ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
നവംബർ 5-11
ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 20-21
“നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?”
യോഹ 21:15, 17-ന്റെ പഠനക്കുറിപ്പുകൾ, nwtsty
യേശു ശിമോൻ പത്രോസിനോട്: പത്രോസ് യേശുവിനെ മൂന്നു വട്ടം തള്ളിപ്പറഞ്ഞിട്ട് അധികമാകുന്നതിനു മുമ്പാണു യേശുവും പത്രോസും തമ്മിലുള്ള ഈ സംഭാഷണം നടക്കുന്നത്. പത്രോസിനു തന്നോടുള്ള ഇഷ്ടം അളക്കാൻ യേശു മൂന്നു ചോദ്യങ്ങൾ ചോദിച്ചെന്നും ഒടുവിൽ “പത്രോസിന് ആകെ സങ്കടമായി” എന്നും നമ്മൾ വായിക്കുന്നു. (യോഹ 21:17) യോഹ 21:15-17-ലെ ഈ വിവരണത്തിൽ വ്യത്യസ്തമായ രണ്ടു ഗ്രീക്ക് ക്രിയാപദങ്ങൾ കാണാം: ഒന്ന്, സ്നേഹിക്കുക എന്ന് അർഥംവരുന്ന അഗപാഓ; രണ്ട്, ഇഷ്ടപ്പെടുക എന്ന് അർഥംവരുന്ന ഫിലീയോ. ‘നീ എന്നെ സ്നേഹിക്കുന്നുണ്ടോ’ എന്നു രണ്ടു പ്രാവശ്യം യേശു പത്രോസിനോടു ചോദിച്ചു. തനിക്ക് യേശുവിനെ വളരെ ‘ഇഷ്ടമാണെന്ന്’ രണ്ടു തവണയും പത്രോസ് ആത്മാർഥമായിത്തന്നെ മറുപടിയും കൊടുത്തു. ഒടുവിൽ യേശു, “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ” എന്നു ചോദിച്ചു. ഉണ്ടെന്ന് ഇത്തവണയും പത്രോസ് ഉറപ്പു കൊടുത്തു. പത്രോസ് ഓരോ തവണ തന്റെ സ്നേഹത്തിന് ഉറപ്പു കൊടുത്തപ്പോഴും യേശു ഒരു കാര്യം ഊന്നിപ്പറഞ്ഞു: തന്നോടു സ്നേഹവും ഇഷ്ടവും ഉണ്ടെങ്കിൽ പത്രോസ് തന്റെ ശിഷ്യന്മാരായ കുഞ്ഞാടുകളെ ആത്മീയമായി തീറ്റുകയും ‘മേയ്ക്കുകയും’ വേണം. (യോഹ 21:16, 17; 1പത്ര 5:1-3) തന്നോടു പത്രോസിനു സ്നേഹമുണ്ടെന്ന് ഉറപ്പേകാൻ മൂന്ന് അവസരം കൊടുത്തശേഷമാണു തന്റെ ആടുകളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം യേശു അദ്ദേഹത്തെ ഏൽപ്പിച്ചത്. താൻ യേശുവിനെ മൂന്നു വട്ടം തള്ളിപ്പറഞ്ഞതു യേശു ക്ഷമിച്ചോ എന്നു ചെറിയൊരു സംശയമെങ്കിലും പത്രോസിന് ഉണ്ടായിരുന്നെങ്കിൽ അത് ഈ സംഭാഷണത്തോടെ ഉറപ്പായും തീർന്നു.
നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?: ഗ്രീക്കു വ്യാകരണമനുസരിച്ച്, “ഇവയെക്കാൾ” എന്ന പദപ്രയോഗത്തിന് ഒന്നിലധികം അർഥം വരാം. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ യേശു ചോദിച്ചതിന്റെ അർഥം, “ഈ ശിഷ്യന്മാരെ സ്നേഹിക്കുന്നതിനെക്കാൾ നീ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നോ “ഈ ശിഷ്യന്മാർ എന്നെ സ്നേഹിക്കുന്നതിനെക്കാളും നീ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നോ ആണ്. എന്നാൽ “നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്ന യേശുവിന്റെ ചോദ്യം, അവർ പിടിച്ച മീനുകളെയോ അവരുടെ മത്സ്യബന്ധനബിസിനെസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളെയോ ഉദ്ദേശിച്ചായിരിക്കാനാണു കൂടുതൽ സാധ്യത. ചുരുക്കത്തിൽ ആ വാക്യത്തിന്റെ ആശയം ഇതായിരിക്കാം: ‘നീ ഭൗതികവസ്തുക്കളെക്കാളും സ്ഥാനമാനങ്ങളെക്കാളും എന്നെ സ്നേഹിക്കുന്നുണ്ടോ? എങ്കിൽ എന്റെ കുഞ്ഞാടുകളെ തീറ്റുക.’ പത്രോസിന്റെ ഭൂതകാലം കണക്കിലെടുക്കുമ്പോൾ ഈ ചോദ്യത്തിനു പ്രത്യേകപ്രസക്തിയുണ്ട്. കാരണം, പത്രോസ് യേശുവിന്റെ ആദ്യശിഷ്യന്മാരിൽ ഒരാളായിരുന്നെങ്കിലും (യോഹ 1:35-42) അദ്ദേഹം പെട്ടെന്നൊന്നും യേശുവിനെ മുഴുവൻ സമയവും അനുഗമിച്ചില്ല. പകരം അദ്ദേഹം മീൻപിടുത്തത്തിലേക്കുതന്നെ തിരിച്ചുപോയി. ആ വലിയ ബിസിനെസ്സിൽ ഉൾപ്പെട്ടിരുന്ന പത്രോസിനെ കുറച്ച് മാസങ്ങൾക്കു ശേഷം യേശു ‘മനുഷ്യരെ പിടിക്കുന്നവനാകാൻ’ വിളിച്ചു. (മത്ത 4:18-20; ലൂക്ക 5:1-11) എന്നാൽ യേശുവിന്റെ മരണശേഷം അധികം വൈകാതെ പത്രോസ് വീണ്ടും, താൻ മീൻ പിടിക്കാൻ പോകുകയാണെന്നു പറഞ്ഞു. മറ്റ് അപ്പോസ്തലന്മാരും പത്രോസിന്റെ കൂടെ കൂടി. (യോഹ 21:2, 3) അതുകൊണ്ട് പത്രോസിനോടുള്ള യേശുവിന്റെ ഈ വാക്കുകൾ നിർണായകമായ ഒരു തീരുമാനം എടുക്കാനുള്ള ആഹ്വാനമായിരുന്നിരിക്കാം. താൻ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നത് അവിടെ കൂട്ടിയിട്ടിരുന്ന മീനുകൾക്ക് അഥവാ മത്സ്യബന്ധനബിസിനെസ്സിന് ആയിരിക്കുമോ അതോ യേശുവിന്റെ അനുഗാമികളായ കുഞ്ഞാടുകൾക്ക് ആത്മീയഭക്ഷണം കൊടുക്കുന്നതിനായിരിക്കുമോ എന്നു പത്രോസ് തീരുമാനിക്കേണ്ടിയിരുന്നു.—യോഹ 21:4-8.
മൂന്നാമത്: പത്രോസ് മൂന്നു വട്ടം തന്റെ കർത്താവിനെ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തന്നോടുള്ള സ്നേഹത്തിന് ഉറപ്പേകാൻ യേശു പത്രോസിനു മൂന്ന് അവസരം കൊടുക്കുന്നു. യേശുവിനോടു സ്നേഹമുണ്ടെന്നു പത്രോസ് ഉറപ്പിച്ചുപറഞ്ഞപ്പോൾ, വിശുദ്ധസേവനത്തിനു മറ്റെല്ലാത്തിനെക്കാളും പ്രാധാന്യം കൊടുത്തുകൊണ്ട് ആ സ്നേഹവും ഇഷ്ടവും തെളിയിക്കാൻ യേശു പറയുന്നു. ഉത്തരവാദിത്വപ്പെട്ട മറ്റു സഹോദരന്മാരോടൊപ്പം പത്രോസ് ക്രിസ്തുവിന്റെ വിശ്വസ്താനുഗാമികളായ ആട്ടിൻപറ്റത്തിന് ആത്മീയഭക്ഷണം കൊടുക്കുകയും അവരെ ബലപ്പെടുത്തുകയും മേയ്ക്കുകയും ചെയ്യണമായിരുന്നു. യേശുവിന്റെ ആ അനുഗാമികൾ അഭിഷിക്തരായിരുന്നെങ്കിലും ആത്മീയഭക്ഷണം വേണ്ടവരായിരുന്നു അവരും.—ലൂക്ക 22:32.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
യോഹ 20:17-ന്റെ പഠനക്കുറിപ്പ്, nwtsty
എന്നെ ഇങ്ങനെ പിടിച്ചുനിറുത്തരുത്: ഇവിടെ കാണുന്ന ഹപ്ടോമായ് എന്ന ഗ്രീക്കുക്രിയയ്ക്ക് “തൊടുക” എന്നോ “പിടിച്ചുനിറുത്തുക; വിടാതെ മുറുകെപ്പിടിക്കുക” എന്നോ അർഥം വരാം. ചില ഭാഷാന്തരങ്ങൾ യേശുവിന്റെ ഈ വാക്കുകളെ “എന്നെ തൊടരുത്” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മഗ്ദലക്കാരി മറിയ തന്നെ തൊടുന്നതിനെയല്ല യേശു ഇവിടെ തടഞ്ഞത്. കാരണം പുനരുത്ഥാനപ്പെട്ട യേശുവിനെ കണ്ട മറ്റു സ്ത്രീകൾ ‘കാലിൽ കെട്ടിപ്പിടിച്ചപ്പോൾ’ യേശു തടഞ്ഞില്ല. (മത്ത 28:9) യേശു സ്വർഗാരോഹണം ചെയ്യാൻ പോകുകയാണെന്നു മറിയ ഭയന്നുകാണും. തന്റെ കർത്താവിനെ പിരിയാനുള്ള വിഷമംകൊണ്ടായിരിക്കാം മറിയ യേശുവിനെ പോകാൻ അനുവദിക്കാതെ പിടിച്ചുനിറുത്തിയത്. തന്നെ പിടിച്ചുനിറുത്തുന്നതിനു പകരം, ശിഷ്യന്മാരോടു തന്റെ പുനരുത്ഥാനത്തെക്കുറിച്ച് അറിയിക്കാൻ യേശു പറഞ്ഞതു താൻ ഉടനെ സ്വർഗത്തിലേക്കു പോകില്ലെന്നു മറിയയ്ക്ക് ഉറപ്പുകൊടുക്കാനായിരിക്കാം.
യോഹ 20:28-ന്റെ പഠനക്കുറിപ്പ്, nwtsty
എന്റെ കർത്താവേ! എന്റെ ദൈവമേ!: ആശ്ചര്യം നിറഞ്ഞ ഈ വാക്കുകൾ യേശുവിനോടാണു പറഞ്ഞതെങ്കിലും അത് യഥാർഥത്തിൽ യേശുവിന്റെ പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വാക്കുകളായിരുന്നെന്നു ചില പണ്ഡിതന്മാർ കരുതുന്നു. എന്നാൽ അതു യേശുവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വാക്കുകളാണെന്നു മൂലഗ്രീക്കുപാഠം സൂചിപ്പിക്കുന്നതായി മറ്റു ചിലർ അഭിപ്രായപ്പെടുന്നു. ഇതിൽ രണ്ടാമത്തെ അഭിപ്രായമാണു ശരിയെങ്കിൽപ്പോലും “എന്റെ കർത്താവേ! എന്റെ ദൈവമേ!” എന്ന പദപ്രയോഗത്തിന്റെ അർഥം കൃത്യമായി മനസ്സിലാക്കാൻ ഇതിനെ മറ്റു തിരുവെഴുത്തുകളുമായി താരതമ്യം ചെയ്യുന്നതു നല്ലതാണ്. “ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു കയറിപ്പോകുന്നു” എന്നു യേശുതന്നെ മുമ്പ് പറഞ്ഞിരുന്നതുകൊണ്ട്, യേശു സർവശക്തനായ ദൈവമാണെന്നു തോമസ് ഒരിക്കലും ചിന്തിച്ചുകാണില്ല. (യോഹ 20:17-ന്റെ പഠനക്കുറിപ്പു കാണുക.) യേശു ‘പിതാവിനെ’ ‘ഏകസത്യദൈവമേ’ എന്നു വിളിച്ച് പ്രാർഥിച്ചതും തോമസ് കേട്ടിരുന്നു. (യോഹ 17:1-3) അതുകൊണ്ട് തോമസ് യേശുവിനെ “എന്റെ ദൈവമേ” എന്നു വിളിച്ചതിന്റെ കാരണങ്ങൾ ഇതായിരിക്കാം: അദ്ദേഹം യേശുവിനെ സർവശക്തനായ ദൈവമായി കണ്ടില്ലെങ്കിലും ‘ഒരു ദൈവം’ ആയി കണ്ടിരിക്കാം. (യോഹ 1:1-ന്റെ പഠനക്കുറിപ്പു കാണുക.) ഇനി, എബ്രായതിരുവെഴുത്തുകളിലെ ദൈവദാസന്മാർ യഹോവയുടെ സന്ദേശവാഹകരായ ദൂതന്മാരെ അഭിസംബോധന ചെയ്തതുപോലെ തോമസ് യേശുവിനെ അഭിസംബോധന ചെയ്തതുമാകാം. കാരണം എബ്രായതിരുവെഴുത്തുകളിൽ ചിലർ യഹോവയുടെ സന്ദേശവാഹകരായ ദൂതന്മാരോട്, യഹോവയോടെന്നപോലെ സംസാരിച്ചതിനെക്കുറിച്ചും അവരെപ്പറ്റി യഹോവ എന്നു പറഞ്ഞിരിക്കുന്നതായും തോമസിന് അറിയാമായിരുന്നിരിക്കാം. ഇനി, ചില ബൈബിളെഴുത്തുകാർ ദൈവദൂതന്മാരെ തിരുവെഴുത്തുകളിൽ യഹോവ എന്നു വിളിച്ചതായി പറയുന്ന ചില ഭാഗങ്ങളും തോമസിനു പരിചയമുണ്ടായിരുന്നിരിക്കണം. (ഉൽ 16:7-11, 13; 18:1-5, 22-33; 32:24-30; ന്യായ 6:11-15; 13:20-22 എന്നിവ താരതമ്യം ചെയ്യുക.) തോമസ് യേശുവിനെ “എന്റെ ദൈവമേ” എന്നു വിളിച്ചതും അതേ അർഥത്തിലായിരിക്കാം. സാധ്യതയനുസരിച്ച്, യേശുവിനെ അങ്ങനെ വിളിച്ചപ്പോൾ യേശു സത്യദൈവത്തിന്റെ പ്രതിനിധിയും വക്താവും ആണെന്ന് അംഗീകരിക്കുകയായിരുന്നു അദ്ദേഹം.
ഈ വാക്യത്തിലെ ‘കർത്താവ്,’ ‘ദൈവം’ എന്നീ വാക്കുകളോടൊപ്പം മൂലഗ്രീക്കുപാഠത്തിൽ നിശ്ചായക ഉപപദം (definite article) കാണുന്നതുകൊണ്ട് ആ വാക്കുകൾ സർവശക്തനായ ദൈവത്തെയാണു കുറിക്കുന്നതെന്നു ചിലർ വാദിക്കുന്നു. എന്നാൽ ആരെയെങ്കിലും അഭിസംബോധന ചെയ്യുന്നിടത്തും ഗ്രീക്കു വ്യാകരണത്തിൽ നിശ്ചായക ഉപപദം ഉപയോഗിക്കാറുണ്ട്. ഈ വാക്യത്തിലും അത് ആ രീതിയിലായിരിക്കാം ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ അഭിസംബോധനയെ കുറിക്കാൻ നാമപദത്തോടൊപ്പം (അതായത്, വാചകത്തിലെ കർത്താവായ നാമം.) നിശ്ചായക ഉപപദം ഉപയോഗിച്ചിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണു ലൂക്ക 12:32 (ഇവിടെ “ചെറിയ ആട്ടിൻകൂട്ടമേ” എന്ന് അഭിസംബോധന ചെയ്യുന്നിടത്ത്, ഗ്രീക്കിൽ “ചെറിയ ആട്ടിൻകൂട്ടം” എന്ന പദത്തോടൊപ്പം നിശ്ചായക ഉപപദം കാണാം.); കൊലോ 3:18–4:1 (ഗ്രീക്കിൽ ഇവിടെയും “ഭാര്യമാർ,” “ഭർത്താക്കന്മാർ,” “മക്കൾ,” “പിതാക്കന്മാർ,” “അടിമകൾ,” “യജമാനന്മാർ” എന്നീ പദങ്ങളോടൊപ്പം നിശ്ചായക ഉപപദം കാണുന്നു.) എന്നീ തിരുവെഴുത്തുകൾ. ഇനി 1പത്ര 3:7-ന്റെ മൂലപാഠത്തിലും ഇതുപോലെ “ഭർത്താക്കന്മാർ” എന്ന പദത്തോടൊപ്പം നിശ്ചായക ഉപപദം കാണാം. ചുരുക്കത്തിൽ, ഈ വാക്യത്തിൽ നിശ്ചായക ഉപപദമുണ്ട് എന്നതുകൊണ്ട് മാത്രം തോമസിന്റെ വാക്കുകൾ സർവശക്തനായ ദൈവത്തെയാണു കുറിക്കുന്നതെന്നു പറയാനാകില്ല.
നവംബർ 12-18
ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 1–3
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 61 ¶1
യേശുക്രിസ്തു
‘ജീവനായകൻ.’ തന്റെ പിതാവിന്റെ അനർഹദയയുടെ ഒരു പ്രകടനമായി ക്രിസ്തുയേശു തന്റെ പൂർണമനുഷ്യജീവൻ ഒരു ബലിയായി അർപ്പിച്ചു. ഇതു ക്രിസ്തുവിന്റെ തിരഞ്ഞെടുക്കപ്പെട്ട അനുഗാമികൾക്കു ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനും രാജ്യഭരണത്തിൻകീഴിൽ മനുഷ്യർക്കു ഭൂമിയിൽ ജീവിക്കാനും വഴി ഒരുക്കി. (മത്ത 6:10; യോഹ 3:16; എഫ 1:7; എബ്ര 2:5) അങ്ങനെ യേശു മനുഷ്യവർഗത്തിന്റെ ‘ജീവനായകനായി.’ (പ്രവൃ 3:15) ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദത്തോടു ബന്ധപ്പെട്ട ഒരു പദം മോശയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്, (പ്രവൃ 7:27, 35) അവിടെ അതു “ഭരണാധികാരി” എന്നാണു പരിഭാഷ ചെയ്തിരിക്കുന്നത്.
വയൽസേവനത്തിനു സജ്ജരാകാം
it-1-E 129 ¶2-3
അപ്പോസ്തലൻ
യൂദാസ് തെറ്റിപ്പോകുകയും അവിശ്വസ്തനായി മരിക്കുകയും ചെയ്തതിനു ശേഷം 11 അപ്പോസ്തലന്മാരാണു ശേഷിച്ചിരുന്നത്. പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ഇടയിലുള്ള 40 ദിവസത്തെ കാലയളവിൽ യേശു യൂദാസിനു പകരം ആരെയും നിയമിച്ചില്ല. യേശുവിന്റെ സ്വർഗാരോഹണത്തിനും പെന്തിക്കോസ്തിനും ഇടയിലുള്ള പത്തു ദിവസത്തിനുള്ളിലാണ് ഈ നിയമനം നടന്നത്. യൂദാസ് മരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലല്ല ഇങ്ങനെ ഒരു നിയമനം നടത്തണമെന്ന് അപ്പോസ്തലന്മാർ ചിന്തിച്ചത്, പകരം പത്രോസ് ഉദ്ധരിച്ച തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നതുപോലെ യൂദാസ് തെറ്റിപ്പോയി എന്ന കാരണത്താലാണ്. (പ്രവൃ 1:15-22; സങ്ക 69:25; 109:8; വെളി 3:11 താരതമ്യം ചെയ്യുക.) എന്നാൽ വിശ്വസ്ത അപ്പോസ്തലനായ യാക്കോബ് കൊല്ലപ്പെട്ടപ്പോൾ ആ സ്ഥാനത്ത് അദ്ദേഹത്തിനു പകരം ആരെയും നിയമിച്ചതായി രേഖയില്ല.—പ്രവൃ 12:2.
യേശുക്രിസ്തുവിന്റെ അപ്പോസ്തലനായി നിയമിക്കപ്പെടുന്ന വ്യക്തിക്കു പിൻവരുന്ന യോഗ്യതകളുണ്ടായിരിക്കണമെന്നു പത്രോസ് നടത്തിയ പ്രസ്താവനയിൽനിന്ന് വ്യക്തമാണ്: അദ്ദേഹം യേശുവിനെ അടുത്ത് പരിചയമുള്ളയാളായിരിക്കണം, യേശുവിന്റെ പ്രവർത്തനങ്ങൾക്കും അത്ഭുതങ്ങൾക്കും, പ്രത്യേകിച്ച് യേശുവിന്റെ പുനരുത്ഥാനത്തിനും ദൃക്സാക്ഷിയും ആയിരിക്കണം. അതുകൊണ്ട് കാലം മുന്നോട്ടുപോകുംതോറും ഏതെങ്കിലും അപ്പോസ്തലന്റെ സ്ഥാനത്ത് മറ്റൊരാളെ നിയമിക്കുക അസാധ്യമാണെന്നു കാണാം. അല്ലെങ്കിൽ ഓരോ വ്യക്തിയുടെയും കാര്യത്തിൽ ഈ വ്യവസ്ഥകൾ പാലിക്കാൻ ദൈവിക ഇടപെടലുകൾ വേണ്ടിവരും. പെന്തിക്കോസ്തിനു മുമ്പുള്ള ആ സമയത്ത് ഈ യോഗ്യതകളെല്ലാമുള്ള പുരുഷന്മാരുണ്ടായിരുന്നു. അവിശ്വസ്തനായിത്തീർന്ന യൂദാസിനു പകരക്കാരനാകാൻ രണ്ടു പേരുകൾ പരിഗണിക്കപ്പെട്ടു. അപ്പോസ്തലന്മാർ നറുക്കിടുകയും മത്ഥിയാസിനു നറുക്കു വീഴുകയും ചെയ്തു. സുഭാഷിതങ്ങൾ 16:33 മനസ്സിൽപ്പിടിച്ചുകൊണ്ടായിരിക്കും അവർ അതു ചെയ്തത്. പിന്നീട് മത്ഥിയാസിനെ “11 അപ്പോസ്തലന്മാരുടെകൂടെ കൂട്ടി.” (പ്രവൃ 1:23-26) ഗ്രീക്കു ഭാഷ സംസാരിക്കുന്ന ശിഷ്യന്മാർ ഉൾപ്പെട്ട പ്രശ്നം പരിഹരിച്ച ‘12 അപ്പോസ്തലന്മാരിൽ’ മത്ഥിയാസും ഉണ്ടായിരുന്നു. (പ്രവൃ 6:1, 2) 1 കൊരിന്ത്യർ 15:4-8-ൽ പൗലോസ് അപ്പോസ്തലൻ പുനരുത്ഥാനം പ്രാപിച്ച യേശു ‘12 അപ്പോസ്തലന്മാർക്ക്’ പ്രത്യക്ഷനായതിനെക്കുറിച്ച് പറയുമ്പോൾ മത്ഥിയാസിനെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തമാണ്. അങ്ങനെ പെന്തിക്കോസ്തു ദിവസം വന്നെത്തിയപ്പോൾ 12 അപ്പോസ്തലന്മാരാകുന്ന അടിസ്ഥാനക്കല്ലുകളിന്മേൽ ആത്മീയ ഇസ്രായേലിനെ സ്ഥാപിക്കാൻ കഴിഞ്ഞു.
നവംബർ 19-25
ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 4–5
“അവർ തുടർന്നും ദൈവവചനം ധൈര്യത്തോടെ സംസാരിച്ചു”
w08-E 9/1 15, ചതുരം
വാമൊഴികളിൽനിന്ന് വിശുദ്ധലിഖിതങ്ങളിലേക്ക്—എഴുത്തും ആദ്യകാല ക്രിസ്ത്യാനികളും
അപ്പോസ്തലന്മാർ നിരക്ഷരരായിരുന്നോ?
പ്രമാണിമാരും ജനത്തിന്റെ മൂപ്പന്മാരും “പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും ആണെന്നു മനസ്സിലാക്കുകയും ചെയ്തപ്പോൾ” അതിശയിച്ചുപോയി. (പ്രവൃ 4:13) അപ്പോസ്തലന്മാർ ശരിക്കും നിരക്ഷരരായിരുന്നോ, അവർക്ക് എഴുത്തും വായനയും അറിയില്ലായിരുന്നോ? ഇതെക്കുറിച്ച് ഒരു ഗ്രന്ഥം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഈ വാക്കുകൾ സാധ്യതയനുസരിച്ച് അക്ഷരീയമായി എടുക്കേണ്ടതല്ല, അതായത് പത്രോസും (യോഹന്നാനും) വിദ്യാലയങ്ങളിൽ പോയി പഠിച്ചിട്ടില്ലെന്നും അവർക്ക് എഴുത്തും വായനയും അറിയില്ല എന്നുമല്ല ഈ വാക്കുകളുടെ അർഥം. ന്യായം വിധിക്കാൻ ഇരിക്കുന്നവർക്കും അപ്പോസ്തലന്മാർക്കും ഇടയിലുള്ള സാമൂഹികനിലയിലെ വലിയ അന്തരം ചൂണ്ടിക്കാണിക്കുക മാത്രമാണ് അവർ ചെയ്തത്.”
it-1-E 128 ¶3
അപ്പോസ്തലൻ
ക്രിസ്തീയസഭയിലെ പ്രവർത്തനം. പെന്തിക്കോസ്ത് ദിവസം പരിശുദ്ധാത്മാവ് ലഭിച്ചത് അപ്പോസ്തലന്മാരെ വളരെയധികം ശക്തിപ്പെടുത്തി. അപ്പോസ്തലന്മാരുടെ പ്രവൃത്തികളുടെ ആദ്യത്തെ അഞ്ച് അധ്യായങ്ങൾ അപ്പോസ്തലന്മാരുടെ നിർഭയത്വത്തിന്റെയും ധീരതയുടെയും നേർസാക്ഷ്യമാണ്. തടവും അടിയും വധഭീഷണിയും എല്ലാമുണ്ടായിട്ടും അവർ സന്തോഷവാർത്തയും യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വാർത്തയും ധൈര്യത്തോടെ പ്രസംഗിച്ചു. പെന്തിക്കോസ്തിനു ശേഷമുള്ള ആ ആദ്യദിവസങ്ങളിൽ അപ്പോസ്തലന്മാരുടെ ഊർജസ്വലമായ നേതൃത്വം, അതിശയിപ്പിക്കുന്ന രീതിയിൽ ക്രിസ്തീയസഭ വളരുന്നതിന് ഇടയാക്കി. (പ്രവൃ 2:41; 4:4) ആദ്യം അവരുടെ പ്രവർത്തനം യരുശലേമിൽ മാത്രമായി ഒതുങ്ങിയിരുന്നു, എന്നാൽ പിന്നീട് ശമര്യയിലേക്കും അതിനു ശേഷം അന്ന് അറിയപ്പെട്ടിരുന്ന ലോകത്തിലേക്കു മുഴുവനും വ്യാപിച്ചു.—പ്രവൃ 5:42; 6:7; 8:5-17, 25; 1:8.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 514 ¶4
മൂലക്കല്ല്
പണിക്കാർ തള്ളിക്കളഞ്ഞ കല്ല് ‘മൂലയുടെ തലയായിത്തീരുമെന്ന്’ (എബ്രായയിൽ, റോഷ്പിന്നാ) സങ്കീർത്തനം 118:22 പറയുന്നു. യേശു ഈ പ്രവചനം ഉദ്ധരിക്കുകയും താനാണു ‘മുഖ്യ മൂലക്കല്ല്’ (ഗ്രീക്കിൽ കെഫാലെഗോനിയാസ്, അഥവാ മൂലയുടെ തല) എന്നു വ്യക്തമാക്കുകയും ചെയ്തു. (മത്ത 21:42; മർ 12:10, 11; ലൂക്ക 20:17) ഒരു കെട്ടിടത്തിന്റെ രണ്ടു ഭിത്തികൾ ചേരുന്നിടത്ത് ഏറ്റവും മുകളിലുള്ള കല്ല് എല്ലാവരുടെയും ശ്രദ്ധയിൽപ്പെടും. സമാനമായി, ആത്മീയാലയത്തോടു താരതമ്യപ്പെടുത്തിയിരിക്കുന്ന അഭിഷിക്തരടങ്ങുന്ന സഭയ്ക്കു മകുടം ചാർത്തുന്ന കല്ലാണു യേശുക്രിസ്തു. പത്രോസും സങ്കീർത്തനം 118:22 ക്രിസ്തുവിനു ബാധകമാക്കി സംസാരിച്ചു. ആളുകൾ തള്ളിക്കളയുകയും എന്നാൽ ‘മൂലയുടെ തലയാകാൻ’ ദൈവം തിരഞ്ഞെടുക്കുകയും ചെയ്ത ‘കല്ല്’ യേശുക്രിസ്തുവാണെന്നു പത്രോസ് വിശദീകരിച്ചു.— പ്രവൃ 4:8-12; 1പത്ര 2:4-7-ഉം കൂടെ കാണുക.