യഹോവയുടെ ജനം വിശ്വാസത്തിൽ ഉറപ്പിക്കപ്പെടുന്നു
“സഭകൾ വിശ്വാസത്തിൽ ഉറപ്പിക്കപ്പെടുന്നതിലും അനുദിനം എണ്ണത്തിൽ പെരുകുന്നതിലും തുടർന്നു.”—പ്രവൃത്തികൾ 16:5.
1. ദൈവം അപ്പോസ്തലനായ പൗലോസിനെ എങ്ങനെ ഉപയോഗിച്ചു?
യഹോവയായ ദൈവം തർസൂസിലെ ശൗലിനെ “തെരഞ്ഞെടുക്കപ്പെട്ട ഒരു പാത്ര”മായി ഉപയോഗിച്ചു. അപ്പോസ്തലനായ പൗലോസ് എന്ന നിലയിൽ, അവൻ ‘അനേകം കഷ്ടതകൾ അനുഭവിച്ചു.’ എന്നാൽ അവന്റെയും മററുള്ളവരുടെയും വേല മുഖാന്തരം യഹോവയുടെ സ്ഥാപനം ഐക്യവും അത്ഭുതകരമായ വികസനവും ആസ്വദിച്ചു.—പ്രവൃത്തികൾ 9:15, 16.
2. പ്രവൃത്തികൾ 13:1–16:5 വരെ പരിചിന്തിക്കുന്നത് പ്രയോജനകരമായിരിക്കുന്നതെന്തുകൊണ്ട്?
2 വിജാതീയർ നിരവധിയായി ക്രിസ്ത്യാനികളായിത്തീരുന്നുണ്ടായിരുന്നു. ഭരണസംഘത്തിന്റെ ഒരു സുപ്രധാനയോഗം ദൈവജനത്തിന്റെ ഇടയിൽ ഐക്യത്തിനു പ്രോൽസാഹിപ്പിക്കാനും അവരെ വിശ്വാസത്തിൽ ഉറപ്പിക്കാനും വളരെയധികം പ്രയോജകീഭവിച്ചു. പ്രവൃത്തികൾ 13:1–16:5 വരെ രേഖപ്പെടുത്തിയിരിക്കുന്ന ഈ കാര്യങ്ങളും മററു വികാസങ്ങളും പരിചിന്തിക്കുന്നത് അത്യന്തം പ്രയോജനകരമാണ്, എന്തുകൊണ്ടെന്നാൽ യഹോവയുടെ സാക്ഷികൾ ഇപ്പോൾ സമാനമായ വളർച്ചയും ആത്മീയാനുഗ്രഹങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. (യെശയ്യാവ് 60:22) (പ്രവൃത്തികളെ സംബന്ധിച്ച ഈ ലക്കത്തിലെ ലേഖനങ്ങളുടെ സ്വകാര്യപഠനത്തിൽ തടിച്ച അക്ഷരത്തിൽ സൂചിപ്പിച്ചിരിക്കുന്ന പുസ്തകഭാഗങ്ങൾ വായിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുകയാണ്.)
മിഷനറിമാർ പ്രവർത്തനനിരതരാകുന്നു
3. “പ്രവാചകൻമാരും ഉപദേഷ്ടാക്കൻമാരും” അന്ത്യോക്യയിൽ എന്തു വേല ചെയ്തു?
3 സിറിയയിലെ അന്ത്യോക്യയിൽനിന്ന് സഭ അയച്ച പുരുഷൻമാർ വിശ്വാസത്തിൽ ഉറച്ചവരായിത്തീരാൻ വിശ്വാസികളെ സഹായിച്ചു. (13:1-5) “പ്രവാചകൻമാരും ഉപദേഷ്ടാക്കൻമാരു”മായിരുന്ന ബർന്നബാസും ശിമെയോനും (നീഗർ) കുറേനയിലെ ലൂസിയാസും മനെയോനും തർസൂസിലെ ശൗലും അന്ത്യോക്യയിലുണ്ടായിരുന്നു. പ്രവാചകൻമാർ ദൈവവചനം വിശദീകരിക്കുകയും സംഭവങ്ങൾ മുൻകൂട്ടിപ്പറയുകയും ചെയ്യവേ ഉപദേഷ്ടാക്കൻമാർ തിരുവെഴുത്തുകൾ സംബന്ധിച്ചും ദൈവഭക്തിയോടെയുള്ള ജീവിതംസംബന്ധിച്ചും ഉദ്ബോധനങ്ങൾ നൽകി. (1 കൊരിന്ത്യർ 13:8; 14:4) ബർന്നബാസിനും ശൗലിനും ഒരു പ്രത്യേകനിയമനം ലഭിച്ചു. ബർന്നബാസിന്റെ മച്ചുനനായ മർക്കോസിനെയും കൂട്ടികൊണ്ട് അവർ സൈപ്രസിലേക്കു പോയി. (കൊലോസ്യർ 4:10) അവർ സലാമിസ് എന്ന കിഴക്കൻ തുറമുഖത്തെ സിനഗോഗുകളിൽ പ്രസംഗിച്ചു. എന്നാൽ യഹൂദൻമാർ നന്നായി ചെവികൊടുത്തുവെന്നു രേഖയില്ല. അങ്ങനെയുള്ളവർ ധനപരമായി മെച്ചപ്പെട്ടവരായിരുന്നതുകൊണ്ട് അവർക്ക് മശിഹായെക്കൊണ്ട് എന്താവശ്യമാണുണ്ടായിരുന്നത്?
4. മിഷനറിമാർ സൈപ്രസിൽ പ്രസംഗിക്കുന്നതിൽ തുടർന്നപ്പോൾ എന്തു സംഭവിച്ചു?
4 സൈപ്രസിലെ മററു സാക്ഷ്യവേലയെ ദൈവം അനുഗ്രഹിച്ചു. (13:6-12) പാഫോസിൽ, മിഷനറിമാർ യഹൂദ ക്ഷുദ്രക്കാരനും കള്ളപ്രവാചകനുമായിരുന്ന ബർ-യേശുവിനെ (എലീമസ്) നേരിട്ടു. അയാൾ ദൈവവചനം കേൾക്കുന്നതിൽനിന്ന് യഹൂദ പ്രോകോൺസലായിരുന്ന സെർഗ്ഗ്യസ് പൗലസിനെ തടയാൻ ശ്രമിച്ചപ്പോൾ ശൗൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി പറഞ്ഞു: ‘ചതിവും ദ്രോഹവും നിറഞ്ഞ മനുഷ്യാ, പിശാചിന്റെ മകനേ, നീതിനിഷ്ഠമായ സകലത്തിന്റെയും ശത്രുവേ, യഹോവയുടെ നേരായ വഴിയെ മറിച്ചുകളയുന്നതു നീ നിർത്തുകയില്ലയോ?’ അതിങ്കൽ, ദൈവത്തിന്റെ ശിക്ഷയുടെ കൈ എലീമസിനെ ഒരു സമയത്തേക്കു അന്ധനാക്കി. സെർഗ്ഗ്യസ് പൗലസ് “യഹോവയുടെ ഉപദേശത്തിൽ വിസ്മയിച്ചതിനാൽ ഒരു വിശ്വാസിയായിത്തീർന്നു.”
5, 6. (എ) പൗലോസ് പിസിദ്യൻ അന്ത്യോക്യയിലെ സിനഗോഗിൽ പ്രസംഗിച്ചപ്പോൾ അവൻ യേശുവിനെക്കുറിച്ച് എന്തു പറഞ്ഞു? (ബി) പൗലോസിന്റെ പ്രസംഗത്തിന് എന്തു ഫലമുണ്ടായി?
5 സംഘം സൈപ്രസിൽനിന്ന് ഏഷ്യാമൈനറിലെ പെർഗ്ഗാനഗരത്തിലേക്ക് കപ്പൽയാത്ര ചെയ്തു. അപ്പോൾ പൗലോസും ബർന്നബാസും പർവതപാതയിലൂടെ വടക്കോട്ടു പിസിദ്യയിലെ അന്ത്യോക്യയിലേക്കു പോയി, ഒരുപക്ഷേ, ‘നദികളിൽനിന്നും പെരുവഴിക്കൊള്ളക്കാരിൽനിന്നുമുള്ള അപകടങ്ങളിൽത്തന്നെ.’ (2 കൊരിന്ത്യർ 11:25, 26) അവിടെ പൗലോസ് സിനഗോഗിൽ പ്രസംഗിച്ചു. (13:13-41) അവൻ ഇസ്രായേലുമായുള്ള ദൈവത്തിന്റെ ഇടപെടലുകൾ പുനരവലോകനംചെയ്യുകയും ദാവീദിന്റെ സന്തതിയായ യേശുവിനെ രക്ഷകനായി തിരിച്ചറിയിക്കുകയുംചെയ്തു. യഹൂദ ഭരണാധികാരികൾ യേശുവിന്റെ മരണം ആവശ്യപ്പെട്ടെങ്കിലും ദൈവം അവനെ പുനരുത്ഥാനപ്പെടുത്തിയപ്പോൾ അവരുടെ പൂർവപിതാക്കളോടുള്ള ദൈവത്തിന്റെ വാഗ്ദത്തം നിവർത്തിക്കപ്പെട്ടു. (സങ്കീർത്തനം 2:7; 16:10; യെശയ്യാവ് 55:3) ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ രക്ഷാദാനത്തെ പുച്ഛിക്കാതിരിക്കാൻ പൗലോസ് തന്റെ ശ്രോതാക്കൾക്ക് മുന്നറിയിപ്പുകൊടുത്തു.—ഹബക്കൂക്ക് 1:5, സെപററുവജിൻറ.
6 പൗലോസിന്റെ പ്രസംഗം താത്പര്യം ഉണർത്തി, യഹോവയുടെ സാക്ഷികൾ ഇക്കാലത്തു നടത്തുന്ന പരസ്യപ്രസംഗങ്ങളെപ്പോലെ. (13:42-52) അടുത്ത ശബത്തിൽ മിക്കവാറും നഗരം മുഴുവൻ യഹോവയുടെ വചനം കേൾക്കാൻ കൂടിവന്നു, ഇതു യഹൂദൻമാരെ അസൂയാലുക്കളാക്കി. എന്തിന്, ഒരൊററ വാരത്തിൽത്തന്നെ, ആ മിഷനറിമാർ തങ്ങളുടെ ജീവിതത്തിൽ പരിവർത്തിപ്പിച്ചിട്ടുള്ള യഹൂദൻമാരെക്കാൾ കൂടുതൽ വിജാതീയരെ പരിവർത്തിപ്പിച്ചിരുന്നു! യഹൂദൻമാർ ദൈവദൂഷണപരമായി പൗലോസിനോട് എതിർപറഞ്ഞതുകൊണ്ട്, മററുള്ളിടങ്ങളിൽ ആത്മീയവെളിച്ചം പ്രകാശിക്കുന്നതിനുള്ള സമയം വന്നിരുന്നു. അവരോട് ഇങ്ങനെ പറയപ്പെട്ടു: ‘നിങ്ങൾ ദൈവവചനത്തെ തള്ളിക്കളയുന്നതുകൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ യോഗ്യരെന്നു വിധിക്കാത്തതിനാലും ഞങ്ങൾ ജനതകളിലേക്കു തിരിയുന്നു.’—യെശയ്യാവ് 49:6.
7. പൗലോസും ബർന്നബാസും പീഡനത്തോട് എങ്ങനെ പ്രതികരിച്ചു?
7 ഇപ്പോൾ വിജാതീയർ സന്തോഷിച്ചുതുടങ്ങി. നിത്യജീവനുവേണ്ടി ശരിയായ പ്രകൃതമുണ്ടായിരുന്നവരെല്ലാം വിശ്വാസികളായിത്തീർന്നു. എന്നിരുന്നാലും, യഹോവയുടെ വചനം ദേശത്തുടനീളം പ്രചരിപ്പിച്ചപ്പോൾ, യഹൂദൻമാർ പൗലോസിനെയും ബർന്നബാസിനെയും പീഡിപ്പിക്കാനും അവരെ തങ്ങളുടെ അതിർത്തിക്കപ്പുറത്തേക്കു തള്ളിവിടാനും കേൾവികേട്ട സ്ത്രീകളെയും (തങ്ങളുടെ ഭർത്താക്കൻമാരുടെമേലും മററുള്ളവരുടെമേലും സമ്മർദ്ദംചെലുത്താനായിരിക്കാം) പ്രമുഖപുരുഷൻമാരെയും ഇളക്കിവിട്ടു. എന്നാൽ അത് മിഷനറിമാരെ തടഞ്ഞില്ല. അവർ കേവലം “അവർക്കെതിരെ തങ്ങളുടെ പാദങ്ങളിൽനിന്ന് പൊടി കുടഞ്ഞുകളയുകയും” ഗലാത്യയെന്ന റോമൻപ്രവിശ്യയിലെ ഒരു മുഖ്യ നഗരമായ ഇക്കോന്യയിലേക്ക് (ആധുനിക കൊന്യ) പോകുകയും ചെയ്തു. (ലൂക്കോസ് 9:5; 10:11) ശരി, പിസിദ്യയിലെ അന്ത്യോക്യയിൽ വിടപ്പെട്ട ശിഷ്യൻമാരെ സംബന്ധിച്ചെന്ത്? വിശ്വാസത്തിൽ ബലിഷ്ഠരാക്കപ്പെട്ടശേഷം അവർ “സന്തോഷവും പരിശുദ്ധാത്മാവും നിറയുന്നതിൽ തുടർന്നു.” ഇത് എതിർപ്പ് ആത്മീയപുരോഗതിയെ വിഘ്നപ്പെടുത്തേണ്ടയാവശ്യമില്ലെന്ന് കാണാൻ നമ്മെ സഹായിക്കുന്നു.
പീഡനമുണ്ടായിട്ടും വിശ്വാസത്തിൽ ബലിഷഠർ
8. ഇക്കോന്യയിലെ വിജയപ്രദമായ സാക്ഷീകരണത്തിന്റെ ഫലമായി എന്തു സംഭവിച്ചു?
8 പീഡനമുണ്ടായിരുന്നിട്ടും പൗലോസും ബർന്നബാസും വിശ്വാസത്തിൽ ഉറച്ചവരാണെന്നു തെളിഞ്ഞു. (14:1-7) ഇക്കോന്യയിൽ സിനഗോഗിലെ അവരുടെ സാക്ഷീകരണത്തോടുള്ള പ്രതികരണമായി അനേകം യഹൂദൻമാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീർന്നു. അവിശ്വാസികളായ യഹൂദൻമാർ പുതിയ വിശ്വാസികൾക്കെതിരെ വിജാതീയരെ ഇളക്കിവിട്ടപ്പോൾ ഈ രണ്ടു പ്രവർത്തകർ ദൈവത്തിന്റെ അധികാരത്താൽ സധീരം പ്രസംഗിച്ചു, അടയാളങ്ങൾ ചെയ്യാൻ അവരെ അധികാരപ്പെടുത്തിയതിനാൽ അവൻ തന്റെ അംഗീകാരം പ്രകടമാക്കി. ഇത് ജനക്കൂട്ടത്തെ ഭിന്നിപ്പിച്ചു, ചിലർ യഹൂദൻമാർക്ക് അനുകൂലമായും ചിലർ അപ്പോസ്തലൻമാർക്ക് (അയക്കപ്പെട്ടവർ) അനുകൂലമായും നിലകൊണ്ടു. അപ്പോസ്തലൻമാർ ഭീരുക്കളല്ലായിരുന്നു. എന്നാൽ തങ്ങളെ കല്ലെറിയാനുള്ള ഒരു ഗൂഢലോചനയെക്കുറിച്ച് അവർ അറിഞ്ഞപ്പോൾ അവർ ബുദ്ധിപൂർവം ദക്ഷിണ ഗലാത്യയിലെ ഏഷ്യാമൈനർ പ്രദേശമായ ലുക്കവോന്യയിൽ പ്രസംഗിക്കുന്നതിനു പോയി. വിവേകികളായിരിക്കുന്നതിനാൽ നമുക്കും മിക്കപ്പോഴും എതിർപ്പു ഗണ്യമാക്കാതെ സജീവമായി ശുശ്രൂഷയിൽ നിലനിൽക്കാൻ കഴിയും.—മത്തായി 10:23.
9, 10. (എ) ഒരു മുടന്തനായ മനുഷ്യനെ സൗഖ്യമാക്കിയതിനോടു ലുസ്ത്രയിലെ നിവാസികൾ എങ്ങനെ പ്രതികരിച്ചു? (ബി) പൗലോസും ബർന്നബാസും ലുസ്ത്രയിൽ എങ്ങനെ പ്രതികരിച്ചു?
9 അടുത്തതായി ലുസ്ത്ര എന്ന ലുക്കവോന്യ നഗരത്തിന് സാക്ഷ്യം ലഭിച്ചു. (14:8-18) അവിടെവച്ച് പൗലോസ് ജൻമനാ മുടന്തനായിരുന്ന ഒരു മനുഷ്യനെ സുഖപ്പെടുത്തി. യഹോവയാണ് അത്ഭുതത്തിന് ഉത്തരവാദിയെന്ന് തിരിച്ചറിയാതെ ജനക്കൂട്ടം ഇങ്ങനെ ആർത്തുവിളിച്ചു: “ദൈവങ്ങൾ മനുഷ്യരെപ്പോലെയായി നമ്മുടെ അടുക്കലേക്ക് ഇറങ്ങിവന്നിരിക്കുന്നു!” ഇങ്ങനെ പറഞ്ഞത് ലുക്കവോന്യഭാഷയിലായിരുന്നതുകൊണ്ട് എന്താണു സംഭവിക്കുന്നതെന്ന് ബർന്നബാസും ശൗലും അറിഞ്ഞില്ല. സംസാരത്തിൽ നേതൃത്വം വഹിച്ചതു പൗലോസ് ആയിരുന്നതുകൊണ്ട് ആളുകൾ അവനെ ഹെർമ്മീസ് (ദൈവങ്ങളുടെ വാചാലനായ സന്ദേശവാഹകൻ) ആയി വീക്ഷിച്ചു. ബർന്നബാസ് മുഖ്യ ഗ്രീക്ക്ദൈവമായിരുന്ന സ്യൂസ് ആണെന്നു വിചാരിച്ചു.
10 പൗലോസിനും ബർന്നബാസിനും ബലിയർപ്പിക്കാൻ സ്യൂസിന്റെ പുരോഹിതൻ കാളകളെയും പൂമാലകളും കൊണ്ടുവരുകപോലും ചെയ്തു. സാദ്ധ്യതയനുസരിച്ച് പൊതുവിൽ മനസ്സിലാകുന്ന ഗ്രീക്കിൽ സംസാരിച്ചുകൊണ്ടോ ഒരു ദ്വിഭാഷിയെ ഉപയോഗിച്ചുകൊണ്ടോ തങ്ങളും ദൗർബല്യങ്ങളോടുകൂടിയ മനുഷ്യരാണെന്നും ആളുകൾ “ഈ വ്യർത്ഥകാര്യങ്ങൾ” (നിർജ്ജീവ ദൈവങ്ങളെയോ വിഗ്രഹങ്ങളെയോ) വിട്ട് ജീവനുള്ള ദൈവത്തിലേക്കു തിരിയത്തക്കവണ്ണം തങ്ങൾ സുവാർത്ത ഘോഷിക്കുകയാണെന്നും സന്ദർശകർ പെട്ടെന്നു വിശദീകരിച്ചു. (1 രാജാക്കൻമാർ 16:13; സങ്കീർത്തനം 115:3-9; 146:6) അതെ, തങ്ങളുടെ സ്വന്തം വഴിയിൽ പോകാൻ ദൈവം മുമ്പു ജനതകളെ (എബ്രായരെ അല്ല) അനുവദിച്ചിരുന്നു, എന്നാൽ ‘അവർക്കു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും കൊടുക്കുകയും ആഹാരവും നല്ല ഉല്ലാസവുംകൊണ്ടു അവരുടെ ഹൃദയങ്ങളെ നിറക്കുകയും ചെയ്തുകൊണ്ട്’ ദൈവം തന്റെ അസ്തിത്വത്തിനും നൻമക്കും സാക്ഷ്യം കൊടുക്കാതിരുന്നിട്ടില്ല.’ (സങ്കീർത്തനം 147:8) ഇങ്ങനെയുള്ള ന്യായവാദങ്ങൾ ഉണ്ടായിരുന്നിട്ടും തങ്ങൾക്കു ബലി കഴിക്കുന്നതിൽനിന്ന് ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ ബർന്നബാസിനും പൗലോസിനും കഴിഞ്ഞില്ല. എന്നിരുന്നാലും, മിഷനറിമാർ ദൈവങ്ങൾ എന്ന നിലയിൽ പൂജ സ്വീകരിച്ചില്ല. ആ പ്രദേശത്ത് ക്രിസ്ത്യാനിത്വം സ്ഥാപിക്കാൻ അവർ അങ്ങനെയുള്ള അധികാരം ഉപയോഗിച്ചുമില്ല. വിശേഷാൽ യഹോവയുടെ സേവനത്തിൽ നിർവഹിക്കാൻ അവൻ നമ്മെ അനുവദിക്കുന്ന കാര്യങ്ങൾക്കുവേണ്ടി ബഹുമതി വാഞ്ഛിക്കാൻ നാം ചായ്വുള്ളവരാണെങ്കിൽ എത്ര നല്ല ദൃഷ്ടാന്തം!
11. “നാം അനേകം ഉപദ്രവങ്ങളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കേണ്ടതാകുന്നു”വെന്ന പ്രസ്താവനയിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
11 പെട്ടെന്നുതന്നെ പീഡനം അതിന്റെ വികൃതമായ തല പൊക്കി. (14:19-28) എങ്ങനെ? പിസിദ്യയിലെ അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നുമുള്ള യഹൂദൻമാരാൽ പ്രേരിതരായി ജനക്കൂട്ടങ്ങൾ പൗലോസിനെ കല്ലെറിയുകയും അവൻ മരിച്ചുവെന്ന് വിചാരിച്ച് നഗരത്തിനു പുറത്തേക്കു വലിച്ചിഴക്കുകയുംചെയ്തു. (2 കൊരിന്ത്യർ 11:24, 25) എന്നാൽ ശിഷ്യൻമാർ അവനെ വളഞ്ഞപ്പോൾ അവൻ എഴുന്നേററ് ഒരുപക്ഷേ ഇരുട്ടിന്റെ മറവിൽ കാണാതെ ലുസ്ത്രയിൽ പ്രവേശിച്ചു. അടുത്ത ദിവസം അവനും ബർന്നബാസും ദർബയ്യിലേക്ക് പോയി. അവിടെ കുറേപേർ ശിഷ്യരായിത്തീർന്നു. മിഷനറിമാർ ലുസ്ത്രയിലും ഇക്കോന്യയിലും അന്ത്യോക്യയിലും വീണ്ടും സന്ദർശിച്ച് ശിഷ്യൻമാരെ ബലപ്പെടുത്തുകയും വിശ്വാസത്തിൽ നിലനിൽക്കാൻ അവരെ പ്രോൽസാഹിപ്പിക്കുകയും “നാം അനേകം ഉപദ്രവങ്ങളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കേണ്ടതാകുന്നു”വെന്ന് പറയുകയും ചെയ്തു. ക്രിസ്ത്യാനികളെന്ന നിലയിൽ, നാമും ഉപദ്രവങ്ങൾക്കു വിധേയരാകാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ വിശ്വാസത്തിൽ വിട്ടുവീഴ്ചചെയ്തുകൊണ്ട് അവയിൽനിന്ന് ഒഴിഞ്ഞുമാറാൻ നാം ശ്രമിക്കരുത്. (2 തിമൊഥെയോസ് 3:12) ആ സമയത്ത്, സഭകളിൽ മൂപ്പൻമാർ നിയമിക്കപ്പെട്ടു, ഗലാത്യർക്കുള്ള പൗലോസിന്റെ ലേഖനം സഭകൾക്ക് എഴുതപ്പെടുകയുംചെയ്തു.
12. പൗലോസിന്റെ ഒന്നാമത്തെ മിഷനറിയാത്ര അവസാനിച്ചപ്പോൾ ആ രണ്ടു മിഷനറിമാർ എന്തു ചെയ്തു?
12 പൗലോസും ബർന്നബാസും പിസിദ്യയിൽകൂടെ കടന്ന് പംഫുല്യയിലെ ഒരു പ്രമുഖനഗരമായിരുന്ന പെർഗ്ഗയിൽ വചനം സംസാരിച്ചു. കാലക്രമത്തിൽ അവർ സിറിയയിലെ അന്ത്യോക്യയിലേക്കു മടങ്ങിപ്പോയി. പൗലോസിന്റെ ആദ്യത്തെ പര്യടനം ഇപ്പോൾ അവസാനിച്ചപ്പോൾ, ആ രണ്ടു മിഷനറിമാർ “തങ്ങൾ മുഖാന്തരം ദൈവം ചെയ്തിരുന്ന അനേകം കാര്യങ്ങളും അവൻ വിജാതീയർക്ക് വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തുവെന്നും” സഭയെ അറിയിച്ചു. അന്ത്യോക്യയിലെ ശിഷ്യൻമാരോടുകൂടെ കുറെ സമയം ചെലവഴിക്കപ്പെട്ടു, നിസ്സംശയമായി ഇത് അവരെ വിശ്വാസത്തിൽ ഉറപ്പിക്കാൻ വളരെയധികം പ്രയോജനപ്പെട്ടു. ഇന്ന് സഞ്ചാരമേൽവിചാരകൻമാരാലുള്ള സന്ദർശനങ്ങൾക്ക് സമാനമായ ആത്മീയ ഫലങ്ങളുണ്ട്.
ഒരു മർമ്മപ്രധാനമായ പ്രശനം പരിഹരിക്കപ്പെടുന്നു
13. ക്രിസ്ത്യാനിത്വം എബ്രായ, യഹൂദ്യേതര, കക്ഷികളായി പിരിയാതിരിക്കുന്നതിന് എന്താവശ്യമായിരുന്നു?
13 വിശ്വാസത്തിലെ സ്ഥിരത ചിന്തയിലെ ഐക്യം ആവശ്യമാക്കിത്തീർത്തു. (1 കൊരിന്ത്യർ 1:10) ക്രിസ്ത്യാനിത്വം എബ്രായ, യഹൂദ്യേതര, വിഭാഗങ്ങളായി പിരിയാതിരിക്കുന്നതിന് ദൈവസ്ഥാപനത്തിലേക്ക് ഒഴുകിവരുന്ന വിജാതീയർ മോശൈകന്യായപ്രമാണം അനുസരിക്കുകയും പരിച്ഛേദനയേൽക്കുകയും വേണമോയെന്ന് ഭരണസംഘം തീരുമാനിക്കേണ്ടതുണ്ടായിരുന്നു. (15:1-5) യഹൂദ്യയിൽനിന്നുള്ള ചില പുരുഷൻമാർ അപ്പോൾത്തന്നെ സിറിയൻ അന്ത്യോക്യയിലേക്കു പോയി അവിടത്തെ വിജാതീയ വിശ്വാസികൾ പരിച്ഛേദനയേൽക്കാത്തപക്ഷം രക്ഷിക്കപ്പെടുകയില്ലെന്ന് പഠിപ്പിച്ചുതുടങ്ങിയിരുന്നു. (പുറപ്പാട് 12:48) അതുകൊണ്ട് പൗലോസും ബർന്നബാസും മററു ചിലരും യെരൂശലേമിലെ അപ്പോസ്തലൻമാരുടെയും മൂപ്പൻമാരുടെയും അടുക്കലേക്ക് അയക്കപ്പെട്ടു. അവിടെയും ഒരു കാലത്ത് നൈയാമികമനസ്ഥിതിക്കാരായ പരീശൻമാരായിരുന്നവർ വിജാതീയർ പരിച്ഛേദനയേൽക്കുകയും ന്യായപ്രമാണമനുസരിക്കുകയും ചെയ്യണമെന്ന് ശഠിച്ചു.
14. (എ) യരൂശലേമിലെ കോൺഫറൻസിൽ സംവാദമുണ്ടായെങ്കിലും ഏതു നല്ല മാതൃക വെക്കപ്പെട്ടു? (ബി) ആ സന്ദർഭത്തിലെ പത്രോസിന്റെ ന്യായവാദത്തിന്റെ സാരമെന്തായിരുന്നു?
14 ദൈവേഷ്ടം തിട്ടപ്പെടുത്തുന്നതിന് ഒരു യോഗം വിളിച്ചുകൂട്ടപ്പെട്ടു. (15:6-11) അതെ, സംവാദം നടന്നു. എന്നാൽ ശക്തമായ ബോദ്ധ്യങ്ങൾ ഉണ്ടായിരുന്ന പുരുഷൻമാർ ആശയപ്രകടനം നടത്തിയപ്പോൾ ശണ്ഠയില്ലായിരുന്നു—ഇന്നത്തെ മൂപ്പൻമാർക്ക് ഒരു നല്ല മാതൃക! തക്കസമയത്ത് പത്രോസ് ഇങ്ങനെ പറഞ്ഞു: ‘എന്റെ വായ്മുഖാന്തരം വിജാതീയർ [കോർന്നേലിയോസിനെപ്പോലെയുള്ളവർ] സുവാർത്ത കേൾക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്നു ദൈവം തീരുമാനിച്ചു. അവർക്കു പരിശുദ്ധാത്മാവു നൽകിക്കൊണ്ട് അവൻ സാക്ഷ്യം വഹിക്കുകയും നാമും അവരും തമ്മിൽ വ്യത്യാസം കൽപ്പിക്കാതിരിക്കുകയുംചെയ്തു. [പ്രവൃത്തികൾ 10:44-47] അതുകൊണ്ട് നമുക്കോ നമ്മുടെ പൂർവപിതാക്കൾക്കോ വഹിക്കാൻ കഴിയാഞ്ഞ ഒരു നുകം [ന്യായപ്രമാണം അനുസരിക്കാനുള്ള ഒരു കടപ്പാട്] അവരുടെ കഴുത്തിൽ വെച്ചുകൊണ്ട് നിങ്ങൾ ദൈവത്തെ പരീക്ഷിക്കുന്നതെന്തിന്? ആ ആളുകളെപ്പോലെതന്നെ കർത്താവായ യേശുവിന്റെ അനർഹദയയിലൂടെ രക്ഷിക്കപ്പെടുമെന്നു നാം [ജഡികയഹൂദൻമാർ] വിശ്വസിക്കുന്നു.’ പരിച്ഛേദനയേൽക്കാഞ്ഞ വിജാതീയരെ ദൈവം അംഗീകരിച്ചത് രക്ഷക്ക് പരിച്ഛേദനയും ന്യായപ്രമാണപാലനവും ആവശ്യമില്ലെന്ന് പ്രകടമാക്കി.—ഗലാത്യർ 5:1.
15. യാക്കോബ് എന്ത് അടിസ്ഥാന ആശയങ്ങൾ വ്യക്തമാക്കി, വിജാതീയക്രിസ്ത്യാനികൾക്കെഴുതിയപ്പോൾ അവൻ എന്തു നിർദ്ദേശിച്ചു?
15 പത്രോസ് ഉപസംഹരിച്ചപ്പോൾ സഭ നിശബ്ദമായി, എന്നാൽ കൂടുതൽ പറയാനുണ്ടായിരുന്നു. (15:12-21) വിജാതീയരുടെ ഇടയിൽ തങ്ങളിലൂടെ ദൈവം നിർവഹിച്ച അടയാളങ്ങളെക്കുറിച്ച് ബർന്നബാസും പൗലോസും വിവരിച്ചു. പിന്നീട് അദ്ധ്യക്ഷനായിരുന്ന യേശുവിന്റെ അർദ്ധസഹോദരൻ യാക്കോബ് ഇങ്ങനെ പറഞ്ഞു: ‘ജനതകളിൽനിന്ന് തന്റെ നാമത്തിനുവേണ്ടി ഒരു ജനത്തെ എടുക്കാൻ ദൈവം അവരിലേക്കു ശ്രദ്ധ തിരിച്ചതെങ്ങനെയെന്ന് ശിമയോൻ [പത്രോസിന്റെ എബ്രായപേർ] വിവരിച്ചിരിക്കുന്നുവല്ലോ.’ മുൻകൂട്ടിപ്പറയപ്പെട്ട “ദാവീദിന്റെ കൂടാരത്തിന്റെ” പുനർനിർമ്മാണം (ദാവീദിന്റെ വംശത്തിലെ രാജത്വത്തിന്റെ പുനഃസ്ഥപനം) യഹൂദൻമാരിൽനിന്നും വിജാതീയരിൽനിന്നുമുള്ള യേശുവിന്റെ ശിഷ്യൻമാരുടെ (രാജ്യാവകാശികൾ) കൂട്ടിച്ചേർപ്പിൽ നിവൃത്തിയാകുകയാണെന്ന് യാക്കോബ് സൂചിപ്പിച്ചു. (ആമോസ് 9:11, 12, സെപററുവജിൻറ; റോമർ 8:17) ദൈവം ഇത് ഉദ്ദേശിച്ചിരിക്കുന്നതുകൊണ്ട് ശിഷ്യൻമാർ അതു സ്വീകരിക്കണം. വിജാതീയക്രിസ്ത്യാനികൾ (1) വിഗ്രഹങ്ങളാൽ മലിനമാക്കപ്പെട്ട വസ്തുക്കളും (2) ദുർവൃത്തിയും (3) രക്തവും ശ്വാസംമുട്ടിച്ചത്തതും വർജ്ജിക്കണമെന്ന് അവർക്ക് എഴുതാൻ യാക്കോബ് ബുദ്ധിയുപദേശിച്ചു. ഈ നിരോധനങ്ങൾ ഓരോ ശബത്തുദിനത്തിലും സിനഗോഗുകളിൽ വായിക്കപ്പെട്ടിരുന്ന മോശയുടെ എഴുത്തുകളിൽ ഉണ്ടായിരുന്നു.—ഉല്പത്തി 9:3, 4; 12:15-17; 35:2, 4.
16. ഒന്നാം നൂററാണ്ടിലെ ഭരണസംഘത്തിന്റെ ലേഖനം ഏതു മൂന്നു പോയിൻറുകൾ സംബന്ധിച്ച് ഇന്നോളം മാർഗ്ഗനിർദ്ദേശം നൽകുന്നു?
16 ഇപ്പോൾ ഭരണസംഘം അന്ത്യോക്യയിലും സിറിയയിലും കിലിക്യയിലുമുള്ള വിജാതീയക്രിസ്ത്യാനികൾക്ക് ഒരു ലേഖനം അയച്ചു. (15:22-35) വിഗ്രഹങ്ങൾക്ക് ബലിയർപ്പിക്കപ്പെട്ട വസ്തുക്കളും രക്തവും (ചിലയാളുകൾ ക്രമമായി ഉപയോഗിക്കുന്നത്) രക്തം ചോർത്താതെ ശ്വാസംമുട്ടിച്ചു കൊന്നവയും (അനേകം വിജാതീയർ അങ്ങനെയുള്ള മാംസത്തെ ഒരു വിശിഷ്ടഭോജ്യമായി വീക്ഷിക്കുന്നു) ദുർവൃത്തിയും (ഗ്രീക്ക്, പോർണിയാ, തിരുവചനാനുസൃത വിവാഹത്തിനു പുറത്തെ അവിഹിതലൈംഗികബന്ധങ്ങൾ) വർജ്ജിക്കാൻ പരിശുദ്ധാത്മാവും ലേഖനകർത്താക്കളും ആവശ്യപ്പെട്ടു. അങ്ങനെയുള്ള വർജ്ജനത്താൽ അവർ ആത്മീയമായി അഭിവൃദ്ധിപ്പെടും, ഇക്കാലത്ത് യഹോവയുടെ സാക്ഷികൾ “ഈ അവശ്യകാര്യങ്ങൾ” അനുസരിക്കുന്നതുകൊണ്ട് ഇപ്പോൾ അഭിവൃദ്ധിപ്പെടുന്നതുപോലെതന്നെ. “നിങ്ങൾക്കു നല്ല ആരോഗ്യം!” എന്ന വാക്കുകൾ “യാത്രാവന്ദനം”പറയുന്നതുപോലെയായിരുന്നു. ഈ വ്യവസ്ഥകൾ മുഖ്യമായി ആരോഗ്യനടപടികളോടു ബന്ധപ്പെട്ടതായിരുന്നുവെന്ന് നിഗമനംചെയ്യരുത്. ലേഖനം അന്ത്യോക്യയിൽ വായിക്കപ്പെട്ടപ്പോൾ അതു നൽകിയ പ്രോൽസാഹനത്തിൽ സഭ സന്തോഷിച്ചു. ആ സമയത്ത് പൗലോസിന്റെയും ശീലാസിന്റെയും ബർന്നബാസിന്റെയും മററുള്ളവരുടെയും പ്രോൽസാഹകവാക്കുകളാലും അന്ത്യോക്യയിലെ ദൈവജനം വിശ്വാസത്തിൽ ഉറപ്പിക്കപ്പെട്ടു. നമുക്കും സഹവിശ്വാസികളെ പ്രോൽസാഹിപ്പിക്കുകയും കെട്ടുപണിചെയ്യുകയും ചെയ്യാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കാം.
രണ്ടാമത്തെ മിഷനറി പര്യടനം തുടങ്ങുന്നു
17. (എ) രണ്ടാമത്തെ മിഷനറിപര്യടനത്തിനു നിർദ്ദേശിക്കപ്പെട്ടപ്പോൾ ഏതു പ്രശ്നം ഉയർന്നുവന്നു? (ബി) പൗലോസും ബർന്നബാസും തങ്ങളുടെ തർക്കം എങ്ങനെ കൈകാര്യംചെയ്തു?
17 രണ്ടാമത്തെ മിഷനറിയാത്ര നിർദ്ദേശിക്കപ്പെട്ടപ്പോൾ, ഒരു പ്രശ്നം സംജാതമായി. (15:36-41) സൈപ്രസിലും ഏഷ്യാമൈനറിലുമുള്ള സഭകളെ താനും ബർന്നബാസും വീണ്ടും സന്ദർശിക്കുന്നതിനെക്കുറിച്ച് പൗലോസ് നിർദ്ദേശിച്ചു. ബർന്നബാസ് സമ്മതിച്ചു, എന്നാൽ തന്റെ മച്ചുനനായ മർക്കോസിനെ കൂട്ടിക്കൊണ്ടുപോകാൻ അവൻ ആഗ്രഹിച്ചു. മർക്കോസ് പംഫുല്യയിൽ തങ്ങളെ ഉപേക്ഷിച്ചുപോയതുകൊണ്ട് പൗലോസ് അതിനു വിസമ്മതിച്ചു. അതിങ്കൽ, “ഒരു ഉഗ്രകോപാവേശം” ഉണ്ടായി. എന്നാൽ തങ്ങളുടെ സ്വകാര്യ സംഗതിയിൽ മററ് മൂപ്പൻമാരെയോ ഭരണസംഘത്തെയോ ഉൾപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് വ്യക്തിപരമായ നീതിമത്ക്കരണത്തിനു അവർ തുനിഞ്ഞില്ല. എത്ര നല്ല ദൃഷ്ടാന്തം!
18. പൗലോസിന്റെയും ബർന്നബാസിന്റെയും വേർപാടിൽനിന്ന് എന്തു ഫലമുണ്ടായി, ഈ സംഭവത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനംനേടാൻ കഴിയും?
18 എന്നിരുന്നാലും ഈ തർക്കം ഒരു വേർപാടിനിടയാക്കി. ബർന്നബാസ് മർക്കോസിനെയും കൂട്ടി സൈപ്രസിലേക്കു പോയി. പൗലോസ് തന്റെ കൂട്ടുപ്രവർത്തകനായി ശീലാസിനെയും കൂട്ടി “സിറിയയിലൂടെയും കിലിക്യയിലൂടെയും പോയി സഭകളെ ബലപ്പെടുത്തി.” ബർന്നബാസ് കുടുംബബന്ധങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കാം, എന്നാൽ പൗലോസിന്റെ അപ്പോസ്തലത്വത്തെയും “ഒരു തെരഞ്ഞെടുക്കപ്പെട്ട പാത്ര”മായുള്ള അവന്റെ തെരഞ്ഞെടുപ്പിനെയും അവൻ അംഗീകരിക്കേണ്ടതായിരുന്നു. (പ്രവൃത്തികൾ 9:15) നമ്മെസംബന്ധിച്ചെന്ത്? ഈ സംഭവം ദിവ്യാധിപത്യ അധികാരത്തെ അംഗീകരിക്കേണ്ടതിന്റെയും “വിശ്വസ്തനും വിവേകിയുമായ അടിമ”യോടു പൂർണ്ണമായി സഹകരിക്കേണ്ടതിന്റെയും ആവശ്യം നമ്മെ ബോധ്യപ്പെടുത്തേണ്ടതാണ്!—മത്തായി 24:45-47.
സമാധാനത്തിൽ പുരോഗതി
19. ഏതൽക്കാല ക്രിസ്തീയയുവാക്കൾക്ക് തിമൊഥെയോസിൽ എന്തു മാതൃകയുണ്ട്?
19 ഈ തർക്കം സഭയുടെ സമാധാനത്തെ ബാധിക്കാൻ അനുവദിക്കപ്പെട്ടില്ല. ദൈവത്തിന്റെ ജനം വിശ്വാസത്തിൽ ഉറപ്പിക്കപ്പെടുന്നതിൽ തുടർന്നു. (16:1-5) പൗലോസും ശീലാസും ദർബയ്യിലേക്കും തുടർന്ന് ലുസ്ത്രയിലേക്കും പോയി. അവിടെ തിമൊഥെയോസ് വസിച്ചിരുന്നു. അവൻ യഹൂദവിശ്വാസിയായിരുന്ന യൂനിസിന്റെയും അവളുടെ അവിശ്വാസിയായ ഗ്രീക്ക് ഭർത്താവിന്റെയും പുത്രനായിരുന്നു. തിമൊഥെയോസ് ചെറുപ്പമായിരുന്നു, എന്തുകൊണ്ടെന്നാൽ 18ഓ 20ഓ വർഷം കഴിഞ്ഞുപോലും “യാതൊരു മനുഷ്യനും നിന്റെ യൗവനത്തെ ഒരിക്കലും തുച്ഛീകരിക്കാതിരിക്കട്ടെ”യെന്ന് അവനോടു പറയപ്പെട്ടു. (1 തിമൊഥെയോസ് 4:12) അവൻ “ലുസ്ത്രയിലും [ഏതാണ്ടു 18 മൈൽ അകലെ] ഇക്കോന്യയിലുമുള്ള സഹോദരൻമാരാൽ നല്ല സാക്ഷ്യംലഭിച്ചവനായിരുന്ന”തുകൊണ്ട് അവൻ തന്റെ നല്ല ശുശ്രൂഷക്കും ദൈവികഗുണങ്ങൾക്കും പ്രസിദ്ധനായിരുന്നു. സമാനമായ ഒരു പ്രശസ്തി കെട്ടുപണിചെയ്യാൻ ഇന്നത്തെ ക്രിസ്തീയ യുവാക്കൾ യഹോവയുടെ സഹായം തേടേണ്ടതാണ്. തിമൊഥെയോസിനെ പൗലോസ് പരിച്ഛേദനകഴിപ്പിച്ചു, കാരണം അവർ തിമൊഥെയോസിന്റെ പിതാവ് ഒരു വിജാതീയനാണെന്നറിയാവുന്ന യഹൂദൻമാരുടെ ഭവനങ്ങളിലും സിനഗോഗുകളിലും പോകുമായിരുന്നു. മശിഹായെക്കുറിച്ചു പഠിക്കേണ്ടയാവശ്യമുള്ള യഹൂദസ്ത്രീപുരുഷൻമാരെ സമീപിക്കുന്നതിനു തടസ്സമുണ്ടാക്കുന്ന യാതൊന്നിനെയും അനുവദിക്കാൻ അപ്പോസ്തലൻ ആഗ്രഹിച്ചില്ല. ബൈബിൾതത്വങ്ങൾ ലംഘിക്കാതെ ഇന്നത്തെ യഹോവയുടെ സാക്ഷികളും സുവാർത്തയെ സകലതരം ആളുകൾക്കും സ്വീകാര്യമാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു.—1 കൊരിന്ത്യർ 9:19-23.
20. ഒന്നാം നൂററാണ്ടിന്റെ ഭരണസംഘത്തിന്റെ ലേഖനത്തോടുള്ള അനുസരണത്തിന് എന്തു ഫലമുണ്ടായിരുന്നു, ഇത് നമ്മെ എങ്ങനെ ബാധിക്കണമെന്നു നിങ്ങൾ വിചാരിക്കുന്നു?
20 ഒരു സേവകനെന്ന നിലയിൽ വർത്തിച്ച തിമൊഥെയോസിനോടുകൂടെ പൗലോസും ശീലാസും ശിഷ്യൻമാർ അനുഷ്ഠിക്കേണ്ടതിന് ഭരണസംഘത്തിന്റെ കല്പനകൾ ഏല്പിച്ചുകൊടുത്തു. എന്തു ഫലമുണ്ടായി? പ്രത്യക്ഷത്തിൽ സിറിയയെയും കിലിക്യയെയും ഗലാത്യയെയും പരാമർശിച്ചുകൊണ്ട് ലൂക്കോസ് ഇങ്ങനെ എഴുതി: “സഭകൾ വിശ്വാസത്തിൽ ഉറപ്പിക്കപ്പെടുന്നതിലും അനുദിനം എണ്ണത്തിൽ പെരുകുന്നതിലും തുടർന്നു.” അതെ, ഭരണസംഘത്തിന്റെ ലേഖനത്തിന്റെ അനുസരണം ഐക്യത്തിലും ആത്മീയ അഭിവൃദ്ധിയിലും കലാശിച്ചു. യഹോവയുടെ ജനം ഏകീകൃതരായും വിശ്വാസത്തിൽ ഉറച്ചവരായും നിലകൊള്ളേണ്ടയാവശ്യമുള്ള നമ്മുടെ ദുർഘടകാലങ്ങളിൽ എന്തു നല്ല ദൃഷ്ടാന്തം! (w90 6⁄15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ പൗലോസും ബർന്നബാസും പീഡനത്തോട് എങ്ങനെ പ്രതികരിച്ചു?
◻ “നാം അനേകം ഉപദ്രവങ്ങളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കേണ്ടതാണ്” എന്ന പ്രസ്താവനയിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
◻ ഒന്നാം നൂററാണ്ടിലെ ഭരണസംഘം അയച്ച എഴുത്തിലെ മൂന്നു പോയിൻറുകളിൽനിന്ന് നാം എന്തു ബുദ്ധിയുപദേശം സ്വീകരിക്കുന്നു?
◻ യഹോവയുടെ ഒന്നാം നൂററാണ്ടിലെ സാക്ഷികളെ വിശ്വാസത്തിൽ ഉറപ്പിച്ച വസ്തുതകൾ ഇന്നു നമുക്കു ബാധകമാകുന്നതെങ്ങനെ?