യഹോവ ധാരാളമായി ക്ഷമിക്കുന്നു
“ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; . . . അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാവ് 55:7.
1. യഹോവയുടെ ക്ഷമയുടെ ഗുണഭോക്താക്കൾ ഇപ്പോൾ എന്തിനാൽ അനുഗ്രഹിക്കപ്പെടുന്നു?
യഹോവ അനുതാപമുള്ള ദുഷ്പ്രവൃത്തിക്കാരോടു ക്ഷമിക്കുകയും ഇപ്പോൾ ഒരു ആത്മീയപറുദീസയിൽ മനസമാധാനം ആസ്വദിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇത് അവർ ഈ വ്യവസ്ഥകളിൽ എത്തുന്നതുകൊണ്ടാണ്: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാവ് 55:6, 7.
2. (എ) യെശയ്യാവ് 55:6, 7-ൽ പരാമർശിച്ചിരിക്കുന്ന ‘യഹോവയെ അന്വേഷിപ്പിൻ’ എന്നതിനാലും ‘അവങ്കലേക്ക് തിരിയട്ടെ’ എന്നതിനാലും എന്തർത്ഥമാക്കുന്നു? (ബി) ബാബിലോനിലെ യഹൂദാ പ്രവാസികൾ യഹോവയിലേക്കു തിരിയേണ്ടത് ആവശ്യമായിരുന്നതെന്തുകൊണ്ട്, അവരിൽ ചിലർക്ക് എന്തു സംഭവിച്ചു?
2 “യഹോവയെ അന്വേഷിക്കു”ന്നതിനും അംഗീകാരത്തോടെ അവനെ വിളിച്ചപേക്ഷിക്കുന്നതിനും ദുഷ്ടനായ ഒരു വ്യക്തി തന്റെ തെററായ വഴിയും മററുള്ളവരെ ദ്രോഹിക്കുന്നതിനുള്ള ഏതു ചിന്തയും ഉപേക്ഷിക്കേണ്ടതുണ്ട്. “യഹോവയിങ്കലേക്കു തിരി”യേണ്ടതിന്റെ ആവശ്യം, ദുഷ്പ്രവൃത്തിക്കാരൻ ഒരിക്കൽ തനിക്ക് ഒരു ഉററ ബന്ധം ഉണ്ടായിരുന്ന ദൈവത്തെ ഉപേക്ഷിച്ചുപോയതായി സൂചിപ്പിക്കുന്നു. യഹൂദ്യയിലെ നിവാസികളുടെ സംഗതി അതായിരുന്നു, ദൈവത്തോടുള്ള അവരുടെ അവിശ്വസ്തത ഒടുവിൽ ബാബിലോന്യ പ്രവാസത്തിലേക്കു നയിച്ചു. യഹൂദ പ്രവാസികൾ, ബാബിലോന്യ പ്രവാസത്തിലും അവരുടെ മാതൃരാജ്യത്തിന്റെ മുൻകൂട്ടിപറയപ്പെട്ട 70 വർഷത്തെ ശൂന്യാവസ്ഥയിലും കലാശിച്ച അവരുടെ തെററായ പ്രവൃത്തികൾ സംബന്ധിച്ച് അനുതപിച്ചു യഹോവയിങ്കലേക്കു തിരിയേണ്ട ആവശ്യമുണ്ടായിരുന്നു. പൊ.യു.മു. 537-ൽ ഗവൺമെൻറ് വിജ്ഞാപനത്തിന്റെ ഫലമായി ബാബിലോനിൽനിന്ന് വിമോചിതരായ ദൈവഭയമുള്ള ഒരു യഹൂദശേഷിപ്പ് ദേശത്തു പുനരധിവസിപ്പിക്കപ്പെട്ടു. (എസ്രാ 1:1-8; ദാനിയേൽ 9:1-4) യഹൂദ്യദേശം ഏദെൻ പറുദീസയോട് ഉപമിക്കപ്പെടത്തക്കവണ്ണം ആ പുനഃസ്ഥിതീകരണത്തിന്റെ ഫലങ്ങൾ അത്ര മഹത്തായിരുന്നു.—യെഹെസ്ക്കേൽ 36:33-36.
3. യഹൂദ്യയിലേക്കു തിരിച്ചുവന്ന ദൈവഭയമുണ്ടായിരുന്ന പ്രവാസികളുടേതിനു സമാനമായ ഒരനുഭവം ആത്മീയ ഇസ്രയേലിന്റെ ശേഷിപ്പിനുണ്ടായതെങ്ങനെ?
3 ബാബിലോന്യ പ്രവാസത്തിനുശേഷം യഹൂദ്യയിലേക്കു തിരിച്ചുവന്ന ദൈവഭയമുള്ള യഹൂദൻമാരുടേതിനു സമാനമായ ഒരു അനുഭവം ആത്മീയ ഇസ്രയേല്യർക്കുണ്ടായി. (ഗലാത്യർ 6:16) ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ ഉടനെ ആത്മീയ ഇസ്രയേലിന്റെ ശേഷിപ്പ് അവരുടെ വഴികൾക്കും ചിന്തകൾക്കും ചില മാററങ്ങൾ വരുത്തി. വ്യാജമതത്തിന്റെ ലോകസാമ്രാജ്യമായ മഹാബാബിലോന്റെ മണ്ഡലത്തിൽ ദൈവത്തിന്റെ പൂർണ്ണപ്രീതിയിൽനിന്നുള്ള അവരുടെ പ്രവാസത്തിന് 1919 എന്ന വർഷം അവസാനം കുറിച്ചു. മനുഷ്യഭയവും യഹോവയുടെ സേവനത്തിലെ നിഷ്ക്രിയത്വവും ഉൾപ്പെടുന്ന അവരുടെ പാപങ്ങൾ സംബന്ധിച്ച് അവർ അനുതപിച്ചതുകൊണ്ട് അവിടുന്ന് അവരെ മഹാബാബിലോനിൽനിന്നു സ്വതന്ത്രരാക്കുകയും അവർ അർഹിക്കുന്ന ആത്മീയ സ്ഥിതിയിൽ തിരിച്ചുവരുത്തുകയും രാജ്യദൂതു പ്രസംഗിക്കാൻ അവരെ വീണ്ടും ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. അന്നുമുതൽ ദൈവജനത്തിന്റെയിടയിൽ ഒരു ആത്മീയ പറുദീസ തഴച്ചുവളർന്നിരിക്കുന്നു, അവിടത്തെ വിശുദ്ധനാമത്തിന്റെ ബഹുമതിക്കായിത്തന്നെ. (യെശയ്യാവ് 55:8-13) അപ്പോൾ, പുരാതന പൂർവ്വമാതൃകയിലും ആധുനിക പ്രതിമാതൃകയിലും ദിവ്യക്ഷമയെ തുടർന്ന് അനുഗ്രഹങ്ങൾ വരുന്നു എന്നതിനും അനുതാപമുള്ളവരോടു യഹോവ വാസ്തവത്തിൽ ധാരാളമായി ക്ഷമിക്കുന്നു എന്നതിനും നമുക്കു വ്യക്തമായ തെളിവുണ്ട്.
4. യഹോവയുടെ ചില ദാസൻമാർക്ക് ഏതു ഭയമുണ്ട്?
4 യഹോവയുടെ ആധുനികകാല ദാസൻമാർക്ക് അതുകൊണ്ട് അവിടത്തെ ക്ഷമയിൽ ആശ്രയിക്കാൻ കഴിയും. എങ്കിലും, അവരിൽ ചിലർ കഴിഞ്ഞകാല തെററുകൾ സംബന്ധിച്ച് ആശ വെടിഞ്ഞവരാണ്, കുററബോധം അവരെ മിക്കവാറും ഗ്രസിച്ചുകളയുന്നു. അവർ ആത്മീയ പറുദീസയിൽ വസിക്കാൻ യോഗ്യരാണെന്ന് അവർതന്നെ കരുതുന്നില്ല. വാസ്തവത്തിൽ, തങ്ങൾ അക്ഷന്തവ്യമായ പാപം ചെയ്തിരിക്കുന്നതായും ഒരിക്കലും യഹോവയുടെ ക്ഷമ ലഭിക്കുകയില്ലെന്നും ചിലർ ഭയപ്പെടുന്നു. അത് അങ്ങനെയാണോ?
അക്ഷന്തവ്യമായ ചില പാപങ്ങൾ
5. ചില പാപങ്ങൾ അക്ഷന്തവ്യമാണെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
5 ചില പാപങ്ങൾ അക്ഷന്തവ്യമാണ്. യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു: “സകല പാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.” (മത്തായി 12:31) അതുകൊണ്ട്, ദൈവത്തിന്റെ പരിശുദ്ധാത്മാവിനെതിരെ അഥവാ പ്രവർത്തനനിരതമായ ശക്തിക്കെതിരെ ഉള്ള ദൂഷണം ക്ഷമിക്കപ്പെടുകയില്ല. അപ്പൊസ്തലനായ പൗലോസ് ഇപ്രകാരം എഴുതിയപ്പോൾ അത്തരം പാപത്തെ ഉദ്ദേശിച്ചുപറഞ്ഞു: “ഒരിക്കൽ പ്രകാശനം ലഭിച്ചിട്ട് . . . [അവർ] പിൻമാറിപ്പോയാൽ തങ്ങൾക്കുതന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ട് അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.”—എബ്രായർ 6:4-6.
6. ഒരു പാപം ക്ഷമിക്കാവുന്നതോ അല്ലയോ എന്നു നിർണ്ണയിക്കുന്നതെന്ത്?
6 ഒരു വ്യക്തി അക്ഷന്തവ്യമായ പാപം ചെയ്തിരിക്കുന്നുവോയെന്നു ദൈവത്തിനുമാത്രമേ അറിയാവൂ. എന്നിരുന്നാലും, പൗലോസ് ഇപ്രകാരം എഴുതിയപ്പോൾ ഈ കാര്യത്തിൽ വെളിച്ചം വീശി: “സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപംചെയ്താൽ [പതിവായി പാപംചെയ്താൽ, NW] പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയേയുള്ളു.” (എബ്രായർ 10:26, 27) മനഃപൂർവ്വം ചെയ്യുന്ന ഒരാൾ കരുതിക്കൂട്ടി പ്രവർത്തിക്കുന്നു, അല്ലെങ്കിൽ “മർക്കടമുഷ്ടിയോടെയും പലപ്പോഴും തലതിരിഞ്ഞ വിധത്തിലും തന്നിഷ്ടം കാണിക്കുന്നവൻ” ആണ്. (വെബ്സ്റേറഴ്സ് ന്യൂ കൊളീജിയററ് ഡിക്ഷനറി) സത്യം അറിഞ്ഞശേഷം മനഃപൂർവ്വം മർക്കടമുഷ്ടിയോടെ പതിവായി പാപംചെയ്യുന്ന ഏതൊരാളോടും ക്ഷമിക്കുന്നില്ല. അതുകൊണ്ടു പാപം ക്ഷമിക്കാവുന്നതാണോ അല്ലയോ എന്നതിനെ ബാധിക്കുന്നതു ഹൃദയാവസ്ഥയും ഉൾപ്പെട്ടിരിക്കുന്ന തന്നിഷ്ടത്തിന്റെ അളവും ആണ്, പാപം അതിൽത്തന്നെയല്ല. നേരെ മറിച്ച്, തെററു ചെയ്യുന്ന ഒരു ക്രിസ്ത്യാനി തന്റെ ദുഷ്ചെയ്തി സംബന്ധിച്ച് ആഴമായി അസ്വസ്ഥനാണെങ്കിൽ എന്ത്? വാസ്തവത്തിൽ, അയാളുടെ വലിയ ഉത്ക്കണ്ഠ ഒരുപക്ഷേ അയാൾ അക്ഷന്തവ്യമായ ഒരു പാപം ചെയ്തിട്ടില്ലെന്ന് സൂചിപ്പിച്ചേക്കാം.
അവരുടെ പാപങ്ങൾ അക്ഷന്തവ്യമായിരുന്നു
7. യേശുവിന്റെ മത എതിരാളികളിൽ ചിലർ അക്ഷന്തവ്യമായ പാപം ചെയ്തുവെന്ന് നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
7 യേശുവിനെ എതിർത്ത ചില യഹൂദ മതനേതാക്കൾ മനഃപൂർവ്വമായ, അപ്രകാരം അക്ഷന്തവ്യമായ പാപം ചെയ്തു. യേശു നൻമ ചെയ്യുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നതായി അവർ നിരീക്ഷിച്ചെങ്കിലും ആ പുരോഹിതൻമാർ അദ്ദേഹത്തിന്റെ ശക്തി ബെയെൽസെബൂബിന്റേത്, അഥവാ പിശാചായ സാത്താന്റേതാണെന്ന് ആരോപിച്ചു. നിഷേധിക്കാനാവാത്ത പരിശുദ്ധാത്മാവിന്റെ പ്രവർത്തനം കൺനിറയെ കണ്ടുകൊണ്ട് അവർ പാപംചെയ്തു. അങ്ങനെ അവർ അക്ഷന്തവ്യമായ പാപം ചെയ്തു, എന്തെന്നാൽ യേശു പറഞ്ഞു: “ആരെങ്കിലും . . . പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.”—മത്തായി 12:22-32.
8. യൂദാ ഇസ്ക്കര്യോത്തായുടെ പാപം അക്ഷന്തവ്യമായത് എന്തുകൊണ്ട്?
8 ഇസ്ക്കര്യോത്താ യൂദായുടെ പാപവും അക്ഷന്തവ്യമായിരുന്നു. അയാൾ യേശുവിനെ ഒററിക്കൊടുത്തത്, കപടഭക്തിയുടെയും അവിശ്വസ്തതയുടെയും ഒരു ഗതിയുടെ മനഃപൂർവ്വവും കരുതിക്കൂട്ടിയുള്ളതുമായ ഒരു പരമകാഷ്ഠയായിരുന്നു. ദൃഷ്ടാന്തത്തിന്, വിലപിടിച്ച തൈലംകൊണ്ടു മറിയ യേശുവിനെ അഭിഷേകംചെയ്യുന്നതു യൂദാ കണ്ടപ്പോൾ, അവൻ ചോദിച്ചു: “ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിററു ദരിദ്രർക്കു കൊടുക്കാഞ്ഞതെന്ത്?” അപ്പൊസ്തലനായ യോഹന്നാൻ ഇതുകൂടെ കൂട്ടിച്ചേർത്തു: “ഇതു ദരിദ്രൻമാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ [യൂദാ] കള്ളൻ ആകകൊണ്ടും പണസഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ ഇതു പറഞ്ഞത്.” അതിനുശേഷം ഉടൻതന്നെ 30 വെള്ളിക്കാശിനു യൂദാ യേശുവിനെ ഒററിക്കൊടുത്തു. (യോഹന്നാൻ 12:1-6; മത്തായി 26:6-16) യൂദാക്കു മനോവേദന തോന്നുകയും ആത്മഹത്യ ചെയ്യുകയുമുണ്ടായി എന്നതു സത്യംതന്നെ. (മത്തായി 27:1-5) എന്നാൽ അവനോടു ക്ഷമിച്ചില്ല, കാരണം അവന്റെ മനഃപൂർവ്വമായ, നിർബ്ബന്ധപൂർവ്വമായ സ്വാർത്ഥഗതിയും വഞ്ചനാപരമായ പ്രവൃത്തിയും പരിശുദ്ധാത്മാവിനെതിരെയുള്ള അവന്റെ പാപത്തെ പ്രതിഫലിപ്പിച്ചു. “നാശപുത്രൻ” എന്ന് യേശു യൂദായെ വിളിച്ചത് എത്ര ഉചിതം!—യോഹന്നാൻ 17:12; മർക്കൊസ് 3:29; 14:21.
അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടു
9. ബത്ത്-ശേബയോടുള്ള ബന്ധത്തിൽ ദാവീദിന്റെ പാപങ്ങൾ ദൈവം ക്ഷമിച്ചതെന്തുകൊണ്ട്?
9 ദൈവത്തിന്റെ ക്ഷമ ലഭിച്ചവരുടെ തെററുകൾ മനഃപൂർവ്വ പാപങ്ങളിൽനിന്ന് തികച്ചും വിഭിന്നമായി നിലകൊള്ളുന്നു. ഒരു ഉദാഹരണമായി ഇസ്രയേലിലെ ദാവീദ് രാജാവിനെ എടുക്കുക. അദ്ദേഹം ഊരിയാവിന്റെ ഭാര്യയായ ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്തു, പിന്നീട് യോവാബ് കൗശലപൂർവ്വം ഊരിയാവ് യുദ്ധത്തിൽ കൊല്ലപ്പെടാൻ ഇടയാക്കി. (2 ശമൂവേൽ 11:1-27) ദൈവം ദാവീദിനോടു കരുണകാണിച്ചത് എന്തുകൊണ്ട്? മുഖ്യമായും രാജ്യഉടമ്പടി നിമിത്തം, കൂടാതെ ദാവീദിന്റെതന്നെ കാരുണ്യവും ആത്മാർത്ഥമായ അനുതാപവും നിമിത്തംതന്നെ.—1 ശമൂവേൽ 24:4-7; 2 ശമൂവേൽ 7:12; 12:13.
10. പത്രൊസ് ഗുരുതരമായി പാപം ചെയ്തെങ്കിലും ദൈവം അവനോടു ക്ഷമിച്ചതെന്തുകൊണ്ട്?
10 അപ്പൊസ്തലനായ പത്രൊസിന്റെ കാര്യവും പരിചിന്തിക്കുക. യേശുവിനെ ആവർത്തിച്ചു തള്ളിപ്പറഞ്ഞുകൊണ്ട് അവൻ ഗുരുതരമായി പാപംചെയ്തു. ദൈവം പത്രൊസിനോടു ക്ഷമിച്ചതെന്തുകൊണ്ട്? പത്രൊസ് ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സേവനത്തിൽ വിശ്വസ്തനായിരുന്നു, യൂദായെപ്പോലെയല്ലായിരുന്നു. ഈ അപ്പൊസ്തലന്റെ പാപം ജഡികദൗർബ്ബല്യം നിമിത്തമായിരുന്നു, അവൻ യഥാർത്ഥത്തിൽ അനുതാപമുള്ളവനായിരുന്നുകൊണ്ട് “അതിദുഃഖത്തോടെ കരഞ്ഞു.”—മത്തായി 26:69-75.
11. നിങ്ങൾ “അനുതാപ”ത്തെ എങ്ങനെ നിർവ്വചിക്കും, ഒരു വ്യക്തി യഥാർത്ഥത്തിൽ അനുതാപമുള്ളവനാണെങ്കിൽ അയാൾ എന്തു ചെയ്യണം?
11 ഗുരുതരമായി പാപംചെയ്യുന്ന ഒരു വ്യക്തിക്കുപോലും യഹോവയാം ദൈവത്തിന്റെ ക്ഷമ സമ്പാദിക്കാൻ കഴിയുമെന്നു മേൽപ്പറഞ്ഞ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു. എന്നാൽ ക്ഷമിക്കപ്പെടുന്നതിന് എന്തു മനോഭാവം ആവശ്യമാണ്? തെററുചെയ്യുന്ന ഒരു ക്രിസ്ത്യാനിയോടു ദൈവം ക്ഷമിക്കുന്നതിനു യഥാർത്ഥ അനുതാപം അതിപ്രധാനമാണ്. അനുതപിക്കുക എന്നതിന്റെ അർത്ഥം “കഴിഞ്ഞകാല ദുഷ്പ്രവൃത്തികൾ സംബന്ധിച്ച പശ്ചാത്താപത്തോടെ പാപത്തിൽനിന്നു പിന്തിരിയുക” അല്ലെങ്കിൽ “ഒരുവൻ ചെയ്തുപോയതിനെയോ ചെയ്യാതിരുന്നതിനെയോ സംബന്ധിച്ച് ദുഃഖമോ പശ്ചാത്താപമോ തോന്നുക” എന്നാണ്. (വെബ്സ്റേറഴ്സ് തേർഡ് ന്യൂ ഇൻറർനാഷ്നൽ ഡിക്ഷനറി) യഥാർത്ഥ അനുതാപമുള്ള ഒരു വ്യക്തി അയാളുടെ പാപം യഹോവയുടെ നാമത്തിനും അവിടത്തെ സ്ഥാപനത്തിനും കൈവരുത്തിയ ഏതു നിന്ദയോ ദുഃഖമോ പ്രശ്നങ്ങളോ സംബന്ധിച്ചു പശ്ചാത്താപം പ്രകടമാക്കും. അനുതാപമുള്ള ദുഷ്പ്രവൃത്തിക്കാരൻ അനുതാപത്തിനു യോജിച്ച പ്രവൃത്തികൾ ചെയ്തുകൊണ്ട് അനുയോജ്യമായ ഫലങ്ങളും ഉത്പാദിപ്പിക്കും. (മത്തായി 3:8; പ്രവൃത്തികൾ 26:20) ഉദാഹരണത്തിന്, അയാൾ ആരെയെങ്കിലും വഞ്ചിച്ചെങ്കിൽ, നഷ്ടം നികത്താൻ ന്യായമായ പടികൾ സ്വീകരിക്കും. (ലൂക്കൊസ് 19:8) അനുതാപമുള്ള അത്തരമൊരു ക്രിസ്ത്യാനിക്കു യഹോവ ധാരാളമായി ക്ഷമിക്കുമെന്നു ദൃഢവിശ്വാസമുള്ളവനായിരിക്കാൻ പ്രബലമായ തിരുവെഴുത്തു ന്യായങ്ങൾ ഉണ്ട്. ഇവ ഏവയാണ്?
ദൈവത്തിന്റെ ക്ഷമയിൽ ദൃഢവിശ്വാസത്തിനുള്ള ന്യായങ്ങൾ
12. അനുതാപമുള്ള ഒരു വ്യക്തിക്ക് എന്തിന്റെ അടിസ്ഥാനത്തിൽ ക്ഷമക്കുവേണ്ടി പ്രാർത്ഥിക്കാൻ കഴിയുമെന്ന് സങ്കീർത്തനം 25:11 സൂചിപ്പിക്കുന്നു?
12 അനുതാപമുള്ള ഒരു ദുഷ്പ്രവൃത്തിക്കാരന് യഹോവയുടെ നാമത്തിന്റെ അടിസ്ഥാനത്തിൽ ആത്മവിശ്വാസത്തോടെ ക്ഷമക്കുവേണ്ടി പ്രാർത്ഥിക്കാൻ കഴിയും. “യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമം നിമിത്തം അതു ക്ഷമിക്കേണമേ” എന്നു ദാവീദ് കേണപേക്ഷിച്ചു. (സങ്കീർത്തനം 25:11) ദുഷ്പ്രവൃത്തിക്കാരൻ ദൈവനാമത്തിനു വരുത്തിയ ഏതു നിന്ദയും സംബന്ധിച്ച് അനുതാപത്തോടെയുള്ള അത്തരം പ്രാർത്ഥന ഭാവിയിൽ ഗുരുതരമായ പാപം ചെയ്യുന്നതിനുള്ള ഒരു തടസ്സമായും ഉതകുന്നതാണ്.
13. ദിവ്യക്ഷമയിൽ പ്രാർത്ഥന എന്തു പങ്കു വഹിക്കുന്നു?
13 തെററു ചെയ്യുന്നവരെങ്കിലും അനുതാപമുള്ള തന്റെ ദാസൻമാരുടെ ഹൃദയംഗമമായ പ്രാർത്ഥനകൾക്ക് യഹോവയാം ദൈവം ഉത്തരം നൽകുന്നു. ദൃഷ്ടാന്തത്തിന്, ബത്ത്-ശേബയോടുള്ള ബന്ധത്തിൽ തന്റെ പാപങ്ങളുടെ ബാഹുല്യം തിരിച്ചറിഞ്ഞശേഷം ഹൃദയത്തിൽനിന്നു പ്രാർത്ഥിച്ച ദാവീദിന്റെ നേർക്ക് യഹോവ ചെവിയടച്ചുകളഞ്ഞില്ല. വാസ്തവത്തിൽ, 51-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകൾ പല അപേക്ഷകരുടെയും വൈകാരിക ഭാവം പ്രകടമാക്കുന്നു. ദാവീദ് ഇപ്രകാരം കേണപേക്ഷിച്ചു: “ദൈവമേ, നിന്റെ ദയക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ. ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കുകയില്ല.”—സങ്കീർത്തനം 51:1, 2, 17.
14. യേശുവിന്റെ മറുവില യാഗത്തിൽ വിശ്വാസം പ്രകടമാക്കുന്നവരോടു ദൈവം ക്ഷമിക്കുന്നുവെന്നു തിരുവെഴുത്തുകൾ സ്ഥിരീകരിക്കുന്നതെങ്ങനെ?
14 യേശുവിന്റെ മറുവില യാഗത്തിൽ വിശ്വാസം പ്രകടമാക്കുന്നവരോടു ദൈവം ക്ഷമിക്കുന്നു. പൗലോസ് ഇപ്രകാരം എഴുതി: “അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (എഫേസ്യർ 1:7) സമാനമായ അർത്ഥത്തിൽ അപ്പൊസ്തലനായ യോഹന്നാൻ എഴുതി: “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ [ഒരു, NW] പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രമല്ല സർവ്വലോകത്തിന്റെ പാപത്തിന്നും തന്നെ.”—1 യോഹന്നാൻ 2:1, 2.
15. ദൈവത്തിന്റെ കരുണ തുടർന്ന് ആസ്വദിക്കുന്നതിന് അനുതാപമുള്ള ഒരു പാപി എന്തുചെയ്യണം?
15 യഹോവയുടെ കരുണ അനുതാപമുള്ള ഒരു ദുഷ്പ്രവൃത്തിക്കാരനു ക്ഷമലഭിക്കുമെന്നുള്ള ആത്മവിശ്വാസത്തിന് അടിസ്ഥാനം നൽകുന്നു. നെഹെമ്യാവ് ഇപ്രകാരം പറഞ്ഞു: “നീയോ ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയുമുള്ള ദൈവം ആകുന്നു.” (നെഹെമ്യാവ് 9:17; പുറപ്പാട് 34:6, 7 താരതമ്യപ്പെടുത്തുക.) തീർച്ചയായും, ദിവ്യകരുണ തുടർച്ചയായി ആസ്വദിക്കുന്നതിന്, പാപി ദൈവനിയമം പ്രമാണിക്കാൻ കഠിനശ്രമം ചെയ്യേണ്ടതുണ്ട്. സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ, “ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു. യഹോവേ നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.”—സങ്കീർത്തനം 119:77, 156.
16. യഹോവ നമ്മുടെ പാപാവസ്ഥ കണക്കിലെടുക്കുന്നു എന്ന വസ്തുതയിൽ എന്ത് ആശ്വാസമുണ്ട്?
16 നമ്മുടെ പാപാവസ്ഥ യഹോവ കണക്കിലെടുക്കുന്നു എന്ന വസ്തുതയും, അനുതാപമുള്ള ഒരു ദുഷ്പ്രവൃത്തിക്കാരന് ആശ്വാസവും ദൈവം തന്നോടു ക്ഷമിക്കുമെന്നുള്ള ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കാനുള്ള ന്യായവും നൽകുന്നു. (സങ്കീർത്തനം 51:5; റോമർ 5:12) സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം പ്രഖ്യാപിച്ചപ്പോൾ ആശ്വാസദായകമായ ഉറപ്പുനൽകി: “അവൻ [യഹോവയാം ദൈവം] നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തൻമാരോടു വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകററിയിരിക്കുന്നു. അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവക്കു തന്റെ ഭക്തൻമാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:10-14) അതെ, നമ്മുടെ സ്വർഗ്ഗീയ പിതാവ് ഒരു മാനുഷപിതാവിനേക്കാളും അധികം കരുണയും അനുകമ്പയും ഉള്ളവനാകുന്നു.
17. ഒരുവന്റെ വിശ്വസ്ത ദൈവസേവനത്തിന്റെ കഴിഞ്ഞകാലരേഖക്കു ക്ഷമയുടെ കാര്യത്തിൽ എന്തു ബന്ധമുണ്ട്?
17 അനുതാപമുള്ള ഒരു പാപിക്ക് യഹോവ തന്റെ വിശ്വസ്തസേവനത്തിന്റെ കഴിഞ്ഞകാല രേഖ അവഗണിക്കുകയില്ലെന്നുള്ള ദൃഢവിശ്വാസത്തോടെ ക്ഷമക്കുവേണ്ടി പ്രാർത്ഥിക്കാൻ കഴിയും. നെഹെമ്യാവ് തന്റെ പാപത്തിനുള്ള ക്ഷമക്കുവേണ്ടി അപേക്ഷിക്കുകയല്ലായിരുന്നു, എങ്കിലും “എന്റെ ദൈവമേ, ഇതു എനിക്കു നൻമെക്കായിട്ട് ഓർക്കേണമേ” എന്ന് അവൻ പറഞ്ഞു. (നെഹെമ്യാവ് 13:31) അനുതാപമുള്ള ഒരു ക്രിസ്ത്യാനിക്ക് ഈ വാക്കുകളിൽ ആശ്വാസം കണ്ടെത്താൻ കഴിയും: “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളയാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”—എബ്രായർ 6:10.
പ്രായമേറിയ പുരുഷൻമാരിൽനിന്നുള്ള സഹായം
18. ഒരു ക്രിസ്ത്യാനിയുടെ പാപം അയാളെ ആത്മീയരോഗിയാക്കിത്തീർത്തിരിക്കുന്നെങ്കിൽ എന്തു ചെയ്യണം?
18 ആത്മീയ പറുദീസയിൽ തുടരാൻ താൻ അയോഗ്യനാണെന്നും പാപം തന്നെ ആത്മീയരോഗി ആക്കിത്തീർത്തിരിക്കുന്നതുകൊണ്ട് പ്രാർത്ഥിക്കാൻ ശക്തിയില്ലെന്നും ഒരു ക്രിസ്ത്യാനി കരുതുന്നെങ്കിൽ എന്ത്? “അവൻ സഭയിലെ മൂപ്പൻമാരെ വരുത്തട്ടെ. അവർ കർത്താവിന്റെ [യഹോവയുടെ, NW] നാമത്തിൽ അവനെ എണ്ണ പൂശി അവന്നുവേണ്ടി പ്രാർത്ഥിക്കട്ടെ,” എന്ന് ശിഷ്യനായ യാക്കോബ് എഴുതി. “എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേൽപിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.” അതെ, നല്ല ആത്മീയ ആരോഗ്യത്തിൽ അയാളെ പുനഃസ്ഥിതീകരിക്കാം എന്ന പ്രത്യാശയോടെ സഭാമൂപ്പൻമാർക്ക് അനുതാപമുള്ള സഹവിശ്വാസിയോടൊത്ത് അയാൾക്കുവേണ്ടി ഫലകരമായി പ്രാർത്ഥിക്കാൻ കഴിയും.—യാക്കോബ് 5:14-16.
19. ഒരാൾ പുറത്താക്കപ്പെട്ടിരിക്കുന്നെങ്കിൽ ക്ഷമ ലഭിക്കുന്നതിനും പുനഃസ്ഥിതീകരിക്കപ്പെടുന്നതിനും അയാൾ എന്തു ചെയ്യണം?
19 അനുതാപമില്ലാത്ത ഒരു പാപിയെ ഒരു നീതിന്യായ കമ്മിററി പുറത്താക്കുന്നെങ്കിൽ പോലും അയാൾ അവശ്യം അക്ഷന്തവ്യമായ പാപം ചെയ്തിരിക്കണമെന്നില്ല. എന്നിരുന്നാലും, ക്ഷമിക്കപ്പെടുന്നതിനും പുനഃസ്ഥിതീകരിക്കപ്പെടുന്നതിനും അയാൾ ദൈവത്തിന്റെ നിയമങ്ങൾ താഴ്മയോടെ അനുസരിക്കുകയും അനുതാപത്തിനു യോജിച്ച ഫലങ്ങൾ ഉത്പാദിപ്പിക്കുകയും പുനഃസ്ഥിതീകരണത്തിനുവേണ്ടി മൂപ്പൻമാർക്ക് അപേക്ഷ നൽകുകയും ചെയ്യേണ്ടതുണ്ട്. പുരാതന കൊരിന്ത്യസഭയിൽനിന്ന് ഒരു ദുർമ്മാർഗ്ഗി പുറത്താക്കപ്പെട്ടശേഷം പൗലോസ് എഴുതി: “അവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി. അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നെ വേണ്ടതു. അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.”—2 കൊരിന്ത്യർ 2:6-8; 1 കൊരിന്ത്യർ 5:1-13.
ദൈവം ബലം നൽകുന്നു
20, 21. അക്ഷന്തവ്യമായ പാപം ചെയ്തിരിക്കുമോ എന്നതു സംബന്ധിച്ച് ഉത്ക്കണ്ഠ അനുഭവിക്കുന്ന ഒരു വ്യക്തിയെ എന്തു സഹായിച്ചേക്കാം?
20 മോശമായ ആരോഗ്യമോ സംഘർഷമോ പോലുള്ള ഘടകങ്ങൾ അക്ഷന്തവ്യമായ പാപം ചെയ്തുപോയെന്നുള്ള ഉത്ക്കണ്ഠ ഉണ്ടാക്കുന്നെങ്കിൽ വേണ്ടുവോളം ഉറക്കവും വിശ്രമവും ലഭിക്കുന്നത് സഹായകമായിരുന്നേക്കാം. എന്നിരുന്നാലും, നിങ്ങൾ പത്രോസിന്റെ വാക്കുകൾ വിശേഷാൽ ഓർമ്മയിൽ പിടിക്കണം: “അവൻ [ദൈവം] നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.” നിങ്ങളെ നിരുത്സാഹപ്പെടുത്താൻ സാത്താനെ ഒരിക്കലും അനുവദിക്കരുത്, എന്തെന്നാൽ പത്രൊസ് ഇപ്രകാരം കൂട്ടിച്ചേർത്തു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആ വക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ. എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ . . . സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.”—1 പത്രൊസ് 5:6-10.
21 അതുകൊണ്ട്, നിങ്ങൾ പശ്ചാത്താപമുള്ളവനെങ്കിലും അക്ഷന്തവ്യമായ പാപം സംബന്ധിച്ചു കുററക്കാരനാണെന്നു ഭയപ്പെടുന്നെങ്കിൽ ദൈവത്തിന്റെ വഴികൾ ജ്ഞാനവും നീതിയും സ്നേഹവും ഉള്ളതാണെന്ന് ഓർക്കുക. ആയതിനാൽ, വിശ്വാസത്തോടെ അവിടത്തോടു പ്രാർത്ഥിക്കുക. “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരം അവിടുന്ന് പ്രദാനം ചെയ്യുന്ന ആത്മീയ ആഹാരം ഭക്ഷിച്ചുകൊണ്ടിരിക്കുക. (മത്തായി 24:45-47) സഹവിശ്വാസികളോടുകൂടെ സഹവസിക്കുകയും ക്രമമായി ക്രിസ്തീയശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുക. ഇതു നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തും, ദൈവം നിങ്ങളുടെ പാപം ക്ഷമിച്ചിട്ടില്ലായിരിക്കാമെന്ന ഏതു ഭയത്തിൽനിന്നും നിങ്ങളെ മുക്തനാക്കുകയും ചെയ്യും.
22. നാം അടുത്തതായി എന്തു പരിചിന്തിക്കും?
22 ആത്മീയ പറുദീസയിൽ വസിക്കുന്നവർക്കു ദൈവം ധാരാളമായി ക്ഷമിക്കുന്നുവെന്ന അറിവിൽനിന്ന് ആശ്വാസം നേടാൻ കഴിയും. എങ്കിലും, അവരുടെ ജീവിതം ഇന്നു പരീക്ഷണവിമുക്തമല്ല. പ്രിയപ്പെട്ട ഒരാൾ മരിച്ചുപോയതിനാലോ ഒരു പ്രാണസ്നേഹിതനു കഠിനരോഗം ബാധിച്ചതിനാലോ ചിലപ്പോൾ അവർ വിഷാദമഗ്നരാകുന്നു. നാം കാണാൻ പോകുന്നപ്രകാരം ഈ സാഹചര്യങ്ങളിലും മററുള്ളവയിലും യഹോവ തന്റെ പരിശുദ്ധാത്മാവു മുഖാന്തരം തന്റെ ജനത്തെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ യഹോവ ‘ധാരാളമായി ക്ഷമിക്കുന്നു’വെന്നതിന് എന്തു തെളിവുണ്ട്?
◻ ഏതു പാപത്തിനു ക്ഷമയില്ല?
◻ ഏതു സാഹചര്യങ്ങളിൽ ഒരുവന്റെ പാപം ക്ഷമിക്കപ്പെടുന്നു?
◻ അനുതാപമുള്ള ദുഷ്പ്രവൃത്തിക്കാർക്കു ദൈവത്തിന്റെ ക്ഷമയിൽ ദൃഢവിശ്വാസമുള്ളവരായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
◻ അനുതാപമുള്ള ദുഷ്പ്രവൃത്തിക്കാർക്ക് ഏതു സഹായം ലഭ്യമാണ്?
[10-ാം പേജിലെ ചിത്രം]
ദാവീദിനോടും പത്രൊസിനോടും ക്ഷമിച്ചതും എന്നാൽ ഇസ്ക്കര്യോത്താ യുദായോടു ക്ഷമിക്കാഞ്ഞതും എന്തുകൊണ്ടെന്നു നിങ്ങൾക്കറിയാമോ?
[12-ാം പേജിലെ ചിത്രം]
ഒരു ക്രിസ്ത്യാനിയെ ആത്മീയമായി സഹായിക്കുന്നതിനു സഭാമൂപ്പൻമാരുടെ സഹായം വളരെ ഫലം ചെയ്തേക്കാം