അധ്യായം 13
അവർക്ക് കടുത്ത ‘വിയോജിപ്പുണ്ടായി’
പരിച്ഛേദന സംബന്ധിച്ച പ്രശ്നം ഭരണസംഘം കൈകാര്യംചെയ്യുന്നു
ആധാരം: പ്രവൃത്തികൾ 15:1-12
1-3. (എ) പുതുതായി സ്ഥാപിതമായ ക്രിസ്തീയ സഭയുടെ ഐക്യത്തിനു ഭീഷണി ഉയർത്തിക്കൊണ്ട് എന്തു പ്രശ്നം തലപൊക്കുന്നു? (ബി) പ്രവൃത്തികളുടെ പുസ്തകത്തിലെ ഈ വിവരണം പഠിക്കുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്തേക്കാം?
പൗലോസും ബർന്നബാസും ആദ്യ മിഷനറി പര്യടനം കഴിഞ്ഞ് സിറിയയിലെ അന്ത്യോക്യയിൽ മടങ്ങിയെത്തിയിരിക്കുന്നു. യഹോവ ‘ജനതകളിൽപ്പെട്ടവർക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതിന്റെ’ സന്തോഷത്തിലാണ് അവർ. (പ്രവൃ. 14:26, 27) അന്ത്യോക്യയിലും വ്യാപകമായി സന്തോഷവാർത്ത പ്രസംഗിക്കപ്പെടുകയും ജനതകളിൽപ്പെട്ടവരിൽനിന്ന് ‘അനേകം ആളുകൾ’ സഭയിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തിരിക്കുന്നു.—പ്രവൃ. 11:20-26.
2 വിശ്വാസികളുടെ എണ്ണം വർധിക്കുന്നതു സംബന്ധിച്ച വാർത്ത യഹൂദ്യയിലും എത്തി. എന്നാൽ എല്ലാവരും അതിൽ സന്തുഷ്ടരല്ല. പരിച്ഛേദനസംബന്ധിച്ച് കാലങ്ങളായി നിലനിന്നിരുന്ന പ്രശ്നം ഇപ്പോൾ രൂക്ഷമായിത്തീർന്നിരിക്കുന്നു. ജൂത പശ്ചാത്തലത്തിൽനിന്നുള്ള വിശ്വാസികളും ജൂതന്മാരല്ലാത്ത വിശ്വാസികളും തമ്മിൽ എങ്ങനെയുള്ള ഒരു ബന്ധം ഉണ്ടായിരിക്കണം, ജൂതന്മാരല്ലാത്ത വിശ്വാസികൾ മോശയുടെ നിയമത്തെ എങ്ങനെ വീക്ഷിക്കണം? ഈ പ്രശ്നം ക്രിസ്തീയ സഭയിൽ ചേരിതിരിവ് ഉളവാക്കാൻപോന്ന അളവോളം ഗുരുതരമാണിപ്പോൾ. ഇതിന് എങ്ങനെ ഒരു പരിഹാരം കാണാനാകുമായിരുന്നു?
3 പ്രവൃത്തികളുടെ പുസ്തകത്തിലെ ഈ വിവരണം പരിചിന്തിക്കവെ, വിലയേറിയ പല പാഠങ്ങളും നമുക്കു പഠിക്കാനാകും. വിഭാഗീയത സൃഷ്ടിച്ചേക്കാവുന്ന സമാനമായ പ്രശ്നങ്ങൾ ഉയർന്നുവരുന്നെങ്കിൽ ജ്ഞാനപൂർവകമായ ഒരു നിലപാടെടുക്കാൻ പ്രസ്തുത പാഠങ്ങൾ നമ്മെ സഹായിക്കും.
“പരിച്ഛേദനയേറ്റില്ലെങ്കിൽ” (പ്രവൃ. 15:1)
4. ചില വിശ്വാസികൾ തെറ്റായ ഏതെല്ലാം ആശയങ്ങൾ പ്രചരിപ്പിച്ചു, അത് എന്തു ചോദ്യം ഉയർത്തി?
4 ശിഷ്യനായ ലൂക്കോസ് എഴുതുന്നു: “യഹൂദ്യയിൽനിന്ന് ചിലർ (അന്ത്യോക്യയിലേക്കു) വന്ന്, ‘മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനയേറ്റില്ലെങ്കിൽ നിങ്ങൾക്കു രക്ഷ കിട്ടില്ല’ എന്നു സഹോദരന്മാരെ പഠിപ്പിക്കാൻതുടങ്ങി.” (പ്രവൃ. 15:1) ഇവിടെ പറഞ്ഞിരിക്കുന്ന ‘യഹൂദ്യയിൽനിന്നുള്ള ചിലർ’ പരീശഗണത്തിൽനിന്ന് ക്രിസ്ത്യാനികളായിത്തീർന്നവരാണോ എന്നു വ്യക്തമല്ല. എന്തായാലും അവർ, മോശയുടെ നിയമം കർശനമായി പാലിക്കണമെന്ന പരീശ ചിന്താഗതിയാൽ സ്വാധീനിക്കപ്പെട്ടവർ ആയിരുന്നിരിക്കാൻ ഇടയുണ്ട്. കൂടാതെ, തങ്ങൾ യരുശലേമിലുള്ള അപ്പോസ്തലന്മാർക്കും മൂപ്പന്മാർക്കും വേണ്ടി സംസാരിക്കുകയാണെന്നും അവർ അവകാശപ്പെട്ടിരുന്നിരിക്കണം. (പ്രവൃ. 15:23, 24) ദൈവിക മാർഗനിർദേശപ്രകാരം അപ്പോസ്തലനായ പത്രോസ് പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവരെ ക്രിസ്തീയ സഭയിലേക്കു സ്വാഗതംചെയ്തിട്ട് ഏതാണ്ട് 13 വർഷം പിന്നിട്ടിരുന്നു. എന്നാൽ ഇപ്പോഴും ജൂത പശ്ചാത്തലത്തിൽനിന്നുള്ളവർ പരിച്ഛേദനയ്ക്കുവേണ്ടി വാദിക്കുന്നത് എന്തുകൊണ്ടായിരിക്കാം?a—പ്രവൃ. 10:24-29, 44-48.
5, 6. (എ) പരിച്ഛേദന വേണമെന്ന് ജൂത പശ്ചാത്തലത്തിൽനിന്നുള്ള ചില ക്രിസ്ത്യാനികൾ ശഠിച്ചത് എന്തുകൊണ്ടായിരിക്കാം? (ബി) പരിച്ഛേദനയുടെ ഉടമ്പടി അബ്രാഹാമ്യ ഉടമ്പടിയുടെ ഭാഗമായിരുന്നോ? വിശദീകരിക്കുക. (അടിക്കുറിപ്പു കാണുക.)
5 അതിനു പല കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം. ഒരു സംഗതി, പുരുഷന്മാർ പരിച്ഛേദനയേൽക്കണമെന്ന നിയമംവെച്ചത് യഹോവതന്നെയാണ്. അതാകട്ടെ, യഹോവയുമായുള്ള ഒരു പ്രത്യേക ബന്ധത്തിന്റെ അടയാളവുമായിരുന്നു. പിൽക്കാലത്ത് നിയമയുടമ്പടിയുടെ ഭാഗമായിത്തീർന്ന ഈ നിബന്ധന വാസ്തവത്തിൽ അബ്രാഹാമിന്റെ കാലംമുതലേ പിൻപറ്റിപ്പോന്നിരുന്നതാണ്.b ((ലേവ്യ 12:2, 3) മോശയുടെ നിയമം അനുസരിച്ച് പെസഹപോലുള്ള ചില പ്രത്യേക ആചരണങ്ങളിൽ പങ്കെടുക്കുന്നതിന് വിദേശികൾപോലും പരിച്ഛേദനയേൽക്കണമായിരുന്നു. (പുറ. 12:43, 44, 48, 49) ജൂതന്മാർ പരിച്ഛേദനയേൽക്കാത്തവരെയെല്ലാം അശുദ്ധരും നിന്ദ്യരും ആയി കണക്കാക്കിയതിൽ അതിശയമില്ല.—യശ. 52:1.
6 അതുകൊണ്ടുതന്നെ ഈ പുതിയ പഠിപ്പിക്കലുമായി പൊരുത്തപ്പെടുന്നതിന് ജൂത പശ്ചാത്തലത്തിൽനിന്നുള്ള വിശ്വാസികൾക്ക് താഴ്മയും വിശ്വാസവും ആവശ്യമായിരുന്നു. മോശയുടെ നിയമത്തിനു പകരം പുതിയ ഉടമ്പടി നിലവിൽവന്ന സ്ഥിതിക്ക്, ഒരു ജൂതനായി ജനിച്ചതുകൊണ്ടുമാത്രം ഒരുവൻ ദൈവജനത്തിന്റെ ഭാഗമായിത്തീരുമായിരുന്നില്ല. കൂടാതെ, ജൂത സമൂഹങ്ങൾക്കിടയിൽ താമസിച്ചിരുന്ന ജൂത ക്രിസ്ത്യാനികൾക്ക്—യഹൂദ്യയിലെ വിശ്വാസികളുടെ കാര്യത്തിലെന്നപോലെ—ക്രിസ്തുവിനെ പരസ്യമായി അംഗീകരിക്കുന്നതിനും പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവരെ സഹവിശ്വാസികളായി സ്വീകരിക്കുന്നതിനും നല്ല ധൈര്യവും ആവശ്യമായിരുന്നു.—യിരെ. 31:31-33; ലൂക്കോ. 22:20.
7. ‘യഹൂദ്യയിൽനിന്നു വന്ന ചിലർക്ക്’ ഏതു സത്യങ്ങളാണ് ഉൾക്കൊള്ളാൻ കഴിയാതിരുന്നത്?
7 വാസ്തവത്തിൽ, ദൈവത്തിന്റെ നിലവാരങ്ങൾക്ക് മാറ്റമൊന്നും വന്നിരുന്നില്ല. പുതിയ ഉടമ്പടിയിൽ മോശയുടെ നിയമത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളിച്ചിരുന്നു എന്നതിൽനിന്ന് അതു വ്യക്തമാണ്. (മത്താ. 22:36-40) ഉദാഹരണത്തിന് പരിച്ഛേദനയെക്കുറിച്ച് പൗലോസ് പിന്നീട് ഇങ്ങനെ എഴുതി: “അകമേ ജൂതനായിരിക്കുന്നവനാണു ജൂതൻ. അയാളുടെ പരിച്ഛേദന എഴുതപ്പെട്ട നിയമസംഹിതയനുസരിച്ചുള്ളതല്ല, പകരം ദൈവാത്മാവിനാൽ ഹൃദയത്തിൽ ചെയ്യുന്നതാണ്.” (റോമ. 2:29; ആവ. 10:16) ‘യഹൂദ്യയിൽനിന്നു വന്ന ആ ചിലർക്ക്’ ഈ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല; പരിച്ഛേദനയുടെ നിയമം ദൈവം റദ്ദാക്കിയിട്ടില്ലെന്ന് അവർ വാദിച്ചു. ആകട്ടെ, യുക്തിസഹമായ വിശദീകരണങ്ങൾക്ക് അവർ ചെവികൊടുക്കുമോ?
‘വിയോജിപ്പും തർക്കവും’ (പ്രവൃ. 15:2)
8. പരിച്ഛേദനയുടെ പ്രശ്നം യരുശലേമിലെ ഭരണസംഘത്തിന്റെ മുമ്പാകെ അവതരിപ്പിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ട്?
8 ലൂക്കോസ് തുടരുന്നു: “പൗലോസും ബർന്നബാസും അവരോടു (‘യഹൂദ്യയിൽനിന്ന് വന്ന ചിലരോട്’) വിയോജിക്കുകയും അതിനെക്കുറിച്ച് കാര്യമായി തർക്കിക്കുകയും ചെയ്തു. പൗലോസും ബർന്നബാസും മറ്റു ചിലരും ഈ പ്രശ്നവുമായി യരുശലേമിൽ അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുത്ത് പോകണമെന്ന് അവർ (മൂപ്പന്മാർ) തീരുമാനിച്ചു.”c (പ്രവൃ. 15:2) ‘വിയോജിക്കുകയും കാര്യമായി തർക്കിക്കുകയും ചെയ്തു’ എന്നതു കാണിക്കുന്നത് ഇരുകൂട്ടർക്കും തങ്ങളുടെ ഭാഗം സംബന്ധിച്ച് തീവ്രമായ വികാരങ്ങളും ഉറച്ചബോധ്യവും ഉണ്ടായിരുന്നുവെന്നാണ്. അന്ത്യോക്യയിലെ സഭയ്ക്ക് ആ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനായില്ല. അതുകൊണ്ട് സഭയുടെ സമാധാനവും ഐക്യവും കണക്കിലെടുത്ത് പ്രശ്നം, ഭരണസംഘമായി വർത്തിച്ചിരുന്ന “അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും” മുമ്പാകെ അവതരിപ്പിക്കാൻ അവർ ജ്ഞാനപൂർവം തീരുമാനിച്ചു. അന്ത്യോക്യയിലെ മൂപ്പന്മാരിൽനിന്ന് നമുക്ക് എന്താണ് പഠിക്കാനാകുന്നത്?
9, 10. അന്ത്യോക്യയിലെ സഹോദരങ്ങളും അതുപോലെ പൗലോസും ബർന്നബാസും നമുക്കായി നല്ല മാതൃക വെച്ചത് എങ്ങനെ?
9 ഈ സംഭവത്തിൽനിന്നു നാം പഠിക്കുന്ന ഒരു സുപ്രധാന പാഠം, ദൈവത്തിന്റെ സംഘടനയിൽ നാം വിശ്വാസമർപ്പിക്കേണ്ടതുണ്ട് എന്നാണ്. ഇതേക്കുറിച്ചു ചിന്തിക്കുക: ജൂത പശ്ചാത്തലത്തിൽനിന്നുള്ള ക്രിസ്ത്യാനികൾമാത്രമാണ് ഭരണസംഘത്തിലുള്ളതെന്ന് അന്ത്യോക്യയിലുള്ള സഹോദരന്മാർക്ക് അറിയാമായിരുന്നു. എന്നിരുന്നാലും പരിച്ഛേദന സംബന്ധിച്ച പ്രശ്നത്തിന് തിരുവെഴുത്തധിഷ്ഠിതമായ ഒരു പരിഹാരം കണ്ടെത്തുന്നതിനായി അവർ ആ സംഘത്തെത്തന്നെ ആശ്രയിച്ചു. എന്തുകൊണ്ട്? യഹോവ തന്റെ പരിശുദ്ധാത്മാവിനാലും ക്രിസ്തീയ സഭയുടെ തലയായ യേശുക്രിസ്തുവിനാലും കാര്യങ്ങളെ നയിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. (മത്താ. 28:18, 20; എഫെ. 1:22, 23) സമാനമായി ഇന്നും ഗൗരവമേറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ദൈവത്തിന്റെ സംഘടനയെയും അഭിഷിക്ത ക്രിസ്ത്യാനികൾ ചേർന്ന ഭരണസംഘത്തെയും ആശ്രയിച്ചുകൊണ്ട് നമുക്കും അന്ത്യോക്യയിലെ വിശ്വാസികളുടെ മാതൃക പിൻപറ്റാം.
10 താഴ്മയും ക്ഷമയും ഉള്ളവരായിരിക്കേണ്ടതിന്റെ പ്രാധാന്യവും നമുക്ക് അതിലൂടെ പഠിക്കാനാകുന്നു. ജനതകളിൽപ്പെട്ടവരുടെ അടുക്കലേക്കു പോകുന്നതിന് പരിശുദ്ധാത്മാവിനാൽ നേരിട്ട് നിയമിതരായവരായിരുന്നു പൗലോസും ബർന്നബാസും. എന്നിരുന്നാലും ആ അധികാരം ഉപയോഗിച്ചുകൊണ്ട് പരിച്ഛേദനയുടെ പ്രശ്നം അന്ത്യോക്യയിൽവെച്ചുതന്നെ പരിഹരിക്കാമെന്ന് അവർ കരുതിയില്ല. (പ്രവൃ. 13:2, 3) മാത്രമല്ല, ഇക്കാര്യത്തിൽ ദൈവികമാർഗനിർദേശം ഉണ്ടായിരുന്നുവെന്നും വ്യക്തമായിരുന്നു; കാരണം, പിന്നീട് പൗലോസ് ഇങ്ങനെ എഴുതി: “ഒരു വെളിപാടു കിട്ടിയിട്ടാണു ഞാൻ (യരുശലേമിലേക്കു) പോയത്.” (ഗലാ. 2:2) അതുപോലെ ഇന്നും, ഭിന്നതയ്ക്ക് ഇടയാക്കിയേക്കാവുന്ന പ്രശ്നങ്ങൾ ഉരുത്തിരിയുമ്പോൾ താഴ്മയും ക്ഷമയും ഉള്ളവരായിരിക്കാൻ മൂപ്പന്മാർ ശ്രമിക്കുന്നു. സ്വന്തം അഭിപ്രായങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനു പകരം, തിരുവെഴുത്തുകളും വിശ്വസ്ത അടിമ പ്രദാനംചെയ്യുന്ന നിർദേശങ്ങളും മാർഗരേഖകളും പരിശോധിച്ചുകൊണ്ട് അവർ യഹോവയിൽ ആശ്രയിക്കുന്നു.—ഫിലി. 2:2, 3.
11, 12. യഹോവയുടെ സമയത്തിനായി കാത്തിരിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 ചിലപ്പോൾ, ഒരു കാര്യത്തെക്കുറിച്ച് വ്യക്തമായ ഗ്രാഹ്യം യഹോവ പ്രദാനംചെയ്യുന്നതുവരെ നാം കാത്തിരിക്കേണ്ടതുണ്ടായിരിക്കാം. ജനതകളിൽപ്പെട്ടവർ പരിച്ഛേദനയേൽക്കണമോ എന്ന പ്രശ്നത്തിന് യഹോവ ഒരു തീർപ്പുകല്പിക്കുന്നതിനായി പൗലോസിന്റെ നാളിലെ സഹോദരങ്ങൾക്ക് വർഷങ്ങൾതന്നെ കാത്തിരിക്കേണ്ടിവന്നു. എ.ഡി. 36-ൽ കൊർന്നേല്യൊസ് പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെട്ട് 13 വർഷത്തിനുശേഷം ഏതാണ്ട് എ.ഡി. 49-ലാണ് ആ പ്രശ്നത്തിന് ഒരു പരിഹാരമായത്. എന്തുകൊണ്ടാണ് അത്രയും കാലം വേണ്ടിവന്നത്? ആത്മാർഥഹൃദയരായ ജൂതന്മാർക്ക് തങ്ങളുടെ ചിന്താഗതിയിൽ ഇത്ര വലിയൊരു പൊരുത്തപ്പെടുത്തൽ വരുത്തുന്നതിന് വേണ്ടത്ര സമയം അനുവദിക്കാൻ ദൈവം ഒരുപക്ഷേ ആഗ്രഹിച്ചിരിക്കാം. അവരുടെ പൂർവികനായ അബ്രാഹാമുമായി ചെയ്ത, 1,900 വർഷം പഴക്കമുള്ള പരിച്ഛേദനയുടെ ഉടമ്പടി റദ്ദാക്കുന്നത് ഒരു നിസ്സാര കാര്യമായിരുന്നില്ല!—യോഹ. 16:12.
12 ക്ഷമയും ദയയുമുള്ള നമ്മുടെ സ്വർഗീയ പിതാവായ യഹോവയാൽ പഠിപ്പിക്കപ്പെടുകയും മനയപ്പെടുകയും ചെയ്യുന്നത് എത്ര വലിയൊരു പദവിയാണ്! അത് നമുക്ക് എല്ലായ്പോഴും നന്മയും പ്രയോജനവും കൈവരുത്തും എന്നതിനു സംശയമില്ല. (യശ. 48:17, 18; 64:8) അതുകൊണ്ട് നമുക്ക് ഒരിക്കലും അഹന്തയോടെ സ്വന്തം ആശയങ്ങളിൽ കടിച്ചുതൂങ്ങാതിരിക്കാം; സംഘടനാപരമായ മാറ്റങ്ങളോടോ തിരുവെഴുത്തു വിശദീകരണങ്ങളിൽ വരുന്ന പൊരുത്തപ്പെടുത്തലുകളോടോ നിഷേധാത്മകമായി പ്രതികരിക്കാതിരിക്കാം. (സഭാ. 7:8) അത്തരം പ്രവണതയുടെ ഒരു നേരിയ അംശമെങ്കിലും നമ്മിലുണ്ടെങ്കിൽ, പ്രവൃത്തികൾ 15-ാം അധ്യായത്തിൽ കാണുന്ന തത്ത്വങ്ങളെക്കുറിച്ച് പ്രാർഥനാപൂർവം നമുക്കു ധ്യാനിക്കാം.d
13. ശുശ്രൂഷയിൽ നമുക്ക് എങ്ങനെ യഹോവയുടെ ക്ഷമ പ്രതിഫലിപ്പിക്കാനാകും?
13 നാം ബൈബിൾപഠനം നടത്തുന്ന ആളുകൾക്ക് ഒരുപക്ഷേ, അവർ ഏറെ പ്രിയപ്പെട്ടതായി കരുതുന്ന വ്യാജോപദേശങ്ങളോ തിരുവെഴുത്തു വിരുദ്ധമായ ആചാരങ്ങളോ ഉപേക്ഷിക്കാൻ മടിയുണ്ടായിരിക്കും. അത്തരം സന്ദർഭങ്ങളിൽ നാം ക്ഷമ പ്രകടമാക്കേണ്ടതുണ്ട്; പരിശുദ്ധാത്മാവ് ആ വ്യക്തിയുടെ ഹൃദയത്തിൽ സ്വാധീനം ചെലുത്തുന്നതിനായി നാം ന്യായമായ സമയം അനുവദിക്കണം. (1 കൊരി. 3:6, 7) കൂടാതെ, നാം അതു സംബന്ധിച്ച് പ്രാർഥിക്കുകയും വേണം. അങ്ങനെയാകുമ്പോൾ ആ വ്യക്തിയോടുള്ള ബന്ധത്തിൽ ഏറ്റവും ഉചിതമായ തീരുമാനമെടുക്കാൻ തക്കസമയത്ത് ഏതെങ്കിലുമൊരു വിധത്തിൽ ദൈവം നമ്മെ സഹായിക്കും.—1 യോഹ. 5:14.
പ്രോത്സാഹജനകമായ അനുഭവങ്ങൾ അവർ “വിവരിച്ചു” (പ്രവൃ. 15:3-5)
14, 15. അന്ത്യോക്യ സഭയിലുള്ളവർ പൗലോസിനെയും ബർന്നബാസിനെയും കൂടെപ്പോയ മറ്റുള്ളവരെയും ആദരിച്ചത് എങ്ങനെ, പൗലോസിന്റെയും കൂട്ടാളികളുടെയും സന്ദർശനം സഹവിശ്വാസികൾക്ക് പ്രോത്സാഹനമേകിയത് എങ്ങനെ?
14 ലൂക്കോസ് വിവരണം തുടരുന്നു: “സഭയിലുള്ളവർ അവരോടൊപ്പം അൽപ്പദൂരം ചെന്ന് അവരെ യാത്രയാക്കി. ഫൊയ്നിക്യയിലൂടെയും ശമര്യയിലൂടെയും പോകുംവഴി, അവർ അവിടെയുള്ള സഹോദരന്മാരോടു ജനതകളിൽപ്പെട്ടവരുടെ പരിവർത്തനത്തെക്കുറിച്ച് വിവരിച്ചു; എല്ലാവർക്കും വലിയ സന്തോഷമായി.” (പ്രവൃ. 15:3) സഭയിലുള്ളവർ പൗലോസിന്റെയും ബർന്നബാസിന്റെയും അവരോടൊപ്പംപോയ മറ്റുള്ളവരുടെയും കൂടെ അൽപ്പദൂരം ചെന്ന് അവരെ യാത്രയാക്കിയത് അവരോടുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും ഒരു പ്രകടനമായിരുന്നു. അവരുടെ ഉദ്യമത്തിന്മേൽ ദൈവാനുഗ്രഹം ഉണ്ടായിരിക്കാൻ സഭ ആഗ്രഹിച്ചുവെന്നതിന്റെ സൂചനയായിരുന്നു അത്. അന്ത്യോക്യയിലെ സഹോദരന്മാർ ഇക്കാര്യത്തിലും എത്ര നല്ല ഒരു മാതൃകയാണ് വെച്ചത്! നിങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരോട്, “പ്രത്യേകിച്ച് ദൈവവചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അധ്വാനിക്കുന്ന” മൂപ്പന്മാരോട് നിങ്ങൾ ആദരവ് കാണിക്കുന്നുണ്ടോ?—1 തിമൊ. 5:17.
15 യരുശലേമിലേക്കു പോകവെ, ആ പുരുഷന്മാർ ജനതകളിൽപ്പെട്ടവർ സന്തോഷവാർത്ത സ്വീകരിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങൾ ഫൊയ്നിക്യയിലും ശമര്യയിലും ഉള്ള സഹവിശ്വാസികളോടു ‘വിവരിച്ചുകൊണ്ട്’ അവർക്കു പ്രോത്സാഹനമേകി. സ്തെഫാനൊസിന്റെ വധത്തെത്തുടർന്നു പലായനംചെയ്ത ജൂത പശ്ചാത്തലത്തിൽനിന്നുള്ള വിശ്വാസികളും അവിടെ ഉണ്ടായിരുന്നിരിക്കണം. സമാനമായി ഇന്നും ശിഷ്യരാക്കൽ വേലയെ യഹോവ അനുഗ്രഹിക്കുന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ നമ്മുടെ സഹോദരങ്ങൾക്ക്, വിശേഷാൽ പരിശോധനകളിലൂടെ കടന്നുപോകുന്നവർക്ക്, പ്രോത്സാഹനം പകരുന്നു. ക്രിസ്തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ഹാജരായിക്കൊണ്ടും അച്ചടിച്ച പ്രസിദ്ധീകരണങ്ങളിലോ jw.org-ലോ വരുന്ന അനുഭവങ്ങളും ജീവിതകഥകളും വായിച്ചുകൊണ്ടും അത്തരം റിപ്പോർട്ടുകളിൽനിന്ന് നിങ്ങൾ പരമാവധി പ്രയോജനം നേടുന്നുണ്ടോ?
16. പരിച്ഛേദന വലിയൊരു പ്രശ്നമായിത്തീർന്നിരുന്നുവെന്ന് എങ്ങനെ അറിയാം?
16 തെക്കോട്ട് ഏതാണ്ട് 550 കിലോമീറ്റർ യാത്രചെയ്ത് അന്ത്യോക്യയിൽനിന്നുള്ള ആ പ്രതിനിധിസംഘം ഒടുവിൽ യരുശലേമിൽ എത്തിച്ചേർന്നു. ലൂക്കോസ് എഴുതുന്നു: “അവർ യരുശലേമിൽ എത്തിയപ്പോൾ സഭയും അപ്പോസ്തലന്മാരും മൂപ്പന്മാരും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ദൈവം തങ്ങളിലൂടെ ചെയ്ത കാര്യങ്ങളെല്ലാം അവർ അവരെ അറിയിച്ചു.” (പ്രവൃ. 15:4) എന്നാൽ “പരീശഗണത്തിൽനിന്ന് വിശ്വാസികളായിത്തീർന്ന ചിലർ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ്, ‘ജൂതരല്ലാത്ത വിശ്വാസികളെ പരിച്ഛേദന ചെയ്യിപ്പിക്കുകയും മോശയുടെ നിയമം ആചരിക്കാൻ അവരോടു കല്പിക്കുകയും വേണം’ എന്നു പറഞ്ഞു.” (പ്രവൃ. 15:5) അതെ, ജനതകളിൽപ്പെട്ടവരിൽനിന്ന് ക്രിസ്ത്യാനികളായിത്തീർന്നവരുടെ പരിച്ഛേദന സംബന്ധിച്ച തർക്കം ഉടനടി പരിഹാരം കാണേണ്ട വലിയൊരു പ്രശ്നമായിത്തീർന്നിരുന്നു.
“അപ്പോസ്തലന്മാരും മൂപ്പന്മാരും കൂടിവന്നു” (പ്രവൃ. 15:6-12)
17. യരുശലേമിലെ ഭരണസംഘത്തിൽ ആരാണ് ഉണ്ടായിരുന്നത്, അഭിഷിക്തരായ മറ്റു ‘മൂപ്പന്മാരെ’ അതിൽ ഉൾപ്പെടുത്തിയത് എന്തുകൊണ്ടായിരിക്കാം?
17 “ഉപദേശം തേടുന്നവർക്കു ജ്ഞാനമുണ്ട്” എന്ന് സുഭാഷിതങ്ങൾ 13:10 പറയുന്നു. ആ തത്ത്വത്തിനു ചേർച്ചയിൽ “ഇക്കാര്യത്തിൽ (പരിച്ഛേദനയെ സംബന്ധിച്ച പ്രശ്നത്തിൽ) ഒരു തീരുമാനം ഉണ്ടാക്കാൻ അപ്പോസ്തലന്മാരും മൂപ്പന്മാരും കൂടിവന്നു.” (പ്രവൃ. 15:6) ഇന്നത്തെ ഭരണസംഘത്തെപ്പോലെതന്നെ, ആ “അപ്പോസ്തലന്മാരും മൂപ്പന്മാരും” മുഴു ക്രിസ്തീയ സഭയുടെയും പ്രതിനിധികളായി വർത്തിക്കുകയായിരുന്നു. അപ്പോസ്തലന്മാരോടൊപ്പം “മൂപ്പന്മാരും” ഉണ്ടായിരുന്നത് എന്തുകൊണ്ടാണ്? അപ്പോസ്തലനായ യാക്കോബിനെ വധിക്കുകയും കുറച്ചുകാലത്തേക്കാണെങ്കിലും അപ്പോസ്തലനായ പത്രോസിനെ തടവിലാക്കുകയും ചെയ്തിരുന്നുവെന്ന കാര്യം ഓർക്കുക. മറ്റ് അപ്പോസ്തലന്മാരുടെ കാര്യത്തിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകുമായിരുന്നില്ല. അതുകൊണ്ട് യോഗ്യതയുള്ള മറ്റ് അഭിഷിക്ത സഹോദരന്മാർ ഉണ്ടായിരിക്കുന്നത് പ്രവർത്തനത്തിനു ശരിയായ മേൽനോട്ടം തുടർന്നും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുമായിരുന്നു.
18, 19. പത്രോസ് എന്തു പറഞ്ഞു, അദ്ദേഹത്തിന്റെ ശ്രോതാക്കൾ ഏതു നിഗമനത്തിൽ എത്തിയിരിക്കണം?
18 ലൂക്കോസ് തുടരുന്നു: “ഏറെ നേരത്തെ ചൂടുപിടിച്ച ചർച്ചകൾക്കു ശേഷം പത്രോസ് എഴുന്നേറ്റ് അവരോടു പറഞ്ഞു: ‘സഹോദരന്മാരേ, ജനതകളിൽപ്പെട്ടവരോടു സന്തോഷവാർത്ത അറിയിക്കാനും അങ്ങനെ അവർ വിശ്വസികളായിത്തീരാനും വേണ്ടി കുറെ നാൾ മുമ്പ് ദൈവം എന്നെ നിങ്ങൾക്കിടയിൽനിന്ന് തിരഞ്ഞെടുത്ത കാര്യം നിങ്ങൾക്ക് അറിയാമല്ലോ. ഹൃദയങ്ങളെ അറിയുന്ന ദൈവം, നമുക്കു തന്നതുപോലെതന്നെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തു. അങ്ങനെ അവരെയും അംഗീകരിച്ചെന്നു തെളിവ് നൽകി. നമുക്കും അവർക്കും തമ്മിൽ ദൈവം ഒരു വ്യത്യാസവും കല്പിച്ചിട്ടില്ല. അവരുടെ വിശ്വാസം കാരണം അവരുടെ ഹൃദയങ്ങളെ ദൈവം ശുദ്ധീകരിച്ചിരിക്കുന്നു.’” (പ്രവൃ. 15:7-9) ഒരു പരാമർശഗ്രന്ഥം പറയുന്നതനുസരിച്ച് 7-ാം വാക്യത്തിൽ “ചൂടുപിടിച്ച ചർച്ചകൾ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന് ‘അന്വേഷിക്കൽ,’ ‘ചോദ്യം ചെയ്യൽ,’ എന്നൊക്കെയും അർഥമുണ്ട്. ആ സഹോദരന്മാർക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും അവർ അത് തുറന്നുപ്രകടിപ്പിച്ചുവെന്നും വ്യക്തം.
19 പത്രോസിന്റെ ശക്തമായ വാക്കുകൾ, ആദ്യമായി എ.ഡി. 36-ൽ പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവർ—കൊർന്നേല്യൊസും കുടുംബവും—പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നുവെന്ന വസ്തുത അവരുടെ മനസ്സിലേക്കു കൊണ്ടുവന്നു. ഇപ്പോൾ ജൂതനും ജൂതനല്ലാത്തവനും തമ്മിൽ യഹോവ യാതൊരു വ്യത്യാസവും കല്പിക്കാത്ത സ്ഥിതിക്ക് അതിനു വിപരീതമായി പ്രവർത്തിക്കാൻ മനുഷ്യന് എന്തധികാരമാണുള്ളത്? മാത്രമല്ല, ഒരു വിശ്വാസിയുടെ ഹൃദയം ശുദ്ധീകരിക്കപ്പെടുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെയാണ്, മോശയുടെ നിയമം അനുസരിക്കുന്നതിലൂടെയല്ല.—ഗലാ. 2:16.
20. പരിച്ഛേദനാവാദികൾ ‘ദൈവത്തെ പരീക്ഷിച്ചത്’ എങ്ങനെയാണ്?
20 ദിവ്യമൊഴിയുടെയും പരിശുദ്ധാത്മാവിന്റെയും അനിഷേധ്യമായ സാക്ഷ്യത്തെ ആധാരമാക്കി പത്രോസ് ഇങ്ങനെ ഉപസംഹരിച്ചു: “അതുകൊണ്ട് നമ്മുടെ പൂർവികർക്കോ നമുക്കോ ചുമക്കാൻ കഴിയാതിരുന്ന ഒരു നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെച്ചുകെട്ടി നിങ്ങൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്തിനാണ്? കർത്താവായ യേശുവിന്റെ അനർഹദയയാൽ അവർക്കു രക്ഷ ലഭിക്കുന്നതുപോലെതന്നെയാണു നമുക്കും രക്ഷ ലഭിക്കുന്നതെന്നു നമ്മൾ വിശ്വസിക്കുന്നു.” (പ്രവൃ. 15:10, 11) പരിച്ഛേദനാവാദികൾ വാസ്തവത്തിൽ ‘ദൈവത്തെ പരീക്ഷിക്കുകയായിരുന്നു,’ അഥവാ ഫിലിപ്സ് ഭാഷാന്തരം (ഇംഗ്ലീഷ്) പറയുന്നതുപോലെ ‘ദൈവത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു.’ ജൂതന്മാർക്കുതന്നെ പൂർണമായി അനുസരിക്കാൻ കഴിയാതിരുന്ന, അങ്ങനെ അവരെ മരണശിക്ഷയ്ക്ക് അർഹരാക്കിത്തീർത്ത, ഒരു നിയമസംഹിതയാണ് അവർ ജനതകളിൽപ്പെട്ടവരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചത്. (ഗലാ. 3:10) വാസ്തവത്തിൽ, പത്രോസിനെ ശ്രദ്ധിച്ച ആ ജൂതക്രിസ്ത്യാനികൾ യേശു മുഖാന്തരം ദൈവം കാണിച്ച വലിയ കൃപയെപ്രതി കൃതജ്ഞതയുള്ളവർ ആയിരിക്കണമായിരുന്നു.
21. ബർന്നബാസും പൗലോസും ആ ചർച്ചയിൽ എന്തു പങ്കുവഹിച്ചു?
21 തീർച്ചയായും, പത്രോസിന്റെ വാക്കുകൾക്ക് ഉദ്ദേശിച്ച ഫലമുണ്ടായി; അവിടെ “കൂടിവന്നവരെല്ലാം നിശ്ശബ്ദരായി” എന്ന് വിവരണം പറയുന്നു. തുടർന്ന് ‘ബർന്നബാസും പൗലോസും ദൈവം തങ്ങളിലൂടെ ജനതകൾക്കിടയിൽ ചെയ്ത പല അടയാളങ്ങളും അത്ഭുതങ്ങളും വിവരിച്ചു.’ (പ്രവൃ. 15:12) അങ്ങനെ, തെളിവുകളെല്ലാം വിലയിരുത്തിക്കൊണ്ട് അപ്പോസ്തലന്മാർക്കും മൂപ്പന്മാർക്കും ഇപ്പോൾ, പരിച്ഛേദനയെ സംബന്ധിച്ച് ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള ഒരു തീരുമാനമെടുക്കാനാകുമായിരുന്നു.
22-24. (എ) ഇന്നത്തെ ഭരണസംഘം ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിന്റെ മാതൃക പിൻപറ്റുന്നത് എങ്ങനെ? (ബി) മൂപ്പന്മാർക്ക് ദിവ്യാധിപത്യ ക്രമീകരണങ്ങളോട് എങ്ങനെ ആദരവു കാണിക്കാനാകും?
22 ഇന്നും, ഭരണസംഘം കൂടിവരുമ്പോൾ മാർഗദർശനത്തിനായി ദൈവവചനത്തിൽ ആശ്രയിക്കുകയും പരിശുദ്ധാത്മാവിനുവേണ്ടി ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്യുന്നു. അങ്ങനെ ദൈവേഷ്ടത്തിനു ചേർച്ചയിൽ തീരുമാനമെടുക്കാൻ അവർക്കു കഴിയുന്നു. (സങ്കീ. 119:105; മത്താ. 7:7-11) യോഗത്തിൽ ചർച്ചചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി ചിന്തിക്കാനും പ്രാർഥിക്കാനും കഴിയേണ്ടതിന് ഭരണസംഘത്തിലെ ഓരോ അംഗത്തിനും യോഗത്തിന്റെ അജണ്ട നേരത്തേതന്നെ ലഭിക്കുന്നു. (സുഭാ. 15:28) യോഗസമയത്ത് ഈ അഭിഷിക്ത സഹോദരന്മാർ ആദരപൂർവം തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപ്രകടിപ്പിക്കുന്നു. ചർച്ചയിൽ ഉടനീളം കൂടെക്കൂടെ ബൈബിൾ പരിശോധിക്കുകയും ചെയ്യുന്നു.
23 സഭാമൂപ്പന്മാരും അതേ മാതൃക പിൻപറ്റേണ്ടതുണ്ട്. മൂപ്പന്മാരുടെ യോഗത്തിൽ ചർച്ചചെയ്തശേഷവും ഗൗരവമുള്ള ഒരു വിഷയത്തെക്കുറിച്ച് തീരുമാനത്തിലെത്താൻ മൂപ്പന്മാരുടെ സംഘത്തിനു കഴിയുന്നില്ലെങ്കിൽ അവർക്ക് ബ്രാഞ്ചോഫീസുമായോ സർക്കിട്ട് മേൽവിചാരകന്മാരെപ്പോലുള്ള നിയമിത പ്രതിനിധികളുമായോ ബന്ധപ്പെടാവുന്നതാണ്. ആവശ്യമെങ്കിൽ ബ്രാഞ്ചോഫീസ് അതേക്കുറിച്ച് ഭരണസംഘത്തിന് എഴുതുന്നതായിരിക്കും.
24 ദിവ്യാധിപത്യ ക്രമീകരണങ്ങളെ ആദരിക്കുകയും താഴ്മയും വിശ്വസ്തതയും ക്ഷമയും പ്രകടമാക്കുകയും ചെയ്യുന്നവരെ യഹോവ തീർച്ചയായും അനുഗ്രഹിക്കും. യഥാർഥ സമാധാനവും ആത്മീയ സമൃദ്ധിയും ക്രിസ്തീയ ഐക്യവും ആയിരിക്കും ദൈവത്തിൽനിന്നുള്ള അനുഗ്രഹങ്ങൾ. അതേക്കുറിച്ചാണ് അടുത്ത അധ്യായം ചർച്ചചെയ്യുന്നത്.
a “ജൂതമതാനുകൂലികളുടെ പഠിപ്പിക്കലുകൾ” എന്ന ചതുരം കാണുക.
b പരിച്ഛേദനയുടെ ഉടമ്പടി, ഇന്നും പ്രാബല്യത്തിലുള്ള അബ്രാഹാമ്യ ഉടമ്പടിയുടെ ഭാഗമായിരുന്നില്ല. ബി.സി. 1943-ൽ അബ്രാഹാം (അന്ന് അബ്രാം) കനാനിലേക്കു പോകാനായി യൂഫ്രട്ടീസ് നദി കടന്നപ്പോഴാണ് അബ്രാഹാമ്യ ഉടമ്പടി നിലവിൽവന്നത്. അന്ന് അദ്ദേഹത്തിന് 75 വയസ്സായിരുന്നു. എന്നാൽ ബി.സി. 1919-ൽ അബ്രാഹാമിന് 99 വയസ്സുള്ളപ്പോഴാണ് പരിച്ഛേദനയുടെ ഉടമ്പടി പ്രാബല്യത്തിൽവരുന്നത്.—ഉൽപ. 12:1-8; 17:1, 9-14; ഗലാ. 3:17.
c പൗലോസിന്റെ ഒരു വിശ്വസ്ത കൂട്ടാളിയും പ്രതിനിധിയും ആയി പിന്നീട് സേവിച്ച, ഗ്രീക്ക് ക്രിസ്ത്യാനിയായ തീത്തോസും യരുശലേമിലേക്കു പോയ ആ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നിരിക്കണം. (ഗലാ. 2:1; തീത്തോ. 1:4) പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ട ഒരാൾ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചതിന്റെ ഒരു ഉത്തമ ദൃഷ്ടാന്തമായിരുന്നു അദ്ദേഹം.—ഗലാ. 2:3.
d “യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ ബൈബിളധിഷ്ഠിതം” എന്ന ചതുരം കാണുക.