ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുന്നു
“പിന്നെ (യേശു) അപ്പം നുറുക്കി ശിഷ്യന്മാരെ ഏൽപ്പിച്ചു; അവർ അത് ജനത്തിനു വിതരണംചെയ്തു.” —മത്താ. 14:19.
1-3. ബേത്ത്സയിദയ്ക്ക് അടുത്തുവെച്ച് യേശു ഒരു വലിയ ജനക്കൂട്ടത്തെ പോഷിപ്പിച്ചത് എങ്ങനെയെന്നു വിവരിക്കുക. (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
ഈ രംഗം ഒന്നു ഭാവനയിൽ കാണുക. (മത്തായി 14:14-21 വായിക്കുക.) എ.ഡി. 32-ലെ പെസഹായ്ക്ക് തൊട്ടുമുമ്പുള്ള സമയം. ഗലീലക്കടലിന്റെ വടക്കേ തീരത്തായി ബേത്ത്സയിദ എന്ന ഗ്രാമത്തിന്റെ വിജനമായ പ്രാന്തപ്രദേശം. അവിടെയാണ് യേശുവും ശിഷ്യന്മാരും. ഒരു വലിയ ജനക്കൂട്ടം അവന്റെ അടുത്ത് എത്തിയിരിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും കൂടാതെ ഏതാണ്ട് 5,000 പുരുഷന്മാർതന്നെയുണ്ട്.
2 ആ ജനക്കൂട്ടത്തെ കണ്ട് യേശുവിന്റെ മനസ്സലിയുന്നു. അവൻ അവർക്കിടയിലെ രോഗികളെ സൗഖ്യമാക്കുകയും ദൈവരാജ്യത്തെക്കുറിച്ച് അനേകം കാര്യങ്ങൾ അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. നേരം വൈകുന്നതുകൊണ്ട്, അടുത്തുള്ള ഗ്രാമങ്ങളിൽ പോയി ഭക്ഷണം വാങ്ങാൻ ജനക്കൂട്ടത്തെ പിരിച്ചുവിടണമെന്ന് ശിഷ്യന്മാർ യേശുവിനോട് അഭ്യർഥിക്കുന്നു. എന്നാൽ യേശു ശിഷ്യന്മാരോട് ഇങ്ങനെ പറയുന്നു: “നിങ്ങൾ എന്തെങ്കിലും അവർക്കു ഭക്ഷിക്കാൻ കൊടുക്കുക.” അവന്റെ വാക്കുകൾ അവരെ അമ്പരപ്പിച്ചുകളഞ്ഞു. കാരണം അവരുടെ കൈയിൽ ആകെയുള്ളത് അഞ്ച് അപ്പവും രണ്ട് ചെറിയ മീനും മാത്രമാണ്.
3 ജനക്കൂട്ടത്തോട് അലിവുതോന്നിയ യേശു ഇപ്പോൾ ഒരു അത്ഭുതം പ്രവർത്തിക്കുന്നു. നാലു സുവിശേഷ എഴുത്തുകാരും രേഖപ്പെടുത്തിയിട്ടുള്ള ഏക അത്ഭുതമാണിത്. (മർക്കോ. 6:35-44; ലൂക്കോ. 9:10-17; യോഹ. 6:1-13) 50-ഉം 100-ഉം പേരടങ്ങുന്ന പന്തികളായി പുൽപ്പുറത്ത് ഇരിക്കാൻ അവരോട് ആവശ്യപ്പെടാൻ യേശു ശിഷ്യന്മാരോടു പറയുന്നു. പ്രാർഥിച്ചശേഷം അവൻ അപ്പം നുറുക്കാനും മീൻ പങ്കിടാനും തുടങ്ങി. എന്നിട്ട് അതു നേരിട്ട് ജനക്കൂട്ടത്തിനു കൊടുക്കുന്നതിനു പകരം, “ശിഷ്യന്മാരെ ഏൽപ്പിച്ചു; അവർ അത് ജനത്തിനു വിതരണംചെയ്തു.” അതിശയകരമെന്നു പറയട്ടെ, ആഹാരം എല്ലാവർക്കും ആവശ്യമായതിലും അധികമുണ്ടായിരുന്നു. ഒന്നു ചിന്തിച്ചുനോക്കൂ: യേശു അനേകായിരങ്ങളെ ഏതാനും പേരിലൂടെ, തന്റെ ശിഷ്യന്മാരിലൂടെ, പോഷിപ്പിച്ചു.a
4. (എ) ഏതു ഭക്ഷണം പ്രദാനംചെയ്യുന്നതിനാണ് യേശു ഏറെ പ്രാധാന്യം നൽകിയത്, എന്തുകൊണ്ട്? (ബി) ഈ പഠനലേഖനത്തിലും അടുത്തതിലും നാം എന്തു ചർച്ചചെയ്യും?
4 എന്നാൽ തന്റെ അനുഗാമികൾക്ക് ആത്മീയഭക്ഷണം പ്രദാനംചെയ്യുന്നതിൽ യേശു അതിലുമേറെ താത്പര്യമുള്ളവനായിരുന്നു. ആത്മീയഭക്ഷണം, അതായത് ദൈവവചനത്തിൽ കാണുന്ന സത്യങ്ങൾ, ആഹരിക്കുന്നത് നിത്യജീവനിലേക്കു നയിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. (യോഹ. 6:26, 27; 17:3) ജനക്കൂട്ടത്തിന് അപ്പവും മീനും നൽകി പോഷിപ്പിച്ച അതേ ആർദ്രാനുകമ്പയോടെ തന്റെ അനുഗാമികളെ പഠിപ്പിക്കുന്നതിന് അവൻ വ്യക്തിപരമായി അനേകം മണിക്കൂറുകൾ ചെലവഴിച്ചു. (മർക്കോ. 6:34) എന്നാൽ, ഭൂമിയിലെ തന്റെ ജീവിതകാലം ഹ്രസ്വമാണെന്നും സ്വർഗത്തിലേക്ക് താൻ മടങ്ങിപ്പോകുമെന്നും ഉള്ള കാര്യം അവന് അറിയാമായിരുന്നു. (മത്താ. 16:21; യോഹ. 14:12) സ്വർഗത്തിലിരിക്കുന്ന യേശു ഭൂമിയിലെ തന്റെ അനുഗാമികൾക്ക് സമൃദ്ധമായ ആത്മീയഭക്ഷണം എങ്ങനെ നൽകുമായിരുന്നു? ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുന്ന അതേ രീതി അവൻ ഇവിടെയും അവലംബിക്കുമായിരുന്നു. അങ്ങനെയെങ്കിൽ ആ ഏതാനും പേർ ആരായിരിക്കുമായിരുന്നു? ഒന്നാം നൂറ്റാണ്ടിലെ തന്റെ നിരവധിയായ അഭിഷിക്താനുഗാമികളെ പോഷിപ്പിക്കുന്നതിന് യേശു ഏതാനും പേരെ ഉപയോഗിച്ചത് എങ്ങനെയെന്ന് നമുക്കു നോക്കാം. തുടർന്ന്, നമ്മെ ഓരോരുത്തരെയും സംബന്ധിച്ച് അതീവപ്രാധാന്യമുള്ള പിൻവരുന്ന ചോദ്യം അടുത്ത ലേഖനത്തിൽ നാം ചർച്ചചെയ്യും: ക്രിസ്തു ഇന്ന് നമ്മെ പോഷിപ്പിക്കാൻ ഉപയോഗിക്കുന്ന ആ ഏതാനും പേരെ നമുക്ക് എങ്ങനെ തിരിച്ചറിയാം?
യേശു ആ ഏതാനും പേരെ തിരഞ്ഞെടുക്കുന്നു
5, 6. (എ) തന്റെ മരണത്തിനുശേഷം അനുഗാമികൾക്ക് ആവശ്യമായ ആത്മീയപോഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ യേശു സുപ്രധാനമായ ഏതു തീരുമാനമെടുത്തു? (ബി) തന്റെ മരണശേഷം അപ്പൊസ്തലന്മാർ നിർവഹിക്കേണ്ടിയിരുന്ന ഒരു സവിശേഷധർമത്തിനായി യേശു അവരെ ഒരുക്കിയത് എങ്ങനെ?
5 ഉത്തരവാദിത്വബോധമുള്ള ഒരു കുടുംബനാഥൻ, താൻ മരിച്ചുപോകുന്നപക്ഷം കുടുംബത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ മുന്നമേ ചെയ്യും. സമാനമായി, ക്രിസ്തീയസഭയുടെ ശിരസ്സായിത്തീരുമായിരുന്ന യേശു, തന്റെ അനുഗാമികൾക്ക് ആവശ്യമായ ആത്മീയകരുതലുകൾ തന്റെ മരണശേഷവും ലഭിക്കുമെന്ന് ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു. (എഫെ. 1:22) ഉദാഹരണത്തിന്, തന്റെ മരണത്തിന് ഏതാണ്ട് രണ്ടു വർഷംമുമ്പ് യേശു വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തു. അനേകരെ പോഷിപ്പിക്കാൻ താൻ പിന്നീട് ഉപയോഗിക്കുമായിരുന്ന ആ ഏതാനും പേരിൽ ആദ്യാംഗങ്ങളെ അവൻ തിരഞ്ഞെടുത്തു. അവൻ ചെയ്തത് എന്താണെന്ന് നമുക്കു നോക്കാം.
6 ഒരു രാത്രിമുഴുവൻ നീണ്ട പ്രാർഥനയ്ക്കുശേഷം യേശു ശിഷ്യന്മാരെ വിളിച്ചുകൂട്ടി. എന്നിട്ട് അവരിൽനിന്ന് 12 അപ്പൊസ്തലന്മാരെ തിരഞ്ഞെടുത്തു. (ലൂക്കോ. 6:12-16) തുടർന്നുള്ള രണ്ടു വർഷം ഈ 12 പേരോട് അവൻ ഏറെ അടുത്തു സഹവസിക്കുകയും അവരെ വാക്കാലും മാതൃകയാലും പഠിപ്പിക്കുകയും ചെയ്തു. അവർ വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തുടർന്നും “ശിഷ്യന്മാർ” എന്നുതന്നെയാണ് അവരെ വിളിച്ചിരുന്നത്. (മത്താ. 11:1; 20:17) അവൻ അവർക്ക് വ്യക്തിപരമായുള്ള വിലപ്പെട്ട ബുദ്ധിയുപദേശങ്ങളും ശുശ്രൂഷയിൽ വിപുലമായ പരിശീലനവും നൽകി. (മത്താ. 10:1-42; 20:20-23; ലൂക്കോ. 8:1; 9:52-55) താൻ മരിച്ച് സ്വർഗത്തിലേക്കു മടങ്ങിയതിനുശേഷം അവർ നിർവഹിക്കേണ്ടിയിരുന്ന ഒരു സവിശേഷധർമത്തിനായി അവൻ അവരെ ഒരുക്കുകയായിരുന്നു.
7. അപ്പൊസ്തലന്മാരുടെ മുഖ്യശ്രദ്ധ എന്തിലായിരിക്കും എന്നതു സംബന്ധിച്ച് യേശു സൂചന നൽകിയത് എങ്ങനെ?
7 അപ്പൊസ്തലന്മാരുടെ ആ ധർമം എന്തായിരിക്കുമായിരുന്നു? എ.ഡി. 33-ലെ പെന്തെക്കൊസ്ത് അടുത്തു വരവെ, അപ്പൊസ്തലന്മാർ സഭാനേതൃത്വം വഹിച്ചുകൊണ്ട് ഒരു “മേൽവിചാരകസ്ഥാന”ത്ത് സേവിക്കുമെന്നുള്ളത് വ്യക്തമായിരുന്നു. (പ്രവൃ. 1:20) അങ്ങനെയെങ്കിൽ അവരുടെ മുഖ്യശ്രദ്ധ എന്തിലായിരിക്കുമായിരുന്നു? പുനരുത്ഥാനശേഷം യേശു പത്രോസ് അപ്പൊസ്തലനുമായി നടത്തിയ ഒരു സംഭാഷണത്തിൽ ഒരു സൂചന നൽകുകയുണ്ടായി. (യോഹന്നാൻ 21:1, 2, 15-17 വായിക്കുക.) മറ്റുചില അപ്പൊസ്തലന്മാരുടെ സാന്നിധ്യത്തിൽ യേശു പത്രോസിനോടു പറഞ്ഞു: “എന്റെ കുഞ്ഞാടുകളെ പോറ്റുക.” അനേകർക്ക് ആത്മീയഭക്ഷണം പ്രദാനംചെയ്യുന്ന സരണിയായി വർത്തിക്കുന്ന ഏതാനും പേരുടെ കൂട്ടത്തിൽ അവന്റെ അപ്പൊസ്തലന്മാരും ഉണ്ടായിരിക്കുമെന്ന് ഇതിലൂടെ യേശു വ്യക്തമാക്കി. തന്റെ ‘കുഞ്ഞാടുകളോടുള്ള’ യേശുവിന്റെ ആർദ്രപ്രിയത്തിന്റെ എത്ര ഹൃദയോഷ്മളവും അർഥഗർഭവും ആയ പ്രസ്താവനയായിരുന്നു അത്!b
പെന്തെക്കൊസ്തുമുതൽ അനേകരെ പോഷിപ്പിക്കുന്നു
8. യേശു ഉപയോഗിക്കുന്ന സരണി തങ്ങൾ കൃത്യമായി മനസ്സിലാക്കിയെന്ന് പെന്തെക്കൊസ്തിലെ പുതുവിശ്വാസികൾ കാണിച്ചത് എങ്ങനെ?
8 പുനരുത്ഥാനം പ്രാപിച്ച ക്രിസ്തു, എ.ഡി. 33-ലെ പെന്തെക്കൊസ്തുമുതൽ തനിക്കുള്ള മറ്റ് അഭിഷിക്തശിഷ്യരെ പോഷിപ്പിക്കുന്ന സരണിയായി അപ്പൊസ്തലന്മാരെ ഉപയോഗിച്ചു. (പ്രവൃത്തികൾ 2:41, 42 വായിക്കുക.) അന്ന് ആത്മാഭിഷിക്ത ക്രിസ്ത്യാനികളായിത്തീർന്ന യഹൂദന്മാരും യഹൂദമതാനുസാരികളും ആ സരണി ഏതാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞു. യാതൊരു സന്ദേഹവും കൂടാതെ അവർ ‘ഉത്സാഹത്തോടെ അപ്പൊസ്തലന്മാരിൽനിന്നു പഠിച്ചുപോന്നു.’ ഒരു പണ്ഡിതൻ പറയുന്നതനുസരിച്ച്, ‘ഉത്സാഹത്തോടെ പഠിച്ചുപോരുക’ എന്ന ഗ്രീക്കുക്രിയയ്ക്ക്, “ഏതെങ്കിലും പ്രവർത്തനഗതിയോടുള്ള ബോധ്യത്തോടും ഏകാഗ്രതയോടും കൂടിയ പറ്റിനിൽപ്പ്” എന്ന് അർഥമാക്കാൻ കഴിയും. ആ പുതിയ വിശ്വാസികൾക്ക് ആത്മീയാഹാരത്തിനായുള്ള അതിയായ വാഞ്ഛ ഉണ്ടായിരുന്നു. അത് എവിടെ ലഭിക്കുമെന്നും അവർക്ക് കൃത്യമായി അറിയാമായിരുന്നു. യേശു പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങളുടെ വിശദീകരണത്തിനും അവനെക്കുറിച്ചുള്ള തിരുവെഴുത്തുകളുടെ പുതിയ ഗ്രാഹ്യത്തിനും ആയി വിശ്വാസത്തോടെ അവർ അപ്പൊസ്തലന്മാരിലേക്കു നോക്കി.c—പ്രവൃ. 2:22-36.
9. യേശുവിന്റെ ആടുകളെ പോഷിപ്പിക്കുക എന്ന ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ തങ്ങൾ ദത്തചിത്തരായിരുന്നെന്ന് അപ്പൊസ്തലന്മാർ എങ്ങനെ തെളിയിച്ചു?
9 യേശുവിന്റെ ആടുകളെ പോഷിപ്പിക്കുകയെന്ന ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ അപ്പൊസ്തലന്മാർ ദത്തചിത്തരായിരുന്നു. ഉദാഹരണത്തിന്, പുതുതായി രൂപംകൊണ്ട ക്രിസ്തീയസഭയിൽ ഭിന്നിപ്പുളവാക്കാൻപോന്നതും അതുകൊണ്ടുതന്നെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടിയിരുന്നതും ആയ ഒരു വിഷയം ഉയർന്നുവന്നപ്പോൾ അവർ എന്തു ചെയ്തെന്നു നോക്കുക. രസാവഹമായി, ഈ പ്രശ്നവും ഭക്ഷണത്തെക്കുറിച്ചുള്ളതായിരുന്നു, ഭൗതികഭക്ഷണം ആയിരുന്നെന്നുമാത്രം. ദിനന്തോറുമുള്ള ഭക്ഷ്യവിതരണത്തിൽ എബ്രായഭാഷക്കാരായ വിധവമാർക്ക് പരിഗണന ലഭിച്ചപ്പോൾ ഗ്രീക്കുഭാഷക്കാരായ വിധവമാർ തഴയപ്പെട്ടു. അപ്പൊസ്തലന്മാർ എങ്ങനെയാണ് ഈ പ്രശ്നം പരിഹരിച്ചത്? യോഗ്യതയുള്ള ഏഴു പുരുഷന്മാരെ “ഈ അവശ്യകാര്യത്തിനായി,” അതായത് ഭക്ഷ്യവിതരണത്തിന്റെ മേൽനോട്ടം വഹിക്കാനായി “പന്തിരുവർ” നിയമിച്ചു. യേശു ജനക്കൂട്ടത്തിന് അത്ഭുതകരമായി ഭക്ഷണം നൽകിയപ്പോൾ അതു വിളമ്പുന്നതിൽ പങ്കുപറ്റിയവരായിരുന്നു അപ്പൊസ്തലന്മാരിൽ മിക്കവരും. എന്നാൽ ഇപ്പോൾ ആത്മീയ പോഷിപ്പിക്കലിലാണ് തങ്ങൾ കൂടുതൽ മനസ്സുചെലുത്തേണ്ടതെന്ന് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവർ, ‘വചനോപദേശത്തിൽ’ വ്യാപരിച്ചു.—പ്രവൃ. 6:1-6.
10. ക്രിസ്തു യെരുശലേമിലെ അപ്പൊസ്തലന്മാരെയും മൂപ്പന്മാരെയും ഏതുവിധത്തിൽ ഉപയോഗിച്ചു?
10 എ.ഡി. 49 ആയപ്പോഴേക്കും, ശേഷിച്ച അപ്പൊസ്തലന്മാരോടൊപ്പം പ്രവർത്തിക്കുന്നതിന് യോഗ്യതയുള്ള മറ്റുചില മൂപ്പന്മാരുംകൂടി ചേർക്കപ്പെട്ടിരുന്നു. (പ്രവൃത്തികൾ 15:1, 2 വായിക്കുക.) അങ്ങനെ, ‘യെരുശലേമിൽ അപ്പൊസ്തലന്മാരും മൂപ്പന്മാരും’ ഒരു ഭരണസംഘമായി സേവിച്ചു. സഭയുടെ ശിരസ്സെന്നനിലയിൽ ക്രിസ്തു, യോഗ്യതയുള്ള ഈ ചെറിയ കൂട്ടം പുരുഷന്മാരെ ഉപദേശസംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാനും, രാജ്യസുവാർത്ത പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും നേതൃത്വമെടുക്കാനും മേൽനോട്ടം വഹിക്കാനും ഉപയോഗിച്ചു.—പ്രവൃ. 15:6-29; 21:17-19; കൊലോ. 1:18.
11, 12. (എ) ഒന്നാം നൂറ്റാണ്ടിലെ സഭകളെ പോഷിപ്പിക്കാൻ തന്റെ പുത്രൻ ഉപയോഗിച്ച ക്രമീകരണത്തെ യഹോവ അനുഗ്രഹിച്ചെന്ന് എന്തു തെളിയിക്കുന്നു? (ബി) ആത്മീയപരിപോഷണത്തിനായി യേശു ഉപയോഗിച്ച സരണിയെ അന്ന് വ്യക്തമായി തിരിച്ചറിയാനാകുമായിരുന്നത് എങ്ങനെ?
11 ഒന്നാം നൂറ്റാണ്ടിലെ സഭകളെ പോഷിപ്പിക്കാനായി തന്റെ പുത്രൻ ഉപയോഗിച്ച ക്രമീകരണത്തെ യഹോവ അനുഗ്രഹിച്ചോ? തീർച്ചയായും! നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും? പ്രവൃത്തികളുടെ പുസ്തകം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “അവർ (പൗലോസ് അപ്പൊസ്തലനും അവന്റെ സഹചാരികളും) പട്ടണന്തോറും സഞ്ചരിക്കവെ, യെരുശലേമിലുള്ള അപ്പൊസ്തലന്മാരും മൂപ്പന്മാരും കൈക്കൊണ്ട തീർപ്പുകൾ പിൻപറ്റേണ്ടതിന് അവ അവിടെയുള്ളവരെ അറിയിച്ചുപോന്നു. തന്നിമിത്തം സഭകൾ വിശ്വാസത്തിൽ ഉറച്ചു; അംഗസംഖ്യ ദിനമ്പ്രതി വർധിക്കുകയും ചെയ്തു.” (പ്രവൃ. 16:4, 5) യെരുശലേമിലെ ഭരണസംഘത്തോട് സവിശ്വസ്തം സഹകരിച്ചുപ്രവർത്തിച്ചതിന്റെ ഫലമായാണ് ആ സഭകൾ അഭിവൃദ്ധിപ്രാപിച്ചത് എന്ന കാര്യം ശ്രദ്ധിക്കുക. സഭകളെ പോഷിപ്പിക്കാനായി തന്റെ പുത്രൻ ചെയ്ത ക്രമീകരണത്തിന്റെമേൽ യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നു എന്നതിന്റെ തെളിവല്ലേ അത്? ആത്മീയാഭിവൃദ്ധി സാധ്യമാകുന്നത് യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്താൽമാത്രമാണ് എന്നകാര്യം നമുക്കു മറക്കാതിരിക്കാം.—സദൃ. 10:22; 1 കൊരി. 3:6, 7.
12 തന്റെ അനുഗാമികളെ പോഷിപ്പിക്കുമ്പോൾ യേശു ഒരു പ്രത്യേകരീതി അവലംബിച്ചതായാണ് ഇതുവരെ നാം കണ്ടത്. അതായത്, ഏതാനും പേരിലൂടെ അവൻ അനേകരെ പോഷിപ്പിച്ചു. ആത്മീയപരിപോഷണത്തിനായി അവൻ അന്ന് ഉപയോഗിച്ച സരണിയെ കൃത്യമായി തിരിച്ചറിയാനാകുമായിരുന്നു. ഉദാഹരണത്തിന്, ഭരണസംഘത്തിലെ ആദ്യാംഗങ്ങളായിരുന്ന അപ്പൊസ്തലന്മാർക്ക് തങ്ങൾക്കുള്ള സ്വർഗീയപിന്തുണയുടെ ദൃശ്യമായ തെളിവുകൾ നൽകാൻ കഴിയുമായിരുന്നു. “അപ്പൊസ്തലന്മാരുടെ കൈയാൽ ജനത്തിനിടയിൽ ഒട്ടുവളരെ അടയാളങ്ങളും അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു” എന്ന് പ്രവൃത്തികൾ 5:12 പ്രസ്താവിക്കുന്നു.d അതുകൊണ്ട്, പുതുതായി ക്രിസ്ത്യാനികളായിത്തീർന്നവർക്ക് ‘ക്രിസ്തു തന്റെ ആടുകളെ പോഷിപ്പിക്കുന്നത് ആരിലൂടെയാണ്’ എന്ന് ആശങ്കപ്പെടേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു. എന്നാൽ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാഹചര്യത്തിനു മാറ്റംവന്നു.
ഗോതമ്പ് കളകയറി മൂടുന്നു
13, 14. (എ) സഭയുടെമേലുള്ള കടന്നാക്രമണം സംബന്ധിച്ച് യേശു എന്തു മുന്നറിയിപ്പാണ് നൽകിയത്, അവന്റെ വാക്കുകൾ എപ്പോഴാണ് നിറവേറാൻ തുടങ്ങിയത്? (ബി) ഏതു രണ്ടു വിഭാഗങ്ങളിൽനിന്നാണ് കടന്നാക്രമണം ഉണ്ടാകുമായിരുന്നത്? (പിൻകുറിപ്പ് കാണുക.)
13 ക്രിസ്തീയസഭ ഒരു കടന്നാക്രമണത്തിനു വിധേയമാകും എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. ഗോതമ്പിന്റെയും കളകളുടെയും പ്രാവചനികദൃഷ്ടാന്തത്തിൽ, (അഭിഷിക്തക്രിസ്ത്യാനികളാകുന്ന) ഗോതമ്പ് വിതച്ച പുതിയ വയലിൽ (അനുകരണക്രിസ്ത്യാനികളാകുന്ന) കളകൾ വിതയ്ക്കപ്പെടുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നത് ഓർമിക്കുക. “യുഗസമാപ്തി”യിൽ വരാനിരുന്ന കൊയ്ത്തുകാലംവരെ രണ്ടുകൂട്ടത്തെയും ഒരുമിച്ചു വളരാൻവിടുമെന്ന് അവൻ പറഞ്ഞു. (മത്താ. 13:24-30, 36-43) വൈകാതെതന്നെ യേശുവിന്റെ വാക്കുകൾ നിറവേറാൻ തുടങ്ങി.e
14 വിശ്വാസത്യാഗം ഒന്നാംനൂറ്റാണ്ടിൽത്തന്നെ തലപൊക്കാൻ തുടങ്ങിയിരുന്നെങ്കിലും വ്യാജോപദേശങ്ങളുടെ ദുഷിപ്പിക്കുന്ന സ്വാധീനത്തിനെതിരെ യേശുവിന്റെ വിശ്വസ്തരായ അപ്പൊസ്തലന്മാർ “പ്രതിബന്ധമായി” വർത്തിച്ചു. (2 തെസ്സ. 2:3, 6, 7) എന്നിരുന്നാലും അവസാനത്തെ അപ്പൊസ്തലനും മരിച്ചതോടെ വിശ്വാസത്യാഗം വേരുപിടിക്കുകയും അനേകനൂറ്റാണ്ടുകൾനീണ്ട വളർച്ചയുടെ കാലയളവിൽ പടർന്നുകയറുകയും ചെയ്തു. അതിനുപുറമേ, അക്കാലത്ത് കളകൾ ഗോതമ്പുചെടികളെക്കാൾ എണ്ണത്തിൽ വളരെയധികം പെരുകാനും തുടങ്ങി. ആത്മീയഭക്ഷണം വിളമ്പുന്നതിന് സ്ഥിരമായ ഒരു സംഘടിതസരണി ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ കാലാന്തരത്തിൽ ഇതിനു മാറ്റംവരുമായിരുന്നു. അങ്ങനെയെങ്കിൽ എപ്പോൾ?
കൊയ്ത്തുകാലത്ത് ആത്മീയപോഷണം ആരിലൂടെ?
15, 16. ബൈബിൾവിദ്യാർഥികളുടെ ഉത്സാഹത്തോടെയുള്ള തിരുവെഴുത്തുപഠനം എന്തു സത്ഫലങ്ങൾ കൈവരുത്തി, ഏതു ചോദ്യം ഉദിക്കുന്നു?
15 വളർച്ചയുടെ കാലഘട്ടം അവസാനത്തോടടുത്തപ്പോൾ ബൈബിൾസത്യത്തോടുള്ള താത്പര്യത്തിന്റെ ഒരു വേലിയേറ്റം കണ്ടുതുടങ്ങി. 1870-കളിൽ, ക്രൈസ്തവലോകത്തിന്റെ മുഖ്യധാരാസഭകളിലെയും ഇതര വിഭാഗങ്ങളിലെയും കളസമാന അനുകരണക്രിസ്ത്യാനികളിൽനിന്നു വേറിട്ട് ആത്മാർഥഹൃദയരായ ഒരു ചെറിയ കൂട്ടം സത്യാന്വേഷകർ ഒരുമിച്ചുകൂടി ബൈബിൾക്ലാസ്സുകൾ രൂപീകരിച്ചെന്ന കാര്യം ഓർക്കുക. താഴ്മയും തുറന്ന മനഃസ്ഥിതിയും ഉണ്ടായിരുന്ന, ബൈബിൾവിദ്യാർഥികളെന്ന് സ്വയം വിളിച്ചുപോന്ന, ആത്മാർഥമനസ്കരായ ഇവർ പ്രാർഥനാപൂർവം തിരുവെഴുത്തുകൾ ശ്രദ്ധയോടെ പരിശോധിച്ചു.—മത്താ. 11:25.
16 ബൈബിൾവിദ്യാർഥികളുടെ ഉത്സാഹത്തോടെയുള്ള തിരുവെഴുത്തുപഠനത്തിന് വളരെ നല്ല ഫലങ്ങളുണ്ടായി. വിശ്വസ്തരായ ഈ സ്ത്രീപുരുഷന്മാർ ബൈബിൾസാഹിത്യങ്ങൾ പ്രസിദ്ധീകരിച്ച് അങ്ങോളമിങ്ങോളം അതു വിതരണം ചെയ്തുകൊണ്ട് വ്യാജോപദേശങ്ങൾ തുറന്നുകാട്ടുകയും ആത്മീയസത്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അവരുടെ വേല ആത്മീയസത്യത്തിനായി വിശന്നും ദാഹിച്ചും ഇരുന്ന അനേകരുടെ മനംകവരുകയും സത്യം തിരിച്ചറിയാൻ ആളുകളെ സഹായിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ, താത്പര്യജനകമായ ഒരു ചോദ്യം ഇപ്പോൾ ഉയർന്നുവരുന്നു: 1914-നു മുമ്പുള്ള വർഷങ്ങളിൽ ഈ ബൈബിൾവിദ്യാർഥികൾ ക്രിസ്തു തന്റെ ആടുകളെ പോഷിപ്പിക്കാൻ ഉപയോഗിക്കുമായിരുന്ന സരണിയായി വർത്തിച്ചോ? ഇല്ല. കാരണം, അവർ അപ്പോഴും വളർച്ചയുടെ കാലഘട്ടത്തിലായിരുന്നു. ആത്മീയഭക്ഷണം പ്രദാനംചെയ്യാനുള്ള ഒരു സരണി രൂപംകൊള്ളുന്നതേ ഉണ്ടായിരുന്നുള്ളൂ. സത്യക്രിസ്ത്യാനികളുടെ ഇടയിൽനിന്ന് കളസമാന അനുകരണക്രിസ്ത്യാനികളെ വേർതിരിക്കുന്ന സമയം അപ്പോഴും ആഗതമായിട്ടില്ലായിരുന്നു.
17. 1914-ൽ ഏതു പ്രധാനപ്പെട്ട സംഭവങ്ങൾ ചുരുൾനിവരാൻ തുടങ്ങി?
17 മുൻലേഖനത്തിൽ നാം പഠിച്ചതുപോലെ 1914-ൽ കൊയ്ത്തുകാലം ആരംഭിച്ചു. ആ വർഷം സുപ്രധാനമായ നിരവധി സംഭവങ്ങൾ ചുരുൾനിവരാൻ തുടങ്ങി. യേശു രാജാവായി സിംഹാസനസ്ഥനാകുകയും അന്ത്യകാലം ആരംഭിക്കുകയും ചെയ്തു. (വെളി. 11:15) 1914 മുതൽ 1919-ന്റെ ആരംഭംവരെയുള്ള കാലയളവിൽ, തന്റെ പിതാവിനോടൊപ്പം യേശു ആത്മീയാലയത്തിൽ അത്യന്തം അനിവാര്യമായിരുന്ന പരിശോധനയും ശുദ്ധീകരണവേലയും നിർവഹിച്ചു.f (മലാ. 3:1-4) തുടർന്ന്, 1919 മുതൽ ഗോതമ്പ് ശേഖരിച്ചുതുടങ്ങാനുള്ള സമയമായിരുന്നു. ആത്മീയഭക്ഷണം പ്രദാനംചെയ്യുന്നതിന് ഒരു സംഘടിതസരണിയെ നിയമിച്ചാക്കാനുള്ള സമയം അങ്ങനെ ഇപ്പോൾ വന്നെത്തിയോ? തീർച്ചയായും.
18. താൻ ഏതു നിയമനം നടത്തുമെന്നാണ് യേശു മുൻകൂട്ടിപ്പറഞ്ഞത്, അന്ത്യനാളുകൾ ആരംഭിച്ചതോടെ ഏതു സുപ്രധാനചോദ്യം ഉയർന്നുവന്നു?
18 അന്ത്യകാലത്തെക്കുറിച്ചുള്ള തന്റെ പ്രവചനത്തിൽ, “തക്കസമയത്ത് (ആത്മീയ) ഭക്ഷണം” കൊടുക്കുന്നതിന് ഒരു സരണിയെ താൻ നിയമിക്കും എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്താ. 24:45-47) അവൻ ഏതു സരണിയെ ഉപയോഗിക്കുമായിരുന്നു? ഒന്നാം നൂറ്റാണ്ടിൽ താൻ അവലംബിച്ച അതേ രീതിയിൽത്തന്നെ വീണ്ടും ഏതാനും പേരിലൂടെ അവൻ അനേകരെ പോഷിപ്പിക്കുമായിരുന്നു. എന്നാൽ അന്ത്യനാളുകൾ ആരംഭിച്ചതോടെ ഒരു സുപ്രധാനചോദ്യം ഉയർന്നുവന്നു: യേശു ഉപയോഗിക്കുന്ന ആ ഏതാനും പേർ ആരായിരിക്കും? ആ ചോദ്യവും യേശുവിന്റെ പ്രവചനത്തെക്കുറിച്ചുള്ള മറ്റു ചോദ്യങ്ങളും അടുത്ത ലേഖനത്തിൽ ചർച്ചചെയ്യും.
a ഖണ്ഡിക 3: (1) പിന്നീട് ഒരവസരത്തിൽ, സ്ത്രീകളും കുട്ടികളും 4,000 പുരുഷന്മാരും അടങ്ങുന്ന ഒരു ജനക്കൂട്ടത്തെ അത്ഭുതകരമായി പോഷിപ്പിച്ചപ്പോഴും യേശു ഭക്ഷണം “ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അത് ജനത്തിനു വിതരണം ചെയ്തു.”—മത്താ. 15:32-38.
b ഖണ്ഡിക 7: (2) പത്രോസിന്റെ ജീവിതകാലത്ത്, ആത്മീയപോഷണം ലഭിക്കുമായിരുന്ന ‘കുഞ്ഞാടുകൾ’ എല്ലാവരും സ്വർഗീയപ്രത്യാശ വെച്ചുപുലർത്തിയവരായിരുന്നു.
c ഖണ്ഡിക 8: (3) പുതിയ വിശ്വാസികൾ ‘ഉത്സാഹത്തോടെ അപ്പൊസ്തലന്മാരിൽനിന്നു പഠിച്ചുപോന്നു’ എന്ന വസ്തുത കാണിക്കുന്നത് അപ്പൊസ്തലന്മാർ ക്രമമായ അടിസ്ഥാനത്തിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു എന്നാണ്. അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകളിൽ ചിലത് ഇപ്പോൾ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഭാഗമായ നിശ്വസ്തപുസ്തകങ്ങളിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്നു.
d ഖണ്ഡിക 12: (4) അപ്പൊസ്തലന്മാർ അല്ലാത്തവർക്കും ആത്മാവിന്റെ അത്ഭുതവരങ്ങൾ ലഭിച്ചെങ്കിലും മിക്ക സാഹചര്യങ്ങളിലും അത് നേരിട്ട് ഏതെങ്കിലും ഒരു അപ്പൊസ്തലനിലൂടെയോ ഒരു അപ്പൊസ്തലന്റെ സാന്നിധ്യത്തിലോ കൈമാറപ്പെട്ടതായി കാണുന്നു.—പ്രവൃ. 8:14-18; 10:44, 45.
e ഖണ്ഡിക 13: (5) പ്രവൃത്തികൾ 20:29, 30-ലെ അപ്പൊസ്തലനായ പൗലോസിന്റെ വാക്കുകൾ കാണിക്കുന്നത് സഭ രണ്ട് വിഭാഗങ്ങളിൽനിന്നുള്ള കടന്നാക്രമണത്തിനു വിധേയമാകുമെന്നാണ്. ഒന്ന്, അനുകരണക്രിസ്ത്യാനികൾ (“കളകൾ”) സത്യക്രിസ്ത്യാനികളുടെ ‘ഇടയിലേക്കു കടക്കുമായിരുന്നു.’ രണ്ട്, സത്യക്രിസ്ത്യാനികളുടെ “ഇടയിൽനിന്നുതന്നെ” “ഉപദേശങ്ങളെ വളച്ചൊടിക്കുന്ന” ചില വിശ്വാസത്യാഗികൾ ഉണ്ടാകുമായിരുന്നു.
f ഖണ്ഡിക 17: (6) ഈ ലക്കത്തിലെതന്നെ, ‘ഞാനോ എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്’ എന്ന ലേഖനത്തിന്റെ 6-ാം ഖണ്ഡിക കാണുക, പേജ് 11.