ക്രിസ്ത്യാനികളും മനുഷ്യവർഗലോകവും
“പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ.”—കൊലൊസ്സ്യർ 4:5.
1. തന്റെ അനുഗാമികളെയും ലോകത്തെയും കുറിച്ച് യേശു എന്തു പറഞ്ഞു?
തന്റെ സ്വർഗീയ പിതാവിനോടുള്ള പ്രാർഥനയിൽ, യേശു തന്റെ അനുഗാമികളെക്കുറിച്ചു പറഞ്ഞു: “ലോകം അവരെ ദ്വേഷിച്ചിരിക്കുന്നു, എന്തെന്നാൽ ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.” എന്നിട്ട് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ലോകത്തിൽനിന്ന് അവരെ എടുക്കണം എന്നല്ല, ദുഷ്ടനിൽനിന്ന് അവരെ കാത്തുകൊള്ളണം എന്നു ഞാൻ നിന്നോട് അപേക്ഷിക്കുന്നു.” (യോഹന്നാൻ 17:14, 15, NW) ക്രിസ്ത്യാനികൾ ലോകത്തിൽനിന്നു ശാരീരികമായി അകന്നുമാറി ആശ്രമങ്ങളിലേതുപോലുള്ള ഏകാന്തജീവിതം നയിക്കേണ്ടതില്ലായിരുന്നു. മറിച്ച്, “ഭൂമിയുടെ അററത്തോളവും” തന്റെ സാക്ഷികൾ ആകേണ്ടതിനു ക്രിസ്തു ‘അവരെ ലോകത്തിലേക്കു അയച്ചു.’ (പ്രവൃത്തികൾ 1:8; യോഹന്നാൻ 17:18) അതുകൊണ്ട്, “ഈ ലോകത്തിന്റെ ഭരണാധിപനാ”യ സാത്താൻ ക്രിസ്തുവിന്റെ നാമംനിമിത്തം അവർക്കെതിരെ വിദ്വേഷം ഇളക്കിവിടുമെന്നതിനാൽ അവരെ കാത്തുകൊള്ളണമെന്ന് അവർക്കുവേണ്ടി അവൻ ദൈവത്തോട് അപേക്ഷിച്ചു.—യോഹന്നാൻ 12:31, NW; മത്തായി 24:9.
2. (എ) “ലോകം” എന്ന പദം ബൈബിൾ ഉപയോഗിക്കുന്നതെങ്ങനെ? (ബി) ലോകത്തിനുനേരേ യഹോവ സമനിലയുള്ള എന്തു മനോഭാവമാണു പ്രകടമാക്കുന്നത്?
2 ബൈബിളിൽ “ലോകം” എന്ന പദം (ഗ്രീക്ക്, കോസ്മോസ്) മിക്കപ്പോഴും സൂചിപ്പിക്കുന്നത് “ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന” നീതികെട്ട മനുഷ്യസമൂഹത്തെയാണ്. (1 യോഹന്നാൻ 5:19) ക്രിസ്ത്യാനികൾ യഹോവയുടെ നിലവാരങ്ങൾ പിൻപറ്റുന്നതിനാലും ലോകത്തോടു ദൈവരാജ്യസുവാർത്ത പ്രസംഗിക്കണമെന്ന കൽപ്പന അനുസരിക്കുന്നതിനാലും ചിലപ്പോഴൊക്കെ ലോകവുമായുള്ള അവരുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയിട്ടുണ്ട്. (2 തിമൊഥെയൊസ് 3:12; 1 യോഹന്നാൻ 3:1, 13) എന്നിരുന്നാലും, മനുഷ്യവർഗത്തെ പൊതുവേ പരാമർശിച്ചുകൊണ്ടും കോസ്മോസ് എന്ന പദം തിരുവെഴുത്തുകളിൽ ഉപയോഗിക്കുന്നുണ്ട്. ഈ അർഥത്തിൽ ലോകത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട്, യേശു പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹന്നാൻ 3:16, 17; 2 കൊരിന്ത്യർ 5:19; 1 യോഹന്നാൻ 4:14) അതുകൊണ്ട്, സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ സ്വഭാവം പ്രകടമാക്കുന്ന സംഗതികളെ ദ്വേഷിക്കവേതന്നെ, എല്ലാവരെയും “മാനസാന്തര”ത്തിലേക്കു വരുത്തി രക്ഷിക്കേണ്ടതിനു തന്റെ പുത്രനെ ഭൂമിയിലേക്കയച്ചുകൊണ്ട് യഹോവ മനുഷ്യവർഗത്തോടു സ്നേഹം പ്രകടമാക്കി. (2 പത്രൊസ് 3:9; സദൃശവാക്യങ്ങൾ 6:16-19) ലോകത്തോടുള്ള യഹോവയുടെ സമനിലയിലുള്ള മനോഭാവമാണ് അവന്റെ ആരാധകരെ നയിക്കേണ്ടത്.
യേശുവിന്റെ മാതൃക
3, 4. (എ) ഭരണാധിപത്യം സംബന്ധിച്ച് യേശു എന്തു നിലപാടു കൈക്കൊണ്ടു? (ബി) മനുഷ്യവർഗലോകത്തെ യേശു എങ്ങനെ വീക്ഷിച്ചു?
3 തന്റെ മരണത്തിന് അൽപ്പംമുമ്പ്, യേശു പൊന്തിയോസ് പീലാത്തൊസിനോടു പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 18:36, NW) ഈ വാക്കുകളോടുള്ള യോജിപ്പിൽ, ലോകരാജ്യങ്ങളുടെമേൽ അധികാരം നൽകാമെന്ന സാത്താന്റെ വാഗ്ദാനം യേശു നേരത്തേ നിരസിച്ചിരുന്നു. തന്നെ രാജാവാക്കാൻ യഹൂദർ തുനിഞ്ഞപ്പോൾ യേശു അതിനും വിസമ്മതിച്ചിരുന്നു. (ലൂക്കൊസ് 4:5-8; യോഹന്നാൻ 6:14, 15) അതേസമയം യേശു മനുഷ്യവർഗലോകത്തോടു വലിയ സ്നേഹം പ്രകടമാക്കി. ഇതിന്റെ ഒരു ഉദാഹരണം അപ്പോസ്തലനായ മത്തായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്: “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.” സ്നേഹത്താൽ പ്രചോദിതനായി അവൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ആളുകളോടു പ്രസംഗിച്ചു. അവൻ അവരെ പഠിപ്പിക്കുകയും അവരുടെ രോഗങ്ങൾ സുഖപ്പെടുത്തുകയും ചെയ്തു. (മത്തായി 9:36) തന്നിൽനിന്നു പഠിക്കാനെത്തിയവരുടെ ശാരീരിക ആവശ്യങ്ങളെക്കുറിച്ചും അവൻ ബോധവാനായിരുന്നു. നാമിങ്ങനെ വായിക്കുന്നു: “യേശു ശിഷ്യൻമാരെ അടുക്കെ വിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു.” (മത്തായി 15:32) എത്ര സ്നേഹപുരസ്സരമായ താത്പര്യം!
4 യഹൂദന്മാർക്കു ശമര്യക്കാരെക്കുറിച്ചു ശക്തമായ മുൻവിധികളുണ്ടായിരുന്നു, എന്നാൽ ഒരു ശമര്യക്കാരിയോടു യേശു ദീർഘമായി സംസാരിക്കുകയും ഒരു ശമര്യ പട്ടണത്തിൽ സമ്പൂർണ സാക്ഷ്യം നൽകികൊണ്ട് രണ്ടു ദിവസം ചെലവഴിക്കുകയും ചെയ്തു. (യോഹന്നാൻ 4:5-42) “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്ക”ലേക്കാണു ദൈവം തന്നെ അയച്ചതെങ്കിലും യഹൂദേതരരുടെ വിശ്വാസത്തോടെയുള്ള അപേക്ഷ യേശു ചെവിക്കൊണ്ട സന്ദർഭങ്ങളുമുണ്ട്. (മത്തായി 8:5-13; 15:21-28) അതേ, “ലോകത്തിന്റെ ഭാഗമാകാതി”രുന്നുകൊണ്ടുതന്നെ മനുഷ്യവർഗലോകത്തെ, അതായത് ആളുകളെ, സ്നേഹിക്കാനാകുമെന്ന് യേശു പ്രകടമാക്കി. നാം താമസിക്കുന്നിടത്തോ ജോലി ചെയ്യുന്നിടത്തോ സാധനങ്ങൾ വാങ്ങുന്നിടത്തോ ഉള്ള ആളുകളോടു നാം സമാനമായി അനുകമ്പ പ്രകടമാക്കുന്നുണ്ടോ? അവരുടെ ക്ഷേമത്തിൽ—ആത്മീയ ആവശ്യങ്ങളിൽ മാത്രമല്ല, ന്യായയുക്തമായ രീതിയിൽ നമ്മുടെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് സഹായിക്കാനാകുന്ന അവരുടെ മറ്റാവശ്യങ്ങളിലും—നാം താത്പര്യം പ്രകടമാക്കുന്നുണ്ടോ? യേശു അതു ചെയ്തു, അങ്ങനെ ചെയ്യുകവഴി അവൻ രാജ്യത്തെക്കുറിച്ച് ആളുകളെ പഠിപ്പിക്കുന്നതിനുള്ള വഴി തുറന്നു. യേശു ചെയ്തപോലെ അക്ഷരീയ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ നമുക്കാവില്ലെന്നതു സത്യമാണ്. എന്നാൽ ഒരു ദയാപ്രവൃത്തി ചിലപ്പോൾ മുൻവിധികൾ അകറ്റുന്നതിൽ ആലങ്കാരികമായി അത്ഭുതം പ്രവർത്തിച്ചെന്നുവരാം.
“പുറത്തുള്ള”വരോടുള്ള പൗലൊസിന്റെ മനോഭാവം
5, 6. “പുറത്തുള്ള”വരായിരുന്ന യഹൂദന്മാരോടു പൗലൊസ് അപ്പോസ്തലൻ ഇടപെട്ടതെങ്ങനെ?
5 തന്റെ പല ലേഖനങ്ങളിലും പൗലൊസ് അപ്പോസ്തലൻ യഹൂദന്മാരോ പുറജാതിക്കാരോ ആയ ക്രിസ്ത്യാനികളല്ലാത്തവരെ “പുറത്തുള്ള”വരായി അല്ലെങ്കിൽ “പുറമെയുള്ള”വരായി പരാമർശിക്കുന്നുണ്ട്. (1 കൊരിന്ത്യർ 5:12; 1 തെസ്സലൊനീക്യർ 4:11; 1 തിമൊഥെയൊസ് 3:7) അത്തരക്കാരോട് അവൻ ഇടപെട്ടത് എങ്ങനെയായിരുന്നു? ‘ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന് അവൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.’ (1 കൊരിന്ത്യർ 9:20-22, NW) ഒരു നഗരത്തിൽ എത്തുമ്പോൾ, അവിടെ താമസമാക്കിയിട്ടുള്ള യഹൂദന്മാരോട് ആദ്യം പ്രസംഗിക്കുന്നത് അവന്റെ പതിവായിരുന്നു. അവന്റെ സമീപനമെന്തായിരുന്നു? മിശിഹാ വന്നു, ബലിമരണം വരിച്ചു, പുനരുത്ഥാനം പ്രാപിച്ചു എന്നതിനെല്ലാമുള്ള ശക്തമായ ബൈബിൾ തെളിവുകൾ അവൻ നയത്തോടെയും ആദരവോടെയും അവതരിപ്പിച്ചു.—പ്രവൃത്തികൾ 13:5, 14-16, 43; 17:1-3, 10.
6 ഈ വിധത്തിൽ, മിശിഹായെയും ദൈവരാജ്യത്തെയും കുറിച്ചു യഹൂദന്മാരെ പഠിപ്പിക്കുന്നതിനുവേണ്ടി പൗലൊസ് ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും കുറിച്ചുള്ള അവരുടെ പരിജ്ഞാനം അടിസ്ഥാനമാക്കി കൂടുതൽ വിവരങ്ങൾ നൽകി. ചിലരെ ബോധ്യപ്പെടുത്തുന്നതിൽ അവൻ വിജയിക്കുകയും ചെയ്തു. (പ്രവൃത്തികൾ 14:1; 17:4) യഹൂദ നേതാക്കന്മാരുടെ എതിർപ്പുണ്ടായിരുന്നിട്ടും പൗലൊസ് സഹയഹൂദരോടു വാത്സല്യം പ്രകടമാക്കി, കാരണം അവൻ എഴുതി: “സഹോദരന്മാരേ, അവർ [യഹൂദന്മാർ] രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു. അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു.”—റോമർ 10:1, 2.
യഹൂദേതര വിശ്വാസികളെ സഹായിക്കൽ
7. പൗലൊസ് പ്രസംഗിച്ച സുവാർത്തയോട് അനേകം മതപരിവർത്തിതരും എങ്ങനെ പ്രതികരിച്ചു?
7 പരിച്ഛേദനയേറ്റ് യഹൂദമതാനുസാരികളായിത്തീർന്ന യഹൂദേതരരായിരുന്നു മതപരിവർത്തിതർ. വ്യക്തമായും, റോം, സിറിയൻ അന്ത്യൊക്യ, എത്യോപ്യ, പിസിദ്യയിലെ അന്ത്യൊക്ക്യ എന്നിവിടങ്ങളിൽ—തീർച്ചയായും യഹൂദർ ചിതറിപ്പാർത്തിരുന്നിടങ്ങളിൽ എല്ലാം—യഹൂദ മതപരിവർത്തിതർ ഉണ്ടായിരുന്നു. (പ്രവൃത്തികൾ 2:8-10; 6:5; 8:27; 13:14, 43; മത്തായി 23:14, 15 താരതമ്യം ചെയ്യുക.) അനേകം യഹൂദ ഭരണാധിപന്മാരിൽനിന്നു വ്യത്യസ്തമായി, മതപരിവർത്തിതർ അഹങ്കാരികളും തങ്ങൾ അബ്രാഹാമിന്റെ പിൻഗാമികളാണെന്ന് ഗർവോടെ മേനി പറയുന്നവരും അല്ലായിരുന്നിരിക്കാം. (മത്തായി 3:9; യോഹന്നാൻ 8:33) മറിച്ച്, യഹോവയെയും അവന്റെ നിയമങ്ങളെയും കുറിച്ചു കുറച്ചൊക്കെ പരിജ്ഞാനം നേടി പുറജാതീയ ദൈവങ്ങളെ ഉപേക്ഷിച്ച് താഴ്മയോടെ യഹോവയിങ്കലേക്കു തിരിഞ്ഞവരായിരുന്നു അവർ. വരാനിരിക്കുന്ന ഒരു മിശിഹായെക്കുറിച്ചുള്ള യഹൂദന്മാരുടെ പ്രത്യാശ അവർ സ്വീകരിച്ചു. തങ്ങളുടെ സത്യാന്വേഷണത്തിനിടയിൽ മാറ്റംവരുത്താനുള്ള മനസ്സൊരുക്കം അതിനോടകംതന്നെ പ്രകടമാക്കിയിരുന്ന അവരിലനേകരും കൂടുതലായ മാറ്റം വരുത്താനും പൗലൊസ് അപ്പോസ്തലന്റെ പ്രസംഗത്തോടു പ്രതികരിക്കാനും തയ്യാറായിരുന്നു. (പ്രവൃത്തികൾ 13:42, 43) മുമ്പു പുറജാതീയ ദൈവങ്ങളെ ആരാധിച്ചിരുന്ന ഒരുവൻ മതപരിവർത്തനത്തിലൂടെ ക്രിസ്ത്യാനിത്വത്തിലേക്കു വരുമ്പോൾ, ആ ദൈവങ്ങളെ അപ്പോഴും ആരാധിക്കുന്ന മറ്റു വിജാതീയരോടു സാക്ഷീകരിക്കാൻ അയാൾ വിശേഷാൽ സജ്ജനായിരിക്കും.
8, 9. (എ) മതപരിവർത്തിതരെ കൂടാതെ, പുറജാതീയരുടെ വേറേ ഏതു കൂട്ടം യഹൂദ മതത്തിലേക്ക് ആകർഷിക്കപ്പെട്ടു? (ബി) പരിച്ഛേദനയേൽക്കാഞ്ഞ ദൈവഭയമുള്ള അനേകർ സുവാർത്തയോടു പ്രതികരിച്ചതെങ്ങനെ?
8 പരിച്ഛേദനയേറ്റ മതപരിവർത്തിതരെക്കൂടാതെ, മറ്റു യഹൂദേതരരും യഹൂദ മതത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഇക്കൂട്ടരിൽ ആദ്യം ക്രിസ്ത്യാനിയായത് കൊർന്നേല്യൊസ് ആയിരുന്നു. ഒരു മതപരിവർത്തിതനല്ലായിരുന്നെങ്കിലും, അവൻ ‘ഭക്തനും ദൈവത്തെ ഭയപ്പെടുന്നവനുമായി’രുന്നു. (പ്രവൃത്തികൾ 10:2) പ്രവൃത്തികളുടെ പുസ്തകത്തെക്കുറിച്ചുള്ള തന്റെ ഭാഷ്യത്തിൽ, പ്രൊഫസർ എഫ്. എഫ്. ബ്രൂസ് എഴുതി: “അത്തരം വിജാതീയരെ സാധാരണമായി വിളിച്ചിരുന്നത് ‘ദൈവഭയമുള്ളവർ’ എന്നാണ്; ഇതൊരു സാങ്കേതിക പദമല്ലെങ്കിലും ഒരു പ്രത്യേക സ്ഥിതിവിശേഷത്തിന് ഉപയോഗിക്കാൻ പറ്റിയതാണ്. അക്കാലത്തെ അനേകം വിജാതീയരും തികഞ്ഞ യഹൂദമതപരിവർത്തിതരാകാൻ മടിച്ചെങ്കിലും (പരിച്ഛേദനയേൽക്കണമെന്ന നിബന്ധന പുരുഷന്മാർക്ക് വിശേഷാൽ പ്രതിബന്ധമായിരുന്നു), അവർ യഹൂദ സിനഗോഗുകളിലെ ആരാധനയുടെ ലളിതമായ ഏകദൈവവിശ്വാസ സ്വഭാവത്തിലും യഹൂദ ജീവിതരീതിയുടെ ധാർമിക നിലവാരങ്ങളിലും ആകർഷിക്കപ്പെട്ടിരുന്നു. സിനഗോഗുകളിൽ സംബന്ധിക്കുമായിരുന്ന അവരിൽ ചിലർ ഗ്രീക്കുഭാഷയിൽ വായിച്ചു കേൾക്കാറുള്ള പ്രാർഥനയുടെയും തിരുവെഴുത്തു പാഠങ്ങളുടെയും കാര്യത്തിൽ സാമാന്യജ്ഞാനമുള്ളവരായിത്തീരുകയും ചെയ്തു.”
9 ഏഷ്യാ മൈനറിലും ഗ്രീസിലുമുള്ള സിനഗോഗുകളിൽ പ്രസംഗിക്കവേ പൗലൊസ് അപ്പോസ്തലൻ ദൈവഭയമുള്ള അനേകരെ കണ്ടുമുട്ടി. പിസിദ്യയിലെ അന്ത്യൊക്ക്യയിൽ അവൻ സിനഗോഗിൽ ഒന്നിച്ചുകൂടിയിരുന്നവരെ “യിസ്രായേൽപുരുഷന്മാരും ദൈവഭക്തന്മാരും [“ദൈവഭയമുള്ളവരും,” NW] ആയുള്ളോരേ” എന്ന് സംബോധന ചെയ്തു. (പ്രവൃത്തികൾ 13:16, 26) പൗലൊസ് മൂന്നു ശബത്തോളം തെസ്സലൊനീക്യയിലെ സിനഗോഗിൽ പ്രസംഗിച്ചതിനുശേഷം “അവരിൽ [യഹൂദന്മാരിൽ] ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു [ക്രിസ്ത്യാനികളായിത്തീർന്നു] പൌലൊസിനോടും ശീലാസിനോടും ചേർന്നു”വെന്നു ലൂക്കൊസ് എഴുതുന്നു. (പ്രവൃത്തികൾ 17:4) യവനന്മാരിൽ ചിലർ പരിച്ഛേദനയേൽക്കാഞ്ഞ ദൈവഭയമുള്ളവരായിരുന്നിരിക്കാം. അത്തരം പുറജാതീയരായ അനേകരും യഹൂദ സമൂഹവുമായി സഹവസിച്ചിരുന്നുവെന്നതിനു തെളിവുണ്ട്.
“അവിശ്വാസികൾ”ക്കിടയിൽ പ്രസംഗിക്കൽ
10. തിരുവെഴുത്തു പരിജ്ഞാനമില്ലാതിരുന്ന പുറജാതീയരോടു പൗലൊസ് പ്രസംഗിച്ചതെങ്ങനെ, ഫലമെന്തായിരുന്നു?
10 ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ, “അവിശ്വാസികൾ” എന്ന പദം പൊതുവേ ക്രിസ്തീയ സഭയ്ക്കു പുറത്തുള്ളവരെ, മിക്കപ്പോഴും പുറജാതീയരെ പരാമർശിക്കുന്നു. (റോമർ 15:30; 1 കൊരിന്ത്യർ 14:22, 23; 2 കൊരിന്ത്യർ 4:4; 6:14) ഏഥൻസിൽ തിരുവെഴുത്തുകളെക്കുറിച്ചു യാതൊരു അറിവുമില്ലാതെ ഗ്രീക്കു തത്ത്വചിന്തയിൽ വിദ്യാഭ്യാസം നേടിയിരുന്ന അനേകം അവിശ്വാസികളുണ്ടായിരുന്നു. അവരോടു സാക്ഷീകരിക്കുന്നതിന് ഇതു പൗലൊസിനു നിരുത്സാഹമായോ? ഇല്ല. എന്നാൽ അവൻ തന്റെ സമീപനം അതിനോട് അനുരൂപപ്പെടുത്തുകയാണ് ചെയ്തത്. അഥേനക്കാർക്ക് അജ്ഞാതമായിരുന്ന എബ്രായ തിരുവെഴുത്തുകളിൽനിന്നു നേരിട്ട് ഉദ്ധരിക്കാതെ അവൻ ബൈബിൾ ആശയങ്ങൾ വിദഗ്ധമായി അവതരിപ്പിച്ചു. ബൈബിൾസത്യവും പുരാതന സ്റ്റോയിക്ക് കവികൾ പറഞ്ഞിട്ടുള്ള ചില ചിന്തകളും തമ്മിലുള്ള സാദൃശ്യം അവൻ സമർഥമായി പ്രകടമാക്കി. മരിച്ച് പുനരുത്ഥാനം പ്രാപിച്ച ഒരു മനുഷ്യൻ മുഖാന്തരം നീതിയിൽ ന്യായംവിധിക്കുന്ന, സകല മനുഷ്യവർഗത്തിനുമായുള്ള ഒരൊറ്റ സത്യദൈവമെന്ന ആശയം അവൻ അവതരിപ്പിച്ചു. അങ്ങനെ, പൗലൊസ് അഥേനക്കാരോടു ക്രിസ്തുവിനെക്കുറിച്ച് നയപൂർവം പ്രസംഗിച്ചു. ഫലമോ? ഭൂരിപക്ഷംപേരും അവനെ പരിഹസിക്കുകയോ സംശയിക്കുകയോ ചെയ്തെങ്കിലും, “ചില പുരുഷന്മാർ അവനോടു ചേർന്നു വിശ്വസികളായിത്തീർന്നു; അവരിൽ അരയോപഗ കോടതി ന്യായാധിപനായ ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ളോരു സ്ത്രീയും മററുചിലരും ഉണ്ടായിരുന്നു.”—പ്രവൃത്തികൾ 17:18, 21-34, NW.
11. കൊരിന്ത് ഏതുതരം നഗരമായിരുന്നു, അവിടെ പൗലൊസിന്റെ പ്രസംഗപ്രവർത്തനത്തിന് എന്തു ഫലമുണ്ടായി?
11 കൊരിന്തിൽ ഗണ്യമായൊരു കൂട്ടം യഹൂദന്മാരുണ്ടായിരുന്നു, അതുകൊണ്ട് അവിടെ സിനഗോഗിൽ പ്രസംഗിച്ചുകൊണ്ട് പൗലൊസ് തന്റെ ശുശ്രൂഷ ആരംഭിച്ചു. എന്നാൽ യഹൂദന്മാർ എതിർക്കാൻ തുടങ്ങിയതോടെ, പൗലൊസ് വിജാതീയരുടെ അടുക്കലേക്കു പോയി. (പ്രവൃത്തികൾ 18:1-6) എന്തൊരു ജനാവലി! പല ദേശത്തുനിന്നുള്ള ആളുകൾ വന്നുംപോയുമിരിക്കുന്ന തിരക്കേറിയ വാണിജ്യ നഗരമായിരുന്ന കൊരിന്ത് ഗ്രീക്ക്-റോമാ ലോകത്തുടനീളം അഴിഞ്ഞ നടത്തയ്ക്ക് കുപ്രസിദ്ധമായിരുന്നു. അങ്ങനെ “കൊരിന്ത്യവത്കരിക്കുക” എന്നതിന് അധാർമികമായി പ്രവർത്തിക്കുക എന്നർഥം കൈവരുകപോലുമുണ്ടായി. എന്നിരുന്നാലും, യഹൂദന്മാർ പൗലൊസിന്റെ പ്രസംഗം തള്ളിയതിനുശേഷമായിരുന്നു ക്രിസ്തു അവനു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞത്: “ഭയപ്പെടാതെ പ്രസംഗിക്ക . . . ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു.” (പ്രവൃത്തികൾ 18:9, 10) അതു ശരിയായിരുന്നു, കൊരിന്തിൽ പൗലൊസ് ഒരു സഭ സ്ഥാപിച്ചു. മുമ്പ് “കൊരിന്ത്യൻ” ശൈലിയിൽ ജീവിച്ചിരുന്ന ചിലർപോലും അതിന്റെ അംഗങ്ങളായി.—1 കൊരിന്ത്യർ 6:9-11.
ഇന്ന് “എല്ലാത്തരം മനുഷ്യ”രെയും രക്ഷപ്പെടുത്താൻ ശ്രമിക്കൽ
12, 13. (എ) ഇന്നത്തെ നമ്മുടെ പ്രദേശം പൗലൊസിന്റെ നാളിലേതിനോടു സാദൃശ്യത്തിലായിരിക്കുന്നതെങ്ങനെ? (ബി) ദീർഘനാളായി ക്രൈസ്തവലോകത്തിലെ മതങ്ങൾ നിലനിൽക്കുന്നതോ അനേകരും സംഘടിത മതത്താൽ നിരാശരായതോ ആയ പ്രദേശങ്ങളിൽ നാമെന്തു മനോഭാവം പ്രകടിപ്പിക്കുന്നു?
12 ഒന്നാം നൂറ്റാണ്ടിലെപ്പോലെ, ഇന്ന് “ദൈവത്തിന്റെ അനർഹദയ . . . എല്ലാത്തരം മനുഷ്യർക്കും രക്ഷ കൈവരുത്തുന്നു.” (തീത്തൊസ് 2:11) സുവാർത്ത പ്രസംഗിക്കുന്നതിനുള്ള പ്രദേശം എല്ലാ ഭൂഖണ്ഡങ്ങളിലും മിക്ക സമുദ്രദ്വീപുകളിലുമായി വ്യാപിച്ചു കിടക്കുന്നു. തീർച്ചയായും പൗലൊസിന്റെ നാളിലേതുപോലെ, “എല്ലാത്തരം മനുഷ്യരു”ടെയും പക്കൽ സുവാർത്ത എത്തുന്നു. ഉദാഹരണത്തിന്, ക്രൈസ്തവലോകത്തിന്റെ സഭകൾ അനേകം നൂറ്റാണ്ടുകളായി നിലകൊള്ളുന്ന രാജ്യങ്ങളിൽ നമ്മിൽ ചിലർ പ്രസംഗിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരെപ്പോലെ, അതിലെ അംഗങ്ങൾക്ക് ശക്തമായ മതപാരമ്പര്യങ്ങൾ ഉണ്ടായിരിക്കാം. എങ്കിലും, നല്ല ഹൃദയനിലയുള്ളവരെ അന്വേഷിച്ച് അവർക്കുള്ള ബൈബിൾ പരിജ്ഞാനം വർധിപ്പിക്കാൻ നമുക്കു സന്തോഷമേയുള്ളൂ. അവരുടെ മതനേതാക്കന്മാർ നമ്മെ ചിലപ്പോൾ എതിർക്കുകയോ പീഡിപ്പിക്കുകയോ ചെയ്താലും നാം അവരോടു തരംതാണരീതിയിൽ സംസാരിക്കുകയോ അവരെ പരിഹസിക്കുകയോ ചെയ്യുകയില്ല. മറിച്ച്, സൂക്ഷ്മപരിജ്ഞാനമില്ലെങ്കിലും, അവരിൽ ചിലർ “ദൈവത്തെ സംബന്ധിച്ചു എരിവുള്ളവ”രാണെന്നു നാം തിരിച്ചറിയുന്നു. യേശുവിനെയും പൗലൊസിനെയുംപോലെ, നാം ആളുകളോടു യഥാർഥ സ്നേഹം പ്രകടമാക്കുന്നു. അവർ രക്ഷിക്കപ്പെടണമെന്ന ഉത്കടമായ ആഗ്രഹം നമുക്കുണ്ട്.—റോമർ 10:2.
13 പ്രസംഗവേലയ്ക്കിടയിൽ, നമ്മിലനേകരും സംഘടിത മതത്താൽ നിരാശരായ വ്യക്തികളെ കണ്ടുമുട്ടാറുണ്ട്. എന്നാൽ അവർ ദൈവഭയമുള്ളവരും ഒരളവോളം ദൈവവിശ്വാസികളും നല്ല ജീവിതം നയിക്കാൻ ശ്രമിക്കുന്നവരുമായിരുന്നേക്കാം. വക്രതയുള്ളതും ദൈവഭക്തി കുറഞ്ഞുകൊണ്ടിരിക്കുന്നതുമായ ഈ തലമുറയിൽ, ദൈവത്തിൽ കുറച്ചൊക്കെ വിശ്വാസമുള്ള ആളുകളെ കണ്ടുമുട്ടുന്നതിൽ നാം ആഹ്ലാദിക്കേണ്ടതല്ലേ? കാപട്യവും വ്യാജവുമില്ലാത്ത ഒരു ആരാധനാരീതിയിലേക്ക് അവരെ നയിക്കാൻ നാം ഉത്സുകരല്ലേ?—ഫിലിപ്പിയർ 2:14, 15.
14, 15. സുവാർത്ത പ്രസംഗിക്കുന്നതിന് ഒരു ബൃഹത്തായ വയൽ ലഭ്യമായിരിക്കുന്നതെങ്ങനെ?
14 പ്രസംഗവേല നിർവഹിക്കുന്നതിന് ഒരു ബൃഹത്തായ പ്രദേശമുണ്ടായിരിക്കുമെന്ന് യേശു വൻവലയുടെ ഉപമയിലൂടെ മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 13:47-49) ഈ ഉപമ വിശദീകരിച്ചുകൊണ്ട്, 1992 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരം 20-ാം പേജിൽ പ്രസ്താവിച്ചു: “നൂററാണ്ടുകളിൽ ക്രൈസ്തവലോകത്തിന്റെ അംഗങ്ങൾ ദൈവവചനം വിവർത്തനംചെയ്യുന്നതിലും പകർത്തുന്നതിലും വിതരണംചെയ്യുന്നതിലും ഒരു മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് സഭകൾ വിദൂരരാജ്യങ്ങളിലെ ഭാഷകളിൽ ബൈബിൾ വിവർത്തനംചെയ്ത ബൈബിൾസൊസൈററികൾ രൂപവൽക്കരിക്കുകയോ അവയെ പിന്തുണക്കുകയോ ചെയ്തു. അവർ മെഡിക്കൽ മിഷനറിമാരെയും അദ്ധ്യാപകരെയും പുറത്തേക്കയക്കുകയും ചെയ്തു, അവർ ചോററുക്രിസ്ത്യാനികളെ ഉളവാക്കി. ഇത് ദൈവത്തിന്റെ അംഗീകാരമില്ലാഞ്ഞ കൊള്ളുകയില്ലാത്ത നിരവധി മത്സ്യങ്ങളെ ശേഖരിച്ചു. എന്നാൽ അത് ദശലക്ഷക്കണക്കിന് അക്രൈസ്തവരെ ബൈബിളിനോടും ദുഷിച്ചതെങ്കിലും ക്രിസ്ത്യാനിത്വത്തിന്റെ ഒരു രൂപത്തോടും സമ്പർക്കത്തിൽ വരുത്തി.”
15 ക്രൈസ്തവലോകം നടത്തിയ മതപരിവർത്തനങ്ങൾ തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും ചില സമുദ്രദ്വീപുകളിലും വിശേഷാൽ ഫലപ്രദമായിരുന്നു. നമ്മുടെ നാളിൽ, സൗമ്യരായ അനേകരെ ഈ പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. യഹൂദ മതപരിവർത്തിതരോടു പൗലൊസ് പ്രകടമാക്കിയതുപോലെ, താഴ്മയുള്ള അത്തരക്കാരോട് ശുഭാപ്തിവിശ്വാസമുള്ളതും സ്നേഹപുരസ്സരവുമായ ഒരു മനോഭാവം പ്രകടമാക്കുന്നെങ്കിൽ, നമുക്കു തുടർന്നും ഏറെ നന്മ ചെയ്യാനാകും. നമ്മുടെ സഹായം ആവശ്യമുള്ളവർക്കിടയിൽ യഹോവയുടെ സാക്ഷികളുടെ “അനുഭാവികൾ” എന്നു പറയാവുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. നാം അവരെ സന്ദർശിക്കുന്നത് അവർക്ക് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. ചിലർ നമ്മോടൊപ്പം ബൈബിൾ പഠിക്കുകയും നമ്മുടെ യോഗങ്ങളിൽ, വിശേഷിച്ച് ക്രിസ്തുവിന്റെ മരണത്തിന്റെ വാർഷിക സ്മാരകത്തിൽ സംബന്ധിക്കുകയും ചെയ്തിട്ടുണ്ട്. അത്തരക്കാർ രാജ്യസുവാർത്താ പ്രസംഗത്തിനുള്ള ഒരു ബൃഹത്തായ വയലിനെയല്ലേ പ്രതിനിധാനം ചെയ്യുന്നത്?
16, 17. (എ) സുവാർത്തയുമായി നാം ഏതെല്ലാം തരത്തിലുള്ള ആളുകളെ സമീപിക്കുന്നു? (ബി) വ്യത്യസ്തതരം ആളുകളോടു പ്രസംഗിക്കുന്നതിൽ നാം പൗലൊസിനെ അനുകരിക്കുന്നതെങ്ങനെ?
16 കൂടാതെ, അക്രൈസ്തവലോക സംസ്കാരങ്ങളിൽനിന്നുള്ളവരെ അവരുടെ മാതൃരാജ്യത്തുവെച്ചോ കുടിയേറ്റക്കാരായി പാശ്ചാത്യനാടുകളിൽവെച്ചോ കാണുന്നെങ്കിലോ? മതത്തെ പാടേ തള്ളിക്കളഞ്ഞ് നിരീശ്വരവാദികളോ അജ്ഞേയവാദികളോ ആയിത്തീർന്നിരിക്കുന്നവരുടെ കാര്യമോ? പുസ്തകശാലകളിൽ കാണുന്ന അനേകം സ്വാശ്രയ പുസ്തകങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ആധുനിക തത്ത്വചിന്തയോ ജനകീയ മനശ്ശാസ്ത്രമോ മിക്കവാറും അന്ധമായി ചെവിക്കൊള്ളുന്നവരുടെ കാര്യമോ? രക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്നു വിചാരിച്ച് അത്തരക്കാരിൽ ആരെയെങ്കിലും അവഗണിക്കണമോ? പൗലൊസ് അപ്പോസ്തലനെ അനുകരിക്കുന്നെങ്കിൽ നാമങ്ങനെ ചെയ്യുകയില്ല.
17 ഏഥൻസിൽ പ്രസംഗിക്കുമ്പോൾ, പൗലൊസ് ശ്രോതാക്കളുമൊത്ത് തത്ത്വചിന്താ സംവാദത്തിന്റെ കെണിയിലകപ്പെട്ടില്ല. എന്നാൽ തന്റെ ശ്രോതാക്കൾക്കുവേണ്ടി അവൻ ന്യായവാദം അനുരൂപപ്പെടുത്തി ബൈബിൾ സത്യങ്ങൾ വ്യക്തവും യുക്തിപൂർവകവുമായ വിധത്തിൽ അവതരിപ്പിച്ചു. സമാനമായി, നാം പ്രസംഗിക്കുന്ന ആളുകളുടെ മതങ്ങളിലോ തത്ത്വചിന്തകളിലോ നാം വിദഗ്ധരാകണമെന്നില്ല. എന്നാൽ, സാക്ഷീകരണം ഫലകരമാക്കാൻ നമ്മുടെ സമീപനം നാം അനുരൂപപ്പെടുത്തുന്നു, അങ്ങനെ നാം “എല്ലാത്തരം ആളുകൾക്കും എല്ലാ”മായിത്തീരുകയാണ്. (1 കൊരിന്ത്യർ 9:22, NW) കൊലൊസ്സ്യയിലെ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ പൗലൊസ് പ്രസ്താവിച്ചു: “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—കൊലൊസ്സ്യർ 4:5, 6.
18. നമുക്കെന്ത് ഉത്തരവാദിത്വമുണ്ട്, നാമൊരിക്കലും എന്തു വിസ്മരിച്ചുകൂടാ?
18 യേശുവിനെയും പൗലൊസ് അപ്പോസ്തലനെയുംപോലെ, നമുക്ക് എല്ലാത്തരം ആളുകളോടും സ്നേഹം പ്രകടമാക്കാം. വിശേഷിച്ചും, രാജ്യത്തിന്റെ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കാൻ നമുക്കു പ്രത്യേക ശ്രമം ചെയ്യാം. അതേസമയം, യേശു ശിഷ്യന്മാരോടു പറഞ്ഞത് ഒരിക്കലും വിസ്മരിക്കാതിരിക്കുകയും ചെയ്യാം: “അവർ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:16, NW) ഇതു നമുക്ക് എന്തർഥമാക്കുന്നുവെന്ന് അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.
പുനരവലോകനം
□ ലോകത്തോട് യേശുവിനുണ്ടായിരുന്ന സമനിലയുള്ള മനോഭാവം വിവരിക്കുക
□ യഹൂദന്മാരോടും മതപരിവർത്തിതരോടും പൗലൊസ് അപ്പോസ്തലൻ പ്രസംഗിച്ചതെങ്ങനെ?
□ പൗലൊസ് ദൈവഭയമുള്ളവരെയും അവിശ്വാസികളെയും സമീപിച്ചതെങ്ങനെ?
□ നമ്മുടെ പ്രസംഗപ്രവർത്തനത്തിൽ നമുക്ക് “എല്ലാത്തരം ആളുകൾക്കും എല്ലാ”മായിത്തീരാവുന്നതെങ്ങനെ?
[10-ാം പേജിലെ ചിത്രങ്ങൾ]
അയൽക്കാർക്കു ദയാപ്രവൃത്തികൾ ചെയ്തുകൊണ്ട് ക്രിസ്ത്യാനികൾക്കു മിക്കപ്പോഴും മുൻവിധിയകറ്റാനാകും