പാഠം 48
ന്യായവാദ രീതി
ദൈവവചനം നമ്മുടെ ജീവിതത്തിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെ പ്രതി നാം നന്ദിയുള്ളവരാണ്. മറ്റുള്ളവരും അതുപോലെ പ്രയോജനം അനുഭവിച്ചു കാണാൻ നമ്മൾ ആഗ്രഹിക്കുന്നു. ആളുകൾ സുവാർത്തയോടു പ്രതികരിക്കുന്ന വിധം അവരുടെ ഭാവി പ്രതീക്ഷകളെ സ്വാധീനിക്കുമെന്നും നമുക്കറിയാം. (മത്താ. 7:13, 14; യോഹ. 12:48) അവർ സത്യം സ്വീകരിക്കാൻ നാം ആത്മാർഥമായി ആഗ്രഹിക്കുന്നു. എങ്കിലും, ഏറ്റവും നല്ല ഫലം കൈവരിക്കുന്നതിന് ഉറച്ച ബോധ്യവും തീക്ഷ്ണതയും പ്രകടമാക്കുന്നതോടൊപ്പം നമ്മുടെ ഭാഗത്തു വിവേകവും ആവശ്യമാണ്.
ഒട്ടേറെ തിരുവെഴുത്തുകളുടെ പിൻബലമുണ്ടെങ്കിൽ പോലും, മറ്റൊരാൾ ഉള്ളിൽ താലോലിക്കുന്ന ഒരു വിശ്വാസം തെറ്റാണെന്നു കാണിച്ചുകൊണ്ട് അറുത്തുമുറിച്ച് സത്യത്തെ കുറിച്ച് ഒരു പ്രസ്താവന നടത്തുന്നത്, സാധാരണനിലയ്ക്കു നല്ല രീതിയിൽ സ്വീകരിക്കപ്പെടുകയില്ല. ഉദാഹരണത്തിന്, ജനപ്രീതിയാർജിച്ച ആഘോഷങ്ങൾക്ക് പുറജാതീയ ഉത്ഭവം ഉണ്ട് എന്നു പറഞ്ഞ് അവയെ വെറുതെയങ്ങു കുറ്റംവിധിച്ചാൽ അവയെ കുറിച്ചുള്ള ആളുകളുടെ ചിന്താഗതിക്കു മാറ്റം വരാൻ സാധ്യതയില്ല. ന്യായവാദ സ്വഭാവമുള്ള, ന്യായബോധത്തോടു കൂടിയ ഒരു സമീപനമാണ് പ്രായേണ ഏറെ വിജയപ്രദം. ന്യായബോധം ഉള്ളവരായിരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
‘ഉയരത്തിൽനിന്നുള്ള ജ്ഞാനം സമാധാനവും ശാന്തതയും [‘ന്യായബോധവും,’ NW] ഉള്ളതാകുന്നു’ എന്ന് തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. (യാക്കോ. 3:17) ‘ന്യായബോധം’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം “വഴക്കമുള്ളത്” എന്നാണ്. ചില വിവർത്തനങ്ങൾ അതിനെ “പരിഗണനയുള്ളത്,” “മൃദുവായത്,” അല്ലെങ്കിൽ “സഹനശീലമുള്ളത്” എന്നു പരിഭാഷപ്പെടുത്തുന്നു. ന്യായബോധത്തെ സമാധാനവുമായി ബന്ധപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക. തീത്തൊസ് 3:2-ൽ (NW) അതിനെ സൗമ്യതയോടു ചേർത്തു പരാമർശിക്കുകയും കലഹസ്വഭാവവുമായി വിപരീത താരതമ്യം നടത്തുകയും ചെയ്തിരിക്കുന്നു. “ന്യായബോധം” ഉള്ളവരായി അറിയപ്പെടാൻ ഫിലിപ്പിയർ 4:5 (NW) നമ്മെ ഉദ്ബോധിപ്പിക്കുന്നു. ന്യായബോധമുള്ള വ്യക്തി, താൻ ആരോടു സംസാരിക്കുന്നുവോ ആ വ്യക്തിയുടെ പശ്ചാത്തലവും സാഹചര്യങ്ങളും വികാരങ്ങളും കണക്കിലെടുക്കും. വേണ്ടിടത്ത് വഴങ്ങിക്കൊടുക്കാൻ അദ്ദേഹം മനസ്സൊരുക്കം കാണിക്കും. മറ്റുള്ളവരോട് ഈ രീതിയിൽ ഇടപെടുന്നത്, അവരുടെ മനസ്സുകളും ഹൃദയങ്ങളും തുറക്കാൻ ഇടയാക്കുന്നു. അങ്ങനെ, നാം തിരുവെഴുത്തുകളിൽനിന്ന് അവരുമായി ന്യായവാദം ചെയ്യുമ്പോൾ അവർ കൂടുതൽ സ്വീകാര്യക്ഷമത കാട്ടും.
എവിടെ തുടങ്ങണം? തെസ്സലൊനീക്യയിൽ ആയിരിക്കെ അപ്പൊസ്തലനായ പൗലൊസ് തിരുവെഴുത്തുകളെ ആധാരമാക്കി, “ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്ക്കയും ചെയ്യേണ്ടതു [“ചെയ്യേണ്ടിയിരുന്നു,” NW] എന്നു . . . തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു” എന്ന് ചരിത്രകാരനായ ലൂക്കൊസ് റിപ്പോർട്ടു ചെയ്യുന്നു. (പ്രവൃ. 17:2, 3) പൗലൊസ് ഇതു ചെയ്തത് യഹൂദന്മാരുടെ പള്ളിയിൽ വെച്ചാണ് എന്നതു ശ്രദ്ധേയമാണ്. അവന്റെ ശ്രോതാക്കൾ എബ്രായ തിരുവെഴുത്തുകളെ ഒരു ആധികാരിക ഉറവായി വീക്ഷിച്ചിരുന്നു. അവർ അംഗീകരിക്കുന്ന ഒരു കാര്യം പറഞ്ഞുകൊണ്ടു തുടങ്ങുന്നത് ഉചിതമായിരുന്നു.
അഥേനയിലെ അരയോപഗയിൽ വെച്ച് ഗ്രീക്കുകാരോടു സംസാരിച്ചപ്പോൾ പൗലൊസ് തിരുവെഴുത്തുകളെ കുറിച്ചു പരാമർശിച്ചുകൊണ്ടല്ല തുടങ്ങിയത്. പകരം, അവർക്ക് അറിയാവുന്നതും അവർ അംഗീകരിക്കുന്നതുമായ കാര്യങ്ങളെ കുറിച്ചു പറഞ്ഞുകൊണ്ട് അവൻ സംസാരം തുടങ്ങുകയും അവ ഉപയോഗിച്ച്, സ്രഷ്ടാവിനെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള ഒരു പരിചിന്തനത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു.—പ്രവൃ. 17:22-31.
ഈ ആധുനിക നാളുകളിൽ, ജീവിതത്തെ സ്വാധീനിക്കേണ്ട ഒരു ആധികാരിക ഉറവായി ബൈബിളിനെ അംഗീകരിക്കാത്ത കോടിക്കണക്കിന് ആളുകളുണ്ട്. എന്നാൽ, ഇന്നത്തെ വ്യവസ്ഥിതിയിലെ പരുഷമായ സാഹചര്യങ്ങൾ മിക്കവാറും എല്ലാവരുടെയും ജീവിതത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. മെച്ചപ്പെട്ട ഒരു അവസ്ഥ വന്നുകാണാൻ ആളുകൾ അതിയായി വാഞ്ഛിക്കുന്നു. ആദ്യം അവരെ അലട്ടുന്ന പ്രശ്നങ്ങളിൽ നിങ്ങൾ താത്പര്യം കാണിക്കുക. തുടർന്ന് അവയെ സംബന്ധിച്ച ബൈബിളിന്റെ വിശദീകരണം അവരെ കാണിക്കുക. ന്യായബോധത്തോടു കൂടിയ അത്തരം സമീപനം മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെ കുറിച്ചു ബൈബിളിനു പറയാനുള്ളതു ശ്രദ്ധിച്ചു കേൾക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം.
ഒരു ബൈബിൾ വിദ്യാർഥിക്ക് തന്റെ മാതാപിതാക്കളിൽനിന്നു കൈമാറിക്കിട്ടിയ പൈതൃകത്തിൽ ചില പ്രത്യേക മതവിശ്വാസങ്ങളും ആചാരങ്ങളും ഉൾപ്പെട്ടിരിക്കാം. എന്നാൽ ഇപ്പോൾ, അദ്ദേഹം ആ വിശ്വാസങ്ങളും ആചാരങ്ങളും ദൈവത്തിന് അപ്രീതികരമാണെന്നു മനസ്സിലാക്കി, അവ ഉപേക്ഷിച്ച്, ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ സ്വീകരിക്കുന്നു. തന്റെ ആ തീരുമാനം വിദ്യാർഥിക്ക് എങ്ങനെ മാതാപിതാക്കളെ അറിയിക്കാൻ കഴിയും? തങ്ങൾ നൽകിയ മതപൈതൃകം ഉപേക്ഷിക്കുന്നതിലൂടെ തങ്ങളെയാണ് മകൻ ഉപേക്ഷിക്കുന്നതെന്ന് അവർക്കു തോന്നാം. തന്റെ തീരുമാനത്തിനുള്ള കാരണം ബൈബിളിൽനിന്നു വിശദീകരിക്കുന്നതിനു മുമ്പ്, മാതാപിതാക്കളോട് തനിക്കുള്ള സ്നേഹവും ആദരവും സംബന്ധിച്ച് അവർക്ക് ഉറപ്പുകൊടുക്കേണ്ടത് ആവശ്യമാണെന്നു ബൈബിൾ വിദ്യാർഥി നിഗമനം ചെയ്തേക്കാം.
വഴക്കം കാട്ടേണ്ടത് എപ്പോൾ? കൽപ്പിച്ച്, പറയുന്നത് അതേപടി അനുസരിപ്പിക്കാനുള്ള പൂർണ അധികാരം ഉണ്ടായിട്ടും യഹോവ അങ്ങേയറ്റം ന്യായബോധം കാണിക്കുന്നു. ലോത്തിനെയും കുടുംബത്തെയും സൊദോമിൽനിന്നു രക്ഷപ്പെടുത്തവേ “നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു ഓടിപ്പോക” എന്ന് യഹോവയുടെ ദൂതന്മാർ അവനോടു കൽപ്പിച്ചു. എന്നാൽ ലോത്ത് “അങ്ങനെയല്ല കർത്താവേ” എന്നു പറയുകയും പകരം സോവറിലേക്ക് ഓടിപ്പോകാൻ അനുവദിക്കണമേ എന്നു യാചിക്കുകയും ചെയ്തു. അതിന് അവനെ അനുവദിച്ചുകൊണ്ട് യഹോവ ലോത്തിനോടു പരിഗണന കാട്ടി. അതുകൊണ്ട് മറ്റു പട്ടണങ്ങൾ നശിപ്പിക്കപ്പെട്ടപ്പോൾ സോവർ നാശത്തിനിരയായില്ല. പക്ഷേ, പിന്നീട് ലോത്ത് യഹോവ ആദ്യം പറഞ്ഞ പർവതപ്രദേശത്തേക്കുതന്നെ പോയി. (ഉല്പ. 19:17-30) തന്റെ മാർഗമാണ് ശരിയെന്ന് യഹോവയ്ക്ക് അറിയാമായിരുന്നെങ്കിലും, ലോത്ത് അതു മനസ്സിലാക്കുംവരെ അവൻ ക്ഷമാപൂർവം പരിഗണന കാണിച്ചു.
മറ്റുള്ളവരോടു വിജയകരമായി ഇടപെടുന്നതിന്, നാമും ന്യായബോധം കാട്ടേണ്ടതുണ്ട്. മറ്റേ വ്യക്തി പറയുന്നതു തെറ്റാണെന്ന് നമുക്കു ബോധ്യം ഉണ്ടായിരിക്കാം. അതു തെളിയിക്കാനുള്ള ശക്തമായ വാദമുഖങ്ങളും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കാം. എന്നാൽ മറ്റേ വ്യക്തിയെക്കൊണ്ട് തെറ്റ് അംഗീകരിപ്പിക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് ചില സമയത്തു നല്ലത്. ന്യായബോധം പ്രകടമാക്കുക എന്നാൽ യഹോവയുടെ നിലവാരങ്ങളിൽ വിട്ടുവീഴ്ച വരുത്തുക എന്നല്ല അർഥം. അഭിപ്രായം തുറന്നു പ്രകടിപ്പിച്ചതിന് മറ്റേ വ്യക്തിയോടു നന്ദി പറയുകയോ ഏറെ ഗുണകരമായ ഒരു കാര്യത്തിൽ ചർച്ച കേന്ദ്രീകരിക്കാൻ തക്കവണ്ണം തെറ്റായ ചില പ്രസ്താവനകൾ തിരുത്താതെ വിട്ടുകളയുകയോ ചെയ്താൽ മതിയാകും. അദ്ദേഹം നിങ്ങളുടെ വിശ്വാസത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നെങ്കിൽ പോലും അമിതമായി പ്രതികരിക്കരുത്. അദ്ദേഹത്തിന് അങ്ങനെ തോന്നാനുള്ള കാരണം എന്തെന്ന് അദ്ദേഹത്തോടു ചോദിക്കാവുന്നതാണ്. അദ്ദേഹത്തിനു പറയാനുള്ളത് ശ്രദ്ധിച്ചു കേൾക്കുക. ഇത് അദ്ദേഹത്തിന്റെ ചിന്താഗതി സംബന്ധിച്ച് നിങ്ങൾക്ക് ഉൾക്കാഴ്ച പ്രദാനം ചെയ്യും. കൂടാതെ അതു ഭാവിയിൽ ക്രിയാത്മകമായ രീതിയിൽ സംഭാഷണം നടത്താനുള്ള അടിത്തറ പാകുകയും ചെയ്തേക്കാം.—സദൃ. 16:23; 19:11; NW.
തിരഞ്ഞെടുക്കാനുള്ള പ്രാപ്തി യഹോവ മനുഷ്യർക്കു നൽകിയിട്ടുണ്ട്. അത് ഉപയോഗിക്കാൻ അവൻ അവരെ അനുവദിക്കുന്നു, അവർ അത് ഉപയോഗിക്കുന്നത് ജ്ഞാനപൂർവകമായ വിധത്തിൽ അല്ലായിരുന്നേക്കാമെങ്കിൽ കൂടി. യഹോവയുടെ വക്താവെന്ന നിലയിൽ യോശുവ ഇസ്രായേലുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെ കുറിച്ചു വർണിച്ചു. എന്നാൽ അവൻ തുടർന്ന് ഇങ്ങനെ പറഞ്ഞു: “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” (യോശു. 24:15) ഇന്ന് നമ്മുടെ നിയമനം ‘സാക്ഷ്യം’ നൽകുക എന്നതാണ്, നാം ബോധ്യത്തോടെ സംസാരിക്കുകയും ചെയ്യുന്നു. എന്നാൽ മറ്റുള്ളവരുടെമേൽ നാം വിശ്വാസം അടിച്ചേൽപ്പിക്കുന്നില്ല. (മത്താ. 24:14) തിരഞ്ഞെടുപ്പ് അവരുടേതാണ്, അവർക്ക് ആ അവകാശം നമ്മൾ നിഷേധിക്കുന്നില്ല.
ചോദ്യങ്ങൾ ചോദിക്കുക. ആളുകളുമായി ന്യായവാദം ചെയ്യുന്ന കാര്യത്തിൽ യേശു ഉത്തമ മാതൃക വെച്ചു. അവൻ അവരുടെ പശ്ചാത്തലം കണക്കിലെടുക്കുകയും അവർ മടി കൂടാതെ അംഗീകരിക്കുന്ന തരത്തിലുള്ള ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുകയും ചെയ്തു. അവൻ ചോദ്യങ്ങളും ഫലകരമായി ഉപയോഗിച്ചു. ഇത് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ മറ്റുള്ളവർക്ക് അവസരം നൽകുകയും അവരുടെ ഹൃദയത്തിൽ എന്താണ് ഉള്ളതെന്നു വെളിപ്പെടുത്തുകയും ചെയ്തു. പരിചിന്തിക്കപ്പെടുന്ന കാര്യത്തെ കുറിച്ചു ന്യായയുക്തമായി ചിന്തിക്കാൻ അത് അവരെ പ്രോത്സാഹിപ്പിച്ചു.
ഒരിക്കൽ ഒരു ന്യായശാസ്ത്രി (ന്യായപ്രമാണത്തിൽ പ്രാവീണ്യമുള്ള ഒരുവൻ) യേശുവിനോടു ചോദിച്ചു: “ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം”? ആ ചോദ്യത്തിന് അനായാസം ഉത്തരം നൽകാൻ യേശുവിനു കഴിയുമായിരുന്നു. എന്നാൽ സ്വന്തം അഭിപ്രായം വെളിപ്പെടുത്താൻ യേശു ആ മനുഷ്യനെ ക്ഷണിച്ചു. ‘ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു’ എന്ന് യേശു അവനോടു ചോദിച്ചു. ആ മനുഷ്യൻ ശരിയായി ഉത്തരം പറഞ്ഞു. ചർച്ച അവിടെ അവസാനിച്ചോ? ഒരിക്കലുമില്ല. യേശു ആ മനുഷ്യനെ സംസാരം തുടരാൻ അനുവദിച്ചു. അയാൾ സ്വയം നീതീകരിക്കാൻ ശ്രമിക്കുകയാണെന്ന് അയാൾതന്നെ ഉന്നയിച്ച ഒരു ചോദ്യം സൂചിപ്പിച്ചു. “എന്റെ കൂട്ടുകാരൻ [“അയൽക്കാരൻ,” NW] ആർ” എന്നതായിരുന്നു ആ ചോദ്യം. ഒരു നിർവചനം നൽകുന്നതിനു പകരം—നിർവചനം നൽകിയിരുന്നെങ്കിൽ, വിജാതീയരോടും ശമര്യരോടും യഹൂദർ പുലർത്തിയിരുന്ന മനോഭാവം നിമിത്തം ആ മനുഷ്യൻ അതിനെ എതിർക്കാനിടയുണ്ടായിരുന്നു—ഒരു ദൃഷ്ടാന്തം പറഞ്ഞിട്ട് അതേക്കുറിച്ചു ന്യായയുക്തമായി ചിന്തിക്കാൻ യേശു ആ മനുഷ്യനെ ക്ഷണിച്ചു. കൊള്ളയടിക്കപ്പെട്ട്, മർദിതനായി കിടന്നിരുന്ന ഒരു യാത്രക്കാരനെ പുരോഹിതനും ലേവ്യനും സഹായിക്കാതെ വിട്ടിട്ടുപോയപ്പോൾ അയാളുടെ രക്ഷയ്ക്കെത്തിയ നല്ല ശമര്യാക്കാരനെ കുറിച്ചുള്ളതായിരുന്നു ആ ദൃഷ്ടാന്തം. ലളിതമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട്, ആ മനുഷ്യന് ദൃഷ്ടാന്തത്തിന്റെ സാരം പിടികിട്ടിയെന്ന് യേശു ഉറപ്പുവരുത്തി. യേശുവിന്റെ ന്യായവാദരീതിയിലൂടെ “അയൽക്കാരൻ” എന്ന പദത്തിന് ആ മനുഷ്യൻ മുമ്പൊരിക്കലും മനസ്സിലാക്കിയിട്ടില്ലായിരുന്ന ഒരു അർഥം കൈവന്നു. (ലൂക്കൊ. 10:25-37) അനുകരിക്കാൻ പറ്റിയ എത്ര നല്ല മാതൃക! സംസാരത്തിന്റെ കുത്തക ഏറ്റെടുക്കാതെ—ഫലത്തിൽ, വീട്ടുകാരനു വേണ്ടി നിങ്ങൾ ചിന്തിക്കാതെ—ചിന്തിക്കുന്നതിന് ശ്രോതാവിനെ പ്രോത്സാഹിപ്പിക്കാൻ തക്കവണ്ണം നയപരമായ ചോദ്യങ്ങളും ദൃഷ്ടാന്തങ്ങളും ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു പഠിക്കുക.
ന്യായങ്ങൾ നൽകുക. അപ്പൊസ്തലനായ പൗലൊസ് തെസ്സലൊനീക്യയിലെ യഹൂദ പള്ളിയിൽവെച്ചു സംസാരിച്ചപ്പോൾ അവൻ തന്റെ സദസ്സ് അംഗീകരിക്കുന്ന ഒരു ആധികാരിക ഉറവിൽനിന്നു വായിക്കുക മാത്രമല്ല ചെയ്തത്. പിന്നെയോ, അവൻ വായിച്ച കാര്യങ്ങളെ കുറിച്ചു വിശദീകരിക്കുകയും അവ തെളിയിക്കുകയും ക്രിസ്തുവിൽ അവ ബാധകമാകുന്നത് എങ്ങനെയെന്നു കാണിക്കുകയും ചെയ്തതായി ലൂക്കൊസ് റിപ്പോർട്ടു ചെയ്യുന്നു. തത്ഫലമായി അവരിൽ ചിലർ “വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേർന്നു.”—പ്രവൃ. 17:1-4.
നിങ്ങളുടെ ശ്രോതാക്കൾ ആരായിരുന്നാലും, ന്യായവാദം ചെയ്യുന്ന രീതിയിലുള്ള അത്തരം സമീപനം അവലംബിക്കുന്നത് പ്രയോജനം ചെയ്യും. ബന്ധുക്കളോടു സാക്ഷീകരിക്കുമ്പോഴും സഹജോലിക്കാരോടോ സഹപാഠികളോടോ സംസാരിക്കുമ്പോഴും പരസ്യ സാക്ഷീകരണത്തിൽ അപരിചിതരോടു സംസാരിക്കുമ്പോഴും ബൈബിൾ അധ്യയനം എടുക്കുമ്പോഴും സഭയിൽ പ്രസംഗം നടത്തുമ്പോഴുമൊക്കെ ഇതു സത്യമാണ്. ഒരു തിരുവെഴുത്തു വായിക്കുമ്പോൾ അതിന്റെ അർഥം നിങ്ങൾക്കു വ്യക്തമായിരിക്കാം. എന്നാൽ മറ്റൊരാൾക്ക് അങ്ങനെയായിരിക്കണമെന്നില്ല. നിങ്ങൾ അതു വിശദീകരിക്കുകയോ ബാധകമാകുന്ന വിധം വ്യക്തമാക്കുകയോ ചെയ്യുമ്പോൾ നിങ്ങളുടെ ഭാഗം ശരിയാണെന്നു ശഠിക്കുന്നതുപോലെ ശ്രോതാവിനു തോന്നാനിടയുണ്ട്. തിരുവെഴുത്തിലെ ചില മുഖ്യ പദങ്ങൾ തിരഞ്ഞെടുത്തു വിശദീകരിക്കുന്നതു ഗുണം ചെയ്യുമോ? ഉപോദ്ബലകമായ തെളിവുകൾ വാക്യത്തിന്റെ സന്ദർഭത്തിൽനിന്നോ ആ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു തിരുവെഴുത്തിൽനിന്നോ നിരത്താൻ കഴിയുമോ? ഒരു ദൃഷ്ടാന്തം ഉപയോഗിക്കുന്നത് നിങ്ങൾ പറഞ്ഞതിന്റെ ന്യായയുക്തത തെളിയിക്കുമോ? ചോദ്യങ്ങൾ വിഷയത്തെ കുറിച്ച് ന്യായയുക്തമായി ചിന്തിക്കാൻ സദസ്സിനെ സഹായിക്കുമോ? ന്യായവാദം ചെയ്യുന്ന രീതിയിലുള്ള അത്തരം സമീപനം അനുകൂലമായ ധാരണ ഉളവാക്കുകയും ചിന്തിക്കാൻ മറ്റുള്ളവർക്കു ധാരാളം കാര്യങ്ങൾ പകർന്നു കൊടുക്കുകയും ചെയ്യുന്നു.