ക്രിസ്തുവിന്റെ തിരിച്ചുവരവ്
നിർവ്വചനം: ഭൂമി വിട്ട് പോകുന്നതിന് മുമ്പ് താൻ തിരിച്ചുവരുമെന്ന് യേശുക്രിസ്തു വാഗ്ദാനം ചെയ്തു. ദൈവരാജ്യത്തോട് ബന്ധപ്പെട്ട പുളകപ്രദമായ സംഭവങ്ങൾ ആ വാഗ്ദാനത്തോട് ബന്ധപ്പെട്ടിരിക്കുന്നു. വരവും സാന്നിദ്ധ്യവും തമ്മിൽ ഒരു വ്യത്യാസമുണ്ടെന്നുളളത് കുറിക്കൊളേളണ്ടതാണ്. അപ്രകാരം ഒരു വ്യക്തിയുടെ വരവ് (ആദ്യമായി വരുമ്പോഴോ മടങ്ങിവരുമ്പോഴോ) ഒരു നിശ്ചിത സമയത്ത് സംഭവിക്കുന്നു, സാന്നിദ്ധ്യമാകട്ടെ അതേ തുടർന്ന് വർഷങ്ങളോളം നീണ്ടു നിന്നേക്കാം. ബൈബിളിൽ എർക്കോമായി (“വരിക” എന്നർത്ഥം) എന്ന ഗ്രീക്കു പദം തന്റെ സാന്നിദ്ധ്യകാലത്ത് ഒരു നിശ്ചിത സമയത്ത് ഒരു പ്രധാനപ്പെട്ട വേലയിലേക്ക് യേശു ശ്രദ്ധ തിരിക്കുന്നതിനെ പരാമർശിക്കാനും ഉപയോഗിക്കപ്പെട്ടിരിക്കുന്നു, അതായത് സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിൽ യഹോവയുടെ വധാധികൃതനായിട്ടുളള തന്റെ വേല.
ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തോട് ബന്ധപ്പെട്ട സംഭവങ്ങൾ വളരെ ഹ്രസ്വമായ ഒരു സമയത്താണോ സംഭവിക്കുന്നത് അതോ പലവർഷങ്ങളിലൂടെയാണോ?
മത്താ. 24:37-39: “നോഹയുടെ നാളുകൾ പോലെ മനുഷ്യപുത്രന്റെ സാന്നിദ്ധ്യവും [“വരവ്,” RS, TEV; “സാന്നിദ്ധ്യം,” Yg, Ro, ED; ഗ്രീക്ക്, പറൂസിയ] ആകും. ജലപ്രളയത്തിനുമുമ്പുളള കാലത്ത് നോഹ പെട്ടകത്തിൽ കയറിയ നാൾ വരെ അവർ തിന്നും കുടിച്ചും പുരുഷൻമാർ വിവാഹം കഴിച്ചും സ്ത്രീകൾ വിവാഹത്തിനു കൊടുക്കപ്പെട്ടും പോന്നു; ജലപ്രളയം വന്ന് എല്ലാവരെയും അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നതുവരെ അവർ ശ്രദ്ധിച്ചതുമില്ല, അങ്ങനെതന്നെ മനുഷ്യപുത്രന്റെ സാന്നിദ്ധ്യവുമാകും.” (ഇവിടെ വിവരിച്ചിരിക്കുന്ന “നോഹയുടെ നാളുകളിലെ” സംഭവങ്ങൾ അനേക വർഷങ്ങളിലൂടെയാണ് സംഭവിച്ചത്. യേശു തന്റെ സാന്നിദ്ധ്യത്തെ അന്നു സംഭവിച്ചതിനോട് താരതമ്യപ്പെടുത്തി.)
മത്തായി 24:37-ൽ പറൂസിയ എന്ന ഗ്രീക്ക് പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നു. അതിന്റെ അർത്ഥം കൃത്യമായി പറഞ്ഞാൽ “ഒപ്പമുണ്ടായിരിക്കുക” എന്നാണ്. ലിഡൽ ആൻഡ് സ്കോട്ട്സ് ഗ്രീക്ക്-ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ (ഓക്സ്ഫോർഡ്, 1968) പറൂസിയ എന്നതിന് ഒന്നാമത് കൊടുത്തിരിക്കുന്ന നിർവ്വചനം “ആളുകളുടെ സാന്നിദ്ധ്യം” എന്നാണ്. ആ വാക്കിന്റെ ആശയം പൗലോസ് തന്റെ സാന്നിദ്ധ്യത്തെ (പറൂസിയ) അസാന്നിദ്ധ്യത്തോട് (അപൂസിയ) വിപരീത താരതമ്യം ചെയ്യുന്ന ഫിലിപ്പ്യർ 2:12-ൽ വ്യക്തമായി സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നേരെമറിച്ച്, അർമ്മഗെദ്ദോൻ യുദ്ധത്തിൽ യഹോവയുടെ വധാധികൃതനായി “മനുഷ്യപുത്രൻ ശക്തിയോടും വലിയ മഹത്വത്തോടും കൂടെ വാനമേഘങ്ങളിൽ വരുന്ന”തിനെപ്പററി പറയുന്ന മത്തായി 24:30-ൽ എർക്കോമെനോൺ എന്ന ഗ്രീക്ക് പദമാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ചില വിവർത്തകർ രണ്ടു ഗ്രീക്ക് പദത്തിനും ‘വരവ്’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു, എന്നാൽ കൂടുതൽ ശ്രദ്ധയുളളവർ ഇവ രണ്ടും തമ്മിലുളള വ്യത്യാസം വ്യക്തമാക്കുന്നു.
ക്രിസ്തു മാനുഷനേത്രങ്ങൾക്ക് ദൃശ്യമായ ഒരു വിധത്തിൽ മടങ്ങിവരുമോ?
യോഹ. 14:19: “അൽപസമയം കൂടെ കഴിഞ്ഞാൽ ലോകം എന്നെ മേലാൽ കാണുകയില്ല, എന്നാൽ നിങ്ങൾ [യേശുവിന്റെ വിശ്വസ്ത അപ്പോസ്തലൻമാർ] എന്നെ കാണും, എന്തുകൊണ്ടെന്നാൽ ഞാൻ ജീവിക്കുന്നു, നിങ്ങളും ജീവിക്കും.” (താൻ വീണ്ടും വരുമെന്നും തന്നോടൊപ്പമായിരിക്കാൻ അവരെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുമെന്നും യേശു അപ്പോസ്തലൻമാരോട് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. അവരും അവനെപ്പോലെ ആത്മസൃഷ്ടികളായിരിക്കുന്നതിനാൽ അവർക്ക് അവനെ കാണാൻ കഴിയും. എന്നാൽ ലോകം വീണ്ടും അവനെ കാണുകയില്ല. 1 തിമൊഥെയോസ് 6:16 താരതമ്യം ചെയ്യുക.)
പ്രവൃ. 13:34: “വീണ്ടും ദ്രവത്വത്തിലേക്ക് മടങ്ങാത്തവണ്ണം അവൻ [ദൈവം] അവനെ [യേശുവിനെ] മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു.” (മനുഷ്യ ശരീരങ്ങൾ പ്രകൃത്യാ ദ്രവത്വമുളളവയാണ്. അതുകൊണ്ടാണ് 1 കൊരിന്ത്യർ 15: 42, 44-ൽ “ദ്രവത്വത്തെ” “ഭൗതിക ശരീര”ത്തോടുളള സമാനതയിൽ ഉപയോഗിച്ചിരിക്കുന്നത്. യേശുവിന് ഇനി ഒരിക്കലും അങ്ങനെയൊരു ശരീരമുണ്ടായിരിക്കുകയില്ല.)
യോഹ. 6:51: “സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ജീവനുളള അപ്പം ഞാനാകുന്നു; ആരെങ്കിലും ഈ അപ്പം ഭക്ഷിക്കുന്നുവെങ്കിൽ അവൻ എന്നേക്കും ജീവിക്കും; ഞാൻ കൊടുക്കുന്ന അപ്പം വാസ്തവമായും ലോകത്തിന്റെ ജീവനുവേണ്ടിയുളള എന്റെ മാംസമാകുന്നു.” (അങ്ങനെ കൊടുത്തശേഷം യേശു വീണ്ടും അത് തിരികെ എടുക്കുന്നില്ല. അതുവഴി യേശു തന്റെ പൂർണ്ണതയുളള മാനുഷജീവന്റെ ബലിയിൽ നിന്നുളള പ്രയോജനങ്ങൾ മനുഷ്യവർഗ്ഗത്തിന് ലഭിക്കാതെയാക്കുന്നില്ല.)
“ഉത്പ്രാപണം” എന്നതിൻ കീഴിൽ 313, 314 പേജുകൾ കൂടെ കാണുക.
യേശു സ്വർഗ്ഗത്തിലേക്ക് കയറിപ്പോയ “അതേവിധത്തിൽ” അവൻ വരും എന്നതിന്റെ അർത്ഥമെന്താണ്?
പ്രവൃ. 1:9-11: “അവർ [യേശുവിന്റെ അപ്പോസ്തലൻമാർ] നോക്കിക്കൊണ്ടു നിൽക്കേ അവൻ ആരോഹണം ചെയ്തു, ഒരു മേഘം അവനെ അവരുടെ ദൃഷ്ടിയിൽ നിന്ന് മറച്ചു. അവൻ പോകയിൽ അവർ ആകാശത്തേക്ക് ഉററുനോക്കിക്കൊണ്ട് നിൽക്കേ, നോക്കൂ! വെളള വസ്ത്രം ധരിച്ച രണ്ടു പുരുഷൻമാർ അവരുടെ അടുക്കൽ നിന്ന് അവരോട് പറഞ്ഞു: ‘ഗലീലാ പുരുഷൻമാരെ, നിങ്ങൾ ആകാശത്തിലേക്ക് നോക്കി നിൽക്കുന്നത് എന്ത്? നിങ്ങളിൽ നിന്ന് ആകാശത്തിലേക്ക് എടുക്കപ്പെട്ട ഈ യേശു ആകാശത്തിലേക്ക് പോകുന്നതായി നിങ്ങൾ കണ്ട അതേവിധത്തിൽ വീണ്ടും വരും.’” (“അതേവിധ”ത്തിൽ എന്നല്ലാതെ അതേ ശരീരത്തിൽ എന്ന് ഇവിടെ പറയുന്നില്ല എന്ന് കുറിക്കൊളളുക. അവന്റെ ആരോഹണത്തിന്റെ “വിധം” എന്തായിരുന്നു? 9-ാം വാക്യം കാണിക്കുന്നതുപോലെ അവൻ കാഴ്ചയിൽ നിന്ന് അപ്രത്യക്ഷനായി, അവന്റെ ശിഷ്യൻമാർ മാത്രമേ അവന്റെ പോക്ക് കണ്ടുളളു. എന്താണ് സംഭവിച്ചതെന്ന് ലോകം പൊതുവിൽ തിരിച്ചറിഞ്ഞില്ല. യേശുവിന്റെ തിരിച്ചുവരവു സംബന്ധിച്ചും അത് സത്യമായിരിക്കും.)
അവൻ ‘മേഘങ്ങളിൽ വരുമെന്നും’ ‘എല്ലാ കണ്ണും അവനെ കാണുമെന്നും’ പറഞ്ഞിരിക്കുന്നതിന്റെ അർത്ഥമെന്താണ്?
വെളി. 1:7: “നോക്കൂ! അവൻ മേഘങ്ങളോടെ വരുന്നു, എല്ലാ കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ എല്ലാ ഗോത്രങ്ങളും അവനെച്ചൊല്ലി മാറത്തടിച്ചു വിലപിക്കും.” (മത്തായി 24:30; മർക്കോസ് 13:26; ലൂക്കോസ് 21:27 കൂടെ.)
“മേഘങ്ങളാൽ” എന്താണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്? അദൃശ്യത. ഒരു വിമാനം ഒരു കനത്ത മേഘത്തിലോ മേഘത്തിന് മുകളിലോ ആയിരിക്കുമ്പോൾ നിലത്തുളളവർക്ക് അതിന്റെ എൻജിനുകളുടെ അലർച്ച കേൾക്കാമെങ്കിലും സാധാരണയായി അതു കാണാൻ കഴിയുകയില്ല. യഹോവ മോശയോടു പറഞ്ഞു: “ഞാനിതാ ഒരു ഇരുണ്ട മേഘത്തിൽ നിന്റെയടുക്കൽ വരുന്നു.” മോശ ദൈവത്തെ കണ്ടില്ല. എന്നാൽ ആ മേഘം യഹോവയുടെ അദൃശ്യസാന്നിദ്ധ്യത്തെ സൂചിപ്പിച്ചു. (പുറ. 19:9; ലേവ്യാപുസ്തകം 16:2; സംഖ്യാപുസ്തകം 11:25 എന്നിവകൂടെ കാണുക.) ക്രിസ്തു ദൃശ്യമായി ആകാശങ്ങളിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ “എല്ലാകണ്ണും” അവനെ കാണുകയില്ല എന്നുളളത് സ്പഷ്ടമാണ്. ഉദാഹരണത്തിന് അവൻ ആസ്ത്രേലിയാക്ക് മുകളിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ അവൻ യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കകളിലും ദൃശ്യനായിരിക്കുകയില്ല, ഉവ്വോ?
ഏതർത്ഥത്തിലാണ് ‘എല്ലാ കണ്ണും അവനെ കാണുന്നത്’? ഭൂമിയിലെ സംഭവങ്ങളിൽ നിന്ന് അവൻ അദൃശ്യമായി സാന്നിദ്ധ്യവാനാണെന്ന് അവർ തിരിച്ചറിയും. കൂടാതെ ഭൗതികമല്ലാത്ത കാഴ്ചയെ പരാമർശിച്ച് യോഹന്നാൻ 9:41 ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “യേശു [പരീശൻമാരോട്] ഇപ്രകാരം പറഞ്ഞു: ‘നിങ്ങൾ കുരുടൻമാരായിരുന്നുവെങ്കിൽ നിങ്ങൾക്ക് പാപം ഇല്ലാതിരിക്കുമായിരുന്നു. എന്നാലിപ്പോൾ “ഞങ്ങൾ കാണുന്നു” എന്ന് നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനിൽക്കുന്നു.’” (റോമർ 1:20 താരതമ്യം ചെയ്യുക.) യേശുവിന്റെ തിരിച്ചുവരവിനെ തുടർന്ന് ചിലയാളുകൾ വിശ്വാസം പ്രകടമാക്കുന്നു; അവർ അവന്റെ സാന്നിദ്ധ്യത്തിന്റെ അടയാളം തിരിച്ചറിയുന്നു. മററുളളവർ തെളിവു തളളിക്കളയുന്നു, എന്നാൽ ദുഷ്ടൻമാരെ നശിപ്പിക്കാനുളള ദൈവത്തിന്റെ വധാധികൃതനെന്ന നിലയിൽ ക്രിസ്തു നടപടി സ്വീകരിക്കുമ്പോൾ അവന്റെ ശക്തിയുടെ പ്രത്യക്ഷതയിൽ നിന്ന് ഈ നാശം മനുഷ്യരിൽ നിന്നല്ല, സ്വർഗ്ഗത്തിൽ നിന്നാണെന്ന് അവർ പോലും തിരിച്ചറിയും. അവർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ എന്താണ് സംഭവിക്കുന്നത് എന്ന് അവർ തിരിച്ചറിയും. അവരെ പിടികൂടുന്ന സംഗതികൾ നിമിത്തം “അവർ മാറത്തടിച്ച് വിലപിക്കും.”
“അവനെ കുത്തിത്തുളച്ചവർ” ആരാണ്? യേശുവിനെ വധിച്ച സമയത്ത് അക്ഷരാർത്ഥത്തിൽ റോമൻ പടയാളികളാണ് അത് ചെയ്തത്. എന്നാൽ അവർ പണ്ടേ മരിച്ചു പോയിരിക്കുന്നു. അതുകൊണ്ട് ഇത് “അന്ത്യ നാളുകളിൽ” ക്രിസ്തുവിന്റെ യഥാർത്ഥ അനുഗാമികളെ സമാനമായി ഉപദ്രവിക്കുകയോ അല്ലെങ്കിൽ ‘കുത്തിത്തുളക്കുകയോ’ ചെയ്യുന്നവരെ പരാമർശിക്കണം.—മത്താ. 25:40, 45.
ഒരു വ്യക്തി ദൃശ്യനല്ലെങ്കിൽ അയാൾ ‘വന്നു’ അല്ലെങ്കിൽ ‘സാന്നിദ്ധ്യവാനാണ്’ എന്ന് വാസ്തവത്തിൽ പറയാൻ കഴിയുമോ?
അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ സഭയിൽ “ശരീരത്തിൽ ഹാജരാകാത്തവനെങ്കിലും ആത്മാവിൽ സാന്നിദ്ധ്യവാനാ”യിരിക്കുന്നതായി പറഞ്ഞു.—1 കൊരി. 5:3.
ബാബേൽഗോപുരം പണിതവരുടെ ഭാഷ കലക്കാനായി താൻ ‘ഇറങ്ങിച്ചെല്ലുന്നതായി’ യഹോവ പറഞ്ഞു. (ഉൽപ. 11:7) ഇസ്രായേല്യരെ ഈജിപ്ററിന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനായി താൻ “ഇറങ്ങിച്ചെല്ലുമെന്നും” അവൻ പറഞ്ഞു. ഇസ്രായേല്യരെ വാഗ്ദത്ത നാട്ടിലേക്ക് നയിക്കാൻ “ഞാൻ തന്നെ പോരും” എന്ന് ദൈവം മോശക്ക് ഉറപ്പുകൊടുത്തു. (പുറ. 3:8; 33:14) എന്നാൽ യാതൊരു മനുഷ്യനും ഒരിക്കലും ദൈവത്തെ കണ്ടില്ല.—പുറ. 33:20; യോഹ. 1:18.
ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തോട് ബൈബിൾ ബന്ധപ്പെടുത്തുന്ന ചില സംഭവങ്ങൾ എന്തൊക്കെയാണ്?
ദാനി. 7:13, 14: “ആകാശമേഘങ്ങളോടെ മനുഷ്യ പുത്രനോട് [യേശുക്രിസ്തു] സദൃശനായ ഒരുവൻ വരാനിടയായി; നാളുകളുടെ പുരാതനനായവന്റെ [യഹോവയാം ദൈവം] അടുക്കലേക്ക് അവന് പ്രവേശനം ലഭിച്ചു, അവർ അവനെ ആ ഒരുവന്റെ അടുത്തുതന്നെ വരുമാറാക്കി. ജനതകളും ദേശീയ സംഘങ്ങളും ഭാഷക്കാരും എല്ലാം അവനെത്തന്നെ സേവിക്കേണ്ടതിന് അവന് ഭരണാധിപത്യവും മഹത്വവും രാജ്യവും നൽകപ്പെട്ടു.”
1 തെസ്സ. 4:15, 16: “കർത്താവിന്റെ സാന്നിദ്ധ്യം വരെ ജീവനോടെ ശേഷിക്കുന്നവരായ നമ്മൾ യാതൊരു പ്രകാരത്തിലും മരണത്തിൽ നിദ്രകൊണ്ടവർക്ക് മുമ്പാകുകയില്ല എന്ന് യഹോവയുടെ വചനത്താൽ ഞങ്ങൾ നിങ്ങളോട് പറയുന്നു; എന്തുകൊണ്ടെന്നാൽ കർത്താവു താൻ ആജ്ഞാപരമായ ഒരു ആഹ്വാനത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവിനോടുളള ഐക്യത്തിൽ മരിച്ചവർ ആദ്യം ഉയർത്തെഴുന്നേൽക്കുകയും ചെയ്യും.” (അതുകൊണ്ട് ക്രിസ്തുവിനോടുകൂടെ ഭരിക്കാനുളളവർ അവനോടുകൂടെ സ്വർഗ്ഗത്തിലായിരിക്കാൻ വേണ്ടി പുനരുത്ഥാനത്തിലേക്ക് വരുത്തപ്പെടും—ആദ്യം കഴിഞ്ഞുപോയ വർഷങ്ങളിൽ മരിച്ചുപോയവരും പിന്നീട് കർത്താവിന്റെ തിരിച്ചുവരവിനെ തുടർന്ന് മരിക്കുന്നവരും.)
മത്താ. 25:31-33: “മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ സകല ദൂതൻമാരുമായി വന്നെത്തുമ്പോൾ അവൻ തന്റെ മഹത്വമുളള സിംഹാസനത്തിൽ ഇരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ കൂട്ടി വരുത്തപ്പെടും, ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിറുത്തും.”
2 തെസ്സ. 1:7-9: “കർത്താവായ യേശുക്രിസ്തു തന്റെ ശക്തിയുളള ദൂതൻമാരുമായി അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുളള സുവാർത്ത അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ കഷ്ടമനുഭവിക്കുന്നവരായ നിങ്ങൾക്ക് ഞങ്ങളോടുകൂടെ ആശ്വാസം ലഭിക്കും. അവർ കർത്താവിന്റെ മുമ്പാകെ നിന്നും അവന്റെ ശക്തിയുടെ മഹത്വത്തിൽ നിന്നും നിത്യനാശമെന്ന ശിക്ഷാവിധി അനുഭവിക്കും.”
ലൂക്കോ. 23:42, 43: “അവൻ [യേശുവിനോടുകൂടെ തൂക്കപ്പെട്ടവരിൽ സഹതാപം കാട്ടിയ ദുഷ്പ്രവൃത്തിക്കാരൻ] യേശുവിനോട് തുടർന്നിങ്ങനെ പറഞ്ഞു: ‘യേശുവെ, നീ നിന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നേക്കൂടെ ഓർക്കണമേ.’ അവൻ അവനോട് പറഞ്ഞു: ‘സത്യമായും ഇന്ന് ഞാൻ നിന്നോട് പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.’” (യേശുവിന്റെ ഭരണത്തിൻകീഴിൽ മുഴുഭൂമിയും ഒരു പറുദീസയായിത്തീരും, ദൈവത്തിന്റെ ഓർമ്മയിലുളള മരിച്ചവർ ഭൂമിയിൽ എന്നേക്കും പൂർണ്ണതയുളള ജീവിതം ആസ്വദിക്കാനുളള അവസരത്തോടെ ഉയർപ്പിക്കപ്പെടും.)
“അന്ത്യനാളുകൾ” എന്ന ശീർഷകത്തിൻ കീഴിൽ 234-239 പേജുകൾ കാണുക.