അധ്യായം 41
ദൈവത്തിന്റെ ന്യായവിധിദിവസം—അതിന്റെ സന്തോഷകരമായ പരിണാമം!
ദർശനം 15 വെളിപ്പാടു 20:11-21:8
വിഷയം: പൊതു പുനരുത്ഥാനവും ന്യായവിധിദിവസവും പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും അനുഗ്രഹങ്ങളും
നിവൃത്തിയുടെ കാലം: ആയിരമാണ്ടു വാഴ്ച
1. (എ) ആദാമും ഹവ്വായും പാപം ചെയ്തപ്പോൾ മനുഷ്യവർഗത്തിന് എന്തു നഷ്ടമായി? (ബി) ദൈവത്തിന്റെ ഏതുദ്ദേശ്യത്തിനു മാററം വന്നില്ല, നാം എങ്ങനെ അറിയുന്നു?
മനുഷ്യരെന്നനിലയിൽ നാം എന്നേക്കും ജീവിക്കാനായി സൃഷ്ടിക്കപ്പെട്ടു. ആദാമും ഹവ്വായും ദൈവത്തിന്റെ കൽപ്പനകൾ അനുസരിച്ചിരുന്നെങ്കിൽ അവർ ഒരിക്കലും മരിക്കുകയില്ലായിരുന്നു. (ഉല്പത്തി 1:28; 2:8, 16, 17; സഭാപ്രസംഗി 3:10, 11) എന്നാൽ അവർ പാപം ചെയ്തപ്പോൾ അവർക്കും അവരുടെ സന്താനങ്ങൾക്കും പൂർണതയും ജീവനും നഷ്ടപ്പെട്ടു, ഒരു നിർദയനായ ശത്രുവെന്നനിലയിൽ മരണം മനുഷ്യവർഗത്തിൻമേൽ വാഴാൻ തുടങ്ങുകയും ചെയ്തു. (റോമർ 5:12, 14; 1 കൊരിന്ത്യർ 15:26) എന്നുവരികിലും, ഒരു പറുദീസാഭൂമിയിൽ പൂർണതയുളള മനുഷ്യർ എന്നേക്കും ജീവിക്കണമെന്ന ദൈവോദ്ദേശ്യത്തിനു മാററം വന്നില്ല. മനുഷ്യവർഗത്തോടുളള തന്റെ വലിയ സ്നേഹത്തിൽനിന്ന് അവൻ തന്റെ ഏകജാതപുത്രനായ യേശുവിനെ ഭൂമിയിലേക്ക് അയച്ചു. ആദാമിന്റെ സന്തതികളിൽ “അനേകർക്കു” വേണ്ടി അവൻ തന്റെ പൂർണമനുഷ്യജീവൻ ഒരു മറുവിലയായി നൽകി. (മത്തായി 20:28; യോഹന്നാൻ 3:16) യേശുവിന് ഇപ്പോൾ തന്റെ യാഗത്തിന്റെ ഈ നിയമപരമായ മൂല്യം, വിശ്വാസമുളള മനുഷ്യരെ ഒരു പറുദീസാഭൂമിയിലെ പൂർണതയുളള ജീവനിലേക്കു പുനഃസ്ഥിതീകരിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും. (1 പത്രൊസ് 3:18; 1 യോഹന്നാൻ 2:2) മനുഷ്യവർഗത്തിന് ‘ആനന്ദിച്ചു സന്തോഷിക്കുന്നതിന്’ എന്തു മഹത്തായ കാരണമാണുളളത്!—യെശയ്യാവു 25:8, 9.
2. യോഹന്നാൻ വെളിപാട് 20:11-ൽ എന്തു റിപ്പോർട്ടു ചെയ്യുന്നു, ‘വലിയ വെളളസിംഹാസനം’ എന്താണ്?
2 സാത്താനെ അഗാധത്തിൽ അടയ്ക്കുന്നതോടെ യേശുവിന്റെ മഹത്തായ ആയിരമാണ്ടു വാഴ്ച തുടങ്ങുന്നു. “താൻ നിയമിച്ച പുരുഷൻമുഖാന്തരം ലോകത്തെ നീതിയിൽ ന്യായംവിധിപ്പാൻ” ദൈവം ‘നിശ്ചയിച്ച ദിവസം’ ഇപ്പോൾ വന്നെത്തിയിരിക്കുന്നു. (പ്രവൃത്തികൾ 17:31; 2 പത്രൊസ് 3:8) യോഹന്നാൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഞാൻ വലിയോരു വെളളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.” (വെളിപ്പാടു 20:11) ഈ ‘വലിയ വെളളസിംഹാസനം’ എന്താണ്? അത് ‘എല്ലാവരുടെയും ന്യായാധിപതിയായ ദൈവത്തിന്റെ’ ന്യായവിധിക്കുളള ഇരിപ്പിടമല്ലാതെ മറെറാന്നും ആയിരിക്കാൻ കഴിയില്ല. (എബ്രായർ 12:23) യേശുവിന്റെ മറുവിലയാഗത്തിൽനിന്ന് ആർ പ്രയോജനം അനുഭവിക്കും എന്നതു സംബന്ധിച്ച് ഇപ്പോൾ അവൻ മനുഷ്യവർഗത്തെ ന്യായംവിധിക്കും.—മർക്കൊസ് 10:45.
3. (എ) ദൈവത്തിന്റെ സിംഹാസനം ‘വലിയതും’ ‘വെളളയും’ ആയി പറഞ്ഞിരിക്കുന്നുവെന്ന വസ്തുത എന്തിനെ സൂചിപ്പിക്കുന്നു? (ബി) ന്യായവിധിദിവസത്തിൽ വിധിനടത്തുന്നതാര്, എന്തിന്റെ അടിസ്ഥാനത്തിൽ?
3 ദൈവത്തിന്റെ സിംഹാസനം ‘വലിയതാണ്’, പരമാധികാരിയാം കർത്താവെന്ന നിലയിൽ യഹോവയുടെ പ്രതാപത്തെ ഊന്നിപ്പറയുന്നതുതന്നെ. അവന്റെ അന്യൂനമായ നീതിയിലേക്ക് ശ്രദ്ധക്ഷണിക്കുമാറ് അതു ‘വെളളയുമാണ്’. അവൻ മനുഷ്യവർഗത്തിന്റെ അന്തിമ ന്യായാധിപനാണ്. (സങ്കീർത്തനം 19:7-11; യെശയ്യാവു 33:22; 51:5, 8) എന്നിരുന്നാലും അവൻ ന്യായവിധി വേല യേശുക്രിസ്തുവിനെ ഏൽപ്പിച്ചിരിക്കുന്നു: “പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹന്നാൻ 5:22) യേശുവിനോടുകൂടെ അവന്റെ 1,44,000 കൂട്ടാളികളും ഉണ്ട്, അവർക്ക് ‘ആയിരം വർഷത്തേക്ക്’ “ന്യായവിധിയുടെ അധികാരം കൊടുത്തു”. (വെളിപ്പാടു 20:4) അങ്ങനെയാണെങ്കിലും, ഓരോ വ്യക്തിക്കും ന്യായവിധിദിവസത്തിൽ എന്തു സംഭവിക്കുമെന്നു നിർണയിക്കുന്നത് യഹോവയുടെ നിലവാരങ്ങളാണ്.
4. “ഭൂമിയും ആകാശവും ഓടിപ്പോയി” എന്നതിനാൽ എന്തർഥമാക്കുന്നു?
4 “ഭൂമിയും ആകാശവും ഓടിപ്പോയ”ത് എങ്ങനെയാണ്? ഇത് ആറാം മുദ്രയുടെ തുറക്കലിൽ ഒരു ചുരുൾപോലെ നീക്കപ്പെട്ട അതേ ആകാശംതന്നെയാണ്—“തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുളള ദിവസത്തേക്കു കാത്തുമിരിക്കുന്ന” മനുഷ്യഭരണാധികാരങ്ങൾ തന്നെ. (വെളിപ്പാടു 6:14; 2 പത്രൊസ് 3:7) ഭൂമി ഈ ഭരണത്തിൻകീഴിൽ സ്ഥിതിചെയ്യുന്ന സംഘടിത വ്യവസ്ഥിതിയാണ്. (വെളിപ്പാടു 8:7) ഈ ആകാശത്തിന്റെയും ഭൂമിയുടെയും ഓടിപ്പോക്ക്, കാട്ടുമൃഗത്തിന്റെയും ഭൂമിയിലെ രാജാക്കൻമാരുടെയും അവരുടെ സൈന്യങ്ങളുടെയും അവരോടൊപ്പം കാട്ടുമൃഗത്തിന്റെ അടയാളം സ്വീകരിച്ചവരുടെയും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുടെയും നാശത്തെ കുറിക്കുന്നു. (വെളിപ്പാടു 19:19-21) സാത്താന്റേതായ ഭൂമിയുടെയും ആകാശത്തിന്റെയും മേൽ ന്യായവിധി നടപ്പാക്കിയ ശേഷം വലിയ ന്യായാധിപതി മറെറാരു ന്യായവിധിദിവസം പ്രഖ്യാപിക്കുന്നു.
ആയിരംവർഷ ന്യായവിധിദിവസം
5. പഴയ ആകാശവും പഴയ ഭൂമിയും ഓടിപ്പോയശേഷം ന്യായം വിധിക്കപ്പെടാൻ അവശേഷിക്കുന്നവർ ആരാണ്?
5 പഴയ ആകാശവും പഴയ ഭൂമിയും ഓടിപ്പോയശേഷം ന്യായം വിധിക്കപ്പെടാൻ അവശേഷിക്കുന്നവർ ആരാണ്? അഭിഷിക്തരായ 1,44,000-ത്തിന്റെ ശേഷിപ്പല്ല, എന്തെന്നാൽ ഇവർ ന്യായം വിധിക്കപ്പെട്ടു മുദ്രയേററു കഴിഞ്ഞവരാണ്. ഇവരിൽ അർമഗെദോനുശേഷം വീണ്ടും ഭൂമിയിൽ ജീവിച്ചിരിക്കുന്നവർ അധികം താമസിയാതെ മരിക്കുകയും പുനരുത്ഥാനത്താൽ അവരുടെ സ്വർഗീയ പ്രതിഫലം പ്രാപിക്കുകയും വേണം. (1 പത്രൊസ് 4:17; വെളിപ്പാടു 7:2-4) എന്നിരുന്നാലും, ഇപ്പോൾ മഹോപദ്രവത്തിൽനിന്നു പുറത്തുവന്നിരിക്കുന്ന ലക്ഷങ്ങൾ വരുന്ന മഹാപുരുഷാരം ‘സിംഹാസനത്തിന്നു മുമ്പാകെ’ തങ്ങളെ വ്യക്തമായി കാണാനാകുമാറു നിലകൊളളുന്നു. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുളള വിശ്വാസം നിമിത്തം ഇവർ അതിജീവനത്തിനുവേണ്ടി നീതിമാൻമാരായി എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു, എന്നാൽ യേശു അവരെ “ജീവജലത്തിന്റെ ഉറവുകളിലേക്കു” നയിക്കുന്ന ആയിരം വർഷത്തിലുടനീളം അവരുടെ ന്യായവിധി തുടരേണ്ടിയിരിക്കുന്നു. അപ്പോൾ മനുഷ്യപൂർണതയിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുകയും അനന്തരം പരിശോധിക്കപ്പെടുകയും ചെയ്തശേഷം പൂർണ അർഥത്തിൽ അവർ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടും. (വെളിപ്പാടു 7:9, 10, 14, 17) മഹോപദ്രവത്തെ അതിജീവിക്കുന്ന കുട്ടികളും സഹസ്രാബ്ദത്തിൽ മഹാപുരുഷാരത്തിനു ജനിച്ചേക്കാവുന്ന കുട്ടികളും അതുപോലെതന്നെ ആയിരം വർഷക്കാലത്തു ന്യായം വിധിക്കപ്പെടേണ്ട ആവശ്യം വരും.—താരതമ്യം ചെയ്യുക: ഉല്പത്തി 1:28; 9:7; 1 കൊരിന്ത്യർ 7:14.
6. (എ) യോഹന്നാൻ ഏതു കൂട്ടത്തെ കാണുന്നു, “ചെറിയവരും വലിയവരും” എന്ന പദങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു? (ബി) നിസ്സംശയമായും ദൈവത്തിന്റെ ഓർമയിലുളള നിരവധി ലക്ഷങ്ങൾ എങ്ങനെ പുറത്തുകൊണ്ടുവരപ്പെടും?
6 എന്നിരുന്നാലും, അതിജീവിക്കുന്ന മഹാപുരുഷാരത്തെക്കാൾ വളരെ ബഹുലമായ ഒരു ജനക്കൂട്ടത്തെ യോഹന്നാൻ കാണുന്നു. അതു ശതകോടിക്കണക്കിനുണ്ടാകും! “മരിച്ചവർ ചെറിയവരും വലിയവരും സിംഹാസനത്തിനുമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു, ചുരുളുകൾ തുറക്കപ്പെട്ടു.” (വെളിപാട് 20:12എ, NW) “ചെറിയവരും വലിയവരും” എന്നതിൽ കഴിഞ്ഞ 6,000 വർഷങ്ങളായി ഈ ഭൂമിയിൽ ജീവിച്ചു മരിച്ചുപോയ പ്രധാനികളും അപ്രധാനികളും ഉൾപ്പെടുന്നു. വെളിപാടിനുശേഷം ഉടനെ യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ, യേശു പിതാവിനെക്കുറിച്ചു പറഞ്ഞു: “അവൻ അവനു [യേശുവിന്] മനുഷ്യപുത്രനായതുകൊണ്ടു ന്യായവിധി നടത്താനുളള അധികാരം നൽകിയിരിക്കുന്നു. ഇതിൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരകക്കല്ലറകളിലുളള എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരാനുളള നാഴികവരുന്നു.” (യോഹന്നാൻ 5:27-29, NW) എന്തൊരു ബൃഹത്തായ പദ്ധതി—മനുഷ്യചരിത്രത്തിലെല്ലാം നടന്നിട്ടുളള മരണങ്ങളുടെയും ശവസംസ്കാരങ്ങളുടെയും കെട്ടഴിക്കൽ! ദൈവത്തിന്റെ ഓർമയിലുളള എണ്ണമററ ആ ലക്ഷങ്ങൾ പടിപടിയായി പുറത്തുകൊണ്ടുവരപ്പെടും, പുനരുത്ഥാനം പ്രാപിച്ചുവരുന്നവർ അവരുടെ പഴയ ജീവിതരീതി അതിന്റെ ജഡികബലഹീനതകളോടും മനോഭാവങ്ങളോടും കൂടെ തുടരാൻ ആദ്യം ചായ്വു കാണിച്ചേക്കാമെന്നുളളതുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ താരതമ്യേന ചുരുക്കമായ മഹാപുരുഷാരത്തിനു കഴിയേണ്ടതിനുതന്നെ.
ഉയിർപ്പിക്കപ്പെട്ടു ന്യായം വിധിക്കപ്പെടുന്നതാർ?
7, 8. (എ) ഏതു ചുരുൾ തുറക്കപ്പെടുന്നു, അതിനുശേഷം എന്തു സംഭവിക്കുന്നു? (ബി) ആർക്കു പുനരുത്ഥാനം ഉണ്ടാവുകയില്ല?
7 യോഹന്നാൻ കൂട്ടിച്ചേർക്കുന്നു: “എന്നാൽ മറെറാരു ചുരുൾ തുറക്കപ്പെട്ടു; അതു ജീവന്റെ ചുരുൾ ആണ്. ചുരുളുകളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവർ അവരുടെ പ്രവൃത്തികളനുസരിച്ചു ന്യായം വിധിക്കപ്പെട്ടു. സമുദ്രം അതിലുളള മരിച്ചവരെ വിട്ടുകൊടുത്തു, മരണവും ഹേഡീസും അവയിലുളള മരിച്ചവരെ വിട്ടുകൊടുത്തു, അവർ തങ്ങളുടെ പ്രവൃത്തികളനുസരിച്ചു വ്യക്തിപരമായി ന്യായം വിധിക്കപ്പെട്ടു.” (വെളിപാട് 20:12ബി, 13, NW) വാസ്തവത്തിൽ അത്ഭുതസ്തബ്ധരാക്കുന്ന ഒരു കാഴ്ചതന്നെ! ‘സമുദ്രവും മരണവും ഹേഡീസും’ അതാതിന്റെ പങ്കുവഹിക്കുന്നു, എന്നാൽ ഈ പദങ്ങൾ പൂർണമായി ഒന്നോടൊന്നു വേറിട്ടു നിൽക്കുന്നവയല്ലെന്നു കുറിക്കൊളളുക.a യോനാ ഒരു മത്സ്യത്തിന്റെ വയററിൽ അകപ്പെട്ട് അങ്ങനെ സമുദ്രമധ്യത്തിൽ ആയിരുന്നപ്പോൾ താൻ ഷീയോളിൽ അഥവാ ഹേഡീസിൽ ആയിരിക്കുന്നതായി പറഞ്ഞു. (യോനാ 2:2) ഒരു വ്യക്തി ആദാമ്യമരണത്തിന്റെ പിടിയിൽ അമർന്നിരിക്കയാണെങ്കിൽ സാധ്യതയനുസരിച്ച് അയാളും ഹേഡീസിലാണ്. ആരും അവഗണിക്കപ്പെടുകയില്ലെന്ന് ഈ പ്രവാചക വാക്കുകൾ ശക്തമായ ഉറപ്പു നൽകുന്നു.
8 തീർച്ചയായും പുനരുത്ഥാനം പ്രാപിക്കുകയില്ലാത്ത ഒരു അജ്ഞാത സംഖ്യയുണ്ട്. ഇവരിൽ യേശുവിനെയും അപ്പോസ്തലൻമാരെയും തിരസ്കരിച്ച അനുതാപമില്ലാഞ്ഞ ശാസ്ത്രിമാരും പരീശൻമാരും മതപരമായ “അധർമ്മമൂർത്തി”യും “പിൻമാറിപ്പോയ” അഭിഷിക്ത ക്രിസ്ത്യാനികളും ഉൾപ്പെടും. (2 തെസ്സലൊനീക്യർ 2:3; എബ്രായർ 6:4-6; മത്തായി 23:29-33) ലോകാവസാനത്തിൽ “പിശാചിന്നും അവന്റെ ദൂതൻമാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു”, അതായതു “നിത്യഛേദനത്തിലേക്കു” പോകുന്ന കോലാടുതുല്യരായ ആളുകളെക്കുറിച്ചും യേശു സംസാരിച്ചു. (മത്തായി 25:41, 46, NW) ഇവർക്കു പുനരുത്ഥാനമില്ല!
9. പുനരുത്ഥാനത്തിൽ ചിലർക്കു പ്രത്യേക പ്രീതി ലഭിക്കുമെന്ന് അപ്പോസ്തലനായ പൗലോസ് സൂചിപ്പിക്കുന്നതെങ്ങനെ, ഇവരിൽ ആർ ഉൾപ്പെടുന്നു?
9 നേരേമറിച്ച്, പുനരുത്ഥാനത്തിൽ ചിലർക്കു പ്രത്യേക പ്രീതി ലഭിക്കും. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞപ്പോൾ ഇതു സൂചിപ്പിച്ചു: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.” (പ്രവൃത്തികൾ 24:15) ഭൗമിക പുനരുത്ഥാനത്തിന്റെ സംഗതിയിൽ, ‘നീതിമാൻമാരിൽ’—അബ്രഹാമിനെയും രാഹാബിനെയും മററനേകരെയും പോലെ—ദൈവത്തോടുളള സൗഹൃദം സംബന്ധിച്ചു നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ട പുരാതനകാലത്തെ വിശ്വസ്ത സ്ത്രീപുരുഷൻമാർ ഉൾപ്പെടും. (യാക്കോബ് 2:21, 23, 25) ആധുനിക കാലത്ത് യഹോവയോടുളള വിശ്വസ്തതയിൽ മരിച്ച നീതിമാൻമാരായ വേറെ ആടുകളും അതേ കൂട്ടത്തിൽ ഉൾപ്പെടും. അത്തരം നിർമലതാപാലകരെല്ലാം സാധ്യതയനുസരിച്ചു സഹസ്രാബ്ദവാഴ്ചയുടെ ആദ്യഘട്ടത്തിൽ ഉയിർപ്പിക്കപ്പെടും. (ഇയ്യോബ് 14:13-15; 27:5; ദാനീയേൽ 12:13; എബ്രായർ 11:35, 39, 40) പറുദീസയിലെ വമ്പിച്ച പുനഃസ്ഥിതീകരണവേലക്കു മേൽനോട്ടം വഹിക്കുന്നതിൽ പ്രത്യേക പദവികൾ പുനരുത്ഥാനം പ്രാപിക്കുന്ന ഈ നീതിമാൻമാരിൽ അനേകർക്കു നിയമിച്ചു കൊടുക്കുമെന്നുളളതിനു സംശയമില്ല.—സങ്കീർത്തനം 45:16; താരതമ്യം ചെയ്യുക: യെശയ്യാവു 32:1, 16-18; 61:5; 65:21-23.
10. പുനരുത്ഥാനം പ്രാപിക്കേണ്ടവരിൽ ‘നീതികെട്ടവർ’ ആരാണ്?
10 എങ്കിലും, പ്രവൃത്തികൾ 24:15-ൽ പരാമർശിച്ചിരിക്കുന്ന ‘നീതികെട്ടവർ’ ആരാണ്? ഇവരിൽ ചരിത്രത്തിലുടനീളം മരിച്ചുപോയിട്ടുളള, വിശേഷിച്ചും ‘അജ്ഞതയുടെ കാലത്ത്’ ജീവിച്ചിരുന്ന വലിയ മനുഷ്യവർഗസമൂഹങ്ങൾ ഉൾപ്പെടും. (പ്രവൃത്തികൾ 17:30) ഇവർക്ക്, അവർ ജനിച്ച സ്ഥലമോ അവർ ജീവിച്ചിരുന്ന കാലഘട്ടമോ നിമിത്തം യഹോവയുടെ ഇഷ്ടത്തോടുളള അനുസരണം പഠിക്കാൻ അവസരം ലഭിച്ചില്ല. അതിനുപുറമേ, രക്ഷയുടെ ദൂതു കേട്ടെങ്കിലും ആ സമയത്തു പൂർണമായി പ്രതികരിക്കാഞ്ഞവർ, അല്ലെങ്കിൽ സമർപ്പണവും സ്നാപനവും വരെ പുരോഗമിക്കുന്നതിനുമുമ്പ് മരിച്ചുപോയവർ ഉണ്ടായിരുന്നേക്കാം. പുനരുത്ഥാനത്തിൽ, നിത്യജീവൻ നേടാനുളള ഈ അവസരത്തിൽനിന്നു പ്രയോജനം നേടണമെങ്കിൽ അത്തരക്കാർ അവരുടെ ചിന്താഗതിയിലും ജീവിതരീതിയിലും കൂടുതലായ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടാകും.
ജീവന്റെ ചുരുൾ
11. (എ) “ജീവന്റെ ചുരുൾ” എന്താണ്, ആരുടെ പേരുകൾ ഈ ചുരുളിൽ എഴുതപ്പെടുന്നു? (ബി) ജീവന്റെ ചുരുൾ ആയിരമാണ്ടു വാഴ്ചക്കാലത്ത് തുറക്കപ്പെടുന്നതെന്തുകൊണ്ട്?
11 യോഹന്നാൻ ‘ജീവന്റെ ചുരുളി’നെക്കുറിച്ചു സംസാരിക്കുന്നു. ഇത് യഹോവയിൽനിന്നു നിത്യജീവൻ പ്രാപിക്കാൻ അർഹതയുളളവരുടെ രേഖയാണ്. യേശുവിന്റെ അഭിഷിക്ത സഹോദരൻമാരുടെയും മഹാപുരുഷാരത്തിന്റെയും മോശയെപ്പോലുളള പുരാതനകാലത്തെ വിശ്വസ്തമനുഷ്യരുടെയും പേരുകൾ ഈ ചുരുളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (പുറപ്പാടു 32:32, 33; ദാനീയേൽ 12:1; വെളിപ്പാടു 3:5) പുനരുത്ഥാനം പ്രാപിച്ച ‘നീതികെട്ടവരിൽ’ ആരുടെയും പേര് ആ സമയംവരെ ഈ ജീവന്റെ ചുരുളിൽ ഇല്ല. അതുകൊണ്ട് യോഗ്യത പ്രാപിക്കാനിടയാകുന്ന മററുളളവരുടെ പേരുകളും എഴുതുന്നതിനുവേണ്ടി ആയിരമാണ്ടു വാഴ്ചക്കാലത്തു ജീവന്റെ ചുരുൾ തുറക്കപ്പെടും. ജീവന്റെ ചുരുളിൽ അഥവാ പുസ്തകത്തിൽ പേർ എഴുതപ്പെടാത്തവരെ ‘തീപ്പൊയ്കയിലേക്ക് തളളിയിടു’ന്നു.—വെളിപ്പാടു 20:15; താരതമ്യംചെയ്യുക: എബ്രായർ 3:19.
12. തുറക്കപ്പെട്ട ജീവന്റെ ചുരുളിൽ ഒരു വ്യക്തിയുടെ പേര് എഴുതപ്പെടുമോയെന്ന് എന്തു നിശ്ചയിക്കും, യഹോവയുടെ നിയമിത ന്യായാധിപതി എങ്ങനെ ദൃഷ്ടാന്തം വെച്ചു?
12 അപ്പോൾ, തുറക്കപ്പെട്ട ജീവന്റെ ചുരുളിൽ ആ സമയത്ത് ഒരു വ്യക്തിയുടെ പേര് എഴുതപ്പെടുമോയെന്ന് എന്തു നിശ്ചയിക്കും? മുഖ്യ ഘടകം ആദാമിന്റെയും ഹവ്വായുടെയും നാളുകളിൽ ഉണ്ടായിരുന്നതുതന്നെയായിരിക്കും: യഹോവയോടുളള അനുസരണം. അപ്പോസ്തലനായ യോഹന്നാൻ പ്രിയപ്പെട്ട സഹക്രിസ്ത്യാനികൾക്ക് എഴുതിയതുപോലെ: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്. [1 യോഹന്നാൻ 2:4-7, 17]) അനുസരണത്തിന്റെ സംഗതിയിൽ യഹോവയുടെ നിയമിത ന്യായാധിപതി ദൃഷ്ടാന്തം വെച്ചു: “[യേശു] പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.”—എബ്രായർ 5:8, 9.
മററു ചുരുളുകൾ തുറക്കുന്നു
13. പുനരുത്ഥാനം പ്രാപിക്കുന്നവർ എങ്ങനെ തങ്ങളുടെ അനുസരണം പ്രകടമാക്കണം, അവർ ഏതു പ്രമാണങ്ങൾ പിൻപററണം?
13 പുനരുത്ഥാനം പ്രാപിക്കുന്ന ഇവർ എങ്ങനെ തങ്ങളുടെ അനുസരണം പ്രകടമാക്കണം? യേശുതന്നെ വലിയ രണ്ടു കൽപ്പനകൾ ചൂണ്ടിക്കാണിച്ചു, ഇപ്രകാരം പറഞ്ഞുകൊണ്ട്: “ഒന്നാമത്തേത് ഇതാകുന്നു, ‘ഇസ്രായേലേ കേൾക്ക, നമ്മുടെ ദൈവമായ യഹോവ ഏക യഹോവയാകുന്നു. നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.’ രണ്ടാമത്തേത് ഇതാകുന്നു, ‘നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’” (മർക്കോസ് 12:29-31, NW) മോഷണവും നുണയും കൊലപാതകവും ദുർമാർഗവും ഒഴിവാക്കുന്നതുപോലെ അവർ പിൻപറേറണ്ട യഹോവയുടെ സുസ്ഥാപിതമായ പ്രമാണങ്ങളും ഉണ്ട്.—1 തിമൊഥെയോസ് 1:8-11; വെളിപ്പാടു 21:8.
14. മററ് ഏതു ചുരുളുകൾ തുറക്കപ്പെടുന്നു, അവയിൽ എന്തടങ്ങുന്നു?
14 എന്നിരുന്നാലും, സഹസ്രാബ്ദ വാഴ്ചക്കാലത്ത് തുറക്കപ്പെടുന്ന മററു ചുരുളുകളെ യോഹന്നാൻ പരാമർശിച്ചുകഴിഞ്ഞതേയുളളൂ. (വെളിപ്പാടു 20:12) ഇവ എന്തായിരിക്കും? ചിലപ്പോഴെല്ലാം യഹോവ പ്രത്യേക സാഹചര്യങ്ങളിലേക്കു നിഷ്കൃഷ്ടമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, മോശയുടെ നാളിൽ അവൻ ഇസ്രായേല്യർക്ക്, അവർ അനുസരിക്കുന്നെങ്കിൽ ജീവനെ അർഥമാക്കുന്ന നിയമങ്ങളുടെ വിശദമായ ഒരു പരമ്പര നൽകി. (ആവർത്തനപുസ്തകം 4:40; 32:45-47) ഒന്നാം നൂററാണ്ടിൽ, ക്രിസ്തീയവ്യവസ്ഥിതിയിലെ യഹോവയുടെ പ്രമാണങ്ങൾ പിൻപററാൻ വിശ്വസ്തരെ സഹായിക്കുന്നതിനു പുതിയ നിർദേശങ്ങൾ നൽകപ്പെട്ടു. (മത്തായി 28:19, 20; യോഹന്നാൻ 13:34; 15:9, 10) മരിച്ചവർ “ചുരുളുകളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം . . . അവരുടെ പ്രവൃത്തികളനുസരിച്ചു ന്യായം വിധിക്ക”പ്പെടുന്നതായി യോഹന്നാൻ ഇപ്പോൾ റിപ്പോർട്ടുചെയ്യുന്നു. അപ്പോൾ തെളിവനുസരിച്ച്, ഈ ചുരുളുകളുടെ തുറക്കൽ, ആയിരവർഷക്കാലത്തു മനുഷ്യവർഗത്തിനുവേണ്ടിയുളള യഹോവയുടെ വിശദമായ വ്യവസ്ഥകൾ പ്രസിദ്ധമാക്കും. ആ ചുരുളുകളിലെ ചട്ടങ്ങളും കൽപ്പനകളും തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുന്നതിനാൽ അനുസരണമുളള മനുഷ്യർക്കു തങ്ങളുടെ നാളുകൾ ദീർഘിപ്പിക്കാനും ഒടുവിൽ നിത്യജീവൻ പ്രാപിക്കാനും കഴിയും.
15. പുനരുത്ഥാനകാലത്ത് ഏതുതരം വിദ്യാഭ്യാസപ്രസ്ഥാനം ആവശ്യമായിരിക്കും, സാധ്യതയനുസരിച്ചു പുനരുത്ഥാനം എങ്ങനെ നടക്കും?
15 ദിവ്യാധിപത്യ വിദ്യാഭ്യാസത്തിന്റെ എത്ര വിപുലമായ ഒരു പ്രസ്ഥാനം ആവശ്യമായിരിക്കും! യഹോവയുടെ സാക്ഷികൾ 1993-ൽ ലോകവ്യാപകമായി വിവിധ സ്ഥലങ്ങളിൽ 45,00,000-ത്തിലധികം ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ പുനരുത്ഥാനകാലത്തു നിസ്സംശയമായും ബൈബിളിനെയും പുതിയ ചുരുളുകളെയും അടിസ്ഥാനമാക്കി നിരവധി ലക്ഷക്കണക്കിന് അധ്യയനങ്ങൾ നടത്തപ്പെടും! ദൈവജനങ്ങളെല്ലാം ഉപദേഷ്ടാക്കളായിത്തീർന്നുകൊണ്ട് കഠിനപ്രയത്നം ചെയ്യേണ്ടിവരും. പുരോഗതി പ്രാപിക്കുമ്പോൾ, പുനരുത്ഥാനം പ്രാപിക്കുന്നവരും സംശയമെന്യെ ഈ വിപുലമായ പഠിപ്പിക്കൽ പരിപാടിയിൽ പങ്കെടുക്കും. ജീവിച്ചിരിക്കുന്നവർക്കു മുൻകുടുംബാംഗങ്ങളെയും പരിചയക്കാരെയും സ്വാഗതം ചെയ്യുന്നതിന്റെയും പഠിപ്പിക്കുന്നതിന്റെയും സന്തോഷം ഉണ്ടായിരിക്കാൻ കഴിയുന്ന ഒരു വിധത്തിൽ പുനരുത്ഥാനം നടക്കാനാണു സാധ്യത; തുടർന്ന് അവർ മററുളളവരെ സ്വാഗതം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യും. (താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 15:19-28, 58.) ഇന്നു സത്യം പ്രചരിപ്പിക്കുന്നതിൽ കർമനിരതരായിരിക്കുന്ന 40 ലക്ഷത്തിലധികം സാക്ഷികൾ പുനരുത്ഥാനത്തിൽ ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്ന പദവികൾക്കായി ഒരു നല്ല അടിസ്ഥാനം ഇടുകയാണ്.—യെശയ്യാവു 50:4; 54:13.
16. (എ) ജീവന്റെ ചുരുളിൽ അഥവാ പുസ്തകത്തിൽ ആരുടെ പേര് എഴുതപ്പെടുകയില്ല? (ബി) ആരുടേത് “ജീവന്റെ” പുനരുത്ഥാനം എന്നു തെളിയുന്നുവോ അവർ ആരാണ്?
16 ഭൗമിക പുനരുത്ഥാനത്തെ സംബന്ധിച്ച്, ‘നല്ല കാര്യങ്ങൾ ചെയ്തവർ ഒരു ജീവന്റെ പുനരുത്ഥാനത്തിനായും ഹീനകാര്യങ്ങൾ പതിവായി ചെയ്തവർ ഒരു ന്യായവിധിയുടെ പുനരുത്ഥാനത്തിനായും പുറത്തുവരുന്ന’തായി യേശു പറഞ്ഞു. ഇവിടെ ‘ജീവനും’ ‘ന്യായവിധിയും’ അന്യോന്യം വിപരീതമാണ്, നിശ്വസ്തതിരുവെഴുത്തുകളിൽനിന്നും ചുരുളുകളിൽനിന്നും പ്രബോധിപ്പിക്കപ്പെട്ടശേഷം “ഹീനകാര്യങ്ങൾ പതിവായി ചെയ്ത” പുനരുത്ഥാനം പ്രാപിച്ചവർ ജീവന് അയോഗ്യരായി വിധിക്കപ്പെടുന്നുവെന്ന് ഇതു പ്രകടമാക്കുന്നു. അവരുടെ പേരുകൾ ജീവന്റെ ചുരുളിൽ അഥവാ പുസ്തകത്തിൽ എഴുതപ്പെടുകയില്ല. (യോഹന്നാൻ 5:29, NW) മുമ്പു വിശ്വസ്തഗതിയിൽ നടന്നിരുന്നവരും ഏതെങ്കിലും കാരണത്താൽ ആയിരമാണ്ടു വാഴ്ചക്കാലത്തു വ്യതിചലിച്ചുപോകുന്നവരും ആയ ആരെസംബന്ധിച്ചും ഇതുതന്നെ സത്യമായിരിക്കും. പേരുകൾ മായിച്ചുകളയാൻ കഴിയും. (പുറപ്പാടു 32:32, 33) നേരേമറിച്ച്, അനുസരണപൂർവം ചുരുളുകളിൽ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾ പിൻപററുന്നവർ അവരുടെ പേരുകൾ രേഖയിൽ, ജീവന്റെ ചുരുളിൽ നിലനിർത്തുകയും തുടർന്നു ജീവിച്ചിരിക്കുകയും ചെയ്യും. അവരെ സംബന്ധിച്ചടത്തോളം അതു “ജീവന്റെ” പുനരുത്ഥാനമെന്നു തെളിയും.
മരണത്തിന്റെയും ഹേഡീസിന്റെയും അവസാനം
17. (എ) യോഹന്നാൻ അത്ഭുതകരമായ ഏതു നടപടി വർണിക്കുന്നു? (ബി) ഹേഡീസ് എപ്പോൾ ശൂന്യമാക്കപ്പെടുന്നു? (സി) ആദാമ്യമരണം എപ്പോൾ “തീത്തടാകത്തിലേക്ക് എറിയപ്പെ”ടും?
17 അടുത്തതായി യോഹന്നാൻ വാസ്തവത്തിൽ അത്ഭുതകരമായ ചിലതു വർണിക്കുന്നു! “മരണവും ഹേഡീസും തീത്തടാകത്തിലേക്ക് എറിയപ്പെട്ടു. ഇതു രണ്ടാം മരണത്തെ അർഥമാക്കുന്നു, തീത്തടാകംതന്നെ. അതിനുപുറമേ, ജീവപുസ്തകത്തിൽ പേർ എഴുതിക്കാണാത്ത ഏവനും തീത്തടാകത്തിലേക്ക് എറിയപ്പെട്ടു.” (വെളിപാട് 20:14, 15, NW) സഹസ്രാബ്ദ ന്യായവിധിദിവസത്തിന്റെ അവസാനം ആകുമ്പോഴേക്കും “മരണവും ഹേഡീസും” പൂർണമായി നീക്കം ചെയ്യപ്പെടുന്നു. ഇതിന് ഒരു ആയിരം വർഷം എടുക്കുന്നതെന്തിന്? മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയായ ഹേഡീസ്, ദൈവത്തിന്റെ ഓർമയിലുളള അവസാനത്തെയാൾ പുനരുത്ഥാനപ്പെട്ടു കഴിയുമ്പോൾ ശൂന്യമാക്കപ്പെടുന്നു. എന്നാൽ അവകാശപ്പെടുത്തിയ പാപം ഏതെങ്കിലും മനുഷ്യരെ കളങ്കപ്പെടുത്തുന്നിടത്തോളം കാലം ആദാമ്യമരണം അപ്പോഴും അവരോടൊത്തു സ്ഥിതിചെയ്യുന്നു. ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിക്കുന്ന എല്ലാവരും അതുപോലെതന്നെ അർമഗെദോനെ അതിജീവിക്കുന്ന മഹാപുരുഷാരവും, രോഗവും വാർധക്യവും അവകാശപ്പെടുത്തിയ മററു ബലഹീനതകളും പൂർണമായി നീക്കം ചെയ്യുന്നതിന് യേശുവിന്റെ മറുവിലയുടെ മൂല്യം പ്രയോഗിക്കുന്നതു വരെ ചുരുളുകളിൽ എഴുതിയിരിക്കുന്നത് അനുസരിക്കേണ്ടതാവശ്യമായി വരും. അപ്പോൾ ആദാമ്യമരണം ഹേഡീസിനോടൊപ്പം “തീത്തടാകത്തിലേക്ക് എറിയ”പ്പെടുന്നു. അവ എന്നെന്നേക്കുമായി പൊയ്പോയിരിക്കും!
18. (എ) രാജാവെന്നനിലയിൽ യേശുവിന്റെ പ്രവർത്തനത്തിന്റെ വിജയത്തെ അപ്പോസ്തലനായ പൗലോസ് വർണിക്കുന്നതെങ്ങനെ? (ബി) പൂർണരാക്കപ്പെട്ട മനുഷ്യകുടുംബത്തെ യേശു എന്തു ചെയ്യുന്നു? (സി) ആയിരം വർഷത്തിന്റെ അവസാനം മറേറതു കാര്യങ്ങൾ സംഭവിക്കുന്നു?
18 അങ്ങനെ, കൊരിന്ത്യർക്കുളള ലേഖനത്തിൽ അപ്പോസ്തലനായ പൗലോസ് വർണിക്കുന്ന കാര്യപരിപാടി പൂർത്തിയാകും: “അവൻ [യേശു] സകലശത്രുക്കളെയും അവന്റെ കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു [ആദാമ്യ] മരണം നീങ്ങിപ്പോകും.” അടുത്തതായി എന്തു സംഭവിക്കുന്നു? “അവന്നു സകലവും കീഴ്പ്പെട്ടുവന്നശേഷം . . . പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പ്പെട്ടിരിക്കും.” മററു വാക്കുകളിൽ പറഞ്ഞാൽ യേശു “രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കു”ന്നു. (1 കൊരിന്ത്യർ 15:24-28) അതെ, തന്റെ മറുവിലയാഗത്തിന്റെ മൂല്യം മുഖാന്തരം ആദാമ്യമരണത്തെ ജയിച്ചടക്കിയ യേശു പൂർണരാക്കപ്പെട്ട ഒരു മനുഷ്യകുടുംബത്തെ തന്റെ പിതാവായ യഹോവക്കു കൈമാറും. പ്രത്യക്ഷത്തിൽ, ആയിരം വർഷത്തിന്റെ അവസാനം സാത്താനെ അഴിച്ചുവിടുന്നതും ജീവന്റെ ചുരുളിൽ ആരുടെ പേരുകൾ സ്ഥിരമായി നിലനിൽക്കുമെന്നു തീരുമാനിക്കുന്നതിന് അന്തിമ പരിശോധന നടക്കുന്നതും ഈ സമയത്താണ്. നിങ്ങളുടെ പേര് അവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കുന്നതിനു “തീവ്രയത്നം ചെയ്യുക”!—ലൂക്കോസ് 13:24, NW; വെളിപ്പാടു 20:5.
[അടിക്കുറിപ്പുകൾ]
a സമുദ്രത്തിൽനിന്നു പുനരുത്ഥാനം പ്രാപിക്കുന്നവരിൽ നോഹയുടെ നാളിലെ പ്രളയത്തിൽ നശിച്ചുപോയ ദുഷിച്ച ഭൂവാസികൾ ഉൾപ്പെടുകയില്ല; മഹോപദ്രവത്തിലെ യഹോവയുടെ ന്യായവിധി നിർവഹണംപോലെ, ആ നാശം അന്തിമമായിരുന്നു.—മത്തായി 25:41, 46; 2 പത്രൊസ് 3:5-7.
[298-ാം പേജിലെ ചിത്രം]
ആയിരമാണ്ടു വാഴ്ചക്കാലത്തു തുറക്കപ്പെടുന്ന ചുരുളുകൾ അനുസരിക്കുന്ന, പുനരുത്ഥാനം പ്രാപിക്കുന്ന ‘നീതികെട്ടവർക്കും’ തങ്ങളുടെ പേരുകൾ ജീവന്റെ ചുരുളിൽ എഴുതപ്പെട്ടു കിട്ടിയേക്കാം