പാഠം 38
ജീവൻ—വിലയേറിയ ഒരു സമ്മാനം!
ജീവൻ! എത്ര വിലയേറിയ ഒരു സമ്മാനം! ജീവിതം ആസ്വദിക്കാനും എത്രയോ രസകരമായ കാര്യങ്ങൾ ചെയ്യാനും നമുക്കു കഴിയുന്നു. പ്രശ്നങ്ങളുണ്ടെങ്കിലും ജീവിതത്തിൽ കുറച്ചൊക്കെ സന്തോഷം നമ്മൾ ആസ്വദിക്കാറുണ്ട്. ജീവൻ എന്ന സമ്മാനത്തിനു നമുക്ക് എങ്ങനെ നന്ദി കാണിക്കാം? നമ്മൾ നന്ദി കാണിക്കേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്?
1. ജീവൻ എന്ന സമ്മാനത്തിനു നമ്മൾ നന്ദി കാണിക്കേണ്ടത് എന്തുകൊണ്ട്?
നമ്മളെ സ്നേഹിക്കുന്ന നമ്മുടെ പിതാവായ യഹോവ തന്നിരിക്കുന്ന ഒരു സമ്മാനമാണ് ജീവൻ. “ജീവന്റെ ഉറവ് അങ്ങാണല്ലോ” എന്നാണ് യഹോവയെക്കുറിച്ച് ബൈബിൾ പറയുന്നത്. (സങ്കീർത്തനം 36:9) “ദൈവമാണ് എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നത്.” (പ്രവൃത്തികൾ 17:25, 28) ജീവനോടിരിക്കാൻ ആവശ്യമായതെല്ലാം യഹോവ നമുക്കു തരുന്നു. വെറുതെ എങ്ങനെയെങ്കിലും ജീവിക്കുക എന്ന ഉദ്ദേശ്യത്തിലല്ല ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. മറിച്ച്, ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുക എന്ന ഉദ്ദേശ്യത്തിലാണ്.—പ്രവൃത്തികൾ 14:17 വായിക്കുക.
2. ജീവൻ തന്നതിനു നമുക്ക് യഹോവയോട് എങ്ങനെ നന്ദി കാണിക്കാൻ കഴിയും?
നമ്മൾ അമ്മയുടെ ഗർഭപാത്രത്തിൽ ഉണ്ടായ നിമിഷംമുതൽ യഹോവയ്ക്കു നമ്മുടെ കാര്യത്തിൽ താത്പര്യമുണ്ട്. ദൈവദാസനായ ദാവീദ് ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “ഞാൻ വെറുമൊരു ഭ്രൂണമായിരുന്നപ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു.” (സങ്കീർത്തനം 139:16) യഹോവ നിങ്ങളുടെ ജീവനെ വളരെ വിലയേറിയതായി കാണുന്നു. (മത്തായി 10:29-31 വായിക്കുക.) ഒരാൾ മറ്റൊരാളുടെ ജീവൻ ഇല്ലാതാക്കാനോ അല്ലെങ്കിൽ സ്വന്തം ജീവിതം അവസാനിപ്പിക്കാനോ തീരുമാനിക്കുന്നെങ്കിൽ ദൈവത്തിനു വല്ലാത്ത വിഷമം തോന്നും.a (പുറപ്പാട് 20:13) നമ്മുടെ ജീവനോ മറ്റുള്ളവരുടെ ജീവനോ യാതൊരു വിലയും കല്പിക്കാത്ത വിധത്തിൽ നമ്മൾ അശ്രദ്ധമായി പ്രവർത്തിക്കുന്നതു കാണുമ്പോൾ അതും യഹോവയെ വിഷമിപ്പിക്കുന്നു. എന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവനെ വളരെ വിലയുള്ളതായി കണ്ട് പ്രവർത്തിക്കുമ്പോൾ യഹോവ തന്ന ജീവനോട് നമ്മൾ ശരിക്കും നന്ദി കാണിക്കുകയാണ്.
ആഴത്തിൽ പഠിക്കാൻ
ജീവൻ എന്ന സമ്മാനത്തോടു നന്ദി കാണിക്കാൻ കഴിയുന്ന ചില വിധങ്ങളെക്കുറിച്ച് മനസ്സിലാക്കാം.
3. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക
ക്രിസ്ത്യാനികൾ ജീവിതം മുഴുവനും യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്നതുകൊണ്ട് ജീവിതത്തിന്റെ എല്ലാ വശങ്ങളിലും യഹോവയ്ക്ക് ഇഷ്ടമുള്ളത് ചെയ്യും. എന്നുവെച്ചാൽ അവർ അവരുടെ ‘ശരീരം ഒരു ബലിയായി ദൈവത്തിനു’ നൽകിയിരിക്കുകയാണ്. റോമർ 12:1, 2 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രധാന കാരണം എന്താണ്?
ആരോഗ്യം സംരക്ഷിക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം?
4. അപകടമോ മരണമോ സംഭവിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുക
അപകടം വരുത്തിവെച്ചേക്കാവുന്ന കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കാൻ ബൈബിൾ പറയുന്നു. കാര്യങ്ങൾ സുരക്ഷിതമായി എങ്ങനെ ചെയ്യാൻ കഴിയുമെന്നു മനസ്സിലാക്കാൻ വീഡിയോ കാണുക.
സുഭാഷിതങ്ങൾ 22:3 വായിക്കുക. താഴെ കൊടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി എന്തൊക്കെ കാര്യങ്ങൾ ചെയ്യാം:
വീട്ടിലായിരിക്കുമ്പോൾ.
ജോലിസ്ഥലത്ത്.
കളിക്കുമ്പോൾ.
വണ്ടി ഓടിക്കുമ്പോഴും വണ്ടിയിൽ യാത്ര ചെയ്യുമ്പോഴും.
5. ഗർഭസ്ഥ ശിശുവിന്റെ ജീവനും വിലയേറിയതാണ്
ഒരു അമ്മയുടെ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിന്റെ എല്ലാ കാര്യങ്ങളിലും യഹോവയ്ക്ക് അതീവ താത്പര്യമുണ്ടെന്ന് ബൈബിളെഴുത്തുകാരനായ ദാവീദ് പറഞ്ഞു. സങ്കീർത്തനം 139:13-17 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവയുടെ വീക്ഷണത്തിൽ ഒരു വ്യക്തിയുടെ ജീവിതം ആരംഭിക്കുന്നത് അയാളെ അമ്മ ഗർഭം ധരിക്കുമ്പോഴാണോ അതോ അയാൾ പിറന്നുവീഴുമ്പോഴാണോ?
അമ്മമാരുടെയും ഗർഭാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെയും ജീവൻ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ യഹോവ പുരാതന ഇസ്രായേല്യർക്ക് കൊടുത്തിരുന്നു. പുറപ്പാട് 21:22, 23 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഒരാൾ അറിയാതെയാണെങ്കിൽപ്പോലും എന്തെങ്കിലും ചെയ്ത് ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയാൽ ആ വ്യക്തിയെ യഹോവ എങ്ങനെയാണു കണ്ടിരുന്നത്?
ഇനി, മനഃപൂർവമാണ് ആരെങ്കിലും അങ്ങനെ ചെയ്യുന്നതെങ്കിൽ യഹോവയ്ക്ക് എന്തായിരിക്കും തോന്നുക?b
ജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാടിനെപ്പറ്റി നിങ്ങൾക്ക് എന്തു തോന്നുന്നു?
ജീവന്റെ വില നന്നായി അറിയാവുന്ന സ്ത്രീകൾക്കുപോലും ചിലപ്പോൾ തങ്ങളുടെ സാഹചര്യം കാരണം ഗർഭച്ഛിദ്രം നടത്താതെ വേറെ വഴിയില്ലെന്നു തോന്നിയേക്കാം. യശയ്യ 41:10 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഒരു സ്ത്രീക്കു ഗർഭച്ഛിദ്രം നടത്താനുള്ള സമ്മർദം നേരിടേണ്ടിവന്നാൽ സഹായത്തിനായി ആരെ സമീപിക്കാൻ കഴിയും, എന്തുകൊണ്ട്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഗർഭച്ഛിദ്രം നടത്തണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഓരോ സ്ത്രീയുമാണ്. അതിനുള്ള അവകാശം അവർക്കുണ്ട്.”
അമ്മയുടെയും ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെയും ജീവനെ യഹോവ ഒരുപോലെ വിലയേറിയതായി കാണുന്നുണ്ടോ? കാരണം വിശദീകരിക്കാമോ?
ചുരുക്കത്തിൽ
ജീവൻ യഹോവ നമുക്കു തന്ന സമ്മാനമാണ്. അതുകൊണ്ട് നമ്മുടെയും മറ്റുള്ളവരുടെയും ജീവനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യാൻ ബൈബിൾ പഠിപ്പിക്കുന്നു.
ഓർക്കുന്നുണ്ടോ?
മനുഷ്യജീവനെ യഹോവ വളരെ വിലയേറിയതായി കാണുന്നത് എന്തുകൊണ്ട്?
ഒരാൾ സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ മനഃപൂർവം ഇല്ലാതാക്കാൻ നോക്കിയാൽ യഹോവയ്ക്ക് എന്തായിരിക്കും തോന്നുക?
ജീവൻ എന്ന സമ്മാനത്തോട് നിങ്ങൾക്ക് നന്ദിയുള്ളത് എന്തുകൊണ്ട്?
കൂടുതൽ മനസ്സിലാക്കാൻ
ജീവൻ എന്ന സമ്മാനം തന്നതിനു നമുക്ക് യഹോവയോട് എങ്ങനെ നന്ദി കാണിക്കാം?
ഗർഭച്ഛിദ്രം നടത്തിയവരോടു ദൈവം ക്ഷമിക്കുമോ? ഈ ചോദ്യത്തിന്റെ ഉത്തരം നോക്കാം.
“ഗർഭച്ഛിദ്രത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?” (വെബ്സൈറ്റിലെ ലേഖനം)
ദൈവം ജീവനെ വളരെ വിലയേറിയതായി കാണുന്നതുകൊണ്ട് വിനോദം തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
“‘സാഹസം നിറഞ്ഞ സ്പോർട്സ്’ അതു നിങ്ങൾക്കുള്ളതോ?” (ഉണരുക! 2000 നവംബർ 8)
ഒരു വ്യക്തിക്ക് ആത്മഹത്യ ചെയ്യാനുള്ള തോന്നലുണ്ടാകുന്നെങ്കിലോ? അതു മറികടക്കാൻ ബൈബിൾ എന്തു സഹായമാണു തരുന്നത്?
a യഹോവ മനസ്സു തകർന്നവരുടെ അരികിലുണ്ട്. (സങ്കീർത്തനം 34:18) ആത്മഹത്യ ചെയ്യാൻ ഒരു വ്യക്തിയെ പ്രേരിപ്പിച്ചേക്കാവുന്ന ചിന്തകളും വികാരങ്ങളും യഹോവയ്ക്കു മനസ്സിലാക്കാൻ കഴിയും. ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളെ എങ്ങനെ മറികടക്കാം? ഇതെക്കുറിച്ച് അറിയാൻ “എനിക്കു മരിക്കണം—ആത്മഹത്യാപ്രവണതയ്ക്കെതിരെ പോരാടാൻ ബൈബിളിന് എന്നെ സഹായിക്കാനാകുമോ?” എന്ന ലേഖനം വായിക്കുക. ഈ പാഠത്തിലെ “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗത്ത് അതു കാണാം.
b നിങ്ങൾ മുമ്പ് ഗർഭച്ഛിദ്രം നടത്തിയ ഒരാളാണെങ്കിൽ യഹോവയ്ക്കു നിങ്ങളോടു ക്ഷമിക്കാൻ കഴിയുമെന്ന് ഓർക്കുക. അതുകൊണ്ട് കുറ്റബോധത്താൽ നീറിക്കഴിയേണ്ട ആവശ്യമില്ല. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ “ഗർഭച്ഛിദ്രത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?” എന്ന ലേഖനം കാണുക. ഈ പാഠത്തിലെ “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗത്ത് അതു കാണാം.