അപ്പൊല്ലോസ്—ക്രിസ്തീയ സത്യത്തിന്റെ ഒരു വാഗ്വൈഭവഘോഷകൻ
ക്രിസ്തീയ സഭയിലെ അംഗങ്ങളായിട്ട് അനേക വർഷമായാലും ചുരുക്കം ചില വർഷമായാലും, സുവാർത്തയുടെ പ്രസംഗകരെന്ന നിലയിൽ പുരോഗതി കൈവരിക്കാൻ എല്ലാ രാജ്യപ്രഘോഷകരും തത്പരരായിരിക്കേണ്ടതുണ്ട്. അതിന്റെ അർഥം ദൈവവചനത്തെക്കുറിച്ചുള്ള നമ്മുടെ അറിവും അതു മറ്റുള്ളവരെ പഠിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രാപ്തിയും വർധിപ്പിക്കുക എന്നാണ്. ചിലരെ സംബന്ധിച്ചിടത്തോളം അതിന്റെ അർഥം വെല്ലുവിളികൾ നേരിടുക, പ്രയാസസാഹചര്യങ്ങളെ തരണം ചെയ്യുക, അല്ലെങ്കിൽ വർധിച്ച പ്രവർത്തനത്തിനായി തങ്ങളെത്തന്നെ ലഭ്യമാക്കുക എന്നൊക്കെയാണ്.
പുരാതന കാലത്തെ അർപ്പിതരായ സ്ത്രീപുരുഷന്മാരുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്. അനേകം വിധങ്ങളിൽ വലിയ ആത്മീയ പുരോഗതി കൈവരിക്കുന്നതിൽ അവർ വിജയിക്കുക മാത്രമല്ല, തങ്ങളുടെ ശ്രമത്തിന് അവർ പ്രതിഫലം കൊയ്യുകയും ചെയ്തു. അവരിലൊരാളായിരുന്നു അപ്പൊല്ലോസ്. തിരുവെഴുത്തുകൾ അവനെ നമുക്കു പരിചയപ്പെടുത്തുമ്പോൾ, ക്രിസ്തീയ പഠിപ്പിക്കലുകൾ സംബന്ധിച്ച് അപൂർണമായ ഗ്രാഹ്യമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു അവൻ; എങ്കിലും, ഏതാനും വർഷം കഴിഞ്ഞപ്പോൾ ഒന്നാം നൂറ്റാണ്ടിലെ സഭയുടെ ഒരു സഞ്ചാരപ്രതിനിധിയായി അവൻ സേവനമനുഷ്ഠിക്കാൻ തുടങ്ങി. അത്തരം പുരോഗതി കൈവരിക്കാൻ അവനെ പ്രാപ്തനാക്കിയത് എന്തായിരുന്നു? നാമെല്ലാം അനുകരിക്കേണ്ട ഗുണങ്ങൾ അവനുണ്ടായിരുന്നു.
‘തിരുവെഴുത്തുകളിൽ സാമർഥ്യമുള്ളവൻ’
ബൈബിളെഴുത്തുകാരനായ ലൂക്കൊസ് പറയുന്നതനുസരിച്ച്, ഏതാണ്ട് പൊ.യു. (പൊതുയുഗം) 52-ൽ, “അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി. അവൻ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു. അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി.”—പ്രവൃത്തികൾ 18:24-26.
ഈജിപ്തിലെ അലക്സാണ്ട്രിയ അന്ന് റോം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ നഗരമായിരുന്നു. യഹൂദന്മാരെയും ഗ്രീക്കുകാരെയും സംബന്ധിച്ചിടത്തോളം അത് അക്കാലത്തെ ഏറ്റവും പ്രമുഖമായ സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നുമായിരുന്നു. സാധ്യതയനുസരിച്ച്, ആ നഗരത്തിലെ ഒരു വലിയ യഹൂദ സമൂഹത്തിലെ വിദ്യാഭ്യാസത്തിന്റെ ഫലമായിട്ടായിരിക്കാം എബ്രായ തിരുവെഴുത്തുകൾ സംബന്ധിച്ച നല്ല ഗ്രാഹ്യവും ഒരളവോളമുള്ള പ്രസംഗവൈഭവവും അപ്പൊല്ലോസ് ആർജിച്ചത്. എവിടെവെച്ചാണ് അപ്പൊല്ലോസ് യേശുവിനെക്കുറിച്ചു പഠിച്ചതെന്നു തിട്ടമായി പറയാൻ ബുദ്ധിമുട്ടാണ്. “തെളിവനുസരിച്ച് അവൻ ഒരു സഞ്ചാരി—ഒരുപക്ഷേ, ഓരോ സ്ഥലങ്ങളിലും യാത്ര ചെയ്തുപോന്ന ഒരു വ്യാപാരി—ആയിരുന്നു. താൻ സന്ദർശിച്ച അനേകം സ്ഥലങ്ങളിലൊന്നിൽവെച്ച് അവൻ ക്രിസ്തീയ പ്രസംഗകരെ കണ്ടുമുട്ടിയിരിക്കാം” എന്നു പണ്ഡിതനായ എഫ്. എഫ്. ബ്രൂസ് സൂചിപ്പിക്കുന്നു. സംഗതി എന്തായാലും, കൃത്യതയോടെ യേശുവിനെക്കുറിച്ച് അവൻ സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്തുവെങ്കിലും, പൊ.യു. 33-ലെ പെന്തക്കോസ്തിനു മുമ്പ് അവനു സാക്ഷ്യം ലഭിച്ചിരുന്നതായി തോന്നുന്നു. കാരണം, അവൻ “യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു.”
യേശുവിന്റെ മുൻഗാമി എന്ന നിലയിൽ, യോഹന്നാൻ സ്നാപകൻ മുഴു ഇസ്രായേല്യ ജനതയ്ക്കും ശക്തമായ ഒരു സാക്ഷ്യം നൽകിയിരുന്നു. അനുതാപത്തിന്റെ പ്രതീകമായി പലരും അവന്റെ പക്കൽവന്നു സ്നാപനമേറ്റു. (മർക്കൊസ് 1:5; ലൂക്കൊസ് 3:15, 16) അനേകം ചരിത്രകാരന്മാരും പറയുന്നതനുസരിച്ച്, റോമാ സാമ്രാജ്യത്തിലെ യഹൂദർക്കിടയിൽ യേശുവിനെ സംബന്ധിച്ച് അനേകമാളുകൾക്കുമുള്ള അറിവ് യോർദാൻ കരയിങ്കൽ പ്രസംഗിച്ചു കേട്ടതു മാത്രമായിരുന്നു. “കർത്താവിന്റെ ശുശ്രൂഷ തുടങ്ങിയിടത്തു തന്നെയായിരുന്നു അവരുടെ ക്രിസ്ത്യാനിത്വം നിലകൊണ്ടിരുന്നത്. ക്രിസ്തുവിന്റെ മരണത്തിന്റെ പൂർണമായ അർഥം സംബന്ധിച്ച് അവർ അജ്ഞരായിരുന്നു; സാധ്യതയനുസരിച്ച്, അവന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വസ്തുതപോലും അവർ അറിഞ്ഞുകാണില്ല” എന്ന് ഡബ്ലിയു. ജെ. കോണിബാറും ജെ. എസ്. ഹൗസനും പറയുന്നു. പൊ.യു. 33-ലെ പെന്തക്കോസ്തിൽ പരിശുദ്ധാത്മാവു പകരപ്പെട്ടതിനെക്കുറിച്ച് അപ്പൊല്ലോസിനും അറിയില്ലായിരുന്നുവെന്നു തോന്നുന്നു. എന്നിരുന്നാലും, യേശുവിനെക്കുറിച്ചു ശരിയായ ചില വിവരങ്ങൾ അവൻ സമ്പാദിച്ചിരുന്നു, അത് അവൻ തന്നിൽ മാത്രം ഒതുക്കിനിർത്തിയില്ല. വാസ്തവത്തിൽ, തനിക്കറിയാമായിരുന്നതിനെക്കുറിച്ചു സംസാരിക്കുന്നതിന് അവൻ ധൈര്യപൂർവം അവസരങ്ങൾ തേടി. എങ്കിലും, അവന്റെ തീക്ഷ്ണതയും ഉത്സാഹവും സൂക്ഷ്മ പരിജ്ഞാനത്തിന് അനുസരണമായിരുന്നില്ല.
തീക്ഷ്ണവാനെങ്കിലും താഴ്മയുള്ളവൻ
ലൂക്കൊസിന്റെ വിവരണം തുടരുന്നു: “അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.” (പ്രവൃത്തികൾ 18:26) അപ്പൊല്ലോസിന്റെ വിശ്വാസത്തിനും തങ്ങളുടെ വിശ്വാസത്തിനും സാമ്യമുണ്ടെന്ന് അക്വിലാസും പ്രിസ്കില്ലയും മനസ്സിലാക്കിയിരിക്കണം. എന്നാൽ അവർ ജ്ഞാനപൂർവം അവന്റെ തികവില്ലാത്ത അറിവിനെ പരസ്യമായി തിരുത്താൻ ശ്രമിച്ചില്ല. അപ്പൊല്ലോസിനെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ അവർ അവനുമായി വ്യക്തിപരമായ അനേകം സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടാവുമെന്നു നമുക്ക് ഊഹിക്കാവുന്നതാണ്. “തിരുവെഴുത്തുകളിൽ . . . ശക്തനായ” അപ്പൊല്ലോസ് എങ്ങനെയാണു പ്രതികരിച്ചത്? (പ്രവൃത്തികൾ 18:24, രാജ്യവരിമധ്യഭാഷാന്തരം) സർവസാധ്യതയുമനുസരിച്ച്, അക്വിലാസിനെയും പ്രിസ്കില്ലയെയും കാണുന്നതിനു മുമ്പ് തന്റെ അപൂർണമായ സന്ദേശം അവൻ പരസ്യമായി പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. അഹങ്കാരിയായ മനുഷ്യൻ തിരുത്തൽ സ്വീകരിക്കാൻ കൂട്ടാക്കുമായിരുന്നില്ല. എന്നാൽ, തന്റെ പരിജ്ഞാനം പൂർണമാക്കാൻ കഴിഞ്ഞതിൽ നന്ദിയും വിനയവുമുള്ളവനായിരുന്നു അപ്പൊല്ലോസ്.
എഫേസ്യ സഹോദരന്മാരിൽനിന്നു കൊരിന്തിലെ സഭയ്ക്കുള്ള ശുപാർശക്കത്തു സ്വീകരിക്കുന്നതിലുള്ള മനോഭാവത്തിലും അപ്പൊല്ലോസിന്റെ അതേ എളിയ മനോഭാവം പ്രകടമാണ്. വിവരണം തുടരുന്നു: “അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു.” (പ്രവൃത്തികൾ 18:27; 19:1) യോഗ്യതയുടെ പേരിൽ തന്നെ സ്വീകരിക്കണമെന്ന് അപ്പൊല്ലോസ് ആവശ്യപ്പെട്ടില്ല, പിന്നെയോ ക്രിസ്തീയ സഭയിലെ ക്രമീകരണം വിനയത്തോടെ പിൻപറ്റി.
കൊരിന്തിൽ
കൊരിന്തിൽ അപ്പൊല്ലോസിന്റെ ശുശ്രൂഷയുടെ ആദ്യ ഫലങ്ങൾ വളരെ മികച്ചതായിരുന്നു. പ്രവൃത്തികളുടെ പുസ്തകം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തീർന്നു. യേശുതന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.”—പ്രവൃത്തികൾ 18:27, 28.
അപ്പൊല്ലോസ് സഭയുടെ സേവനത്തിനായി സ്വയം ഉഴിഞ്ഞുവെച്ചു, തന്റെ തയ്യാറെടുപ്പിനാലും ഉത്സാഹത്താലും സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവന്റെ വിജയരഹസ്യം എന്തായിരുന്നു? യഹൂദന്മാരുമായുള്ള പരസ്യസംവാദങ്ങളിൽ പിടിച്ചുനിൽക്കുന്നതിനുള്ള നൈസർഗികമായ പ്രാപ്തിയും ധൈര്യവും അപ്പൊല്ലോസിനു തീർച്ചയായുമുണ്ടായിരുന്നു. എന്നാൽ, അവൻ തിരുവെഴുത്തുകൾ ഉപയോഗിച്ചു ന്യായവാദം ചെയ്തുവെന്നതാണ് അതിലും പ്രധാനം.
കൊരിന്ത്യരുടെ ഇടയിൽ അപ്പൊല്ലോസിനു ശക്തമായ ഒരു സ്വാധീനം ഉണ്ടായിരുന്നെങ്കിലും, ദുഃഖകരമെന്നു പറയട്ടെ, അവന്റെ പ്രസംഗം അപ്രതീക്ഷിതമായ ദുഷ്ഫലങ്ങൾ ഉളവാക്കി. എങ്ങനെ? രാജ്യസത്യത്തിന്റെ വിത്ത് കൊരിന്തിൽ നടുന്നതിനും നനയ്ക്കുന്നതിനും പൗലോസും അപ്പൊല്ലോസും വളരെ കാര്യങ്ങൾ ചെയ്തിരുന്നു. ഏതാണ്ട് പൊ.യു. 50-ൽ പൗലോസ് അവിടെ പ്രസംഗിച്ചിരുന്നു. അത് അപ്പൊല്ലോസ് എത്തുന്നതിന് ഏതാണ്ട് രണ്ടുവർഷം മുമ്പായിരുന്നു. ഏതാണ്ട് പൊ.യു. 55-ൽ പൗലോസ് കൊരിന്ത്യർക്കു തന്റെ ഒന്നാമത്തെ ലേഖനമെഴുതിയ സമയമായപ്പോഴേക്കും ചേരിതിരിവുകൾ പൊന്തിവന്നിരുന്നു. ചിലർ അപ്പൊല്ലോസിനെ തങ്ങളുടെ നേതാവായി കണ്ടു; മറ്റുചിലർ പൗലോസിനെയോ പത്രൊസിനെയോ ക്രിസ്തുവിനെ മാത്രമോ അനുകൂലിച്ചു. (1 കൊരിന്ത്യർ 1:10-12) “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ” എന്നു ചിലർ പറഞ്ഞിരുന്നു. എന്തുകൊണ്ട്?
പൗലോസും അപ്പൊല്ലോസും പ്രസംഗിച്ച സന്ദേശം ഒന്നുതന്നെ ആയിരുന്നെങ്കിലും, അവർക്കു വ്യത്യസ്തമായ വ്യക്തിത്വമായിരുന്നു ഉണ്ടായിരുന്നത്. താൻ “വാക്സാമർഥ്യമില്ലാത്തവൻ” എന്നു പൗലോസ് തന്നെ സമ്മതിക്കുന്നു; എന്നാൽ അപ്പൊല്ലോസ് നേരേമറിച്ച് “വാഗ്വൈഭവമുള്ള”വനായിരുന്നു. (2 കൊരിന്ത്യർ 10:10; 11:6; NW) കൊരിന്തിലെ യഹൂദ സമുദായത്തിലുള്ള ചിലരെ താൻ പറയുന്നതു കേൾപ്പിക്കാൻ അവനു സാധിച്ചു, അതിനുതക്ക കഴിവുകൾ അവനുണ്ടായിരുന്നു. ‘യഹൂദർക്കു തെറ്റുപറ്റി എന്നു ശരിക്കും തെളിയിക്കുന്നതിൽ’ അവൻ വിജയിച്ചു. എന്നാൽ ഏറെത്താമസിയാതെ പൗലോസ് സിനഗോഗ് വിട്ടുപോകുകയാണുണ്ടായത്.—പ്രവൃത്തികൾ 18:1, 4-6, NW.
ചിലർക്ക് അപ്പൊല്ലോസിനോടു ചായ്വു തോന്നാനുള്ള കാരണം അതായിരുന്നിരിക്കുമോ? തത്ത്വചിന്താപരമായ ചർച്ചയോടു ഗ്രീക്കുകാർക്കിടയിലുണ്ടായിരുന്ന സഹജമായ കമ്പം അപ്പൊല്ലോസിന്റെ ഉത്തേജകമായ സമീപനത്തെ പിന്താങ്ങുന്നതിലേക്കു നയിച്ചിരിക്കാമെന്ന് അനേകം വ്യാഖ്യാതാക്കൾ സിദ്ധാന്തിക്കുന്നു. “[അപ്പൊല്ലോസിന്റെ] മനോഹരമായ ഭാഷയും സുന്ദരമായ വാക്യാലങ്കാരങ്ങളും നിമിത്തം അവൻ പലരുടെയും മതിപ്പു നേടി, ലാളിത്യമുള്ള, പരിശീലനം ലഭിക്കാത്ത ഒരു വാഗ്മിയായ പൗലോസിനെക്കാൾ ആളുകൾ ഇഷ്ടപ്പെട്ടത് അവനെയായിരുന്നു” എന്നു ജൂസപ്പേ റിക്കോറ്റി സൂചിപ്പിക്കുന്നു. സഹോദരങ്ങളുടെ ഇടയിലെ അത്തരം വ്യക്തിഗതമായ അഭിരുചികൾ ഭിന്നത ഉളവാക്കാൻ ചിലർ അനുവദിച്ചതു നിശ്ചയമായും തെറ്റായിരുന്നു. അതിനാൽ, “ജ്ഞാനികളുടെ ജ്ഞാന”ത്തെ വാഴ്ത്തിയതിനെ പൗലോസ് നിശിതമായി വിമർശിച്ചത് എന്തുകൊണ്ടെന്നു മനസ്സിലാക്കുക എളുപ്പമാണ്.—1 കൊരിന്ത്യർ 1:17-25.
എങ്കിലും, അത്തരം വിമർശനം പൗലോസിനും അപ്പൊല്ലോസിനുമിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി അർഥമാക്കുന്നില്ല. കൊരിന്ത്യരുടെ വാത്സല്യം നേടാൻ പോരാടിയ കൊടിയ ശത്രുക്കളായിരുന്നു ഈ രണ്ടു പ്രസംഗകർ എന്നു ചിലർ ഭാവനയിൽ കെട്ടിച്ചമച്ചിട്ടുണ്ടെങ്കിലും, അങ്ങനെയൊരു സംഗതി തിരുവെഴുത്തുകളിൽ പറയുന്നില്ല. ഒരു വിഭാഗത്തിന്റെ തലവനായി തന്നെ ആക്കിവെക്കുന്നതിനുപകരം, അപ്പൊല്ലോസ് കൊരിന്ത് വിട്ട് എഫെസോസിലേക്കു പോകുകയാണുണ്ടായത്. ഭിന്നിച്ച ആ സഭയിലേക്കു പൗലോസ് തന്റെ ആദ്യ ലേഖനമെഴുതിയപ്പോൾ അപ്പൊല്ലോസ് അവന്റെ കൂടെയുണ്ടായിരുന്നു.
അവർ തമ്മിൽ യാതൊരു അനൈക്യമോ മത്സരമോ ഉണ്ടായിരുന്നില്ല; മറിച്ച്, പരസ്പര വിശ്വാസത്തോടെ രണ്ടുപേരും കൊരിന്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരിച്ചു പ്രവർത്തിക്കുകയായിരുന്നുവെന്നു വ്യക്തമാണ്. കൊരിന്തിലുണ്ടായിരുന്ന ചിലരെ സംബന്ധിച്ചു പൗലോസിന് അൽപ്പസ്വൽപ്പം സന്ദേഹമുണ്ടായിരുന്നെങ്കിലും, അപ്പൊല്ലോസിനെക്കുറിച്ച് അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. ആ രണ്ടു പുരുഷന്മാരുടെയും പ്രവർത്തനം തികച്ചും യോജിപ്പുള്ളതായിരുന്നു; അവരുടെ പഠിപ്പിക്കലുകൾ പരസ്പര പൂരകമായിരുന്നു. പൗലോസിന്റെതന്നെ വാക്കുകൾ ഉദ്ധരിച്ചാൽ, “ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു.” കാരണം, ഇരുവരും “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരുന്നു.—1 കൊരിന്ത്യർ 3:6, 9, 21-23.
പൗലോസിനു കൊടുത്തതുപോലെ, കൊരിന്ത്യർ അപ്പൊല്ലോസിനു വലിയ ബഹുമാനം കൊടുത്തിരുന്നു. അവന്റെ അടുത്ത സന്ദർശനത്തിനായി അവർ ആഗ്രഹിക്കുകപോലും ചെയ്തു. എന്നാൽ തന്നോടൊപ്പം കൊരിന്തിലേക്കു മടങ്ങാൻ പൗലോസ് അപ്പൊല്ലോസിനെ ക്ഷണിച്ചപ്പോൾ, ആ അലക്സാണ്ട്രിയക്കാരൻ ക്ഷണം നിരസിക്കുകയാണുണ്ടായത്. പൗലോസ് ഇങ്ങനെ പറയുന്നു: “സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ . . . നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും.” (1 കൊരിന്ത്യർ 16:12) മറ്റൊരു ഭിന്നതയ്ക്കു കാരണമായാലോ എന്നു ഭയന്നിട്ടാകാം, അല്ലെങ്കിൽ മറ്റെവിടെയെങ്കിലും തിരക്കിലായിരുന്നതുകൊണ്ടാവാം, അപ്പൊല്ലോസ് മടങ്ങിപ്പോകാൻ മടി കാണിച്ചത്.
തിരുവെഴുത്തുകളിൽ അപ്പൊല്ലോസിനെക്കുറിച്ച് അവസാനമായി പരാമർശിക്കുന്നത് അവൻ ക്രേത്തയിലേക്ക്, ഒരുപക്ഷേ അതിനുമപ്പുറത്തേക്കു യാത്ര ചെയ്യുമ്പോഴാണ്. തന്റെ സ്നേഹിതനും സഹപ്രവർത്തകനുമായവനോടു പൗലോസ് വീണ്ടും പ്രത്യേക പരിഗണന കാണിക്കുന്നു, അപ്പൊല്ലോസിനും അവന്റെ സഞ്ചാര കൂട്ടാളിയായ സേനാസിനും, അവരുടെ യാത്രയിൽ ആവശ്യമായ സകലതും കൊടുക്കാൻ തീത്തൊസിനോടു പൗലോസ് ആവശ്യപ്പെടുന്നു. (തീത്തൊസ് 3:13) ഈ സമയമായപ്പോഴേക്കും, ഏതാണ്ടു പത്തു വർഷത്തെ ക്രിസ്തീയ പരിശീലനത്തിനുശേഷം, സഭയുടെ ഒരു സഞ്ചാര പ്രതിനിധിയായി സേവിക്കുന്ന ഘട്ടത്തോളം കാര്യമായ പുരോഗതി നേടിയിരുന്നു അപ്പൊല്ലോസ്.
ആത്മീയ വളർച്ചയ്ക്കു സഹായകമായ ദൈവിക ഗുണങ്ങൾ
അലക്സാണ്ട്രിയക്കാരനായ ആ പ്രസംഗകൻ, സുവാർത്തയുടെ ആധുനികകാല പ്രസാധകർക്കെല്ലാം, തീർച്ചയായും ആത്മീയ പുരോഗതി കൈവരിക്കാനാഗ്രഹിക്കുന്ന ഏവർക്കും, നല്ലൊരു മാതൃകയാണു വെച്ചിരിക്കുന്നത്. ഒരുപക്ഷേ അവനെപ്പോലെ നല്ല വാഗ്വൈഭവമുള്ളവരായിരിക്കില്ല നാം, എന്നാലും അവന്റെ പരിജ്ഞാനവും തിരുവെഴുത്തുകൾ ഉപയോഗിക്കുന്നതിലെ പ്രാപ്തിയും അനുകരിക്കാൻ നമുക്കു തീർച്ചയായും യത്നിക്കാവുന്നതാണ്. അങ്ങനെ ആത്മാർഥമായി സത്യം തേടുന്നവരെ നമുക്കു സഹായിക്കാം. തീക്ഷ്ണതയുള്ള പ്രവർത്തനത്തിന്റെ ദൃഷ്ടാന്തം വെച്ചുകൊണ്ട് അപ്പൊല്ലോസ് “വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തീർന്നു.” (പ്രവൃത്തികൾ 18:27) അപ്പൊല്ലോസ് താഴ്മയുള്ളവനായിരുന്നു, ആത്മത്യാഗിയായിരുന്നു, മറ്റുള്ളവരെ സേവിക്കാൻ സന്നദ്ധനായിരുന്നു. ക്രിസ്തീയ സഭയ്ക്കുള്ളിൽ മത്സരത്തിനോ അധികാരമോഹത്തിനോ സ്ഥാനമില്ലെന്ന് അവൻ നന്നായി മനസ്സിലാക്കിയിരുന്നു. കാരണം, നാമെല്ലാം “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആണ്.—1 കൊരിന്ത്യർ 3:4-9; ലൂക്കൊസ് 17:10.
അപ്പൊല്ലോസിനെപ്പോലെ നമുക്കും ആത്മീയ പുരോഗതി കൈവരിക്കാൻ കഴിയും. യഹോവയ്ക്കും അവന്റെ സ്ഥാപനത്തിനും കൂടുതൽ പൂർണമായി ഉപയോഗിക്കാവുന്ന ഒരു സ്ഥാനത്തു നമ്മെത്തന്നെ ആക്കിവെച്ചുകൊണ്ടു നമ്മുടെ വിശുദ്ധ സേവനം മെച്ചപ്പെടുത്താനോ വ്യാപിപ്പിക്കാനോ നാം മനസ്സൊരുക്കമുള്ളവരാണോ? അങ്ങനെയെങ്കിൽ, നാം ക്രിസ്തീയ സത്യത്തിന്റെ തീക്ഷ്ണതയുള്ള വിദ്യാർഥികളും പ്രഘോഷകരുമായിരിക്കും.