ദൈവത്തോട് അടുത്തുചെല്ലുക
യഹോവ “പക്ഷപാതമുള്ളവനല്ല”
നിങ്ങൾ എന്നെങ്കിലും വിവേചനത്തിന് ഇരയായിട്ടുണ്ടോ? ത്വക്കിന്റെ നിറമോ വംശീയപശ്ചാത്തലമോ സാമൂഹ്യനിലയോ നിമിത്തം നിങ്ങളുടെ ഒരു അപേക്ഷ തഴയപ്പെടുകയോ നിങ്ങൾക്ക് ഒരു സേവനം നിഷേധിക്കുകയോ അല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ അവമതിക്കുകയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല, പല ആളുകൾക്കും ഇതു സംഭവിച്ചിട്ടുണ്ട്. ഇത്തരം മോശമായ പെരുമാറ്റങ്ങൾ മനുഷ്യർക്കിടയിൽ സർവസാധാരണമാണെങ്കിലും ദൈവം ഒരിക്കലും അങ്ങനെ പ്രവർത്തിക്കില്ല. “ദൈവം പക്ഷപാതമുള്ളവനല്ല” എന്നു പൂർണബോധ്യത്തോടെ ക്രിസ്തീയ അപ്പൊസ്തലനായ പത്രോസ് പറഞ്ഞു.—പ്രവൃത്തികൾ 10:34, 35 വായിക്കുക.
തികച്ചും അസാധാരണമായ ഒരു സാഹചര്യത്തിലാണു പത്രോസ് ആ വാക്കുകൾ പറഞ്ഞത്, വിജാതീയനായ കൊർന്നേല്യൊസിന്റെ ഭവനത്തിൽവെച്ച്. ഒരു യഹൂദനായാണു പത്രോസ് ജനിച്ചത്. അക്കാലത്ത്, വിജാതീയരെ യഹൂദന്മാർ അശുദ്ധരായി വീക്ഷിച്ചിരുന്നതിനാൽ യാതൊരു സഹവാസത്തിനും കൊള്ളരുതാത്തവരായി അവരെ കണക്കാക്കിയിരുന്നു. അങ്ങനെയെങ്കിൽ, പത്രോസ് എന്തിനാണു കൊർന്നേല്യൊസിന്റെ ഭവനത്തിൽ പോയത്? യഹോവയായിരുന്നു ഈ കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കിയത്. ഒരു ദർശനത്തിൽ ദൈവം പത്രോസിനോട് ഇങ്ങനെ പറഞ്ഞു: “ദൈവം ശുദ്ധീകരിച്ചവയെ നീ ഇനി മലിനമെന്നു വിളിക്കരുത്.” ഈ സംഭവത്തിനു തലേദിവസം പത്രോസ് അറിയാതെ കൊർന്നേല്യൊസിനും ഒരു ദർശനം ലഭിച്ചിരുന്നു. അവനോട് ഒരു ദൂതൻ പത്രോസിനെ കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. (പ്രവൃത്തികൾ 10:1-15) ഈ സംഭവത്തിൽ യഹോവയുടെ കൈകൾ പ്രവർത്തിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞ പത്രോസിനു നിശ്ശബ്ദനായിരിക്കാൻ കഴിഞ്ഞില്ല.
“ദൈവം പക്ഷപാതമുള്ളവനല്ലെന്നു . . . നിശ്ചയമായും ഞാൻ മനസ്സിലാക്കുന്നു” എന്നു പത്രോസ് പറഞ്ഞു. (പ്രവൃത്തികൾ 10:34, 35) ‘പക്ഷപാതമുള്ളവൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരാർഥം ‘ഒരു മുഖത്തിനു മറ്റൊരു മുഖത്തെക്കാൾ’ പ്രാധാന്യം കല്പിക്കുന്നവൻ അഥവാ മുഖപക്ഷം കാണിക്കുന്നവൻ എന്നാണ്. (ഗ്രീക്ക് തിരുവെഴുത്തുകളുടെ രാജ്യവരിമധ്യ ഭാഷാന്തരം) ഈ പദത്തെപ്പറ്റി ഒരു പണ്ഡിതൻ വിശദീകരിക്കുന്നു: ‘ഇത് ഒരു വ്യക്തിയുടെ മുഖം നോക്കി വിധി പ്രസ്താവിക്കുന്ന ഒരു ന്യായാധിപനെ കുറിക്കുന്നു. ഒരു വ്യക്തി കുറ്റക്കാരനാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല, പകരം പുറമെ എങ്ങനെ കാണപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അയാൾ തീരുമാനമെടുക്കുന്നു.’ എന്നാൽ, ദൈവം ഒരു വ്യക്തിയുടെ മുഖം നോക്കുന്നില്ല, അതായത് അയാളുടെ വംശമോ ദേശമോ സാമൂഹ്യനിലയോ മറ്റു ബാഹ്യഘടകങ്ങളോ പരിഗണിച്ച് ഒരുവനെ മറ്റൊരുവനെക്കാൾ പ്രത്യേകതയുള്ളവനായി കാണുന്നില്ല.
പകരം, യഹോവ നമ്മുടെ ഹൃദയമാണു നോക്കുന്നത്. (1 ശമൂവേൽ 16:7; സദൃശവാക്യങ്ങൾ 21:2) പത്രോസ് കൂട്ടിച്ചേർത്തു: “ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാ”ണ്. (പ്രവൃത്തികൾ 10:35) ദൈവത്തെ ഭയപ്പെടുക എന്നു പറഞ്ഞാൽ എന്താണ് അർഥം? ദൈവത്തെ ബഹുമാനിക്കുക, ആദരിക്കുക, അവനിൽ ആശ്രയിക്കുക, അവനെ അപ്രീതിപ്പെടുത്തുന്ന എന്തും ഒഴിവാക്കുക എന്നാണ്. നീതി പ്രവർത്തിക്കുക എന്നാലോ? ദൈവദൃഷ്ടിയിൽ ശരിയായതു മനസ്സോടെ ചെയ്യുക എന്നാണ് അതിന്റെ അർഥം. അങ്ങനെ, ഭക്ത്യാദരവു നിറഞ്ഞ ഹൃദയത്താൽ പ്രേരിതമായി ശരിയായതു ചെയ്യുന്ന ഒരു വ്യക്തിയിൽ യഹോവ എത്രയധികം സന്തോഷിക്കും!—ആവർത്തനപുസ്തകം 10:12, 13.
സ്വർഗത്തിൽനിന്നു നോക്കുന്ന യഹോവയുടെ മുമ്പാകെ ഒരേയൊരു വർഗമേയുള്ളൂ—മനുഷ്യവർഗം
എപ്പോഴെങ്കിലും വിവേചനമോ മുൻവിധിയോ നിങ്ങൾക്ക് അനുഭവിക്കേണ്ടതായിവന്നിട്ടുണ്ടെങ്കിൽ ദൈവത്തെക്കുറിച്ചു പത്രോസ് പറഞ്ഞ വാക്കുകളിൽനിന്ന് ആശ്വാസം ഉൾക്കൊള്ളാൻ കഴിയും. യഹോവ എല്ലാ ജനതകളിൽനിന്നും സത്യാരാധനയിലേക്ക് ആളുകളെ ആകർഷിച്ചുക്കൊണ്ടിരിക്കുകയാണ്. (യോഹന്നാൻ 6:44; പ്രവൃത്തികൾ 17:26, 27) അവൻ തന്റെ ആരാധകരുടെ വംശമോ ദേശമോ സാമൂഹ്യനിലയോ ഒന്നും ഗണ്യമാക്കാതെ അവരുടെ പ്രാർഥനകൾ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നു. (1 രാജാക്കന്മാർ 8:41-43) ഒരു കാര്യം ഉറപ്പാണ്, സ്വർഗത്തിൽനിന്നു നോക്കുന്ന യഹോവയുടെ മുമ്പാകെ ഒരേയൊരു വർഗമേയുള്ളൂ—മനുഷ്യവർഗം. പക്ഷപാതമില്ലാത്ത ഈ ദൈവത്തക്കുറിച്ചു കൂടുതൽ പഠിക്കാൻ നിങ്ങൾക്ക് ആഗ്രഹം തോന്നുന്നില്ലേ? ▪ (w13-E 06/01)
നിർദിഷ്ട ബൈബിൾ വായനാഭാഗം