‘സകലവും യഥാസ്ഥാനത്താകുന്ന കാലം’ സമീപിച്ചിരിക്കുന്നു!
യേശു സ്വർഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിനു തൊട്ടുമുമ്പ് അവന്റെ വിശ്വസ്ത ശിഷ്യന്മാരിൽ ചിലർ അവനോട് ഇങ്ങനെ ചോദിച്ചു: ‘കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത്’? കുറെ കാലത്തിനു ശേഷമേ ദൈവരാജ്യം വരുകയുള്ളൂ എന്ന് യേശുവിന്റെ മറുപടി സൂചിപ്പിക്കുകയുണ്ടായി. ആ കാലത്ത് അവന്റെ അനുഗാമികൾക്ക് വലിയ ഒരു വേല ചെയ്തുതീർക്കാൻ ഉണ്ടായിരിക്കും. “യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും” അവർ യേശുവിന്റെ സാക്ഷികൾ ആയിരിക്കേണ്ടിയിരുന്നു.—പ്രവൃത്തികൾ 1:6-8.
ഏതാനും ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ കൊണ്ട് അത്തരമൊരു നിയമനം പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ല. താമസംവിനാ ശിഷ്യന്മാർ പ്രസംഗവേല തുടങ്ങിയെങ്കിലും, യഥാസ്ഥാനപ്പെടുത്തൽ എന്ന വിഷയത്തിലുള്ള അവരുടെ താത്പര്യം നഷ്ടപ്പെട്ടിരുന്നില്ല. യെരൂശലേമിൽ കൂടിവന്ന വലിയൊരു ജനക്കൂട്ടത്തോട് പത്രൊസ് അപ്പൊസ്തലൻ അതിനെ കുറിച്ചു പിൻവരുന്ന പ്രകാരം പറഞ്ഞതായി നാം ബൈബിളിൽ വായിക്കുന്നു: ‘നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കു മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയക്കയും ചെയ്യും. ദൈവം ലോകാരംഭംമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.’—പ്രവൃത്തികൾ 3:19-21.
“യഥാസ്ഥാനത്താകുന്ന കാലം” യഹോവയിൽ നിന്നുള്ള “ആശ്വാസകാലങ്ങൾ” കൈവരുത്തേണ്ടിയിരുന്നു. മുൻകൂട്ടി പറഞ്ഞിരുന്ന യഥാസ്ഥാനപ്പെടൽ രണ്ടു ഘട്ടങ്ങളായി വേണമായിരുന്നു നടക്കാൻ. ആദ്യം ഒരു ആത്മീയ പുനഃസ്ഥിതീകരണം. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിനുശേഷം, ഭൂമിയിൽ അക്ഷരീയ പറുദീസയുടെ സ്ഥാപനം.
യഥാസ്ഥാനത്താകുന്ന കാലം തുടങ്ങുന്നു
യെരൂശലേമിൽ കൂടിവന്നവരോട് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞതു പോലെ, ‘സ്വർഗം യേശുവിനെ കൈക്കൊണ്ടു.’ യേശു രാജകീയ അധികാരം സ്വീകരിക്കുകയും ദൈവം നിയമിച്ച രാജാവെന്ന നിലയിൽ ഭരിക്കാൻ തുടങ്ങുകയും ചെയ്ത 1914 വരെ ആ അവസ്ഥ തുടർന്നു. ആ സമയത്ത്, അതായത് 1914-ൽ, യഹോവ തന്റെ പുത്രനെ ‘അയക്കു’മെന്ന്, അതായത് ദൈവത്തിന്റെ ഉദ്ദേശ്യങ്ങളിൽ പ്രമുഖ വ്യക്തി എന്ന നിലയിലുള്ള തന്റെ ധർമം നിർവഹിക്കാൻ യേശുവിനെ അവൻ അനുവദിക്കുമെന്ന് പത്രൊസ് മുൻകൂട്ടി പറഞ്ഞു. ബൈബിൾ പ്രതീകാത്മക ഭാഷയിൽ അതേക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു: “[ദൈവത്തിന്റെ സ്വർഗീയ സംഘടന] സകലജാതികളെയും ഇരിമ്പുകോൽകൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ [യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യത്തെ] പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.”—വെളിപ്പാടു 12:5.
എന്നാൽ ക്രിസ്തുവിന്റെ ഭരണത്തിനു കീഴ്പെടാൻ രാഷ്ട്രങ്ങൾ തയ്യാറായില്ല. ആ രാഷ്ട്രങ്ങൾ ഇന്ന് യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്ന ക്രിസ്തുവിന്റെ ഭൗമിക പ്രജകളെ കുറിച്ചു ദുഷി പറയാൻ തുടങ്ങി. തങ്ങളുടെ അപ്പൊസ്തലിക മുൻഗാമികളെ പോലെ, ഈ സാക്ഷികൾ ‘യേശുവിന്നു സാക്ഷ്യം വഹിക്കുന്ന’ വേല നിസ്സങ്കോചം ഏറ്റെടുത്തിരിക്കുന്നു. (വെളിപ്പാടു 12:17) പല രാജ്യങ്ങളിലും ഈ ആത്മാർഥ ക്രിസ്ത്യാനികൾ ചെയ്തിരുന്ന വേലയ്ക്ക് എതിർപ്പു നേരിട്ടു. 1918-ൽ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള വാച്ച്ടവർ സൊസൈറ്റിയുടെ ആസ്ഥാനത്ത് ഉത്തരവാദിത്വ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന അംഗങ്ങളുടെ മേൽ തെറ്റായ ആരോപണം ചുമത്തി അവരെ ദീർഘകാല ജയിൽശിക്ഷയ്ക്കു വിധിച്ചു. ആധുനികകാല സാക്ഷീകരണ പ്രവർത്തനം ‘ഭൂമിയുടെ അറ്റത്തോളം’ നടക്കുകയില്ല എന്നതുപോലെ കുറേക്കാലത്തേക്കു തോന്നി.—വെളിപ്പാടു 11:7-10.
എന്നാൽ, തടവിലാക്കപ്പെട്ടവർ 1919-ൽ വിടുവിക്കപ്പെടുകയും തങ്ങളുടെമേൽ ചുമത്തപ്പെട്ട ആരോപണങ്ങളിൽനിന്നു മുക്തരാകുകയും ചെയ്തു. തെല്ലും സമയം പാഴാക്കാതെ അവർ ആത്മീയ യഥാസ്ഥാന പ്രവർത്തനം തുടർന്നു. അന്നുമുതൽ യഹോവയുടെ ജനം അഭൂതപൂർവമായ അഭിവൃദ്ധി ആസ്വദിച്ചുകൊണ്ടാണിരിക്കുന്നത്.
ക്രിസ്തു തന്റെ അനുഗാമികളോടു പ്രമാണിക്കാൻ കൽപ്പിച്ച കാര്യങ്ങൾ സകല ജനതകളിലെയും ആളുകളെ പഠിപ്പിക്കാനുള്ള വ്യാപകമായ ഒരു പ്രവർത്തനം ആ സാക്ഷികൾ ഏറ്റെടുത്തു. (മത്തായി 28:20) മുമ്പ് മൃഗസമാന സ്വഭാവങ്ങൾ പുലർത്തിയിരുന്ന ആളുകൾ തങ്ങളുടെ വീക്ഷണത്തിനു മാറ്റം വരുത്തുന്നതു കാണുന്നത് എത്ര സന്തോഷം കൈവരുത്തിയിരിക്കുന്നു! അവർ “കോപം” “ഈർഷ്യ” “ദൂഷണം” “ദുർഭാഷണം” തുടങ്ങിയവ ഭാഗമായിരുന്ന പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ് തങ്ങളെ ‘സൃഷ്ടിച്ചവന്റെ [ദൈവത്തിന്റെ] പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ [“വ്യക്തിത്വം,” NW] ധരിച്ചു.’ ആത്മീയ അർഥത്തിൽ യെശയ്യാ പ്രവാചകന്റെ വാക്കുകൾ ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്: “ചെന്നായി [മുമ്പു ചെന്നായ്ക്കു സമാനമായ സ്വഭാവവിശേഷതകൾ പ്രകടമാക്കിയിരുന്ന വ്യക്തി] കുഞ്ഞാടിനോടുകൂടെ [സൗമ്യ പ്രകൃതമുള്ള വ്യക്തി] പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും.”—കൊലൊസ്സ്യർ 3:8-10; യെശയ്യാവു 11:6, 9.
കൂടുതലായ യഥാസ്ഥാനപ്പെടുത്തലിന്റെ സമയം സമീപിച്ചിരിക്കുന്നു!
ഇന്നത്തെ ആത്മീയ പറുദീസയിൽ കലാശിച്ചിരിക്കുന്ന പുനഃസ്ഥിതീകരണത്തിനു പുറമേ, നമ്മുടെ ഈ ഗ്രഹം അക്ഷരീയമായ ഒരു പറുദീസ ആകാൻ പോകുന്ന സമയം വളരെ വേഗം അടുത്തുവരുകയാണ്. നമ്മുടെ പൂർവികരായ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച സമയത്ത് ഭൂമിയുടെ ഒരു ചെറിയ ഭാഗം പറുദീസ ആയിരുന്നു. (ഉല്പത്തി 1:29-31) അതുകൊണ്ടാണ് പറുദീസയുടെ പുനഃസ്ഥാപനത്തെ കുറിച്ചു നമുക്കു സംസാരിക്കാൻ കഴിയുന്നത്. എന്നാൽ അതു സംഭവിക്കുന്നതിനു മുമ്പ്, ദൈവത്തെ നിന്ദിക്കുന്ന വ്യാജമതത്തെ ഭൂമിയിൽനിന്നു നീക്കം ചെയ്യേണ്ടതുണ്ട്. ഭൂമിയിലെ രാഷ്ട്രീയ ഘടകങ്ങൾ അതിനെ നശിപ്പിക്കും. (വെളിപ്പാടു 17:15-18) തുടർന്ന്, ഈ ലോകത്തിലെ രാഷ്ട്രീയവും വാണിജ്യപരവുമായ ഘടകങ്ങളും അവയെ പിന്തുണയ്ക്കുന്നവരും ഇല്ലാതാക്കപ്പെടും. ഒടുവിൽ ദൈവത്തിന്റെ അവസാനത്തെ ശത്രുവായ സാത്താനും അവന്റെ ഭൂതങ്ങളും ആയിരം വർഷത്തേക്ക് അടച്ചുപൂട്ടപ്പെടും. യഥാസ്ഥാനപ്പെടുത്തലിന്റെ ഒരു കാലഘട്ടം ആയിരിക്കും അത്. അക്കാലത്ത് “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും.” (യെശയ്യാവു 35:1) സർവഭൂമിയും ‘സ്വസ്ഥമായിരിക്കും.’ (യെശയ്യാവു 14:7) മരിച്ചുപോയ ദശലക്ഷങ്ങൾ അപ്പോൾ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടും. മറുവിലയാഗത്തിന്റെ യഥാസ്ഥാനപ്പെടുത്തുന്ന ഫലങ്ങൾ സകലരും അനുഭവിക്കും. (വെളിപ്പാടു 20:12-15; 22:1, 2) അന്നു ഭൂമിയിൽ അന്ധരോ ബധിരരോ മുടന്തരോ ഉണ്ടായിരിക്കുകയില്ല. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24) ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ച കഴിഞ്ഞ് ഉടൻതന്നെ കുറഞ്ഞോരു സമയത്തേക്ക് പിശാചിനെയും ഭൂതങ്ങളെയും അഴിച്ചുവിടും. ഭൂമിയിൽ ആ ഘട്ടംവരെ ദൈവോദ്ദേശ്യം എങ്ങനെ നിവൃത്തിയേറിയിരിക്കുന്നു എന്ന് അവർ കാണും. ഒടുവിൽ, അവർ എന്നേക്കുമായി നശിപ്പിക്കപ്പെടും.—വെളിപ്പാടു 20:1-3.
ഭൂമിയിൽ സഹസ്രാബ്ദ വാഴ്ചയുടെ അവസാനം ആകുമ്പോഴേക്കും, “ജീവനുള്ളതൊക്കെയും” യഹോവയെ സ്തുതിക്കും, അവർ തുടർന്ന് സകല നിത്യതയിലും അവനെ സ്തുതിച്ചുകൊണ്ടിരിക്കും. (സങ്കീർത്തനം 150:6) നിങ്ങൾ അവരിൽ ഒരാൾ ആയിരിക്കുമോ? നിശ്ചയമായും, നിങ്ങൾക്ക് അവരിൽ ഒരാൾ ആയിരിക്കാൻ കഴിയും.