ഫിലിപ്പി—നീരുറവുകളുടെ നാട്
തെസ്സലോനിക്യയെ സമീപിക്കുകയിൽ ഞങ്ങൾ ഏജിയൻ കടലിലെ തിരമാലകൾക്ക് തൊട്ടു മുകളിലൂടെയാണ് പറന്നത്. പെട്ടെന്ന് കടൽത്തീരത്ത് വിമാനത്തെ തൊട്ടുരുമ്മി റൺവേ പ്രത്യക്ഷമായതിനാൽ വിമാനം നിലത്തിറങ്ങിക്കഴിഞ്ഞു എന്ന് എന്റെ ഭാര്യ കരുതി. “ഇത്രയും സുന്ദരമായി നാം ഇതിനു മുമ്പൊരിക്കലും പറന്നിറങ്ങിയിട്ടില്ല” അവൾ പറഞ്ഞു. എന്നാൽ അപ്പോൾ ഒരു കുലുക്കത്തോടെ വിമാനം തറയിൽ തൊട്ടു.
മാസിഡോണിയ, ഗ്രീസ്! മഹാനായ അലക്സാണ്ടറിന്റെ ലോകത്തെ സംബന്ധിച്ചും റോമിന്റെ ഭാവി നിർണ്ണയിച്ച ഫിലിപ്പി സമതലത്തിലെ യുദ്ധത്തെക്കുറിച്ചും ഞാൻ ചിന്തിച്ചു. അവ ക്രിസ്തീയ അപ്പോസ്തലനായ പൗലോസിന്റെ ജീവിതത്തെയും ശുശ്രൂഷയെയും എത്രത്തേളം സ്വാധീനിച്ചിരിക്കണം എന്നു ഞാൻ ആലോചിച്ചു. “ജനതകളുടെ അപ്പോസ്തലൻ” എന്ന നിലയിൽ പൗലോസ് യൂറോപ്പിൽ ക്രിസ്ത്യാനിത്വത്തിന് തുടക്കം കുറിച്ചത് ഫിലിപ്പിയിലായിരുന്നു. (റോമർ 11:13) ഞങ്ങൾക്ക് കൂടുതൽ വെളിച്ചം പകരുന്ന എന്തെങ്കിലും ഞങ്ങൾക്ക് അവിടെ കാണാൻ കഴിയുമോ? അതോ ചരിത്രം സകല അടയാളങ്ങളും അവിടെ നിന്ന് തുടച്ചു നീക്കിയിട്ടുണ്ടായിരിക്കുമോ?
തെസ്സലോനിക്യയിൽ നിന്ന് വടക്ക് ബസ്സ് മാർഗ്ഗം ഏതാണ്ട് രണ്ടു മണിക്കൂർ അകലെ കവാല്ല തുറമുഖത്തിന്റെ മുകളിലായി വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെ ഞങ്ങളുടെ ബസ്സ് നീങ്ങി. കവാല്ല മുഖ്യമായും പുകയില കയററുമതി ചെയ്യുന്ന ഒരു തുറമുഖമാണെങ്കിലും കടൽത്തീരത്ത് മത്സ്യബന്ധനക്കാർ വലകൾ കേടുപോക്കിക്കൊണ്ടിരുന്നതിനാൽ കവാല്ല നിയാപ്പൊലീസ് എന്നു വിളിക്കപ്പെട്ടിരുന്നപ്പോൾ പൗലോസ് കണ്ടതുപോലുള്ള ഒരു രംഗമാണ് അതെന്ന് ഞങ്ങൾ ഊഹിച്ചു—പ്രവൃത്തികൾ 16:11.
പൗലോസ് നിയാപ്പൊലീസിൽ താമസിച്ചിട്ടില്ലെങ്കിലും ഏതാനും വാര തഴെയായി പൗലോസ് സഞ്ചരിച്ച കുത്തനെയുള്ളതും കല്ലുകൾ പതിച്ചതുമായ പാത ഞങ്ങൾക്കു കാണാമായിരുന്നു. അവിടെ നിന്നും ഇടുങ്ങിയതും വനനിബിഢവുമായ ഒരു മലയിടുക്ക് പിന്നിട്ടപ്പോൾ ഫിലിപ്പി പട്ടണമായിരുന്ന സ്ഥലത്തിന്റെ ആദ്യ വീക്ഷണം ഞങ്ങൾക്ക് ലഭിച്ചു. താഴ്വരയിൽ നിന്ന് ഏതാണ്ട് പകുതി ദൂരം ഉയരത്തിലായി ആ സ്ഥലം തിരിച്ചറിയിക്കുന്ന വലിയ പാറ ഞങ്ങൾ കണ്ടു.
താഴോട്ട് നോക്കിയാൽ പാകമായിക്കൊണ്ടിരുന്ന പുകയില തോട്ടങ്ങൾ ഞങ്ങൾക്കു കാണാമായിരുന്നു. പൗലോസ് അവിടെ ചതുപ്പു നിലങ്ങളും അവിടത്തെ ഇടതൂർന്ന കാടുകളിലെ ആദ്യ കുടിയേററക്കാരെയുമാണ് കണ്ടത്. കുത്തനെയുള്ള ഇറക്കത്തിൽ പ്രകൃതിദൃശ്യങ്ങൾ നിരീക്ഷിക്കാൻ പൗലോസ് ഇടക്കിടെ നിന്നിട്ടുണ്ടാകണം. എന്നിരുന്നാലും ഞങ്ങളെപ്പോലെ ഉത്സാഹഭരിതനായി അദ്ദേഹം ധൃതിയിൽ നടന്നു നീങ്ങിയിരിക്കണം.
നീരുറവുകൾ
ക്രിസ്തുവിനു മുമ്പ് 356-ൽ ഫിലിപ്പ് രണ്ടാമൻ വന്ന് വനം വെട്ടിത്തെളിക്കുകയും പട്ടണം കൂടുതൽ വിശാലമാക്കുകയും അതിന് തന്റെ പേരു നൽകുകയും ചെയ്തതിന് മുമ്പും ഫിലിപ്പി സ്ഥിതി ചെയ്തിരുന്നു. അതിനു അഞ്ചുവർഷങ്ങൾക്ക് മുമ്പ് താസോസിൽ നിന്നുള്ള കുടിയേററക്കാർ അസൈലയിലെയും പൻഗേയൂസ് കുന്നിലെയും സമ്പന്നമായ ഖനികളിൽ പണിയെടുക്കാൻ അവിടേക്ക് വന്നിരുന്നു. അവർ തങ്ങളുടെ ഗ്രാമത്തിന് ക്രെനിഡെസ്, ‘ചെറിയ ഉറവുകളുടെ സ്ഥലം’ എന്നു പേരിട്ടിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആ താഴ്വരയെ ഒരു ചതുപ്പു നിലമാക്കിക്കൊണ്ട് എല്ലായിടത്തും തന്നെ നീരുറവുകൾ പൊന്തിവരുന്നു.
ഈ അടുത്തകാലത്തു മാത്രമാണ് ഈ പ്രദേശത്തുനിന്ന് വെള്ളം വാർത്തിക്കളയുന്നതിൽ വിജയിക്കാൻ കഴിഞ്ഞത്. എന്നാൽ ഉറവുകൾ ഇപ്പോഴും അവിടെയുണ്ട്, അരുവികൾ ഇപ്പോഴും ഒഴുകുന്നു. ഒരു സ്ഥലത്ത് പഴയ റോമൻ റോഡ് ഗാഞ്ചിററിസ് നദിയെ കടന്നുപോകുന്നു. ആ നദി പൗലോസിന് പ്രത്യേകാൽ താത്പ്പര്യമുള്ളതായിരുന്നതിനാൽ അതു കാണാൻ ഞങ്ങൾ ആഗ്രഹിച്ചു.
വിലയേറിയ ലോഹങ്ങളുടെ ഉറവ്
ത്രാവോസിൽ നിന്നുള്ള ഭീഷണിക്കെതിരെ താസിയൻ ഖനിത്തൊഴിലാളികളെ സംരക്ഷിക്കാൻ ഫിലിപ്പ് ക്രെനിഡസ് ഗ്രാമം കോട്ടകെട്ടി ഉറപ്പിച്ചു. ക്രെനിഡസ് ഒരു സൈനിക കേന്ദ്രമായി ഉപയോഗിക്കാൻ അയാൾ ആഗ്രഹിച്ചു. എന്നാൽ എല്ലാററിലുമുപരിയായി തന്റെ അധികാര തൃഷ്ണയോടുകൂടിയ യുദ്ധ പദ്ധതികൾക്ക് അയാൾക്കു സ്വർണ്ണം ആവശ്യമായിരുന്നു. സ്വർണ്ണഖനികൾ ഫിലിപ്പിനെയും അലക്സാണ്ടറിനെയും പ്രതിവർഷം ആയിരത്തിലധികം താലന്ത് സ്വർണ്ണംകൊണ്ട് ധനികരാക്കി. എന്നാൽ അവിടത്തെ സ്വർണ്ണം തീർന്നപ്പോൾ ഫിലിപ്പി വീണ്ടും വിസ്മൃതിയിലാണ്ടുപോയി.
രക്തത്തിന്റെ ഉറവുകൾ
ഒരു നൂററാണ്ടിലധികം കടന്നുപോയി. ഗ്രീസ്സ് റോമിന്റെ അധികാരത്തിന് വഴിമാറിക്കൊടുത്തു. റോമാ സാമ്രാജ്യത്തിന് റോഡുകൾ ആവശ്യമായിരുന്നു. മാസിഡോണിയക്ക് കുറുകെ വയ എഗ്നാഷിയ നിർമ്മിക്കപ്പെട്ടു. സമുദ്രതീരത്തു നിന്ന് 14 കി.മീ. അകലെ അതു ഫിലിപ്പിയുടെ നടുവിലൂടെ കടന്ന് വ്യാപാരപരവും സൈനികവുമായ ഗതാഗതത്താൽ ആ നഗരത്തെ ഉണർത്തുകയും ചെയ്തു.
ഫിലിപ്പി യുദ്ധ തന്ത്രപ്രധാനമായിത്തീർന്നു. ക്രി.മു. 42-ൽ റോമൻ സാമ്രാജ്യവും അതിന്റെ അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചവരും തമ്മിലുള്ള രണ്ടു പൊരിഞ്ഞ പോരാട്ടങ്ങൾ അവിടെ നടക്കുകയും വളരെയധികം രക്തം ചൊരിയപ്പെടുകയും ചെയ്തു. എന്നാൽ റിപ്പബ്ലിക്കൻ ഗൂഢാലോചന പരാജയപ്പെടുകയും സീസറിന്റെ സാമ്രാജ്യം സംരക്ഷിക്കപ്പെടുകയും ചെയ്തു. അതിന്റെ ഒരു സ്മാരകമായി വിജയിയായ ഒക്ടോവിയൻ ഫിലിപ്പിയെ ഒരു റോമൻ കോളനിയാക്കി.—പ്രവൃത്തികൾ 16:12.
ജീവന്റെ ഉറവുകൾ
ഇന്ന് ഫിലിപ്പിയിൽ ആരും വസിക്കുന്നില്ല. അതു പുരാവസ്തു ഗവേഷണ പ്രധാനമായ ഒരു സ്ഥലം മാത്രമാണ്. ഞങ്ങൾ വയ എഗ്നാഷിയയിലൂടെ നടന്നപ്പോൾ തറയിൽ പാകിയ കല്ലുകളിലെ രഥചക്രപാടുകൾ ഞങ്ങൾ പരിശോധിച്ചു. ഞങ്ങൾ ചന്തസ്ഥലത്തുകൂടെ കറങ്ങി നടക്കുകയും 50 സീററുകളുള്ള പൊതു കക്കൂസ് കാണുകയും ചെയ്തു. ലൈബ്രറിയിൽ പുസ്തകങ്ങളൊന്നുമില്ലായിരുന്നു, ജിംനേഷ്യത്തിൽ ഗുസ്തിക്കാർ ഇല്ലാത്തതുപോലെ തന്നെ. (വാസ്തവത്തിൽ അതു ഒരു പലേസ്ത്ര, ഗുസ്തി പരിശീലനകേന്ദ്രമായിരുന്നു) റോമൻ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും ഗ്രീക്കു പ്രതിഷ്ഠകളും അക്രോപ്പെലിസിലേക്കുള്ള വഴിയുടെ മദ്ധ്യ ഭാഗത്തായി ഒരു ഈജിപ്ഷ്യൻ ആരാധനാലയം പോലും ഞങ്ങൾ കണ്ടു. തുറസ്സായ ആ തീയറററിൽ ഇരുന്നപ്പോൾ അതിന്റെ നിർമ്മാണത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന ശബ്ദശാസ്ത്രത്തിൽ ഞങ്ങൾക്ക് അതിശയം തോന്നി. ചന്തസ്ഥലത്തു നിന്നപ്പോൾ ഉദ്ധതൻമാരായ ന്യായാധിപൻമാർ അവരുടെ ചേംബറുകളിൽ നിന്ന് പുറത്തേക്ക് വരുന്നതും അവരുടെ അധികാരത്തിന്റെ ചിഹ്നമായി ഒരു കോടാലിയിൽ വടികൾ ചുററിക്കെട്ടിയതും വഹിച്ചുകൊണ്ട് ഉദ്യോഗസ്ഥൻമാർ അവർക്കു മുമ്പായി നടന്നു വരുന്നതും ഞങ്ങൾ ഭാവനയിൽ കണ്ടു. ക്രി.വ. 50 ആയപ്പോഴേക്ക് തികച്ചും റോമൻ ആയിത്തീർന്നിരുന്ന ഫിലിപ്പി ഞങ്ങളുടെ മനോദൃഷ്ടിയിൽ പുനഃസൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിച്ചു. ബൈബിൾ പറയുംപ്രകാരം പൗലോസും സഹപ്രവർത്തകരും “ആ നഗരത്തിൽ ചില ദിവസങ്ങൾ പാർത്തു.” (പ്രവൃത്തികൾ 16:12) താൽപ്പര്യജനകമായ എന്തെങ്കിലും സംഭവിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. പിന്നീട് ഒരു ദിവസം പഴയ ദൈവങ്ങളെയും പുതിയ ദൈവങ്ങളെയും അനുഗമിക്കാത്തവരും എന്നാൽ ഭക്തരെന്ന് അറിയപ്പെട്ടിരുന്നവരുമായ ഒരു ചെറിയ കൂട്ടം ആളുകളെക്കുറിച്ച് പൗലോസ് കേട്ടു. അവർ കോളനിയുടെ കമാനത്തിൽ നിന്നു അകലെയായി നഗരത്തിനു വെളിയിൽ റോഡ് പുഴക്കു കുറുകെ കടന്നിരുന്ന സ്ഥലത്തോട് അടുത്തായിരുന്നു സമ്മേളിച്ചിരുന്നത്.
“ശബ്ബത്തുദിവസം,” ലൂക്കോസ് എഴുതി, “ഞങ്ങൾ ഗോപുരത്തിന് പുറത്തേക്ക് പോയി, അവിടെ ഒരു പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു പുഴവക്കത്ത് ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.” ചർച്ച യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ പ്രത്യാശയെയും നിത്യജീവനെയും സംബന്ധിച്ചായിരുന്നു. വിശേഷിച്ച് രക്താംബരം വില്ക്കുന്നവളായ ലുദിയ എന്നു പേരുള്ള ഒരു സ്ത്രീ . . . കേട്ടുകൊണ്ടിരുന്നു. പൗലോസ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതിന് കർത്താവ് അവളുടെ ഹൃദയം തുറന്നു.”—പ്രവൃത്തികൾ 16:13, 14; ഫിലിപ്പിയർ 2:12, 16; 3:14 താരതമ്യം ചെയ്യുക.
ഏതാനും ദിവസങ്ങൾക്കുശേഷം ഫിലിപ്പിയിലെ പൗലോസിന്റെ വാസം നാടകീയമായി അവസാനിച്ചു. പ്രാർത്ഥനാസ്ഥലത്തേക്കുള്ള ഏതാണ്ട് ഒരു മൈൽ നടന്നുപോകുന്നതിനിടയിൽ ദുരാത്മാവ് ബാധിച്ച ശല്യക്കാരിയായ ഒരു പെൺകുട്ടിയെ അവൻ അഭിമുഖീകരിച്ചു. പൗലോസ് ഭൂതത്തെ പുറത്താക്കിയപ്പോൾ തങ്ങളുടെ ഭാവികഥന ബിസിനസ്സ് തകർക്കപ്പെട്ടതിൽ ആ പെൺകുട്ടിയുടെ യജമാനൻമാർ കുപിതരായിത്തീർന്നു. എന്ത് അനന്തരഫലത്തോടെ?
അവർ പൗലോസിനെയും ശീലാസിനെയും പിടിച്ച് ചന്തസ്ഥലത്ത് ഭരണാധിപൻമാരുടെ അടുത്തേക്ക് വലിച്ചുകൊണ്ടുപോയി, ‘ഇവർ യഹൂദൻമാരാണ്’ (ക്ലൗദിയൂസ് യഹൂദൻമാരെ റോമിൽനിന്നു നാടു കടത്തിയതായി എല്ലാവർക്കും അറിയാമായിരുന്നു) ‘ഇവർ റോമാക്കാരായ നമുക്ക് അംഗീകരിക്കാനും അനുസരിക്കാനും പാടില്ലാത്ത ആചാരങ്ങളെ പ്രസംഗിച്ചുകൊണ്ട് പട്ടണത്തെ വല്ലാതെ കലക്കുന്നു’ എന്ന് അവർ ആരോപിച്ചു. ജനക്കൂട്ടം അവർക്കെതിരായി വിധി കൽപ്പിച്ചു. ഉദ്യോഗസ്ഥൻമാർ അവരുടെ വടികൾ അഴിച്ചെടുത്ത് പൗലോസിനെയും ശീലാസിനെയും വളരെ അടിച്ചു. രക്തം വാർന്ന് അവശ നിലയിലായ അവരെ ജയിലിലടക്കുകയും അവരുടെ കാലുകൾ ആമത്തിലിട്ടു പൂട്ടുകയും ചെയ്തു. എന്നാൽ അന്നു രാത്രിതന്നെ ഒരു വലിയ ഭൂകമ്പത്താൽ പൗലോസും ശീലാസും സ്വതന്ത്രരായിത്തീരുന്നതിനും കാരാഗ്രഹ സൂക്ഷിപ്പുകാരനും കുടുംബവും ക്രിസ്ത്യാനിത്വം സ്വീകരിക്കുന്നതിനും ഇടയായിത്തീർന്നു.—പ്രവൃത്തികൾ 16:16-34.
പിറേറന്നാൾ രാവിലെ തങ്ങൾക്കുണ്ടായ തെററിദ്ധാരണ സംബന്ധിച്ച് ഭരണാധിപൻമാർ ക്ഷമായാചനം നടത്തി. ദയവായി അവർ പട്ടണം വിട്ടുപോകണം എന്ന് അവരോട് അപേക്ഷിച്ചു. പൗലോസും ശീലാസും തെസ്സലോനിക്യയിലേക്കു പോകുന്നതിനു മുമ്പ് സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലുദിയായുടെ ഭവനം സന്ദർശിച്ചു. ലൂക്കോസാകട്ടെ പുതുതായി രൂപീകരിക്കപ്പെട്ട സഭയുടെ കാര്യം നോക്കുന്നതിന് അവിടെ തുടർന്നു പാർത്തു.—പ്രവൃത്തികൾ 16:35-40.
ഔദാര്യത്തിന്റെ ഉറവുകൾ
ലുദിയായെ സംബന്ധിച്ച് ലൂക്കോസ് എഴുതി: “ഞങ്ങൾ അവളുടെ വീട്ടിലേക്ക് ചെല്ലാൻ അവൾ ഞങ്ങളെ നിർബ്ബന്ധിച്ചു.” സാഹചര്യം ശരിയായി മനസ്സിലാക്കിയപ്പോൾ പൗലോസിന്റെ കാരാഗ്രഹ സൂക്ഷിപ്പുകാരൻപോലും വലിയ അതിഥിപ്രിയം കാട്ടി. (പ്രവൃത്തികൾ 16:15, 33, 34) പൗലോസ് തെസ്സലോനിക്യയിൽ പാർത്ത കാലത്ത് ഫിലിപ്പിയിലെ സുഹൃത്തുക്കൾ രണ്ടു പ്രാവശ്യം അവന് ആവശ്യമായ വസ്തുക്കൾ അയച്ചുകൊടുത്തു.
പിന്നീട് അവൻ കൊരിന്തിൽ ധൈര്യസമേതം ദൈവസേവനത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ ഫിലിപ്പിയർ വീണ്ടും അവന്റെ അടുത്തെത്തി. വർഷങ്ങൾക്കുശേഷം പൗലോസ് റോമിൽ തടവിലായിരുന്നപ്പോൾ ഫിലിപ്പിയിൽ നിന്ന് ചിലർ അവനു കാഴ്ചകൾ കൊണ്ടുവരികയും അപ്പോസ്തലനു വ്യക്തിപരമായി സേവനം ചെയ്യാൻ തയ്യാറാവുകയും ചെയ്തു. ഇതു പൗലോസിന്റെ ഹൃദയത്തെ സ്പർശിച്ചു. ഫിലിപ്പിയർക്ക് ഭൗതികമായി ഏറെയൊന്നും ഇല്ല എന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് അവൻ ഇപ്രകാരം എഴുതി: “അവരുടെ മഹാ ദാരിദ്ര്യം ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നിരിക്കുന്നു.”—2 കൊരിന്ത്യർ 8:1, 2; 11:8, 9; ഫിലിപ്പിയർ 2:25; 4:16-18.
ഞങ്ങൾ യാത്ര പറയുന്നു
ഞങ്ങൾ ഗാൻഗിററിസ് നദീതീരത്ത് അല്പസമയം ചെലവഴിച്ചു. ഞാൻ എന്റെ കൈ വെള്ളത്തിൽ മുക്കി. അതു അതിശയകരമാംവിധം തണുപ്പുള്ളതായിരുന്നു. ഞങ്ങൾ ചുററുപാടും കണ്ണോടിച്ചു. പൗലോസും മററുള്ളവരും ആരാധനക്കായി കൂടിവന്ന “പ്രാർത്ഥനാസ്ഥലം” ഇവിടെ അടുത്ത് എവിടെയോ ആയിരുന്നിരിക്കണം.
ഫിലിപ്പി എനിക്ക് ഇത്ര ആകർഷകമാക്കിത്തീർക്കുന്നത് എന്താണ്? എന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചു. അതു നദീ തീരത്തുള്ള ഈ സ്ഥലമാണോ? ശൂന്യമായ പുസ്തകശാലയും ആളൊഴിഞ്ഞ ജിംനേഷ്യവും ദൈവങ്ങളില്ലാത്ത ക്ഷേത്രങ്ങളും സാധനങ്ങളൊന്നുമില്ലാത്ത കച്ചവട സ്ഥാപനങ്ങളും സഹിതമുള്ള ചന്തസ്ഥലമായിരിക്കുമോ?
അത് അവിടത്തെ നീരുറവുകളാണോ? വാസ്തവത്തിൽ ഫിലപ്പി “നീരുറവുകളുടെ ഒരു നാടു”തന്നെയാണ്. അവയിൽനിന്ന് ഇപ്പോഴും ജലം നിർഗ്ഗമിക്കുന്നു. ഒരിക്കൽ അവിടെനിന്ന് സ്വർണ്ണം ഒഴുകിയിരുന്നു, ദാരുണമായ ഒരു കാലഘട്ടത്തിൽ രക്തവും ഒഴുകി. എന്നാൽ പൗലോസ്, ലുദിയ, കാരാഗ്രഹ പ്രമാണി മുതലായ ചില പ്രത്യേക വ്യക്തികളിൽ നിന്ന് ജീവന്റെയും സ്നേഹത്തിന്റെയും ഔദാര്യത്തിന്റെയും നീരൊഴുക്കുണ്ടായിരുന്ന ഒരു നല്ല കാലഘട്ടവും അതിനുണ്ടായിരുന്നു. ആളുകളാണ് പ്രധാനം അല്ലേ? ആ പ്രത്യേക വ്യക്തികളാണ് എന്നെ സംബന്ധിച്ചടത്തോളം ഫിലിപ്പിക്ക് പ്രത്യേകത കൈവരുത്തിയത്. അവർ എന്നെ സന്താപചിത്തനാക്കുന്നു. അവർ എന്നെ ധ്യാനനിരതനാക്കുന്നു. എന്റെ ചിന്തകളിൽനിന്ന് എന്റെ ഭാര്യ എന്നെ വിളിച്ചുണർത്തി. “വരൂ,” മൃദുലമായി അവൾ മൊഴിഞ്ഞു. “പോകാൻ സമയമായിരിക്കുന്നു.”—സംഭാവന ചെയ്യപ്പെട്ടത്. (g91 3⁄22)
[25-ാം പേജിലെ ചിത്രങ്ങൾ/ഭൂപടം]
മുകളിൽ ഇടത്ത്: “ബീമ” പുരാതന ഫിലിപ്പിയിലെ (ന്യായാസനം); മുകളിൽ വലത്ത്: “വയ എഗ്നാഷിയ” ഗാൻഗിററിസ് നദി കുറുകെ കടക്കുന്ന സ്ഥലം; താഴെ: ചന്തസ്ഥലം
[ഗ്രീസ്/ഫിലിപ്പി ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)