‘യഹോവയുടെ മനോഹരത്വം കാണുക’
ജീവിതപാതയിലെ ക്ലേശപൂർണമായ ചില സാഹചര്യങ്ങൾ നമ്മെ തളർത്തിക്കളഞ്ഞേക്കാം. അവ നമ്മുടെ ചിന്തകളെ ഗ്രസിക്കുകയും ശക്തി ചോർത്തിക്കളയുകയും ജീവിതത്തിനു നേർക്കുള്ള നമ്മുടെ കാഴ്ചപ്പാടുതന്നെ മാറ്റിമറിക്കുകയും ചെയ്തേക്കാം. പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദിന് ജീവിതത്തിൽ പലവിധ കഷ്ടങ്ങൾ നേരിടേണ്ടിവന്നു. എന്നാൽ അവയെല്ലാം അവൻ എങ്ങനെയാണ് തരണം ചെയ്തത്? ഹൃദയസ്പർശിയായ ഒരു സങ്കീർത്തനത്തിൽ ദാവീദ് ഇങ്ങനെ പറയുന്നു: “ഞാൻ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോടു യാചിക്കുന്നു. അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു. എന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു.” അതെ, ദാവീദ് താഴ്മയോടെ ദൈവത്തിന്റെ സഹായത്തിനുവേണ്ടി പ്രാർഥിച്ചു.—സങ്കീ. 142:1-3.
ക്ലേശപൂർണമായ നാളുകളിൽ ദാവീദ് സഹായത്തിനായി താഴ്മയോടെ യഹോവയോട് പ്രാർഥിച്ചു
മറ്റൊരു സങ്കീർത്തനത്തിൽ ദാവീദ് ഇങ്ങനെ പാടി: “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും (“മന്ദിരത്തെ വിലമതിപ്പോടെ വീക്ഷിക്കാനും,” NW) എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.” (സങ്കീ. 27:4) ദാവീദ് ഒരു ലേവ്യനായിരുന്നില്ല. എങ്കിലും അവൻ അന്ന് സത്യാരാധനയുടെ കേന്ദ്രമായിരുന്ന സമാഗമനകൂടാരത്തിന് സമീപം വിശുദ്ധ പ്രാകാരത്തിനു വെളിയിൽ നിൽക്കുന്നത് ഒന്നു ഭാവനയിൽ കാണുക. തന്റെ ശിഷ്ടകാലമൊക്കെയും അവിടെ ചെലവഴിക്കാനും അങ്ങനെ “യഹോവയുടെ മനോഹരത്വം കാണ്മാനും” ആഗ്രഹിച്ചുകൊണ്ട് അവന്റെ ഹൃദയം കൃതജ്ഞതാനിർഭരമാകുന്നു.
“മനോഹരത്വം” എന്ന പദം ‘മനസ്സിനും വികാരങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും ഇണങ്ങിയ അഥവാ ഇമ്പകരമായ’ അവസ്ഥയോടോ ഗുണത്തോടോ ബന്ധപ്പെട്ടിരിക്കുന്നു. ആരാധനയ്ക്കു വേണ്ടിയുള്ള ദൈവത്തിന്റെ ക്രമീകരണത്തെ ദാവീദ് എല്ലായ്പോഴും വിലമതിപ്പോടെ വീക്ഷിച്ചിരുന്നു. ‘ദാവീദിന്റെ അതേ മനോഭാവമാണോ എനിക്കുള്ളത്’ എന്ന് നമുക്കോരോരുത്തർക്കും സ്വയം ചോദിക്കാം.
ദൈവത്തിന്റെ ക്രമീകരണത്തെ ‘വിലമതിപ്പോടെ വീക്ഷിക്കുക’
നമ്മുടെ കാലത്ത്, ആരാധനയിൽ യഹോവയെ സമീപിക്കാനുള്ള അവന്റെ ക്രമീകരണം ഒരു അക്ഷരീയ മന്ദിരത്തെയോ നിർമിതിയെയോ കേന്ദ്രീകരിച്ചല്ല. പകരം, ദൈവത്തിന്റെ മഹനീയമായ ആത്മീയ ആലയം, അതായത് സത്യാരാധനയ്ക്കായുള്ള പവിത്രമായ ക്രമീകരണം ആണ് അതിൽ ഉൾപ്പെടുന്നത്.a ഈ ക്രമീകരണത്തെ ‘വിലമതിപ്പോടെ വീക്ഷിക്കുന്നെങ്കിൽ’ നമുക്കും “യഹോവയുടെ മനോഹരത്വം” നോക്കിക്കാണാനാകും.
സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉണ്ടായിരുന്ന താമ്രം പൊതിഞ്ഞ ഹോമയാഗപീഠത്തെക്കുറിച്ച് ചിന്തിക്കുക. (പുറ. 38:1, 2; 40:6) യേശുവിന്റെ മനുഷ്യജീവൻ ഒരു ബലിയായി സ്വീകരിക്കാനുള്ള ദൈവേഷ്ടത്തെ അഥവാ ദൈവത്തിന്റെ മനസ്സൊരുക്കത്തെ ആണ് ആ യാഗപീഠം പ്രതിനിധാനം ചെയ്തത്. (എബ്രാ. 10:5-10) അതിന് നമ്മെ സംബന്ധിച്ച് വലിയ അർഥമുണ്ട്. അപ്പൊസ്തലനായ പൗലോസ് എഴുതി: ‘ശത്രുക്കളായിരിക്കുമ്പോൾത്തന്നെ (അവന്റെ) പുത്രന്റെ മരണത്തിലൂടെ (നാം) ദൈവവുമായി നിരപ്പിലായി.’ (റോമ. 5:10) യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം അർപ്പിക്കുന്നതിലൂടെ ദൈവത്തിന്റെ സുഹൃത്തുക്കളായിരിക്കാനും തന്മൂലം അവന്റെ പ്രീതിയും അംഗീകാരവും ആസ്വദിക്കാനും നമുക്കു കഴിയുന്നു. തത്ഫലമായി “യഹോവയുടെ സഖിത്വം” നാം അനുഭവിച്ചറിയുന്നു.—സങ്കീ. 25:14.
നമ്മുടെ “പാപങ്ങൾ മായ്ക്ക”പ്പെടുന്നതിനാൽ “യഹോവയിൽനിന്ന്” വന്നെത്തുന്ന “ഉന്മേഷകാലങ്ങൾ” നാം ആസ്വദിക്കുന്നു. (പ്രവൃ. 3:19) നമ്മുടെ സാഹചര്യത്തെ മരണശിക്ഷ കാത്തുകഴിയുന്ന ഒരു തടവുകാരന്റേതിനോട് ഉപമിക്കാം. അയാൾ തന്റെ മുൻകാലപാപങ്ങളെപ്രതി അനുതപിക്കുകയും മനഃസ്ഥിതിയിൽ സമൂലപരിവർത്തനം വരുത്തുകയും ചെയ്യുന്നുവെന്നു കരുതുക. ഇതു നിരീക്ഷിക്കുന്ന മഹാമനസ്കനായ ഒരു ന്യായാധിപൻ അയാൾ ചെയ്ത പാപങ്ങളുടെ രേഖ മായ്ച്ചുകളയാനും മരണശിക്ഷ റദ്ദാക്കാനും പ്രേരിതനായിത്തീരുന്നു. ആ തടവുകാരന് എത്രമാത്രം ആശ്വാസവും ആഹ്ലാദവുമായിരിക്കും അനുഭവപ്പെടുക! ആ ന്യായാധിപനെപ്പോലെ യഹോവ, അനുതാപം പ്രകടമാക്കുന്ന മനുഷ്യരോട് കരുണ കാണിക്കുകയും അവരെ മരണശിക്ഷയിൽനിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു.
സത്യാരാധനയിൽ ആനന്ദം കണ്ടെത്തുക
യഹോവയുടെ ഭവനത്തിൽ സത്യാരാധനയുടെ വിവിധ വശങ്ങൾ ദാവീദിന് ദർശിക്കാനായി. അവിടെ സഹാരാധകരായ ഇസ്രായേല്യർ സമ്മേളിക്കുന്നതും ന്യായപ്രമാണം അവർക്കുവേണ്ടി പരസ്യമായി വായിക്കുന്നതും വിശദീകരിക്കുന്നതും ധൂപവർഗം കത്തിക്കുന്നതും പുരോഹിതന്മാരും ലേവ്യരും വിശുദ്ധസേവനം അർപ്പിക്കുന്നതും അവൻ നിരീക്ഷിച്ചു. (പുറ. 30:34-38; സംഖ്യാ. 3:5-8; ആവ. 31:9-12) പുരാതന ഇസ്രായേലിലെ സത്യാരാധനയുടെ ഈ വശങ്ങൾക്ക് ആധുനികകാല സമാന്തരങ്ങളുണ്ട്.
അന്നത്തെപ്പോലെ ഇന്നും “സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും” ആണ്! (സങ്കീ. 133:1) നമ്മുടെ ലോകവ്യാപക ‘സഹോദരവർഗം’ എത്രമടങ്ങ് വർധിച്ചുപെരുകിയിരിക്കുന്നു! (1 പത്രോ. 2:17) നമ്മുടെ യോഗങ്ങളിൽ ദൈവവചനം പരസ്യമായി വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. തന്റെ സംഘടനയിലൂടെ യഹോവ സമൃദ്ധമായ ആത്മീയപ്രബോധനം പ്രദാനം ചെയ്തിരിക്കുന്നു. വ്യക്തിപരമായും കുടുംബമായും പഠിക്കുന്നതിന് അച്ചടിച്ച രൂപത്തിലുള്ള ആത്മീയാഹാരവും യഥേഷ്ടം ലഭ്യമാണ്. ഭരണസംഘത്തിലെ ഒരു അംഗം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഉണർന്നിരിക്കുമ്പോഴെല്ലാം യഹോവയുടെ വചനത്തെയും അതിന്റെ അർഥത്തെയും കുറിച്ച് ധ്യാനിക്കുന്നതും ഉൾക്കാഴ്ചയും ഗ്രാഹ്യവും അന്വേഷിക്കുന്നതും ഞാൻ ശീലമാക്കിയിരിക്കുന്നു. അത് എന്റെ ജീവിതത്തെ ആത്മീയാനുഗ്രഹങ്ങളും സംതൃപ്തിയും കൊണ്ട് നിറച്ചിരിക്കുന്നു.” അതെ, ‘പരിജ്ഞാനത്തിന് നമ്മുടെ മനസ്സിന്ന് ഇമ്പമായിരിക്കാനാകും.’—സദൃ. 2:10.
ഇന്ന്, ദൈവദാസരുടെ സ്വീകാര്യമായ പ്രാർഥനകൾ സൗരഭ്യവാസന നിറഞ്ഞ പരിമളധൂപം പോലെ ദിനന്തോറും യഹോവയിങ്കലേക്ക് ഉയരുന്നു. (സങ്കീ. 141:2) താഴ്മനിറഞ്ഞ മനസ്സോടെ നാം പ്രാർഥനയിൽ യഹോവയാം ദൈവത്തെ സമീപിക്കുമ്പോൾ അവൻ അതിൽ അതിയായ ആനന്ദം കണ്ടെത്തുന്നുവെന്ന് തിരിച്ചറിയുന്നത് എത്ര ആശ്വാസദായകമാണ്!
“ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ” എന്ന് മോശ പ്രാർഥിച്ചു. (സങ്കീ. 90:17) നാം തീക്ഷ്ണതയോടെ നമ്മുടെ ശുശ്രൂഷ നിർവഹിക്കുമ്പോൾ യഹോവ നമ്മുടെ വേലയെ അനുഗ്രഹിക്കുന്നു. (സദൃ. 10:22) സത്യം പഠിക്കാൻ നാം ചിലരെ സഹായിച്ചിട്ടുണ്ടായിരിക്കാം. ഒരുപക്ഷേ, രോഗം, വൈകാരികവേദന, പീഡനം, ആളുകളുടെ പക്ഷത്തെ നിസ്സംഗത എന്നിവയെല്ലാം സഹിച്ചുനിന്നുകൊണ്ട് നിരവധി വർഷങ്ങൾതന്നെ നാം ശുശ്രൂഷയിൽ ചെലവഴിച്ചിട്ടുണ്ടാകാം. (1 തെസ്സ. 2:2) അപ്പോഴും, “യഹോവയുടെ മനോഹരത്വം” ദർശിക്കാൻ നമുക്കായിട്ടില്ലേ? നമ്മുടെ സ്വർഗീയപിതാവ് നമ്മുടെ കഠിനശ്രമങ്ങളിൽ സംപ്രീതനായിരിക്കുന്നു എന്ന് നമുക്കു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലേ?
ദാവീദ് യഹോവയെ “എന്റെ ഓഹരിയും പാനപാത്രവും” എന്നു വിളിച്ചു. (സങ്കീ. 16:5എ, പി.ഒ.സി.) തുടർന്ന്, “നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു. അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു,” എന്ന് അവൻ പാടി. (സങ്കീ. 16:5ബി, 6) തനിക്ക് ലഭിച്ച “ഓഹരി”യെപ്രതി, അതായത് യഹോവയുമായുള്ള അംഗീകൃതബന്ധത്തെയും അവനെ സേവിക്കാനുള്ള തന്റെ പദവിയെയും പ്രതി ദാവീദ് നന്ദിയുള്ളവനായിരുന്നു. അവനെപ്പോലെ നമുക്കും കഷ്ടതകൾ അനുഭവിക്കേണ്ടിവന്നേക്കാം, എങ്കിലും അവയെയെല്ലാം കടത്തിവെട്ടുന്നതാണ് നാം ആസ്വദിക്കുന്ന അനവധിയായ ആത്മീയാനുഗ്രഹങ്ങൾ! അതുകൊണ്ട് സത്യാരാധനയിൽ നമുക്ക് അനവരതം ആനന്ദം കണ്ടെത്താം; യഹോവയുടെ ആത്മീയാലയത്തെ എന്നും ‘വിലമതിപ്പോടെ വീക്ഷിക്കുന്നതിൽ’ തുടരാം.