അവർ യഹോവയുടെ ഹിതം ചെയ്തു
പത്രൊസ് പെന്തക്കോസ്തിൽ പ്രസംഗിക്കുന്നു
വർഷം പൊ.യു. (പൊതുയുഗം) 33. വസന്തകാലത്തിലെ പ്രശാന്തമായ ഒരു പ്രഭാതം. എങ്ങും ആവേശം തിരതല്ലി! ഉത്സാഹഭരിതരായ യഹൂദരും മതപരിവർത്തിതരുമടങ്ങിയ ജനസഞ്ചയം യെരുശലേമിന്റെ തെരുവുകളിൽ തിങ്ങിനിറഞ്ഞു. ഏലാം, മെസപ്പൊട്ടേമിയ, കപ്പദോക്യ, ഈജിപ്ത്, റോം എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു അവർ. പ്രാദേശിക രീതിയിൽ വസ്ത്രധാരണം ചെയ്തിരുന്ന അവരെ കാണുന്നതും അവരുടെ വൈവിധ്യമാർന്ന ഭാഷകൾ കേൾക്കുന്നതും എത്ര ആകർഷണീയമായിരുന്നു! ആ സവിശേഷ സന്ദർഭത്തിൽ സന്നിഹിതരാകാൻ ചിലർ രണ്ടായിരത്തോളം കിലോമീറ്റർ യാത്രചെയ്തിരുന്നു. ഏതായിരുന്നു ആ സന്ദർഭം? പെന്തക്കോസ്ത്—യവക്കൊയ്ത്തിനു സമാപ്തി കുറിക്കുന്ന സന്തോഷഭരിതമായ ഒരു യഹൂദ ഉത്സവം.—ലേവ്യപുസ്തകം 23:15-21.
ആലയ യാഗപീഠത്തിലെ യാഗങ്ങളിൽനിന്നു പുക കുമിഞ്ഞുപൊന്തി. ലേവ്യർ സ്തുതിഗീതം ആലപിച്ചു (സങ്കീർത്തനങ്ങൾ 113 മുതൽ 118 വരെ). രാവിലെ 9 മണിയാകുന്നതിനു തൊട്ടുമുമ്പു വിസ്മയാവഹമായ ഒരു കാര്യം സംഭവിച്ചു. സ്വർഗത്തിൽനിന്ന് ‘കൊടിയ കാററടിക്കുന്നതുപോലെ ഒരു മുഴക്കം ഉണ്ടായി.’ യേശുക്രിസ്തുവിന്റെ 120-ഓളം ശിഷ്യന്മാർ ഒന്നിച്ചുകൂടിയിരുന്ന വീടു മുഴുവൻ അതു നിറഞ്ഞു. “അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി” എന്നു തിരുവെഴുത്തു വൃത്താന്തം പറയുന്നു.—പ്രവൃത്തികൾ 2:1-4.
ഓരോരുത്തൻ താന്താന്റെ ഭാഷ ശ്രവിക്കുന്നു
ഉടൻതന്നെ നിരവധി ശിഷ്യന്മാർ ആ വീട്ടിൽനിന്നു പുറത്തേക്ക് ഇറങ്ങി. വിസ്മയാവഹമെന്നുപറയട്ടെ, ജനക്കൂട്ടത്തിന്റെ വ്യത്യസ്ത ഭാഷയിൽ അവർക്കു സംസാരിക്കാൻ കഴിഞ്ഞു! പേർഷ്യയിൽ നിന്നുള്ള ഒരു സന്ദർശകനും ഒരു ഈജിപ്തുകാരനും തങ്ങളുടെ ഭാഷകളിൽ ഗലീലക്കാർ സംസാരിക്കുന്നതു കേട്ടപ്പോൾ അത് എത്ര വിസ്മയാവഹമായിരുന്നുവെന്നു വിഭാവനചെയ്യൂ. ജനക്കൂട്ടം അമ്പരന്നുപോയെന്നു വ്യക്തം. “ഇതു എന്തായിരിക്കും” എന്ന് അവർ ചോദിച്ചു. “ഇവർ പുതുവീഞ്ഞു കുടിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടു മററുചിലർ ശിഷ്യന്മാരെ പരിഹസിക്കാൻ തുടങ്ങി.—പ്രവൃത്തികൾ 2:12, 13.
അടുത്തതായി പത്രൊസ് അപ്പോസ്തലൻ എഴുന്നേറ്റുനിന്നു ജനക്കൂട്ടത്തെ അഭിസംബോധനചെയ്തു. അത്ഭുതകരമായ ആ ഭാഷാവരം, “ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും” എന്നു പ്രവാചകനായ യോവേൽ മുഖാന്തരം ദൈവം നൽകിയ വാഗ്ദാനത്തിന്റെ നിവൃത്തിയായിരുന്നുവെന്ന് അവൻ വിശദീകരിച്ചു. (പ്രവൃത്തികൾ 2:14-21; യോവേൽ 2:28-32) അതേ, യേശുവിന്റെ ശിഷ്യന്മാരുടെമേൽ ദൈവം തന്റെ പരിശുദ്ധാത്മാവിനെ പകർന്നതേ ഉണ്ടായിരുന്നുള്ളൂ. യേശു മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ട്, സ്വർഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്. “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ” എന്നു പത്രൊസ് പറഞ്ഞു.—പ്രവൃത്തികൾ 2:22-36.
കേൾവിക്കാർ എങ്ങനെയാണു പ്രതികരിച്ചത്? “അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു” എന്നു വൃത്താന്തം പറയുന്നു. പത്രൊസ് അതിന് ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങൾ മാനസാന്തരപ്പെട്ടു . . . സ്നാനം ഏല്പിൻ.” ഏതാണ്ടു 3,000 പേർ അതുതന്നെ ചെയ്തു! അതിനുശേഷം, ‘അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടുപോന്നു.’—പ്രവൃത്തികൾ 2:37-42.
സ്മരണാർഥകമായ ആ സന്ദർഭത്തിൽ നേതൃത്വം വഹിച്ചുകൊണ്ടു പത്രൊസ്, തനിക്ക് യേശു നൽകുമെന്നു വാഗ്ദാനം ചെയ്തിരുന്ന “സ്വർഗ്ഗരാജ്യത്തിന്റെ താക്കോ”ലുകളിൽ ആദ്യത്തേത് ഉപയോഗിച്ചു. (മത്തായി 16:19) ആ താക്കോലുകൾ വിവിധ വിഭാഗത്തിലുള്ള ജനങ്ങൾക്കു പ്രത്യേക പദവികൾ തുറന്നുകൊടുത്തു. ആദ്യത്തെ ആ താക്കോൽ യഹൂദർ ആത്മാഭിഷിക്ത ക്രിസ്ത്യാനികളായിത്തീരുന്നതു സാധ്യമാക്കിത്തീർത്തു. പിന്നീട്, രണ്ടാമത്തെയും മൂന്നാമത്തെയും താക്കോൽ അതേ അവസരംതന്നെ യഥാക്രമം ശമര്യക്കാർക്കും വിജാതീയർക്കും ലഭ്യമാക്കിത്തീർത്തു.—പ്രവൃത്തികൾ 8:14-17; 10:44-48.
നമുക്കുള്ള പാഠങ്ങൾ
യഹൂദരും മതപരിവർത്തിതരുമടങ്ങിയ ആ ജനസഞ്ചയം ദൈവപുത്രന്റെ മരണത്തിനു സാമൂഹിക ഉത്തരവാദിത്വം വഹിച്ചെങ്കിലും പത്രൊസ് അവരെ ആദരപൂർവം ‘സഹോദരന്മാർ’ എന്ന് അഭിസംബോധന ചെയ്തു. (പ്രവൃത്തികൾ 2:29) അനുതപിക്കാൻ അവർക്കു പ്രേരണയേകുകയായിരുന്നു അവന്റെ ലക്ഷ്യം, കുറ്റംവിധിക്കുകയായിരുന്നില്ല. അതുകൊണ്ട് അവന്റെ സമീപനം ക്രിയാത്മകമായിരുന്നു. അവൻ വസ്തുതകൾ നിരത്തുകയും തന്റെ ആശയങ്ങളെ തിരുവെഴുത്തുദ്ധരണികളോടെ പിന്താങ്ങുകയും ചെയ്തു.
പത്രൊസിന്റെ മാതൃക പിൻപറ്റുന്നത് ഇന്നു സുവാർത്ത പ്രസംഗിക്കുന്നവർക്കു പ്രയോജനം ചെയ്യും. തങ്ങളുടെ ശ്രോതാക്കളുമായി ഒരു പൊതു അടിസ്ഥാനമിടാൻ ശ്രമിക്കുകയും അതിനുശേഷം നയപൂർവം തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുകയും വേണം. ക്രിയാത്മകവിധത്തിൽ ബൈബിൾ സത്യങ്ങൾ അവതരിപ്പിക്കുമ്പോൾ പരമാർഥഹൃദയർ അനുകൂലമായി പ്രതികരിക്കും.—പ്രവൃത്തികൾ 13:48.
പെന്തക്കോസ്തുനാളിലെ പത്രൊസിന്റെ തീക്ഷ്ണതയും ധൈര്യവും ശ്രദ്ധേയംതന്നെ. കാരണം, ഏതാണ്ട് ഏഴ് ആഴ്ചകൾക്കുമുമ്പായിരുന്നു നേർവിപരീതമായി അവൻ യേശുവിനെ തള്ളിപ്പറഞ്ഞത്. ആ സന്ദർഭത്തിൽ പത്രൊസ് മനുഷ്യഭയത്താൽ വിറങ്ങലിച്ചുപോയിരുന്നു. (മത്തായി 26:69-75) എന്നാൽ യേശു പത്രൊസിനുവേണ്ടി പ്രാർഥിച്ചിരുന്നു. (ലൂക്കൊസ് 22:31, 32) പത്രൊസിനുണ്ടായ യേശുവിന്റെ പുനരുത്ഥാനാനന്തര പ്രത്യക്ഷത സംശയലേശമന്യേ ആ അപ്പോസ്തലനെ ബലപ്പെടുത്തി. (1 കൊരിന്ത്യർ 15:5) തത്ഫലമായി, പത്രൊസിന്റെ വിശ്വാസത്തിനു കോട്ടംതട്ടിയില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ അവൻ സധൈര്യം പ്രസംഗിച്ചു, പെന്തക്കോസ്തിൽ മാത്രമല്ല ജീവിതത്തിൽ ശേഷിച്ചകാലം മുഴുവനും.
പത്രൊസ് ചെയ്തതുപോലെ നാമും ഏതെങ്കിലും വിധത്തിൽ തെറ്റു ചെയ്യുന്നെങ്കിലെന്ത്? നമുക്ക് അനുതാപം പ്രകടിപ്പിക്കുകയും ക്ഷമയ്ക്കായി യാചിക്കുകയും ആത്മീയ സഹായം ലഭിക്കുന്നതിനുള്ള പടികൾ സ്വീകരിക്കുകയും ചെയ്യാം. (യാക്കോബ് 5:14-16) അപ്പോൾ നമുക്ക്, നമ്മുടെ വിശുദ്ധ സേവനം കരുണാസമ്പന്നനായ സ്വർഗീയ പിതാവാം യഹോവയ്ക്കു സ്വീകാര്യയോഗ്യമാണെന്ന ആത്മവിശ്വാസത്തോടെ മുന്നേറാനാകും.—പുറപ്പാടു 34:6.