യഹോവ നമ്മുടെ ഭരണകർത്താവാകുന്നു!
“ഞങ്ങൾ മനുഷ്യരെക്കാളുപരി ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്.”—പ്രവൃത്തികൾ 5:29.
1, 2. മാനുഷാജ്ഞകൾ ദിവ്യേഷ്ടത്തിനു വിരുദ്ധമാകുമ്പോൾ യഹോവയുടെ സാക്ഷികൾ ഏതു അപ്പോസ്തലിക നിലപാടു സ്വീകരിക്കുന്നു?
പന്ത്രണ്ടു പുരുഷൻമാർ ഒരു ഹൈക്കോടതിമുമ്പാകെ വരുത്തപ്പെടാൻ യഹോവയാം ദൈവം അനുവദിച്ചിരുന്നു. അത് ക്രി.വ. 33-ാമാണ്ടിലായിരുന്നു. കോടതി യഹൂദ സന്നദ്രീമായിരുന്നു. യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാർ വിസ്തരിക്കപ്പെടുകയായിരുന്നു. കേൾക്കൂ! ‘ഈ നാമത്തിന്റെ അടിസ്ഥാനത്തിൽ പഠിപ്പിക്കാതിരിക്കാൻ ഞങ്ങൾ നിങ്ങളോട് ആജ്ഞാപിച്ചതാണ്, എന്നാൽ നിങ്ങൾ യരൂശലേമിനെ നിങ്ങളുടെ പഠിപ്പിക്കൽകൊണ്ടു നിറച്ചിരിക്കുന്നു’ എന്ന് മഹാപുരോഹിതൻ പറയുന്നു. അതിങ്കൽ പത്രോസും മററപ്പോസ്തലൻമാരും “ഞങ്ങൾ മനുഷ്യരെക്കാളുപരി, ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്” എന്നു പ്രഖ്യാപിക്കുന്നു. (പ്രവൃത്തികൾ 5:27-29) ഫലത്തിൽ, “യഹോവ ഞങ്ങളുടെ ഭരണാധികാരിയാകുന്നു”വെന്ന് അവർ പറഞ്ഞു.
2 അതെ, യഹോവ യേശുവിന്റെ യഥാർത്ഥ അനുഗാമികളുടെ ഭരണകർത്താവാകുന്നു. “പ്രിയപ്പെട്ട വൈദ്യനായ ലൂക്കോസി”നാൽ ക്രി.വ. 64ൽ രേഖപ്പെടുത്തപ്പെട്ട അപ്പോസ്തലപ്രവൃത്തികൾ എന്ന ബൈബിൾ പുസ്തകത്തിൽ ഇതു വ്യക്തമാക്കപ്പെട്ടിരിക്കുന്നു. (കൊലോസ്യർ 4:14) മാനുഷാജ്ഞകൾ ദൈവേഷ്ടത്തിനു വിരുദ്ധമാകുമ്പോൾ അപ്പോസ്തലൻമാരെപ്പോലെ യഹോവയുടെ ജനം ഇന്ന് തങ്ങളുടെ സ്വർഗ്ഗീയഭരണാധികാരിയെ അനുസരിക്കുന്നു. എന്നാൽ പ്രവൃത്തികളുടെ പുസ്തകത്തിൽനിന്ന് മറെറന്തുകൂടെ നമുക്ക് പഠിക്കാൻ കഴിയും? (വ്യക്തിപരമായി പഠിക്കുമ്പോൾ തടിച്ച അക്ഷരത്തിൽ സൂചിപ്പിച്ചിരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങൾ നിങ്ങൾ വായിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.)
യേശു സാക്ഷികളെ നിയോഗിക്കുന്നു
3. യേശുവിന്റെ അനുഗാമികൾ “പരിശുദ്ധാത്മാവിൽ സ്നാപനപ്പെടുത്തപ്പെട്ട”പ്പോൾ, അവരുടെ മുഖ്യശ്രദ്ധ എന്തിലായിരുന്നു?
3 അപ്പോസ്തലൻമാർ ആത്മീയമായി ശക്തീകരിക്കപ്പെട്ടിരുന്നതുകൊണ്ട് അവർക്കു ദൈവത്തിനുവേണ്ടി ഒരു ഉറച്ച നില എടുക്കാൻ കഴിയുമായിരുന്നു. ക്രിസ്തു ഒരു ദണ്ഡനസ്തംഭത്തിൽ മരിച്ചു, എന്നാൽ അവൻ ഉയർപ്പിക്കപ്പെട്ടിരുന്നുവെന്ന് അവർക്ക് അറിയാമായിരുന്നു. (1:1-5) യേശു 40 ദിവസക്കാലം മൂർത്തീകരിക്കപ്പെട്ട ശരീരങ്ങളിൽ “താൻ ജീവിച്ചിരിക്കുന്നുവെന്ന് പ്രകടമാക്കുകയും” രാജ്യസത്യങ്ങൾ പഠിപ്പിക്കുകയുംചെയ്തു. “പരിശുദ്ധാത്മാവിലെ സ്നാപന”ത്തിന് യരൂശലേമിൽ കാത്തിരിക്കാനും അവൻ തന്റെ ശിഷ്യൻമാരോട് പറഞ്ഞു. അപ്പോൾ അവരുടെ മുഖ്യതാത്പര്യം പ്രസംഗമായിരിക്കും, അങ്ങനെതന്നെയാണ് ഇന്ന് യഹോവയുടെ സാക്ഷികൾക്കും.—ലൂക്കോസ് 24:27, 49; യോഹന്നാൻ 20:19-21:24.
4. യേശുവിന്റെ അനുഗാമികളുടെമേൽ പരിശുദ്ധാത്മാവു വരുമ്പോൾ എന്തു സംഭവിക്കുമായിരുന്നു?
4 അന്നുവരെ പരിശുദ്ധാത്മാവിനാൽ സ്നാപനമേററിട്ടില്ലാഞ്ഞതുകൊണ്ട് അപ്പോസ്തലൻമാർ “കർത്താവേ, നീ ഈ കാലത്ത് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിക്കുകയാണോ?” എന്ന് ചോദിച്ചപ്പോൾ ഭൗമികഭരണം റോമൻ ആധിപത്യത്തിന് അറുതിവരുത്തുമെന്ന് അവർ തെററായി വിചാരിച്ചു. (1:6-8) ഫലത്തിൽ, അല്ല എന്ന് യേശു പറഞ്ഞു, എന്തുകൊണ്ടെന്നാൽ സമയങ്ങളും കാലങ്ങളും അറിയുന്നത് അവർക്കുള്ളതല്ലായിരുന്നു. ‘പരിശുദ്ധാത്മാവ് അവരുടെമേൽ വരുമ്പോൾ’ ഈ ഭൂമിയിലെ ഒരു രാജ്യത്തെക്കുറിച്ചല്ല, പിന്നെയോ ദൈവത്തിന്റെ സ്വർഗ്ഗീയരാജ്യത്തെക്കുറിച്ചു സാക്ഷീകരിക്കാൻ അവൻ അവരെ ശക്തിപ്പെടുത്തും. അവർ യരൂശലേമിലും യഹൂദ്യയിലും ശമര്യയിലും “ഭൂമിയുടെ അതിവിദൂരഭാഗത്തോളവും” പ്രസംഗിക്കും. ആത്മാവിന്റെ സഹായത്തോടെ, യഹോവയുടെ സാക്ഷികൾ ഈ അന്ത്യനാളുകളിൽ ഒരു ആഗോളതോതിൽ അങ്ങനെയുള്ള വേല ചെയ്തുകൊണ്ടിരിക്കുകയാണ്.
5. യേശു വിട്ടുപോയ അതേ രീതിയിൽ എങ്ങനെ വരുമായിരുന്നു?
5 യേശു സ്വർഗ്ഗാരോഹണംചെയ്യാൻ തുടങ്ങിയപ്പോൾ അവൻ ആ ലോകവ്യാപകപ്രസംഗനിയോഗം കൊടുത്തുകഴിഞ്ഞതേയുണ്ടായിരുന്നുള്ളു. ആ ആരോഹണം ശിഷ്യൻമാരിൽനിന്നുള്ള മേൽപ്പോട്ടുള്ള നീക്കത്തോടെ തുടങ്ങി, പിന്നീട് യേശു തന്റെ സ്വർഗ്ഗീയഭരണാധികാരിയുടെ സാന്നിദ്ധ്യത്തിലേക്കും ആത്മീയ മണ്ഡലത്തിലെ പ്രവർത്തനത്തിലേക്കും പ്രവേശിച്ചു. (1:9-11) ഒരു മേഘം അപ്പോസ്തലൻമാരുടെ കാഴ്ചയിൽനിന്ന് യേശുവിനെ മറച്ചശേഷം അവൻ തന്റെ ജഡശരീരം വെടിഞ്ഞു. രണ്ടു ദൂതൻമാർ പ്രത്യക്ഷപ്പെടുകയും അവൻ ‘അതേ രീതിയിൽ വരും’ എന്ന് പറയുകയും ചെയ്തു. അത് അങ്ങനെതന്നെയാണ്. യേശുവിന്റെ ശിഷ്യൻമാർ മാത്രമേ അവൻ വിട്ടുപോകുന്നതു കണ്ടുള്ളു, അങ്ങനെതന്നെ യഹോവയുടെ സാക്ഷികൾ മാത്രമേ അവന്റെ അദൃശ്യമായ മടങ്ങിവരവ് തിരിച്ചറിയുന്നുള്ളു.
യഹോവ ഒരു തെരഞ്ഞെടുപ്പു നടത്തുന്നു
6. ഇസ്ക്കരിയോത്താ യൂദായിക്കു പകരം ഒരാൾ തെരഞ്ഞെടുക്കപ്പെട്ടതെങ്ങനെ?
6 പെട്ടെന്നുതന്നെ അപ്പോസ്തലൻമാർ യരൂശലേമിൽ തിരിച്ചെത്തി. (1:12-26) ഒരു മാളികമുറിയിൽ (ഒരുപക്ഷേ മർക്കോസിന്റെ അമ്മയായ മറിയയുടെ വീട്ടിൽ) വിശ്വസ്തരായ 11 അപ്പോസ്തലൻമാർ യേശുവിന്റെ അർദ്ധസഹോദരൻമാരോടും അവന്റെ മററു ശിഷ്യൻമാരോടും അവന്റെ അമ്മയായ മറിയയോടുംകൂടെ പ്രാർത്ഥനയിൽ ഉററിരുന്നു. (മർക്കോസ് 6:3; യാക്കോബ് 1:1) എന്നാൽ യൂദായുടെ “മേൽവിചാരകസ്ഥാനം” ആർക്കു ലഭിക്കും? (സങ്കീർത്തനം 109:8) യേശുവിനെ ഒററിക്കൊടുത്ത യൂദായിക്കു പകരം ഒരു മനുഷ്യനെ ദൈവം തെരഞ്ഞെടുത്തുകൊണ്ട് അപ്പോസ്തലൻമാരുടെ സംഖ്യ 12 ആയി പുനഃസ്ഥാപിച്ചപ്പോൾ ഏകദേശം 120 ശിഷ്യൻമാർ ഹാജരുണ്ടായിരുന്നു. യേശുവിന്റെ ശുശ്രൂഷക്കാലത്ത് ഒരു ശിഷ്യനും പുനരുത്ഥാനത്തിന്റെ ഒരു സാക്ഷിയുമായിരുന്ന ഒരാളെ വേണമായിരുന്നു തെരഞ്ഞെടുക്കാൻ. തീർച്ചയായും, ആ മനുഷ്യൻ യഹോവയെ ഭരണാധികാരിയായി അംഗീകരിക്കുകയും ചെയ്യണമായിരുന്നു. പ്രാർത്ഥനക്കുശേഷം, മത്ഥിയാസിനും യോസേഫ് ബർശബാസിനും ചീട്ടിട്ടു. ചീട്ടു മത്ഥിയാസിനു വീഴാൻ ദൈവം ഇടയാക്കി.—സദൃശവാക്യങ്ങൾ 16:33.
7. (എ) യൂദാ “അനീതിയുടെ കൂലികൊണ്ട് ഒരു നിലം വിലക്കുവാങ്ങി”യത് എങ്ങനെയായിരുന്നു? (ബി) യൂദാ എങ്ങനെ മരിച്ചു?
7 തീർച്ചയായും ഇസ്ക്കരിയോത്താ യൂദാ യഹോവയെ തന്റെ ഭരണാധികാരിയായി അംഗീകരിച്ചിരുന്നില്ല. എന്തിന്, അവൻ ദൈവപുത്രനെ 30 വെള്ളിക്കാശിന് ഒററിക്കൊടുത്തിരുന്നു! യൂദാ ആ പണം മുഖ്യപുരോഹിതൻമാർക്കു മടക്കിക്കൊടുത്തിരുന്നു, എന്നാൽ ദ്രോഹി “അനീതിയുടെ കൂലികൊണ്ട് ഒരു നിലം വിലക്കുവാങ്ങി”യെന്ന് പത്രോസ് പറഞ്ഞു. അതെങ്ങനെ? ശരി, അവൻ “രക്തനിലം” വാങ്ങാനുള്ള പണവും കാരണവും നൽകി. അത് ഹിന്നോം താഴ്വരയുടെ തെക്കുവശത്തെ നിരപ്പുള്ള ഒരു പറമ്പായിരുന്നുവെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സ്വർഗ്ഗീയഭരണാധകാരിയോടുള്ള തന്റെ ബന്ധം പൂർണ്ണമായും തകർന്നതുകൊണ്ട് യൂദാ “തൂങ്ങിച്ചത്തു.” (മത്തായി 27:3-10) ഒരുപക്ഷേ കയറോ വൃക്ഷക്കമ്പോ പൊട്ടിയതിനാൽ അവൻ കൂർത്ത പാറകളിലേക്കു വീഴവേ ‘തലകുത്തി ശബ്ദത്തോടെ നടുവേ പിളർന്നു.’ നമ്മിലാരും ഒരു വ്യാജസ്നേഹിതനാകാതിരിക്കട്ടെ!
പരിശുദ്ധാത്മാവിനാൽ നിറയുന്നു!
8. യേശുവിന്റെ ശിഷ്യൻമാർ എപ്പോൾ പരിശുദ്ധാത്മാവിൽ സ്നാപനപ്പെടുത്തപ്പെട്ടു, എന്തു ഫലത്തോടെ?
8 വാഗ്ദത്തംചെയ്യപ്പെട്ട പരിശുദ്ധാത്മാവിലെ സ്നാപനം സംബന്ധിച്ചെന്ത്? അത് യേശുവിന്റെ ആരോഹണത്തിനുശേഷം പത്തു ദിവസം കഴിഞ്ഞ് ക്രി.വ. 33 ലെ പെന്തെക്കോസ്തിൽ സംഭവിച്ചു. (2:1-4) ആ സ്നാപനം എന്തോരു പുളകപ്രദമായ സംഭവമായിരുന്നു! രംഗമൊന്നു വിഭാവനചെയ്യുക. ഏതാണ്ട് 120 ശിഷ്യൻമാർ ഒരു മാളികമുറിയിലായിരുന്നപ്പോൾ ‘പെട്ടെന്ന് ശക്തമായ ഒരു കൊടുങ്കാററടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു ശബ്ദം ഭവനത്തിൽ നിറഞ്ഞു.’ അത് കാററല്ലായിരുന്നു, എന്നാൽ കാററിന്റെ ശബ്ദമാണുണ്ടായത്. “തീകൊണ്ടെന്നപോലെയുള്ള” ഒരു നാവ് ഓരോ ശിഷ്യന്റെയും അപ്പോസ്തലന്റെയും മേൽ ഇരുന്നു. “അവരെല്ലാം പരിശുദ്ധാത്മാവുകൊണ്ടു നിറയുകയും വ്യത്യസ്തഭാഷകളിൽ സംസാരിച്ചുതുടങ്ങുകയുംചെയ്തു.” ആ സ്നാപനം സംഭവിച്ചപ്പോൾ അവർ പരിശുദ്ധാത്മാവിനാൽ ജനിപ്പിക്കപ്പെടുകയും അഭിഷേകംചെയ്യപ്പെടുകയും ഒരു ആത്മീയ അവകാശത്തിന്റെ സൂചനയായി മുദ്രയിടപ്പെടുകയുംകൂടെ ചെയ്തു.—യോഹന്നാൻ 3:3, 5; 2 കൊരിന്ത്യർ 1:21, 22; 1 യോഹന്നാൻ 2:20.
9. ആത്മാവു നിറഞ്ഞ ശിഷ്യൻമാർ എന്തിനെക്കുറിച്ചു സംസാരിച്ചു?
9 ഈ സംഭവം ‘ആകാശത്തിൻകീഴുള്ള സകല ജനതകളിൽനിന്നും’ യെരൂശലേമിൽ എത്തിയ യഹൂദൻമാരെയും യഹൂദ മതാനുസാരികളെയും ബാധിച്ചു. (2:5-13) വിസ്മയംപൂണ്ട് ‘നമ്മിലോരോരുത്തരും തന്റെ ജൻമഭാഷയിൽ കേൾക്കുന്നതെങ്ങനെ?’ എന്ന് അവർ ചോദിച്ചു: അത് മേദ്യ (യഹൂദക്കു കിഴക്ക്), ഫൃഗ്യ (ഏഷ്യമൈനറിൽ), റോമാ (യൂറോപ്പിൽ), എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ ഭാഷകളായിരുന്നിരിക്കാം. ശിഷ്യൻമാർ “ദൈവത്തിന്റെ മഹനീയകാര്യങ്ങളെക്കുറിച്ച്” വിവിധ ഭാഷകളിൽ സംസാരിച്ചപ്പോൾ അനേകം ശ്രോതാക്കൾ അതിശയിച്ചുപോയി, എന്നാൽ അവർക്കു ലഹരിപിടിച്ചതാണെന്ന് പരിഹാസികൾ സൂചിപ്പിച്ചു.
പത്രോസ ഒരു ഉത്തേജകമായ സാക്ഷ്യം കൊടുക്കുന്നു
10. ക്രി.വ. 33ലെ പെന്തെക്കോസ്തിൽ നടന്ന സംഭവം ഏതു പ്രവചനത്തെ നിവർത്തിച്ചു, ഇതിന് ഒരു ആധുനികസമാന്തരമുണ്ടോ?
10 രാവിലെ ഒൻപതുമണി ലഹരിപിടിക്കുക സാദ്ധ്യമാകാത്തവിധം അത്ര നേരത്തെയാണെന്ന് പ്രകടമാക്കിക്കൊണ്ട് പത്രോസ് സാക്ഷീകരിച്ചുതുടങ്ങി. (2:14-21) പകരം, ഈ സംഭവം തന്റെ ജനത്തിൻമേൽ പരിശുദ്ധാത്മാവിനെ പകരുമെന്നുള്ള ദൈവത്തിന്റെ വാഗ്ദത്തത്തിന്റെ ഒരു നിവൃത്തിയായിരുന്നു. “അന്ത്യനാളുകളിൽ” എന്നും “അവർ പ്രവചിക്കും” എന്ന വാക്കുകൾ കൂട്ടിച്ചേർത്തുകൊണ്ട് നമ്മുടെ കാലത്തേക്കു വിരൽചൂണ്ടാൻ ദൈവം പത്രോസിനെ നിശ്വസ്തനാക്കി. (യോവേൽ 2:28-32) യഹോവ തന്റെ മഹാദിവസത്തിനുമുമ്പ് ആകാശത്തിൽ അത്ഭുതവിഷയങ്ങളും ഭൂമിയിൽ അടയാളങ്ങളും നൽകും, വിശ്വാസത്തോടെ അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളു. അഭിഷിക്തരുടെമേലുള്ള പരിശുദ്ധാത്മാവിന്റെ സമാനമായ പകരൽ വലിയ ഊർജ്ജ്വസ്വലതയോടെയും കാര്യക്ഷമതയോടെയും ഇന്നു “പ്രവചിക്കാൻ” അവരെ പ്രാപ്തരാക്കിയിരിക്കുന്നു.
11. യേശുവിന്റെ കാര്യത്തിൽ യഹൂദൻമാരാലും ദൈവത്താലും എന്തു ചെയ്യപ്പെട്ടു?
11 അടുത്തതായി പത്രോസ് മശിഹായെ തിരിച്ചറിയിച്ചു. (2:22-28) വലിയ അടയാളങ്ങളും അത്ഭുതങ്ങളും ചെയ്യാൻ യേശുവിനെ പ്രാപ്തനാക്കിയതിനാൽ ദൈവം അവന്റെ മശിഹാപദവിയെ സാക്ഷ്യപ്പെടുത്തി. (എബ്രായർ 2:3, 4) എന്നാൽ യഹൂദൻമാർ അവനെ “അധർമ്മികളുടെ കൈയാൽ” ഒരു സ്തംഭത്തിൽ ബന്ധിതനാക്കി, അവർ ദൈവനിയമം അനുസരിക്കാഞ്ഞ റോമാക്കാർ ആയിരുന്നു. ഇത് ദിവ്യേഷ്ടമായിരുന്നതിനാൽ “യേശു ദൈവത്തിന്റെ നിർണ്ണീതമായ ആലോചനയാലും മുന്നറിവിനാലും എൽപ്പിക്കപ്പെട്ടു.” എന്നിരുന്നാലും ദൈവം യേശുവിനെ പുനരുത്ഥാനപ്പെടുത്തുകയും അവന്റെ മനുഷ്യശരീരത്തെ ദ്രവത്വം അനുഭവപ്പെടാത്ത ഒരു വിധത്തിൽ നീക്കംചെയ്യുകയും ചെയ്തു.—സങ്കീർത്തനം 16:8-11.
12. ദാവീദ് എന്തു മുൻകൂട്ടിക്കണ്ടു, രക്ഷ എന്തിൽ ആശ്രയിച്ചിരിക്കുന്നു?
12 പത്രോസിന്റെ സാക്ഷ്യം തുടരവേ മശിഹൈകപ്രവചനം കൂടുതലായി ദൃഢീകരിക്കപ്പെട്ടു. (2:29-36) ഈ ഏററവും വലിയ പുത്രനും മശിഹായുമായ യേശുവിന്റെ പുനരുത്ഥാനത്തെ ദാവീദ് മുൻകണ്ടുവെന്ന് അവൻ പറഞ്ഞു. സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്തെ ഉന്നതമായ ഒരു സ്ഥാനത്തുനിന്ന് യേശു തന്റെ പിതാവിൽനിന്നു ലഭിച്ച പരിശുദ്ധാത്മാവിനെ പകർന്നിരുന്നു. (സങ്കീർത്തനം 110:1) പത്രോസിന്റെ ശ്രോതാക്കൾ ശിഷ്യൻമാരുടെ തലമേൽ പതിഞ്ഞ തീകൊണ്ടെന്നപോലെയുള്ള നാവുകൾ നിരീക്ഷിച്ചതിനാലും അവർ സംസാരിച്ച വിദേശഭാഷകൾ കേട്ടതിനാലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ‘കാണുകയും കേൾക്കുകയും’ ചെയ്തു. യേശുവിനെ കർത്താവും മശിഹായുമായി അംഗീകരിക്കുന്നതിലാണ് രക്ഷ ആശ്രയിച്ചിരിക്കുന്നതെന്നും അവൻ പ്രകടമാക്കി.—റോമർ 10:9; ഫിലിപ്യർ 2:9-11.
യഹോവ വർദ്ധനവു നൽകുന്നു
13. (എ) ഉചിതമായി സ്നാപനമേൽക്കുന്നതിന് യഹൂദൻമാരും യഹൂദ മതാനുസാരികളും എന്തു സമ്മതിക്കേണ്ടിയിരുന്നു? (ബി) എത്രപേർ സ്നാപനപ്പെടുത്തപ്പെട്ടു, യരുശലേമിൽ എന്തു ഫലത്തോടെ?
13 പത്രോസിന്റെ വാക്കുകൾ എത്ര ഫലപ്രദമായിരുന്നു! (2:37-42) മശിഹായുടെ വധത്തിന് സമ്മതിച്ചിരുന്നതിനാൽ അവന്റെ ശ്രോതാക്കൾക്ക് ഹൃദയത്തിൽ കുത്തുകൊണ്ടു. അതുകൊണ്ട് അവൻ ഇങ്ങനെ പ്രോൽസാഹിപ്പിച്ചു: “അനുതപിക്കുക, നിങ്ങളിലോരോരുത്തരും നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനമേൽക്കുകയും ചെയ്യുക, എന്നാൽ നിങ്ങൾക്ക് പരിശുദ്ധാത്മാവ് എന്ന സൗജന്യദാനം ലഭിക്കും.” യഹൂദൻമാരും യഹൂദ മതാനുസാരികളും യഹോവയെ ദൈവമായും അവർക്ക് അവന്റെ ആത്മാവിന്റെ ആവശ്യമുള്ളതായും അപ്പോൾത്തന്നെ അംഗീകരിച്ചിരുന്നു. അവർ ഇപ്പോൾ അനുതപിക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ (പദവിയെയോ പ്രവർത്തനത്തെയോ അംഗീകരിച്ചുകൊണ്ട്) സ്നാപനമേൽക്കേണ്ടതിന് യേശുവിനെ മശിഹായായി സ്വീകരിക്കുകയും ചെയ്യേണ്ടയാവശ്യമുണ്ടായിരുന്നു. (മത്തായി 28:19, 20) ആ യഹൂദൻമാരോടും യഹൂദമതാനുസാരികളോടും സാക്ഷീകരിച്ചതിനാൽ പത്രോസ് സ്വർഗ്ഗീയരാജ്യത്തിൽ പ്രവേശിക്കുന്നതിന് വിശ്വാസമുള്ള യഹൂദൻമാർക്കുവേണ്ടി പരിജ്ഞാനത്തിന്റെയും അവസരത്തിന്റെയും വാതിൽ തുറന്നുകൊടുക്കാൻ യേശു തനിക്കു നൽകിയ ഒന്നാമത്തെ താക്കോൽ ഉപയോഗിച്ചു. (മത്തായി 16:19) ആ ഒരു ദിവസംതന്നെ 3,000 പേർ സ്നാപനമേററു! യഹോവയുടെ അത്രയേറെ സാക്ഷികൾ ആ ചെറിയ യരുശലേം പ്രദേശത്ത് പ്രസംഗിക്കുന്നതിനെക്കുറിച്ചു സങ്കൽപ്പിക്കുക!
14. വിശ്വാസികൾ എന്തുകൊണ്ട്, ഏതു വിധത്തിൽ “സകലവും പൊതുവിൽ” അനുഭവിച്ചു?
14 വിദൂരസ്ഥലങ്ങളിൽനിന്നുള്ള അനേകർക്ക് ദീർഘിച്ച താമസത്തിനുള്ള കരുതലില്ലായിരുന്നു, എന്നാൽ തങ്ങളുടെ പുതിയ വിശ്വാസത്തെക്കുറിച്ചു കൂടുതൽ പഠിക്കാനും മററുള്ളവരോടു പ്രസംഗിക്കാനും ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ ഇന്നു ചെയ്യുന്നതുപോലെ, യേശുവിന്റെ ആദിമ അനുഗാമികൾ സ്നേഹപൂർവം അന്യോന്യം സഹായിച്ചു. (2:43-47) വിശ്വാസികൾ താല്ക്കാലികമായി “സകലവും പൊതുവായി” അനുഭവിച്ചു. ചിലർ വസ്തു വിൽക്കുകയും ഫണ്ട് ആവശ്യമുള്ള ആർക്കും വിതരണംചെയ്യുകയും ചെയ്തു. ‘രക്ഷിക്കപ്പെടുന്നവരെ യഹോവ അനുദിനം സഭയോടു ചേർത്തുപോന്ന’തുകൊണ്ട് ഇത് സഭക്ക് നല്ല ഒരു തുടക്കം കൊടുത്തു.
ഒരു സൗഖ്യമാക്കലും അതിന്റെ ഫലങ്ങളും
15. പത്രോസും യോഹന്നാനും ആലയത്തിൽ പ്രവേശിച്ചപ്പോൾ എന്തു സംഭവിച്ചു, ആളുകൾ എങ്ങനെ പ്രതികരിച്ചു?
15 യഹോവ യേശുവിന്റെ അനുഗാമികളെ “അടയാളങ്ങൾ” മുഖേന പിന്താങ്ങി. (3:1-10) അങ്ങനെ പത്രോസും യോഹന്നാനും സന്ധ്യായാഗത്തോടു ബന്ധപ്പെട്ട പ്രാർത്ഥനക്കുവേണ്ടി ഉച്ചതിരിഞ്ഞ് 3 മണിക്ക് ആലയത്തിൽ പ്രവേശിച്ചപ്പോൾ ജൻമനാ മുടന്തനായിരുന്ന ഒരു മനുഷ്യൻ സുന്ദരം പടിവാതിലിനടുത്ത് “ദാനധർമ്മങ്ങൾ” ചോദിച്ചുകൊണ്ടിരുന്നു. ‘വെള്ളിയും പൊന്നും എനിക്കില്ല, എന്നാൽ എനിക്കുള്ളത് ഞാൻ നിനക്കു നൽകുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്കുക!’ എന്ന് പത്രോസ് പറഞ്ഞു. ക്ഷണത്തിൽ ആ മനുഷ്യനു സൗഖ്യംവന്നു. “നടന്നും തുള്ളിച്ചാടിയുംകൊണ്ട്” അയാൾ ആലയത്തിൽ പ്രവേശിച്ചപ്പോൾ ആളുകൾ ‘അത്യാനന്ദത്താൽ നിറഞ്ഞു.’ ഒരുപക്ഷേ, ചിലർ “മുടന്തൻ ഒരു മാനിനെപ്പോലെതന്നെ കയറിപ്പോകും” എന്ന വാക്കുകൾ ഓർത്തിരിക്കാം.—യെശയ്യാവ് 35:6.
16. അപ്പോസ്തലൻമാർക്ക് ഒരു മുടന്തനെ സൗഖ്യമാക്കാൻ കഴിഞ്ഞതെങ്ങനെ?
16 അതിശയിച്ചുപോയ ആളുകൾ ആലയത്തിന്റെ കിഴക്കുവശത്തെ ഒരു ആവൃത പോർട്ടിക്കോ ആയിരുന്ന ശലോമോന്റെ മണ്ഡപത്തിൽ കൂടിവന്നു. അവിടെ പത്രോസ് ഒരു സാക്ഷ്യം കൊടുത്തു. (3:11-18) ദൈവം തന്റെ മഹത്വീകരിക്കപ്പെട്ട ദാസനായ യേശു മുഖേന മുടന്തനെ സൗഖ്യമാക്കാൻ അപ്പോസ്തലൻമാരെ അധികാരപ്പെടുത്തിയതായി അവൻ പ്രകടമാക്കി. (യെശയ്യാവ് 52:13–53:12) യഹൂദൻമാർ “ആ പരിശുദ്ധനും നീതിമാനുമായവനെ” തള്ളിപ്പറഞ്ഞു; എന്നിരുന്നാലും, യഹോവ അവനെ പുനരുത്ഥാനപ്പെടുത്തി. ജനങ്ങളും അവരുടെ ഭരണാധികാരികളും തങ്ങൾ മശിഹായെയാണ് വധിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെങ്കിലും ദൈവം അങ്ങനെ “അവന്റെ മശിഹാ കഷ്ടമനുഭവിക്കും” എന്ന പ്രവചനത്തിനു നിവൃത്തിവരുത്തി.—ദാനിയേൽ 9:26.
17. (എ) യഹൂദൻമാർ എന്തു നടപടി സ്വീകരിക്കേണ്ടതുണ്ടായിരുന്നു? (ബി) നമ്മുടെ നാളിലെ ‘ക്രിസ്തുവിന്റെ അയയ്ക്കൽ’ മുതൽ എന്തു സംഭവിച്ചിരിക്കുന്നു?
17 മശിഹായോടുള്ള യഹൂദൻമാരുടെ പെരുമാററം നിമിത്തം അവർ എന്തു ചെയ്യണമെന്ന് പത്രോസ് പ്രകടമാക്കി. (3:19-26) അവർ തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച് “അനുതപിക്കു”കയോ പശ്ചാത്തപിക്കുകയോ ചെയ്യുകയും ഒരു വിപരീതഗതി സ്വീകരിച്ചുകൊണ്ട് “തിരിഞ്ഞുവരുകയും” അല്ലെങ്കിൽ പരിവർത്തനംചെയ്യുകയും ചെയ്യണമായിരുന്നു. മറുവില സ്വീകരിച്ചുകൊണ്ട് അവർ മശിഹായെന്ന നിലയിൽ യേശുവിൽ വിശ്വാസമർപ്പിച്ചാൽ പാപങ്ങൾ മോചിക്കപ്പെട്ടവരെന്ന നിലയിൽ അവർക്ക് യഹോവയിൽനിന്ന് ആശ്വാസം ലഭിക്കുമായിരുന്നു. (റോമർ 5:6-11) “നിന്റെ സന്തതിയിൽ ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും” എന്ന് അബ്രഹാമിനോടു പറഞ്ഞുകൊണ്ട് അവരുടെ പൂർവപിതാക്കളോടു ദൈവം ചെയ്തിരുന്ന ഉടമ്പടിയുടെ പുത്രൻമാരാണ് യഹൂദൻമാർ എന്ന് അവർ അനുസ്മരിപ്പിക്കപ്പെട്ടു. അതുകൊണ്ടു ദൈവം ആദ്യമായി അനുതാപമുള്ള യഹൂദൻമാരെ വിടുവിക്കാൻ തന്റെ മശിഹൈകദാസനെ അയച്ചു. രസാവഹമായി, 1914-ലെ സ്വർഗ്ഗീയരാജ്യാധികാരത്തിലുള്ള ‘മശിഹായുടെ അയയ്ക്കൽ’ മുതൽ യഹോവയുടെ സാക്ഷികളുടെ ഇടയിൽ സത്യങ്ങളുടെയും ദിവ്യാധിപത്യസ്ഥാപനത്തിന്റെയും ഒരു ആശ്വാസകരമായ പുനഃസ്ഥാപിക്കൽ ഉണ്ടായിട്ടുണ്ട്.—ഉല്പത്തി 12:3; 18:18; 22:18.
അവർ നിർത്തുകയില്ല!
18. യഹൂദ “പണിക്കാർ” ഏതു “കല്ലു” തള്ളിക്കളഞ്ഞു, ആരിൽ മാത്രമാണ് രക്ഷയുള്ളത്?
18 പത്രോസും യോഹന്നാനും യേശുവിന്റെ പുനരുത്ഥാനത്തെ പ്രഖ്യാപിച്ചതിൽ കുപിതരായി മുഖ്യപുരോഹിതൻമാരും ആലയപ്രമാണിയും സദൂക്യരും അവരെ ബന്തവസ്സിലാക്കി. (4:1-12) സദൂക്യർ പുനരുത്ഥാനത്തിൽ വിശ്വസിച്ചില്ല, എന്നാൽ മററനേകർ വിശ്വാസികളായിത്തീർന്നു, പുരുഷൻമാരുടെ എണ്ണംതന്നെ ഏകദേശം 5,000 ആയി. യരുശലേമിലെ ഹൈക്കോടതിമുമ്പാകെ ചോദ്യംചെയ്യപ്പെട്ടപ്പോൾ, മുടന്തൻ സൗഖ്യംപ്രാപിച്ചത് അവരാൽ സ്തംഭത്തിലേററപ്പെട്ടവനും എന്നാൽ ദൈവത്താൽ പുനരുത്ഥാനപ്പെടുത്തപ്പെട്ടവനുമായ “നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ” ആണെന്ന് പത്രോസ് പറഞ്ഞു. യഹൂദ “പണിക്കാർ” തള്ളിക്കളഞ്ഞ ഈ “കല്ല്” “കോണിന്റെ തല”യായിത്തീർന്നിരുന്നു. (സങ്കീർത്തനം 118:22) “മാത്രവുമല്ല, മറെറാരുവനിലും രക്ഷയില്ല” എന്ന് പത്രോസ് പറയുകയുണ്ടായി.
19. പ്രസംഗംനിർത്താൻ ആജ്ഞാപിക്കപ്പെട്ടപ്പോൾ, അപ്പോസ്തലൻമാർ എങ്ങനെ മറുപടിപറഞ്ഞു?
19 അങ്ങനെയുള്ള സംസാരം നിർത്തിക്കാൻ ഒരു ശ്രമംചെയ്യപ്പെട്ടു. (4:13-22) സൗഖ്യം പ്രാപിച്ച മനുഷ്യൻ ഹാജരുള്ളപ്പോൾ ഈ “ശ്രദ്ധാർഹമായ അടയാളത്തെ” നിഷേധിക്കുക അസാദ്ധ്യമായിരുന്നു, എന്നിരുന്നാലും ‘യേശുവിന്റെ നാമത്തിന്റെ അടിസ്ഥാനത്തിൽ ഒരിടത്തും സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുത്’ എന്ന് പത്രോസിനോടും യോഹന്നാനോടും ആജ്ഞാപിക്കപ്പെട്ടു. അവരുടെ മറുപടി എന്തായിരുന്നു? ‘ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് സംസാരം നിർത്താൻകഴിയില്ല.’ അവർ യഹോവയെ തങ്ങളുടെ ഭരണാധികാരിയായി അനുസരിച്ചു!
പ്രാർത്ഥനകൾക്ക് ഉത്തരംകിട്ടുന്നു
20. ശിഷ്യൻമാർ എന്തിനുവേണ്ടി പ്രാർത്ഥിച്ചു, എന്തു ഫലത്തോടെ?
20 യഹോവയുടെ സാക്ഷികൾ യോഗങ്ങളിൽ പ്രാർത്ഥിക്കുന്നതുപോലെ, വിമോചിതരായ അപ്പോസ്തലൻമാർ തങ്ങൾക്കു സംഭവിച്ചതിനെക്കുറിച്ച് അറിയിച്ചപ്പോൾ ശിഷ്യൻമാർ പ്രാർത്ഥിക്കുകയുണ്ടായി. (4:23-31) ഭരണാധികാരികളായിരുന്ന ഹെരോദ് അഗ്രിപ്പായും പൊന്തിയോസ് പീലാത്തോസും വിജാതീയ റോമക്കാരോടും ഇസ്രായേൽജനത്തോടും ചേർന്ന് മശിഹായിക്കെതിരെ ഒത്തുകൂടിയെന്ന് ശ്രദ്ധിക്കപ്പെട്ടു. (സങ്കീർത്തനം 2:1, 2; ലൂക്കോസ് 23:1-12) പ്രാർത്ഥനക്കുത്തരമായി യഹോവ ശിഷ്യൻമാരെ ആത്മാവുകൊണ്ടു നിറക്കുകയും തന്നിമിത്തം അവർ ദൈവവചനം സധീരം പ്രസംഗിക്കുകയുംചെയ്തു. പീഡനം അവസാനിപ്പിക്കാൻ അവരുടെ ഭരണാധികാരിയോട് അപേക്ഷിച്ചില്ല, എന്നാൽ അതു ഗണ്യമാക്കാതെ സധീരം പ്രസംഗിക്കാൻ അവരെ പ്രാപ്തരാക്കാനാണ് അപേക്ഷിച്ചത്.
21. ബർന്നബാസ് ആരായിരുന്നു, അവന് ഏതു ഗുണങ്ങൾ ഉണ്ടായിരുന്നു?
21 വിശ്വാസികൾ സകലവും പൊതുവായി അനുഭവിക്കുന്നതിൽ തുടർന്നു, ആർക്കും ഞെരുക്കം അനുഭവപ്പെട്ടില്ല. (4:32-37) സംഭാവന നൽകിയ ഒരാൾ ലേവ്യനായ സൈപ്രസിലെ ജോസഫ് ആയിരുന്നു. അപ്പോസ്തലൻമാർ അവന് “ആശ്വാസപുത്രൻ” എന്നർത്ഥമുള്ള ബർന്നബാസ് എന്ന മറുപേരിട്ടു. ഇത് അവൻ സഹായിയും സ്നേഹനിർഭരനുമായിരുന്നതുകൊണ്ട് ആയിരിക്കാനിടയുണ്ട്. തീർച്ചയായും നമ്മളെല്ലാം അങ്ങനെയുള്ളവരായിരിക്കാനാഗ്രഹിക്കുന്നു.—പ്രവൃത്തികൾ 11:22-24.
നുണപറഞ്ഞവർ തുറന്നുകാട്ടപ്പെടുന്നു
22, 23. അനന്യാസിന്റെയും സഫീറയുടെയും പാപമെന്തായിരുന്നു, നമുക്ക് അവരുടെ അനുഭവത്തിൽനിന്ന് എങ്ങനെ പ്രയോജനമനുഭവിക്കാൻ കഴിയും?
22 എന്നിരുന്നാലും അനന്യാസും അവന്റെ ഭാര്യയായിരുന്ന സഫീറയും യഹോവയെ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിക്കുന്നതിൽനിന്നു വിട്ടുമാറി. (5:1-11) അവർ ഒരു വയൽ വിൽക്കുകയും പണം മുഴുവൻ അപ്പോസ്തലൻമാരെ ഏൽപ്പിക്കുന്നുവെന്നു നടിച്ചുകൊണ്ട് അതിൽ കുറെ സൂക്ഷിക്കുകയുംചെയ്തു. ദൈവാത്മാവു കൊടുത്ത അറിവ് അവരുടെ കപടഭാവം മനസ്സിലാക്കാൻ പത്രോസിനെ പ്രാപ്തനാക്കുകയും അത് അവരുടെ മരണത്തിലേക്കു നയിക്കുകയുംചെയ്തു. വക്രതകാട്ടാൻ സാത്താൻ പ്രലോഭിപ്പിക്കുന്നവർക്ക് എന്തോരു മുന്നറിയിപ്പ്!—സദൃശവാക്യങ്ങൾ 3:32; 6:16-19.
23 ഈ സംഭവത്തിനുശേഷം, ദുഷിച്ച ആന്തരങ്ങളോടുകൂടിയ ആർക്കും ശിഷ്യരോടു ചേരാനുള്ള ധൈര്യമില്ലായിരുന്നു. (5:12-16) തന്നെയുമല്ല, രോഗികളും അശുദ്ധാത്മാക്കളാൽ വലഞ്ഞവരും ദൈവശക്തിയിൽ വിശ്വാസമർപ്പിച്ചപ്പോൾ ‘സകലർക്കും സൗഖ്യംകിട്ടി.’
മനുഷ്യരെക്കാളുപരി, ദൈവത്തെ അനുസരിക്കുക
24, 25. യഹൂദനേതാക്കൻമാർ അപ്പോസ്തലൻമാരെ പീഡിപ്പിച്ചതെന്തുകൊണ്ട്, ഈ വിശ്വസ്തർ യഹോവയുടെ സകല ദാസൻമാർക്കുംവേണ്ടി എന്തു പ്രമാണം വെച്ചു?
24 ഇപ്പോൾ മഹാപുരോഹിതനും സദൂക്യരും അപ്പോസ്തലൻമാരെയെല്ലാം തടവിലാക്കിക്കൊണ്ട് അത്ഭുതകരമായ വളർച്ചയെ തടയാൻ ശ്രമിച്ചു. (5:17-25) എന്നാൽ അന്നു രാത്രി ദൈവത്തിന്റെ ദൂതൻ അവരെ മോചിപ്പിച്ചു. പ്രഭാതമായപ്പോൾ അവർ ആലയത്തിൽ പഠിപ്പിക്കുകയായിരുന്നു! പീഡനത്തിന് യഹോവയുടെ ദാസൻമാരെ തടയാൻ കഴിയില്ല.
25 എന്നിരുന്നാലും അപ്പോസ്തലൻമാർ സന്നദ്രീംമുമ്പാകെ വരുത്തപ്പെട്ടപ്പോൾ സമ്മർദ്ദം പ്രയോഗിക്കപ്പെട്ടു. (5:26-42) എന്നിരുന്നാലും പ്രസംഗം നിർത്താൻ ആജ്ഞാപിക്കപ്പെട്ടപ്പോൾ, ഞങ്ങൾ “മനുഷ്യരെക്കാളുപരി ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്” എന്ന് അവർ പറഞ്ഞു. ഇത് യേശുവിന്റെ ശിഷ്യൻമാർക്ക് ഒരു പ്രമാണംവെച്ചു. ഇത് ഇന്നത്തെ യഹോവയുടെ സാക്ഷികൾ പിന്തുടരുന്ന ഒന്നാണ്. ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാവായിരുന്ന ഗമാലിയേലിൽനിന്നുള്ള ഒരു മുന്നറിയിപ്പിനുശേഷം നേതാക്കൻമാർ അപ്പോസ്തലൻമാരെ അടിക്കുകയും പ്രസംഗം നിർത്താൻ അവരോട് ആജ്ഞാപിക്കുകയും പിന്നീട് വിട്ടയക്കുകയുംചെയ്തു.
26. അപ്പോസ്തലൻമാരുടെ ശുശ്രൂഷയെ ഇന്നത്തെ യഹോവയുടെ സാക്ഷികളുടേതുമായി എങ്ങനെ താരതമ്യപ്പെടുത്താം?
26 യേശുവിന്റെ നാമത്തിനുവേണ്ടി അപമാനിക്കപ്പെടാൻ യോഗ്യരെന്ന് എണ്ണപ്പെട്ടതുകൊണ്ട് അപ്പോസ്തലൻമാർ സന്തോഷമുള്ളവരായിരുന്നു. “അവർ എല്ലാ ദിവസവും ആലയത്തിലും വീടുതോറും അവിരാമം പഠിപ്പിക്കുകയും സുവാർത്ത ഘോഷിക്കുകയും ചെയ്യുന്നതിൽ തുടർന്നു.” അതെ, അവർ വീടുതോറും പോകുന്ന ശുശ്രൂഷകരായിരുന്നു. ദൈവത്തിന്റെ ആധുനികനാളിലെ സാക്ഷികളും അങ്ങനെയാണ്. അവർ അവനെ അനുസരിക്കുകയും “യഹോവ ഞങ്ങളുടെ ഭരണാധികാരിയാകുന്നു!”വെന്ന് പറയുകയും ചെയ്യുന്നതുകൊണ്ട് അവർക്കും അവന്റെ ആത്മാവു ലഭിച്ചിട്ടുണ്ട്. (w90 6/1)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻ യേശുവിന്റെ കഴിഞ്ഞ കാലത്തെയും ഇക്കാലത്തെയും അനുഗാമികൾ ഏതു നിയോഗം നിവർത്തിക്കേണ്ടതാണ്?
◻ ക്രി.വ. 33-ലെ പെന്തെക്കോസ്തുദിവസം എന്തു സംഭവിച്ചു?
◻ യേശു പത്രോസിനു കൊടുത്ത ആദ്യത്തെ ആത്മീയതാക്കോൽ അവൻ ഉപയോഗിച്ചതെപ്പോൾ, എങ്ങനെ?
◻ അനന്യാസിന്റെയും സഫീറയുടെയും അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
◻ പ്രസംഗം നിർത്താൻ ആജ്ഞാപിക്കപ്പെട്ടപ്പോൾ അപ്പോസ്തലൻമാർ യഹോവയുടെ സകല സാക്ഷികൾക്കുംവേണ്ടി എന്തു പ്രമാണം വെച്ചു?