ശീലാസ്—പ്രോത്സാഹനത്തിന്റെ ഒരു ഉറവ്
ക്രിസ്തീയ ചരിത്രത്തിന്റെ ആദ്യകാലം മുതലേ, വിശ്വസ്ത സഞ്ചാര മേൽവിചാരകന്മാർ ദൈവജനത്തിന്റെ സഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും ഭൂമിയുടെ അതിവിദൂര ഭാഗത്തേക്ക് സുവാർത്ത പ്രചരിപ്പിക്കുന്നതിലും മർമപ്രധാനമായ പങ്കു വഹിച്ചിരിക്കുന്നു. ആദ്യകാലത്തുതന്നെ നിയമിതരായ സഞ്ചാര മേൽവിചാരകന്മാരിൽ ഒരാളായിരുന്നു ഒരു പ്രവാചകനും യെരൂശലേം സഭയിലെ ഒരു പ്രമുഖ അംഗവും ആയിരുന്ന ശീലാസ്. പ്രസംഗവേലയുമായി ബന്ധപ്പെട്ട പ്രധാന സംഭവവികാസങ്ങളിൽ ഒരു മുഖ്യ പങ്ക് ഉണ്ടായിരുന്ന അവൻ യൂറോപ്യൻ പ്രദേശത്ത് ആദ്യം സുവിശേഷ പ്രവർത്തനം നടത്തിയ മിഷനറിമാരിൽ ഒരുവനും ആയിരുന്നു. ഇതെല്ലാം നിർവഹിക്കാൻ ശീലാസിനെ വിശേഷാൽ യോഗ്യനാക്കിയത് എന്തായിരുന്നു? അവന്റെ വ്യക്തിത്വത്തിന്റെ ഏതെല്ലാം സവിശേഷതകൾ നാം അനുകരിക്കുന്നതു പ്രയോജനപ്രദമായിരിക്കും?
പരിച്ഛേദന പ്രശ്നം
പൊ.യു.49-ൽ, ഭിന്നത വരുത്താൻ സാധ്യതയുണ്ടായിരുന്ന പരിച്ഛേദന പ്രശ്നം പൊന്തിവന്നപ്പോൾ, അതു പരിഹരിക്കുന്നതിനുവേണ്ടി ക്രിസ്ത്യാനികൾക്ക് യെരൂശലേമിലെ ഭരണസംഘം വ്യക്തമായ നിർദേശം അയയ്ക്കേണ്ടിവന്നു. സില്വാനൊസ് എന്നും വിളിക്കപ്പെടുന്ന ശീലാസ് ബൈബിൾ വിവരണങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഈ ചുറ്റുപാടിൽ ആണ്. തീരുമാനം എടുത്തവരുടെ കൂട്ടത്തിൽ അവൻ ഉണ്ടായിരുന്നിരിക്കാം. തുടർന്ന് അവൻ “അന്ത്യോക്യയിലെയും സിറിയയിലെയും കിലിക്യയിലെയും സഹോദരങ്ങ”ളെ തീരുമാനം അറിയിക്കാനായി “അപ്പൊസ്തലന്മാ”രുടെയും “പ്രായമേറിയ പുരുഷന്മാ”രുടെയും പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ത്യോക്യയിൽ, ബർന്നബാസിനോടും പൗലൊസിനോടുംകൂടെ ശീലാസും യൂദാസും (ബർസബാസ്) യെരൂശലേമിലെ യോഗത്തിലെ സംഭവങ്ങളും കൈക്കൊണ്ട തീരുമാനങ്ങളും കത്തിന്റെ ഉള്ളടക്കവും അവർ വാമൊഴിയായിത്തന്നെ വിവരിച്ചുകൊണ്ട് തങ്ങൾ കൊണ്ടുവന്ന സന്ദേശം കൈമാറി. അവർ “പല പ്രസംഗങ്ങളാൽ സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുകയും അവരെ ബലപ്പെടുത്തുകയും” ചെയ്തു. അന്ത്യോക്യയിലെ ക്രിസ്ത്യാനികൾ “ആഹ്ളാദിച്ചു” എന്നതായിരുന്നു അതിന്റെ സന്തുഷ്ട ഫലം.—പ്രവൃത്തികൾ 15:1-32, NW.
അങ്ങനെ ഈ അടിസ്ഥാന പ്രശ്നം പരിഹരിക്കുന്നതിൽ ശീലാസ് ഒരു പ്രധാന പങ്കു വഹിച്ചു. എന്നാൽ അവന്റെ നിയമനം എളുപ്പമുള്ളത് ആയിരുന്നില്ല. എത്തിച്ചേർന്നിരിക്കുന്ന തീരുമാനത്തോട് അന്ത്യോക്യ സഭ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ യാതൊരു വഴിയുമില്ലായിരുന്നു. അങ്ങനെ, “അപ്പൊസ്തലന്മാർ കത്തിൽ എഴുതിയിരിക്കുന്ന സംഗതികൾ വിവരിച്ചുകൊടുക്കാൻ നല്ല ജ്ഞാനവും നയവും ഉള്ള ഒരാൾ ആവശ്യമായിരുന്നു” എന്ന് ഒരു ഭാഷ്യകാരൻ പറയുന്നു. നയചാതുര്യം ആവശ്യമുള്ള ഈ നിയമനത്തിന് ശീലാസിനെ തിരഞ്ഞെടുത്തത് അവൻ ഏതുതരം വ്യക്തിയായിരുന്നിരിക്കാം എന്നതു സംബന്ധിച്ചു സൂചന നൽകുന്നു. ഭരണസംഘത്തിന്റെ നിർദേശങ്ങളെ വിശ്വസ്തതയോടെ പ്രതിനിധാനം ചെയ്യാൻ അവനെ ആശ്രയിക്കാമായിരുന്നു. സഭ വിവാദച്ചുഴിയിൽ ആയിരിക്കുമ്പോൾ അനുരഞ്ജന ഫലമുണ്ടാക്കാനുള്ള പ്രാപ്തിയും ജ്ഞാനവുമുള്ള ഒരു മേൽവിചാരകൻ ആയിരുന്നിരിക്കണം അവൻ.
പൗലൊസിനോടൊപ്പം യാത്ര ചെയ്യുന്നു
ആ ദൗത്യത്തിനുശേഷം ശീലാസ് യെരൂശലേമിലേക്കു മടങ്ങിയോ ഇല്ലയോ എന്നു നിശ്ചയമില്ല. അത് എന്തായാലും, മർക്കൊസിനെച്ചൊല്ലി ബർന്നബാസിനും പൗലൊസിനും ഇടയിലുണ്ടായ തർക്കത്തിനുശേഷം, പൗലൊസ് അപ്പോൾ അന്ത്യോക്യയിലായിരുന്ന ശീലാസിനെ ഒരു പുതിയ യാത്രയ്ക്കായി തിരഞ്ഞെടുത്തു. ആദ്യ മിഷനറി യാത്രയിൽ പൗലൊസ് പ്രസംഗിച്ച നഗരങ്ങൾ വീണ്ടും സന്ദർശിക്കുകയായിരുന്നു ആ യാത്രയുടെ പ്രധാന ലക്ഷ്യം.—പ്രവൃത്തികൾ 15:36-41.
വിജാതീയരുടെ അടുക്കലേക്കുള്ള നിയമനത്തോട് ശീലാസിനുള്ള ക്രിയാത്മക മനോഭാവം ആ തിരഞ്ഞെടുപ്പിന് ഒരു കാരണം ആയിരുന്നിരിക്കാം. കൂടാതെ ഒരു പ്രവാചകനും ഭരണസംഘത്തിന്റെ തീരുമാനങ്ങൾ സിറിയയിലെയും കിലിക്യയിലെയും വിശ്വാസികളെ അറിയിക്കുന്നതിൽ അതിന്റെ ഒരു വക്താവും എന്ന നിലയിൽ അവനു കൈവന്ന പ്രാമാണികതയും ആ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരിക്കാം. ഫലങ്ങൾ അതിശ്രേഷ്ഠമായിരുന്നു. പ്രവൃത്തികളുടെ പുസ്തകം വിവരിക്കുന്നു: “അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണ്ണയങ്ങൾ പ്രമാണിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.”—പ്രവൃത്തികൾ 16:4, 5.
ആ മിഷനറി യാത്രയ്ക്കിടയിൽ, പരിശുദ്ധാത്മാവിന്റെ നിർദേശം അനുസരിച്ച് അവർക്കു തങ്ങളുടെ നിർദിഷ്ട വഴികൾ രണ്ടു പ്രാവശ്യം മാറ്റേണ്ടിവന്നു. (പ്രവൃത്തികൾ 16:6, 7) തിമൊഥെയൊസിനെ കുറിച്ച് ഏതോ “പ്രവചനങ്ങൾ” ലഭിച്ചതിനെത്തുടർന്ന്, ആ യാത്രയിൽ ലുസ്ത്രയിൽവെച്ച് അവനെയും അവരോടുകൂടെ ചേർത്തു. (1 തിമൊഥെയൊസ് 1:18; 4:14) പ്രവചനവരവും ഉണ്ടായിരുന്ന പൗലൊസിന് ഒരു ദർശനം ലഭിച്ചതിനെത്തുടർന്ന്, ആ സഞ്ചാര കൂട്ടാളികൾക്കു യൂറോപ്പിലെ മക്കദോന്യയിലേക്കു കപ്പൽ കയറാൻ നിർദേശം ലഭിച്ചു.—പ്രവൃത്തികൾ 16:9, 10.
അടിയും തടങ്കലും
“പ്രധാനപട്ടണ”മായ ഫിലിപ്പിയിൽ, ശീലാസിന് മറക്കാനാവാത്തതരം ഒരു കഠിനപരീക്ഷ നേരിട്ടു. പൗലൊസ് ഒരു അടിമ പെൺകുട്ടിയിലെ ഭാവികഥന ഭൂതത്തെ പുറത്താക്കിയതിനെത്തുടർന്ന്, അവളിലൂടെ ലഭിച്ചിരുന്ന വരുമാനം നഷ്ടപ്പെട്ട അവളുടെ യജമാനന്മാർ ശീലാസിനെയും പൗലൊസിനെയും നഗരാധിപന്മാരുടെ അടുക്കലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. അതിന്റെ ഫലമായി, പരസ്യമായി ദുഷ്ടന്മാരോടെന്നപോലുള്ള നിന്ദ്യമായ പെരുമാറ്റം അനുഭവിച്ച രണ്ടുപേരുടെയും കുപ്പായങ്ങൾ വലിച്ചുകീറുകയും അവരെ ചന്തസ്ഥലത്തുവെച്ച് കോൽകൊണ്ട് അടിക്കുകയും ചെയ്തു.—പ്രവൃത്തികൾ 16:12, 16-22.
അത്തരം അടികൾ സഹനത്തിന്റെ നെല്ലിപ്പലക കാണിക്കുന്ന ഭീതിദമായ ശിക്ഷകൾ ആയിരുന്നു. മാത്രമല്ല, പൗലൊസിന്റെയും ശീലാസിന്റെയും കാര്യത്തിൽ അവ നിയമവിരുദ്ധവും ആയിരുന്നു. എന്തുകൊണ്ട്? റോമൻ നിയമം അനുസരിച്ച് റോമാ പൗരനെ അടിക്കാൻ പാടില്ലായിരുന്നു. പൗലൊസിന്—സാധ്യതയനുസരിച്ച് ശീലാസിനും—റോമൻ പൗരത്വം ഉണ്ടായിരുന്നു. “വളരെ അടിപ്പിച്ചശേഷം” പൗലൊസിനെയും ശീലാസിനെയും തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി. ഇത് “ഉറക്കം കിട്ടാതിരിക്കത്തക്കവണം തടവുകാരുടെ കാലുകൾ ഇരുവശങ്ങളിലേക്കും പരമാവധി അകത്തി വലിച്ചുനിർത്താവുന്ന ഒരു ഭയങ്കര ഉപകരണം” ആയിരുന്നുവെന്ന് ഗുസ്താഫ് സ്റ്റാലിൻ പറയുന്നു. എന്നിട്ടും, മുതുകിൽ നിറയെ വേദനിക്കുന്ന മുറിവുകൾ ഉള്ളപ്പോഴും, അർധരാത്രി “പൌലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടിസ്തുതി”ക്കുകയായിരുന്നു.—പ്രവൃത്തികൾ 16:23-25.
ഇതിൽനിന്നു നമുക്കു ശീലാസിന്റെ വ്യക്തിത്വം സംബന്ധിച്ച് കുറച്ചുകൂടെ വിവരങ്ങൾ ലഭിക്കുന്നു. തങ്ങൾ ക്രിസ്തുവിന്റെ നാമത്തിനുവേണ്ടിയാണ് സഹിക്കുന്നത് എന്നതിനാൽ അവൻ സന്തുഷ്ടനായിരുന്നു. (മത്തായി 5:11, 12; 24:9) വ്യക്തമായും ആ മനോഭാവം ആയിരുന്നു മുമ്പത്തെ അന്ത്യോക്യ ദൗത്യത്തിനിടയിൽ സഭയെ പ്രോത്സാഹിപ്പിക്കുന്നതിലും ബലപ്പെടുത്തുന്നതിലും അങ്ങനെ സഹക്രിസ്ത്യാനികളെ ആഹ്ലാദിക്കാനിടയാക്കിയതിലും ഫലപ്രദരായിരിക്കാൻ ശീലാസിനെയും സഹകാരികളെയും പ്രാപ്തരാക്കിയിരുന്നത്. ഒരു ഭൂമികുലുക്കത്താൽ തടങ്കലിൽനിന്ന് അത്ഭുതകരമായി മോചിപ്പിക്കപ്പെടുകയും ആത്മഹത്യക്കു തുനിഞ്ഞ കാരാഗൃഹപ്രമാണിയെയും കൂടാതെ അവന്റെ കുടുംബത്തെയും ദൈവത്തിൽ വിശ്വാസം പ്രകടമാക്കുന്നതിനു സഹായിക്കാൻ പ്രാപ്തരാകുകയും ചെയ്തതിൽ പൗലൊസിന്റെയും ശീലാസിന്റെയും സന്തോഷം വർധിച്ചിരിക്കണം.—പ്രവൃത്തികൾ 16:26-34.
അടിയും തടങ്കലും പൗലൊസിനെയോ ശീലാസിനെയോ അധൈര്യപ്പെടുത്തിയില്ല. അവരെ മോചിപ്പിക്കാനുള്ള കൽപ്പന വന്നപ്പോൾ, ന്യായാധിപന്മാർ പ്രതീക്ഷിച്ചതുപോലെ, അവർ ലജ്ജ പ്രകടമാക്കി രഹസ്യമായി ഫിലിപ്പി വിടുകയല്ല ചെയ്തത്. അവർ കൂസലില്ലാതെ നിന്ന് ഗർവിഷ്ഠരും തോന്നിയവാസക്കാരുമായ ഉദ്യോഗസ്ഥന്മാർക്കുനേരേ ശക്തമായ വാദമുഖങ്ങൾ നിരത്തുകയായിരുന്നു. “റോമപൌരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ?” പൗലൊസ് ചോദിച്ചു. ‘അങ്ങനെ അല്ല; അവർതന്നെ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ.’ ഭവിഷ്യത്തുകൾ ഭയന്ന നഗരാധിപന്മാർ, അവർ രണ്ടുപേരോടും നഗരം വിട്ടുപോകണമേ എന്ന് അഭ്യർഥിക്കാൻ നിർബന്ധിതരായി.—പ്രവൃത്തികൾ 16:35-39.
റോമാക്കാർ എന്ന നിലയിലുള്ള തങ്ങളുടെ അവകാശങ്ങളെ കുറിച്ച് അധികാരികൾക്കു ബോധ്യം വരുത്തിയശേഷം, ആ നഗരാധിപന്മാരുടെ അഭ്യർഥനയ്ക്കു വഴങ്ങിയ പൗലൊസും ശീലാസും യാത്രപറയാനായി സുഹൃത്തുക്കളുടെ പക്കലേക്കു പോയി. പ്രസംഗയാത്രകളിൽ സാധാരണ ചെയ്യാറുള്ളതുപോലെ, ശീലാസും സഹകാരിയും ഒരിക്കൽക്കൂടെ സഹോദരങ്ങളെ കണ്ടു “ആശ്വസിപ്പിച്ച”ശേഷം പുറപ്പെട്ടുപോയി.—പ്രവൃത്തികൾ 16:40.
മക്കദൊന്യയിൽനിന്നു ബാബിലോനിലേക്ക്
അത്തരമൊരു മോശമായ അനുഭവത്തിനുശേഷം നിരുത്സാഹം തോന്നാതെ, പൗലൊസും ശീലാസും സഹകാരികളും പുതിയ മിഷനറി വയലുകളിലേക്കു പോകുകയാണു ചെയ്തത്. തെസ്സലൊനീക്യയിൽ അവർക്കു പിന്നെയും ബുദ്ധിമുട്ടുകൾ നേരിട്ടു. മൂന്നു ശബത്തുകൾ അടങ്ങുന്ന ഒരു കാലയളവിൽ പൗലൊസിന് ശുശ്രൂഷയിൽ ഉണ്ടായ വിജയത്തിൽ അസൂയപൂണ്ട എതിരാളികൾ ജനക്കൂട്ടത്തെ ഇളക്കി. ജ്ഞാനപൂർവം പ്രവർത്തിച്ച ആ മിഷനറിമാർ രാത്രിതന്നെ ആ നഗരം വിട്ടു. അവർ തുടർന്ന് ബെരോവയിലേക്കു തിരിച്ചു. ആ നഗരത്തിൽ പൗലൊസിനും സഹകാരികൾക്കും ഉണ്ടായ നേട്ടത്തെ കുറിച്ച് അറിഞ്ഞ എതിരാളികൾ തെസ്സലൊനീക്യയിൽനിന്ന് അവിടെയും വന്നു. പൗലൊസ് ഒറ്റയ്ക്കു യാത്ര തുടർന്നു. അതേസമയം ശീലാസും തിമൊഥെയൊസും ബെരോവയിൽ തങ്ങി പുതുതാത്പര്യക്കാരുടെ കൂട്ടത്തെ സേവിച്ചു. (പ്രവൃത്തികൾ 17:1-15) മക്കദൊന്യയിൽനിന്നുള്ള സന്തോഷവാർത്തയും സാധ്യതയനുസരിച്ച് വിശ്വസ്ത സുഹൃത്തുക്കളിൽനിന്നുള്ള ഒരു സമ്മാനവുമായി എത്തിയ ശീലാസും തിമൊഥെയൊസും കൊരിന്തിൽവെച്ച് പൗലൊസിനോടൊപ്പം വീണ്ടും ചേർന്നു. ഇത് ഇടയ്ക്ക് ലൗകിക തൊഴിലും ചെയ്യേണ്ടിവന്ന ദരിദ്രനായ അപ്പൊസ്തലനെ അതു നിർത്തി തീക്ഷ്ണതയോടെ മുഴുസമയ പ്രസംഗത്തിലേക്കു തിരിച്ചുവരാനും പ്രാപ്തനാക്കിയിരിക്കണം. (പ്രവൃത്തികൾ 18:1-5; 2 കൊരിന്ത്യർ 11:9) കൊരിന്തിൽ, ശീലാസും തിമൊഥെയൊസും സുവിശേഷപ്രവർത്തകരായും പൗലൊസിന്റെ സഹകാരികളായും പരാമർശിക്കപ്പെടുന്നു. അതുകൊണ്ട്, ആ നഗരത്തിലും അവരുടെ പ്രവർത്തനം മന്ദീഭവിച്ചില്ലെന്നു വ്യക്തമാണ്.—2 കൊരിന്ത്യർ 1:19.
ഈ കാലഘട്ടത്തിൽ കൊരിന്തിൽനിന്ന് തെസ്സലൊനീക്യർക്ക് എഴുതിയ ലേഖനങ്ങളിൽ ഉടനീളം “ഞങ്ങൾ” എന്ന സർവനാമം ഉപയോഗിക്കുന്നത് ശീലാസും തിമൊഥെയൊസും എഴുത്തിൽ പങ്കെടുത്തിരുന്നു എന്നു സൂചിപ്പിക്കുന്നതാകാം. ശീലാസ് ലേഖനരചനയിൽ ഏർപ്പെട്ടിരുന്നു എന്ന ആശയം മുഖ്യമായും ലഭിക്കുന്നത് പത്രൊസ് തന്റെ ലേഖനങ്ങളിലൊന്നിനെപ്പറ്റി പറയുമ്പോഴാണ്. “വിശ്വസ്തസഹോദരൻ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തര”മാണ് ബാബിലോനിൽനിന്നു തന്റെ ആദ്യ ലേഖനം എഴുതിയതെന്ന് പത്രൊസ് പറയുന്നു. (1 പത്രൊസ് 5:12, 13) വാഹകൻ എന്നും അതുകൊണ്ട് അർഥമാക്കാമെങ്കിലും, പത്രൊസിന്റെ രണ്ട് ലേഖനങ്ങളിലെയും ശൈലികൾക്കുള്ള വ്യത്യാസം അവൻ ശീലാസിനെക്കൊണ്ട്, രണ്ടാമത്തേത് അല്ല, ഒന്നാമത്തെ ലേഖനം എഴുതിച്ചിരിക്കാം എന്നു സൂചിപ്പിക്കുന്നു. അതുകൊണ്ട്, പല പ്രത്യേക കഴിവുകളും ദിവ്യാധിപത്യ പദവികളും ഉണ്ടായിരുന്നതിന്റെ കൂട്ടത്തിൽ ശീലാസിന് സെക്രട്ടറിയുടെ പദവിയും ഉണ്ടായിരുന്നിരിക്കാം.
അനുകരിക്കേണ്ട ഒരു മാതൃക
ശീലാസ് ചെയ്തതെന്നു നമുക്ക് അറിയാവുന്ന സംഗതികളെ കുറിച്ചു ചിന്തിക്കുമ്പോൾ, അവന്റെ പ്രവൃത്തികൾ മതിപ്പുളവാക്കുന്നവയാണ്. ആധുനികകാല മിഷനറിമാർക്കും സഞ്ചാര മേൽവിചാരകന്മാർക്കും അവൻ ഒരു ശ്രേഷ്ഠ മാതൃകയാണ്. മറ്റുള്ളവരെ സഹായിക്കാൻ വലിയ ബുദ്ധിമുട്ടുകൾ സഹിച്ച് അവൻ വളരെ ദൂരം നിസ്വാർഥമായി യാത്ര ചെയ്തു. അത് സാമ്പത്തിക ലാഭമോ പ്രശസ്തിയോ ലക്ഷ്യമിട്ടുകൊണ്ടായിരുന്നില്ല. ജ്ഞാനപൂർവകവും നയപരവുമായ ബുദ്ധ്യുപദേശത്തിലൂടെയും നന്നായി തയ്യാർ ചെയ്തതും ഊഷ്മളവുമായ പ്രസംഗങ്ങളിലൂടെയും, അതുപോലെതന്നെ വയൽശുശ്രൂയിലെ തീക്ഷ്ണതയിലൂടെയും അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. യഹോവയുടെ സംഘടിത ജനത്തിനിടയിൽ നിങ്ങളുടെ സ്ഥാനം എന്തുതന്നെ ആയാലും, നിങ്ങളും സമാനമായി ക്രിയാത്മക മനോഭാവം പ്രകടമാക്കിയാൽ—പ്രതികൂലമായ അവസ്ഥകളിൽപ്പോലും—സഹവിശ്വാസികൾക്ക് പ്രോത്സാഹനത്തിന്റെ ഒരു ഉറവ് ആകാൻ നിങ്ങൾക്കും കഴിയും.
[29-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
പൗലൊസിന്റെ രണ്ടാമത്തെ മിഷനറി യാത്ര
മഹാ സമുദ്രം
അന്ത്യോക്യ
ദെർബ്ബ
ലുസ്ത്ര
ഇക്കോന്യ
ത്രോവാസ്
ഫിലിപ്പി
അംഫിപൊലിസ്
തെസ്സലൊനീക്യ
ബെരോവ
അഥേന
കൊരിന്ത്
എഫെസോസ്
യെരൂശലേം
കൈസര്യ
[കടപ്പാട]
Mountain High Maps® Copyright © 1997 Digital Wisdom, Inc.