മൂപ്പൻമാരേ, നീതിയോടെ വിധിക്കുക
“നിങ്ങളുടെ സഹോദരൻമാരുടെ ഇടയിൽ ഒരു വിചാരണയുള്ളപ്പോൾ, നിങ്ങൾ നീതിയോടെ വിധിക്കണം.”—ആവർത്തനം 1:16, NW.
1. ന്യായവിധിയുടെ കാര്യത്തിൽ, അധികാരത്തിന്റെ ഏതു ഏൽപ്പിച്ചുകൊടുക്കൽ നടന്നിരിക്കുന്നു, മനുഷ്യന്യായാധിപൻമാരെസംബന്ധിച്ച് ഇത് എന്തർത്ഥമാക്കുന്നു?
പരമോന്നത ന്യായാധിപനെന്ന നിലയിൽ യഹോവ തന്റെ പുത്രന് നീതിന്യായപരമായ അധികാരം ഏല്പിച്ചുകൊടുത്തിട്ടുണ്ട്. (യോഹന്നാൻ 5:27) കൂടാതെ, ക്രിസ്തീയ സഭയുടെ ശിരസ്സെന്ന നിലയിൽ ക്രിസ്തു മൂപ്പൻമാരെ നിയമിക്കാൻ വിശ്വസ്തനും വിവേകിയുമായ അടിമവർഗ്ഗത്തെയും അതിന്റെ ഭരണസംഘത്തെയും ഉപയോഗിക്കുന്നു, അവർ ചില സമയങ്ങളിൽ ന്യായാധിപൻമാരായി സേവിക്കേണ്ടതുണ്ട്. (മത്തായി 24:45-47; 1 കൊരിന്ത്യർ 5:12, 13; തീത്തൊസ് 1:5, 9) ഉപന്യായാധിപൻമാർ എന്ന നിലയിൽ അവർ സ്വർഗ്ഗീയ ന്യായാധിപൻമാരായ യഹോവയുടെയും ക്രിസ്തുയേശുവിന്റെയും ദൃഷ്ടാന്തം അടുത്തു പിന്തുടരാനുള്ള കടപ്പാടിൻകീഴിലാണ്.
ക്രിസ്തു മാതൃകായോഗ്യനായ ന്യായാധിപൻ
2, 3. (എ) ഏതു മശിഹൈകപ്രവചനം ന്യായാധിപനെന്ന നിലയിലുള്ള ക്രിസ്തുവിന്റെ യോഗ്യതകൾ വെളിപ്പെടുത്തുന്നു? (ബി) ഏതു പോയിൻറുകൾ വിശേഷാൽ ശ്രദ്ധാർഹമാണ്?
2 ന്യായാധിപനെന്ന നിലയിലുള്ള ക്രിസ്തുവിനെക്കുറിച്ച് പ്രാവചനികമായി ഇങ്ങനെ എഴുതപ്പെട്ടിരുന്നു: “അവന്റെമേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രൻമാർക്കു നീതിയോടെ ന്യായംപാലിച്ചുകൊടുക്കുകയും ദേശത്തിലെ സാധുക്കൾക്ക് നേരോടെ വിധികല്പിക്കുകയും ചെയ്യും.”—യെശയ്യാവ് 11:2-4.
3 ആ പ്രവചനത്തിൽ ക്രിസ്തുവിനെ “നിവസിതഭൂമിയെ നീതിയിൽ ന്യായം വിധിക്കാൻ” യോഗ്യനാക്കുന്ന ഗുണങ്ങൾ ശ്രദ്ധിക്കുക. (പ്രവൃത്തികൾ 17:31, NW) അവൻ യഹോവയുടെ ആത്മാവിനും ദിവ്യജ്ഞാനത്തിനും വിവേകത്തിനും ആലോചനക്കും അറിവിനും അനുസരണമായി ന്യായംവിധിക്കുന്നു. അവൻ യഹോവാഭയത്തോടെ ന്യായംവിധിക്കുന്നുവെന്നും ശ്രദ്ധിക്കുക. അങ്ങനെ “ക്രിസ്തുവിന്റെ ന്യായാസനം” പ്രാതിനിധ്യരൂപേണ “ദൈവത്തിന്റെ ന്യായാസന”മാണ്. (2 കൊരിന്ത്യർ 5:10; റോമർ 14:10) കാര്യങ്ങളെ ദൈവം വിധിക്കുന്നതുപോലെ വിധിക്കാൻ അവൻ ശ്രദ്ധയുള്ളവനാണ്. (യോഹന്നാൻ 8:16) അവൻ കേവലം കാഴ്ചയാൽ അല്ലെങ്കിൽ കേട്ടുകേൾവിയെ അടിസ്ഥാനപ്പെടുത്തി വിധിക്കുന്നില്ല. അവൻ സൗമ്യതയുള്ളവർക്കും എളിയവർക്കുംവേണ്ടി നീതിയോടെ ന്യായം വിധിക്കുന്നു. എത്ര വിശിഷ്ട ന്യായാധിപൻ! ഇന്ന് നീതിന്യായപരമായ ഒരു സ്ഥാനത്ത് പ്രവർത്തിക്കാൻ ആഹ്വാനംചെയ്യപ്പെടുന്ന അപൂർണ്ണമനുഷ്യർക്ക് എന്തൊരു വിശിഷ്ടമായ ദൃഷ്ടാന്തം!
ഭൗമിക ന്യായാധിപൻമാർ
4. (എ) ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചക്കാലത്ത് 1,44,000ത്തിന്റെ പ്രവർത്തനങ്ങളിലൊന്ന് എന്തായിരിക്കും? (ബി) ചില അഭിഷിക്തക്രിസ്ത്യാനികൾ ഭൂമിയിലായിരിക്കുമ്പോൾ ന്യായാധിപൻമാരായി നിയമിക്കപ്പെടുമെന്ന് ഏതു പ്രവചനം പ്രകടമാക്കുന്നു?
4 പന്ത്രണ്ടപ്പൊസ്തലൻമാർ തുടങ്ങി അഭിഷിക്തക്രിസ്ത്യാനികളുടെ താരതമ്യേന ചെറിയ ഒരു സംഖ്യ സഹസ്രാബ്ദവാഴ്ചക്കാലത്ത് ക്രിസ്തുയേശുവിനോടുകൂടെ സഹന്യായാധിപൻമാരായിരിക്കുമെന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (ലൂക്കോസ് 22:28-30; 1 കൊരിന്ത്യർ 6:2; വെളിപ്പാട് 20:4) ഭൂമിയിലെ ആത്മീയ ഇസ്രയേലിന്റെ അഭിഷിക്താംഗങ്ങളുടെ ഒരു ശേഷിപ്പുതന്നെ 1918-19വരെ ന്യായം വിധിക്കപ്പെടുകയും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. (മലാഖി 3:2-4) ആത്മീയ ഇസ്രയേലിന്റെ ഈ പുനഃസ്ഥാപനത്തെക്കുറിച്ച് “ഞാൻ നിന്റെ ന്യായാധിപൻമാരെ ആദിയിങ്കലെന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കലെന്നപോലെയും ആക്കും” എന്ന് പ്രവചിക്കപ്പെട്ടിരുന്നു. (യെശയ്യാവ് 1:26) അങ്ങനെ, ജഡിക ഇസ്രയേലിന്റെ “ആരംഭത്തിങ്കൽ” യഹോവ ചെയ്തിരുന്നതുപോലെ, അവൻ പുനഃസ്ഥാപിക്കപ്പെട്ട അഭിഷിക്തശേഷിപ്പിന് നീതിയുള്ള ന്യായാധിപൻമാരെയും ആലോചനക്കാരെയും കൊടുത്തിരിക്കുന്നു.
5. (എ) ആത്മീയ ഇസ്രയേലിന്റെ പുനഃസ്ഥാപനത്തിനുശേഷം ആർ “ന്യായാധിപൻമാരായി ഇരുത്തപ്പെട്ടു,” അവർ വെളിപ്പാടുപുസ്തകത്തിൽ എങ്ങനെ വർണ്ണിക്കപ്പെട്ടിരിക്കുന്നു? (ബി) അഭിഷിക്തമേൽവിചാരകൻമാർ ഇപ്പോൾ നീതിന്യായവേലയിൽ ആരാൽ സഹായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, മെച്ചപ്പെട്ട ന്യായാധിപൻമാരായിത്തീരാൻ ഇവർ എങ്ങനെ പരിശീലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു?
5 തുടക്കത്തിൽ, “ന്യായാധിപൻമാരായി ഇരുത്തപ്പെട്ട” ‘ജ്ഞാനികൾ’ എല്ലാവരും പ്രായമേറിയ അഭിഷിക്ത പുരുഷൻമാർ അഥവാ മൂപ്പൻമാർ ആയിരുന്നു. (1 കൊരിന്ത്യർ 6:4, 5, NW) വിശ്വസ്തരും ആദരിക്കപ്പെടുന്നവരുമായ അഭിഷിക്ത മേൽവിചാരകൻമാർ യേശുവിന്റെ വലങ്കൈയിൽ പിടിക്കപ്പെട്ടിരിക്കുന്നവരായി, അതായത്, അവന്റെ നിയന്ത്രണത്തിലും മാർഗ്ഗനിർദ്ദേശത്തിലുമായിരിക്കുന്നതായി വെളിപ്പാടുപുസ്തകത്തിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 1:16, 20; 2:1) ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിയഞ്ചു മുതൽ അഭിഷിക്തർക്ക് സദാ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു “മഹാപുരുഷാര”ത്തിന്റെ വിശ്വസ്ത പിന്തുണ ലഭിച്ചിരിക്കുന്നു, അവരുടെ പ്രത്യാശ “മഹോപദ്രവ”ത്തെ അതിജീവിച്ച് ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനാണ്. (വെളിപ്പാടു 7:9, 10, 14-17) “കുഞ്ഞാടിന്റെ വിവാഹം” സമീപിച്ചുവരുമ്പോൾ ഇവരിൽ അധികമധികം പേർ ഭൂമിയിലങ്ങോളമിങ്ങോളമുള്ള യഹോവയുടെ സാക്ഷികളുടെ 66,000-ത്തിൽപരം സഭകളിൽ മൂപ്പൻമാരും ന്യായാധിപൻമാരുമായി സേവിക്കാൻ അഭിഷിക്ത ഭരണസംഘത്താൽ നിയമിക്കപ്പെടുന്നുണ്ട്.a (വെളിപ്പാടു 19:7-9) പ്രത്യേക സ്കൂളുകൾ മുഖാന്തരം അവർ “പുതിയഭൂമി”സമുദായത്തിൽ ഉത്തരവാദിത്തങ്ങൾ കൈകാര്യംചെയ്യാൻ പരിശീലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (2 പത്രൊസ് 3:13) അനേകം രാജ്യങ്ങളിൽ 1991-ന്റെ ഒടുവിൽ നടത്തപ്പെട്ട രാജ്യശുശ്രൂഷാസ്കൂൾ നീതിന്യായകേസുകളുടെ ഉചിതമായ കൈകാര്യംചെയ്യലിന് ഊന്നൽ കൊടുത്തു. ന്യായാധിപൻമാരായി സേവിക്കുന്ന മൂപ്പൻമാർ യഹോവയെയും യേശുക്രിസ്തുവിനെയും അനുകരിക്കാൻ കടപ്പെട്ടവരാണ്, അവരുടെ വിധികളാണ് സത്യവും നീതിയുമുള്ളവ.—യോഹന്നാൻ 5:30; 8:16; വെളിപ്പാടു 19:1, 2.
‘ഭയപൂർവം വർത്തിക്കുന്ന’ ന്യായാധിപൻമാർ
6. നീതിന്യായക്കമ്മിററിയിൽ സേവിക്കുന്ന മൂപ്പൻമാർ ‘ഭയപൂർവം വർത്തിക്കേണ്ട’തെന്തുകൊണ്ട്?
6 ക്രിസ്തുതന്നെ യഹോവാഭയത്തോടെയും അവന്റെ ആത്മാവിന്റെ സഹായത്തോടെയുമാണ് ന്യായംവിധിക്കുന്നതെങ്കിൽ, അപൂർണ്ണരായ മൂപ്പൻമാർ എത്രയധികമായി അങ്ങനെ ചെയ്യേണ്ടതാണ്! ഒരു നീതിന്യായക്കമ്മിററിയിൽ സേവിക്കാൻ നിയമിതരാകുമ്പോൾ അവർ നീതിയിൽ ന്യായംവിധിക്കാൻ തങ്ങളെ സഹായിക്കുന്നതിന് “മുഖപക്ഷം കൂടാതെ” “ന്യായംവിധിക്കുന്ന” “പിതാവി”നെ വിളിച്ചപേക്ഷിച്ചുകൊണ്ട് ‘ഭയപൂർവം വർത്തിക്കേണ്ട’തുണ്ട്. (1 പത്രൊസ് 1:17) “കണക്കു ബോധിപ്പിക്കേണ്ടുന്ന”വർ എന്ന നിലയിൽ തങ്ങൾ ആളുകളുടെ ജീവനെ, അവരുടെ “ദേഹികളെ” ആണു കൈകാര്യം ചെയ്യുന്നതെന്ന് അവർ ഓർക്കണം. (എബ്രായർ 13:17) ഇതിന്റെ വീക്ഷണത്തിൽ, അവർ ചെയ്തേക്കാവുന്ന ഒഴിവാക്കാമായിരുന്ന ഏതു നീതിന്യായപരമായ തെററുകൾക്കും അവർ തീർച്ചയായും യഹോവയുടെ മുമ്പാകെ കണക്കുബോധിപ്പിക്കേണ്ടവരായിരിക്കും. എബ്രായർ 13:17നെ സംബന്ധിച്ച തന്റെ ഭാഷ്യത്തിൽ ജെ. എച്ച്. എ. എബ്രാർഡ് ഇങ്ങനെ എഴുതി: “തന്റെ പരിപാലനത്തിന് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ദേഹികളെ കാവൽചെയ്യുക എന്നത് ഒരു ഇടയന്റെ കർത്തവ്യമാണ്, . . . അയാൾ അവരുടെയെല്ലാം, തന്റെ തെററിനാൽ നഷ്ടപ്പെട്ടുപോയിരിക്കുന്നവരുടെയും, കണക്കു ബോധിപ്പിക്കേണ്ടതാണ്. ഇത് ഗൗരവമുള്ള ഒരു വചനമാണ്. ഈ ഭയങ്കര ഉത്തരവാദിത്തമുള്ള പദവി താൻ സ്വമേധയാ ഏറെറടുത്തിരിക്കുന്നുവെന്ന് വചനത്തിന്റെ ഓരോ ശുശ്രൂഷകനും കരുതട്ടെ.”—യോഹന്നാൻ 17:12; യാക്കോബ് 3:1 താരതമ്യംചെയ്യുക.
7. (എ) ആധുനിക നാളിലെ ന്യായാധിപൻമാർ എന്ത് ഓർക്കണം, അവരുടെ ലക്ഷ്യമെന്തായിരിക്കണം? (ബി) മൂപ്പൻമാർ മത്തായി 18:18-20-ൽനിന്ന് എന്തു പാഠങ്ങൾ സ്വീകരിക്കേണ്ടതാണ്?
7 ഒരു നീതിന്യായ സ്ഥാനത്തു പ്രവർത്തിക്കുന്ന മൂപ്പൻമാർ ഓരോ കേസിന്റെയും യഥാർത്ഥ ന്യായാധിപൻമാർ യഹോവയും ക്രിസ്തുയേശുവുമാണെന്ന് ഓർത്തിരിക്കണം. ഇസ്രയേലിലെ ന്യായാധിപൻമാരോട് പറയപ്പെട്ടതെന്തെന്ന് ഓർക്കുക: “നിങ്ങൾ മനുഷ്യർക്കല്ല, യഹോവക്കുവേണ്ടിയത്രേ ന്യായപാലനംചെയ്യുന്നത്; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു. ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ. . . നിങ്ങൾ കുററക്കാരാകാതിരിക്കേണ്ടതിന് അങ്ങനെ ചെയ്തുകൊൾവിൻ.” (2 ദിനവൃത്താന്തം 19:6-10) ഒരു കേസിൽ ന്യായവിധി നടത്തുന്ന മൂപ്പൻമാർ, യഹോവ യഥാർത്ഥത്തിൽ ‘ന്യായപാലനത്തിൽ തങ്ങളോടുകൂടെ ഉണ്ടെന്ന്’ ഉറപ്പുവരുത്താൻ ആദരപൂർവമായ ഭയത്തോടെ തങ്ങളുടെ പരമാവധി പ്രവർത്തിക്കേണ്ടതാണ്. അവരുടെ തീരുമാനം യഹോവയും ക്രിസ്തുവും സംഗതി പരിഗണിക്കുന്ന വിധത്തെ കൃത്യമായി പ്രതിഫലിപ്പിക്കണം. അവർ പ്രതീകാത്മകമായി ഭൂമിയിൽ ‘കെട്ടുന്നതോ’ (കുററക്കാരെന്നു കണ്ടെത്തുന്നത്) ‘അഴിക്കുന്നതോ’ (നിർദ്ദോഷിയെന്ന് കണ്ടെത്തുന്നത്) അപ്പോൾത്തന്നെ സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കുന്നതോ അഴിക്കപ്പെട്ടിരിക്കുന്നതോ ആയിരിക്കണം—ദൈവത്തിന്റെ നിശ്വസ്തവചനത്തിൽ എഴുതപ്പെട്ടിരിക്കുന്നതിനാൽ വെളിപ്പെടുത്തപ്പെടുന്ന വിധത്തിൽ. അവർ യേശുവിന്റെ നാമത്തിൽ യഹോവയോടു പ്രാർത്ഥിക്കുന്നുവെങ്കിൽ അവരെ സഹായിക്കാൻ “അവരുടെ മദ്ധ്യേ” യേശു ഉണ്ടായിരിക്കും. (മത്തായി 18:18-20, അടിക്കുറിപ്പ്; ദി വാച്ച്ററവർ, 1988 ഫെബ്രുവരി 15, പേജ് 9) ഒരു നീതിന്യായവിചാരണയിലെ അന്തരീക്ഷം ക്രിസ്തു യഥാർത്ഥത്തിൽ തങ്ങളുടെ മദ്ധ്യേ ഉണ്ടെന്ന് പ്രകടമാക്കണം.
മുഴുസമയ ഇടയൻമാർ
8. യഹോവയാലും യേശുക്രിസ്തുവിനാലും ഉദാഹരിക്കപ്പെട്ടതുപോലെ, ആട്ടിൻകൂട്ടത്തോടുള്ള മൂപ്പൻമാരുടെ മുഖ്യ ഉത്തരവാദിത്തം എന്താണ്? (യെശയ്യാവ് 40:10, 11; യോഹന്നാൻ 10:11, 27-29)
8 മൂപ്പൻമാർ മുഴുസമയവും ന്യായവിധി നടത്തുന്നില്ല. അവർ മുഴുസമയ ഇടയൻമാർ ആകുന്നു. അവർ ശിക്ഷിക്കുന്നവരല്ല, സൗഖ്യമാക്കുന്നവരാണ്. (യാക്കോബ് 5:13-16) മേൽവിചാരകൻ എന്നതിനുള്ള ഗ്രീക്ക് പദത്തിന്റെ (എപ്പിസ്കോപ്പോസ്) പിമ്പിലെ അടിസ്ഥാന ആശയം സംരക്ഷണപരിപാലനം എന്നതാണ്. പുതിയ നിയമത്തിന്റെ ദൈവശാസ്ത്രനിഘണ്ടു (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “[1 പത്രൊസ് 2:25-ൽ] ഇടയനു സംപൂരകമായുള്ള പദം [എപ്പിസ്കോപ്പോസ്] കാവൽചെയ്യുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന ഇടയവേലയെ സൂചിപ്പിക്കുന്നു.” അതെ, അവരുടെ മുഖ്യ ഉത്തരവാദിത്തം ആടുകളെ ആട്ടിൻകൂട്ടത്തിനുള്ളിൽ സൂക്ഷിച്ചുകൊണ്ട് കാവൽചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുകയാണ്.
9, 10. (എ) മൂപ്പൻമാരുടെ പ്രഥമകർത്തവ്യത്തെ പൗലോസ് ഊന്നിപ്പറഞ്ഞതെങ്ങനെ, അതുകൊണ്ട് ഏതു ചോദ്യം ഉചിതമായി ചോദിക്കപ്പെടാം? (ബി) പ്രവൃത്തികൾ 20:29-ലെ പൗലോസിന്റെ വാക്കുകൾ എന്തർത്ഥമാക്കുന്നു, അതുകൊണ്ട് മൂപ്പൻമാർക്ക് നീതിന്യായക്കേസുകളുടെ എണ്ണം എങ്ങനെ കുറക്കാൻ ശ്രമിക്കാവുന്നതാണ്?
9 എഫേസൂസ് സഭയിലെ മൂപ്പൻമാരോട് സംസാരിച്ചുകൊണ്ട്, അപ്പൊസ്തലനായ പൗലോസ് ഊന്നൽ കൊടുക്കേണ്ടടത്തു കൊടുത്തു: “നിങ്ങളേത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച [മേൽവിചാരകൻമാർ, NW] ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃത്തികൾ 20:28) പൗലോസ് ഇടയവേലയെ പ്രദീപ്തമാക്കുന്നു, ശിക്ഷിക്കലിനെയല്ല. ചില മൂപ്പൻമാർ ചുവടെ ചേർക്കുന്ന ചോദ്യത്തെക്കുറിച്ച് വിചിന്തനംചെയ്യുന്നത് നല്ലതാണ്: ‘നാം ഇടയവേലക്ക് കൂടുതൽ സമയവും ശ്രമവും ചെലവഴിച്ചാൽ നീതിന്യായകേസുകൾ അന്വേഷിക്കാനും കൈകാര്യംചെയ്യാനും ആവശ്യമായ സമയത്തിന്റെ അളവ് കുറക്കാൻ കഴിയുമോ?’
10 പൗലോസ് “കൊടിയ ചെന്നായ്ക്കളെ”ക്കുറിച്ചു മുന്നറിയിപ്പുകൊടുത്തുവെന്നത് സത്യംതന്നെ. എന്നാൽ അവൻ ‘ആടുകളോട് ആദരവോടെ പെരുമാറാഞ്ഞതിന്’ അവരെ ശാസിച്ചില്ലയോ? (പ്രവൃത്തികൾ 20:29, NW) വിശ്വസ്തമേൽവിചാരകൻമാർ ഈ “ചെന്നായ്ക്കളെ” പുറത്താക്കണമെന്ന് അവൻ സൂചിപ്പിച്ചുവെങ്കിലും അവന്റെ വാക്കുകൾ മൂപ്പൻമാർ ആട്ടിൻകൂട്ടത്തിലെ മററംഗങ്ങളോട് “ആർദ്രതയോടെ” (NW) പെരുമാറണമെന്ന് പ്രകടമാക്കുന്നില്ലേ? ഒരു ആട് ആത്മീയമായി ദുർബലമായിത്തീരുകയും ദൈവസേവനം നിർത്തുകയും ചെയ്യുമ്പോൾ അവന് അല്ലെങ്കിൽ അവൾക്ക് എന്താണാവശ്യമായിരിക്കുന്നത്, പ്രഹരമോ സൗഖ്യമാക്കലോ, ശിക്ഷയോ ഇടയവേലയോ? (യാക്കോബ് 5:14, 15) അതുകൊണ്ട്, മൂപ്പൻമാർ ക്രമമായി ഇടയവേലക്ക് സമയം പട്ടികപ്പെടുത്തണം. ഇത് പാപത്താൽ കീഴടക്കപ്പെട്ടുപോയിരിക്കുന്ന ക്രിസ്ത്യാനികൾ ഉൾപ്പെട്ടിരിക്കുന്ന, സമയം കൊല്ലുന്ന നീതിന്യായകേസുകൾക്ക് കുറച്ചുസമയം എന്ന സന്തുഷ്ടഫലം കൈവരുത്തിയേക്കാം. തീർച്ചയായും, മൂപ്പൻമാരുടെ പ്രഥമതാത്പര്യം ആശ്വാസത്തിന്റെയും നവോൻമേഷത്തിന്റെയും ഒരു പ്രഭവം പ്രദാനംചെയ്യാനും അങ്ങനെ യഹോവയുടെ ജനത്തിന്റെ ഇടയിൽ സമാധാനവും പ്രശാന്തതയും സുരക്ഷിതത്വവും വർദ്ധിപ്പിക്കാനുമായിരിക്കണം.—യെശയ്യാവ് 32:1, 2.
ഉപകാരികളായ ഇടയൻമാരും ന്യായാധിപൻമാരുമായി സേവിക്കൽ
11. ഒരു നീതിന്യായക്കമ്മിററിയിൽ സേവിക്കുന്ന മൂപ്പൻമാർക്ക് നിഷ്പക്ഷതയും “ഉയരത്തിൽനിന്നുള്ള ജ്ഞാനവും” ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
11 ഒരു ക്രിസ്ത്യാനി തെററായ ഒരു ചുവടു വെക്കുന്നതിനുമുമ്പത്തെ തീവ്രതരമായ ഇടയവേല യഹോവയുടെ ജനത്തിന്റെ ഇടയിലെ നീതിന്യായകേസുകളുടെ എണ്ണം ഉചിതമായി കുറച്ചേക്കാം. (ഗലാത്യർ 6:1 താരതമ്യപ്പെടുത്തുക.) എന്നിരുന്നാലും, മനുഷ്യപാപവും അപൂർണ്ണതയും നിമിത്തം ക്രിസ്തീയമേൽവിചാരകൻമാർ ഇടക്കിടെ ദുഷ്പ്രവൃത്തികളുടെ കേസുകൾ കൈകാര്യംചെയ്യേണ്ടിവന്നേക്കാം. ഏതു തത്വങ്ങളാണ് അവരെ നയിക്കേണ്ടത്? ഇവക്ക് മോശയുടെയോ ആദിമക്രിസ്ത്യാനികളുടെയോ കാലശേഷം മാററമുണ്ടായിട്ടില്ല. ഇസ്രയേലിലെ ന്യായാധിപൻമാരെ സംബോധനചെയ്തുകൊണ്ടുള്ള മോശയുടെ വാക്കുകൾ ഇപ്പോഴും സാധുവാണ്: “നിങ്ങളുടെ സഹോദരൻമാരുടെ ഇടയിൽ ഒരു വിചാരണ ഉള്ളപ്പോൾ നിങ്ങൾ നീതിയോടെ ന്യായംവിധിക്കണം . . . നിങ്ങൾ ന്യായവിധിയിൽ പക്ഷപാതിത്വം കാണിക്കരുത്.” (ആവർത്തനം 1:16, 17, NW) നിഷ്പക്ഷത നീതിന്യായക്കമ്മിററികളിൽ സേവിക്കുന്ന മൂപ്പൻമാർക്ക് വളരെ മർമ്മപ്രധാനമായ ജ്ഞാനമായ “ഉയരത്തിൽനിന്നുള്ള ജ്ഞാനത്തിന്റെ” ഒരു ലക്ഷണമാണ്. (യാക്കോബ് 3:17; സദൃശവാക്യങ്ങൾ 24:23) അങ്ങനെയുള്ള ജ്ഞാനം ദൗർബല്യവും ദുഷ്ടതയും തമ്മിലുള്ള വ്യത്യാസം വിവേചിക്കാൻ അവരെ പ്രാപ്തരാക്കും.
12. ഏതർത്ഥത്തിലാണ് ന്യായാധിപൻമാർ നീതിമാൻമാർമാത്രമല്ല, നല്ലവരുമായിരിക്കേണ്ടത്?
12 മൂപ്പൻമാർ തെററും ശരിയും സംബന്ധിച്ച യഹോവയുടെ പ്രമാണങ്ങൾക്കനുസൃതമായി “നീതിയോടെ ന്യായംവിധിക്കണം.” (സങ്കീർത്തനം 19:9) എന്നിരുന്നാലും, നീതിമാൻമാരായ മനുഷ്യരായിരിക്കാൻ ശ്രമിക്കവേ, അവർ റോമർ 5:7, 8-ൽ പൗലോസ് കല്പിക്കുന്ന വ്യത്യാസത്തിന്റെ അർത്ഥത്തിൽ നല്ല മനുഷ്യരായിരിക്കാനും ശ്രമിക്കണം. “നീതി”യെ സംബന്ധിച്ച ലേഖനത്തിൽ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച എന്ന പുസ്തകം ഈ വാക്യങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ ഗ്രീക്ക് പദത്തിന്റെ ഉപയോഗം നൻമക്ക് ശ്രദ്ധാർഹനായിരിക്കുന്ന അല്ലെങ്കിൽ നൻമക്ക് കീർത്തിയുള്ള വ്യക്തി ഗുണവാനും (മററുള്ളവർക്ക് നൻമചെയ്യാനോ പ്രയോജനംചെയ്യാനോ ചായ്വുള്ളയാൾ) ഉപകാരിയും (സജീവമായി അങ്ങനെയുള്ള നൻമ പ്രകടമാക്കുന്നവൻ) ആണെന്ന് പ്രകടമാക്കുന്നു. അയാൾ നീതി ആവശ്യപ്പെടുന്നതു ചെയ്യുന്നതിൽമാത്രം തത്പരനായിരിക്കാതെ, മററുള്ളവരോടുള്ള ആരോഗ്യാവഹമായ പരിഗണനയാലും അവർക്കു സഹായമേകാനും പ്രയോജനംചെയ്യാനുമുള്ള ആഗ്രഹത്താലും പ്രേരിതനായി അതിനതീതമായി പോകുന്നു.” (വാള്യം 2, പേജ് 809) നീതിയുള്ളവർ മാത്രമല്ല, നല്ലവരുമായിരിക്കുന്ന മൂപ്പൻമാർ ദുഷ്പ്രവൃത്തിക്കാരോട് ദയാപൂർവകമായ പരിഗണനയോടെ പെരുമാറും. (റോമർ 2:4) അവർ കരുണയും സഹാനുഭൂതിയും പ്രകടമാക്കാനാഗ്രഹിക്കണം. ദുഷ്പ്രവൃത്തിക്കാരൻ തങ്ങളുടെ ശ്രമങ്ങളോടു പ്രതികരിക്കുന്നില്ലെന്ന് ആദ്യം തോന്നിയാലും അനുതപിക്കേണ്ടതിന്റെ ആവശ്യം കാണാൻ അയാളെ സഹായിക്കുന്നതിന് തങ്ങളാലാവത് അവർ ചെയ്യണം.
വിചാരണാവേളകളിലെ ഉചിതമായ മനോഭാവം
13. (എ) ഒരു മൂപ്പൻ ഒരു ന്യായാധിപനായി പ്രവർത്തിക്കുമ്പോൾ, അയാൾ എന്തല്ലാതായിത്തീരുന്നില്ല? (ബി) പൗലോസിനാലുള്ള ഏതു ബുദ്ധിയുപദേശം നീതിന്യായ വിചാരണകളിലും ബാധകമാകുന്നു?
13 ഒരു സാഹചര്യം ഒരു നീതിന്യായവിചാരണ ആവശ്യമാക്കിത്തീർക്കുമ്പോൾ, മേൽവിചാരകൻമാർ അപ്പോഴും “നല്ല ഇടയന്റെ” കീഴിലുള്ള യഹോവയുടെ ആടുകളോട് ഇടപെടുന്ന ഇടയൻമാരാണെന്നുള്ളത് മറക്കരുത്. (യോഹന്നാൻ 10:11) പ്രയാസത്തിലായിരിക്കുന്ന ആടുകൾക്ക് കൊടുക്കേണ്ട നിരന്തര സഹായത്തെക്കുറിച്ചു പൗലോസ് നൽകിയ ബുദ്ധിയുപദേശം തുല്യശക്തിയോടെ നീതിന്യായവിചാരണകളിൽ ബാധകമാകുന്നു. അവൻ ഇങ്ങനെ എഴുതി: “സഹോദരൻമാരേ, ഒരു മനുഷ്യൻ വല്ല തെററിലും അകപ്പെട്ടുപോയെങ്കിൽ, ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.”—ഗലാത്യർ 6:1, 2.b
14. മേൽവിചാരകൻമാർ എങ്ങനെ നീതിന്യായ വിചാരണകളെ വീക്ഷിക്കണം, ഒരു ദുഷ്പ്രവൃത്തിക്കാരനോടുള്ള അവരുടെ മനോഭാവം എന്തായിരിക്കണം?
14 ഒരു നീതിന്യായക്കമ്മിററിയിൽ സേവിക്കുന്ന മൂപ്പൻമാർ ശിക്ഷ കൊടുക്കാൻ കൂടിവരുന്ന മികച്ച ന്യായാധിപൻമാരായി തങ്ങളേത്തന്നെ പരിഗണിക്കാതെ, വിചാരണയെ തങ്ങളുടെ ഇടയവേലയുടെ മറെറാരു വശമായി വീക്ഷിക്കണം. യഹോവയുടെ ആടുകളിലൊന്ന് കുഴപ്പത്തിലായിരിക്കുകയാണ്. അവനെ അല്ലെങ്കിൽ അവളെ രക്ഷിക്കാൻ അവർക്ക് എന്തു ചെയ്യാൻ കഴിയും? ആട്ടിൻകൂട്ടത്തിൽനിന്നു വഴിതെററിപ്പോയിരിക്കുന്ന ഈ ആടിനെ സഹായിക്കാൻ സമയം തീരെ വൈകിപ്പോയോ? ഇല്ലെന്ന് നാം പ്രത്യാശിക്കണം. ഉചിതമായിരിക്കുന്നടത്തു കരുണ കാണിക്കാൻ മൂപ്പൻമാർ ക്രിയാത്മകമായ ഒരു വീക്ഷണം പുലർത്തണം. ഒരു ഗൗരവമുള്ള പാപം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിൽ അവർ യഹോവയുടെ പ്രമാണങ്ങളെ തരംതാഴ്ത്തണമെന്നല്ല. എന്നാൽ ഗൗരവം കുറക്കുന്ന ഏതെങ്കിലും സാഹചര്യങ്ങളെക്കുറിച്ച് അവർക്കുള്ള അറിവ് സാദ്ധ്യമാകുന്നടത്ത് കരുണ കാണിക്കാൻ അവരെ സഹായിക്കും. (സങ്കീർത്തനം 103:8-10; 130:3) ചില ദുഷ്പ്രവൃത്തിക്കാർ തങ്ങളുടെ മനോഭാവത്തിൽ വളരെ ശാഠ്യക്കാരായിരിക്കുന്നതിനാൽ മൂപ്പൻമാർ ഒരിക്കലും പാരുഷ്യമല്ലെങ്കിലും ദൃഢത കാണിക്കാൻ നിർബദ്ധരായിത്തീരുന്നുവെന്നു പറയാൻ സങ്കടമുണ്ട്.—1 കൊരിന്ത്യർ 5:13.
നീതിന്യായവിചാരണകളുടെ ഉദ്ദേശ്യം
15. വ്യക്തികൾ തമ്മിൽ ഗൗരവമുള്ള ഒരു പ്രശ്നം പൊന്തിവരുമ്പോൾ, ആദ്യം എന്തു നിർണ്ണയിക്കപ്പെടണം?
15 വ്യക്തികൾ തമ്മിൽ ഗൗരവമുള്ള ഒരു പ്രശ്നം സംജാതമാകുമ്പോൾ, ഉൾപ്പെട്ടിരിക്കുന്നവർ മത്തായി 5:23, 24ന്റെയോ മത്തായി 18:15ന്റെയോ ആത്മാവിൽ സ്വകാര്യമായി സംഗതിക്കു പരിഹാരമുണ്ടാക്കാൻ ശ്രമിച്ചുവോയെന്ന് ജ്ഞാനികളായ മൂപ്പൻമാർ ആദ്യം നിർണ്ണയിക്കും. ഇതു പരാജയപ്പെട്ടിരിക്കുന്നുവെങ്കിൽ, ഒരുപക്ഷേ ഒന്നോ രണ്ടോ മൂപ്പൻമാരുടെ ബുദ്ധിയുപദേശം മതിയാകും. പുറത്താക്കലിലേക്കു നയിക്കാൻ കഴിയുന്ന ഗൗരവമുള്ള ഒരു പാപം ചെയ്യപ്പെട്ടെങ്കിൽ മാത്രമേ നീതിന്യായ നടപടി ആവശ്യമായിരിക്കുന്നുള്ളു. (മത്തായി 18:17; 1 കൊരിന്ത്യർ 5:11) ഒരു നീതിന്യായക്കമ്മിററി രൂപവൽക്കരിക്കുന്നതിന് വേദാനുസൃതമായ ഒരു ഈടുററ അടിസ്ഥാനമുണ്ടായിരിക്കണം. (1989 സെപ്ററംബർ 15ലെ വാച്ച്ററവറിന്റെ 18-ാം പേജ് കാണുക.) ഒരു കമ്മിററി രൂപവൽക്കരിക്കുമ്പോൾ ആ പ്രത്യേക കേസിന് ഏററവും യോഗ്യതയുള്ള മൂപ്പൻമാർ തെരഞ്ഞെടുക്കപ്പെടണം.
16. മൂപ്പൻമാർ നീതിന്യായവിചാരണകൾ മുഖേന എന്തു നേടാൻ ശ്രമിക്കുന്നു?
16 നീതിന്യായ വിചാരണകൾ മുഖേന എന്തു നേടാനാണ് മൂപ്പൻമാർ ശ്രമിക്കുന്നത്? ഒന്നാമതായി, സത്യം അറിയപ്പെടാത്ത പക്ഷം നീതിയോടെ ന്യായം വിധിക്കുക അസാദ്ധ്യമാണ്. ഇസ്രയേലിലെപ്പോലെ, ഗൗരവമുള്ള കാര്യങ്ങൾ ‘പൂർണ്ണമായി അന്വേഷിക്കേണ്ടതാണ്.’ (ആവർത്തനം 13:14; 17:4) അതുകൊണ്ട് വിചാരണയുടെ ഒരു ലക്ഷ്യം കേസിലെ വസ്തുതകൾ കണ്ടുപിടിക്കുകയാണ്. എന്നാൽ ഇത് സ്നേഹപൂർവം ചെയ്യാൻ കഴിയും, ചെയ്യേണ്ടതുമാണ്. (1 കൊരിന്ത്യർ 13:4, 6, 7) വസ്തുതകൾ മനസ്സിലാക്കിക്കഴിയുമ്പോൾ മൂപ്പൻമാർ സഭയെ സംരക്ഷിക്കാനും അതിനുള്ളിൽ യഹോവയുടെ ഉയർന്ന നിലവാരങ്ങളും അവന്റെ ആത്മാവിന്റെ നിരർഗ്ഗളമായ പ്രവാഹവും നിലനിർത്താനും വേണ്ടത് എന്തോ അതു ചെയ്യും. (1 കൊരിന്ത്യർ 5:7, 8) ഏതായാലും, ഒരു വിചാരണയുടെ ഉദ്ദേശ്യങ്ങളിലൊന്ന് എങ്ങനെയും സാദ്ധ്യമെങ്കിൽ അപകടത്തിലായ ഒരു പാപിയെ രക്ഷിക്കുകയെന്നതാണ്.—ലൂക്കോസ് 15:8-10 താരതമ്യപ്പെടുത്തുക.
17. (എ) കുററമാരോപിക്കപ്പെട്ട വ്യക്തിയോട് ഒരു വിചാരണാസമയത്ത് എങ്ങനെ പെരുമാറണം, എന്ത് ഉദ്ദേശ്യത്തിൽ? (ബി) നീതിന്യായക്കമ്മിററിയിലെ അംഗങ്ങളുടെ ഭാഗത്ത് ഇത് എന്ത് ആവശ്യമാക്കിത്തീർക്കും?
17 കുററമാരോപിക്കപ്പെട്ട ഒരു വ്യക്തിയോട് ഒരിക്കലും ദൈവത്തിന്റെ ഒരു ആടെന്നപോലെയല്ലാതെ പെരുമാറരുത്. അവനോട് അല്ലെങ്കിൽ അവളോട് ആർദ്രതയോടെ പെരുമാറണം. ഒരു പാപം അല്ലെങ്കിൽ (പാപങ്ങൾ) ചെയ്യപ്പെട്ടെങ്കിൽ, നീതിയുള്ള ന്യായാധിപൻമാരുടെ ഉദ്ദേശ്യം യഥാസ്ഥാനപ്പെടാനും തന്റെ നടപടിയുടെ തെററ് മനസ്സിലാക്കാനും അനുതപിക്കാനും അങ്ങനെ “പിശാചിന്റെ കെണിയിൽനിന്ന്” വലിച്ചെടുക്കപ്പെടാനും പാപിയെ സഹായിക്കുകയെന്നതായിരിക്കണം. അതിന് “പഠിപ്പിക്കൽ വൈദഗ്ദ്ധ്യ”വും “സൗമ്യതയോടെ പഠിപ്പിക്കേണ്ട”തും ആവശ്യമായിരിക്കും. (2 തിമൊഥെയോസ് 2:24-26; 4:2) അപ്പോൾ പാപി താൻ പാപംചെയ്തതായി തിരിച്ചറിയുകയും യഥാർത്ഥമായി ഹൃദയത്തിൽ മുറിവേൽക്കുകയും ക്ഷമക്കായി യഹോവയോട് അപേക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ? (പ്രവൃത്തികൾ 2:37 താരതമ്യപ്പെടുത്തുക.) അയാൾ ആത്മാർത്ഥമായി സഹായം ആവശ്യപ്പെടുന്നുവെന്ന് കമ്മിററിക്ക് ബോദ്ധ്യപ്പെടുന്നുവെങ്കിൽ സാധാരണയായി അയാളെ പുറത്താക്കേണ്ടയാവശ്യമുണ്ടായിരിക്കയില്ല.—1983 ജനുവരി 1ലെ വാച്ച്ററവറിന്റെ 31-ാം പേജ് 1-ാം ഖണ്ഡിക കാണുക.
18. (എ) ഒരു നീതിന്യായക്കമ്മിററി ഒരു ദുഷ്പ്രവൃത്തിക്കാരനെ പുറത്താക്കുന്നതിൽ എപ്പോൾ ദൃഢത പ്രകടമാക്കണം? (ബി) ഹൃദയഭേദകമായ ഏതു സാഹചര്യത്തിന്റെ വീക്ഷണത്തിൽ മൂപ്പൻമാർ വഴിതെററിപ്പോകുന്ന ആടുകൾക്കുവേണ്ടി കഠിനയത്നം ചെയ്യണം?
18 മറിച്ച്, ഒരു നീതിന്യായക്കമ്മിററിയിലെ അംഗങ്ങൾ പശ്ചാത്താപമില്ലാത്ത വിശ്വാസത്യാഗത്തിന്റെയോ യഹോവയുടെ നിയമങ്ങൾക്കെതിരായ മനഃപൂർവ മത്സരത്തിന്റെയോ തികഞ്ഞ ദുഷ്ടതയുടെയോ ഒരു കേസിനെ അഭിമുഖീകരിക്കുമ്പോൾ അവരുടെ കർത്തവ്യം അനുതാപമില്ലാത്ത കുററക്കാരനെ പുറത്താക്കിക്കൊണ്ട് സഭയിലെ മററംഗങ്ങളെ സംരക്ഷിക്കുകയെന്നതാണ്. ദുഷ്പ്രവൃത്തിക്കാരന് ദൈവികദുഃഖത്തിന്റെ അഭാവമുണ്ടെന്ന് പ്രകടമാണെങ്കിൽ അയാളുമായി ആവർത്തിച്ചു കൂടിവരാനോ അനുതപിക്കുന്നതിന് അയാളെ നിർബന്ധിക്കാൻ ശ്രമിക്കുന്നതിന് അയാളുടെ വായിൽ വാക്കുകളിട്ടുകൊടുക്കാനോ നീതിന്യായക്കമ്മിററിക്ക് കടപ്പാടില്ല.c സമീപസംവത്സരങ്ങളിൽ, ലോകവ്യാപകമായുള്ള പുറത്താക്കലുകൾ പ്രസംഗകരുടെ ഏകദേശം 1 ശതമാനമായിരുന്നിട്ടുണ്ട്. അതിന്റെ അർത്ഥം തൊഴുത്തിൽ കഴിയുന്ന ഏതാണ്ട് നൂറ് ആടുകളിൽ ഒന്ന് നഷ്ടപ്പെടുന്നുണ്ടെന്നാണ്—കുറഞ്ഞപക്ഷം താത്ക്കാലികമായി. ഒരു വ്യക്തിയെ തൊഴുത്തിലേക്കു കൊണ്ടുവരാൻ എടുക്കുന്ന സമയവും ശ്രമവും പരിഗണിക്കുമ്പോൾ, ഓരോ വർഷവും പതിനായിരക്കണക്കിനാളുകളെ ‘സാത്താനു തിരിച്ചേൽപ്പിക്കുന്നുണ്ടെന്ന്’ അറിയുന്നത് ഹൃദയഭേദകമല്ലേ?—1 കൊരിന്ത്യർ 5:5.
19. ഒരു നീതിന്യായക്കമ്മിററിയിൽ സേവിക്കുന്ന മൂപ്പൻമാർ എന്താണ് ഒരിക്കലും മറക്കരുതാത്തത്, അതുകൊണ്ട് അവരുടെ ലക്ഷ്യമെന്തായിരിക്കണം?
19 സഭയിലെ മിക്ക പാപങ്ങളിലും ഉൾപ്പെട്ടിരിക്കുന്നത് ദുഷ്ടതയല്ല, ദൗർബല്യമാണെന്ന് ഒരു നീതിന്യായക്കേസിന് തുടക്കമിടുന്ന മൂപ്പൻമാർ ഓർക്കേണ്ടതാണ്. കാണാതെപോയ ആടിനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം അവർ ഒരിക്കലും മറക്കരുത്, അവൻ അത് ഈ വാക്കുകളോടെയാണ് ഉപസംഹരിച്ചത്: “മാനസാന്തരംകൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറെറാൻപതു നീതിമാൻമാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷമുണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോസ് 15:7) സത്യമായി, “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ [യഹോവ, NW) ഇച്ഛി”ക്കുന്നു. (2 പത്രൊസ് 3:9) യഹോവയുടെ സഹായത്താൽ, അനുതപിക്കേണ്ടതിന്റെയും നിത്യജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയിൽ വീണ്ടും നടന്നുതുടങ്ങേണ്ടതിന്റെയും ആവശ്യം കാണാൻ ദുഷ്പ്രവൃത്തിക്കാരെ സഹായിച്ചുകൊണ്ട് ലോകത്തിലെങ്ങും അനേകം നീതിന്യായക്കമ്മിററികൾ സ്വർഗ്ഗത്തിൽ സന്തോഷത്തിനിടയാക്കാൻ തങ്ങളുടെ പരമാവധി ചെയ്യുന്നു.—മത്തായി 7:13, 14.
[അടിക്കുറിപ്പ്]
a വേറെ ആടുകളിൽനിന്നുള്ള മൂപ്പൻമാർക്ക് ക്രിസ്തുവിന്റെ വലങ്കൈ സംബന്ധിച്ച സ്ഥാനമറിയുന്നതിന് വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 136-ാംപേജിലെ അടിക്കുറിപ്പു കാണുക.
c 1981 സെപ്ററംബർ 1-ലെ വാച്ച്ററവർ പേജ് 26, ഖണ്ഡിക 24.
പുനരവലോകന ചോദ്യങ്ങൾ
◻ വലിയ ഇടയന്റെയും നല്ല ഇടയന്റെയും ദൃഷ്ടാന്തങ്ങൾ അനുകരിച്ചുകൊണ്ട് മൂപ്പൻമാരുടെ മുഖ്യതാത്പര്യം എന്തായിരിക്കണം?
◻ മൂപ്പൻമാർക്ക് ഏതു വിധത്തിൽ നീതിന്യായക്കേസുകളുടെ എണ്ണം കുറക്കുന്നതിനു ശ്രമിക്കാൻ കഴിയും?
◻ ഏതർത്ഥത്തിൽ ന്യായാധിപൻമാർ നീതിമാൻമാർ മാത്രമല്ല നല്ലവരുമായിരിക്കേണ്ടതുണ്ട്?
◻ ഒരു വിചാരണാവേളയിൽ ഒരു ദുഷ്പ്രവൃത്തിക്കാരനോട് എങ്ങനെ പെരുമാറണം, എന്തുദ്ദേശ്യത്തിൽ?
◻ പുറത്താക്കൽ അവസാന നടപടി ആയിരിക്കുന്നതെന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
ശരിയായ ഇടയവേല ചെയ്യപ്പെടുമ്പോൾ അനേകം നീതിന്യായക്കേസുകൾ ഒഴിവാക്കപ്പെടുന്നു
[18-ാം പേജിലെ ചിത്രം]
ഒരു നീതിന്യായ വിചാരണാ സമയത്തുപോലും മൂപ്പൻമാർ സൗമ്യതയുടെ ആത്മാവിൽ ഒരു ദുഷ്പ്രവൃത്തിക്കാരനെ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്