നമ്മൾ ‘ധാരാളം ഫലം കായ്ക്കേണ്ടത്’ എന്തുകൊണ്ട്?
“നിങ്ങൾ ധാരാളം ഫലം കായ്ക്കുന്നതുകൊണ്ടും എന്റെ ശിഷ്യന്മാരാണെന്നു തെളിയിക്കുന്നതുകൊണ്ടും എന്റെ പിതാവ് മഹത്ത്വപ്പെടുന്നു.”—യോഹ. 15:8.
1, 2. (എ) മരണത്തിന്റെ തലേരാത്രി യേശു ശിഷ്യന്മാരോട് എന്തിനെക്കുറിച്ചാണു സംസാരിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) സന്തോഷവാർത്ത പ്രസംഗിക്കാനുള്ള കാരണങ്ങൾ നമ്മുടെ മനസ്സിലുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? (സി) ഈ ലേഖനത്തിൽ എന്താണു ചർച്ച ചെയ്യാൻപോകുന്നത്?
മരണത്തിന്റെ തലേരാത്രി യേശു അപ്പോസ്തലന്മാരോടു ദീർഘനേരം സംസാരിച്ചു. താൻ അവരെ ആഴമായി സ്നേഹിക്കുന്നുണ്ടെന്ന് ആ സമയത്ത് യേശു അവർക്ക് ഉറപ്പു കൊടുത്തു. മുന്തിരിച്ചെടിയെക്കുറിച്ചുള്ള ഒരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു. അതെക്കുറിച്ചാണ് കഴിഞ്ഞ ലേഖനത്തിൽ നമ്മൾ പഠിച്ചത്. ‘ധാരാളം ഫലം കായ്ക്കാൻ,’ അതായത് രാജ്യസന്ദേശം പ്രസംഗിക്കുന്നതിൽ ക്ഷമയോടെ തുടരാൻ, യേശു ആ ദൃഷ്ടാന്തത്തിലൂടെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു.—യോഹ. 15:8.
2 എന്നാൽ എന്തു ചെയ്യണമെന്നു മാത്രമല്ല, എന്തുകൊണ്ട് അതു ചെയ്യണമെന്നും യേശു ശിഷ്യന്മാരോടു പറഞ്ഞു. സന്തോഷവാർത്ത പ്രസംഗിക്കേണ്ടതിന്റെ കാരണങ്ങൾ യേശു അവർക്കു വ്യക്തമാക്കിക്കൊടുത്തു. നമ്മൾ ആ കാരണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് എന്തുകൊണ്ടാണ്? പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടേണ്ടതിന്റെ പ്രാധാന്യം വ്യക്തമായി നമ്മുടെ മനസ്സിലുണ്ടെങ്കിൽ ‘എല്ലാ ജനതകളോടും’ സാക്ഷീകരിക്കാൻ നമുക്കു പ്രേരണ തോന്നും. (മത്താ. 24:13, 14) പ്രസംഗിക്കാൻ തിരുവെഴുത്തുകൾ നൽകുന്ന നാലു കാരണങ്ങളെക്കുറിച്ച് നമ്മൾ ഇപ്പോൾ പഠിക്കും. യഹോവ തരുന്ന നാലു സമ്മാനങ്ങളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും. മടുത്തുപോകാതെ ഫലം കായ്ക്കാൻ അതു നമ്മളെ സഹായിക്കും.
നമ്മൾ യഹോവയെ മഹത്ത്വപ്പെടുത്തുന്നു
3. (എ) പ്രസംഗിക്കേണ്ടതിന്റെ ഏതു കാരണത്തെക്കുറിച്ചാണു യോഹന്നാൻ 15:8 പറയുന്നത്? (ബി) യേശുവിന്റെ ദൃഷ്ടാന്തത്തിലെ മുന്തിരിങ്ങ എന്തിനെയാണു പ്രതീകപ്പെടുത്തുന്നത്, ആ താരതമ്യം അനുയോജ്യമായിരിക്കുന്നത് എന്തുകൊണ്ട്?
3 യഹോവയെ മഹത്ത്വപ്പെടുത്തുക, മനുഷ്യരുടെ മുമ്പാകെ ആ പേര് പരിശുദ്ധമാക്കുക, ഇതാണ് നമ്മൾ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. (യോഹന്നാൻ 15:1, 8 വായിക്കുക.) മുന്തിരി കൃഷി ചെയ്യുന്ന ഒരു കൃഷിക്കാരനോടാണു യേശു തന്റെ പിതാവിനെ താരതമ്യപ്പെടുത്തിയത് എന്നതു ശ്രദ്ധിക്കുക. യേശു തന്നെത്തന്നെ ഒരു മുന്തിരിച്ചെടിയോടും ശിഷ്യന്മാരെ അതിന്റെ ശാഖകളോടും ഉപമിച്ചു. (യോഹ. 15:5) അതുകൊണ്ട് ക്രിസ്തുവിന്റെ അനുഗാമികൾ പുറപ്പെടുവിക്കുന്ന രാജ്യഫലമാണു മുന്തിരിങ്ങയെന്നു ന്യായമായും പറയാനാകും. യേശു അപ്പോസ്തലന്മാരോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ ധാരാളം ഫലം കായ്ക്കുന്നതുകൊണ്ട് എന്റെ പിതാവ് മഹത്ത്വപ്പെടുന്നു.’ മുന്തിരിച്ചെടികളിൽ നല്ല മുന്തിരിങ്ങയുണ്ടാകുമ്പോൾ അതിന്റെ കൃഷിക്കാരനു പ്രശംസ ലഭിക്കുന്നതുപോലെ, കഴിവിന്റെ പരമാവധി നമ്മൾ രാജ്യസന്ദേശം ഘോഷിക്കുന്നത് യഹോവയ്ക്കു മഹത്ത്വം കൈവരുത്തും.—മത്താ. 25:20-23.
4. (എ) ഏതൊക്കെ വിധങ്ങളിലാണു നമ്മൾ ദൈവത്തിന്റെ പേര് പരിശുദ്ധമാക്കുന്നത്? (ബി) ദൈവത്തിന്റെ പേര് പരിശുദ്ധമാക്കാനുള്ള പദവിയെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്?
4 നമ്മുടെ പ്രസംഗപ്രവർത്തനം ഏതു വിധത്തിലാണു ദൈവത്തിന്റെ പേര് പരിശുദ്ധമാക്കുന്നത്? ദൈവത്തിന്റെ പേര് പരിപൂർണമായ അർഥത്തിൽ ഇപ്പോൾത്തന്നെ വിശുദ്ധമാണ്. ആ പേര് ഇതിൽക്കൂടുതൽ വിശുദ്ധമാക്കാൻ നമുക്കു കഴിയില്ല. എന്നാൽ യശയ്യ പ്രവാചകന്റെ വാക്കുകൾ ശ്രദ്ധിക്കുക: “സൈന്യങ്ങളുടെ അധിപനായ യഹോവ—ആ ദൈവത്തെയാണു നിങ്ങൾ വിശുദ്ധനായി കാണേണ്ടത്.” (യശ. 8:13) മറ്റു പേരുകളെക്കാളെല്ലാം ശ്രേഷ്ഠമായി കണ്ടുകൊണ്ടും അങ്ങനെ കാണാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും നമുക്കു ദൈവത്തിന്റെ പേര് പരിശുദ്ധമാക്കാം. (മത്താ. 6:9, അടിക്കുറിപ്പ്) യഹോവയുടെ മഹത്തായ ഗുണങ്ങളെയും മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത ഉദ്ദേശ്യത്തെയും കുറിച്ചുള്ള സത്യം മറ്റുള്ളവരോടു ഘോഷിച്ചുകൊണ്ട്, സാത്താൻ യഹോവയ്ക്കെതിരെ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും നുണയാണെന്നു നമുക്കു സ്ഥാപിക്കാം. (ഉൽപ. 3:1-5) യഹോവ “മഹത്ത്വവും ബഹുമാനവും ശക്തിയും” ലഭിക്കാൻ യോഗ്യനാണെന്ന കാര്യം നമ്മുടെ പ്രദേശത്തുള്ള ആളുകളെ മനസ്സിലാക്കാൻ സഹായിച്ചുകൊണ്ടും നമുക്കു ദൈവത്തിന്റെ പേര് പരിശുദ്ധമാക്കാം. (വെളി. 4:11) 16 വർഷമായി മുൻനിരസേവനം ചെയ്യുന്ന റൂണെ സഹോദരൻ പറയുന്നു: “പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെക്കുറിച്ച് സാക്ഷി പറയാനുള്ള അവസരമാണു ലഭിച്ചിരിക്കുന്നതെന്ന് ഓർക്കുമ്പോൾ എനിക്കു വളരെയധികം അഭിമാനം തോന്നുന്നു, പ്രസംഗപ്രവർത്തനത്തിൽ തുടരാൻ അത് എനിക്കു പ്രചോദനമേകുന്നു.”
നമ്മൾ യഹോവയെയും യേശുവിനെയും സ്നേഹിക്കുന്നു
5. (എ) യോഹന്നാൻ 15:9, 10 പറയുന്നതനുസരിച്ച് നമ്മൾ എന്തുകൊണ്ടാണു പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നത്? (ബി) സഹനശക്തിയുടെ ആവശ്യം യേശു എങ്ങനെയാണു എടുത്തുപറഞ്ഞത്?
5 യോഹന്നാൻ 15:9, 10 വായിക്കുക. യഹോവയോടും യേശുവിനോടും ഉള്ള ആഴമായ സ്നേഹമാണു നമ്മൾ രാജ്യസന്ദേശം പ്രസംഗിക്കുന്നതിന്റെ മറ്റൊരു പ്രധാനകാരണം. (മർക്കോ. 12:30; യോഹ. 14:15) താനുമായി സ്നേഹബന്ധത്തിൽ വരാൻ മാത്രമല്ല തന്റെ ‘സ്നേഹത്തിൽ നിലനിൽക്കാനും’ യേശു ശിഷ്യന്മാരോടു പറഞ്ഞു. എന്തുകൊണ്ട്? കാരണം, അന്ത്യം വരുന്നതുവരെ വർഷങ്ങളോളം യേശുവിന്റെ ഒരു യഥാർഥശിഷ്യനായി തുടരുന്നത് അത്ര എളുപ്പമല്ല. അതിനു സഹനശക്തി ആവശ്യമാണ്. യോഹന്നാൻ 15:4-10-ൽ ‘നിലനിൽക്കുക’ എന്ന പദം പലതവണ പറഞ്ഞുകൊണ്ട് സഹനശക്തിയുടെ ആവശ്യം യേശു എടുത്തുകാട്ടി.
6. ക്രിസ്തുവിന്റെ സ്നേഹത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?
6 ക്രിസ്തുവിന്റെ സ്നേഹത്തിൽ നിലനിൽക്കാനും ക്രിസ്തുവിന്റെ അംഗീകാരമുള്ളവരായിരിക്കാനും നമ്മൾ ആഗ്രഹിക്കുന്നെന്ന് എങ്ങനെ കാണിക്കാം? യേശുവിന്റെ കല്പനകൾ അനുസരിച്ചുകൊണ്ട്. ലളിതമായി പറഞ്ഞാൽ, യേശു നമ്മളോട് ആവശ്യപ്പെടുന്നത് ഇതാണ്, ‘എന്നെ അനുസരിക്കുക.’ താൻ ചെയ്ത കാര്യം മാത്രമേ യേശു നമ്മളോടു ചെയ്യാൻ ആവശ്യപ്പെടുന്നുള്ളൂ. യേശു പറഞ്ഞു: “ഞാൻ പിതാവിന്റെ കല്പനകൾ അനുസരിച്ച് പിതാവിന്റെ സ്നേഹത്തിൽ നിലനിൽക്കുന്നു.” അതെ, കല്പനകൾ അനുസരിക്കുന്നതിൽ യേശുതന്നെ മാതൃക വെച്ചിരിക്കുന്നു.—യോഹ. 13:15.
7. അനുസരണവും സ്നേഹവും തമ്മിൽ എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്?
7 അനുസരണവും സ്നേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യേശു അപ്പോസ്തലന്മാരോട് ഇങ്ങനെ പറഞ്ഞിരുന്നു: “എന്റെ കല്പനകൾ സ്വീകരിച്ച് അവ അനുസരിക്കുന്നവനാണ് എന്നെ സ്നേഹിക്കുന്നവൻ.” (യോഹ. 14:21) കൂടാതെ, പ്രസംഗിക്കാനുള്ള യേശുവിന്റെ കല്പന അനുസരിക്കുമ്പോൾ നമ്മൾ ദൈവത്തോടും സ്നേഹം കാണിക്കുകയാണ്. കാരണം യേശുവിന്റെ കല്പനകൾ പിതാവിൽനിന്നുള്ളവയാണ്. (മത്താ. 17:5; യോഹ. 8:28) യഹോവയെയും യേശുവിനെയും നമ്മൾ സ്നേഹിക്കുമ്പോൾ അവർ നമ്മളെ അവരുടെ സ്നേഹവലയത്തിൽ കാക്കും.
നമ്മൾ ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുന്നു
8, 9. (എ) നമ്മൾ പ്രസംഗിക്കുന്നതിന്റെ മറ്റൊരു കാരണം എന്താണ്? (ബി) യഹസ്കേൽ 3:18, 19; 18:23 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രസംഗപ്രവർത്തനത്തിൽ തുടരാൻ നമ്മളെ പ്രചോദിപ്പിക്കുന്നത് എങ്ങനെ?
8 നമ്മൾ പ്രസംഗിക്കുന്നത് ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുന്നതിനും കൂടിയാണ്. പ്രളയത്തിനു മുമ്പുള്ള കാലത്ത് നോഹ മറ്റുള്ളവരോടു ‘പ്രസംഗിച്ചെന്നു’ ബൈബിൾ പറയുന്നു. (2 പത്രോസ് 2:5 വായിക്കുക.) സാധ്യതയനുസരിച്ച്, നോഹയുടെ സന്ദേശത്തിൽ വരാനിരുന്ന നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പും അടങ്ങിയിരുന്നു. അങ്ങനെ പറയുന്നത് എന്തുകൊണ്ടാണ്? യേശു പറഞ്ഞതു ശ്രദ്ധിക്കുക: “ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ, നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും പുരുഷന്മാർ വിവാഹം കഴിച്ചും സ്ത്രീകളെ വിവാഹം കഴിച്ചുകൊടുത്തും പോന്നു. ജലപ്രളയം വന്ന് അവരെ എല്ലാവരെയും തുടച്ചുനീക്കുന്നതുവരെ അവർ ശ്രദ്ധ കൊടുത്തതേ ഇല്ല. മനുഷ്യപുത്രന്റെ സാന്നിധ്യവും അങ്ങനെതന്നെയായിരിക്കും.” (മത്താ. 24:38, 39) ആളുകൾ താത്പര്യം കാണിക്കാതിരുന്നിട്ടും തനിക്കു ലഭിച്ച മുന്നറിയിപ്പിൻസന്ദേശം നോഹ വിശ്വസ്തതയോടെ മറ്റുള്ളവരെ അറിയിച്ചു.
9 ഇന്ന്, നമ്മൾ രാജ്യസന്ദേശം അറിയിക്കുമ്പോൾ മനുഷ്യരെക്കുറിച്ചുള്ള ദൈവേഷ്ടം മനസ്സിലാക്കാൻ ആളുകൾക്ക് അവസരം കൊടുക്കുകയാണ്. അവർ ആ സന്ദേശം ശ്രദ്ധിക്കണമെന്നും ‘ജീവിച്ചിരിക്കണമെന്നും’ ആണ് യഹോവയെപ്പോലെ നമ്മളും ആത്മാർഥമായി ആഗ്രഹിക്കുന്നത്. (യഹ. 18:23) എന്നാൽ പ്രസംഗപ്രവർത്തനത്തിൽ അതു മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും വീടുതോറും നമ്മൾ ഇങ്ങനെ പ്രസംഗിക്കുമ്പോൾ, ദൈവരാജ്യം വരുമെന്നും ഭക്തികെട്ട ഈ ലോകത്തെ നശിപ്പിക്കുമെന്നും നമ്മൾ കഴിയുന്നത്ര ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുകയുമാണ്.—യഹ. 3:18, 19; ദാനി. 2:44; വെളി. 14:6, 7.
നമ്മൾ അയൽക്കാരെ സ്നേഹിക്കുന്നു
10. (എ) പ്രസംഗിക്കാനുള്ള ഏതു കാരണത്തെക്കുറിച്ചാണു മത്തായി 22:39 പറയുന്നത്? (ബി) പൗലോസും ശീലാസും ഫിലിപ്പിയിലെ ഒരു ജയിലധികാരിയെ സഹായിച്ചത് എങ്ങനെ?
10 നമ്മൾ അയൽക്കാരെ സ്നേഹിക്കുന്നു. പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ നമ്മളെ പ്രേരിപ്പിക്കുന്ന മറ്റൊരു പ്രധാനകാരണം അതാണ്. (മത്താ. 22:39) ആളുകളുടെ സാഹചര്യങ്ങൾ മാറുമ്പോൾ അവർക്കു മനംമാറ്റം വന്നേക്കാമെന്നു ചിന്തിച്ചുകൊണ്ട് പ്രസംഗപ്രവർത്തനത്തിൽ തുടരാൻ ആ സ്നേഹം നമ്മളെ പ്രേരിപ്പിക്കുന്നു. ഫിലിപ്പിയിൽവെച്ച് അപ്പോസ്തലനായ പൗലോസിനും ശീലാസിനും ഉണ്ടായ അനുഭവം നോക്കുക. എതിരാളികൾ അവരെ ജയിലിലാക്കി. പാതിരാത്രിയാകാറായപ്പോൾ ജയിലിന്റെ അടിസ്ഥാനംവരെ ഇളക്കിയ ഒരു ഭൂകമ്പം ഉണ്ടായി. വാതിലുകളെല്ലാം തുറന്നു. തടവുകാർ രക്ഷപ്പെട്ടെന്നു വിചാരിച്ച് ജയിലധികാരി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി. അപ്പോൾ പൗലോസ് ഉറക്കെ വിളിച്ചുപറഞ്ഞു: “അരുത്, സാഹസമൊന്നും കാണിക്കരുത്.” ഭയന്നുവിറച്ച ജയിലധികാരി അവരോടു ചോദിച്ചു: “രക്ഷ ലഭിക്കാൻ ഞാൻ എന്തു ചെയ്യണം?” അവർ പറഞ്ഞു: ‘കർത്താവായ യേശുവിൽ വിശ്വസിക്കുക; താങ്കൾക്കു രക്ഷ ലഭിക്കും.’—പ്രവൃ. 16:25-34.
11, 12. (എ) ജയിലധികാരിയെക്കുറിച്ചുള്ള വിവരണം നമ്മളെ എന്താണു പഠിപ്പിക്കുന്നത്? (ബി) വിശ്വസ്തതയോടെ നമ്മൾ പ്രസംഗപ്രവർത്തനം തുടരേണ്ടത് എന്തുകൊണ്ട്?
11 ജയിലധികാരിയെക്കുറിച്ചുള്ള ഈ വിവരണം പ്രസംഗപ്രവർത്തനത്തെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്? ഇതു ശ്രദ്ധിക്കുക: ഭൂകമ്പത്തിനു ശേഷമാണു ജയിലധികാരിയുടെ മനസ്സു മാറിയതും അദ്ദേഹം സഹായം ആവശ്യപ്പെട്ടതും. അതുപോലെ, ഇന്നു ചില ആളുകൾക്കു ബൈബിൾസന്ദേശത്തോട് ആദ്യം ഒരു താത്പര്യവും കാണില്ല. എന്നാൽ പിന്നീട് ജീവിതത്തിൽ എന്തെങ്കിലും ദുരന്തങ്ങൾ സംഭവിച്ചുകഴിയുമ്പോൾ മനസ്സിനു മാറ്റം വരുകയും അവർ സഹായം തേടുകയും ചെയ്തേക്കാം. ഉദാഹരണത്തിന്, തങ്ങൾക്കുണ്ടായിരുന്ന സ്ഥിരമായ ഒരു ജോലി ഓർക്കാപ്പുറത്ത് നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലായിരിക്കാം ചിലർ. വിവാഹബന്ധം തകർന്നതിന്റെ നിരാശയിലായിരിക്കും മറ്റു ചിലർ. തങ്ങൾക്കു ഗുരുതരമായ ഒരു രോഗമാണെന്ന് അടുത്തയിടെയായിരിക്കാം ചിലർ മനസ്സിലാക്കിയത്. ചിലരുടെ കാര്യത്തിൽ പ്രിയപ്പെട്ട ഒരാൾ മരിച്ചുപോയതിന്റെ വേദനയായിരിക്കാം. അത്തരം സംഭവങ്ങൾ നടക്കുമ്പോൾ ജീവിതത്തെയും അതിന്റെ ഉദ്ദേശ്യത്തെയും കുറിച്ചൊക്കെ അവർ ചിന്തിച്ചുതുടങ്ങിയേക്കാം. ആ ജയിലധികാരിയെപ്പോലെ ചിലർ ഇങ്ങനെപോലും ചോദിക്കുന്നുണ്ടായിരിക്കും: ‘രക്ഷ ലഭിക്കാൻ ഞാൻ എന്തു ചെയ്യണം?’ ഇങ്ങനെയുള്ളവരുടെ അടുത്ത് പ്രത്യാശയുടെ സന്ദേശവുമായി ചെല്ലുമ്പോൾ ജീവിതത്തിൽ ആദ്യമായി അതു ശ്രദ്ധിക്കാൻ അവർ മനസ്സു കാണിച്ചേക്കാം.
12 അതുകൊണ്ട്, വിശ്വസ്തതയോടെ നമ്മൾ പ്രസംഗപ്രവർത്തനം തുടരുകയാണെങ്കിൽ നമ്മളെ ശ്രദ്ധിക്കാൻ ആളുകൾ മനസ്സു കാണിക്കുന്ന സമയത്ത് അവരെ കാണാനും അവർക്ക് ആശ്വാസം കൊടുക്കാനും കഴിയും. (യശ. 61:1) കഴിഞ്ഞ 38 വർഷമായി മുഴുസമയസേവനത്തിലായിരിക്കുന്ന ഷാർലെറ്റ് സഹോദരി പറയുന്നു: “എങ്ങോട്ടു പോകണമെന്ന് അറിയില്ലാത്ത അവസ്ഥയിലാണ് ആളുകൾ. അവർ സന്തോഷവാർത്ത കേൾക്കേണ്ട ആവശ്യമുണ്ട്.” 34 വർഷമായി മുൻനിരസേവനം ചെയ്യുന്ന ആവോർ സഹോദരി പറയുന്നു: “ആളുകൾ ഇത്രയധികം മനസ്സു മടുത്ത ഒരു കാലം ഇതുവരെ ഉണ്ടായിട്ടില്ല. എനിക്ക് അവരെ സഹായിക്കണം. അതാണു പ്രസംഗിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.” അതെ, പ്രസംഗപ്രവർത്തനം തുടരാനുള്ള ഈടുറ്റ കാരണമാണ് അയൽക്കാരോടുള്ള സ്നേഹം!
നമ്മളെ സഹായിക്കുന്ന സമ്മാനങ്ങൾ
13, 14. (എ) യോഹന്നാൻ 15:11-ൽ ഏതു സമ്മാനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു? (ബി) യേശുവിന്റെ സന്തോഷം എങ്ങനെ നമ്മുടേതാകും? (സി) ആ സന്തോഷം ശുശ്രൂഷയിൽ നമ്മളെ എങ്ങനെ സഹായിക്കും?
13 ഫലം കായ്ക്കുന്നതിൽ തുടരാൻ സഹായിക്കുന്ന ചില സമ്മാനങ്ങളെക്കുറിച്ചും യേശു മരണത്തിനു മുമ്പുള്ള ആ രാത്രി അപ്പോസ്തലന്മാരോടു പറഞ്ഞു. ഏതൊക്കെയാണ് ആ സമ്മാനങ്ങൾ, അതു നമുക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്?
14 സന്തോഷം എന്ന സമ്മാനം. പ്രസംഗിക്കാനുള്ള യേശുവിന്റെ കല്പന ഭാരമേറിയ ഒന്നാണോ? അല്ല. മുന്തിരിച്ചെടിയുടെ ദൃഷ്ടാന്തം പറഞ്ഞശേഷം, രാജ്യപ്രസംഗകരായ നമുക്കു സന്തോഷം ആസ്വദിക്കാൻ കഴിയുമെന്നു യേശു പറഞ്ഞു. (യോഹന്നാൻ 15:11 വായിക്കുക.) യഥാർഥത്തിൽ യേശുവിന്റെ സന്തോഷം നമ്മുടേതാകുമെന്നു യേശു ഉറപ്പു നൽകി. എങ്ങനെ? മുമ്പ് പറഞ്ഞതുപോലെ, യേശു തന്നെത്തന്നെ മുന്തിരിച്ചെടിയോടും ശിഷ്യന്മാരെ ശാഖകളോടും താരതമ്യം ചെയ്തു. തണ്ടിൽനിന്നാണു ശാഖകൾ കിളിർക്കുന്നത്. ശാഖകൾ തണ്ടിലായിരിക്കുന്നിടത്തോളം അവയ്ക്കു തണ്ടിൽനിന്ന് വെള്ളവും പോഷകങ്ങളും ലഭിക്കുന്നു. സമാനമായി, ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെന്നുകൊണ്ട് ക്രിസ്തുവുമായി യോജിപ്പിലായിരിക്കുമ്പോൾ നമുക്കും ക്രിസ്തുവിന്റെ സന്തോഷം ആസ്വദിക്കാം. പിതാവിന്റെ ഇഷ്ടം ചെയ്യുമ്പോൾ ക്രിസ്തുവിനു ലഭിക്കുന്ന അതേ സന്തോഷം! (യോഹ. 4:34; 17:13; 1 പത്രോ. 2:21) 40 വർഷത്തിലധികമായി മുൻനിരസേവനം ചെയ്യുന്ന ഹെയ്ൻ സഹോദരി പറയുന്നു: “വയൽസേവനം ചെയ്തുകഴിയുമ്പോൾ കിട്ടുന്ന സന്തോഷം യഹോവയുടെ സേവനത്തിൽ തുടരാൻ എന്നെ പ്രേരിപ്പിക്കുന്നു.” ഉള്ളിന്റെ ഉള്ളിലെ സന്തോഷം പ്രശ്നങ്ങളുള്ള പ്രദേശങ്ങളിൽപ്പോലും പ്രസംഗിക്കാനുള്ള ശക്തി നമുക്കു നൽകും.—മത്താ. 5:10-12.
15. (എ) യോഹന്നാൻ 14:27-ൽ ഏതു സമ്മാനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു? (ബി) ഫലം കായ്ക്കുന്നതിൽ തുടരാൻ സമാധാനം നമ്മളെ എങ്ങനെ സഹായിക്കും?
15 സമാധാനം എന്ന സമ്മാനം. (യോഹന്നാൻ 14:27 വായിക്കുക.) മരണത്തിന്റെ തലേരാത്രി യേശു അപ്പോസ്തലന്മാരോട് ഇങ്ങനെ പറഞ്ഞു: “എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു.” ഫലം കായ്ക്കാൻ യേശുവിന്റെ സമാധാനം നമ്മളെ എങ്ങനെ സഹായിക്കും? പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ യഹോവയുടെയും യേശുവിന്റെയും അംഗീകാരമുണ്ടെന്നു നമുക്ക് അറിയാം. ആ അറിവ് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ നിലനിൽക്കുന്ന സമാധാനം തരും. (സങ്കീ. 149:4; റോമ. 5:3, 4; കൊലോ. 3:15) 45 വർഷമായി മുഴുസമയസേവനത്തിലുള്ള ഉൾഫ് സഹോദരൻ പറയുന്നു: “പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടുകഴിയുമ്പോൾ എനിക്കു ക്ഷീണം തോന്നാറുണ്ട്. പക്ഷേ ശുശ്രൂഷ എനിക്കു ശരിക്കും സംതൃപ്തി തരുന്നു. എന്റെ ജീവിതത്തിന് അത് അർഥം പകർന്നിരിക്കുന്നു.” നിലനിൽക്കുന്ന ആന്തരികസമാധാനം നമുക്കുള്ളതിൽ നമ്മൾ നന്ദിയുള്ളവരല്ലേ?
16. (എ) യോഹന്നാൻ 15:15-ൽ ഏതു സമ്മാനത്തെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്? (ബി) അപ്പോസ്തലന്മാർക്കു യേശുവിന്റെ സ്നേഹിതരായി തുടരാൻ എങ്ങനെ കഴിയുമായിരുന്നു?
16 യേശുവിന്റെ സ്നേഹിതനായിരിക്കുക എന്ന സമ്മാനം. അപ്പോസ്തലന്മാരുടെ “സന്തോഷം അതിന്റെ പരകോടിയിൽ” എത്തണമെന്നാണു തന്റെ ആഗ്രഹമെന്നു പറഞ്ഞതിനു ശേഷം ആത്മത്യാഗസ്നേഹം കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു അവരോടു വിശദീകരിച്ചു. (യോഹ. 15:11-13) പിന്നീടു യേശു പറഞ്ഞു: “ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു.” യേശുവിന്റെ സ്നേഹിതനായിരിക്കുക എന്ന പദവി എത്ര വിലപ്പെട്ട ഒരു സമ്മാനമാണ്! യേശുവിന്റെ സ്നേഹിതരായി നിലനിൽക്കണമെങ്കിൽ അപ്പോസ്തലന്മാർ എന്തു ചെയ്യണമായിരുന്നു? അവരോട്, “പോയി . . . ഫലം കായ്ക്കാൻ” യേശു പറഞ്ഞു. (യോഹന്നാൻ 15:14-16 വായിക്കുക.) ഏകദേശം രണ്ടു വർഷം മുമ്പ്, യേശു അപ്പോസ്തലന്മാർക്കു പിൻവരുന്ന നിർദേശം കൊടുത്തിരുന്നു: “നിങ്ങൾ പോകുമ്പോൾ, ‘സ്വർഗരാജ്യം അടുത്തിരിക്കുന്നു’ എന്നു പ്രസംഗിക്കണം.” (മത്താ. 10:7) അവർ ചെയ്തുകൊണ്ടിരുന്ന പ്രസംഗപ്രവർത്തനം തുടർന്നും ചെയ്യാൻ ആ അവസാനരാത്രി യേശു അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. (മത്താ. 24:13; മർക്കോ. 3:14) യേശുവിന്റെ കല്പന അനുസരിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും അവർക്ക് അതിൽ വിജയിക്കാനും യേശുവിന്റെ സ്നേഹിതരായി തുടരാനും കഴിയുമായിരുന്നു. എങ്ങനെ? മറ്റൊരു സമ്മാനത്തിന്റെ സഹായത്തോടെ.
17, 18. (എ) യോഹന്നാൻ 15:16-ൽ ഏതു സമ്മാനത്തെക്കുറിച്ചാണു പറയുന്നത്? (ബി) ആ സമ്മാനം യേശുവിന്റെ ശിഷ്യന്മാർക്ക് എങ്ങനെ സഹായമാകുമായിരുന്നു? (സി) ഇന്നു നമ്മളെ ശക്തിപ്പെടുത്തുന്ന സമ്മാനങ്ങൾ ഏതൊക്കെയാണ്?
17 പ്രാർഥനകൾക്കുള്ള ഉത്തരം എന്ന സമ്മാനം. യേശു പറഞ്ഞു: “എന്റെ നാമത്തിൽ പിതാവിനോട് എന്തു ചോദിച്ചാലും പിതാവ് അതു നിങ്ങൾക്കു തരും.” (യോഹ. 15:16) ആ വാഗ്ദാനം അപ്പോസ്തലന്മാരെ എത്രമാത്രം ബലപ്പെടുത്തിയിട്ടുണ്ടാകും!a അവരുടെ നേതാവിന്റെ ഭൂമിയിലെ ജീവിതം പെട്ടെന്നുതന്നെ അവസാനിക്കും എന്ന കാര്യം ഒരുപക്ഷേ അവർ മനസ്സിലാക്കിക്കാണില്ല. എന്നാൽ എല്ലാ കാലവും വേണ്ട സഹായം ലഭിക്കുമെന്ന കാര്യത്തിൽ അവർക്കു ഉറപ്പുണ്ടായിരിക്കാനാകുമായിരുന്നു. രാജ്യസന്ദേശം പ്രസംഗിക്കാനുള്ള സഹായത്തിനുവേണ്ടി പ്രാർഥിച്ചാൽ എന്തു സഹായവും കൊടുത്തുകൊണ്ട് ആ പ്രാർഥനകൾക്ക് ഉത്തരം നൽകാൻ യഹോവ തയ്യാറായിരുന്നു. അധികം വൈകാതെ, സഹായത്തിനായുള്ള അവരുടെ പ്രാർഥനകൾക്ക് യഹോവ ഉത്തരം തരുന്നത് അവർ അനുഭവിച്ചറിഞ്ഞു.—പ്രവൃ. 4:29, 31.
18 ഇക്കാര്യം ഇന്നും സത്യമാണ്. സഹിച്ചുനിന്ന് ഫലം പുറപ്പെടുവിക്കുമ്പോൾ നമ്മൾ യേശുവിന്റെ സ്നേഹിതരായിത്തീരുന്നു. സന്തോഷവാർത്ത പ്രസംഗിക്കുമ്പോൾ നമുക്കു പല തടസ്സങ്ങളും നേരിട്ടെന്നുവരാം. അവ മറികടക്കാനുള്ള സഹായത്തിനായി പ്രാർഥിക്കുമ്പോൾ യഹോവ ഉത്തരം തരാൻ ഒരുങ്ങിയിരിക്കുകയാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. (ഫിലി. 4:13) നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടുന്നതും യേശുവിന്റെ സ്നേഹിതരാകാൻ കഴിയുന്നതും എത്ര വലിയ അനുഗ്രഹങ്ങളാണ്! സഹിച്ചുനിന്ന് ഫലം പുറപ്പെടുവിക്കാൻ യഹോവ തരുന്ന ഈ സമ്മാനങ്ങൾ നമ്മളെ ശക്തരാക്കും.—യാക്കോ. 1:17.
19. (എ) പ്രസംഗപ്രവർത്തനത്തിൽ നമ്മൾ തുടരേണ്ടത് എന്തുകൊണ്ട്? (ബി) ഈ പ്രവർത്തനം പൂർത്തിയാക്കാൻ നമുക്ക് എന്തെല്ലാം സഹായങ്ങളുണ്ട്?
19 പ്രസംഗപ്രവർത്തനത്തിൽ തുടരാനുള്ള നാലു കാരണങ്ങൾ നമ്മൾ ഈ ലേഖനത്തിൽ പഠിച്ചു: യഹോവയെ മഹത്ത്വപ്പെടുത്തുക അതുപോലെ യഹോവയുടെ പേര് പരിശുദ്ധമാക്കുക, യഹോവയോടും യേശുവിനോടും ഉള്ള സ്നേഹം കാണിക്കുക, ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുക, അയൽക്കാരെ സ്നേഹിക്കുക എന്നിവ. കൂടാതെ, നാലു സമ്മാനങ്ങളെക്കുറിച്ചും പഠിച്ചു: സന്തോഷം, സമാധാനം, സ്നേഹബന്ധം, പ്രാർഥനകൾക്കുള്ള ഉത്തരം. ദൈവം തന്നിരിക്കുന്ന നിയമനം പൂർത്തീകരിക്കാൻ ഈ സമ്മാനങ്ങൾ നമ്മളെ ശക്തരാക്കും. ധാരാളം ‘ഫലം കായ്ക്കാൻവേണ്ടി’ നമ്മൾ കഠിനാധ്വാനം ചെയ്യുന്നതു കാണുമ്പോൾ യഹോവ എത്രയധികം സന്തോഷിക്കും!
a അപ്പോസ്തലന്മാരുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുമെന്ന് അവരുമായുള്ള സംഭാഷണത്തിനിടെ യേശു പലതവണ ഉറപ്പു നൽകി.—യോഹ. 14:13; 15:7, 16; 16:23.