ആർ “രക്ഷിക്കപ്പെടും”?
“യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും.”—പ്രവൃത്തികൾ 2:21, NW.
1. പൊ.യു. 33-ലെ പെന്തക്കോസ്ത്, ലോകചരിത്രത്തിലെ ഒരു നിർണായക ദിനമായിരുന്നത് എന്തുകൊണ്ട്?
ലോകചരിത്രത്തിലെ ഒരു നിർണായക ദിനമായിരുന്നു പൊ.യു. 33-ലെ പെന്തക്കോസ്ത്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അന്ന് ഒരു പുതിയ ജനത പിറന്നു. തുടക്കത്തിൽ, അതത്ര വലിയൊരു ജനത ആയിരുന്നില്ല—യേശുവിന്റെ 120 ശിഷ്യന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ യെരൂശലേമിലെ ഒരു മാളികമുറിയിൽ ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. എന്നാൽ, അന്നുണ്ടായിരുന്ന മിക്ക ജനതകളും വിസ്മൃതിയിലാണ്ടുപോയെങ്കിലും, ആ മാളികമുറിയിൽ പിറന്ന ജനത ഇപ്പോഴും അസ്തിത്വത്തിലിരിക്കുന്നു. ഈ വസ്തുത നമുക്കെല്ലാവർക്കും പരമപ്രധാനമാണ്, കാരണം മനുഷ്യവർഗത്തിനു മുമ്പാകെ തന്റെ സാക്ഷിയായിരിക്കാൻ ദൈവം നിയമിച്ചിരിക്കുന്നത് ഈ ജനതയെയാണ്.
2. പുതിയ ജനതയുടെ പിറവിയോടു ബന്ധപ്പെട്ട് അത്ഭുതകരമായ എന്തെല്ലാം സംഭവങ്ങൾ അരങ്ങേറി?
2 ആ പുതിയ ജനത അസ്തിത്വത്തിൽ വന്നപ്പോൾ, യോവേലിന്റെ പ്രാവചനിക വാക്കുകളുടെ നിവൃത്തിയായി സുപ്രധാന സംഭവങ്ങൾ അരങ്ങേറി. ഈ സംഭവങ്ങളെക്കുറിച്ചു പ്രവൃത്തികൾ 2:2-4-ൽ നാം വായിക്കുന്നു: “പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.” ഈ വിധത്തിൽ 120 വിശ്വസ്ത സ്ത്രീപുരുഷന്മാർ ഒരു ആത്മീയ ജനതയായിത്തീർന്നു. ഇവരായിരുന്നു പൗലൊസ് അപ്പോസ്തലൻ പിൽക്കാലത്ത് ‘ദൈവത്തിന്റെ യിസ്രായേൽ’ എന്നു വിളിച്ചവരിലെ ആദ്യാംഗങ്ങൾ.—ഗലാത്യർ 6:16.
3. യോവേലിന്റെ ഏതു പ്രവചനമാണ് പൊ.യു. 33-ലെ പെന്തക്കോസ്തിൽ നിവൃത്തിയേറിയത്?
3 ആ “കൊടിയ കാറ്റടി”ച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ആളുകൾ കൂടിവന്നു. അപ്പോൾ യോവേൽ പ്രവചനങ്ങളിലൊന്നു നിവൃത്തിയേറുകയാണെന്നു പത്രൊസ് അപ്പോസ്തലൻ അവരോടു വിശദീകരിച്ചു. ഏതു പ്രവചനം? അവൻ പറഞ്ഞതു നമുക്കു ശ്രദ്ധിക്കാം: ‘അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെ മേലും ദാസിമാരുടെ മേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. കർത്താവിന്റെ [“യഹോവയുടെ,” NW] വലുതും പ്രസിദ്ധവുമായ നാൾ വരും മുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിന്റെ [“യഹോവയുടെ,” NW] നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും [“എല്ലാവരും,” NW] രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.’ (പ്രവൃത്തികൾ 2:17-21) പത്രൊസ് ഉദ്ധരിച്ച വാക്കുകൾ യോവേൽ 2:28-32-ൽ കാണാം. അതിന്റെ നിവൃത്തിയോ, യഹൂദജനതയുടെ സമയം തീരുകയാണെന്നു സൂചിപ്പിച്ചു. “യഹോവയുടെ വലുതും പ്രസിദ്ധവുമായ നാൾ,” അതായത് അവിശ്വസ്ത ഇസ്രായേലിനു കണക്കു ബോധിപ്പിക്കാനുള്ള കാലം അടുത്തെത്തിയിരുന്നു. എന്നാൽ ആർ രക്ഷിക്കപ്പെടുമായിരുന്നു? ഇത് എന്താണു മുൻനിഴലാക്കിയത്?
പ്രവചനത്തിന്റെ രണ്ടു നിവൃത്തികൾ
4, 5. വരാനിരുന്ന സംഭവങ്ങളെ മുൻകണ്ടുകൊണ്ട് പത്രൊസ് എന്തു മുന്നറിയിപ്പാണ് നൽകിയത്, അവന്റെ നാളുകൾക്കു ശേഷവും ആ ബുദ്ധ്യുപദേശം ബാധകമായിരുന്നത് എന്തുകൊണ്ട്?
4 പൊ.യു. 33-നെ തുടർന്നുള്ള വർഷങ്ങളിൽ, ദൈവത്തിന്റെ ആത്മീയ ഇസ്രായേൽ തഴച്ചുവളർന്നു. എന്നാൽ, ജഡിക ഇസ്രായേൽ ജനതയ്ക്ക് ആ വളർച്ച അനുഭവപ്പെട്ടില്ല. പൊ.യു. 66-ൽ ജഡിക ഇസ്രായേൽ റോമുമായി യുദ്ധത്തിലായിരുന്നു. പൊ.യു. 70-ൽ, ഇസ്രായേൽ മിക്കവാറും നാമാവശേഷമായി, യെരൂശലേമും അവിടുത്തെ ആലയവും കൊള്ളിവെപ്പിനിരയായി. വരാനിരുന്ന ആ ദുരന്തത്തെ മുൻകണ്ടുകൊണ്ട് പത്രൊസ് പൊ.യു. 33-ലെ പെന്തക്കോസ്തിൽ നല്ല ബുദ്ധ്യുപദേശം നൽകി. വീണ്ടും യോവേലിനെ ഉദ്ധരിച്ചുകൊണ്ട് അവൻ പറഞ്ഞു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും.” ഓരോ യഹൂദനും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാൻ വ്യക്തിപരമായി തീരുമാനമെടുക്കണമായിരുന്നു. ഇതിൽ, പത്രൊസിന്റെ കൂടുതലായ പ്രബോധനങ്ങൾക്കു ചെവി കൊടുക്കുന്നത് ഉൾപ്പെട്ടിരുന്നു: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ.” (പ്രവൃത്തികൾ 2:38) ഒരു ജനതയെന്ന നിലയിൽ ഇസ്രായേൽ തള്ളിക്കളഞ്ഞ മിശിഹായായ യേശുവിനെ പത്രൊസിന്റെ ശ്രോതാക്കൾ കൈക്കൊള്ളണമായിരുന്നു.
5 യോവേലിന്റെ ആ പ്രാവചനിക വാക്കുകൾക്ക് ഒന്നാം നൂറ്റാണ്ടിലെ സൗമ്യരുടെമേൽ വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ, ഇന്ന് അവയ്ക്ക് അതിനെക്കാൾ സ്വാധീനമുണ്ട്. കാരണം 20-ാം നൂറ്റാണ്ടിലെ സംഭവവികാസങ്ങൾ പ്രകടമാക്കുന്നതുപോലെ, യോവേൽ പ്രവചനത്തിന് ഒരു രണ്ടാം നിവൃത്തിയുണ്ടായിരിക്കുന്നു. എങ്ങനെയെന്നു നമുക്കു നോക്കാം.
6. 1914 അടുത്തുവന്നതോടെ ദൈവത്തിന്റെ ഇസ്രായേൽ ആരെന്നത് വ്യക്തമായിത്തുടങ്ങിയത് എങ്ങനെ?
6 അപ്പോസ്തലന്മാരുടെ മരണാനന്തരം, ദൈവത്തിന്റെ ഇസ്രായേലിനെ വ്യാജക്രിസ്ത്യാനിത്വമാകുന്ന കളകൾ മൂടിക്കളഞ്ഞു. എന്നാൽ 1914-ൽ ആരംഭിച്ച അന്ത്യകാലത്ത്, ഈ ആത്മീയ ജനത ആരെന്നത് വീണ്ടും വ്യക്തമായിത്തീർന്നു. ഇതെല്ലാം, ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള യേശുവിന്റെ ഉപമയുടെ നിവൃത്തിയായിരുന്നു. (മത്തായി 13:24-30, 36-43) 1914 ആകാറായപ്പോഴേക്കും അഭിഷിക്ത ക്രിസ്ത്യാനികൾ അവിശ്വസ്ത ക്രൈസ്തവലോകത്തിൽനിന്നു വേർപെടാൻ തുടങ്ങി. അവർ സധൈര്യം ക്രൈസ്തവലോകത്തിന്റെ വ്യാജോപദേശങ്ങൾ തിരസ്ക്കരിക്കുകയും “ജാതികളുടെ നിയമിത കാല”ത്തിന്റെ സമീപ അന്ത്യത്തെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്തു. (ലൂക്കൊസ് 21:24, NW) എന്നാൽ 1914-ൽ പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായുണ്ടായ ചില പ്രശ്നങ്ങളെ നേരിടാൻ അവർ സജ്ജരായിരുന്നില്ല. കടുത്ത സമ്മർദത്തിൻകീഴിൽ പലരും മന്ദീഭവിച്ചുപോയി, ചിലർ വിട്ടുവീഴ്ച ചെയ്തു. 1918 ആയപ്പോഴേക്കും അവരുടെ പ്രസംഗവേല ഏതാണ്ടു നിലച്ചമട്ടായി.
7. (എ) പൊ.യു. 33-ലെ പെന്തക്കോസ്തിനോടു സമാനമായ എന്തു സംഭവമാണ് 1919-ൽ ഉണ്ടായത്? (ബി) ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പകരലിന്, 1919 മുതൽ യഹോവയുടെ ദാസന്മാരുടെമേൽ എന്തു ഫലമാണ് ഉണ്ടായിരിക്കുന്നത്?
7 എന്നാൽ, ആ അവസ്ഥ അധികനാൾ നീണ്ടുനിന്നില്ല. 1919 മുതൽ, പൊ.യു. 33-ലെ പെന്തക്കോസ്തിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ, യഹോവ തന്റെ ജനത്തിന്മേൽ അവന്റെ ആത്മാവിനെ പകരാൻ തുടങ്ങി. നിശ്ചയമായും, 1919-ൽ ഭാഷാവരവും കൊടിയ കാറ്റടിക്കലുമൊന്നും ഇല്ലായിരുന്നു. അത്ഭുതങ്ങളുടെ കാലം പണ്ടേ അവസാനിച്ചെന്ന് 1 കൊരിന്ത്യർ 13:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ വാക്കുകളിൽനിന്നു നാം മനസ്സിലാക്കുന്നു. എന്നാൽ യു.എസ്.എ.-യിലെ ഒഹായോ സീഡാർ പോയിൻറ് കൺവെൻഷനിൽ വിശ്വസ്ത ക്രിസ്ത്യാനികൾ പുനരുജ്ജീവിപ്പിക്കപ്പെടുകയും രാജ്യസുവാർത്താ പ്രസംഗവേല വീണ്ടും തുടങ്ങുകയും ചെയ്ത 1919-ൽ ദൈവാത്മാവ് വ്യക്തമായും പ്രകടമായിരുന്നു. 1922-ൽ സീഡാർ പോയിൻറിൽ തിരിച്ചെത്തിയ അവർ “പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ” എന്ന ആഹ്വാനത്താൽ പ്രചോദിതരായി. ഒന്നാം നൂറ്റാണ്ടിൽ സംഭവിച്ചതുപോലെ, ദൈവാത്മാവ് പകരപ്പെട്ടതിന്റെ ഫലങ്ങൾ ശ്രദ്ധിക്കാൻ ലോകം നിർബന്ധിതമായി. ആണോ പെണ്ണോ വൃദ്ധരോ യുവജനങ്ങളോ എന്നുള്ള വ്യത്യാസമില്ലാതെ ഓരോ ക്രിസ്ത്യാനിയും “പ്രവചിക്കാൻ,” അതായത് “ദൈവത്തിന്റെ വൻകാര്യങ്ങൾ” പ്രഖ്യാപിക്കാൻ തുടങ്ങി. (പ്രവൃത്തികൾ 2:11) പത്രൊസിനെപ്പോലെ, അവർ സൗമ്യരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ.” (പ്രവൃത്തികൾ 2:40) പ്രതികരിക്കുന്നവർക്ക് അതെങ്ങനെ ചെയ്യാനാകുമായിരുന്നു? “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും” എന്ന യോവേൽ 2:32-ലെ [NW] വാക്കുകൾക്കു ചെവികൊടുത്തുകൊണ്ട്.
8. 1919 മുതൽ ദൈവത്തിന്റെ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എങ്ങനെ മുന്നേറിയിരിക്കുന്നു?
8 ആ ആദ്യകാല വർഷങ്ങൾമുതൽ, ദൈവത്തിന്റെ ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ വളരെ പുരോഗമിച്ചിരിക്കുന്നു. അഭിഷിക്തരുടെ മുദ്രയിടീൽ വളരെ മുന്നേറിയിരിക്കുന്നതായി തോന്നുന്നു, കൂടാതെ 1930-കൾ മുതൽ ഭൗമിക പ്രത്യാശയുള്ള സൗമ്യരുടെ ഒരു മഹാപുരുഷാരം രംഗപ്രവേശം ചെയ്തിരിക്കുന്നു. (വെളിപ്പാടു 7:3, 9) എല്ലാവർക്കും ഒരു അടിയന്തിരതാബോധം തോന്നുന്നു. കാരണം, ലോകവ്യാപകമായുള്ള മത, രാഷ്ട്രീയ, വാണിജ്യ വ്യവസ്ഥിതി നശിപ്പിക്കപ്പെടുന്ന, പൂർവാധികം ഭയങ്കരമായ യഹോവയുടെ ദിവസത്തോടു നാം അടുത്തിരിക്കുകയാണെന്നു യോവേൽ 2:28, 29-ന്റെ രണ്ടാമത്തെ നിവൃത്തി പ്രകടമാക്കുന്നു. യഹോവ നമ്മെ വിടുവിക്കുമെന്ന പൂർണവിശ്വാസത്തോടെ ‘അവന്റെ നാമം’ വിളിച്ചപേക്ഷിക്കുന്നതിനു നമുക്കു ശക്തമായ കാരണമുണ്ട്!
നാം എങ്ങനെയാണ് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നത്?
9. യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ചില കാര്യങ്ങളേവ?
9 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ യോവേൽ 2:28, 29-ന്റെ സന്ദർഭം നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും യഹോവ ശ്രദ്ധ കൊടുക്കുന്നില്ല. മറ്റൊരു പ്രവാചകനായ യെശയ്യാവ് മുഖാന്തരം യഹോവ ഇസ്രായേലിനോടു പറഞ്ഞു: “നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര പ്രാർത്ഥന കഴിച്ചാലും ഞാൻ കേൾക്കയില്ല.” യഹോവ തന്റെ ജനതയെ ശ്രദ്ധിക്കാൻ വിസമ്മതിച്ചത് എന്തുകൊണ്ടാണ്? അവൻതന്നെ അതു വിശദമാക്കുന്നു: “നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.” (യെശയ്യാവു 1:15) രക്തപാതകമുള്ള, അല്ലെങ്കിൽ തുടർച്ചയായി പാപം ചെയ്യുന്ന ആരുടെയും പ്രാർഥന യഹോവ കേൾക്കുകയില്ല. അതുകൊണ്ടാണ് പെന്തക്കോസ്തുനാളിൽ പത്രൊസ് യഹൂദന്മാരോട് അനുതപിക്കാൻ പറഞ്ഞത്. യോവേലും അനുതാപത്തിന് ഊന്നൽ കൊടുക്കുന്നതായി യോവേൽ 2:28, 29-ന്റെ സന്ദർഭത്തിൽനിന്നു നാം മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, യോവേൽ 2:12, 13-ൽ നാം ഇങ്ങനെ വായിക്കുന്നു: “എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ.” 1919 മുതൽ അഭിഷിക്ത ക്രിസ്ത്യാനികൾ ഈ വാക്കുകളോടുള്ള യോജിപ്പിൽ പ്രവർത്തിച്ചിരിക്കുന്നു. തങ്ങളുടെ പിഴവുകളെക്കുറിച്ച് അനുതപിച്ച് ഇനിയൊരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ അല്ലെങ്കിൽ മന്ദീഭവിച്ചുപോകാതിരിക്കാൻ അവർ ദൃഢനിശ്ചയം ചെയ്തു. ഇത് ദൈവാത്മാവു പകരപ്പെടുന്നതിനു വഴിയൊരുക്കി. യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാനും ഉത്തരം ലഭിക്കാനുമാഗ്രഹിക്കുന്ന ഓരോ വ്യക്തിയും ഇതേ ഗതി പിൻപറ്റണം.
10. (എ) എന്താണ് യഥാർഥ അനുതാപം? (ബി) യഥാർഥ അനുതാപത്തോട് യഹോവ എങ്ങനെ പ്രതികരിക്കുന്നു?
10 യഥാർഥ അനുതാപത്തിൽ “എനിക്കു ഖേദമുണ്ട്” എന്നു കേവലം പറയുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഓർക്കുക. തങ്ങളുടെ വികാരങ്ങളുടെ തീവ്രത കാട്ടാൻ ഇസ്രായേല്യർ പുറങ്കുപ്പായങ്ങൾ കീറുമായിരുന്നു. എന്നാൽ ‘വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറുവിൻ’ എന്നു യഹോവ പറയുന്നു. യഥാർഥ അനുതാപം വരുന്നത് ഹൃദയത്തിൽനിന്നാണ്, ഉള്ളിന്റെ ഉള്ളിൽനിന്ന്. “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ” എന്ന് യെശയ്യാവു 55:7-ൽ നാം വായിക്കുന്നതുപോലെ, ഇതിൽ തെറ്റായ പ്രവൃത്തികൾ ഉപേക്ഷിക്കുന്നത് ഉൾപ്പെടുന്നു. യേശുക്രിസ്തു ചെയ്തതുപോലെ പാപത്തെ വെറുക്കുന്നതും ഇതിലുൾപ്പെടുന്നു. (എബ്രായർ 1:9) അതിനുശേഷം, മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ യഹോവ നമ്മോടു ക്ഷമിക്കുമെന്നു നാം വിശ്വസിക്കുന്നു. എന്തെന്നാൽ യഹോവ ‘കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനാണ്.’ അവൻ നമ്മുടെ ആരാധനയായ നമ്മുടെ ആത്മീയ “ഭോജനയാഗ”വും “പാനീയയാഗ”വും സ്വീകരിക്കും. നാം അവന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോൾ അവൻ ശ്രദ്ധിക്കും.—യോവേൽ 2:14.
11. നമ്മുടെ ജീവിതത്തിൽ സത്യാരാധനയ്ക്ക് എന്തു സ്ഥാനമുണ്ടായിരിക്കണം?
11 നാം മനസ്സിൽപ്പിടിക്കേണ്ടതായ ഒരു സംഗതി യേശു ഗിരിപ്രഭാഷണത്തിൽ പറയുകയുണ്ടായി: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ.” (മത്തായി 6:33) മനസ്സാക്ഷിയുടെ സമാധാനത്തിനു വേണ്ടി മാത്രം നാം ചെയ്യുന്ന എന്തെങ്കിലും നാമമാത്ര സംഗതിയായി ആരാധനയെ വീക്ഷിക്കാൻ പാടില്ല. നമ്മുടെ ജീവിതത്തിൽ ദൈവസേവനത്തിനായിരിക്കണം പ്രഥമസ്ഥാനം. അതിനാൽ, യോവേൽ മുഖാന്തരം യഹോവ തുടർന്നു പറയുന്നു: “സീയോനിൽ കാഹളം ഊതുവിൻ . . . ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.” (യോവേൽ 2:15, 16) പരസ്പരം മാത്രം ശ്രദ്ധിക്കുന്നതിനാൽ നവദമ്പതികൾക്കു ശ്രദ്ധാശൈഥില്യം അനുഭവപ്പെടുക സ്വാഭാവികമാണ്. എന്നാൽ അവരുടെ കാര്യത്തിൽപ്പോലും യഹോവയെ സേവിക്കുന്നതിനായിരിക്കണം ഒന്നാം സ്ഥാനം. നമ്മുടെ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് അവനെ ആരാധിക്കാൻ കൂടിവരുന്നതിനെക്കാൾ പ്രാധാന്യമുള്ളതായി യാതൊന്നും ഉണ്ടായിരിക്കരുത്.
12. കഴിഞ്ഞ വർഷത്തെ സ്മാരകറിപ്പോർട്ടിൽ വളർച്ചയ്ക്കുള്ള എന്തു സാധ്യത കാണാം?
12 ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട്, 1997 സേവനവർഷത്തിലെ റിപ്പോർട്ട് പ്രകടമാക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക് നമുക്കു പരിചിന്തിക്കാം. കഴിഞ്ഞ വർഷം, നമുക്ക് 55,99,931 രാജ്യപ്രസാധകരുടെ അത്യുച്ചമുണ്ടായിരുന്നു—സ്തുതിപാഠകരുടെ ഒരു യഥാർഥ മഹാപുരുഷാരം! സ്മാരക ഹാജർ 1,43,22,226 ആയിരുന്നു—പ്രസാധകരുടെ എണ്ണത്തെക്കാൾ ഏതാണ്ട് 85 ലക്ഷത്തിലധികം. വിസ്മയകരമായ വർധനവിനുള്ള സാധ്യതയാണ് ആ സംഖ്യ കാണിക്കുന്നത്. ആ 85 ലക്ഷം പേരിൽ അനേകരും താത്പര്യക്കാരെന്ന നിലയിലോ സ്നാപനമേറ്റ മാതാപിതാക്കളുടെ മക്കളെന്ന നിലയിലോ യഹോവയുടെ സാക്ഷികളോടൊപ്പം ഇപ്പോൾത്തന്നെ ബൈബിൾ പഠിക്കുന്നവരായിരുന്നു. നല്ലൊരു പങ്ക് ആളുകൾ ആദ്യമായി യോഗത്തിനു വന്നവരായിരുന്നു. അവർ സന്നിഹിതരായിരുന്നതിനാൽ അവരെ അടുത്തറിയാനും കൂടുതൽ പുരോഗതി വരുത്താൻ അവർക്കു സഹായം വാഗ്ദാനം ചെയ്യാനും യഹോവയുടെ സാക്ഷികൾക്കു നല്ല അവസരം ലഭിച്ചു. എന്നാൽ വേറെ ചിലരാണെങ്കിൽ, വർഷംതോറും സ്മാരകത്തിനും ഒരുപക്ഷേ മറ്റു ചില യോഗങ്ങൾക്കും വരുമെങ്കിലും കൂടുതലായ പുരോഗതിയൊന്നും വരുത്തുന്നില്ല. തീർച്ചയായും, യോഗങ്ങളിൽ സംബന്ധിക്കാൻ അത്തരക്കാർക്കു ഹാർദമായ സ്വാഗതമുണ്ട്. എന്നാൽ യോവേലിന്റെ പ്രാവചനിക വാക്കുകളെക്കുറിച്ചു ശ്രദ്ധാപൂർവം ധ്യാനിക്കാനും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കുമെന്ന് ഉറപ്പുവരുത്താൻ കൂടുതലായ എന്തു പടികൾ സ്വീകരിക്കണമെന്നു പരിചിന്തിക്കാനും നാം അവരെ പ്രോത്സാഹിപ്പിക്കുകയാണ്.
13. നാം ഇപ്പോൾത്തന്നെ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവരാണെങ്കിൽ, മറ്റുള്ളവരോടു നമുക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?
13 ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്നതിന്റെ മറ്റൊരു വശം പൗലൊസ് അപ്പോസ്തലൻ ഊന്നിപ്പറയുകയുണ്ടായി. റോമർക്കുള്ള തന്റെ ലേഖനത്തിൽ അവൻ യോവേലിന്റെ പ്രാവചനിക വാക്കുകൾ ഉദ്ധരിച്ചു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും.” എന്നിട്ട് അവൻ ഇങ്ങനെ ന്യായവാദം ചെയ്തു: “അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമർ 10:13, 14) അതേ, യഹോവയെ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത മറ്റനേകർ അവന്റെ നാമം വിളിച്ചപേക്ഷിക്കേണ്ടതുണ്ട്. ഇപ്പോൾത്തന്നെ യഹോവയെ അറിയാവുന്നവർക്കു പ്രസംഗിക്കാൻ മാത്രമല്ല അവർക്കു സഹായം വെച്ചുനീട്ടാനുമുള്ള ഉത്തരവാദിത്വമുണ്ട്.
ഒരു ആത്മീയ പറുദീസ
14, 15. യഹോവയെ പ്രസാദിപ്പിക്കുന്ന വിധത്തിൽ ദൈവജനം അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നതിന്റെ ഫലമായി അവർ പറുദീസാസമാനമായ എന്തനുഗ്രഹങ്ങൾ ആസ്വദിക്കുന്നു?
14 ഈ വിധത്തിലാണ് അഭിഷിക്തരും വേറെ ആടുകളും കാര്യങ്ങളെ വീക്ഷിക്കുന്നത്. തത്ഫലമായി, യഹോവ അവരെ അനുഗ്രഹിക്കുന്നു. “യഹോവ തന്റെ ദേശത്തിനായി തീക്ഷ്ണവാനായിരിക്കുകയും തന്റെ ജനത്തിന്മേൽ അനുകമ്പ കാണിക്കുകയും ചെയ്യും.” (യോവേൽ 2:18) 1919-ൽ, യഹോവ തന്റെ ജനത്തെ പുനഃസ്ഥിതീകരിച്ച് ആത്മീയ പ്രവർത്തനത്തിലേക്ക് ആനയിക്കവേ അവരെപ്രതി തീക്ഷ്ണതയും അനുകമ്പയും പ്രകടമാക്കി. യോവേൽ പിൻവരുന്നപ്രകാരം നന്നായി വർണിച്ച ഒരു യഥാർഥ ആത്മീയ പറുദീസയാണിത്: “ദേശമേ, ഭയപ്പെടേണ്ടാ; ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു. വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചവെക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്ടി നല്കുന്നു. സീയോൻമക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേപ്പോലെ നിങ്ങൾക്കു മുൻമഴയും പിൻമഴയുമായ വർഷം പെയ്യിച്ചുതരുന്നു. അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയുംകൊണ്ടു കവിയും.”—യോവേൽ 2:21-24.
15 എത്ര ആനന്ദദായകമായ ചിത്രം! ധാന്യം, ഒലിവെണ്ണ, വീഞ്ഞ് എന്നിങ്ങനെ ഇസ്രായേലിലെ മൂന്നു മുഖ്യാഹാരസാധനങ്ങൾ സമൃദ്ധമായി ലഭിച്ചു. കൂടാതെ ധാരാളം ആടുമാടുകളും. നമ്മുടെ നാളിൽ, ആ പ്രാവചനിക വാക്കുകൾ ഒരു ആത്മീയ വിധത്തിൽ നിവൃത്തിയേറുകയാണ്. നമുക്കാവശ്യമുള്ള എല്ലാ ആത്മീയാഹാരവും യഹോവ നൽകുന്നുണ്ട്. അത്തരം ദൈവദത്ത സമൃദ്ധിയിൽ നാം ആഹ്ലാദിക്കുന്നില്ലേ? വാസ്തവത്തിൽ മലാഖി മുൻകൂട്ടിപ്പറഞ്ഞതുപോലെ, നമ്മുടെ ദൈവം ‘നമുക്ക് ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നമ്മുടെമേൽ അനുഗ്രഹം പകർന്നിരിക്കുന്നു.’—മലാഖി 3:10.
ഒരു വ്യവസ്ഥിതിയുടെ അന്ത്യം
16. (എ) യഹോവയുടെ ആത്മാവ് പകരപ്പെടുന്നത് നമ്മുടെ നാളുകളോടുള്ള ബന്ധത്തിൽ എന്തർഥമാക്കുന്നു? (ബി) ഭാവി എന്തു കൈവരുത്തും?
16 ദൈവജനത്തിന്റെ പറുദീസാ അവസ്ഥയെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞശേഷമാണ് യഹോവയുടെ ആത്മാവ് പകരപ്പെടുന്നതിനെക്കുറിച്ചു യോവേൽ പ്രവചിക്കുന്നത്. പെന്തക്കോസ്തിൽ പത്രൊസ് ഈ പ്രവചനം ഉദ്ധരിച്ചപ്പോൾ, അത് “അന്ത്യകാലത്തു” നിവൃത്തിയേറിയെന്ന് അവൻ പറയുകയുണ്ടായി. (പ്രവൃത്തികൾ 2:17) അന്നു ദൈവാത്മാവ് പകരപ്പെട്ടത് യഹൂദ വ്യവസ്ഥിതിയുടെ അന്ത്യനാളുകൾ ആരംഭിച്ചുവെന്ന് അർഥമാക്കി. 20-ാം നൂറ്റാണ്ടിൽ ദൈവത്തിന്റെ ഇസ്രായേലിന്മേൽ ദൈവാത്മാവു പകരപ്പെട്ടത്, നാം ലോകവ്യാപക വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ ജീവിക്കുന്നുവെന്ന് അർഥമാക്കുന്നു. ഇതിന്റെ വീക്ഷണത്തിൽ, ഭാവി എന്തു കൈവരുത്തും? യോവേൽപ്രവചനം നമ്മോടു തുടർന്നു പറയുന്നു: “ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.”—യോവേൽ 2:30, 31.
17, 18. (എ) യെരൂശലേമിന്മേൽ യഹോവയുടെ എത്തരം ഭയജനകമായ ദിവസമാണു വന്നത്? (ബി) വരാനിരിക്കുന്ന യഹോവയുടെ ഭയജനകമായ ദിവസം സംബന്ധിച്ച ഉറപ്പ് എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു?
17 പൊ.യു. 66-ൽ ഈ പ്രാവചനിക വാക്കുകൾ ഇസ്രായേലിൽ സത്യമായി ഭവിച്ചുതുടങ്ങി. ഈ സംഭവവികാസങ്ങൾ അപ്രതിരോധ്യമാംവിധം പൊ.യു. 70-ലെ “യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസ”ത്തിൽ പാരമ്യത്തിലെത്തി. യഹോവയുടെ നാമത്തെ സ്തുതിക്കാത്തവരുടെ കൂട്ടത്തിൽ ആയിരിക്കുന്നത് ആ സമയത്ത് എത്ര ഭയാനകമായിരുന്നിരിക്കണം! ഇന്നും അതുപോലെതന്നെ ഭയാനകമായ സംഭവങ്ങൾ നടക്കാനിരിക്കുകയാണ്. ഈ മുഴുവ്യവസ്ഥിതിയും യഹോവയുടെ കയ്യാൽ നശിപ്പിക്കപ്പെടും. എന്നാൽ രക്ഷ സാധ്യമാണ്. പ്രവചനം തുടർന്നു പറയുന്നു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻപർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.” (യോവേൽ 2:32, NW) യഹോവയുടെ നാമം അറിഞ്ഞിരിക്കുന്നതിൽ അവന്റെ സാക്ഷികൾ യഥാർഥമായും നന്ദിയുള്ളവരാണ്, അവനെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ തങ്ങളെ രക്ഷിക്കുമെന്ന പൂർണവിശ്വാസം അവർക്കുണ്ട്.
18 എന്നാൽ, യഹോവയുടെ വലുതും പ്രസിദ്ധവുമായ നാൾ അതിന്റെ സകല ക്രോധത്തോടുംകൂടെ ഈ ലോകത്തിന്മേൽ ആഞ്ഞടിക്കുമ്പോൾ എന്തു സംഭവിക്കും? ഒടുവിലത്തെ അധ്യയനലേഖനത്തിൽ അതു ചർച്ചചെയ്യുന്നതായിരിക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ യഹോവ തന്റെ ജനത്തിന്മേൽ ആത്മാവിനെ ആദ്യമായി പകർന്നതെപ്പോൾ?
◻ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ചില കാര്യങ്ങളേവ?
◻ ജഡിക ഇസ്രായേലിന്റെമേൽ യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വന്നതെപ്പോൾ?
◻ ഇന്ന് തന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെ യഹോവ എങ്ങനെ അനുഗ്രഹിക്കുന്നു?
[15-ാം പേജിലെ ചിത്രം]
പൊ.യു. 33-ലെ പെന്തക്കോസ്തിൽ ഒരു പുതിയ ജനത പിറന്നു
[16, 17 പേജുകളിലെ ചിത്രം]
ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ യോവേൽ 2:28, 29-ന്റെ നിവൃത്തിയെന്നനിലയിൽ തന്റെ ജനത്തിന്മേൽ യഹോവ അവന്റെ ആത്മാവിനെ വീണ്ടും പകർന്നു
[18-ാം പേജിലെ ചിത്രം]
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാൻ ആളുകളെ സഹായിക്കേണ്ടതുണ്ട്