യഹോവയുടെ വചനം ജീവനുള്ളത്
പ്രവൃത്തികളുടെ പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
ക്രിസ്തീയ സഭയുടെ ആരംഭത്തെയും തുടർന്നുള്ള അതിന്റെ വളർച്ചയെയും കുറിച്ചുള്ള സമഗ്രമായ വിവരണം അപ്പൊസ്തല പ്രവൃത്തികൾ എന്ന ബൈബിൾപുസ്തകത്തിൽ നമുക്കു കാണാം. എ.ഡി. 33 മുതൽ 61 വരെയുള്ള 28 വർഷക്കാലത്തെ ക്രിസ്തീയ പ്രവർത്തനങ്ങളുടെ ഒരു ജീവസ്സുറ്റ ചരിത്രമാണു വൈദ്യനായ ലൂക്കൊസ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്.
പുസ്തകത്തിന്റെ ആദ്യഭാഗം മുഖ്യമായും അപ്പൊസ്തലനായ പത്രൊസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ രണ്ടാം ഭാഗം അപ്പൊസ്തലനായ പൗലൊസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ളതാണ്. “ഞങ്ങൾ,” “നാം” എന്നിങ്ങനെയുള്ള സർവനാമങ്ങൾ ഉപയോഗിക്കുകവഴി ചില സംഭവങ്ങൾക്കു താനും ദൃക്സാക്ഷിയാണെന്നു ലൂക്കൊസ് സൂചിപ്പിക്കുന്നു. പ്രവൃത്തികളുടെ പുസ്തകത്തിലെ സന്ദേശത്തിനു ശ്രദ്ധനൽകുന്നത് ദൈവവചനത്തിന്റെ ശക്തിയെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെയും നാം അതിയായി വിലമതിക്കുന്നതിന് ഇടയാക്കും. (എബ്രാ. 4:12) ത്യാഗമനഃസ്ഥിതി വളർത്തിയെടുക്കുന്നതിനും രാജ്യപ്രത്യാശയിലുള്ള വിശ്വാസം ബലിഷ്ഠമാക്കുന്നതിനും ഈ പുസ്തകം നമ്മെ സഹായിക്കും.
“സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ” പത്രൊസ് ഉപയോഗിക്കുന്നു
പരിശുദ്ധാത്മാവിനെ പകർന്നുകിട്ടിയ അപ്പൊസ്തലന്മാർ ധൈര്യസമേതം സാക്ഷീകരിക്കാൻ തുടങ്ങി. ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകളിൽ’ ആദ്യത്തേത് ഉപയോഗിച്ച് പത്രൊസ്, “അവന്റെ വാക്കു കൈക്കൊണ്ട” യഹൂദന്മാർക്കും യഹൂദമതപരിവർത്തിതർക്കും അറിവിന്റെയും ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള അവസരത്തിന്റെയും കവാടം തുറന്നുകൊടുത്തു. (മത്താ. 16:19, പി.ഒ.സി. ബൈബിൾ; പ്രവൃ. 2:5, 41) വലിയ പീഡനങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ ശിഷ്യന്മാർ നാലുപാടും ചിതറിപ്പോയി, എന്നിരുന്നാലും സുവിശേഷം നാനാദേശങ്ങളിൽ എത്തുന്നതിന് അത് ഇടയാക്കി.
ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ട യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, പത്രൊസിനെയും യോഹന്നാനെയും അങ്ങോട്ടേക്ക് അയച്ചു. ശമര്യർക്കു ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള അവസരം തുറന്നുകൊടുക്കുന്നതിനായി പത്രൊസ് രണ്ടാമത്തെ താക്കോൽ ഉപയോഗിച്ചു. (പ്രവൃ. 8:14-17) യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം, ഒരു വർഷത്തിനുള്ളിൽ ആയിരിക്കാം തർസൊസിലെ ശൗൽ ഒരു ക്രിസ്ത്യാനിയായിത്തീർന്നത്. എ.ഡി. 36-ൽ പത്രൊസ് മൂന്നാമത്തെ താക്കോൽ ഉപയോഗിച്ചു, പരിച്ഛേദനയേൽക്കാത്ത വിജാതീയർക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കുന്നതിന് അത് ഇടയാക്കി.—പ്രവൃ. 10:45.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
2:44-47; 4:34, 35—ക്രിസ്ത്യാനികൾ ‘ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിട്ടത്’ എന്തുകൊണ്ട്? വിശ്വാസികളായിത്തീർന്ന പലരും ദൂരദേശങ്ങളിൽനിന്നു വന്നവരാണ്, യെരൂശലേമിൽ കൂടുതൽ ദിവസം താമസിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നില്ല അവർ വന്നത്. എന്നിരുന്നാലും തങ്ങളുടെ പുതിയ വിശ്വാസത്തെക്കുറിച്ചു പഠിക്കുന്നതിനും മറ്റുള്ളവർക്കു സാക്ഷ്യം കൊടുക്കുന്നതിനും കുറച്ചുനാൾകൂടെ യെരൂശലേമിൽ താമസിക്കാൻ അവർ ആഗ്രഹിച്ചു. ഇവരെ സഹായിക്കുന്നതിനു ചില ക്രിസ്ത്യാനികൾ അവരുടെ സ്വത്തുക്കൾ വിറ്റുകിട്ടിയ പണം ആവശ്യാനുസരണം വീതിച്ചുകൊടുത്തു.
4:13—പത്രൊസും യോഹന്നാനും അക്ഷരാഭ്യാസം ഇല്ലാത്തവരായിരുന്നോ? അല്ല, റബ്ബിമാരുടെ സ്ഥാപനങ്ങളിൽനിന്നു മതപരമായ പരിശീലനമൊന്നും നേടിയിട്ടില്ലാത്തതിനാലാണ് ഇവരെ “പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ” എന്നു വിളിച്ചത്.
5:34-39—പൊതുജനത്തെ പുറത്തുവിട്ടശേഷം ന്യായാധിപസംഘത്തോടു മാത്രമായി ഗമാലീയേൽ പറഞ്ഞ കാര്യങ്ങൾ ലൂക്കൊസ് അറിഞ്ഞത് എങ്ങനെയാണ്? ചുരുങ്ങിയത് മൂന്നു സാധ്യതകൾ ഉണ്ട്: (1) ഗമാലീയേലിന്റെ പൂർവവിദ്യാർഥിയായ പൗലൊസിൽനിന്നു ലൂക്കൊസ് അതു മനസ്സിലാക്കി; (2) നിക്കോദേമൊസിനോടോ ന്യായാധിപസംഘത്തിലെ അനുഭാവമുള്ള മറ്റൊരു അംഗത്തോടോ ലൂക്കൊസ് ചോദിച്ചു; (3) ദിവ്യനിശ്വസ്തതയിൽ ലൂക്കൊസ് കാര്യങ്ങൾ മനസ്സിലാക്കി.
7:59—സ്തെഫാനോസ് യേശുവിനോടു പ്രാർഥിക്കുകയായിരുന്നോ? അല്ല, ഒരിക്കലുമല്ല. ആരാധന യഹോവയാം ദൈവത്തിനു മാത്രമേ നൽകാവൂ, അതുകൊണ്ടു പ്രാർഥിക്കേണ്ടതും അവനോടു മാത്രമാണ്. (ലൂക്കൊ. 4:8; 6:12) സ്തെഫാനോസ് സാധാരണഗതിയിൽ യേശുവിന്റെ നാമത്തിൽ യഹോവയോടാണ് പ്രാർഥിച്ചിരുന്നത്. (യോഹ. 15:16) എന്നാൽ ഈ സന്ദർഭത്തിൽ “മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നത്” സ്തെഫാനോസ് ദർശനത്തിൽ കാണുകയുണ്ടായി. (പ്രവൃ. 7:56) മരിച്ചവരെ ഉയിർപ്പിക്കാനുള്ള അധികാരം യേശുവിനു ലഭിച്ചിരിക്കുന്നു എന്ന പൂർണബോധ്യത്തോടെ, തന്റെ “ആത്മാവിനെ കൈക്കൊള്ളേണമേ” എന്ന് സ്തെഫാനോസ് യേശുവിനോടു നേരിട്ടു പറയുകയായിരുന്നു അല്ലാതെ അവനോടു പ്രാർഥിക്കുക ആയിരുന്നില്ല.—യോഹ. 5:27-29.
നമുക്കുള്ള പാഠങ്ങൾ:
1:8. യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രസംഗപ്രവർത്തനം പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ നിർവഹിക്കാനാവില്ല.
4:36–5:11. കുപ്രൊസുകാരനായ യോസേഫിന്റെ മറുപേർ ബർന്നബാസ് എന്നായിരുന്നു, “പ്രബോധനപുത്രൻ” [“ആശ്വാസപുത്രൻ,” പി.ഒ.സി.] എന്നാണ് ആ പേരിന്റെ അർഥം. ഹൃദ്യമായി പെരുമാറുന്നവനും അലിവുള്ളവനും പരോപകാരിയും ആയതിനാലാവണം അപ്പൊസ്തലന്മാർ അവനെ ബർന്നബാസ് എന്നു വിളിച്ചത്. നാം അവനെപ്പോലെ ആയിരിക്കണം അല്ലാതെ കാപട്യവും കുടിലതയുമൊക്കെ കാണിച്ച അനന്യാസിനെയും സഫീരയെയും പോലെ ആയിരിക്കരുത്.
9:23-25. ശുശ്രൂഷ തുടരുക എന്ന ഉദ്ദേശ്യത്തിൽ എതിരാളികളുടെ കയ്യിൽപ്പെടാതെ ഒഴിഞ്ഞുമാറിപ്പോകുന്നതു ഭീരുത്വമല്ല.
9:28-30. ചില പ്രദേശങ്ങളിലോ വ്യക്തികളോടോ സാക്ഷീകരിക്കുന്നത് ശാരീരികമോ ധാർമികമോ ആത്മീയവുമോ ആയ അപകടത്തിലേക്കു നയിക്കുമെന്നുകണ്ടാൽ നാം ബുദ്ധിപൂർവം പ്രവർത്തിക്കേണ്ടതുണ്ട്, എപ്പോൾ എവിടെ പ്രസംഗിക്കണമെന്ന കാര്യത്തിൽ ശ്രദ്ധയുള്ളവരായിരിക്കുന്നത് ഉചിതമാണ്.
9:31. സാഹചര്യങ്ങൾ അനുകൂലമായിരിക്കുമ്പോൾ, പഠനത്തിലൂടെയും ധ്യാനത്തിലൂടെയും നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താൻ നാം ശ്രമിക്കണം. പഠിക്കുന്നതു ബാധകമാക്കിക്കൊണ്ട് യഹോവാഭയത്തിൽ നടക്കാനും ശുശ്രൂഷയിൽ തീക്ഷ്ണമായി പങ്കെടുക്കാനും ഇതു നമ്മെ സഹായിക്കും.
പൗലൊസിന്റെ തീക്ഷ്ണശുശ്രൂഷ
എ.ഡി. 44-ൽ അഗബൊസ് അന്ത്യോക്യയിൽ എത്തി. ബർന്നബാസും ശൗലും ‘ഒരു സംവത്സരമായി’ അവിടെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒരു “മഹാക്ഷാമം” ഉണ്ടാകുമെന്ന് അഗബൊസ് പ്രവചിച്ചു, രണ്ടു വർഷത്തിനുശേഷം അതു സത്യമായി ഭവിച്ചു. (പ്രവൃ. 11:26-28) “യെരൂശലേമിലെ തങ്ങളുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ പൂർത്തിയാക്കിയശേഷം” ബർന്നബാസും ശൗലും അന്ത്യോക്യയിലേക്കു മടങ്ങിപ്പോയി. (പ്രവൃ. 12:25, NW ) എ.ഡി. 47-ൽ അതായത് ശൗൽ ക്രിസ്ത്യാനിയായിട്ട് ഏതാണ്ട് 12 ആണ്ടു കഴിഞ്ഞ്, ബർന്നബാസിനെയും ശൗലിനെയും മിഷനറി പര്യടനത്തിനായി പരിശുദ്ധാത്മാവ് നിയോഗിച്ചയച്ചു. (പ്രവൃ. 13:1-4) എ.ഡി. 48-ൽ അവർ അന്ത്യോക്യയിൽ തിരിച്ചെത്തി, “ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.”—പ്രവൃ. 14:26.
ഒമ്പതു മാസങ്ങൾക്കുശേഷം പൗലൊസ് (ശൗൽ) ശീലാസിനെ തന്റെ കൂട്ടാളിയായി തിരഞ്ഞെടുത്ത് രണ്ടാം മിഷനറി പര്യടനത്തിനായി പുറപ്പെടുന്നു. (പ്രവൃ. 15:39, 40) ഇടയ്ക്കുവെച്ചു തിമൊഥെയൊസും ലൂക്കൊസും ഇവരോടൊപ്പം ചേരുന്നു. ലൂക്കൊസ് ഫിലിപ്പിയയിൽ തങ്ങുമ്പോൾ പൗലൊസ് ഏഥൻസിലേക്കും അവിടെനിന്നു കൊരിന്തിലേക്കും പോകുന്നു. അവിടെവെച്ച് അവൻ അക്വിലാസിനെയും പ്രിസ്കില്ലയെയും പരിചയപ്പെടുന്നു, ഒന്നര വർഷം അവൻ അവിടെ ചെലവഴിച്ചു. (പ്രവൃ. 18:11) തിമൊഥെയൊസിനെയും ശീലാസിനെയും കൊരിന്തിലാക്കിയിട്ട് അക്വിലാസിനെയും പ്രിസ്കില്ലയെയുംകൂട്ടി പൗലൊസ് എ.ഡി. 52-ന്റെ തുടക്കത്തിൽ എഫെസൊസ് വഴി സിറിയയിലേക്കു പുറപ്പെടുന്നു. (പ്രവൃ. 18:18) അക്വിലാസും പ്രിസ്കില്ലയും എഫെസൊസിൽ തുടരുമ്പോൾ പൗലൊസ് തന്റെ യാത്ര തുടർന്നു.
കുറച്ചുനാൾ സിറിയയിലെ അന്ത്യോക്യയിൽ താമസിച്ചശേഷം എ.ഡി. 52-ൽ പൗലൊസ് മൂന്നാം മിഷനറി പര്യടനത്തിനായി പുറപ്പെടുന്നു. (പ്രവൃ. 18:23) എഫെസൊസിൽ എത്തിയ പൗലൊസിന്റെ പ്രവർത്തനഫലമായി അവിടെ “കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.” (പ്രവൃ. 19:20) മൂന്നുവർഷം അവൻ അവിടെ ഉണ്ടായിരുന്നു. (പ്രവൃ. 20:31) എ.ഡി. 56-ലെ പെന്തക്കൊസ്ത് ആയപ്പോഴേക്കും അവൻ യെരൂശലേമിൽ എത്തി. അറസ്റ്റുചെയ്യപ്പെട്ട അവൻ അധികാരികളോടു സധൈര്യം സാക്ഷീകരിച്ചു. റോമിൽ അവൻ രണ്ടുവർഷം വീട്ടുതടങ്കലിലായിരുന്നു (ഏതാണ്ട്, എ.ഡി. 59 മുതൽ 61 വരെ). അപ്പോൾപ്പോലും ‘ദൈവരാജ്യം പ്രസംഗിക്കാനും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിക്കാനും’ അവൻ വഴികണ്ടെത്തി.—പ്രവൃ. 28:30, 31.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
14:8-13—ലുസ്ത്രയിൽവെച്ചു ജനക്കൂട്ടം ‘ബർന്നബാസിനെ ഇന്ദ്രൻ എന്നും പൌലൊസിനെ ബുധൻ എന്നും പേർവിളിച്ചത്’ എന്തുകൊണ്ട്? ഗ്രീക്കു പുരാണത്തിൽ ദേവന്മാരുടെ തലവനായിരുന്നു സീയൂസ് (ഇന്ദ്രൻ), അവന്റെ പുത്രനായ ഹെർമിസ് (ബുധൻ) വാക്ചാതുര്യത്തിനു പേരുകേട്ടവനായിരുന്നു. പൗലൊസ് മുഖ്യപ്രസംഗകനാകയാൽ അവനെ ബുധൻ എന്നും ബർന്നബാസിനെ ഇന്ദ്രൻ എന്നും ലുസ്ത്രക്കാർ വിളിച്ചു.
16:6, 7—ആസ്യയിലും ബിഥുന്യയിലും പ്രസംഗിക്കുന്നതിൽനിന്ന് പരിശുദ്ധാത്മാവ് പൗലൊസിനെയും സഹപ്രവർത്തകരെയും വിലക്കിയത് എന്തുകൊണ്ട്? സുവിശേഷകരുടെ എണ്ണം വളരെ കുറവായിരുന്നു, അതുകൊണ്ട് കൂടുതൽ ഫലം തരുന്ന പ്രദേശങ്ങളിൽ പ്രസംഗിക്കാൻ പരിശുദ്ധാത്മാവ് അവരെ നയിക്കുകയായിരുന്നു.
18:12-17—ആളുകൾ സോസ്ഥനേസിനെ അടിച്ചപ്പോൾ ദേശാധിപതിയായ ഗല്ലിയോൻ അത് തടയാതിരുന്നത് എന്തുകൊണ്ട്? പൗലൊസിനെ ആക്രമിച്ച ജനക്കൂട്ടത്തിന്റെ നേതാവെന്നു തോന്നിച്ച സോസ്ഥനേസിനു കിട്ടേണ്ടതു കിട്ടിക്കോട്ടെ എന്ന് ഗല്ലിയോൻ ചിന്തിച്ചിരിക്കണം. എന്നിരുന്നാലും ഈ സംഭവംകൊണ്ട് ഒരു ഗുണം ഉണ്ടായി, സോസ്ഥനേസ് ക്രിസ്ത്യാനിയായിത്തീർന്നു. പിന്നീട് സോസ്ഥനേസിനെ ‘സഹോദരൻ’ എന്നാണു പൗലൊസ് വിളിക്കുന്നത്.—1 കൊരി. 1:1.
18:18—പൗലൊസിന് എന്തു നേർച്ച അഥവാ വ്രതമാണ് ഉണ്ടായിരുന്നത്? പൗലൊസ് നാസീർവ്രതമാണ് എടുത്തതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. (സംഖ്യാ. 6:1-21) എന്നിരുന്നാലും ഏതു വ്രതമാണ് പൗലൊസ് എടുത്തതെന്നു ബൈബിൾ വ്യക്തമാക്കുന്നില്ല. തന്നെയുമല്ല പൗലൊസ് വ്രതമെടുത്തതു ക്രിസ്ത്യാനി ആകുന്നതിനു മുമ്പാണോ പിമ്പാണോ, അതു തുടങ്ങുകയായിരുന്നോ അവസാനിപ്പിക്കുകയായിരുന്നോ എന്നൊന്നും തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുമില്ല. എന്തുതന്നെയായാലും അത്തരം ഒരു വ്രതമെടുക്കുന്നതു തെറ്റായിരുന്നില്ല.
നമുക്കുള്ള പാഠങ്ങൾ:
12:5-11. നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ നമുക്കാകും, അങ്ങനെ ചെയ്യുകയുംവേണം.
12:21-23; 14:14-18. ദൈവത്തിനു മാത്രം ലഭിക്കേണ്ടിയിരുന്ന മഹത്ത്വം സ്വീകരിക്കാൻ ഹെരോദാവിനു യാതൊരു വിമുഖതയുമില്ലായിരുന്നു. അനർഹമായ പുകഴ്ചയും സ്തുതിയും ദൃഢതയോടെ സത്വരം തിരസ്കരിച്ച പൗലൊസിന്റെയും ബർന്നബാസിന്റെയും മാതൃകയിൽനിന്നും എത്ര വ്യത്യസ്തം! യഹോവയുടെ സേവനത്തിൽ കൈവരിക്കുന്ന നേട്ടങ്ങളുടെയൊന്നും മഹത്ത്വം നാം കാംക്ഷിക്കരുത്.
14:5-7. വിവേകത്തോടെ പ്രവർത്തിക്കുന്നത് ശുശ്രൂഷയിൽ സജീവമായി തുടരാൻ നമ്മെ സഹായിക്കും.—മത്താ. 10:23.
14:22. പീഡനങ്ങൾ ഉണ്ടാകുമെന്ന് ക്രിസ്ത്യാനികൾ പ്രതീക്ഷിക്കുന്നു. എന്നാൽ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് അതിൽനിന്നു രക്ഷപ്പെടാൻ അവർ ശ്രമിക്കില്ല.—2 തിമൊ. 3:12.
16:1, 2. ക്രിസ്തീയ യുവാക്കൾ ആത്മീയപ്രവർത്തനങ്ങളിൽ ഉത്സാഹംകാണിക്കുകയും ഒരു നല്ല പേർ സമ്പാദിക്കാൻ യഹോവയുടെ സഹായം തേടുകയും വേണം.
16:3. മറ്റുള്ളവർക്കു സുവാർത്ത സ്വീകാര്യമായിരിക്കേണ്ടതിനു തിരുവെഴുത്തു തത്ത്വങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് എന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ചെയ്യാൻ നാം സന്നദ്ധരായിരിക്കണം.—1 കൊരി. 9:19-23.
20:20, 21. നമ്മുടെ ശുശ്രൂഷയുടെ അനിവാര്യഘടകമാണ് വീടുതോറുമുള്ള സാക്ഷീകരണം.
20:24; 21:13. യഹോവയോടുള്ള വിശ്വസ്തത കാക്കുന്നതു നമ്മുടെ ജീവൻ സംരക്ഷിക്കുന്നതിനെക്കാളും പ്രധാനമാണ്.
21:21-26. നല്ല ഉപദേശം സ്വീകരിക്കാൻ നാം എല്ലായ്പോഴും ഉത്സുകരായിരിക്കണം.
25:8-12. “സുവിശേഷത്തിന്റെ പ്രതിവാദത്തിലും അതിന്റെ നിയമപരമായ സ്ഥിരീകരണത്തിലും” ക്രിസ്ത്യാനികൾക്കു നിയമത്തിന്റെ വഴി തേടാൻ സാധിക്കും, അതു ചെയ്യുകയും വേണം.—ഫിലി. 1:7, NW.
26:24, 25. ‘സത്യവും സുബോധവുമായ വാക്കുകൾ’ നാം പ്രസംഗിക്കണം, അതു “ലൗകികമനുഷ്യനു” ഭോഷത്തമായി തോന്നിയാൽപ്പോലും.—1 കൊരി. 2:14, പി.ഒ.സി.
[30-ാം പേജിലെ ചിത്രം]
എപ്പോഴൊക്കെയാണു “സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ” പത്രൊസ് ഉപയോഗിച്ചത്?
[31-ാം പേജിലെ ചിത്രം]
ആഗോളപ്രസംഗപ്രവർത്തനം പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ നിർവഹിക്കാനാവില്ല