ദുഷ്ടന്മാർക്ക് എത്ര കാലം കൂടി?
“ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ നീ [യഹോവ] മിണ്ടാതിരിക്കുന്നതു . . . എന്തു?”—ഹബക്കൂക് 1:13, 14.
1. ഭൂമി യഹോവയുടെ മഹത്ത്വത്തിന്റെ പരിജ്ഞാനത്താൽ എപ്പോൾ പൂർണമായി നിറയും?
ദൈവം എന്നെങ്കിലും ദുഷ്ടന്മാരെ നശിപ്പിക്കുമോ? എങ്കിൽ, നാം എത്ര കാലം കൂടി കാത്തിരിക്കണം? ഭൂമിയിലെമ്പാടുമുള്ള ആളുകൾ അത്തരം ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. നമുക്ക് എവിടെ ഉത്തരം കണ്ടെത്താനാകും? ദൈവത്തിന്റെ നിയമിത കാലത്തെ കുറിച്ചുള്ള ദിവ്യനിശ്വസ്തമായ പ്രാവചനിക വചനങ്ങളിൽ കണ്ടെത്താനാകും. സകല ദുഷ്ടന്മാരുടെ മേലും യഹോവ പെട്ടെന്നുതന്നെ ന്യായവിധി നടപ്പാക്കുമെന്ന് അവ ഉറപ്പു നൽകുന്നു. അപ്പോൾ മാത്രമേ “വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ,” ഭൂമി “യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ” പൂർണമായി നിറയുകയുള്ളൂ. ദൈവത്തിന്റെ വിശുദ്ധ ഗ്രന്ഥത്തിൽ ഹബക്കൂക് 2:14-ൽ കാണുന്ന പ്രാവചനിക വാഗ്ദാനം അതാണ്.
2. ദൈവത്തിൽ നിന്നുള്ള ഏതു മൂന്നു സംഹാര ന്യായവിധികളാണ് ഹബക്കൂക് പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്?
2 പൊ.യു.മു. 628-നോടടുത്ത് എഴുതപ്പെട്ട ഹബക്കൂക് എന്ന പുസ്തകത്തിൽ, യഹോവയാം ദൈവത്തിൽ നിന്നുള്ള മൂന്നു സംഹാരന്യായവിധികളുടെ ഒരു പരമ്പര അടങ്ങിയിരിക്കുന്നു. ആ ന്യായവിധികളിൽ രണ്ടെണ്ണം ഇതിനോടകം നടപ്പിലാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആദ്യത്തേത്, വഴിപിഴച്ച പുരാതന യഹൂദ ജനതയ്ക്ക് എതിരെയുള്ള യഹോവയുടെ ന്യായവിധി ആയിരുന്നു. രണ്ടാമത്തേതോ? അതു മർദക ബാബിലോണിന്റെ മേൽ ദൈവം നടപ്പിലാക്കിയ ന്യായവിധി ആയിരുന്നു. അപ്പോൾ തീർച്ചയായും, ആ ദിവ്യ ന്യായവിധികളിൽ മൂന്നാമത്തേതും നടപ്പിലാക്കപ്പെടും എന്ന ബോധ്യം ഉണ്ടായിരിക്കുന്നതിനു സകല കാരണവും ഉണ്ട്. വാസ്തവത്തിൽ, അതിന്റെ നിവൃത്തി നമുക്കു വളരെ പെട്ടെന്നുതന്നെ പ്രതീക്ഷിക്കാൻ കഴിയും. ഈ അന്ത്യനാളുകളിൽ നേരുള്ളവരെ പ്രതി ദൈവം സകല ദുഷ്ടന്മാരുടെമേലും നാശം വരുത്തും. സത്വരം സമീപിച്ചുകൊണ്ടിരിക്കുന്ന ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിൽ’ അവരിൽ അവസാനത്തെ ആളും അന്ത്യശ്വാസം വലിക്കും.—വെളിപ്പാടു 16:14, 16.
3. നമ്മുടെ കാലത്തെ ദുഷ്ടന്മാർക്കു കണിശമായും എന്തു സംഭവിക്കും?
3 ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം ആസന്നമായിരിക്കുന്നു. നമ്മുടെ കാലത്ത് ദുഷ്ടന്മാരുടെ മേലുള്ള യഹോവയുടെ ന്യായവിധി നിർവഹണം, യഹൂദയ്ക്കും ബാബിലോണിനും എതിരെ നടപ്പാക്കിയ അവന്റെ ന്യായവിധി നിർവഹണം പോലെതന്നെ ഉറപ്പുള്ളതാണ്. എന്നാൽ, ഇപ്പോൾ നാം ഹബക്കൂകിന്റെ നാളിലെ യഹൂദയിൽ ആണെന്നു സങ്കൽപ്പിക്കരുതോ? ആ ദേശത്ത് എന്താണു നടക്കുന്നത്?
പ്രക്ഷുബ്ധമായ ഒരു ദേശം
4. ഞെട്ടിക്കുന്ന എന്തു വാർത്തയാണു ഹബക്കൂക് കേൾക്കുന്നത്?
4 യഹോവയുടെ പ്രവാചകനായ ഹബക്കൂക് തണുപ്പുള്ള ഒരു സായാഹ്നത്തിൽ തന്റെ വീടിന്റെ പരന്ന മേൽക്കൂരയിൽ ഇളംകാറ്റേറ്റ് ഇരിക്കുന്നതായി സങ്കൽപ്പിക്കുക. അവന്റെ സമീപത്തായി ഒരു വാദ്യോപകരണം ഉണ്ട്. (ഹബക്കൂക് 1:1; 3:19, ചുവടെഴുത്ത്) ഹബക്കൂക് ഞെട്ടിക്കുന്ന ഒരു വാർത്ത കേൾക്കുന്നു. യഹൂദയിലെ രാജാവായ യെഹോയാക്കീം, ഊരീയാവിനെ കൊന്ന് അവന്റെ ശരീരം സാധാരണക്കാരുടെ ശ്മശാനത്തിൽ എറിഞ്ഞിരിക്കുന്നു. (യിരെമ്യാവു 26:23) ഊരീയാവ് യഹോവയിലുള്ള തന്റെ ആശ്രയം ഉപേക്ഷിച്ച് ഭയപ്പെട്ട് ഈജിപ്തിലേക്ക് ഓടിപ്പോയി എന്നതു ശരിതന്നെ. എന്നാൽ ഹബക്കൂകിന് അറിയാവുന്ന ഒന്നുണ്ട്, യെഹോയാക്കീമിന്റെ ഈ അക്രമപ്രവൃത്തിക്കു നിദാനം യഹോവയുടെ മഹത്ത്വം ഉയർത്തിപ്പിടിക്കാനുള്ള ആഗ്രഹം അല്ല. രാജാവ് ദിവ്യ നിയമത്തോടു കാട്ടുന്ന അനാദരവിൽ നിന്നും പ്രവാചകനായ യിരെമ്യാവിനോടും യഹോവയെ സേവിക്കുന്ന മറ്റുള്ളവരോടും അവനുള്ള വിദ്വേഷത്തിൽ നിന്നും അതു വ്യക്തമാണ്.
5. യഹൂദയിലെ ആത്മീയ അവസ്ഥ എന്താണ്, ഹബക്കൂക് അതിനോടു പ്രതികരിക്കുന്നത് എങ്ങനെ?
5 അടുത്തുള്ള വീടുകളുടെ മേൽക്കൂരകളിൽനിന്ന് സുഗന്ധവർഗത്തിന്റെ പുക ഉയരുന്നത് അവൻ കാണുന്നു. യഹോവയെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടല്ല ആളുകൾ ആ സുഗന്ധവർഗം കത്തിക്കുന്നത്. അവർ യഹൂദയുടെ ദുഷ്ട രാജാവായ യെഹോയാക്കീം പ്രോത്സാഹിപ്പിക്കുന്ന വ്യാജ മതചടങ്ങുകളിൽ ഏർപ്പെട്ടിരിക്കുകയാണ്. എന്തൊരു അപമാനം! ഹബക്കൂകിന്റെ കണ്ണുകൾ നിറയുന്നു. അവൻ ഇങ്ങനെ യാചിക്കുന്നു: “യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസം [“അക്രമം,” NW] നിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും? നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവർച്ചയും സാഹസവും [“അക്രമവും,” NW] എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും. അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു [“മരവിച്ചുപോകുന്നു,” NW]; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.”—ഹബക്കൂക് 1:2-4.
6. യഹൂദയിൽ ന്യായപ്രമാണത്തിനും ന്യായത്തിനും എന്തു സംഭവിച്ചിരിക്കുന്നു?
6 അതേ, കൊള്ളയും അക്രമവും പെരുകുന്നു. എവിടെ തിരിഞ്ഞാലും കുഴപ്പവും ശണ്ഠയും വിദ്വേഷവുമാണ് ഹബക്കൂക് കാണുന്നത്. ‘ന്യായപ്രമാണം മരവിച്ചുപോയിരിക്കുന്നു,’ നിർജീവമായിരിക്കുന്നു. ന്യായമോ? അത് ഒരുനാളും ജയിക്കുന്നതായി ‘വെളിപ്പെടുന്നില്ല’! അത് ഒരിക്കലും നിലനിൽക്കുന്നില്ല. നിർദോഷികളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നിയമനടപടികൾ കൗശലപൂർവം മറികടന്നുകൊണ്ട് ‘ദുഷ്ടന്മാർ നീതിമാന്മാരെ വളയുന്നു.’ തീർച്ചയായും, “ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.” അതു വളച്ചൊടിക്കപ്പെടുന്നു. എത്ര പരിതാപകരമായ സ്ഥിതിവിശേഷം!
7. എന്തു ചെയ്യാനാണ് ഹബക്കൂക് ദൃഢനിശ്ചയം ചെയ്തിരിക്കുന്നത്?
7 ഹബക്കൂക് പ്രസ്തുത സ്ഥിതിവിശേഷത്തെ കുറിച്ച് ഇരുത്തി ചിന്തിക്കുന്നു. അവൻ മടുത്തു പിന്മാറുമോ? നിശ്ചയമായും ഇല്ല! ദൈവത്തിന്റെ വിശ്വസ്ത ദാസന്മാർക്കു നേരിട്ട പീഡനത്തെ കുറിച്ചെല്ലാം വിലയിരുത്തിയ ശേഷം, ഈ വിശ്വസ്ത പുരുഷൻ യഹോവയുടെ പ്രവാചകനായി അടിപതറാതെ നിലകൊള്ളാനുള്ള തന്റെ ദൃഢനിശ്ചയം പുതുക്കുന്നു. ഹബക്കൂക് ദൈവത്തിന്റെ സന്ദേശം ഘോഷിക്കുന്നതിൽ തുടരും—അതിന്റെ ഫലമായി അവനു മരിക്കേണ്ടി വന്നാൽ പോലും.
യഹോവ അവിശ്വസനീയമായ ഒരു “പ്രവൃത്തി” ചെയ്യുന്നു
8, 9. അവിശ്വസനീയമായ എന്തു “പ്രവൃത്തി”യാണ് യഹോവ ചെയ്യുന്നത്?
8 ദൈവത്തെ അപമാനിക്കുന്ന വ്യാജമത വിശ്വാസികളെ ഹബക്കൂക് ദർശനത്തിൽ കാണുന്നു. യഹോവ അവരോടു പറയുന്നതു ശ്രദ്ധിക്കുക: “ജാതികളുടെ ഇടയിൽ ദൃഷ്ടിവെച്ചു നോക്കുവിൻ!” സാധ്യതയനുസരിച്ച്, ദൈവം ദുഷ്ടന്മാരോട് ആ വിധത്തിൽ പറയുന്നത് എന്തുകൊണ്ടെന്ന് ഹബക്കൂക് അമ്പരക്കുന്നു. തുടർന്ന്, യഹോവ അവരോട് ഇങ്ങനെ പറയുന്നതായി അവൻ കേൾക്കുന്നു: “ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.” (ഹബക്കൂക് 1:5) വാസ്തവത്തിൽ, അവർക്കു വിശ്വസിക്കാൻ കഴിയാത്ത ഈ പ്രവൃത്തി യഹോവതന്നെയാണു ചെയ്യുന്നത്. എന്നാൽ, എന്താണത്?
9 ദൈവത്തിന്റെ കൂടുതലായ വാക്കുകൾക്ക് ഹബക്കൂക് സൂക്ഷ്മ ശ്രദ്ധ നൽകുന്നു, ആ വാക്കുകൾ ഹബക്കൂക് 1:6-11-ൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് യഹോവയുടെ സന്ദേശമാണ്—ഏതെങ്കിലുമൊരു വ്യാജ ദൈവത്തിനോ നിർജീവ വിഗ്രഹത്തിനോ അതിന്റെ നിവൃത്തി തടയാനാവില്ല: “ഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു. അവർ ഘോരവും ഭയങ്കരവുമായുള്ളവർ; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽനിന്നു തന്നേ പുറപ്പെടുന്നു. അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവ്വിച്ചോടിക്കുന്നു; [“കുതിരകൾ ചുരമാന്തിയിരിക്കുന്നു,” NW] അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്നു വരുന്നു; തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നു വരുന്നു. അവർ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവർ മണൽപോലെ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു. അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാർ അവർക്കു ഹാസ്യമായിരിക്കുന്നു; അവർ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവർ മണ്ണു കുന്നിച്ചു അതിനെ പിടിക്കും. അന്നു അവൻ കാററുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുററക്കാരനായ്തീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം.”
10. യഹോവ ആരെയാണ് ഉണർത്തുന്നത്?
10 അത്യുന്നതനിൽ നിന്നുള്ള എത്ര വലിയൊരു പ്രാവചനിക മുന്നറിയിപ്പ്! യഹോവ കൽദയരെ, ബാബിലോൺ എന്ന കിരാത ജനതയെ, ഉണർത്തുകയാണ്. അവർ ‘ഭൂമണ്ഡലത്തിലെങ്ങും’ മാർച്ചു ചെയ്ത് പല നിവാസസ്ഥലങ്ങളെയും ജയിച്ചടക്കും. എത്ര ഭയജനകമായ കാര്യം! കൽദയ സംഘം ‘ഘോരവും ഭയങ്കരവുമായത്’ ആണ്, പേടിപ്പെടുത്തുന്നതാണ്, ഭീതിജനകമാണ്. അതു കഠിന നിയമങ്ങൾ സ്വന്തമായി ഉണ്ടാക്കുന്നു. ‘അതിന്റെ ന്യായം അതിൽനിന്നു തന്നേ പുറപ്പെടുന്നു.’
11. യഹൂദക്കെതിരെയുള്ള ബാബിലോണിയൻ സൈന്യത്തിന്റെ ആഗമനത്തെ നിങ്ങൾ എങ്ങനെ വർണിക്കും?
11 ബാബിലോണിലെ കുതിരകൾക്ക് പായുന്ന പുള്ളിപ്പുലികളെക്കാൾ വേഗമുണ്ട്. രാത്രിയിൽ വിശന്നുവലഞ്ഞ് ഇര തേടുന്ന ചെന്നായ്ക്കളെക്കാൾ ഉഗ്രതയേറിയതാണ് അതിന്റെ കുതിരപ്പട. മുന്നേറാനുള്ള വെമ്പലിൽ അക്ഷമയോടെ ‘അതിന്റെ കുതിരകൾ ചുരമാന്തുന്നു.’ വിദൂരത്തുള്ള ബാബിലോണിൽനിന്ന് അവ യഹൂദയിലേക്കു കുതിക്കുന്നു. രുചികരമായ ഭക്ഷണം കണ്ട് വേഗത്തിൽ പറന്നടുക്കുന്ന ഒരു കഴുകനെപ്പോലെ, കൽദയർ പെട്ടെന്നുതന്നെ തങ്ങളുടെ ഇരയുടെമേൽ ചാടിവീഴും. അത് ഏതാനും സൈനികർ നടത്തുന്ന ഒരു കൊള്ളയടിയോ മിന്നലാക്രമണമോ ആയിരിക്കുമോ? ഒരിക്കലുമല്ല! നാശം വിതയ്ക്കാൻ കൂട്ടത്തോടെ പാഞ്ഞടുക്കുന്ന വൻസൈന്യം കണക്കെ, “അവർ ഏവരും സംഹാരത്തിന്നായി വരുന്നു.” അവരുടെ മുഖങ്ങൾ ആകാംക്ഷകൊണ്ടു സ്ഫുരിക്കുന്നു. പടിഞ്ഞാറുള്ള യഹൂദയെയും യെരൂശലേമിനെയും ലക്ഷ്യമാക്കി അവർ ആഞ്ഞടിക്കുന്ന കിഴക്കൻകാറ്റു പോലെ അതിവേഗം നീങ്ങുന്നു. ബാബിലോണിയൻ സൈന്യം “മണൽപോലെ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു,” അഥവാ അനേകരെ തടവുകാരാക്കുന്നു.
12. ബാബിലോണിയരുടെ മനോഭാവം എന്താണ്, ഈ പ്രബല ശത്രു എന്തു സംബന്ധിച്ച് ‘കുറ്റക്കാരൻ ആയിത്തീരുന്നു’?
12 കൽദയ സൈന്യം തങ്ങളുടെ ശക്തമായ മുന്നേറ്റത്തെ ചെറുക്കാൻ ശക്തിയില്ലാത്ത രാജാക്കന്മാരെ പരിഹസിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ അവഹേളിക്കുകയും ചെയ്യുന്നു. അത് ‘എല്ലാ കോട്ടയെയും കുറിച്ചു ചിരിക്കുന്നു.’ കാരണം, ഒരു വലിയ കൂനപോലെ ‘മണ്ണു കുന്നിച്ച്’ അതിന്മേൽ കയറി ആക്രമണം നടത്തുന്ന ബാബിലോണിയരുടെ മുന്നിൽ എല്ലാ കോട്ടകളും തകർന്നുവീഴുന്നു. യഹോവയുടെ നിയമിത സമയത്ത് ആ ഉഗ്രസൈന്യം ‘കാറ്റുപോലെ അടിച്ചുകയറും.’ യഹൂദയെയും യെരൂശലേമിനെയും ആക്രമിക്കുമ്പോൾ, ദൈവജനത്തെ ദ്രോഹിച്ചതിന് ബാബിലോണിയർ ‘കുറ്റക്കാരായിത്തീരും.’ ശീഘ്ര ജയത്തിനു ശേഷം, ‘ഈ ശക്തി തങ്ങളുടെ ദേവൻ നിമിത്ത’മാണെന്ന് (NW) കൽദയ സൈന്യാധിപൻ അഹങ്കരിക്കും. എന്നാൽ, അയാൾ എത്ര വലിയ അജ്ഞതയിലാണ്!
പ്രത്യാശയ്ക്കുള്ള ഈടുറ്റ അടിസ്ഥാനം
13. ഹബക്കൂക് പ്രത്യാശയും ബോധ്യവും ഉള്ളവനായിരിക്കുന്നത് എന്തുകൊണ്ട്?
13 യഹോവയുടെ ഉദ്ദേശ്യത്തെ കുറിച്ചുള്ള കൂടുതൽ ഗ്രാഹ്യം ലഭിക്കുമ്പോൾ ഹബക്കൂകിന്റെ ഉള്ളിൽ പ്രത്യാശ വളരുന്നു. തികഞ്ഞ ബോധ്യത്തോടെ അവൻ യഹോവയെ സ്തുതിച്ചുകൊണ്ടു സംസാരിക്കുന്നു. ഹബക്കൂക് 1:12-ൽ (NW) കാണുന്നതു പോലെ, പ്രവാചകൻ ഇങ്ങനെ പറയുന്നു: “യഹോവേ, നീ പുരാതനമേ ഉള്ളവൻ അല്ലയോ? എന്റെ ദൈവമേ, എന്റെ പരിശുദ്ധനേ, നീ മരിക്കുന്നില്ല.” തീർച്ചയായും യഹോവ “അനാദിയായും ശാശ്വതമായും,” അതായത് എന്നെന്നേക്കും, “ദൈവം ആകുന്നു.”—സങ്കീ. 90:1, 2.
14. യഹൂദയിലെ വിശ്വാസത്യാഗികൾ ഏതു ഗതിയാണു സ്വീകരിച്ചിരിക്കുന്നത്?
14 ഈ ദൈവദത്ത ദർശനത്തെ കുറിച്ചു ചിന്തിക്കുകയും അതു മുഖാന്തരം ലഭിച്ച ഉൾക്കാഴ്ചയിൽ ആനന്ദിക്കുകയും ചെയ്തുകൊണ്ട് പ്രവാചകൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.” ദൈവം യഹൂദയിലെ വിശ്വാസത്യാഗികളെ പ്രതികൂലമായി ന്യായം വിധിച്ചിരിക്കുന്നു. യഹോവയിൽ നിന്നുള്ള ശാസനയും കടുത്ത ശിക്ഷണവും അവർക്കു ലഭിക്കും. തങ്ങളുടെ പാറയും യഥാർഥമായ ഏക ശക്തിദുർഗവും സങ്കേതവും രക്ഷയുടെ ഉറവുമായി അവർ അവനെ വീക്ഷിക്കേണ്ടിയിരുന്നു. (സങ്കീ. 62:7; 94:22; 95:1) എന്നിരുന്നാലും, യഹൂദയിലെ വിശ്വാസത്യാഗികളായ നേതാക്കന്മാർ ദൈവത്തോട് അടുത്തുവരുന്നില്ല. അവർ അവന്റെ നിരുപദ്രവകാരികളായ ആരാധകരെ അടിച്ചമർത്തുന്നതിൽ തുടരുകയാണ്.
15. ഏത് അർഥത്തിലാണ് യഹോവ ‘ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവൻ’ ആയിരിക്കുന്നത്?
15 ഈ സ്ഥിതിവിശേഷം യഹോവയുടെ പ്രവാചകനെ വളരെ ആകുലപ്പെടുത്തുന്നു. അതുകൊണ്ട് അവൻ പറയുന്നു, ‘നീ ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാൻ കഴിയാത്തവനും ആകുന്നു.’ (ഹബക്കൂക് 1:13) അതേ, യഹോവ ‘ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവൻ,’ അതായത് ദുഷ്പ്രവൃത്തി വെച്ചുപൊറുപ്പിക്കാത്തവൻ, ആണ്.
16. ഹബക്കൂക് 1:13-17-ലെ വിവരങ്ങൾ നിങ്ങൾ എങ്ങനെ സംക്ഷേപിച്ചു പറയും?
16 അതുകൊണ്ട് ഹബക്കൂകിന്റെ മനസ്സിൽ ചിന്തോദ്ദീപകമായ ചില ചോദ്യങ്ങൾ ഉണ്ട്. അവൻ ചോദിക്കുന്നു: “ദ്രോഹം പ്രവർത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു? അവൻ അവയെ ഒക്കെയും ചൂണ്ടൽകൊണ്ടു പിടിച്ചെടുക്കുന്നു; അവൻ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയിൽ ചേർത്തുകൊള്ളുന്നു; അതുകൊണ്ടു അവൻ സന്തോഷിച്ചാനന്ദിക്കും. അതു ഹേതുവായി അവൻ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഓഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂർത്തിയുള്ളതുമായ്തീരുന്നതു. അതുനിമിത്തം അവൻ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാൻ പോകുമോ?”—ഹബക്കൂക് 1:13-17.
17. (എ) യഹൂദയെയും യെരൂശലേമിനെയും ആക്രമിക്കുന്നതിൽ, ബാബിലോണിയർ ദൈവോദ്ദേശ്യം നിവർത്തിക്കുന്നത് എങ്ങനെ? (ബി) ഹബക്കൂകിന് യഹോവ എന്തു വെളിപ്പെടുത്തിക്കൊടുക്കും?
17 യഹൂദയെയും അതിന്റെ തലസ്ഥാനനഗരിയായ യെരൂശലേമിനെയും ആക്രമിക്കുമ്പോൾ സ്വന്ത മോഹങ്ങൾക്കനുസരിച്ചു ബാബിലോണിയർ പ്രവർത്തിക്കും. ഒരു അവിശ്വസ്ത ജനതയ്ക്കു നേരെ ദൈവത്തിന്റെ നീതിനിഷ്ഠമായ ന്യായവിധി നിർവഹിക്കാനുള്ള അവന്റെ ഉപകരണമായി തങ്ങൾ വർത്തിക്കുകയാണെന്ന് അവർ മനസ്സിലാക്കുകയില്ല. തന്റെ ന്യായവിധി നിർവഹിക്കാൻ ദൈവം ദുഷ്ട ബാബിലോണിയരെ ഉപയോഗിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ ഹബക്കൂകിനു ബുദ്ധിമുട്ടുള്ളത് എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേ ഉള്ളൂ. നിർദയരായ ആ കൽദയർ യഹോവയെ ആരാധിക്കുന്നവരല്ല. പിടിക്കേണ്ട ‘മത്സ്യങ്ങളെയും’ കീഴടക്കേണ്ട ‘ഇഴജാതികളെയും’ പോലെ മാത്രമാണ് അവർ മനുഷ്യരെ കാണുന്നത്. ഇക്കാര്യം സംബന്ധിച്ച ഹബക്കൂകിന്റെ ആശയക്കുഴപ്പം അധികനാൾ ഉണ്ടായിരിക്കുകയില്ല. അത്യാർത്തി പൂണ്ട കൊള്ളയടിയും കടുത്ത രക്തപാതകവും നിമിത്തം ബാബിലോണിയർ ശിക്ഷിക്കപ്പെടാതിരിക്കില്ല എന്ന് യഹോവ പ്രവാചകനോടു പെട്ടെന്നുതന്നെ വെളിപ്പെടുത്തും.—ഹബക്കൂക് 2:8, 9എ.
യഹോവയിൽനിന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ സജ്ജൻ
18. ഹബക്കൂക് 2:1-ൽ കാണുന്ന പ്രകാരം, ഹബക്കൂകിന്റെ മനോഭാവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
18 എന്നാൽ, യഹോവയിൽ നിന്നു കൂടുതൽ കാര്യങ്ങൾ കേൾക്കാനായി ഹബക്കൂക് ഇപ്പോൾ കാത്തിരിക്കുകയാണ്. പ്രവാചകൻ ഇങ്ങനെ ഉറപ്പിച്ചു പറയുന്നു: “ഞാൻ കൊത്തളത്തിൽനിന്നു കാവൽകാത്തുകൊണ്ടു: അവൻ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാൻ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവെക്കും.” (ഹബക്കൂക് 2:1) ഒരു പ്രവാചകനായ താൻ മുഖാന്തരം ദൈവം പറയാനിരിക്കുന്ന കാര്യത്തിൽ ഹബക്കൂക് അതീവ തത്പരനാണ്. യഹോവ തിന്മ വെച്ചുപൊറുപ്പിക്കുകയില്ലാത്ത ദൈവം ആണെന്ന് ഹബക്കൂകിനു വിശ്വാസമുള്ളതിനാൽ ദുഷ്ടത നടമാടുന്നതിന്റെ കാരണത്തെക്കുറിച്ച് അവൻ അമ്പരക്കുന്നു. എങ്കിലും തന്റെ ചിന്താഗതിയിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ അവൻ മനസ്സൊരുക്കം ഉള്ളവനാണ്. നാം അതുപോലെ ആയിരിക്കുമോ? ചില ദുഷ്ട കാര്യങ്ങൾ വെച്ചുപൊറുപ്പിക്കപ്പെടുന്നതിന്റെ കാരണത്തെ കുറിച്ചു ചിന്തിക്കുമ്പോൾ, യഹോവയുടെ നീതിയിലുള്ള നമ്മുടെ ബോധ്യം സമനില കാത്തുകൊള്ളാനും അവനായി കാത്തിരിക്കാനും നമ്മെ സഹായിക്കേണ്ടതാണ്.—സങ്കീർത്തനം 42:5, 11.
19. ഹബക്കൂകിനോടു ദൈവം പറഞ്ഞതിനു ചേർച്ചയിൽ, വഴിപിഴച്ച യഹൂദന്മാർക്ക് എന്തു സംഭവിച്ചു?
19 ഹബക്കൂകിനോടു പറഞ്ഞതിനു ചേർച്ചയിൽ, യഹൂദയെ ആക്രമിക്കാൻ ബാബിലോണിയരെ അനുവദിച്ചുകൊണ്ട് വഴിപിഴച്ച യഹൂദ ജനതയുടെ മേൽ ദൈവം ന്യായവിധി നടത്തി. പൊ.യു.മു. 607-ൽ അവർ യെരൂശലേമിനെയും ആലയത്തെയും നശിപ്പിക്കുകയും പ്രായഭേദമന്യേ ഒട്ടനവധിപ്പേരെ കൊല്ലുകയും അനേകരെ തടവുകാരായി കൊണ്ടുപോകുകയും ചെയ്തു. (2 ദിനവൃത്താന്തം 36:17-20) ബാബിലോണിലെ നീണ്ട പ്രവാസത്തിനു ശേഷം, യഹൂദന്മാരുടെ ഒരു വിശ്വസ്ത ശേഷിപ്പ് സ്വദേശത്തേക്കു മടങ്ങിവരികയും പിന്നീട് ആലയം പുനർനിർമിക്കുകയും ചെയ്തു. എന്നാൽ, യഹൂദന്മാർ യഹോവയോടു വീണ്ടും അവിശ്വസ്തരായിത്തീർന്നു—പ്രത്യേകിച്ചും, മിശിഹായായ യേശുവിനെ തള്ളിക്കളഞ്ഞപ്പോൾ.
20. യഹൂദന്മാർ യേശുവിനെ തള്ളിക്കളഞ്ഞതിനോടുള്ള ബന്ധത്തിൽ പൗലൊസ് ഹബക്കൂക് 1:5 ഉപയോഗിച്ചത് എങ്ങനെ?
20 പ്രവൃത്തികൾ 13:38-41 അനുസരിച്ച്, യേശുക്രിസ്തുവിനെ തള്ളിക്കളയുകയും അങ്ങനെ അവന്റെ മറുവിലയാഗത്തെ തുച്ഛീകരിക്കുകയും ചെയ്യുന്നതിന്റെ ഫലം എന്തായിരിക്കുമെന്ന് അന്ത്യോക്യയിലെ യഹൂദന്മാർക്കു പൗലൊസ് കാട്ടിക്കൊടുത്തു. ഗ്രീക്കു സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ നിന്ന് ഹബക്കൂക് 1:5 ഉദ്ധരിച്ചുകൊണ്ട് പൗലൊസ് ഈ മുന്നറിയിപ്പു നൽകി: ‘“ഹേ നിന്ദക്കാരേ, നോക്കുവിൻ; ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ” എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.’ പൗലൊസ് ഉദ്ധരിച്ചതുപോലെതന്നെ, റോമൻ സൈന്യങ്ങൾ പൊ.യു. 70-ൽ യെരൂശലേം നഗരത്തെയും അതിലെ ആലയത്തെയും നശിപ്പിച്ചപ്പോൾ ഹബക്കൂക് 1:5-ന് രണ്ടാം നിവൃത്തി ഉണ്ടായി.
21. ബാബിലോണിയരെ ഉപയോഗിച്ച് യെരൂശലേമിനെ നശിപ്പിക്കുകയെന്ന ദൈവത്തിന്റെ “പ്രവൃത്തി”യെ ഹബക്കൂകിന്റെ നാളിലെ യഹൂദന്മാർ എങ്ങനെയാണു വീക്ഷിച്ചത്?
21 ഹബക്കൂകിന്റെ നാളിലെ യഹൂദന്മാരെ സംബന്ധിച്ചിടത്തോളം, ദൈവം ബാബിലോണിയരെ ഉപയോഗിച്ച് യെരൂശലേമിനെ നശിപ്പിക്കുന്ന ആ “പ്രവൃത്തി” അചിന്തനീയമായിരുന്നു. കാരണം, ആ നഗരം യഹോവയുടെ ആരാധനയുടെ ആസ്ഥാനവും അവന്റെ അഭിഷിക്ത രാജാവ് സിംഹാസനസ്ഥൻ ആയിരിക്കുന്ന സ്ഥലവും ആയിരുന്നു. (സങ്കീർത്തനം 132:11-18) ആ നിലയിൽ, യെരൂശലേം മുമ്പ് ഒരിക്കലും നശിപ്പിക്കപ്പെട്ടിരുന്നില്ല. അതിലെ ആലയം മുമ്പൊരിക്കലും തീവെച്ചു നശിപ്പിക്കപ്പെട്ടിരുന്നില്ല. ദാവീദിന്റെ രാജകീയ ഗൃഹം ഒരിക്കലും മറിച്ചിടപ്പെട്ടിരുന്നില്ല. അത്തരം കാര്യങ്ങൾ യഹോവ അനുവദിക്കുമെന്നത് അചിന്തനീയമായിരുന്നു. എന്നാൽ, ഞെട്ടിക്കുന്ന ഈ കാര്യങ്ങൾ സംഭവിക്കുമെന്നുള്ളതിന് ഹബക്കൂക് മുഖാന്തരം ദൈവം മതിയായ മുന്നറിയിപ്പു നൽകി. മുൻകൂട്ടി പറയപ്പെട്ടതു പോലെതന്നെ കാര്യങ്ങൾ നടന്നതായി ചരിത്രം തെളിയിക്കുന്നു.
നമ്മുടെ നാളിൽ ദൈവത്തിന്റെ അവിശ്വസനീയ “പ്രവൃത്തി”
22. നമ്മുടെ കാലത്ത് യഹോവയുടെ അവിശ്വസനീയമായ “പ്രവൃത്തി”യിൽ എന്ത് ഉൾപ്പെടും?
22 നമ്മുടെ നാളിൽ യഹോവ അവിശ്വസനീയമായ ഒരു “പ്രവൃത്തി” ചെയ്യാനിരിക്കുകയാണോ? സംശയിക്കുന്നവർക്ക് അവിശ്വസനീയമായി തോന്നിയാലും, അവൻ അതു ചെയ്യുമെന്ന് ഉറപ്പുണ്ടായിരിക്കുക. ഇത്തവണ, യഹോവയുടെ അവിശ്വസനീയമായ പ്രവൃത്തി ക്രൈസ്തവലോകത്തിന്മേൽ വരുത്തുന്ന നാശമായിരിക്കും. പുരാതന യഹൂദയെപ്പോലെ ക്രൈസ്തവലോകവും ദൈവത്തെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്നുവെങ്കിലും പൂർണമായും ദുഷിച്ചുപോയിരിക്കുന്നു. ക്രൈസ്തവലോക മതവ്യവസ്ഥിതിയുടെ സകല കണികയും പെട്ടെന്നുതന്നെ തുടച്ചുനീക്കപ്പെടുമെന്നും അതുപോലെതന്നെ വ്യാജമത ലോകസാമ്രാജ്യമായ ‘മഹാബാബിലോൻ’ മുഴുവനായും നശിപ്പിക്കപ്പെടുമെന്നും യഹോവ ഉറപ്പു വരുത്തും.—വെളിപ്പാടു 18:1-24.
23. അടുത്തതായി, എന്തു ചെയ്യാൻ ദൈവാത്മാവ് ഹബക്കൂകിനെ പ്രേരിപ്പിച്ചു?
23 പൊ.യു.മു. 607-ൽ യെരൂശലേം നശിപ്പിക്കപ്പെടുന്നതിനു മുമ്പ്, ഹബക്കൂകിന് യഹോവ കൂടുതലായ വേല നൽകാനിരിക്കുകയായിരുന്നു. തന്റെ പ്രവാചകനോട് യഹോവ എന്തു പറയുമായിരുന്നു? തന്റെ സംഗീതോപകരണം എടുത്ത് യഹോവയ്ക്കു വിലാപരാഗത്തിൽ പ്രാർഥനാ ഗീതങ്ങൾ ആലപിക്കാൻ തന്നെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഹബക്കൂക് കേൾക്കുമായിരുന്നു. എന്നിരുന്നാലും ഒന്നാമതായി, വരാനിരിക്കുന്ന വലിയ കഷ്ടങ്ങളെ കുറിച്ചു ഘോഷിക്കാൻ ദൈവത്തിന്റെ ആത്മാവ് ആ പ്രവാചകനെ പ്രേരിപ്പിക്കുമായിരുന്നു. ദൈവത്തിന്റെ നിയമിത കാലത്തേക്കുള്ള അത്തരം പ്രാവചനിക വചനങ്ങളുടെ ആഴമായ അർഥം സംബന്ധിച്ച ഉൾക്കാഴ്ച ലഭിക്കുന്നതിനെ നാം തീർച്ചയായും വിലമതിക്കും. അതുകൊണ്ട്, ഹബക്കൂകിന്റെ പ്രവചനത്തിനു നമുക്കു കൂടുതലായ ശ്രദ്ധ നൽകാം.
നിങ്ങൾ ഓർമിക്കുന്നുവോ?
• ഹബക്കൂകിന്റെ കാലത്ത് യഹൂദയിൽ നിലവിലിരുന്ന സ്ഥിതിവിശേഷം എന്തായിരുന്നു?
• ഹബക്കൂകിന്റെ നാളിൽ അവിശ്വസനീയമായ എന്തു “പ്രവൃത്തി”യാണ് യഹോവ ചെയ്തത്?
• ഹബക്കൂകിനു പ്രത്യാശയ്ക്കുള്ള എന്ത് അടിസ്ഥാനം ഉണ്ടായിരുന്നു?
• ദൈവം നമ്മുടെ നാളിൽ അവിശ്വസനീയമായ എന്തു “പ്രവൃത്തി” ചെയ്യും?
[9-ാം പേജിലെ ചിത്രം]
ദുഷ്ടത നിലനിൽക്കാൻ ദൈവം അനുവദിച്ചതിന്റെ കാരണത്തെ കുറിച്ച് ഹബക്കൂക് അമ്പരന്നു. നിങ്ങളോ?
[10-ാം പേജിലെ ചിത്രം]
ബാബിലോണിയർ യഹൂദാദേശത്തെ നശിപ്പിക്കുമെന്ന് ഹബക്കൂക് മുൻകൂട്ടി പറഞ്ഞു
[10-ാം പേജിലെ ചിത്രം]
പൊ.യു.മു. 607-ൽ നശിപ്പിക്കപ്പെട്ട യെരൂശലേമിന്റെ അവശിഷ്ടങ്ങൾ, പുരാവസ്തു വിജ്ഞാനികൾ കണ്ടെടുത്തത്