ശൗൽ തന്റെ മുൻ മിത്രങ്ങളെയും പഴയകാല ശത്രുക്കളെയും കണ്ടുമുട്ടുന്നു
ക്രിസ്ത്യാനിത്വത്തിലേക്കുള്ള പരിവർത്തനത്തിനുശേഷം ആദ്യമായി യെരൂശലേമിലേക്കു മടങ്ങുകയായിരുന്ന ശൗലിന് അൽപ്പമൊക്കെ ഭയാശങ്ക തോന്നിയിരിക്കണം.a യേശുവിന്റെ ശിഷ്യന്മാരുടെ നേരെ “ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ട്” അവൻ ആ നഗരത്തിൽനിന്നു പോയിട്ട് മൂന്നു വർഷം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അവിടെനിന്നു പോകുമ്പോൾ, ദമസ്കൊസിൽ കണ്ടുമുട്ടുന്ന ഏതൊരു ക്രിസ്ത്യാനിയെയും അറസ്റ്റുചെയ്യാനുള്ള അധികാരപത്രം അവന്റെ പക്കലുണ്ടായിരുന്നു.—പ്രവൃത്തികൾ 9:1, 2; ഗലാത്യർ 1:18.
എന്നാൽ ഒരു ക്രിസ്ത്യാനിയായിത്തീർന്നതോടെ ശൗൽ, പുനരുത്ഥാനം ചെയ്ത മിശിഹായിലുള്ള തന്റെ വിശ്വാസം സധൈര്യം പ്രഖ്യാപിച്ചു തുടങ്ങി. തത്ഫലമായി, ദമസ്കൊസിലുള്ള യഹൂദർ അവനെ കൊന്നുകളയാൻ ആഗ്രഹിച്ചു. (പ്രവൃത്തികൾ 9:19-25) യെരൂശലേമിലെ അവന്റെ മുൻ യഹൂദ സുഹൃത്തുക്കളുടെ കാര്യമോ? തന്നെ അവർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് അവനു പ്രതീക്ഷിക്കാൻ കഴിയുമായിരുന്നോ? എന്നാൽ യെരൂശലേമിലുള്ള ക്രിസ്തുശിഷ്യരെ കണ്ടുമുട്ടുന്നതായിരുന്നു ശൗലിന് ഏറെ പ്രധാനം. പക്ഷേ അതത്ര എളുപ്പമായിരിക്കുമായിരുന്നില്ല.
“അവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.” (പ്രവൃത്തികൾ 9:26) അവർ ഇങ്ങനെ പ്രതികരിച്ചതിൽ അതിശയിക്കാനില്ല. എന്തെന്നാൽ ഒരു നിർദയ പീഡകനായ ശൗലിന്റെ ചിത്രമാണ് അവരുടെ മനസ്സിൽ അപ്പോഴും തെളിഞ്ഞുനിന്നിരുന്നത്. ക്രിസ്ത്യാനിയാണെന്ന അവന്റെ അവകാശവാദം, സഭയിലേക്കു നുഴഞ്ഞുകടക്കാനുള്ള ഒരു സൂത്രമായും അവർക്കു തോന്നിയിരിക്കാം. അതുകൊണ്ട് യെരൂശലേമിലെ ക്രിസ്ത്യാനികൾ അവനുമായി അകലംപാലിക്കാൻ ആഗ്രഹിച്ചു.
എന്നാൽ അവരിലൊരാൾ, ശൗലിനെ സഹായിക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ബർന്നബാസ് ആയിരുന്നു അത്. അവൻ ഈ മുൻ പീഡകനെ “അപ്പൊസ്തലന്മാരുടെ”—സാധ്യതയനുസരിച്ച് പത്രൊസിന്റെയും (കേഫാവ്) കർത്താവിന്റെ സഹോദരനായ യാക്കോബിന്റെയും—അടുക്കൽ കൊണ്ടുചെന്നതായി ബൈബിൾ പറയുന്നു. ശൗലിന്റെ പരിവർത്തനത്തെയും ദമസ്കൊസിലെ അവന്റെ പ്രസംഗപ്രവർത്തനത്തെയും കുറിച്ചു ബർന്നബാസ് അവരോടു വിവരിക്കുകയുണ്ടായി. (പ്രവൃത്തികൾ 9:27; ഗലാത്യർ 1:18, 19) ബർന്നബാസിന് ശൗലിൽ എങ്ങനെ വിശ്വാസം വന്നുവെന്നു ബൈബിൾ പറയുന്നില്ല. അവർക്കു മുൻപരിചയമുണ്ടായിരുന്നോ, ഇത് ശൗലിനെ ശ്രദ്ധാപൂർവം വിലയിരുത്താനും അവന്റെ ആത്മാർഥത സംബന്ധിച്ച് പത്രൊസിനും യാക്കോബിനും മറ്റും ഉറപ്പുനൽകാനും ബർന്നബാസിനെ പ്രേരിപ്പിച്ചിരിക്കുമോ? ഇനി ദമസ്കൊസിലെ ക്രിസ്ത്യാനികൾ വഴി ബർന്നബാസ്, ശൗലിനു വന്ന സമൂല മാറ്റത്തെക്കുറിച്ച് അറിഞ്ഞിരിക്കുമോ? സംഗതി എന്തുതന്നെയായാലും, ബർന്നബാസ് മറ്റുള്ളവർക്കു ശൗലിനെപ്പറ്റിയുണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിച്ചു. തത്ഫലമായി, അപ്പൊസ്തലനായ പത്രൊസിന്റെകൂടെ ശൗൽ 15 ദിവസം താമസിച്ചു.
പത്രൊസിനോടൊപ്പം പതിനഞ്ചു ദിവസം
ഗലാത്യർക്കുള്ള ലേഖനത്തിൽ ശൗൽതന്നെ വ്യക്തമാക്കിയതുപോലെ അവനു തന്റെ നിയോഗം യേശുവിൽനിന്നു നേരിട്ടു ലഭിച്ചതായിരുന്നു, അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അവന് ഏതെങ്കിലും മനുഷ്യന്റെ അനുമതി ആവശ്യമില്ലായിരുന്നു. (ഗലാത്യർ 1:11, 12) എങ്കിലും യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചു നന്നായി അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം ശൗൽ തിരിച്ചറിഞ്ഞുവെന്നതിനു സംശയമില്ല. പത്രൊസിനോടൊപ്പം താമസിക്കുന്നത് അതിനുള്ള ധാരാളം അവസരം ശൗലിനു നൽകുമായിരുന്നു. (ലൂക്കൊസ് 24:12; 1 കൊരിന്ത്യർ 15:3-8) ശൗലിന് വളരെയേറെ കാര്യങ്ങൾ പത്രൊസിനോടും യാക്കോബിനോടും ചോദിച്ചറിയാനുണ്ടായിരുന്നു. അതുപോലെ അവർക്കും ശൗലിന്റെ ദർശനത്തെയും നിയോഗത്തെയും കുറിച്ചു പലതും ചോദിക്കാനുണ്ടായിരുന്നു.
മുൻകാല മിത്രങ്ങളിൽനിന്നു രക്ഷപ്പെട്ട വിധം
ആദ്യത്തെ ക്രിസ്തീയ രക്തസാക്ഷിയായി അറിയപ്പെടുന്ന വ്യക്തിയാണു സ്തെഫാനൊസ്. മുമ്പ് സ്തെഫാനൊസിന് ‘ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാർ, കുറേനക്കാർ, അലെക്സന്ത്രിയക്കാർ, കിലിക്ക്യ ആസ്യ എന്ന ദേശക്കാർ’ എന്നിവരുമായി സംവാദത്തിൽ ഏർപ്പെടേണ്ടിവന്നെങ്കിൽ ശൗലിന് ഇപ്പോൾ “യവനഭാഷക്കാരായ യെഹൂദന്മാരോടു . . . തർക്കി”ക്കേണ്ടിവന്നു. അവൻ അവരോടു ധീരമായി സാക്ഷീകരിച്ചു. എന്തായിരുന്നു അവരുടെ പ്രതികരണം? അവർ അവനെ കൊല്ലാൻ തക്കംപാർത്തു നടന്നു.—പ്രവൃത്തികൾ 6:9; 9:28, 29.
മുൻകാല സുഹൃത്തുക്കളോട് തന്റെ ജീവിതത്തിൽ വന്ന സമൂല മാറ്റത്തെക്കുറിച്ചും മിശിഹായെക്കുറിച്ചും വിശദീകരിക്കാനുള്ള ശൗലിന്റെ ആഗ്രഹം സ്വാഭാവികം മാത്രമായിരുന്നു. എന്നാൽ ശൗലിനെ ഒരു വിശ്വാസവഞ്ചകനായി കണക്കാക്കിയ യവനഭാഷക്കാരായ ആ യഹൂദർ അവനോടു കൊടിയ പകയോടെ പ്രതികരിച്ചു.
താൻ എത്രമാത്രം അപകടത്തിലാണെന്നു ശൗലിന് അറിയാമായിരുന്നോ? ദൈവാലയത്തിൽ പ്രാർഥിക്കുംനേരം അവൻ വിവശതയിലാകുകയും യേശുവിനെ കാണുകയും ചെയ്തു എന്നു നാം വായിക്കുന്നു. യേശു അവനോട് ഇങ്ങനെ പറഞ്ഞു: “നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല.” അപ്പോൾ ശൗൽ മറുപടി പറഞ്ഞു: “കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ചു അരികെനിന്നു . . . എന്നും അവർ അറിയുന്നുവല്ലോ.”—പ്രവൃത്തികൾ 22:17-20.
ഈ വാക്കുകളിലൂടെ ശൗൽ, മുന്നിലുള്ള അപകടത്തെക്കുറിച്ചു താൻ മനസ്സിലാക്കുന്നുവെന്നു വ്യക്തമാക്കുകയായിരുന്നുവെന്ന് ചിലർ കരുതുന്നു. എന്നാൽ, ‘ഞാനും അവരെപ്പോലെ മറ്റുള്ളവരെ ഉപദ്രവിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയാണ്; അത് അവർക്കറിയാം. അതുകൊണ്ട് എന്തായാലും, അവർ ഞാൻ പറയുന്നതു ഗൗരവമായി എടുക്കും; സത്യം മനസ്സിലാക്കാൻ എനിക്കവരെ സഹായിക്കാനും കഴിഞ്ഞേക്കും’ എന്നാണ് അവൻ അർഥമാക്കിയതെന്നു മറ്റുചിലർ അഭിപ്രായപ്പെടുന്നു. എങ്കിലും ആ യഹൂദർ ഒരു ‘വിശ്വാസത്യാഗി’യുടെ സാക്ഷ്യത്തിനു ചെവികൊടുക്കുകയില്ലെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് അവൻ ശൗലിനോട് “നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും” എന്നു കൽപ്പിച്ചു.—പ്രവൃത്തികൾ 22:21, 22.
അപകടം മണത്തറിഞ്ഞ സഹക്രിസ്ത്യാനികൾ ശൗലിനെ വേഗം കൈസര്യ തുറമുഖത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് അവർ അവനെ 500 കിലോമീറ്റർ അകലെയുള്ള അവന്റെ സ്വന്ത നഗരമായ തർസൊസിലേക്കു യാത്രയാക്കി. (പ്രവൃത്തികൾ 9:30) പിന്നീട് പല വർഷങ്ങൾക്കു ശേഷമാണ് ശൗൽ യെരൂശലേമിൽ മടങ്ങിയെത്തിയത്.
ശൗൽ അവിടെനിന്നു തിടുക്കത്തിൽ പോയത് ക്രിസ്തീയ സഭയ്ക്ക് ഒരു സംരക്ഷണമായി ഉതകിയിരിക്കാം. മുൻ പീഡകന്റെ സാന്നിധ്യം അവിടെ ഒരു പൊട്ടിത്തെറിയുണ്ടാക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ശൗൽ പോയശേഷം “യെഹൂദ്യ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.”—പ്രവൃത്തികൾ 9:31.
ജാഗ്രത പാലിക്കുന്നതു സംബന്ധിച്ച പാഠങ്ങൾ
ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ, ജാഗ്രത പാലിക്കേണ്ട സന്ദർഭങ്ങൾ ഇന്നും ഉണ്ടായേക്കാം. അപരിചിതരെ അനുചിതമായി സംശയിക്കാൻ നമുക്കു കാരണമൊന്നുമില്ല. എങ്കിലും തത്ത്വദീക്ഷയില്ലാത്ത വ്യക്തികൾ ചിലപ്പോഴൊക്കെ വ്യക്തിപരമായ നേട്ടത്തിനോ സഭയ്ക്കു ഹാനിവരുത്താനുള്ള ഉദ്ദേശ്യത്തിലോ യഹോവയുടെ ജനത്തെ ചൂഷണംചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് നാം വിവേചന പ്രകടമാക്കുകയും അങ്ങനെ, വഞ്ചകർ ഒരുക്കുന്ന ചതിക്കുഴികളിൽ വീണുപോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 3:27; 2 തിമൊഥെയൊസ് 3:13.
യെരൂശലേമിൽ പ്രസംഗിക്കുന്നതിനോടുള്ള ബന്ധത്തിൽ ശൗൽ പ്രതികരിച്ച വിധം ഇന്നു ക്രിസ്ത്യാനികൾക്കു ജാഗ്രത പാലിക്കാൻ കഴിയുന്ന മറ്റൊരു വശം ചൂണ്ടിക്കാട്ടുന്നു. ചില പ്രദേശങ്ങളിലോ മുൻകാല സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള ചില വ്യക്തികളോടോ സാക്ഷീകരിക്കുന്നത് ശാരീരികമായോ ആത്മീയമായോ ധാർമികമായിപോലുമോ അപകടകരമായിരുന്നേക്കാം. സാക്ഷീകരണ പ്രദേശങ്ങളും അതിനുള്ള സമയവും തിരഞ്ഞെടുക്കുന്നതുപോലുള്ള കാര്യങ്ങളിൽ ശ്രദ്ധയുള്ളവരായിരുന്നുകൊണ്ടു മുൻകരുതലെടുക്കുന്നത് ഉചിതമാണ്.—സദൃശവാക്യങ്ങൾ 22:3; മത്തായി 10:16.
ഈ ദുഷ്ടവ്യവസ്ഥിതിക്കു തിരശ്ശീല വീഴുന്നതിനുമുമ്പ്, മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന പ്രകാരം ദൈവരാജ്യ സുവാർത്ത പ്രസംഗിക്കപ്പെടും എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. പഴയകാല ശത്രുക്കളോടും മുൻ മിത്രങ്ങളോടുംപോലും “കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗി”ച്ചുകൊണ്ട് ശൗൽ ഇക്കാര്യത്തിൽ എത്ര നല്ല മാതൃകയാണുവെച്ചത്!—പ്രവൃത്തികൾ 9:28.
[അടിക്കുറിപ്പ്]
a ശൗൽ പിന്നീട് അപ്പൊസ്തലനായ പൗലൊസ് എന്ന പേരിൽ അറിയപ്പെട്ടു. ഇന്ന് അവൻ ഏറെയും അറിയപ്പെടുന്നത് ഈ പേരിലാണെങ്കിലും ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന മിക്ക വാക്യങ്ങളിലും ശൗൽ എന്ന യഹൂദ പേരാണ് ഉപയോഗിച്ചിരിക്കുന്നത്.—പ്രവൃത്തികൾ 13:9.
[16-ാം പേജിലെ ചിത്രം]
യെരൂശലേമിൽ എത്തിയ ശൗൽ യവനഭാഷക്കാരായ യഹൂദരോട് സധൈര്യം സാക്ഷീകരിച്ചു