മറുവില നമ്മെ രക്ഷിക്കുന്നത് എങ്ങനെ?
“പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നു.”—യോഹ. 3:36.
1, 2. വീക്ഷാഗോപുരം പ്രസിദ്ധീകരിച്ചുതുടങ്ങാനുള്ള ഒരു കാരണം എന്തായിരുന്നു?
“ശ്രദ്ധാപൂർവം ബൈബിൾ പഠിക്കുന്ന ഒരാൾക്കും ക്രിസ്തുവിന്റെ മരണത്തിന് തിരുവെഴുത്തുകൾ നൽകുന്ന പ്രാധാന്യം അവഗണിക്കാനാവില്ല.” ഈ മാസികയുടെ [സീയോന്റെ വീക്ഷാഗോപുരം (ഇംഗ്ലീഷ്)] നാലാമത്തെ ലക്കത്തിൽ നിന്നുള്ളതാണ് ഈ വാക്കുകൾ. 1879 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ആ ലേഖനം ഇങ്ങനെയാണ് ഉപസംഹരിച്ചത്: “ക്രിസ്തുവിന്റെ മരണം പാപങ്ങൾക്കുവേണ്ടിയുള്ള പ്രായശ്ചിത്തവും യാഗവും ആയിരിക്കെ അതിനെ വിലകുറച്ചുകാണാനോ തുച്ഛീകരിക്കാനോ ഉള്ള ഏതൊരു പ്രവണതയെയും നാം ചെറുക്കേണ്ടതുണ്ട്.”—1 യോഹന്നാൻ 2:1, 2 വായിക്കുക.
2 മറുവില എന്ന ബൈബിൾ പഠിപ്പിക്കലിനെ പിന്താങ്ങുകയായിരുന്നു വീക്ഷാഗോപുരം പ്രസിദ്ധീകരിച്ചുതുടങ്ങിയതിന്റെ ഒരു ലക്ഷ്യം. 1879 ജൂലൈയിൽ അതിന്റെ ആദ്യ പ്രതി പുറത്തിറങ്ങി. ‘തക്കസമയത്തുള്ള ഭക്ഷണം’ ആയിരുന്നു അതിലൂടെ നൽകപ്പെട്ടത്. (മത്താ. 24:45) കാരണം യേശുവിന്റെ മരണം നമ്മുടെ പാപങ്ങൾക്ക് മറുവിലയാണെന്ന പഠിപ്പിക്കലിനെ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്ന പലരും 1800-കളുടെ അവസാനത്തോടെ ചോദ്യംചെയ്യാൻ തുടങ്ങിയിരുന്നു. പലരും പരിണാമസിദ്ധാന്തം വിശ്വസിച്ചുതുടങ്ങിയ സമയമായിരുന്നു അത്. മനുഷ്യനു പൂർണത നഷ്ടമായി എന്ന ആശയത്തിനു വിരുദ്ധമാണ് ഈ സിദ്ധാന്തം. മനുഷ്യൻ പടിപടിയായി മെച്ചപ്പെടുകയാണെന്നും അതുകൊണ്ടുതന്നെ അവന് ഒരു മറുവിലയുടെ ആവശ്യമില്ലെന്നുമാണ് പരിണാമവാദികളുടെ പക്ഷം. എന്നാൽ അപ്പൊസ്തലനായ പൗലോസ് തിമൊഥെയൊസിനു നൽകിയ ബുദ്ധിയുപദേശം ശ്രദ്ധേയമാണ്: “നിന്നെ ഭരമേൽപ്പിച്ചിരിക്കുന്നത് ഭദ്രമായി കാത്തുകൊള്ളുക; വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വ്യർഥഭാഷണങ്ങളിൽനിന്നും ‘ജ്ഞാനം’ എന്നു കളവായി പറയപ്പെടുന്നതിന്റെ ആശയവൈരുദ്ധ്യങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുക. ഈ ജ്ഞാനത്താൽ വമ്പുകാട്ടി ചിലർ വിശ്വാസത്തിൽനിന്നു വ്യതിചലിച്ചുപോയിരിക്കുന്നു.”—1 തിമൊ. 6:20, 21.
3. നാം ഏതു ചോദ്യങ്ങൾ ചർച്ചചെയ്യും?
3 ‘വിശ്വാസത്തിൽനിന്നു വ്യതിചലിച്ചുപോകാതിരിക്കാൻ’ ദൃഢനിശ്ചയം ചെയ്തവരാണ് നിങ്ങൾ എന്ന കാര്യത്തിൽ സംശയമില്ല. പിൻവരുന്ന ചോദ്യങ്ങൾക്കു ശ്രദ്ധനൽകുന്നത് വിശ്വാസം ദൃഢമായി കാത്തുസൂക്ഷിക്കാൻ നിങ്ങളെ സഹായിക്കും: എനിക്കു മറുവില ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? യഹോവയും യേശുവും അതിന് എന്തു വിലയൊടുക്കേണ്ടിവന്നു? ദൈവക്രോധത്തിൽനിന്നു രക്ഷനേടാൻ സഹായിക്കുന്ന അമൂല്യമായ ഈ കരുതലിൽനിന്ന് എനിക്ക് എങ്ങനെ പ്രയോജനം നേടാം?
ദൈവക്രോധത്തിൽനിന്നു രക്ഷ
4, 5. ഈ ദുഷ്ടവ്യവസ്ഥിതിയുടെമേൽ ‘ദൈവക്രോധം വസിക്കുന്നുവെന്ന്’ നമുക്ക് എങ്ങനെ അറിയാം?
4 ആദാം പാപം ചെയ്തതുമുതൽ മനുഷ്യകുലത്തിന്മേൽ “ദൈവക്രോധം . . . വസിക്കുന്നു” എന്ന് തിരുവെഴുത്തുകളും ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു. (യോഹ. 3:36) ഒരു മനുഷ്യനും മരണത്തിൽനിന്നു രക്ഷനേടാനായിട്ടില്ല എന്ന വസ്തുത ഇതിനു തെളിവാണ്. ദുരന്തങ്ങൾ ഇന്നൊരു തുടർക്കഥയാണ്. അവയിൽനിന്നു മാനവരെ രക്ഷിക്കുന്നതിൽ മത്സരിയായ സാത്താന്റെ ഭരണം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ഒരു ഭരണകൂടത്തിനും പൗരന്മാരുടെയെല്ലാം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞിട്ടില്ല. (1 യോഹ. 5:19) യുദ്ധവും അക്രമവും ദാരിദ്ര്യവുമെല്ലാം ഇന്നോളം മനുഷ്യരെ വേട്ടയാടുന്നു.
5 ഈ ദുഷ്ടവ്യവസ്ഥിതിയുടെമേൽ യഹോവയുടെ അനുഗ്രഹമില്ല എന്നതു വ്യക്തം. “സകല ദൈവനിഷേധത്തിനും . . . എതിരെ ദൈവക്രോധം സ്വർഗത്തിൽനിന്നു വെളിപ്പെടുന്നു” എന്നു പൗലോസ് എഴുതി. (റോമ. 1:18-20) അനുതപിക്കാതെ ദൈവത്തെ മറന്നു ജീവിക്കുന്നവർ തങ്ങളുടെ ചെയ്തികളുടെ ഫലം അനുഭവിക്കും. ഇന്ന് സാത്താന്റെ ലോകത്തിന്മേൽ ചൊരിയപ്പെടുന്ന വിനാശകമായ ന്യായവിധി സന്ദേശങ്ങളിൽ ദൈവക്രോധം പ്രകടമാണ്; ഇത്തരം വിവരങ്ങൾ നമ്മുടെ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിൽ പലതിലും കാണാനാകും.—വെളി. 16:1.
6, 7. അഭിഷിക്ത ക്രിസ്ത്യാനികൾ ഇന്ന് ഏതു വേലയ്ക്കു നേതൃത്വം വഹിക്കുന്നു, സാത്താന്റെ ലോകത്തിലുള്ള വ്യക്തികൾക്ക് ഇപ്പോഴും എന്തിനുള്ള അവസരമുണ്ട്?
6 സാത്താന്റെ അധീനതയിൽനിന്നു മോചിതരായി ദൈവപ്രീതി നേടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നാണോ ഇതിനർഥം? അല്ല, ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അതിന് ഇനിയും അവസരമുണ്ട്. സകലജനതകളിലുംപെട്ട ആളുകളെ “ദൈവവുമായി അനുരഞ്ജന”പ്പെടാൻ സഹായിക്കുന്ന ഒരു പരസ്യശുശ്രൂഷയ്ക്ക് “ക്രിസ്തുവിനുവേണ്ടിയുള്ള സ്ഥാനപതി”കളായ അഭിഷിക്ത ക്രിസ്ത്യാനികൾ ഇന്നു നേതൃത്വം വഹിക്കുന്നു.—2 കൊരി. 5:20, 21.
7 യേശു, “വരാനിരിക്കുന്ന ക്രോധത്തിൽനിന്നു നമ്മെ വിടുവിക്കു”മെന്ന് അപ്പൊസ്തലനായ പൗലോസ് പറയുകയുണ്ടായി. (1 തെസ്സ. 1:10) അന്തിമമായി യഹോവ തന്റെ ക്രോധം പ്രകടിപ്പിക്കുന്ന ആ സമയത്ത് അനുതാപമില്ലാത്ത പാപികൾക്കു നിത്യനാശം ഭവിക്കും. (2 തെസ്സ. 1:6-9) എന്നാൽ ആരാണ് രക്ഷപ്പെടുക? ബൈബിൾ ഉത്തരം തരുന്നു: “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നു.” (യോഹ. 3:36) അതെ, ഈ വ്യവസ്ഥിതി ദൈവത്തിന്റെ അന്തിമ ക്രോധദിവസത്തെ നേരിടുമ്പോൾ അന്നു ജീവിച്ചിരിക്കുന്നവരിൽ, യേശുവിലും മറുവിലയിലും വിശ്വാസമർപ്പിക്കുന്ന ഏവരും അതിജീവിക്കും.
മറുവില എന്ന ക്രമീകരണം
8. (എ) ആദാമിനും ഹവ്വായ്ക്കും മഹത്തായ എന്തു പ്രത്യാശ ഉണ്ടായിരുന്നു? (ബി) തികവുറ്റ നീതി പാലിക്കുന്നവനാണ് യഹോവ എന്ന് എങ്ങനെ തെളിഞ്ഞു?
8 സൃഷ്ടിക്കപ്പെട്ടപ്പോൾ ആദാമും ഹവ്വായും പൂർണരായിരുന്നു. ദൈവത്തോട് അനുസരണക്കേടു കാണിച്ചില്ലായിരുന്നെങ്കിൽ മക്കളോടൊപ്പം അവർ ഇന്നും ഈ ഭൂമിയിൽ ജീവിച്ചിരിക്കുമായിരുന്നു. എല്ലാവരുമൊത്തുള്ള പറുദീസയിലെ ആ ജീവിതം എത്ര സന്തോഷപ്രദമായിരുന്നേനെ! സങ്കടകരമെന്നു പറയട്ടെ, നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവകൽപ്പന മനഃപൂർവം ലംഘിച്ചു. ഫലമോ? ദൈവം അവരെ നിത്യനാശത്തിനു വിധിച്ചു; പറുദീസയിൽനിന്നു പുറത്താക്കി. അവർക്കു കുട്ടികളുണ്ടാകുന്നതിനു മുമ്പുതന്നെ പാപം മനുഷ്യകുലത്തെ ബാധിച്ചിരുന്നു. ആദാമും ഹവ്വായും കാലക്രമേണ പ്രായംചെന്നു മരിച്ചു. അങ്ങനെ യഹോവയുടെ വാക്കുകൾ സത്യമായി. തികവുറ്റ നീതി പാലിക്കുന്ന ദൈവമാണ് യഹോവ—വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ ആദാം മരിക്കുമെന്ന് അവൻ മുന്നറിയിപ്പു നൽകിയിരുന്നു, അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.
9, 10. (എ) ആദാമിന്റെ സന്താനങ്ങൾ മരിക്കുന്നത് എന്തുകൊണ്ട്? (ബി) നമുക്ക് നിത്യശിക്ഷാവിധിയിൽനിന്നു രക്ഷനേടാൻ കഴിയുന്നത് എന്തുകൊണ്ട്?
9 ആദാമിന്റെ സന്തതികളായതിനാൽ നമുക്കുള്ളത് പാപം ചെയ്യാൻ ചായ്വുള്ള, മരണത്തിനു വിധിക്കപ്പെട്ട, അപൂർണതയുള്ള ശരീരമാണ്. ആദാം പാപം ചെയ്തപ്പോൾ നാം അവനിൽ ഉണ്ടായിരുന്നു, അതായത് അവനിൽനിന്ന് ഉത്ഭവിക്കാനിരിക്കുകയായിരുന്നു. അതുകൊണ്ട് ആദാമിനു ലഭിച്ച മരണശിക്ഷ നമുക്കും ബാധകമാണ്. ഈ അവസ്ഥയിൽ, ഒരു മറുവില കൂടാതെ മരണത്തെ ഇല്ലാതാക്കിയാൽ യഹോവ പറഞ്ഞതു നുണയാണെന്നുവരും. പൗലോസിന്റെ വാക്കുകൾ നമ്മുടെ എല്ലാവരുടെയും കാര്യത്തിൽ ശരിയാണ്: “ന്യായപ്രമാണം ആത്മീയമായതെന്നു നാം അറിയുന്നുവല്ലോ. ഞാനോ ജഡികൻ; പാപത്തിന് അടിമയായി വിൽക്കപ്പെട്ടവൻ. ഞാനോ അരിഷ്ടമനുഷ്യൻ! മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും?”—റോമ. 7:14, 24.
10 നീതിക്കു നിരക്കുന്ന വിധത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കാനും നിത്യശിക്ഷാവിധിയിൽനിന്നു നമ്മെ മോചിപ്പിക്കാനുമുള്ള ഒരു അടിസ്ഥാനം നൽകാൻ യഹോവയ്ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. അതിനായി ദൈവം തന്റെ പ്രിയപുത്രനെ സ്വർഗത്തിൽനിന്നു ഭൂമിയിലേക്ക് അയച്ചു. നമുക്കുവേണ്ടി സ്വജീവൻ മറുവിലയായി നൽകാൻ കഴിയുന്ന ഒരു പൂർണമനുഷ്യനായിട്ടാണ് അവൻ ജനിച്ചത്. ‘പാപം ചെയ്യാതിരുന്നതിനാൽ’ യേശുവിനു പൂർണത നഷ്ടമായില്ല, അങ്ങനെ അവൻ ആദാമിൽനിന്നു വ്യത്യസ്തനായി നിലകൊണ്ടു. (1 പത്രോ. 2:22) അതുകൊണ്ട് പൂർണതയുള്ള ഒരു മനുഷ്യസമൂഹത്തിനു ജന്മംനൽകാൻ യേശുവിനാകുമായിരുന്നു. എന്നാൽ അതിനുപകരം ആദാമിന്റെ പാപികളായ സന്താനങ്ങളെ ദത്തെടുത്ത് തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ നൽകാൻ അവൻ തയ്യാറായി. അതിനുവേണ്ടി ദൈവത്തിന്റെ ശത്രുക്കളുടെ കയ്യാൽ മരണംവരിക്കാൻ അവൻ ഒരുക്കമായിരുന്നു. തിരുവെഴുത്തുകൾ അതിങ്ങനെ വിശദീകരിക്കുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥനായും ഒരുവൻമാത്രം; എല്ലാവർക്കുംവേണ്ടി ഒരു തത്തുല്യമറുവിലയായി സ്വയം അർപ്പിച്ച, മനുഷ്യനായ ക്രിസ്തുയേശുതന്നെ.”—1 തിമൊ. 2:5, 6.
11. (എ) മറുവിലയുടെ പ്രയോജനങ്ങൾ തിരിച്ചറിയാൻ ഏതു ദൃഷ്ടാന്തം നമ്മെ സഹായിക്കും? (ബി) മറുവിലയുടെ പ്രയോജനങ്ങൾ ആർക്കൊക്കെ ലഭിക്കും?
11 മറുവിലയുടെ ഈ ക്രമീകരണം കുറച്ചുകൂടി വ്യക്തമായി മനസ്സിലാകാൻ നമുക്കിപ്പോൾ പിൻവരുന്ന സാഹചര്യം പരിചിന്തിക്കാം. തങ്ങളുടെ സമ്പാദ്യമെല്ലാം ബാങ്കിൽ നിക്ഷേപിച്ച ഒരുകൂട്ടം ആളുകളെ മനസ്സിൽക്കാണുക. ആ ബാങ്ക് പിന്നീട് തകരുകയും നിക്ഷേപകർ കടത്തിലാകുകയും ചെയ്യുന്നു. കുറ്റവാളികളായ ബാങ്ക് ഉടമകൾ ജയിലിലായി. പക്ഷേ നിരപരാധികളായ നിക്ഷേപകരുടെ പണത്തിന്റെ കാര്യമോ? അവർക്ക് അത് എങ്ങനെ തിരികെക്കിട്ടും? ധനികനായ ഒരാൾ ബാങ്ക് ഏറ്റെടുക്കുകയാണെങ്കിൽ പ്രതീക്ഷയ്ക്കു വകയുണ്ട്. നിക്ഷേപകരുടെ സമ്പാദ്യമെല്ലാം മഹാമനസ്കനായ അയാൾ തിരികെ നൽകി കടത്തിൽനിന്ന് അവരെ രക്ഷിക്കുന്നെങ്കിൽ അത് എത്ര ആശ്വാസമായിരിക്കും! ഇതുപോലെ യഹോവയാംദൈവവും അവന്റെ പ്രിയപുത്രനും ആദാമിന്റെ സന്തതികളുടെ സഹായത്തിനെത്തി, യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ അടിസ്ഥാനത്തിൽ പാപക്കടങ്ങളിൽനിന്ന് അവരെ മോചിപ്പിച്ചു, അങ്ങനെ പൂർണതയുള്ള ജീവന്റെ പ്രത്യാശ മനുഷ്യർക്ക് തിരികെ നൽകി. അതുകൊണ്ടാണ് യോഹന്നാൻ സ്നാപകന് യേശുവിനെക്കുറിച്ച് “ഇതാ, ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്!” എന്നു പറയാനായത്. (യോഹ. 1:29) അതെ, യേശുവിന്റെ മറുവില ലോകത്തിന്റെ പാപം നീക്കിക്കളയും; അതിൽ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പാപം ഉൾപ്പെടും.
മറുവിലയ്ക്കായി എന്തു വിലയൊടുക്കി?
12, 13. യിസ്ഹാക്കിനെ ബലിയർപ്പിക്കാനുള്ള അബ്രാഹാമിന്റെ മനസ്സൊരുക്കത്തിൽ നമുക്കെന്തു കാണാനാകും?
12 നമ്മെ വീണ്ടെടുക്കാനായി നമ്മുടെ സ്വർഗീയ പിതാവും അവന്റെ പ്രിയപുത്രനും ഒടുക്കിയ വില എത്ര വലുതാണെന്നു പൂർണമായി ഗ്രഹിക്കാൻ നമുക്കാവില്ല. പക്ഷേ ഇക്കാര്യത്തെക്കുറിച്ച് ഒരളവുവരെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ചില വിവരണങ്ങൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന് യഹോവ അബ്രാഹാമിനോട് ഇങ്ങനെ കൽപ്പിച്ചു: “നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ എകജാതനായ യിസ്ഹാക്കിനെ തന്നേ, കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക.” (ഉല്പ. 22:2-4) ഈ ദൈവകൽപ്പന അനുസരിക്കാൻവേണ്ടി മോരിയാദേശത്തേക്കു മൂന്നുദിവസംനീണ്ട യാത്രനടത്തിയപ്പോൾ അബ്രാഹാമിന് എന്തു തോന്നിയിരിക്കാമെന്നു ചിന്തിച്ചുനോക്കൂ.
13 ഒടുവിൽ അബ്രാഹാം യഹോവ പറഞ്ഞ സ്ഥലത്തെത്തി. യിസ്ഹാക്കിന്റെ കൈകാലുകൾ ബന്ധിച്ച്, സ്വന്തം കൈകൊണ്ടു പണിത ബലിപീഠത്തിൽ അവനെ കിടത്തിയപ്പോൾ അബ്രാഹാമിന്റെ ഹൃദയം എത്രമാത്രം വേദനിച്ചുകാണും! തന്റെ പ്രിയമകനെ കൊല്ലാനായി കത്തി ഉയർത്തിയപ്പോൾ ആ പിതാവിന്റെ ഉള്ളം പിടഞ്ഞിരിക്കാം! യിസ്ഹാക്കിന്റെ കാര്യമോ? മൂർച്ചയുള്ള ആ കത്തി ഏതു നിമിഷവും തന്റെ കഴുത്തിൽ ആഴ്ന്നിറങ്ങുമെന്ന് അവനറിയാം. വേദനാകരമായ ആ മരണത്തിനായി കാത്തുകിടന്നപ്പോൾ യിസ്ഹാക്കിന്റെ മാനസികാവസ്ഥ എന്തായിരുന്നിരിക്കണം! എന്നാൽ കൃത്യസമയത്തുതന്നെ യഹോവയുടെ ദൂതൻ അബ്രാഹാമിനെ തടഞ്ഞു. അബ്രാഹാമും യിസ്ഹാക്കും ചെയ്തതിനെക്കുറിച്ചു ചിന്തിക്കുന്നത് സ്വന്തം പുത്രനെ വധിക്കാൻ സാത്താന്റെ കയ്യാളുകളെ അനുവദിച്ച യഹോവയുടെ ഹൃദയവേദന ഊഹിക്കാൻ നമ്മെ സഹായിക്കും. നമുക്കുവേണ്ടി കഷ്ടം അനുഭവിക്കാനും മരിക്കാനും യേശുവിനുണ്ടായിരുന്ന മനസ്സൊരുക്കമാണ് അബ്രാഹാമിനോടു സഹകരിച്ച യിസ്ഹാക്കിൽ നാം കാണുന്നത്.—എബ്രാ. 11:17-19.
14. നമ്മെ വീണ്ടെടുക്കാനായി എന്തു വിലയൊടുക്കേണ്ടിവന്നു എന്നു മനസ്സിലാക്കാൻ യാക്കോബിന്റെ ജീവിതത്തിലെ ഏതു സംഭവം സഹായിക്കും?
14 നമ്മെ വീണ്ടെടുക്കാൻ എത്ര വലിയ വിലയൊടുക്കേണ്ടിവന്നു എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന മറ്റൊരു വിവരണം നമുക്കു നോക്കാം. യാക്കോബിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണിത്. തന്റെ മക്കളിൽവെച്ച് യോസേഫിനോടായിരുന്നു യാക്കോബിന് ഏറെ ഇഷ്ടം. പക്ഷേ യോസേഫിന്റെ സഹോദരന്മാർക്ക് അവനോട് അസൂയയായിരുന്നു, അവർ അവനെ വെറുത്തു. ഒരിക്കൽ അവർ ദൂരെ ഒരിടത്ത് പിതാവിന്റെ ആടുകളെ മേയ്ക്കുകയായിരുന്നു; ഹെബ്രോനിലുള്ള അവരുടെ ഭവനത്തിന് ഏതാണ്ട് 100 കിലോമീറ്റർ വടക്ക്. അവരുടെ ക്ഷേമം അന്വേഷിച്ചുവരാൻ യാക്കോബ് യോസേഫിനോടു പറഞ്ഞു. യോസേഫ് എങ്ങനെയാണ് പ്രതികരിച്ചത്? ഒരു മടിയും കൂടാതെ അവൻ അതിനു തയ്യാറായി. എന്നാൽ പിന്നീട്, ചോരപുരണ്ട ഒരു അങ്കിയാണ് യാക്കോബിനു ലഭിച്ചത്. അത് യോസേഫിന്റേതാണെന്നു തിരിച്ചറിഞ്ഞ ആ പിതാവിന്റെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ! “ഇതു എന്റെ മകന്റെ അങ്കിതന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി,” യാക്കോബ് വിലപിച്ചു. ഈ സംഭവം യാക്കോബിനെ പിടിച്ചുലയ്ക്കുകയുണ്ടായി, അവൻ ഏറെനാൾ മകനെപ്രതി ദുഃഖിച്ചുകൊണ്ടിരുന്നു. (ഉല്പ. 37:33, 34) സാഹചര്യങ്ങളോട് യഹോവ പ്രതികരിക്കുന്നതും അപൂർണമനുഷ്യർ പ്രതികരിക്കുന്നതും തമ്മിൽ അന്തരമുണ്ടെന്നതു ശരിയാണ്. എന്നിരുന്നാലും യാക്കോബിന്റെ ജീവിതത്തിലെ ഈ സംഭവത്തെക്കുറിച്ചു ചിന്തിക്കുന്നത് തന്റെ പ്രിയപുത്രൻ പീഡനത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോൾ ദൈവത്തിന് എത്രമാത്രം വേദനതോന്നിയിട്ടുണ്ടാകും എന്നു കുറെയൊക്കെ മനസ്സിലാക്കാൻ നമ്മെ സഹായിക്കും.
മറുവിലയിൽനിന്ന് പ്രയോജനം നേടാൻ
15, 16. (എ) മറുവില സ്വീകരിച്ചു എന്ന് യഹോവ എങ്ങനെയാണ് കാണിച്ചത്? (ബി) മറുവിലയിൽനിന്ന് നിങ്ങൾ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?
15 വിശ്വസ്തത പാലിച്ച തന്റെ പുത്രനെ യഹോവയാംദൈവം തേജോമയമായ ആത്മീയശരീരം നൽകി ഉയിർപ്പിച്ചു. (1 പത്രോ. 3:18) പുനരുത്ഥാനശേഷം അവൻ 40 ദിവസം ശിഷ്യന്മാർക്കു പ്രത്യക്ഷനായി, അവരെ വിശ്വാസത്തിൽ ബലപ്പെടുത്തുകയും ബൃഹത്തായ സുവിശേഷവേലയ്ക്കു സജ്ജരാക്കുകയും ചെയ്തു. തുടർന്ന് സ്വർഗാരോഹണം ചെയ്ത അവൻ തന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യം ദൈവസന്നിധിയിൽ അർപ്പിച്ചു. മറുവിലയുടെ മൂല്യത്തിൽ വിശ്വാസമർപ്പിക്കുന്ന തന്റെ യഥാർഥ അനുഗാമികൾക്കുവേണ്ടി ആയിരുന്നു അത്. യേശുവിന്റെ മറുവില ദൈവം സ്വീകരിച്ചു. എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ യെരുശലേമിൽ കൂടിവന്ന ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവിനെ പകരാൻ യഹോവ യേശുവിനെ നിയോഗിച്ചത് അതിന്റെ തെളിവായിരുന്നു.—പ്രവൃ. 2:33.
16 പാപമോചനത്തിനായി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽക്കാനും അങ്ങനെ ദൈവക്രോധത്തിൽനിന്നു രക്ഷനേടാനും, അഭിഷേകം പ്രാപിച്ച ഈ ക്രിസ്തുശിഷ്യന്മാർ ഒട്ടുംവൈകാതെ സഹമനുഷ്യരോട് ആഹ്വാനം ചെയ്തുതുടങ്ങി. (പ്രവൃത്തികൾ 2:38-40 വായിക്കുക.) ആ ചരിത്രപ്രധാനമായ ദിവസംമുതൽ ഇന്നുവരെ സകലജനതകളിൽനിന്നുമുള്ള ദശലക്ഷങ്ങൾ യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ദൈവവുമായി ഒരു ബന്ധത്തിലേക്കു വരുത്തപ്പെട്ടിരിക്കുന്നു. (യോഹ. 6:44) രണ്ടുചോദ്യങ്ങൾ ഇപ്പോൾ അവശേഷിക്കുന്നു: സ്വന്തം സത്പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ നമ്മിൽ ആർക്കെങ്കിലും നിത്യജീവന്റെ പ്രത്യാശ ലഭിച്ചിട്ടുണ്ടോ? മഹത്തായ ഈ പ്രത്യാശ ലഭിച്ച നമുക്ക് അതു നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടോ?
17. ദൈവത്തിന്റെ സ്നേഹിതരായിരിക്കുക എന്ന മഹത്തായ പദവിയെ നിങ്ങൾ എങ്ങനെ കരുതണം?
17 വാസ്തവത്തിൽ മറുവിലയ്ക്ക് നാം ആരും അർഹരല്ല. എന്നാൽ അതിൽ വിശ്വാസമർപ്പിക്കുകവഴി ദശലക്ഷക്കണക്കിനാളുകൾ ദൈവത്തിന്റെ സ്നേഹിതരായിത്തീർന്നിരിക്കുന്നു, അവർക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുമുണ്ട്. ഒരിക്കൽ യഹോവയുടെ സുഹൃത്തുക്കളായി എന്നതുകൊണ്ട് നമുക്ക് എക്കാലവും ആ ബന്ധം ഉണ്ടായിരിക്കും എന്നു പറയാനാവില്ല. “ക്രിസ്തുയേശു നൽകിയ മറുവില”യോട് നാം എന്നും ആഴമായ വിലമതിപ്പു കാണിക്കേണ്ടതുണ്ട്; എങ്കിൽ മാത്രമേ ദൈവത്തിന്റെ വരാനിരിക്കുന്ന ക്രോധദിവസത്തെ നമുക്ക് അതിജീവിക്കാനാകൂ.—റോമ. 3:24; ഫിലിപ്പിയർ 2:12 വായിക്കുക.
മറുവിലയിലുള്ള വിശ്വാസം ചോർന്നുപോകരുത്
18. മറുവിലയിൽ വിശ്വാസമർപ്പിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?
18 കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസമർപ്പിക്കുന്നതിൽ അവനെ അനുസരിക്കുന്നതും ഉൾപ്പെടുന്നു എന്ന് ഈ ലേഖനത്തിന്റെ ആധാരവാക്യമായ യോഹന്നാൻ 3:36 വ്യക്തമാക്കുന്നു. ധാർമികതയെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടെ യേശുവിന്റെ സകല ഉപദേശങ്ങൾക്കും ചേർച്ചയിൽ ജീവിക്കാൻ മറുവിലയോടുള്ള വിലമതിപ്പു നമ്മെ പ്രേരിപ്പിക്കണം. (മർക്കോ. 7:21-23) യാതൊരു അനുതാപവുമില്ലാതെ പരസംഗത്തിലോ അശ്ലീലം വീക്ഷിക്കുന്നത് ഉൾപ്പെടെയുള്ള “ഏതെങ്കിലും അശുദ്ധി”യിലോ ഏർപ്പെടുകയും അശ്ലീലഫലിതം ആസ്വദിക്കുകയുമൊക്കെ ചെയ്യുന്നവരുടെമേൽ “ദൈവക്രോധം . . . വരാനിരിക്കുന്നു.”—എഫെ. 5:3-6.
19. മറുവിലയിലുള്ള നമ്മുടെ വിശ്വാസം എങ്ങനെ പ്രകടമാക്കാം?
19 മറുവിലയോടു വിലമതിപ്പുണ്ടെങ്കിൽ നമ്മുടേത് ‘ഭക്തിപൂർണമായ ജീവിതമായിരിക്കും.’ (2 പത്രോ. 3:12) പതിവായുള്ള ഹൃദയംഗമമായ പ്രാർഥന, വ്യക്തിപരമായ പഠനം, യോഗഹാജർ, കുടുംബാരാധന, തീക്ഷ്ണതയോടെയുള്ള രാജ്യപ്രസംഗവേല എന്നിവയ്ക്കെല്ലാംവേണ്ടി മതിയായ സമയം കണ്ടെത്തണം. കൂടാതെ, “നന്മ ചെയ്യാനും നിങ്ങൾക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളിലല്ലോ ദൈവം പ്രസാദിക്കുന്നത്.”—എബ്രാ. 13:15, 16.
20. മറുവിലയിൽ എപ്പോഴും വിശ്വാസമർപ്പിക്കുന്നവർക്ക് എന്തു ഭാവി അനുഗ്രഹം പ്രതീക്ഷിക്കാനാകും?
20 ഈ ദുഷ്ടവ്യവസ്ഥിതിയുടെമേൽ യഹോവയുടെ ക്രോധം പൊട്ടിപ്പുറപ്പെടുമ്പോൾ, മറുവിലയിൽ വിശ്വാസമർപ്പിച്ചതിനാലും അതിനോട് എപ്പോഴും വിലമതിപ്പു കാണിച്ചതിനാലും നാം എത്ര ആഹ്ലാദിക്കും! ദൈവത്തിന്റെ ക്രോധത്തിൽനിന്നു നമ്മെ രക്ഷിച്ച ഈ മഹത്തായ കരുതലിനെപ്രതി പുതിയ ലോകത്തിൽ നാം എന്നും നന്ദിയുള്ളവരായിരിക്കും.—യോഹന്നാൻ 3:16; വെളിപാട് 7:9, 10, 13, 14 വായിക്കുക.
ഉത്തരം പറയാമോ?
• നമുക്ക് മറുവില ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
• നമ്മെ വീണ്ടെടുക്കാൻ എന്തു വിലയൊടുക്കേണ്ടിവന്നു?
• മറുവിലയിൽനിന്ന് എന്തു പ്രയോജനങ്ങൾ ലഭിക്കുന്നു?
• യേശുവിന്റെ മറുവിലയാഗത്തിൽ നമുക്ക് എങ്ങനെ വിശ്വാസം പ്രകടമാക്കാം?
[13-ാം പേജിലെ ചിത്രം]
യഹോവയുമായി അനുരഞ്ജനപ്പെടാൻ ഇനിയും അവസരമുണ്ട്
[15-ാം പേജിലെ ചിത്രങ്ങൾ]
ഈ സംഭവങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് മറുവിലയ്ക്കുവേണ്ടി എത്ര വലിയ വിലയാണ് ഒടുക്കേണ്ടിവന്നതെന്നു തിരിച്ചറിയാൻ നമ്മെ സഹായിക്കും