പുനരുത്ഥാനത്തിലുള്ള നിങ്ങളുടെ വിശ്വാസം എത്ര ശക്തമാണ്?
“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.”—യോഹന്നാൻ 11:25.
1, 2. യഹോവയുടെ ഒരു ആരാധകന് പുനരുത്ഥാന പ്രത്യാശയിൽ ഉറച്ച ബോധ്യമുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
പുനരുത്ഥാനത്തിലുള്ള നിങ്ങളുടെ വിശ്വാസം എത്ര ശക്തമാണ്? അതു നിങ്ങളെ മരണഭയത്തിനെതിരെ ബലിഷ്ഠനാക്കുകയും പ്രിയപ്പെട്ടവർ മരിക്കുമ്പോൾ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടോ? (മത്തായി 10:28; 1 തെസ്സലൊനീക്യർ 4:13) പുനരുത്ഥാനത്തിലുള്ള വിശ്വാസത്താൽ ബലിഷ്ഠരായി ചമ്മട്ടിയടി, പരിഹാസം, പീഡനം, കാരാഗൃഹവാസം എന്നിവ സഹിച്ചുനിന്ന പുരാതന നാളിലെ അനേകം ദൈവദാസരെപ്പോലെയാണോ നിങ്ങൾ?—എബ്രായർ 11:35-38.
2 അതേ, യഹോവയുടെ ഒരു യഥാർഥ ആരാധകന് പുനരുത്ഥാനം ഉണ്ടാകുമെന്നതിൽ ഒട്ടും സംശയം ഉണ്ടായിരിക്കരുത്, ഉറച്ച ബോധ്യം അയാൾ ജീവിക്കുന്ന വിധത്തെ ബാധിക്കണം. ദൈവത്തിന്റെ തക്ക സമയത്ത്, സമുദ്രവും മരണവും പാതാളവും [ഹേഡീസും] തങ്ങളിലുള്ള മരിച്ചവരെ വിട്ടുകൊടുക്കുകയും അങ്ങനെ പുനരുത്ഥാനം പ്രാപിച്ചുവരുന്നവർക്ക് ഒരു പറുദീസാ ഭൂമിയിൽ നിത്യമായി ജീവിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുകയും ചെയ്യുമെന്ന വസ്തുതയെക്കുറിച്ചു ധ്യാനിക്കുന്നത് വിസ്മയാവഹമാണ്.—വെളിപ്പാടു 20:13; 21:4, 5.
ഭാവി ജീവിതത്തെക്കുറിച്ചുള്ള സംശയങ്ങൾ
3, 4. മരണാനന്തര ജീവിതത്തെ കുറിച്ച് അനേകരും ഇപ്പോഴും എന്തു വിശ്വസിക്കുന്നു?
3 മരണാനന്തര ജീവിതം ഉണ്ടെന്ന് ക്രൈസ്തവലോകം ദീർഘകാലമായി പഠിപ്പിച്ചിരിക്കുന്നു. യു.എസ്. കാത്തലിക് എന്ന മാസികയിലെ ഒരു ലേഖനം ഇങ്ങനെ പ്രസ്താവിച്ചു: “സമാധാനവും സംതൃപ്തിയുമുള്ള, സാക്ഷാത്കാരവും സന്തുഷ്ടിയുമുള്ള മറ്റൊരു ജീവിതത്തിൽ കണ്ണുനട്ടുകൊണ്ട് ഈ ജീവിതത്തിലെ നിരാശകളോടും കഷ്ടപ്പാടുകളോടും ആവുംവിധം പൊരുത്തപ്പെടാൻ ക്രിസ്ത്യാനികൾ യുഗങ്ങളായി ശ്രമിച്ചിരിക്കുന്നു.” പല ക്രൈസ്തവ രാജ്യങ്ങളിലെയും ആളുകൾ ലൗകികരും കുറച്ചൊക്കെ മതപരിഹാസികളും ആയിത്തീർന്നിട്ടുണ്ടെങ്കിലും, ഇപ്പോഴും അനേകരുടെയും വിശ്വാസം മരണാനന്തരം എന്തോ ഉണ്ടായിരിക്കണമെന്നാണ്. എന്നാൽ അതുമായി ബന്ധപ്പെട്ട് അവർക്ക് തിട്ടമില്ലാത്ത പല കാര്യങ്ങളും ഉണ്ട്.
4 ടൈം മാഗസിനിലെ ഒരു ലേഖനം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആളുകൾ ഇപ്പോഴും [മരണാനന്തര ജീവിതത്തിൽ] വിശ്വസിക്കുന്നു: അത് കൃത്യമായും എന്താണെന്നതു സംബന്ധിച്ച അവരുടെ ധാരണ കൂടുതൽ അവ്യക്തം ആയിത്തീർന്നിരിക്കുന്നു എന്നേയുള്ളൂ. അവരുടെ പാസ്റ്റർമാർ അതേക്കുറിച്ച് അപൂർവമായേ പറയാറുള്ളുതാനും.” മതശുശ്രൂഷകർ മുമ്പത്തെപ്പോലെ കൂടെക്കൂടെ മരണാനന്തര ജീവിതത്തെക്കുറിച്ചു പറയാത്തത് എന്തുകൊണ്ട്? മതപണ്ഡിതനായ ജെഫ്രി ബർട്ടൻ റസ്സൽ പറയുന്നു: “[പുരോഹിതന്മാർ] മനഃപൂർവം ആ വിഷയം ഒഴിവാക്കുന്നത് ആളുകളുടെ സന്ദേഹവാദത്തെ തങ്ങൾക്കു മറികടക്കേണ്ടിവരുമെന്ന് അവർ കരുതുന്നതുകൊണ്ടാണ്.”
5. ഇന്ന് അനേകരും നരകാഗ്നിയെ കുറിച്ചുള്ള പഠിപ്പിക്കലിനെ എങ്ങനെ വീക്ഷിക്കുന്നു?
5 അനേകം സഭകളിലും, മരണാനന്തര ജീവിതത്തിൽ ഒരു സ്വർഗവും അഗ്നി നരകവും ഉൾപ്പെടുന്നു. പുരോഹിതന്മാർക്ക് സ്വർഗത്തെക്കുറിച്ചു സംസാരിക്കാൻ വൈമനസ്യം ആണെങ്കിൽ, അതിലേറെ വൈമനസ്യമാണ് നരകത്തെക്കുറിച്ച് സംസാരിക്കാൻ. ഒരു പത്രത്തിലെ ലേഖനം പ്രസ്താവിച്ചു: “ഇക്കാലത്ത്, ഒരു അഗ്നിനരകത്തിലെ നിത്യശിക്ഷാവിധിയിൽ വിശ്വസിക്കുന്ന സഭകൾപോലും . . . പ്രസ്തുത പഠിപ്പിക്കലിന് അത്ര പ്രാധാന്യം നൽകുന്നില്ല.” ഒരു അക്ഷരീയ ദണ്ഡന സ്ഥലമാണ് നരകം എന്നു മധ്യയുഗങ്ങളിൽ പഠിപ്പിച്ചിരുന്നെങ്കിലും, മിക്ക ആധുനിക ദൈവശാസ്ത്രജ്ഞന്മാരും നരകത്തെ കുറിച്ച് അങ്ങനെ വിശ്വസിക്കുന്നില്ല. മറിച്ച്, നരകത്തെ കുറിച്ചുള്ള പഠിപ്പിക്കൽ ‘മയപ്പെടുത്താ’നാണ് അവർ ഇഷ്ടപ്പെടുന്നത്. അനേകം ആധുനിക ചിന്താഗതിക്കാരും പറയുന്നതനുസരിച്ച്, നരകത്തിൽ പാപികൾ അക്ഷരീയമായി ദണ്ഡിപ്പിക്കപ്പെടുന്നില്ല, എന്നാൽ അവർ കഷ്ടമനുഭവിക്കുന്നത് “ദൈവത്തിൽനിന്നുള്ള ആത്മീയമായ വേർപാട്” നിമിത്തമാണ്.
6. ദുരന്തത്തെ നേരിടുമ്പോൾ ചിലർക്ക് തങ്ങളുടെ വിശ്വാസം അപര്യാപ്തമാണെന്നു തോന്നുന്നതെങ്ങനെ?
6 ആളുകളുടെ ആധുനിക ചിന്താഗതിയെ വ്രണപ്പെടുത്താതിരിക്കാൻ സഭാ പഠിപ്പിക്കലുകൾ മയപ്പെടുത്തുന്നത് ജനങ്ങളുടെ അപ്രീതി ഒഴിവാക്കാൻ ചിലരെ സഹായിച്ചേക്കാം. പക്ഷേ തങ്ങൾ എന്തു വിശ്വസിക്കണമെന്നതു സംബന്ധിച്ച് ആത്മാർഥരായ ദശലക്ഷക്കണക്കിനു പള്ളിക്കാരെ അത് ആശയക്കുഴപ്പത്തിലാക്കുന്നു. അതുകൊണ്ട്, മരണത്തെ മുഖാമുഖം നേരിടുമ്പോൾ, ഇക്കൂട്ടരിൽ മിക്കവരുടെയും വിശ്വാസം നഷ്ടപ്പെട്ടുപോകുന്നു. അവരുടെ മനോഭാവം, ദാരുണമായ ഒരു അപകടത്തിൽ കുടുംബാംഗങ്ങളിൽ പലരെയും നഷ്ടപ്പെട്ട ഒരു സ്ത്രീയുടേതിനു സമാനമാണ്. അവരോട് തന്റെ മതവിശ്വാസം ആശ്വാസം പകർന്നോ എന്നു ചോദിച്ചപ്പോൾ മടിച്ചുമടിച്ച് അവർ പറഞ്ഞു: “എന്നാണു ഞാൻ കരുതുന്നത്.” എന്നാൽ തന്റെ മതവിശ്വാസം തന്നെ സഹായിച്ചുവെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു എന്നുതന്നെയിരിക്കട്ടെ. അപ്പോഴും അവരുടെ വിശ്വാസങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ, ആത്യന്തികമായി അത് എന്തു പ്രയോജനം ചെയ്യാനാണ്? ഇത് ഗൗരവമായി കാണേണ്ട ഒരു സംഗതിയാണ്. എന്തെന്നാൽ ഭാവി ജീവിതത്തെക്കുറിച്ചു മിക്ക സഭകളും പഠിപ്പിക്കുന്നതു വാസ്തവത്തിൽ ബൈബിൾ പഠിപ്പിക്കുന്നതിൽനിന്നു വളരെ വ്യത്യസ്തമാണ്.
മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ക്രൈസ്തവലോകത്തിന്റെ വീക്ഷണം
7. (എ) മിക്ക സഭകൾക്കും പൊതുവായുള്ള വിശ്വാസം എന്താണ്? (ബി) അമർത്യ ആത്മാവിനെ കുറിച്ചുള്ള പഠിപ്പിക്കലിനെ ഒരു ദൈവശാസ്ത്രജ്ഞൻ വർണിച്ചതെങ്ങനെ?
7 ഭിന്നതകൾ ഉണ്ടെങ്കിലും, മിക്കവാറും എല്ലാ ക്രൈസ്തവ വിഭാഗങ്ങളും മനുഷ്യന് അമർത്യമായ ഒരു ആത്മാവ് ഉണ്ടെന്നും അതു ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നുവെന്നുമുള്ള ആശയത്തോടു യോജിക്കുന്നു. ഒരു വ്യക്തി മരിക്കുമ്പോൾ, അയാളുടെ ആത്മാവ് സ്വർഗത്തിലേക്കു പോയേക്കുമെന്നു മിക്കവരും വിശ്വസിക്കുന്നു. തങ്ങളുടെ ആത്മാവ് ഒരു അഗ്നിനരകത്തിലേക്കോ ശുദ്ധീകരണസ്ഥലത്തേക്കോ പോകുമെന്നു ചിലർ ഭയപ്പെടുന്നു. ഒരു ഭാവിജീവിതത്തെ കുറിച്ചുള്ള അവരുടെ വീക്ഷണത്തിന്റെ കാതലായ സംഗതി അമർത്യ ആത്മാവിനെ കുറിച്ചുള്ള ആശയമാണ്. അമർത്യതയും പുനരുത്ഥാനവും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച ഒരു ഉപന്യാസത്തിൽ ദൈവശാസ്ത്രജ്ഞനായ ഒസ്കാർ കുൾമാൻ ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്. അദ്ദേഹം എഴുതി: “പുതിയ നിയമ പഠിപ്പിക്കൽ അനുസരിച്ച്, മരണാനന്തരമുള്ള മനുഷ്യന്റെ ഭാവിയെക്കുറിച്ച് എന്താണു ധരിച്ചിരിക്കുന്നത് . . . എന്ന് ഒരു സാധാരണ ക്രിസ്ത്യാനിയോടു ചോദിച്ചാൽ, ഏതാനും ചിലർ ഒഴികെ, എല്ലാവരുടെയും ഉത്തരം ‘ആത്മാവിന്റെ അമർത്യത’ എന്നായിരിക്കും.” എന്നിരുന്നാലും, “വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ ആശയം ക്രിസ്ത്യാനിത്വത്തിലെ ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്നാണ്,” കുൾമാൻ കൂട്ടിച്ചേർത്തു. താൻ ഇത് ആദ്യമായി പറഞ്ഞപ്പോൾ, അത് വലിയൊരു കോലാഹലം സൃഷ്ടിച്ചുവെന്ന് കുൾമാൻ പറയുകയുണ്ടായി. എങ്കിലും അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു.
8. യഹോവ ആദ്യ മനുഷ്യനും സ്ത്രീക്കും നൽകിയ പ്രത്യാശ എന്താണ്?
8 മരിക്കുമ്പോൾ സ്വർഗത്തിലേക്കു പോകാനുള്ള ഉദ്ദേശ്യത്തിലല്ല യഹോവയാം ദൈവം മനുഷ്യരെ സൃഷ്ടിച്ചത്. മനുഷ്യർ മരിക്കണം എന്നത് അവന്റെ ആദിമ ഉദ്ദേശ്യം അല്ലായിരുന്നു. പൂർണരായി സൃഷ്ടിക്കപ്പെട്ട ആദാമിനും ഹവ്വായ്ക്കും നീതിനിഷ്ഠരായ സന്താനങ്ങളെക്കൊണ്ടു ഭൂമിയെ നിറയ്ക്കുന്നതിനുള്ള അവസരം ലഭിച്ചു. (ഉല്പത്തി 1:28; ആവർത്തനപുസ്തകം 32:4) ദൈവത്തോട് അനുസരണക്കേടു കാണിച്ചാൽ മാത്രമേ മരിക്കുകയുള്ളുവെന്ന് നമ്മുടെ ആദിമ മാതാപിതാക്കളോടു പറഞ്ഞിരുന്നു. (ഉല്പത്തി 2:17) തങ്ങളുടെ സ്വർഗീയ പിതാവിനോട് അനുസരണമുള്ളവരായി കഴിഞ്ഞിരുന്നെങ്കിൽ, അവർ ഭൂമിയിൽ എന്നേക്കും ജീവനോടിരിക്കുമായിരുന്നു.
9. (എ) മനുഷ്യന് ഒരു അമർത്യ ആത്മാവ് ഉണ്ടോ? (ബി) മരിക്കുമ്പോൾ മനുഷ്യന് എന്തു സംഭവിക്കുന്നു?
9 എന്നാൽ സങ്കടകരമെന്നു പറയട്ടെ, ആദാമും ഹവ്വായും ദൈവത്തോട് അനുസരണം കാട്ടുന്നതിൽ പരാജയപ്പെട്ടു. (ഉല്പത്തി 3:6, 7) അതിന്റെ ദാരുണ ഫലങ്ങൾ പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ വർണിക്കുന്നു: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുപകരം ആദാമും ഹവ്വായും മരിച്ചു. അപ്പോൾ എന്താണു സംഭവിച്ചത്? അവരുടെ പാപം നിമിത്തം ഒരു അഗ്നിനരകത്തിലേക്കു പോകുമായിരുന്ന അമർത്യ ആത്മാവ് അവർക്ക് ഉണ്ടായിരുന്നോ? ആദാമും ഹവ്വായും മരിച്ചപ്പോൾ, അവർ പൂർണമായും മരിച്ചു. യഹോവ ആദാമിനോടു പറഞ്ഞിരുന്നതുപോലെതന്നെ അവസാനം അവർക്കു സംഭവിച്ചു: “നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.”—ഉല്പത്തി 3:19.
10, 11. ആത്മാവിനെ കുറിച്ചുള്ള ബൈബിൾ പഠിപ്പിക്കൽ സംബന്ധിച്ച് ഡോൺ ഫ്ളെമിങ്ങിന്റെ ബൈബിൾ നിഘണ്ടു (ഹിന്ദി) എന്തു സമ്മതിച്ചുപറയുന്നു, ബൈബിൾ പഠിപ്പിക്കുന്നതുമായി ഇതെങ്ങനെ പൊരുത്തപ്പെടുന്നു?
10 അടിസ്ഥാനപരമായി, ഡോൺ ഫ്ളെമിങ്ങിന്റെ ഹിന്ദി ബൈബിൾ നിഘണ്ടു ഇതിനോടു യോജിക്കുന്നു. ആത്മാവിനെ കുറിച്ചു ചർച്ച ചെയ്യുന്ന ഒരു ലേഖനത്തിൽ അത് ഇങ്ങനെ പറയുന്നു: “ശരീരത്തിൽനിന്നു വിട്ട് സ്ഥിതി ചെയ്യുന്ന എന്തോ ആണ് ആത്മാവ് എന്ന് പഴയനിയമ എഴുത്തുകാർ ഒരിക്കലും അർഥമാക്കിയില്ല. ആത്മാവ് (നെഫെഷ്) എന്നതിനാൽ ജീവൻ എന്നാണ് അവർ അർഥമാക്കിയത്. മൃഗങ്ങളും മനുഷ്യരും നെഫെഷ്, അതായത് ‘ജീവവാഹകർ,’ ആണ്. “മനുഷ്യൻ ജീവനുള്ള ആത്മാവ് [ദേഹി] ആയിത്തീർന്നു” എന്നു പരിഭാഷപ്പെടുത്തിക്കൊണ്ട് പഴയ ഇംഗ്ലീഷ് ബൈബിൾ പരിഭാഷകൾ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. (ഉല്പത്തി 2:7) മറ്റു പരിഭാഷകൾ ഇതിനെ മുൻ വാക്യങ്ങളിൽ ജീവനുള്ള ദേഹി എന്നു പരിഭാഷപ്പെടുത്തുന്നു. (ഉല്പത്തി 1:21, 24)” ബൈബിൾ അനുസരിച്ച്, “ഒരു നിർജീവ ശരീരത്തിന്റെയും ഒരു ദേഹരഹിത പ്രാണന്റെയും സങ്കരമായി മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു എന്നു നാം ധരിക്കരുത്. മറിച്ച് അവൻ ഒരൊറ്റ ഘടകമാണ്. നെഫെഷിനെ ‘വ്യക്തി’ എന്നും പരിഭാഷപ്പെടുത്താവുന്നതാണ്” എന്ന് അതു കൂട്ടിച്ചേർക്കുന്നു. അത്തരം നിഷ്കപടത ആശ്വാസജനകംതന്നെ, എന്നാൽ മിക്ക പള്ളിക്കാരെയും ഈ വസ്തുതകൾ അറിയിക്കാത്തത് എന്തുകൊണ്ടെന്ന് നാം അമ്പരക്കുന്നു.
11 മരണത്തെ അതിജീവിക്കുകയും കഷ്ടത അനുഭവിക്കുകയും ചെയ്യുന്ന അമർത്യമായ യാതൊന്നും മനുഷ്യന്റെ ഉള്ളിൽ ഇല്ല എന്ന ലളിതമായ ബൈബിൾ സത്യം പള്ളിയിൽ പോക്കുകാരെ പഠിപ്പിച്ചിരുന്നെങ്കിൽ എത്രമാത്രം ഉത്കണ്ഠയും ഭയവും അവർക്ക് ഒഴിവാക്കാമായിരുന്നു. ക്രൈസ്തവലോകം പഠിപ്പിക്കുന്നതിൽനിന്നു വളരെ വ്യത്യസ്തമാണെങ്കിലും, ഇത് ജ്ഞാനിയായ ശലോമോൻ നിശ്വസ്തതയിൽ പറഞ്ഞതുമായി തികച്ചും യോജിപ്പിലാണ്: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു [ഈ ജീവിതത്തിൽ] ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ [മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയായ ഷീയോളിൽ] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗി 9:5, 10.
12. അമർത്യ ആത്മാവിനെ കുറിച്ചുള്ള പഠിപ്പിക്കൽ ക്രൈസ്തവലോകത്തിന് എവിടെനിന്നു ലഭിച്ചു?
12 ബൈബിൾ പറയുന്നതിൽനിന്നും വളരെ വ്യത്യസ്തമായ ഒരു സംഗതി ക്രൈസ്തവലോകം പഠിപ്പിക്കുന്നത് എന്തുകൊണ്ട്? ആദിമ സഭാ പിതാക്കന്മാർ അമർത്യ ആത്മാവിലുള്ള വിശ്വാസത്തിനു പിന്തുണ കണ്ടെത്തിയത് ബൈബിളിലല്ല, മറിച്ച് “കവികളിലും തത്ത്വചിന്തകരിലും ഗ്രീക്ക് ചിന്തയുടെ പൊതു പാരമ്പര്യത്തി”ലുമായിരുന്നു എന്നും “പിന്നീട്, പണ്ഡിതന്മാർ പ്ലേറ്റോയെയോ അരിസ്റ്റോട്ടിലിന്റെ തത്ത്വങ്ങളെയോ പ്രയോജനപ്പെടുത്താൻ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നു” എന്നും ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ പറയുന്നു. അമർത്യ ആത്മാവിലുള്ള വിശ്വാസം ഉൾപ്പെടെയുള്ള “പ്ലേറ്റോണിക, നവ പ്ലേറ്റോണിക ചിന്തയുടെ സ്വാധീനം” അവസാനം ‘ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനംവരെ എത്തി’ എന്ന് അതു പ്രസ്താവിക്കുന്നു.
13, 14. പുറജാതീയ ഗ്രീക്കു തത്ത്വചിന്തകരാൽ പ്രബുദ്ധരാകാൻ കഴിയുമെന്ന് കരുതുന്നതു ന്യായയുക്തമല്ലാത്തത് എന്തുകൊണ്ട്?
13 മരണാനന്തര ജീവിതപ്രത്യാശ പോലെ അടിസ്ഥാനപരമായ ഒരു സംഗതിയെ കുറിച്ചു മനസ്സിലാക്കുന്നതിന്, ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്നവർ പുറജാതീയ ഗ്രീക്ക് തത്ത്വചിന്തകരിലേക്കു തിരിയേണ്ട ആവശ്യമുണ്ടായിരുന്നോ? തീർച്ചയായും ഇല്ല. ഗ്രീസിലെ കൊരിന്തിൽ പാർത്തിരുന്ന ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ പൗലൊസ് പറഞ്ഞു: ‘ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു” എന്നും “കർത്താവു ജ്ഞാനികളുടെ വിചാരം വ്യർത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.’ (1 കൊരിന്ത്യർ 3:19, 20) പുരാതന ഗ്രീക്കുകാർ വിഗ്രഹാരാധകരായിരുന്നു. അപ്പോൾ, അവർക്ക് എങ്ങനെയാണ് സത്യത്തിന്റെ ഉറവ് ആയിരിക്കാൻ കഴിയുക? പൗലൊസ് കൊരിന്ത്യരോടു ചോദിച്ചു: ‘ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ.’—2 കൊരിന്ത്യർ 6:16.
14 പാവന സത്യങ്ങളുടെ വെളിപ്പെടുത്തൽ ആദ്യം ഇസ്രായേൽ ജനതയിലൂടെ ആയിരുന്നു. (റോമർ 3:1, 2) പൊ.യു. 33-നുശേഷം, അത് ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്ത ക്രിസ്തീയ സഭയിലൂടെ നൽകപ്പെട്ടു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ കുറിച്ചു സംസാരിക്കവേ, പൗലൊസ് പറഞ്ഞു: “നമുക്കോ ദൈവം [തന്നെ സ്നേഹിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന സംഗതികൾ] തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു.” (1 കൊരിന്ത്യർ 2:10; വെളിപ്പാടു 1:1, 2-ഉം കൂടെ കാണുക.) ആത്മാവ് അമർത്യമാണെന്ന ക്രൈസ്തവലോകത്തിന്റെ പഠിപ്പിക്കൽ ഗ്രീക്ക് തത്ത്വചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. അത് ദൈവം ഇസ്രായേലിലൂടെയോ ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയിലൂടെയോ വെളിപ്പെടുത്തിയതല്ല.
മരിച്ചവർക്കുള്ള യഥാർഥ പ്രത്യാശ
15. യേശു പറയുന്നതനുസരിച്ച്, മരിച്ചവർക്കുള്ള യഥാർഥ പ്രത്യാശയെന്ത്?
15 അമർത്യ ആത്മാവ് ഇല്ലെങ്കിൽ, മരിച്ചവർക്കുള്ള യഥാർഥ പ്രത്യാശ എന്താണ്? പുനരുത്ഥാനം. അത് ഒരു അടിസ്ഥാന ബൈബിൾ പഠിപ്പിക്കലും യഥാർഥത്തിൽ അത്ഭുതകരമായ ഒരു ദിവ്യ വാഗ്ദാനവും ആണ്. തന്റെ സുഹൃത്തായ മാർത്തയോട് സംസാരിക്കവേ, യേശു പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു പറഞ്ഞു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” (യോഹന്നാൻ 11:25) യേശുവിൽ വിശ്വസിക്കുന്നതിന്റെ അർഥം പുനരുത്ഥാനത്തിൽ വിശ്വസിക്കുക എന്നാണ്, അല്ലാതെ അമർത്യ ആത്മാവിൽ വിശ്വസിക്കുക എന്നല്ല.
16. പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നതു ന്യായയുക്തമായിരിക്കുന്നത് എന്തുകൊണ്ട്?
16 അതിനു മുമ്പും യേശു പുനരുത്ഥാനത്തെക്കുറിച്ചു സംസാരിച്ചിരുന്നു. ചില യഹൂദന്മാരോടു സംഭാഷിക്കവേ, അവൻ പറഞ്ഞു: “ഇതിൽ നിങ്ങൾ വിസ്മയിക്കേണ്ടാ. എന്തെന്നാൽ കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോൾ നന്മചെയ്തവർ ജീവന്റെ ഉയിർപ്പിനായും തിന്മചെയ്തവർ ശിക്ഷാവിധിയുടെ ഉയിർപ്പിനായും പുറത്തുവരും.” (യോഹന്നാൻ 5:28, 29, പി.ഒ.സി. ബൈബിൾ) ഒരു അമർത്യ ആത്മാവ് ശരീരത്തിന്റെ മരണത്തെ അതിജീവിച്ച് നേരേ സ്വർഗത്തിലേക്കു പോകുന്ന ആശയത്തിൽനിന്നു വളരെ വ്യത്യസ്തമായ ഒരു സംഗതിയാണ് യേശു ഇവിടെ വർണിക്കുന്നത്. ശവക്കല്ലറകളിലായിരുന്ന ആളുകളുടെ ‘പുറത്തേക്കുള്ള’ ഭാവി ‘വരവ്’ ആണ് അത്. അവരിൽ അനേകരും നൂറ്റാണ്ടുകളോ, എന്തിന് ആയിരക്കണക്കിനു വർഷങ്ങളോ പോലും കല്ലറകളിൽ ആയിരിക്കുന്നവരാണ്. അതു മരിച്ച ആളുകൾ ജീവനിലേക്കു വരുന്നതാണ്. അസാധ്യമോ? “മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായ” ദൈവത്തിന് അത് അസാധ്യമല്ല. (റോമർ 4:17) മരിച്ചവർ ജീവനിലേക്കു വരുന്ന ആശയത്തെ സംശയാലുക്കൾ പരിഹസിച്ചേക്കാം, എന്നാൽ “ദൈവം സ്നേഹം ആകുന്നു” എന്നും “തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നവനാണ്” എന്നുമുള്ള വസ്തുതയുമായി അതു പൂർണമായി യോജിക്കുന്നുണ്ട്.—1 യോഹന്നാൻ 4:16; എബ്രായർ 11:6, NW.
17. പുനരുത്ഥാനത്തിലൂടെ ദൈവം എന്തു നിവർത്തിക്കും?
17 എന്തായാലും, ജീവനിലേക്കു തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ, “മരണപര്യന്തം വിശ്വസ്ത”രാണെന്നു തെളിയിച്ചവർക്ക് ദൈവം എങ്ങനെ പ്രതിഫലം കൊടുക്കും? (വെളിപ്പാടു 2:10) “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി” എന്നു യോഹന്നാൻ അപ്പോസ്തലൻ എഴുതിയിരിക്കുന്നതും ദൈവം നിവർത്തിക്കണമല്ലോ, ഇതും പുനരുത്ഥാനം സാധ്യമാക്കുന്നു. (1 യോഹന്നാൻ 3:8) പണ്ട് ഏദൻ തോട്ടത്തിൽ, സാത്താൻ നമ്മുടെ ആദിമ മാതാപിതാക്കളെ പാപത്തിലേക്കും മരണത്തിലേക്കും നയിച്ചപ്പോൾ അവൻ മുഴു മനുഷ്യവർഗത്തിന്റെയും ഘാതകനായിത്തീർന്നു. (ഉല്പത്തി 3:1-6; യോഹന്നാൻ 8:44) ഒരു തത്തുല്യ മറുവിലയായി യേശു തന്റെ പൂർണതയുള്ള ജീവൻ കൊടുത്ത്, ആദാമിന്റെ മനഃപൂർവമായുള്ള അനുസരണക്കേടിന്റെ ഫലമായ പാപത്തിന്റെ പാരമ്പര്യസിദ്ധ അടിമത്തത്തിൽനിന്ന് മനുഷ്യവർഗത്തെ വിടുവിക്കുന്നതിനുള്ള വഴി തുറന്നപ്പോൾ അവൻ സാത്താന്റെ പ്രവൃത്തികളെ അഴിക്കാൻ തുടങ്ങി. (റോമർ 5:18) പിശാചിന്റെ പ്രവൃത്തികളെ അഴിക്കുന്നതിലെ മറ്റൊരു പടി ആദാമ്യ പാപത്താൽ മരിക്കുന്നവരുടെ പുനരുത്ഥാനം ആയിരിക്കും.
ദേഹവും അമർത്യ ആത്മാവും
18. യേശു പുനരുത്ഥാനം പ്രാപിച്ചു എന്ന പൗലൊസിന്റെ പ്രസ്താവനയോട് ചില ഗ്രീക്ക് തത്ത്വചിന്തകർ പ്രതികരിച്ചതെങ്ങനെ, എന്തുകൊണ്ട്?
18 ഏഥൻസിലായിരുന്നപ്പോൾ, ചില ഗ്രീക്ക് തത്ത്വചിന്തകർ ഉൾപ്പെട്ട ഒരു ജനക്കൂട്ടത്തോട് പൗലൊസ് അപ്പോസ്തലൻ സുവാർത്ത പ്രസംഗിച്ചു. ഏക സത്യദൈവത്തെയും അനുതപിക്കാനുള്ള അവന്റെ ആഹ്വാനത്തെയും കുറിച്ചുള്ള പൗലൊസിന്റെ ചർച്ച അവർ ശ്രദ്ധിച്ചു. പിന്നെ എന്തു സംഭവിച്ചു? പൗലൊസ് ഇങ്ങനെ പറഞ്ഞുകൊണ്ട്, തന്റെ പ്രസംഗം ഉപസംഹരിച്ചു: “[ദൈവം] നിയമിച്ച പുരുഷൻമുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” ഈ വാക്കുകൾ അവരെ ഇളക്കിമറിച്ചു. “മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു.” (പ്രവൃത്തികൾ 17:22-32) ദൈവശാസ്ത്രജ്ഞനായ ഒസ്കാർ കുൾമാൻ അഭിപ്രായപ്പെടുന്നു: “പുനരുത്ഥാനത്തെ കുറിച്ചുള്ള ക്രിസ്തീയ പ്രസംഗം സ്വീകരിക്കുന്നത് ആത്മാവിന്റെ അമർത്യതയിൽ വിശ്വസിച്ചിരുന്ന ഗ്രീക്കുകാർക്ക് മറ്റുള്ളവരെക്കാൾ പ്രയാസകരമായിരുന്നിരിക്കാം. . . . വലിയ തത്ത്വചിന്തകരായ സോക്രട്ടീസിന്റെയും പ്ലേറ്റോയുടെയും പഠിപ്പിക്കൽ യാതൊരു തരത്തിലും പുതിയ നിയമ പഠിപ്പിക്കലുമായി പൊരുത്തപ്പെടുത്താൻ [യോജിപ്പിക്കാൻ] കഴിയില്ല.”
19. ക്രൈസ്തവലോകത്തിലെ ദൈവശാസ്ത്രജ്ഞന്മാർ പുനരുത്ഥാന പഠിപ്പിക്കലിനെ അമർത്യ ആത്മാവിന്റെ പഠിപ്പിക്കലുമായി യോജിപ്പിക്കാൻ ശ്രമിച്ചത് എങ്ങനെ?
19 എന്നിട്ടും, അപ്പോസ്തലന്മാരുടെ മരണശേഷമുള്ള വലിയ വിശ്വാസത്യാഗത്തെത്തുടർന്ന്, ദൈവശാസ്ത്രജ്ഞന്മാർ പുനരുത്ഥാനത്തെ കുറിച്ചുള്ള ക്രിസ്തീയ പഠിപ്പിക്കലിനെ അമർത്യ ആത്മാവിനെ സംബന്ധിച്ച പ്ലേറ്റോയുടെ വിശ്വാസവുമായി കൂട്ടിക്കലർത്താൻ പണിപ്പെട്ടു. അവസാനം, ചിലർ ശ്രദ്ധേയമായ ഒരു പരിഹാരമാർഗത്തിൽ എത്തി: മരണത്തിങ്കൽ ആത്മാവ് ദേഹത്തിൽനിന്ന് വേർപെടുന്നു (ചിലർ പറയുന്നപ്രകാരം “മോചിതമാകുന്നു”). അപ്പോൾ, ആർ. ജെ. കൂക്കിന്റെ പുനരുത്ഥാന പഠിപ്പിക്കലിന്റെ വിശദാംശങ്ങൾ (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, ന്യായവിധി ദിവസത്തിൽ “ഓരോ ശരീരവും അതിന്റെ ആത്മാവുമായും ഓരോ ആത്മാവും അതിന്റെ ശരീരവുമായും വീണ്ടും സംഗമിക്കും.” അവർ പറയുന്നതനുസരിച്ച്, ശരീരവും അതിന്റെ അമർത്യ ആത്മാവുമൊത്തുള്ള ഭാവി പുനഃസംഗമമാണ് പുനരുത്ഥാനം.
20, 21. പുനരുത്ഥാനത്തെ കുറിച്ചുള്ള സത്യം മാറ്റമില്ലാതെ പഠിപ്പിച്ചിരിക്കുന്നത് ആർ, ഇത് അവർക്ക് പ്രയോജനം ചെയ്തിരിക്കുന്നതെങ്ങനെ?
20 ഇപ്പോഴും മുഖ്യധാരാ സഭകളുടെ ഔദ്യോഗിക പഠിപ്പിക്കലാണ് ഈ സിദ്ധാന്തം. ദൈവശാസ്ത്രജ്ഞന് അത്തരം ഒരു ആശയം യുക്തിസഹമായി തോന്നിയേക്കാമെങ്കിലും, പള്ളിയിൽ പോക്കുകാരായ മിക്കവർക്കും അത് പരിചയമില്ല. മരിക്കുമ്പോൾ തങ്ങൾ നേരേ സ്വർഗത്തിലേക്കു പോകുമെന്നാണ് അവർ വിശ്വസിക്കുന്നത്. ഇക്കാരണത്താൽ, കോമൺവീൽ എന്ന പ്രസിദ്ധീകരണത്തിന്റെ 1995 മേയ് 5 ലക്കത്തിൽ, എഴുത്തുകാരനായ ജോൺ ഗാർവി ആരോപണരൂപേണ പ്രസ്താവിച്ചു: “[മരണാനന്തര ജീവിതം സംബന്ധിച്ച്] മിക്ക ക്രിസ്ത്യാനികൾക്കുമുള്ള വിശ്വാസത്തിന് യഥാർഥത്തിൽ ക്രിസ്തീയമായ ഒന്നിനോടുമല്ല, മറിച്ച് നവ പ്ലേറ്റോണിക വാദത്തോട് ആണ് കൂടുതൽ അടുപ്പമുള്ളതെന്നു തോന്നുന്നു. അതിനു ബൈബിളിൽ യാതൊരു അടിസ്ഥാനവുമില്ല.” തീർച്ചയായും, ബൈബിളിനെക്കാൾ പ്ലേറ്റോയ്ക്ക് വിശ്വാസ്യത കൽപ്പിച്ചുകൊണ്ട്, ക്രൈസ്തവലോകത്തിലെ പുരോഹിതവർഗം തങ്ങളുടെ ആടുകൾക്ക് ബൈബിൾപരമായ പുനരുത്ഥാന പ്രത്യാശ കെടുത്തിക്കളഞ്ഞു.
21 അതേസമയം, യഹോവയുടെ സാക്ഷികൾ പുറജാതീയ തത്ത്വചിന്ത നിരസിച്ചുകൊണ്ട് ബൈബിളിന്റെ പുനരുത്ഥാന പഠിപ്പിക്കലിനോടു പറ്റിനിൽക്കുന്നു. അവർ അതിനെ പ്രബുദ്ധവും സംതൃപ്തിദായകവും ആശ്വാസകരവുമായ പഠിപ്പിക്കലായി കാണുന്നു. പിൻവരുന്ന ലേഖനങ്ങളിൽ, ഭൗമിക പ്രത്യാശയുള്ളവർക്കും സ്വർഗീയ ജീവനിലേക്കുള്ള പുനരുത്ഥാന പ്രത്യാശയുള്ളവർക്കും ബൈബിളിന്റെ പുനരുത്ഥാന പഠിപ്പിക്കൽ എത്ര അടിയുറച്ചതും യുക്തിസഹവുമാണെന്നു നാം കാണുന്നതായിരിക്കും. ഈ ലേഖനങ്ങൾ പരിചിന്തിക്കുന്നതിനുള്ള തയ്യാറെടുപ്പായി, കൊരിന്ത്യർക്കുള്ള ഒന്നാമത്തെ ലേഖനത്തിന്റെ 15-ാം അധ്യായം ശ്രദ്ധാപൂർവം വായിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുകയാണ്.
നിങ്ങൾ ഓർമിക്കുന്നുവോ?
□ നാം പുനരുത്ഥാനത്തിൽ ഉറച്ച വിശ്വാസം നട്ടുവളർത്തേണ്ടത് എന്തുകൊണ്ട്?
□ ആദാമിന്റെയും ഹവ്വായുടെയും മുമ്പാകെ യഹോവ എന്തു പ്രതീക്ഷ വെക്കുകയുണ്ടായി?
□ ഗ്രീക്കു തത്ത്വചിന്തയിൽ സത്യം അന്വേഷിക്കുന്നത് യുക്തിസഹമല്ലാത്തത് എന്തുകൊണ്ട്?
□ പുനരുത്ഥാനം ന്യായയുക്തമായ ഒരു പ്രത്യാശ ആയിരിക്കുന്നത് എന്തുകൊണ്ട്?
[10-ാം പേജിലെ ചിത്രം]
പാപം ചെയ്തപ്പോൾ ഭൂമിയിൽ നിത്യമായി ജീവിക്കുന്നതിനുള്ള പ്രത്യാശ ആദ്യ മാതാപിതാക്കൾക്കു നഷ്ടമായി
[12-ാം പേജിലെ ചിത്രം]
ആത്മാവിന്റെ അമർത്യതയെ കുറിച്ചുള്ള പ്ലേറ്റോയുടെ വിശ്വാസം സഭാ പണ്ഡിതന്മാരെ സ്വാധീനിക്കുകയുണ്ടായി
[കടപ്പാട]
Musei Capitolini, Roma