സ്ത്രീകളെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നു” (വെബ്സൈറ്റിലെ ലേഖനം)