യഹോവക്കുവേണ്ടി സാക്ഷീകരിക്കുക ക്ഷീണിക്കരുത്
“നിങ്ങൾ നിങ്ങളുടെ ദേഹികളിൽ ക്ഷീണിച്ച് മടുത്തുപോകാതിരിക്കാൻ . . . പാപികൾ നടത്തിയ വിരുദ്ധസംസാരത്തെ സഹിച്ചിരിക്കുന്നവനെ അടുത്തു പരിചിന്തിക്കുക.”—എബ്രായർ 12:3.
1, 2. താൻ ഉയർപ്പിക്കപ്പെട്ടിരിക്കുന്നുവെന്നതിന് യേശു തന്റെ ശിഷ്യൻമാർക്ക് ബോധ്യം വരുത്തുന്ന ഏതു തെളിവു കൊടുത്തു?
“ഞാൻ കർത്താവിനെ കണ്ടിരിക്കുന്നു!” എന്ന ആ ഞെട്ടിക്കുന്ന വാക്കുകളോടെ മഗ്ദലനമറിയ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടു. (യോഹന്നാൻ 20:18) ഇത് അവന്റെ മരണത്താൽ മുമ്പേ ദുഃഖിതരായിരുന്ന ക്രിസ്തുവിന്റെ ശിഷ്യൻമാരെ സംബന്ധിച്ചിടത്തോളം ആവേശഭരിതമായ സംഭവങ്ങളാൽ നിറഞ്ഞ 40 ദിവസത്തിന്റെ തുടക്കംകുറിച്ചു.
2 താൻ യഥാർത്ഥത്തിൽ ജിവിച്ചിരിക്കുന്നുവെന്നതുസംബന്ധിച്ച് തന്റെ ശിഷ്യൻമാരുടെ മനസ്സിൽ സംശയം ശേഷിപ്പിക്കാൻ യേശു ആഗ്രഹിച്ചില്ല. അതുകൊണ്ട്, ലൂക്കോസ് പ്രതിപാദിക്കുന്നതുപോലെ: “താൻ കഷ്ടമനുഭവിച്ചശേഷം താൻ ജീവനോടിരിക്കുന്നുവെന്ന് [യേശു] അനേകം സുനിശ്ചിത തെളിവുകളാൽ പ്രകടമാക്കി, നാല്പതുദിവസമുടനീളം അവരാൽ കാണപ്പെട്ടുകൊണ്ടുതന്നെ.” (പ്രവൃത്തികൾ 1:3) യഥാർത്ഥത്തിൽ ഒരു സന്ദർഭത്തിൽ “അവൻ ഒരേ സമയത്ത് അഞ്ഞൂറിൽപരം സഹോദരൻമാർക്ക് പ്രത്യക്ഷപ്പെട്ടു.” (1 കൊരിന്ത്യർ 15:6) തീർച്ചയായും, ഇപ്പോൾ സംശയത്തിന് കൂടുതലായ യാതൊരു അടിസ്ഥാനവുമില്ലായിരുന്നു. യേശു ജീവിക്കുകയായിരുന്നു!
3. യേശുവിന്റെ ശിഷ്യൻമാർ രാജ്യത്തെസംബന്ധിച്ച് അവനോടു ഏതു ചോദ്യം ചോദിച്ചു, അവന്റെ ഉത്തരം അവരെ അതിശയിപ്പിച്ചതെന്തുകൊണ്ട്?
3 യേശുവിന്റെ ശിഷ്യൻമാർ അന്ന് ഇസ്രായേലിന് പുനഃസ്ഥിതീകരിക്കപ്പെടുന്ന ഒരു ഭൗമിക ദൈവരാജ്യത്തെക്കുറിച്ചുമാത്രമേ വിചാരിച്ചിരുന്നുള്ളു. (ലൂക്കോസ് 19:11; 24:21) അതുകൊണ്ട് അവർ യേശുവിനോട് ഇങ്ങനെ ചോദിച്ചു: “കർത്താവേ, നീ ഇസ്രയേലിന് ഈ കാലത്താണോ രാജ്യം പുനഃസ്ഥിതീകരിക്കുന്നത്?” അവന്റെ ഉത്തരം അവരെ അതിശയിപ്പിച്ചുവെന്നതിനു സംശയമില്ല, എന്തെന്നാൽ അവൻ ഇങ്ങനെയാണ് പറഞ്ഞത്: “പിതാവ് തന്റെ സ്വന്തം അധികാരത്തിൽ വെച്ചിരിക്കുന്ന കാലങ്ങളെയോ സമയങ്ങളെയോ കുറിച്ച് അറിവു കിട്ടുന്നത് നിങ്ങൾക്കുള്ളതല്ല; എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്ക് ശക്തി ലഭിക്കും, നിങ്ങൾ യരുശലേമിലും യഹൂദ്യയിലെല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗത്തോളവും എന്റെ സാക്ഷികളായിരിക്കും.” (പ്രവൃത്തികൾ 1:6-8) ഇപ്പോൾ ശിഷ്യൻമാരുടെ മുമ്പാകെ എന്തോരു വെല്ലുവിളിയാണ് വെക്കപ്പെട്ടത്! എന്തോരു ഉത്തരവാദിത്വം! അവർക്ക് അത്തരമൊരു ജോലി എങ്ങനെ നിർവ്വഹിക്കാൻ കഴിയും? പെട്ടെന്നുതന്നെ ഉത്തരം ഒരു ഞെട്ടിക്കുന്ന വിധത്തിൽ വന്നെത്തി.
വെല്ലുവിളി സ്വീകരിക്കൽ
4. പെന്തെക്കോസ്തുദിവസം എന്തു സംഭവിച്ചുവെന്ന് വർണ്ണിക്കുക.
4 ലൂക്കോസ് ഇങ്ങനെ പ്രതിപാദിക്കുന്നു: “പെന്തെക്കോസ്തു പെരുന്നാൾ തുടർന്നുകൊണ്ടിരുന്നപ്പോൾ, അവരെല്ലാം ഒരു സ്ഥലത്ത് കൂടിയിരുന്നു, പെട്ടെന്ന് കൊടിയ കാററടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു ശബ്ദമുണ്ടായി, അതു അവർ ഇരുന്നിരുന്ന മുഴുവീട്ടിലും നിറഞ്ഞു. തീകൊണ്ടുള്ളതുപോലെയുള്ള നാവുകൾ അവർക്ക് ദൃശ്യമാകുകയും എങ്ങും വ്യാപിച്ച് അവരിൽ ഓരോരുത്തരുടെയുംമേൽ ഓരോന്ന് ഇരിക്കുകയും ചെയ്തു. അവരെല്ലാം പരിശുദ്ധാത്മാവുകൊണ്ടു നിറയുകയും ആത്മാവ് അവർക്ക് ഉച്ചരിക്കാൻ നൽകിയതുപോലെ, വ്യത്യസ്തഭാഷകളിൽ സംസാരിച്ചുതുടങ്ങുകയും ചെയ്തു.” പെരുന്നാളിനുവേണ്ടി യരുശലേമിൽ തങ്ങിയിരുന്ന ഒട്ടനവധി യഹൂദൻമാരുടെ ശ്രദ്ധയെ ആകർഷിക്കത്തക്കവണ്ണം ശബ്ദം അത്ര വലുതായിരുന്നു. അവർ സ്വന്തം ഭാഷയിൽ ‘ദൈവത്തിന്റെ മഹനീയ കാര്യങ്ങളെക്കുറിച്ച്’ കേട്ടതിൽ വിസ്മയിച്ചുപോയി.—പ്രവൃത്തികൾ 2:1-11.
5. പ്രവൃത്തികൾ 1:8-ലെ യേശുവിന്റെ പ്രവചനം താമസിയാതെ എത്രത്തോളം നിവർത്തിക്കപ്പെട്ടു?
5 അവർ സ്തംഭത്തിൽ തൂക്കിക്കൊന്ന “നസറായനായ യേശു” “യഹോവ എന്റെ കർത്താവിനോട്: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്ക് ഒരു പീഠമെന്നപോലെ വെക്കുന്നതുവരെ എന്റെ വലത്തുഭാഗത്തിരിക്ക’ എന്നു പറഞ്ഞു” എന്ന് ദാവീദിനാൽ മുൻകൂട്ടിപ്പറയപ്പെട്ട “കർത്താവ്” ആണെന്ന് സംശയലേശമെന്യേ തെളിയിച്ചുകൊണ്ട് ഒരു ചലനോജ്ജ്വലമായ പ്രസംഗം നടത്തുന്നതിന് പത്രോസ് ഒട്ടും അമാന്തിച്ചില്ല. പത്രോസിന്റെ ശ്രോതാക്കൾ ഹൃദയത്തിൽ കുത്തുകൊണ്ടവരായി “സഹോദരൻമാരായ പുരുഷൻമാരേ, ഞങ്ങൾ എന്തു ചെയ്യേണം?” എന്ന് ചോദിച്ചു. മറുപടിയായി പത്രോസ് അവരെ ഇങ്ങനെ പ്രോൽസാഹിപ്പിച്ചു: “അനുതപിക്കുക, നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനുവേണ്ടി നിങ്ങളിൽ ഓരോരുത്തരും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനമേൽക്കുക.” ഫലമെന്തായിരുന്നു? മൂവായിരം പേർ സ്നാപനമേററു! (പ്രവൃത്തികൾ 2:14-41) അപ്പോൾത്തന്നെ യരൂശലേമിൽ സാക്ഷ്യം കൊടുക്കപ്പെടുകയായിരുന്നു. പിന്നീട്, അത് സകല യഹൂദ്യയിലേക്കും ശമര്യയിലേക്കും ഒടുവിൽ “ഭൂമിയുടെ അതിവിദൂരഭാഗത്തോളവും” വ്യാപിച്ചു. രാജ്യപ്രസംഗവേലയുടെ വികസനം വളരെ സത്വരമായിരുന്നതുകൊണ്ട്, സുവാർത്ത “ആകാശത്തിൻ കീഴിലുള്ള സകല സൃഷ്ടിയിലും പ്രസംഗിക്കപ്പെട്ടു”വെന്ന് പൊ.യു. 60നോടടുത്ത് അപ്പോസ്തലനായ പൗലോസിന് പറയാൻ കഴിഞ്ഞു.—കൊലോസ്യർ 1:23.
രാജ്യവികസനവും പീഡനവും
6, 7. (എ) ഒന്നാം നൂററാണ്ടിൽ രാജ്യവികസനവും ക്രിസ്ത്യാനികളുടെ പീഡനവും ഒന്നിച്ചുനീങ്ങിയതെങ്ങനെ? (ബി) യരൂശലേമിലെ ക്രിസ്ത്യാനികളുടെ ഇടയിൽ ഏത് അടിയന്തിരാവശ്യം ഉയർന്നുവന്നു, ഈ ആവശ്യം എങ്ങനെ നിറവേറി?
6 ക്രി.വ. 33-ലെ പെന്തെക്കൊസ്തിനു ശേഷം അധികം താമസിയാതെ, യേശുവിന്റെ ശിഷ്യൻമാർക്ക് അവന്റെ ഈ വാക്കുകൾ ഓർക്കുന്നതിന് കാരണമുണ്ടായിരുന്നു: “ഒരു അടിമ അവന്റെ യജമാനനെക്കാൾ വലിയവനല്ല. അവർ എന്നെ പീഡിപ്പിച്ചിരിക്കുന്നുവെങ്കിൽ, അവർ നിങ്ങളെയും പീഡിപ്പിക്കും.” (യോഹന്നാൻ 15:20) ദൈവവചനം “തുടർന്നു വളർന്നുകൊണ്ടിരിക്കുകയും ശിഷ്യൻമാരുടെ എണ്ണം യരുശലേമിൽ വളരെയധികം പെരുകുകയും ചെയ്തു”കൊണ്ടിരുന്നപ്പോൾ യഹൂദ നേതാക്കൻമാർ കോപാകുലരായി. വ്യാജകുററാരോപണം നടത്തി ശിഷ്യനായ സ്തേഫാനോസ് കല്ലെറിഞ്ഞുകൊല്ലപ്പെട്ടു. അത് അനേകരും കാത്തിരുന്ന അടയാളം പോലെ കാണപ്പെട്ടു, എന്തുകൊണ്ടെന്നാൽ, “അന്ന് യരുശലേമിലെ സഭക്കെതിരെ വലിയ പീഡനം ഉയർന്നുവന്നു; അപ്പോസ്തലൻമാർ ഒഴികെ എല്ലാവരും യഹൂദാപ്രദേശങ്ങളിലുടനീളവും ശമര്യയിലും ചിതറിപ്പോയി.”—പ്രവൃത്തികൾ 6:7; 7:58-60; 8:1.
7 പീഡനം താൽക്കാലികമായി ശമിച്ചു. എന്നാൽ അധികം താമസിയാതെ, ഹെരോദ് അഗ്രിപ്പാ ഒന്നാമൻ അപ്പോസ്തലനായ യാക്കോബിനെ കൊന്നു. പത്രോസ് തടവിലാക്കപ്പെട്ടു, എന്നാൽ ഒരു ദൂതനാൽ വിമോചിതനായി. പിന്നീട് യരൂശലേമിലെ സഹോദരൻമാർ ഭൗതികമായി ദരിദ്രരായിത്തീർന്നു, മററുള്ളിടങ്ങളിലെ സഹവിശ്വാസികൾ അവർക്കു സഹായം എത്തിക്കേണ്ടിവന്നു. (പ്രവൃത്തികൾ 9:31; 12:1-11; 1 കൊരിന്ത്യർ 16:1-3) യരൂശലേമിലേക്കുള്ള അപ്പോസ്തലനായ പൗലോസിന്റെ ഒരു സന്ദർശനവേളയിൽ, ഒരു പുരുഷാരം പിൻവരുന്നപ്രകാരം അലറിയതുകൊണ്ട് മതഭ്രാന്ത് പ്രകടമായിരുന്നു: “അങ്ങനെയുള്ള ഒരു മനുഷ്യനെ ഭൂമിയിൽനിന്നു നീക്കംചെയ്യുക, എന്തെന്നാൽ അവൻ ജീവിക്കാൻ യോഗ്യനല്ല.” (പ്രവൃത്തികൾ 22:22) തീർച്ചയായും, യരുശലേമിലും യഹൂദ്യയിലും വസിച്ചിരുന്ന ആ ക്രിസ്ത്യാനികൾക്ക് രാജ്യത്തെക്കുറിച്ച് വിശ്വസ്തമായി സാക്ഷീകരിച്ചുകൊണ്ടിരിക്കുന്നതിന് വളരെയധികം പ്രോൽസാഹനം ആവശ്യമായിരുന്നു. “എന്റെ നാമത്തിൽ പിതാവ് അയക്കുന്ന പരിശുദ്ധാത്മാവ്” ഒരു “സഹായി” ആയി വർത്തിക്കുമെന്ന് യേശു തന്റെ ശിഷ്യൻമാരോട് വാഗ്ദാനംചെയ്തിട്ടുണ്ടായിരുന്നു. (യോഹന്നാൻ 14:26) എന്നാൽ പിതാവ് ഇപ്പോൾ ആവശ്യമായിരിക്കുന്ന അത്തരം സഹായം അഥവാ ആശ്വാസം എങ്ങനെ പ്രദാനംചെയ്യും? ഭാഗികമായി ഉത്തരം അപ്പോസ്തലനായ പൗലോസിലൂടെയാണ് കിട്ടിയത്.
എബ്രായർക്കുള്ള പൗലോസിന്റെ ലേഖനം
8. (എ) എബ്രായർക്കു ലേഖനമെഴുതാൻ പൗലോസിനെ പ്രേരിപ്പിച്ചതെന്ത്? (ബി) നാം അവന്റെ ലേഖനത്തിന്റെ ഏതു വശത്തു ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുകയാണ്, എന്തുകൊണ്ട്?
8 ക്രി.വ. ഏതാണ്ട് 61 ആയതോടെ പൗലോസ് റോമിൽ തടവിലാക്കപ്പെട്ടു, എന്നാൽ യരൂശലേമിലെ തന്റെ സഹോദരൻമാർക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അവന് അറിവുണ്ടായിരുന്നു. അതുകൊണ്ട്, യഹോവയുടെ ആത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ അവൻ എബ്രായർക്കുള്ള തന്റെ സമയോചിത ലേഖനം എഴുതി. അതിൽ തന്റെ എബ്രായ സഹോദരീസഹോദരൻമാരോടുള്ള സ്നേഹപൂർവകമായ താല്പര്യം നിറഞ്ഞിരിക്കുന്നു. തങ്ങളുടെ സഹായകനായ യഹോവയിലുള്ള അവരുടെ വിശ്വാസവും ധൈര്യവും കെട്ടുപണിചെയ്യുന്നതിന് എന്താണാവശ്യമെന്ന് പൗലോസിനറിയാമായിരുന്നു. അങ്ങനെ അവർക്ക് ‘തങ്ങളുടെ മുമ്പിൽ വെക്കപ്പെട്ടിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടാനും’ “യഹോവ എന്റെ സഹായിയാകുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?” എന്ന് ആത്മധൈര്യത്തോടെ പറയാനും കഴിയും. (എബ്രായർ 12:1; 13:6) എബ്രായർക്കുള്ള പൗലോസിന്റെ ലേഖനത്തിന്റെ (അദ്ധ്യായങ്ങൾ 11-13) ഈ വശത്താണ് നാം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആ ആദിമ ക്രിസ്ത്യാനികൾ അഭിമുഖീകരിച്ച സാഹചര്യം ഇന്നത്തെ യഹോവയുടെ സാക്ഷികൾ അഭിമുഖീകരിക്കുന്ന സാഹചര്യം തന്നെയാണ്.
9. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളെ അഭിമുഖീകരിച്ച ഏതു വിവാദവിഷയം ഇന്നത്തെ ക്രിസ്ത്യാനികളെ അഭിമുഖീകരിക്കുന്നു, അതിനെ എങ്ങനെ മാത്രമേ നേരിടാൻകഴിയൂ?
9 നമ്മുടെ തലമുറയിൽ, തങ്ങളേത്തന്നെ യഹോവക്കു സമർപ്പിച്ചുകൊണ്ടും തന്റെ സാക്ഷികൾ എന്ന നിലയിൽ സ്നാപനമേററുകൊണ്ടും പുരുഷാരങ്ങൾ രാജ്യസന്ദേശത്തോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട്. എന്നിരുന്നാലും, സത്യാരാധനയുടെ ഈ വികസനത്തോടൊപ്പം ഉഗ്രമായ പീഡനവും ഉണ്ടായിട്ടുണ്ട്. അനേകം ക്രിസ്ത്യാനികൾ സ്തേഫാനോസിനെയും യാക്കോബിനെയും ഒന്നാം നൂററാണ്ടിലെ വിശ്വസ്തരായ മററു സാക്ഷികളെയും പോലെ തങ്ങളുടെ ജീവൻ വെച്ചുകൊടുത്തിരിക്കുന്നു. അതുകൊണ്ട്, വിവാദവിഷയം അന്നത്തെപ്പോലെ ഇന്നും ഒന്നുതന്നെയാണ്: രാജ്യസന്ദേശത്തോടു വർദ്ധിച്ചുവരുന്ന എതിർപ്പിന്റെ മുമ്പിൽ നിർമ്മലതയുടെ പരിശോധനയെ ആർക്കു നേരിടാൻ കഴിയും? കൂടാതെ, മുമ്പുണ്ടായിട്ടില്ലാത്ത തരം “മഹോപദ്രവം” പെട്ടെന്നുതന്നെ ഇപ്പോഴത്തെ തലമുറയിൽ പ്രഹരിക്കുമ്പോൾ നടക്കുന്ന ഭയങ്കരങ്ങളായ സംഭവങ്ങളെ ആർക്ക് അഭിമുഖീകരിക്കാൻ കഴിയും? (മത്തായി 24:21) “വിശ്വാസത്തിന്റെ നല്ല പോർചെയ്യാൻ” തയ്യാറുള്ളവർക്ക്, “വിശ്വാസത്തിൽ ഉറച്ചവർ”ക്ക് എന്നതാണ് ഉത്തരം. “ലോകത്തെ ജയച്ചടക്കിയ ജയം ഇതാണ്, നമ്മുടെ വിശ്വാസം” എന്ന് ഒടുവിൽ പറയാൻ കഴിയുന്നവർ അവരാണ്.—1 തിമൊഥെയോസ് 6:12; 1 പത്രോസ് 5:9; 1 യോഹന്നാൻ 5:4.
വിശ്വസ്തദൃഷ്ടാന്തങ്ങളിൽനിന്ന് പ്രയോജനമനുഭവിക്കൽ
10. (എ) വിശ്വാസം എന്നാലെന്ത്? (ബി) പുരാതനകാലത്ത് വിശ്വാസമുണ്ടായിരുന്ന സ്ത്രീപുരുഷൻമാരെ സംബന്ധിച്ച് ദൈവം എങ്ങനെ വിചാരിച്ചു?
10 വിശ്വാസമെന്നാലെന്താണ്? പൗലോസ് ഉത്തരം നൽകുന്നു: “വിശ്വാസം കാണപ്പെടാത്തതെങ്കിലും യാഥാർത്ഥ്യങ്ങളുടെ പ്രത്യക്ഷപ്രകടനമായ, പ്രത്യാശിക്കപ്പെടുന്ന കാര്യങ്ങളുടെ ഉറപ്പുള്ള പ്രതീക്ഷയാണ്. എന്തുകൊണ്ടെന്നാൽ ഇതു മുഖേന പുരാതന കാലങ്ങളിലെ മനുഷ്യർക്ക് സാക്ഷ്യം വഹിക്കപ്പെട്ടു.” (എബ്രായർ 11:1, 2) പിന്നീട് പൗലോസ് പ്രവർത്തനത്തിലിരിക്കുന്ന വിശ്വാസം കാണിച്ചുകൊടുത്തുകൊണ്ട് വിശ്വാസത്തെ സംബന്ധിച്ച തന്റെ നിർവചനത്തിന് പിന്തുണ കൊടുക്കുന്നു. “അവൻ പുരാതന കാലങ്ങളിലെ മനുഷ്യരിൽ” ചിലരുടെയും സാറായെയും രാഹാബിനെയും പോലെയുള്ള സ്ത്രീകളുടെയും ജീവിതത്തിലെ സവിശേഷതകളെ പിടിച്ചടക്കുന്നു. “ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടാൻ അവരെക്കുറിച്ചു ലജ്ജിക്കുന്നില്ല” എന്ന് കണ്ടെത്തുന്നത് എത്ര പ്രോൽസാഹകമാണ്! (എബ്രായർ 11:16) ദൈവത്തിന് നമ്മുടെ വിശ്വാസം നിമിത്തം നമ്മെക്കുറിച്ച് അതുതന്നെ പറയാൻ കഴിയുമോ? ഓരോ ദിവസവും അവസാനിക്കുമ്പോൾ നമ്മെക്കുറിച്ചു ലജ്ജിക്കാൻ അവന് നമുക്ക് യാതൊരു കാരണവും കൊടുക്കാതിരിക്കാം.
11. ‘നമുക്കു ചുററുമുള്ള സാക്ഷികളുടെ മേഘ’ത്തിൽനിന്ന് ഇന്നു നമുക്ക് എങ്ങനെ പ്രയോജനമനുഭവിക്കാൻ കഴിയും?
11 ഈ വിശ്വസ്ത സ്ത്രീപുരുഷൻമാരുടെ വിവരണത്തെ തുടർന്ന് പൗലോസ് പറയുന്നു: “ആ സ്ഥിതിക്ക്, സാക്ഷികളുടെ ഇത്ര വലിയ ഒരു മേഘം നമുക്കു ചുററും ഉള്ളതുകൊണ്ട് നമുക്ക് സകല ഭാരവും നമ്മെ എളുപ്പത്തിൽ കുരുക്കുന്ന പാപവും വിട്ട് നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടാം.” (എബ്രായർ 12:1) ഈ മാതൃകായോഗ്യരായ വിശ്വസ്ത സാക്ഷികൾ ഇപ്പോൾ ശവക്കുഴിയിൽ നിദ്രകൊള്ളുകയാണെങ്കിലും അവർ നമ്മുടെ മനസ്സിൽ ജീവനോടെയിരിക്കുന്നുവോ? ഉവ്വ് എന്നു പറയാൻ തക്കവണ്ണം നിങ്ങൾക്ക് അവരെയും അവരുടെ അനുഭവങ്ങളെയും കുറിച്ച് നന്നായി അറിയാമോ? ഇത് ഈ “സാക്ഷികളുടെ മേഘ”ത്തിന്റെ ആവേശകരമായ അനുഭവങ്ങൾ വീണ്ടും സജീവമാക്കാൻ നമ്മുടെ സകല ഇന്ദ്രിയങ്ങളും ഉപയോഗിച്ചുകൊണ്ട് നിരന്തരം ബൈബിൾപഠനം നടത്തുന്നതിന്റെ അനേകം പ്രതിഫലങ്ങളിലൊന്നാണ്. വാസ്തവത്തിൽ, അവരുടെ വിശ്വസ്ത ദൃഷ്ടാന്തം ഗൗരവമായി എടുക്കുന്നത് ഏതു വിശ്വാസരാഹിത്യത്തെയും തരണംചെയ്യുന്നതിന് നമ്മെ അതിയായി സഹായിക്കും. ക്രമത്തിൽ, എല്ലാ സാഹചര്യങ്ങളിലും സത്യത്തിന് ധീരവും നിർഭയവുമായി സാക്ഷ്യം നൽകുന്നതിന് ഇത് നമ്മെ സഹായിക്കും.—റോമർ 15:4.
ക്ഷീണിക്കുന്നില്ല
12. (എ) ‘നമ്മുടെ ദേഹികളിൽ ക്ഷീണിച്ചുമടുക്കാതിരിക്കാൻ’ യേശുവിന്റെ ദൃഷ്ടാന്തത്തിന് നമ്മെ സഹായിക്കാൻകഴിയുന്നതെങ്ങനെ? (ബി) ക്ഷീണിക്കാത്തവരുടെ ഇക്കാലത്തെ ചില ദൃഷ്ടാന്തങ്ങൾ ആരാണ്?
12 വിശ്വാസം സംബന്ധിച്ച നമ്മുടെ ഏററവും വലിയ മാതൃക യേശുവാണ്. പൗലോസ് ഇങ്ങനെ പ്രോൽസാഹിപ്പിക്കുന്നു: “മുഖ്യകാര്യസ്ഥനും നമ്മുടെ വിശ്വാസത്തെ പൂർത്തീകരിക്കുന്നവനുമായ യേശുവിനെ നാം ഏകാഗ്രമായി നോക്കവേ നമുക്ക് നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാം. . . .തീർച്ചയായും, നിങ്ങൾ നിങ്ങളുടെ ദേഹികളിൽ ക്ഷീണിച്ച് മടുത്തുപോകാതിരിക്കാൻ, തങ്ങളുടെ സ്വന്തം താല്പര്യങ്ങൾക്കെതിരായി പാപികൾ നടത്തിയ വിരുദ്ധസംസാരത്തെ സഹിച്ചിരിക്കുന്നവനെ അടുത്തു പരിചിന്തിക്കുക.” (എബ്രായർ 12:1-3) നിങ്ങൾ യേശുവിന്റെ ദൃഷ്ടാന്തം എത്ര അടുത്തു പരിചിന്തിച്ചിരിക്കുന്നു? നിങ്ങൾ എത്ര “ഏകാഗ്രമായി” അവനെ നോക്കിക്കൊണ്ടാണിരിക്കുന്നത്? (1 പത്രോസ് 2:21) നാം ‘ക്ഷീണിച്ച് നമ്മുടെ ദേഹികളിൽ മടുത്തുപോകാനാണ്’ സാത്താനാഗ്രഹിക്കുന്നത്. അവൻ നാം സാക്ഷീകരണവേല നിർത്താൻ ആവശ്യപ്പെടുന്നു. അവൻ ഇത് എങ്ങനെയാണ് ചെയ്യുന്നത്? ചിലപ്പോൾ ഒന്നാം നൂററാണ്ടിലേതുപോലെ, മതാധികാരികളിൽനിന്നും ലൗകികാധികാരികളിൽനിന്നുമുള്ള നേരിട്ടുള്ള എതിർപ്പിലൂടെയാണ്. കഴിഞ്ഞ വർഷം, ഏതാണ്ട് 40 രാജ്യങ്ങളിൽ രാജ്യപ്രസംഗ വേല നിയന്ത്രിക്കപ്പെട്ടു. എന്നാൽ നമ്മുടെ സഹോദരൻമാർ ക്ഷീണിച്ചുപോകാൻ അതിടയാക്കിയോ? ഇല്ല! അവരുടെ വിശ്വസ്തമായ വേല 1988-ൽ ആ രാജ്യങ്ങളിൽ 17,000ത്തിലധികം പേർ സ്നാപനമേൽക്കുന്നതിൽ കലാശിച്ചു. ആപേക്ഷികമായി സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിൽ ജീവിക്കുന്നവർക്ക് ഇത് എന്തോരു ഉത്തേജനമായിരിക്കണം! നമുക്ക് രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ ഒരിക്കലും ക്ഷീണിച്ചുപോകാതിരിക്കാം!
13. (എ) നമ്മുടെ പ്രസംഗവേലയിൽ നാം ക്ഷീണിച്ചുപോകാൻ ഇടയാക്കാവുന്ന ചില തന്ത്രപരമായ കാര്യങ്ങൾ ഏവ? (ബി) ‘യേശുവിന്റെ മുമ്പാകെ വെക്കപ്പെട്ടിരുന്ന സന്തോഷം’ എന്തായിരുന്നു, നമുക്ക് സമാനമായ ഒരു സന്തുഷ്ടമനോഭാവം നേടാവുന്നതെങ്ങനെ?
13 എന്നിരുന്നാലും, നാം ക്ഷീണിച്ചുപോകാനിടയാക്കാവുന്ന കൂടുതൽ തന്ത്രപൂർവകമായ മററു കാര്യങ്ങളുണ്ട്. ഇവയിൽ ഛിദ്രിച്ച ഭവനത്തിലെ എതിർപ്പ്, മാനസികമായ അരിഷ്ടത, ആരോഗ്യപ്രശ്നങ്ങൾ, സമപ്രായക്കാരുടെ സമ്മർദ്ദം, നമ്മുടെ പ്രസംഗവേലയിലെ സുനിശ്ചിതഫലങ്ങളുടെ അഭാവം നിമിത്തമുള്ള നിരുത്സാഹം എന്നിവയോ ഒരുപക്ഷേ ഈ വ്യവസ്ഥിതിയുടെ അന്തം ഇതുവരെയും വന്നിട്ടില്ലാത്തതുകൊണ്ടുള്ള ഒരു അക്ഷമയോ ഉൾപ്പെടുന്നു. ശരി, മാനസികവും ശാരീരികവുമായ കഷ്ടപ്പാട് സഹിക്കാൻ യേശുവിനെ സഹായിച്ചതെന്തായിരുന്നു? അത് “തന്റെ മുമ്പാകെ വെക്കപ്പെട്ടിരുന്ന സന്തോഷ”മായിരുന്നു. (എബ്രായർ 12:2) തന്റെ പിതാവിനെ നീതീകരിച്ചുകൊണ്ട് അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതിലുള്ള ആനന്ദത്താലും മശിഹൈകരാജ്യത്തിന്റെ അത്ഭുതകരമായ അനുഗ്രഹങ്ങൾ ചൊരിയുന്നതിൽ പിന്നീട് അനുഭവപ്പെടുന്ന സന്തോഷത്തിന്റെ പ്രതീക്ഷയാലും യേശു പുലർത്തപ്പെട്ടിരുന്നു. (സങ്കീർത്തനം 2:6-8; 40:9, 10; സദൃശവാക്യങ്ങൾ 27:11) നമുക്ക് യേശുവിന്റെ സന്തോഷകരമായ മനോഭാവത്തെ കൂടുതൽ ഏകാഗ്രമായി അനുകരിക്കാൻ കഴിയുമോ? 1 പത്രോസ് 5:9-ലെ പത്രോസിന്റെ ഉറപ്പ് ഓർക്കുക: “കഷ്ടപ്പാടുകളുടെ രൂപത്തിൽ അതേ കാര്യങ്ങൾ ലോകത്തിലെ നിങ്ങളുടെ സഹോദരൻമാരുടെ മുഴുസമൂഹത്തിലും പൂർത്തിയാകുകയാണ്.” യഹോവ ഗ്രഹിക്കുന്നുണ്ടെന്നുള്ള അറിവും ലോകവ്യാപക സഹോദരവർഗ്ഗത്തിന്റെ ഊഷ്മളത അനുഭവിക്കുന്നതും നമ്മുടെ മുമ്പാകെയുള്ള രാജ്യഭരണത്തിൻകീഴിലെ സന്തോഷങ്ങളിൽ ദൃഷ്ടി പതിപ്പിക്കുന്നതും—ഇതെല്ലാം വിശ്വാസത്തോടെ യഹോവയെ സേവിക്കുന്നതിലും അന്തം വളരെ അടുത്തിരിക്കുന്ന വേളയിൽ പ്രസംഗിക്കുന്നതിലും ക്ഷീണിച്ചുപോകാതിരിക്കാൻ നമ്മെ സഹായിക്കും.
യഹോവ ശിക്ഷണം നൽകുന്നതിന്റെ കാരണം
14. നമുക്കു സഹിക്കേണ്ടിവന്നേക്കാവുന്ന പരിശോധനകളിൽനിന്നും കഷ്ടപ്പാടുകളിൽനിന്നും ഏതു പ്രയോജനങ്ങൾ സിദ്ധിച്ചേക്കാം?
14 ഇപ്പോൾ നാം പരിശോധനകളും കഷ്ടപ്പാടുകളും സഹിക്കേണ്ടിവന്നേക്കാവുന്നതിന്റെ കാരണത്തിൻമേൽ പൗലോസ് വെളിച്ചം വീശുന്നു. നാം അവയെ ശിക്ഷണത്തിന്റെ ഒരു രൂപമായി വീക്ഷിക്കണമെന്ന് അവൻ സൂചിപ്പിക്കുന്നു. പൗലോസ് ഇങ്ങനെ ന്യായവാദം ചെയ്യുന്നു: “എന്റെ മകനേ, യഹോവയിൽനിന്നുള്ള ശിക്ഷണത്തെ നിസ്സാരീകരിക്കരുത്, അവനാൽ തിരുത്തപ്പെടുമ്പോൾ മുഷിയുകയുമരുത്; യഹോവ സ്നേഹിക്കുന്നവന് അവൻ ശിക്ഷണം കൊടുക്കുന്നു.” (എബ്രായർ 125, 6) യേശു പോലും “അവൻ അനുഭവിച്ച കാര്യങ്ങളാൽ അനുസരണം പഠിച്ചു.” (എബ്രായർ 5:8) തീർച്ചയായും, നാമും അനുസരണം പഠിക്കേണ്ടതുണ്ട്. ശിക്ഷണം നമ്മെ കരുപ്പിടിപ്പിക്കാൻ അനുവദിക്കുന്നതിന്റെ പ്രയോജനകരമായ ഫലങ്ങൾ കാണുക. പൗലോസ് പറഞ്ഞു: “അതിനാൽ പരിശീലിപ്പിക്കപ്പെട്ടവർക്ക് അത് സമാധാനഫലം, അതായത് നീതി വിളയിക്കുന്നു.” അത് എത്ര പ്രോൽസാഹകമാണ്!—എബ്രായർ 12:11.
15. ‘നമ്മുടെ പാദങ്ങൾക്ക് പാത നിരപ്പാക്കിക്കൊണ്ടിരിക്കുക’ എന്ന പൗലോസിന്റെ ബുദ്ധിയുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാം?
15 നാം ഈ കാഴചപ്പാടിൽ യഹോവയിൽനിന്നുള്ള ശിക്ഷണം സ്വീകരിക്കുന്നുവെങ്കിൽ, നാം പൗലോസിന്റെ ഈ ക്രിയാത്മക ബുദ്ധിയുപദേശം കാര്യമായെടുക്കും: “അതുകൊണ്ട്, തളർന്ന കൈകളെയും ദുർബ്ബലമായ മുഴങ്കാലുകളെയും നേരെയാക്കുക, നിങ്ങളുടെ പാദങ്ങൾക്ക് പാതകൾ നിരപ്പാക്കുക.” (എബ്രായർ 12:12, 13) ചിലപ്പോൾ ‘ജീവനിലേക്കു നയിക്കുന്ന ഞെരുക്കമുള്ള പാത’യിൽനിന്ന് വ്യതിചലിക്കുക വളരെ എളുപ്പമാണ്. (മത്തായി 7:14) ഒരിക്കൽ അന്തോക്യയിൽവെച്ച് അപ്പോസ്തലനായ പത്രോസും മററു ചിലരും ഇതു ചെയ്തതിൽ കുററക്കാരായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, “അവർ സുവാർത്തയുടെ സത്യമനുസരിച്ച് നേരായി നടക്കുന്നില്ലായിരുന്നു.” (ഗലാത്യർ 2:14) ഇന്ന് നാം നമ്മുടെ മഹോപദേഷ്ടാവായ യഹോവയാം ദൈവത്തെ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. നാം “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനംചെയ്യുന്ന സഹായങ്ങൾ പൂർണ്ണമായി ഉപയോഗിക്കേണ്ടയാവശ്യമുണ്ട്. ഇത് നമ്മുടെ ‘പാദങ്ങൾക്ക് നിരപ്പുള്ള പാത’ ഉറപ്പുവരുത്തും.—മത്തായി 24:45-47; യെശയ്യാവ് 30:20, 21.
16. (എ) ഒരു സഭയിൽ ഒരു “വിഷവേര്” എങ്ങനെ പടർന്നേക്കാം? (ബി) പൗലോസ് ദുർമ്മാർഗ്ഗത്തെയും വിശുദ്ധകാര്യങ്ങളോടുള്ള വിലമതിപ്പിന്റെ അഭാവത്തെയും ബന്ധിപ്പിക്കുന്നതെന്തുകൊണ്ട്, നമുക്ക് അങ്ങനെയുള്ള അപകടങ്ങളിൽനിന്ന് നമ്മേത്തന്നെ എങ്ങനെ കാത്തുസൂക്ഷിക്കാം?
16 അടുത്തതായി “ദൈവത്തിന്റെ അനർഹദയ ആർക്കും നഷ്ടമാകാതിരിക്കാൻ ശ്രദ്ധാപൂർവം സൂക്ഷിക്കാൻ” പൗലോസ് മുന്നറിയിപ്പു നൽകുന്നു: “യാതൊരു വിഷവേരും മുളച്ചുവന്ന് കുഴപ്പമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടാതിരിക്കേണ്ടതിനുതന്നെ.” (എബ്രായർ 12:15) സഭയിൽ കാര്യങ്ങൾ ചെയ്യപ്പെടുന്ന വിധത്തിൽ കുററം കണ്ടുപിടിച്ച് അമർഷവും അതൃപ്തിയുമുള്ളവരായിത്തീരുന്നത് പെട്ടെന്ന് വ്യാപിച്ച് സഭയിലെ മററുള്ളവരുടെ ഉദാത്ത ചിന്തകളെ വിഷമയമാക്കുന്ന ഒരു “വിഷവേര്” പോലെ ആയിരിക്കാൻ കഴിയും. സത്യം നമ്മുടെ ജീവിതത്തിൽ കൈവരുത്തിയിരിക്കുന്ന എണ്ണമററ അനുഗ്രഹങ്ങളെക്കുറിച്ച് വിചിന്തനംചെയ്യുന്നതിനാൽ നമുക്ക് അത്തരം നിഷേധാത്മക ചിന്തകളെ കീഴടക്കാൻ കഴിയും. (സങ്കീർത്തനം 40:5) മറെറാരു അപകടം അസാൻമാർഗ്ഗിക പ്രവണതകളോ ‘ഏശാവിനെപ്പോലെ വിശുദ്ധകാര്യങ്ങളോടുള്ളള വിലമതിപ്പിന്റെ അഭാവമോ’ ഉണ്ടാകുന്നതാണ്. (എബ്രായർ 12:16) ഈ അപകടങ്ങളിലൊന്ന് മറേറതിലേക്കു നയിച്ചേക്കാമെന്നുള്ളതുകൊണ്ട് പൗലോസ് ഇവ രണ്ടും ബന്ധിപ്പിക്കുന്നു. “വിശ്വാസത്തിൽ ഉറച്ചവരായി [പിശാചിനെതിരെ] നിലകൊള്ളുക” എന്ന പത്രോസിന്റെ വാക്കുകൾ ബാധകമാക്കുന്നുവെങ്കിൽ യാതൊരു ക്രിസ്ത്യാനിയും അത്തരം സ്വാർത്ഥമോഹങ്ങൾക്ക് കീഴ്പ്പെടേണ്ടതില്ല.—1 പത്രോസ് 5:9.
“കാണപ്പെടാത്തതെങ്കിലും യാഥാർത്ഥ്യങ്ങൾ”
17. സീനായിമലയിങ്കലെ ഭയങ്കര സംഭവങ്ങളെയും ഇന്നത്തെ ക്രിസ്ത്യാനികളെ അഭിമുഖീകരിക്കുന്ന സംഭവങ്ങളെയും തമ്മിൽ താരതമ്യപ്പെടുത്തുക.
17 നമ്മുടെ വിശ്വാസം “കാണപ്പെടാത്തതെങ്കിലും യാഥാർത്ഥ്യങ്ങ”ളിൽ വളരെയധികം ആശ്രയിച്ചിരിക്കുന്നു. (എബ്രായർ 11:1) പൗലോസ് എബ്രായർ 12:18-27ൽ ഈ കാണപ്പെടാത്ത കാര്യങ്ങളിൽ ചിലതിനെക്കുറിച്ച് തുടർന്നു പറയുന്നു. അവൻ ദൈവം ഇസ്രായേലിനോട് നേരിട്ടു സംസാരിച്ച സീനായി മലയിങ്കലെ ഭയാവഹങ്ങളായ സംഭവങ്ങളെ വർണ്ണിക്കുന്നു, അന്ന് “ഞാൻ ഭയന്നുവിറക്കുന്നു”വെന്ന് മോശ പറയുകയുണ്ടായി. അപ്പോസ്തലൻ പിന്നീട് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്നാൽ നിങ്ങൾ ഒരു സീനായി മലയെയും ജീവനുള്ള ദൈവത്തിന്റെ ഒരു നഗരമായ സ്വർഗ്ഗീയ യരുശലേമിനെയും പൊതുസമ്മേളനത്തിലെ ആയിരമായിരം ദൂതൻമാരെയും സമീപിച്ചിരിക്കുന്നു.” സീനായി മലയിങ്കലെ പുരാതന ഇസ്രായേല്യരുടെ കാര്യത്തിൽ ദൈവത്തിന്റെ ശബ്ദം ഭൂമിയെ കുലുക്കിയെന്ന് പൗലോസ് പറഞ്ഞു. എന്നാൽ ഇപ്പോൾ “ഇനി ഒരിക്കൽകൂടി ഞാൻ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കിമറിക്കും” എന്നു പറഞ്ഞുകൊണ്ട് അവൻ വാഗ്ദാനം നൽകിയിരിക്കുന്നു. ഈ വാക്കുകൾ സംബോധന ചെയ്തിരിക്കുന്നത് മുഖ്യമായി അഭിഷിക്തക്രിസ്ത്യാനികളെയാണെങ്കിലും, ചെമ്മരിയാടുതുല്യരായ മററുള്ളവരുടെ “മഹാപുരുഷാര”ത്തിനും അവയെ കാര്യമായി എടുക്കാവുന്നതാണ്. (വെളിപ്പാട് 7:9) പൗലോസ് പറയുന്നത് നിങ്ങൾക്ക് പൂർണ്ണമായി മനസ്സിലാകുന്നുണ്ടോ? നാം പതിനായിരക്കണക്കിനു ദൂതൻമാരുടെ ഒരു സമ്മേളനത്തിൻമുമ്പാകെയാണ് നിൽക്കുന്നത്. തീർച്ചയായും, നാം യഹോവയുടെ മുമ്പാകെയുമാണ് നിൽക്കുന്നത്. അവന്റെ വലത്തുഭാഗത്ത് യേശുക്രിസ്തു ഉണ്ട്. തീർച്ചയായും നാം സീനായി മലയിങ്കലെ ആ പുരാതന എബ്രായരുടേതിനെക്കാൾ ഭയാവഹമായ ഒരു സ്ഥാനത്തും ഉത്തരവാദിത്വത്തിൻകീഴിലുമാണ്! വരാനിരിക്കുന്ന അർമ്മഗെദ്ദോൻയുദ്ധത്തിലെ ഇളക്കൽ ഇപ്പോഴത്തെ ദുഷ്ട ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതിൽ കലാശിക്കും. ഈ കാലം തീർച്ചയായും ദൈവവചനം ശ്രദ്ധിക്കുന്നതിൽനിന്നും അനുസരിക്കുന്നതിൽനിന്നും ഒഴിഞ്ഞുമാറുന്നതിനുള്ള സമയമല്ല!
18. നമുക്ക് ക്ഷീണിക്കാതെ യഹോവക്കുവേണ്ടി സാക്ഷീകരിക്കുന്നതിൽ തുടരാൻ കഴിയുന്നതെങ്ങനെ?
18 അപ്പോൾ സത്യമായി നാം മനുഷ്യചരിത്രത്തിലെ ഏററവും ഭയാവഹമായ ഒരു കാലത്താണ് ജീവിക്കുന്നത്. യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നാം ദൈവത്തിന്റെ സ്ഥാപിതരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാൻ ഭൂമിയുടെ അതിവിദൂരഭാഗത്തേക്ക് അയക്കപ്പെട്ടിരിക്കുന്നു. അതു ചെയ്യുന്നതിന്, നമുക്ക് ഇളകാത്ത, ക്ഷീണിക്കാത്ത, യഹോവയുടെ ശിക്ഷണം സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന, ഒരു വിശ്വാസമാവശ്യമാണ്. നമുക്ക് അത്തരം വിശ്വാസമുണ്ടെങ്കിൽ, “അനർഹദയയുണ്ടായിരിക്കുന്നതിൽ തുടരുന്ന”വരുടെ ഇടയിൽ നാം കാണപ്പെടും, “അതുമുഖേന നമുക്ക് ദൈവികഭയാദരങ്ങളോടെ ദൈവത്തിന് സ്വീകാര്യമായി വിശുദ്ധസേവനമർപ്പിക്കാൻ കഴിയും.” (എബ്രായർ 12:28) അതെ, നാം യഹോവക്കുവേണ്ടി സാക്ഷീകരിക്കുന്നതിൽ ക്ഷീണിക്കാതെ തുടരും. (W89 12⁄15)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻ എബ്രായർക്കുള്ള പൗലോസിന്റെ ലേഖനം നമുക്ക് പ്രയോജനകരമായിരിക്കുന്നതെന്തുകൊണ്ട്?
◻ ക്രിസ്ത്യാനികൾ ഇന്ന് ഏതു വിവാദവിഷയത്തെ അഭിമുഖീകരിക്കണം?
◻ പുരാതനകാലത്തെ വിശ്വസ്തസാക്ഷികളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനമനുഭവിക്കാൻ കഴിയും?
◻ യഹോവ താൻ സ്നേഹിക്കുന്നവർക്ക് ശിക്ഷണം കൊടുക്കുന്നതെന്തുകൊണ്ട്?
◻ക്ഷീണിക്കാതെ സാക്ഷീകരിക്കുന്നതിന്റെ താക്കോലെന്താണ്?