ബൈബിളിന്റെ വീക്ഷണം
ബൈബിൾപ്രവചനങ്ങൾ നിങ്ങൾക്കു വിലപ്പെട്ടവയായിരിക്കുന്നതിന്റെ കാരണം
“ബൈബിൾ ദൈവത്തിന്റെ വചനമാണെന്നുള്ളതിന് നമുക്ക് സംശയാതീതമായ തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ അതു വിശ്വസിക്കുമായിരുന്നു” എന്ന് അനേകമാളുകൾ പറയുന്നു. എന്നിരുന്നാലും മിക്കപ്പോഴും അത്തരം ആളുകൾക്ക് തങ്ങളെ ബോധ്യപ്പെടുത്തുന്നതിനാവശ്യമായ “സംശയാതീതമായ തെളിവ്” എന്താണെന്ന് പറയാൻ കഴിയുന്നില്ല. അത് ഒരു അത്ഭുതമായിരിക്കുമോ?
യേശു ഇവിടെ ഭൂമിയിലായിരുന്നപ്പോൾ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു, എന്നിരുന്നാലും സംശയവാദികൾ അവയെ അവൻ ദൈവത്തിന്റെ വക്താവാണെന്നതിന്റെ തെളിവായി അംഗീകരിക്കാൻ വിസമ്മതിച്ചു. എന്തിന്, “ഭൂതങ്ങളുടെ ഭരണാധിപനായ ബേൽസെബൂബിന്റെ സഹായത്തോടെയാണ്” യേശു ചില അത്ഭുതങ്ങൾ ചെയ്തത് എന്ന് ചിലർ വാദിച്ചു! മററുള്ളവർ ചെയ്ത ചില “അത്ഭുതങ്ങൾ” യഥാർത്ഥത്തിൽ സാത്താന്റെ പ്രവൃത്തികളാണെന്ന് യേശു പറഞ്ഞു. (ലൂക്കോസ് 11:14-19; മത്തായി 7:22, 23) അതുകൊണ്ട്, ബൈബിൾ ദൈവത്തിന്റെ വചനമാണെന്നുള്ളതിന്റെ സുനിശ്ചിത തെളിവായി—ബൈബിളിലെ വാക്കുകൾ തന്നെ, അതിലടങ്ങിയിരിക്കുന്ന സന്ദേശം ദൈവത്തിൽ നിന്നു തന്നെയുള്ളതാണെന്ന് കാണിക്കുന്നതിന്— മറെറന്തെങ്കിലും ആവശ്യമാണ്.
ബൈബിളിന്റെ താളുകളിൽ തന്നെ നാം അത്തരം തെളിവ്—പ്രവചനം— കണ്ടെത്തുന്നു. നിശ്ചയമായും സത്യത്തിന്റെ ദൈവവും സകല ജ്ഞാനത്തിന്റെയും ഉറവും എന്ന നിലയിൽ, ആരംഭത്തിൽതന്നെ അവസാനവും അറിയുന്നവൻ എന്ന നിലയിൽ, യഹോവ നമ്മുടെ സ്വന്തകാലമുൾപ്പെടെ ഭാവികാലങ്ങളിൽ എന്തു നടക്കുമെന്ന് മുൻകൂട്ടിപ്പറയാൻ കഴിവുള്ളവനായിരിക്കണം. (സങ്കീർത്തനം 31:5; സദൃശവാക്യങ്ങൾ 2:6; യെശയ്യാവ് 46:9, 10) ഇത് അവൻ തന്റെ എഴുതപ്പെട്ട വചനത്തിൽ നൽകിയിട്ടുണ്ട്, മിക്കപ്പോഴും വളരെ വിശദമായി. നമുക്ക് യേശുക്രിസ്തുവിൽ കേന്ദ്രീകരിക്കുന്ന ഒരു കൂട്ടം പ്രവചനങ്ങൾ മാത്രം പരിചിന്തിക്കാം.
യേശു മശിഹായാണെന്ന് തെളിയിക്കുന്ന പ്രവചനങ്ങൾ
നൂറുകണക്കിന് ബൈബിൾ പ്രവചനങ്ങൾ യേശുക്രിസ്തുവിൽ നിവർത്തിക്കുന്നു.a ചിലർ യേശുവും ശിഷ്യൻമാരും ഈ ലക്ഷ്യത്തിൽ കാര്യങ്ങൾ കൗശലപൂർവം നയിച്ചുവെന്ന് വാദിക്കുന്നു. അത് യഥാർത്ഥത്തിൽ അങ്ങനെയായിരിക്കുമോ? ചില വസ്തുതകൾ പരിഗണിക്കുക.
യേശുവിനോ അവന്റെ മാതാപിതാക്കൾക്കോ കൃത്യം യേശുവിന്റെ ജനനസമയത്ത് യൗസേഫും മറിയാമും തങ്ങളുടെ സ്വന്ത പട്ടണമായ ബേത്ലഹേമിൽ ജനസംഖ്യാ കണക്കെടുപ്പിനും നികുതി സംബന്ധമായ രജിസ്ട്രേഷനും വേണ്ടി പോകാനാവശ്യപ്പെടുന്ന ഒരു കല്പന പുറപ്പെടുവിക്കത്തക്കവണ്ണം റോമാ കൈസറെ പ്രേരിപ്പിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് മീഖാ 5:2ലെ പ്രവചനനിവൃത്തിയായി യേശു ബേത്ലഹേമിൽ ജനിക്കാൻ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയിൽ താല്പര്യമില്ലാതിരുന്ന റോമാക്കാർ ഒരു പങ്കു വഹിച്ചു.
യഹൂദ മതനേതാക്കളുടെ കപടഭക്തി എത്രയധികം യേശു തുറന്നുകാണിച്ചുവോ അത്രയധികം അവർ അവനെ വധിക്കാൻ ആഗ്രഹിച്ചു. എന്നാൽ അവന്റെ മരണം അവന്റെ സ്വദേശക്കാരുടെ കൈകളാൽ നേരിട്ട് വരേണ്ടതല്ലായിരുന്നു. യഹൂദൻമാർ യേശുവിനെ വധിച്ചിരുന്നുവെങ്കിൽ അവർ സാധ്യതയനുസരിച്ച് അവനെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു, എന്തുകൊണ്ടെന്നാൽ മോശൈക ന്യായപ്രമാണ നിയമം അനുസരിച്ച് മരണശിക്ഷ നടപ്പിലാക്കുന്ന വിധം ഇതായിരുന്നു. (യോഹന്നാൻ 8:59; 10:31) എന്നാൽ, പ്രവചനങ്ങൾ അനുസരിച്ച് “ന്യായപ്രമാണത്തിന്റെ ശാപം നീക്കുന്നതിന്” മശിഹാ ഒരു ദണ്ഡന സ്തംഭത്തിൽ തൂക്കപ്പെടണമായിരുന്നു. (ആവർത്തനം 21:22, 23, ഗലാത്യർ 3:13-ഉമായി താരതമ്യപ്പെടുത്തുക.) അവൻ “എല്ലാത്തരം ആളുകളെയും ആകർഷിക്കുന്നതിന്” അവൻ “ഉയർത്തപ്പെടണ”മായിരുന്നു. (സംഖ്യാ 21:4, 9 യോഹന്നാൻ 3:14ഉം 12:32, 33ഉം ആയി താരതമ്യപ്പെടുത്തുക.) റോമാക്കാർ ഉപയോഗിക്കുന്ന സ്തംഭത്തിലെ തറയ്ക്കലിന്റെ സംഗതിയിൽ ഈ പ്രവചനങ്ങളുടെ നിവൃത്തിയിൽ സംശയമുണ്ടായിരിക്കാവുന്നതല്ല. അതുകൊണ്ട് ബൈബിൾ പ്രവചനം നിവർത്തിക്കാൻ സഹായിക്കുന്നതിന് താൽപ്പര്യമില്ലാതിരുന്ന റോമാക്കാർ വീണ്ടും യഹോവയുടെ പ്രവചന വാക്കുകൾ സത്യമെന്ന് തെളിയാൻ ഇടയാക്കുന്നതിൽ ഒരു പങ്കു വഹിച്ചു.
അതു കൂടാതെ സ്തംഭത്തിൽ തൂങ്ങിക്കിടന്നപ്പോൾ യേശുവിന് തന്റെ വസ്ത്രം എന്തു ചെയ്യണമെന്നതു സംബന്ധിച്ച് യാതൊന്നും തീരുമാനിക്കാൻ സാധ്യമല്ലായിരുന്നു. അവന് റോമാ പടയാളികളെ അവക്കുവേണ്ടി ചീട്ടിടാൻ കൗശലപൂർവം നയിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ബൈബിൾ പ്രവചനം മുൻകൂട്ടിപറഞ്ഞിരുന്നതുപോലെ കൃത്യമായി അതുതന്നെ അവർ ചെയ്തു! (സങ്കീർത്തനം 22:18; യോഹന്നാൻ 19:24) വീണ്ടും, റോമാക്കാരായിരുന്നു, യേശുവൊ അവന്റെ ശിഷ്യൻമാരൊ അല്ലായിരുന്നു പ്രവചനം സത്യമായിത്തീരാൻ ഇടയാക്കിത്തീർത്തത്.
യേശു തന്റെ തലമുറയിൽ യെരുശലേമിന്റെ പെട്ടെന്നുള്ള നാശത്തെ അർത്ഥമാക്കുന്ന സംഭവങ്ങൾ ആ നഗരത്തിൽ നടക്കുമെന്ന് മുൻകൂട്ടിപ്പറഞ്ഞു. (ലൂക്കോസ് 21:5-24) യേശുവിന്റെ നാളുകൾക്ക് 500-ൽ അധികം വർഷങ്ങൾക്കുമുൻപ് ദാനിയേൽ ഇത് മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ദാനിയേൽ 9:26, 27) ക്രി.വ. 70-ൽ യെരുശലേം നശിപ്പിക്കപ്പെട്ടു. യേശുവിന്റെയും ദാനിയേലിന്റെയും വാക്കുകൾ നിവൃത്തിയേറി. ഒരിക്കൽകൂടി ബൈബിൾ പ്രവചനം ആശ്രയയോഗ്യമാണെന്ന് മുദ്രയടിക്കപ്പെട്ടു.
നിങ്ങൾ പ്രവചനത്തിൽ നിന്ന് പ്രയോജനം അനുഭവിക്കുമോ?
ഇനിയും നിവൃത്തിയേറാനുള്ള അനേകം ബൈബിൾ പ്രവചനങ്ങൾ ഉണ്ട്. ദൃഷ്ടാന്തത്തിന് ഇന്നത്തെ ദുഷ്ട വ്യവസ്ഥിതി അവസാനിക്കുമെന്നും യഹോവയുടെ സ്വർഗ്ഗീയ രാജ്യത്തിൻ കീഴിൽ ഒരു നീതിയുള്ള പുതിയ ലോകം പിന്തുടരുമെന്നും യഹോവ തന്റെ പുത്രനെക്കൊണ്ട് പ്രവചിപ്പിച്ചു. (മത്തായി 24:3-14; വെളിപ്പാട് 21:1-5; 2 പത്രോസ് 3:7-13 വരെയും കാണുക.) ഇവയെല്ലാം ബൈബിളിൽ, എല്ലായ്പ്പോഴും സത്യമെന്ന് തെളിഞ്ഞിട്ടുള്ള യഹോവയുടെ പ്രവചന വചനത്തിൽ, എഴുതിയിരിക്കുന്നു. അപ്പോൾ നാം ഇതിന് ഗൗരവപൂർവകമായ പരിഗണന നൽകേണ്ടതല്ലേ?
കഴിഞ്ഞ കാലത്ത് തങ്ങൾക്കുവേണ്ടി നല്ല കാര്യങ്ങൾമാത്രം ചെയ്യുകയും എല്ലായ്പ്പോഴും വാക്കുപാലിക്കുകയുംചെയ്തിട്ടുള്ള മാതാപിതാക്കളുടെ വാഗ്ദാനങ്ങളെ അവിശ്വസിക്കാൻ കുട്ടികൾക്ക് എന്ത് കാരണമുണ്ട്? അതുപോലെ, തന്റെ പുത്രന്റെ ഒരു രാജ്യം കൈവരുത്തുമെന്നുള്ള യഹോവയുടെ വാഗ്ദാനത്തെ അവിശ്വസിക്കാൻ നമുക്ക് എന്തു കാരണമുണ്ട്? കഴിഞ്ഞ കാലത്ത് തന്റെ സൃഷ്ടികൾക്കുവേണ്ടി വളരെയധികം നൻമ ചെയ്തിട്ടുള്ള യഹോവക്ക് പൊടുന്നനേ അവരുടെ ക്ഷേമത്തിൽ താല്പര്യം നഷ്ടപ്പെടുമെന്നു വിശ്വസിക്കാൻ നമുക്കെന്തു കാരണമുണ്ട്?
അതു തെളിയിക്കാൻ ബോധ്യപ്പെടുത്തുന്ന വാദങ്ങളില്ല. അതുകൊണ്ട്, യഹോവയിലും അവന്റെ വചനത്തിലും വിശ്വസിക്കുന്നതിനും അവനിൽ പ്രത്യാശയർപ്പിക്കുന്നതിനും നമുക്കു സകല കാരണങ്ങളുമുണ്ട്. അവന്റെ ആശ്രയയോഗ്യമായ പ്രവാചകവചനം നമുക്കു ജീവിതോദ്ദേശ്യം നൽകുന്നു. അതു നമ്മുടെ പ്രവർത്തനത്തെ മൂല്യവത്തായ ഒരു ലക്ഷ്യത്തിലേക്കു നയിക്കുന്നു. അത് യഥാർത്ഥത്തിൽ ഇന്ന് നമുക്ക് അത്യന്തം മൂല്യവത്താണ്. (g88 8/8)
[അടിക്കുറിപ്പുകൾ]
a ദൃഷ്ടാന്തത്തിന്, വാച്ച് ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ 70-ാം പേജ് കാണുക.
[24-ാം പേജിലെ ചതുരം]
സോദോമും ഗോമോറയും (ഉൽപ്പത്തി 18:20, 21; 19:12, 13), നിനെവേ (സെഫന്യാവ് 2:13), ബാബിലോൻ (യിരെമ്യാവ് 51:1, 2), ഏദോമിലെ പെട്രാ (യിരെമ്യാവ് 49:7-22) എന്നിങ്ങനെയുള്ള നഗരങ്ങളുടെ നാശത്തെ മുൻകൂട്ടിപ്പറഞ്ഞ ബൈബിൾപ്രവചനങ്ങൾ പ്രവചനവചനം കൃത്യതയുള്ളതെന്നു തെളിഞ്ഞിരിക്കുന്നതായി അനായാസം വിശദമാക്കുന്നു.
[25-ാം പേജിലെ ചതുരം]
ഈ പ്രവചനങ്ങളുടെ ഭാവി നിവൃത്തി അനുഭവിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവോ?
“അവൻ യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.”—സങ്കീർത്തനം 46:9.
“‘എനിക്ക് രോഗമാണ്’ എന്ന് യാതൊരു നിവാസിയും പറയുകയില്ല.”—യെശയ്യാവ് 33:24.
“മരണം മേലാൽ ഉണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല.”—വെളിപ്പാട് 21:4.
“സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്തുവരുന്ന നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.
“നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും.”—സങ്കീർത്തനം 37:29.