അധ്യായം 120
ഫലം കായ്ക്കുന്ന ശാഖകളും യേശുവിന്റെ സ്നേഹിതരും
ശരിക്കുള്ള മുന്തിരിച്ചെടിയും ശാഖകളും
യേശുവിന്റെ സ്നേഹത്തിൽ എങ്ങനെ നിലനിൽക്കാം
ഹൃദയം തുറന്ന് സംസാരിക്കാൻ വിശ്വസ്തരായ അപ്പോസ്തലന്മാരെ യേശു പ്രോത്സാഹിപ്പിക്കുന്നു. സമയം അർധരാത്രി കഴിഞ്ഞിട്ടുണ്ടാകണം. യേശു ഇപ്പോൾ പ്രചോദനാത്മകമായ ഒരു ദൃഷ്ടാന്തം പറയുന്നു:
“ഞാൻ ശരിക്കുള്ള മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനും ആണ് ” എന്നു പറഞ്ഞുകൊണ്ട് യേശു തുടങ്ങുന്നു. (യോഹന്നാൻ 15:1) ഈ ദൃഷ്ടാന്തം ഒരു കാര്യം നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു, ഇസ്രായേൽ ജനതയെ നൂറ്റാണ്ടുകൾക്കു മുമ്പ് യഹോവയുടെ മുന്തിരിച്ചെടി എന്നു വിളിച്ചത്. (യിരെമ്യ 2:21; ഹോശേയ 10:1, 2) എന്നാൽ യഹോവ ആ ജനത്തെ ഉപേക്ഷിച്ചു. (മത്തായി 23:37, 38) അതുകൊണ്ട്, യേശു ഇവിടെ മറ്റൊരു കാര്യമാണു പറയുന്നത്. പിതാവ് നട്ടുവളർത്തുന്ന ഒരു മുന്തിരിച്ചെടിയോട് യേശു തന്നെത്തന്നെ ഉപമിക്കുന്നു. എ.ഡി. 29-ൽ പരിശുദ്ധാത്മാവിനാൽ യേശുവിനെ അഭിഷേകം ചെയ്തപ്പോൾ പിതാവ് ആ മുന്തിരിച്ചെടി നട്ടു. എന്നാൽ ഈ മുന്തിരിച്ചെടി തന്നെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത് എന്ന് യേശു പറയുന്നു.
“എന്നിലുള്ള കായ്ക്കാത്ത ശാഖകളെല്ലാം (എന്റെ) പിതാവ് മുറിച്ചുകളയുന്നു. കായ്ക്കുന്നവയൊക്കെ കൂടുതൽ ഫലം കായ്ക്കാൻ വെട്ടിവെടിപ്പാക്കി നിറുത്തുന്നു. . . . മുന്തിരിച്ചെടിയിൽനിന്ന് വേർപെട്ട ശാഖകൾക്കു ഫലം കായ്ക്കാൻ കഴിയില്ല. അതുപോലെ, എന്നോടു യോജിപ്പിലല്ലെങ്കിൽ നിങ്ങൾക്കും ഫലം കായ്ക്കാൻ കഴിയില്ല. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളും ആണ്.”—യോഹന്നാൻ 15:2-5.
താൻ പോയശേഷം ഒരു സഹായിയെ, അതായത് പരിശുദ്ധാത്മാവിനെ, വിശ്വസ്തരായ ശിഷ്യന്മാർക്കു കൊടുക്കുമെന്നു യേശു ഉറപ്പു നൽകിയിരുന്നു. 51 ദിവസത്തിനു ശേഷം അപ്പോസ്തലന്മാർക്കും മറ്റുള്ളവർക്കും പരിശുദ്ധാത്മാവു ലഭിക്കുമ്പോൾ അവർ മുന്തിരിച്ചെടിയുടെ ശാഖകളായിത്തീരും. “ശാഖകളെല്ലാം” യേശുവിനോടു യോജിച്ചുനിൽക്കണമായിരുന്നു. അത് എന്തിനാണ്?
“ഒരാൾ എന്നോടും ഞാൻ അയാളോടും യോജിപ്പിലാണെങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും. കാരണം എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് യേശു പറയുന്നു. ഈ ‘ശാഖകൾ,’ അതായത് വിശ്വസ്തരായ അനുഗാമികൾ, ധാരാളം ഫലം കായ്ക്കുന്നു. യേശുവിന്റെ ഗുണങ്ങൾ പകർത്തിക്കൊണ്ടും ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരോടു സജീവമായി സംസാരിച്ചുകൊണ്ടും ആണ് അവർ അത് ചെയ്യുന്നത്. അതിലൂടെ കൂടുതൽ പേരെ അവർക്ക് ശിഷ്യരാക്കാനും കഴിയുന്നു. എന്നാൽ ഒരാൾ യേശുവിനോടു യോജിച്ചുനിൽക്കാതിരിക്കുകയും ഫലം കായ്ക്കാതിരിക്കുകയും ചെയ്താലോ? യേശു വിശദീകരിക്കുന്നു: “എന്നോടു യോജിച്ചുനിൽക്കാത്തയാൾ, മുറിച്ചുമാറ്റിയ ശാഖപോലെ ഉണങ്ങിപ്പോകും.” എന്നാൽ മറ്റൊരു കാര്യംകൂടി യേശു പറയുന്നു: “നിങ്ങൾ എന്നോടു യോജിപ്പിലായിരിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും ചോദിച്ചുകൊള്ളുക. അതു നിങ്ങൾക്കു കിട്ടും.”—യോഹന്നാൻ 15:5-7.
തന്റെ കല്പനകൾ അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു മുമ്പ് രണ്ടു തവണ പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും യേശു അതെക്കുറിച്ച് സംസാരിക്കുന്നു. (യോഹന്നാൻ 14:15, 21) “ഞാൻ പിതാവിന്റെ കല്പനകൾ അനുസരിച്ച് പിതാവിന്റെ സ്നേഹത്തിൽ നിലനിൽക്കുന്നു. അതുപോലെ, നിങ്ങളും എന്റെ കല്പനകൾ അനുസരിക്കുന്നെങ്കിൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും” എന്ന് യേശു പറയുന്നു. എന്നാൽ ദൈവമായ യഹോവയെയും പുത്രനെയും സ്നേഹിക്കുന്നതിലും അധികം കാര്യങ്ങൾ അതിൽ ഉൾപ്പെടുന്നുണ്ട്. അതിൽ മറ്റുള്ളവരെ സ്നേഹിക്കുന്നതും ഉൾപ്പെടുന്നു—അവർക്കുവേണ്ടി ജീവൻ കൊടുക്കാൻപോലും തയ്യാറാകുന്ന വിധത്തിൽ സ്നേഹിക്കുന്നത്. യേശു പറയുന്നു: “ഇതാണ് എന്റെ കല്പന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല. ഞാൻ കല്പിക്കുന്നതു നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.”—യോഹന്നാൻ 15:10-14.
തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കുംവേണ്ടി തന്റെ ജീവൻ കൊടുത്തുകൊണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ യേശു ഈ രീതിയിലുള്ള സ്നേഹം കാണിക്കും. യേശുവിന്റെ ആ മാതൃക തന്റെ അനുഗാമികളെ അത്തരം ആത്മത്യാഗസ്നേഹം തമ്മിൽത്തമ്മിൽ കാണിക്കാൻ പ്രചോദിപ്പിക്കണമായിരുന്നു. യേശു മുമ്പു പറഞ്ഞതുപോലെ അത്തരം സ്നേഹം അവരെ തിരിച്ചറിയിക്കും. “നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”—യോഹന്നാൻ 13:35.
യേശു അവരെ “സ്നേഹിതർ” എന്നു വിളിച്ച കാര്യം അപ്പോസ്തലന്മാർ ശ്രദ്ധിച്ചുകാണുമോ? അങ്ങനെ വിളിച്ചതിന്റെ കാരണം യേശു വിശദീകരിക്കുന്നു: “ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു. കാരണം എന്റെ പിതാവിൽനിന്ന് കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു.” യേശുവിന്റെ ഉറ്റ സ്നേഹിതരാകാനും പിതാവ് യേശുവിനോടു പറഞ്ഞ കാര്യങ്ങൾ അറിയാനും അപ്പോസ്തലന്മാർക്കു കഴിയുന്നു. എത്ര അമൂല്യമായ ഒരു ബന്ധമാണ് അവർക്കുള്ളത്! ഇത്തരത്തിലുള്ള ഒരു ബന്ധം ആസ്വദിക്കാൻ അവർ ‘ഫലം കായ്ക്കണമായിരുന്നു.’ അങ്ങനെ ചെയ്താൽ, “എന്റെ നാമത്തിൽ പിതാവിനോട് എന്തു ചോദിച്ചാലും പിതാവ് അതു നിങ്ങൾക്കു തരും” എന്ന് യേശു പറയുന്നു.—യോഹന്നാൻ 15:15, 16.
വരാൻപോകുന്ന പ്രതിസന്ധികൾ സഹിച്ചുനിൽക്കാൻ ഈ ‘ശാഖകളെ,’ അതായത് യേശുവിന്റെ ശിഷ്യന്മാരെ, സഹായിക്കുന്നത് അവർക്കിടയിലെ സ്നേഹബന്ധമായിരുന്നു. ലോകം അവരെ വെറുക്കും എന്ന മുന്നറിയിപ്പും യേശു അവർക്കു നൽകുന്നു. എന്നിരുന്നാലും ഇങ്ങനെ ആശ്വസിപ്പിച്ചുകൊണ്ട് യേശു പറയുന്നു: “ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ അതു നിങ്ങൾക്കു മുമ്പേ എന്നെ വെറുത്തെന്ന് ഓർത്തുകൊള്ളുക. നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്നേഹിക്കുമായിരുന്നു. എന്നാൽ . . . നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല. അതുകൊണ്ട് ലോകം നിങ്ങളെ വെറുക്കുന്നു.”—യോഹന്നാൻ 15:18, 19.
ലോകം ശിഷ്യന്മാരെ വെറുക്കുന്നതിന്റെ കാരണത്തെക്കുറിച്ച് യേശു കൂടുതലായി വിശദീകരിക്കുന്നു: “എന്നെ അയച്ച വ്യക്തിയെ അറിയാത്തതുകൊണ്ട് അവർ എന്റെ പേര് നിമിത്തം ഇതൊക്കെ നിങ്ങളോടു ചെയ്യും.” യേശുവിന്റെ അത്ഭുതകരമായ പ്രവൃത്തികൾ ഒരർഥത്തിൽ യേശുവിനെ വെറുക്കുന്നവരെ കുറ്റക്കാരാക്കുന്നു എന്നു യേശു പറയുന്നു: “മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ഞാൻ അവരുടെ ഇടയിൽ ചെയ്തില്ലായിരുന്നെങ്കിൽ അവർക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവർ എന്നെ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു.” വാസ്തവത്തിൽ അവർ കാണിച്ച വെറുപ്പിലൂടെ പ്രവചനം നിവൃത്തിയേറുകയായിരുന്നു.—യോഹന്നാൻ 15:21, 24, 25; സങ്കീർത്തനം 35:19; 69:4.
പരിശുദ്ധാത്മാവ് എന്ന സഹായിയെ അയയ്ക്കുമെന്ന ഉറപ്പ് യേശു അവർക്കു വീണ്ടും കൊടുക്കുന്നു. തന്റെ അനുഗാമികൾക്കെല്ലാം ദൈവത്തിൽനിന്നുള്ള ഈ ശക്തി ലഭിക്കും. ഫലം കായ്ക്കാനും യേശുവിനുവേണ്ടി ‘സാക്ഷി പറയാനും’ അത് അവരെ പ്രാപ്തരാക്കും.—യോഹന്നാൻ 15:27.