പുനരുത്ഥാനം—ഉറപ്പാക്കപ്പെട്ട ഒരു പ്രത്യാശ
‘പുനരുത്ഥാനം ഉണ്ടാകും എന്നു ഞാൻ ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.’—പ്രവൃത്തികൾ 24:15.
1. മരിച്ചവർ ജീവനിലേക്കു തിരിച്ചു വരുമെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
മരിച്ചവർ ജീവനിലേക്കു തിരിച്ചുവരുമെന്ന് അഥവാ പുനരുത്ഥാനം പ്രാപിക്കുമെന്ന് യഹോവ നമുക്ക് ഉറപ്പു നൽകിയിരിക്കുന്നു. അതു വിശ്വസിക്കുന്നതിന് അവൻ നമുക്ക് ഈടുറ്റ കാരണങ്ങളും നൽകിയിട്ടുണ്ട്. മരിച്ചവരെ സംബന്ധിച്ച ദൈവോദ്ദേശ്യം നിശ്ചയമായും നിറവേറും. (യെശയ്യാവു 55:11; ലൂക്കൊസ് 18:27) മരണത്തിൽ നിദ്ര പ്രാപിച്ചവരെ ഉയിർപ്പിക്കാനുള്ള തന്റെ കഴിവ് അവൻ ഇതിനോടകംതന്നെ തെളിയിച്ചിട്ടുമുണ്ട്.
2. പുനരുത്ഥാന പ്രത്യാശ നമ്മെ എന്തിനു സഹായിക്കും?
2 തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ മരിച്ചവരെ ഉയിർപ്പിക്കാൻ ദൈവം ചെയ്തിരിക്കുന്ന ക്രമീകരണത്തിൽ വിശ്വസിക്കുന്നത് സമ്മർദപൂരിതമായ സമയങ്ങളിൽ പിടിച്ചുനിൽക്കാൻ നമ്മെ സഹായിക്കും. കൂടാതെ, പുനരുത്ഥാനത്തിലുള്ള ഉറച്ച വിശ്വാസം മരണത്തിന്റെ മുമ്പിലും നമ്മുടെ സ്വർഗീയ പിതാവിനോടുള്ള വിശ്വസ്തത മുറുകെ പിടിക്കാൻ നമ്മെ പ്രാപ്തരാക്കും. മരിച്ചവർ ഉയിർപ്പിക്കപ്പെട്ടതിനെ കുറിച്ചുള്ള പല വിവരണങ്ങളും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരമാധീശ കർത്താവായ യഹോവയുടെ ശക്തിയാൽ നടന്ന ആ അത്ഭുതങ്ങളെ കുറിച്ചു പരിചിന്തിക്കുമ്പോൾ പുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസം ബലപ്പെടും.
അവർക്കു തങ്ങളുടെ മരിച്ചവരെ പുനരുത്ഥാനത്താൽ തിരികെ കിട്ടി
3. സാരെഫാത്തിലെ വിധവയുടെ മകൻ മരിച്ചപ്പോൾ യഹോവയുടെ സഹായത്താൽ ഏലിയാവ് എന്തു ചെയ്തു?
3 യഹോവയുടെ ക്രിസ്തീയ-പൂർവ സാക്ഷികൾ പ്രകടമാക്കിയ വിശ്വാസത്തെ കുറിച്ചുള്ള വിവരണം നൽകവേ അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി.” (എബ്രായർ 11:35; 12:1) ഈ സ്ത്രീകളിൽ ഒരാൾ ദരിദ്രയായ ഒരു വിധവയായിരുന്നു. സാരെഫാത്ത് എന്ന ഫൊയ്നീക്യ പട്ടണത്തിലാണ് അവൾ താമസിച്ചിരുന്നത്. ഒരിക്കൽ ആ പട്ടണത്തിൽ ഒരു വലിയ ക്ഷാമമുണ്ടായി. ആ ക്ഷാമത്തിൽ അവളും മകനും മരിച്ചുപോകേണ്ടതായിരുന്നു. എന്നാൽ, യഹോവയുടെ പ്രവാചകനായ ഏലിയാവിനോട് അവൾ അതിഥിപ്രിയം കാട്ടിയിരുന്നതുകൊണ്ട് അവളുടെ വീട്ടിലെ മാവും എണ്ണയും തീർന്നുപോകാതിരിക്കാൻ യഹോവ ഇടയാക്കി. കുറച്ചു നാളുകൾക്കു ശേഷം ആ സ്ത്രീയുടെ മകൻ മരിച്ചുപോയി. അവൾ ഏലിയാവിനെ വിളിപ്പിച്ചു. അവൻ കുട്ടിയെ ഒരു കട്ടിലിന്മേൽ കിടത്തി, യഹോവയോടു പ്രാർഥിച്ചു, കുട്ടിയുടെ മേൽ മൂന്നു പ്രാവശ്യം കവിണ്ണുവീണു. എന്നിട്ട് അവൻ യഹോവയോട് അപേക്ഷിച്ചു: “എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ.” അതേ, പ്രാണൻ അഥവാ ജീവൻ ആ കുട്ടിയിലേക്കു തിരിച്ചുവരാൻ ദൈവം ഇടയാക്കി. (1 രാജാക്കന്മാർ 17:8-24) തന്റെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചപ്പോൾ, തന്റെ ഓമനമകൻ ജീവനിലേക്കു വന്നപ്പോൾ, ആ വിധവയ്ക്കുണ്ടായ സന്തോഷം ഒന്നു സങ്കൽപ്പിച്ചുനോക്കൂ! ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ പുനരുത്ഥാനമാണ് ഇത്.
4. എലീശാ ശൂനേമിൽവെച്ച് എന്ത് അത്ഭുതമാണു പ്രവർത്തിച്ചത്?
4 ‘മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിനാൽ തിരികെ കിട്ടിയ’ മറ്റൊരാൾ ഒരു ശൂനേംകാരിയാണ്. അവൾക്കു മക്കളില്ലായിരുന്നു, ഭർത്താവാണെങ്കിൽ വളരെ പ്രായംചെന്ന ഒരാളും. എലീശായോടും അവന്റെ ബാല്യക്കാരനോടും ചെയ്ത ദയാപ്രവൃത്തിക്കു പ്രതിഫലമായി യഹോവ ഒരു മകനെ നൽകി അവളെ അനുഗ്രഹിച്ചു. എന്നാൽ കുറച്ചു വർഷങ്ങൾക്കു ശേഷം ആ മകൻ മരിച്ചുപോയി. അവൾ പ്രവാചകനെ കണ്ട് സഹായത്തിനായി അപേക്ഷിച്ചു. പ്രാർഥിച്ച ശേഷം എലീശാ ചില പടികൾ കൈക്കൊണ്ടു. ക്രമേണ “ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.” അവൻ “ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.” ആ പുനരുത്ഥാനം അമ്മയ്ക്കും മകനും ഒരുപോലെ സന്തോഷം കൈവരുത്തി എന്നതിനു സംശയമില്ല. (2 രാജാക്കന്മാർ 4:8-37; 8:1-6) എന്നാൽ, ഒരിക്കലും മരിക്കേണ്ടി വരികയില്ലാത്ത വിധം ഒരു “മെച്ചപ്പെട്ട പുനരുത്ഥാന”ത്തിൽ ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുമ്പോൾ അവർ അതിനെക്കാൾ എത്രയധികം സന്തോഷിക്കും! മരിച്ചവരെ ഉയിർപ്പിക്കുന്ന സ്നേഹവാനായ യഹോവയാം ദൈവത്തോടു കൃതജ്ഞതയുള്ളവർ ആയിരിക്കാനുള്ള എത്ര നല്ല കാരണം!—എബ്രായർ 11:35, പി.ഒ.സി. ബൈബിൾ.
5. മരണാനന്തരവും എലീശാ ഒരു അത്ഭുത സംഭവത്തിൽ ഉൾപ്പെട്ടത് എങ്ങനെ?
5 മരണാനന്തരവും എലീശാ ഒരു അത്ഭുത സംഭവത്തിൽ ഉൾപ്പെടുകയുണ്ടായി. എലീശായുടെ അസ്ഥികൾ പരിശുദ്ധാത്മാവിനാൽ ശക്തിപ്രാപിക്കാൻ ദൈവം ഇടയാക്കി. അതേക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “[ചില യിസ്രായേല്യർ] ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു [മോവാബ്യ] പടക്കൂട്ടത്തെ കണ്ടിട്ടു ആയാളെ എലീശാവിന്റെ കല്ലറയിൽ ഇട്ടു; അവൻ അതിൽ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേററു.” (2 രാജാക്കന്മാർ 13:20, 21) ജീവൻ തിരികെ ലഭിച്ചപ്പോൾ ആ മനുഷ്യന് എത്ര അത്ഭുതവും സന്തോഷവും തോന്നിയിരിക്കണം! യഹോവയാം ദൈവത്തിന്റെ മാറ്റമില്ലാത്ത ഉദ്ദേശ്യത്തിനു ചേർച്ചയിൽ, നമ്മുടെ പ്രിയപ്പെട്ടവർ ജീവനിലേക്കു തിരിച്ചുവരുമ്പോൾ ഉണ്ടാകാൻ പോകുന്ന ആ സന്തോഷം നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുന്നുവോ?
ദൈവപുത്രൻ മരിച്ചവരെ ഉയിർപ്പിച്ചു
6. നയിൻ നഗരത്തിന് അടുത്തുവെച്ച് യേശു ഏത് അത്ഭുതം പ്രവർത്തിച്ചു, അത് നമ്മുടെ വിശ്വാസത്തിന്മേൽ എന്തു ഫലമുളവാക്കിയേക്കാം?
6 മരിച്ചുപോയവർ ദൈവത്തിന്റെ ശക്തിയാൽ പുനരുത്ഥാനം പ്രാപിച്ച് നിത്യജീവൻ ആസ്വദിക്കുമെന്നു വിശ്വസിക്കുന്നതിനുള്ള ഈടുറ്റ കാരണങ്ങൾ ദൈവപുത്രനായ യേശുക്രിസ്തുവും നമുക്കു നൽകിയിട്ടുണ്ട്. നയിൻ നഗരത്തിന് അടുത്തുവെച്ചു നടന്ന ഒരു സംഭവം അതിന് ഉദാഹരണമാണ്. യേശു നഗരത്തോട് അടുത്തപ്പോൾ ആളുകൾ ഒരു യുവാവിന്റെ മൃതശരീരം സംസ്കരിക്കുന്നതിനായി ചുമന്നുകൊണ്ടുപോകുന്നതു കണ്ടു. മരിച്ച യുവാവ് ഒരു വിധവയുടെ ഏക മകനായിരുന്നു. “കരയേണ്ടാ” എന്ന് ആ സ്ത്രീയോടു പറഞ്ഞശേഷം അവൻ മഞ്ചം തൊട്ടു, എന്നിട്ട് ഇങ്ങനെ കൽപ്പിച്ചു: “ബാല്യക്കാരാ എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു.” അപ്പോൾ ആ യുവാവ് എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി. (ലൂക്കൊസ് 7:11-15) ഈ അത്ഭുതം, പുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസത്തെ ഒന്നൂകൂടെ ബലപ്പെടുത്തുന്നു.
7. യായീറോസിന്റെ മകളോടുള്ള ബന്ധത്തിൽ എന്താണു സംഭവിച്ചത്?
7 മറ്റൊരു സംഭവം പരിചിന്തിക്കുക. കഫർന്നഹൂമിലെ സിനഗോഗിന്റെ അധ്യക്ഷനായിരുന്ന യായീറോസിന്റെ 12-വയസ്സുകാരിയായ മകൾ മരണവുമായി മല്ലടിച്ച് കിടക്കുകയായിരുന്നു. അവളെ സുഖപ്പെടുത്താനുള്ള അപേക്ഷയുമായി യായീറോസ് യേശുവിന്റെ അടുക്കൽ ചെന്നു. എന്നാൽ അധികം കഴിഞ്ഞില്ല, ആ പെൺകുട്ടി മരിച്ചതായി അവർക്ക് അറിവു ലഭിച്ചു. വിശ്വാസം പ്രകടമാക്കാൻ ദുഃഖാർത്തനായ യായീറോസിനെ പ്രോത്സാഹിപ്പിച്ചശേഷം യേശു അവനോടൊപ്പം അവന്റെ വീട്ടിലേക്കു ചെന്നു. ഒരു വലിയ ജനക്കൂട്ടം അവിടെ വിലപിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ‘കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്’ എന്ന് യേശു പറഞ്ഞപ്പോൾ അവർ അവനെ പരിഹസിച്ചു. കാരണം അവൾ യഥാർഥത്തിൽ മരിച്ചുവെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ ഗാഢനിദ്രയിൽനിന്ന് ആളുകളെ ഉണർത്താൻ സാധിക്കുന്നതുപോലെതന്നെ മരണത്തിൽനിന്ന് അവരെ ഉയിർപ്പിക്കാൻ കഴിയുമെന്ന് യേശു കാണിച്ചുകൊടുക്കാൻ പോകുകയായിരുന്നു. പെൺകുട്ടിയുടെ കൈയിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു: “ബാലേ, എഴുന്നേല്ക്ക!” ഉടനെ അവൾ എഴുന്നേറ്റു. “അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു,” സന്തോഷത്താൽ അവർ മതിമറന്നു. (മർക്കൊസ് 5:35-43; ലൂക്കൊസ് 8:49-56) അതേ, മരിച്ചുപോയ പ്രിയപ്പെട്ടവർ പറുദീസാ ഭൂമിയിൽ ജീവനിലേക്കു തിരികെ വരുമ്പോൾ നമ്മളും “വിസ്മയിച്ചു”പോകും, സന്തോഷംകൊണ്ട് മതിമറക്കും.
8. ലാസരിന്റെ കല്ലറയ്ക്കൽ യേശു എന്ത് അത്ഭുതമാണു പ്രവർത്തിച്ചത്?
8 ഇനി, ലാസരിന്റെ മരണത്തെ തുടർന്ന് എന്താണു സംഭവിച്ചതെന്നു ചിന്തിക്കുക. യേശു ലാസരിന്റെ കല്ലറയ്ക്കൽ ചെല്ലുമ്പോൾ അവനെ അടക്കം ചെയ്തിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു. അവന്റെ സഹോദരിമാരായ മറിയയെയും മാർത്തയെയും ആശ്വസിപ്പിക്കാനായി ഒട്ടേറെ പേർ അവിടെ എത്തിയിരുന്നു. കല്ലറയുടെ വാതിൽക്കൽവെച്ചിരുന്ന കല്ല് എടുത്തുമാറ്റാൻ യേശു ആവശ്യപ്പെട്ടു. താൻ ചെയ്യാൻ പോകുന്ന അത്ഭുതപ്രവൃത്തി വാസ്തവത്തിൽ ദൈവത്തിന്റെ ശക്തിയാലാണ് എന്ന് അവിടെ കൂടിയിരുന്നവർ മനസ്സിലാക്കേണ്ടതിന് പരസ്യമായി പ്രാർഥിച്ചശേഷം യേശു ഉറക്കെ വിളിച്ചു: “ലാസരേ, പുറത്തുവരിക!” ലാസർ പുറത്തുവന്നു! അവന്റെ കൈകളും പാദങ്ങളും അപ്പോഴും ശവക്കച്ചയിൽ പൊതിഞ്ഞ അവസ്ഥയിലായിരുന്നു, മുഖമാകട്ടെ തുണികൊണ്ടു മൂടിയിരുന്നു. “അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ” എന്ന് യേശു അവരോടു പറഞ്ഞു. ഈ അത്ഭുതം കണ്ടപ്പോൾ, അവിടെ കൂടിയിരുന്നവരിൽ പലരും യേശുവിൽ വിശ്വസിച്ചു. (യോഹന്നാൻ 11:1-45) ദൈവത്തിന്റെ പുതിയ ലോകത്തിൽ നിങ്ങളുടെ മരിച്ച പ്രിയപ്പെട്ടവർ ജീവനിലേക്കു വരുമെന്നു പ്രത്യാശിക്കാൻ ഈ വിവരണം നിങ്ങളെ സഹായിക്കുന്നില്ലേ?
9. യേശുവിന് മരിച്ചവരെ ഉയിർപ്പിക്കാനുള്ള കഴിവ് ഉണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
9 യോഹന്നാൻ സ്നാപകൻ തടവിലായിരിക്കെ യേശു അവന് പ്രോത്സാഹജനകമായ ഈ സന്ദേശം അയയ്ക്കുകയുണ്ടായി: “കുരുടർ കാണുന്നു; . . . മരിച്ചവർ ഉയിർക്കുന്നു.” (മത്തായി 11:4-6) ഭൂമിയിലായിരുന്നപ്പോൾ യേശുവിനു മരിച്ചവരെ ഉയിർപ്പിക്കാൻ കഴിഞ്ഞെങ്കിൽ ശക്തനായ ഒരു ആത്മ വ്യക്തിയെന്ന നിലയിൽ ദൈവത്തിന്റെ സഹായത്തോടെ അവന് ഇപ്പോൾ ആ അത്ഭുതം പ്രവർത്തിക്കാൻ കഴിയുമെന്നതിനു യാതൊരു സംശയവുമില്ല. യേശു “പുനരുത്ഥാനവും ജീവനും” ആണ്. താമസിയാതെ, ‘കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുനരുത്ഥാനം ചെയ്യും’ എന്ന് അറിയുന്നത് എത്ര ആശ്വാസദായകമാണ്!—യോഹന്നാൻ 5:28, 29; 11:25.
നമ്മുടെ പ്രത്യാശയെ ദൃഢീകരിക്കുന്ന മറ്റു പുനരുത്ഥാനങ്ങൾ
10. ഒരു അപ്പൊസ്തലൻ നടത്തിയതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ പുനരുത്ഥാനത്തെ നിങ്ങൾ എങ്ങനെ വിവരിക്കും?
10 സുവാർത്ത ഘോഷിക്കാൻ തന്റെ അപ്പൊസ്തലന്മാരെ അയയ്ക്കവേ, “മരിച്ചവരെ ഉയിർപ്പിപ്പിൻ” എന്ന് യേശു അവരോടു പറഞ്ഞു: (മത്തായി 10:5-8) അതിനായി അവർ തീർച്ചയായും ദൈവശക്തിയിൽ ആശ്രയിക്കണമായിരുന്നു. പൊ.യു. 36-ൽ നടന്ന ഒരു സംഭവമെടുക്കുക. തബീഥാ എന്ന ദൈവഭക്തയായ ഒരു സ്ത്രീ മരിച്ചുപോയി. ദരിദ്രരായ വിധവമാർക്ക് വസ്ത്രം ഉണ്ടാക്കിക്കൊടുത്തിരുന്നത് ഉൾപ്പെടെ അനേകം സത്പ്രവൃത്തികൾ അവൾ ചെയ്തിരുന്നു. അതുകൊണ്ട് അവളുടെ മരണം അനേകരെ ദുഃഖത്തിലാഴ്ത്തി. യേശുവിന്റെ ശിഷ്യന്മാർ അവളെ സംസ്കരിക്കുന്നതിനുവേണ്ട ഏർപ്പാടുകൾ ചെയ്തശേഷം പത്രൊസ് അപ്പൊസ്തലന് ആളയച്ചു. ഒരുപക്ഷേ എല്ലാവർക്കും ആശ്വാസം പകരാനായിരുന്നിരിക്കണം അവർ അവനെ വിളിപ്പിച്ചത്. (പ്രവൃത്തികൾ 9:32-38) പത്രൊസ് എല്ലാവരെയും ആ മാളികമുറിയിൽനിന്നു പുറത്തിറക്കി, എന്നിട്ട് പ്രാർഥിച്ചശേഷം ‘തബീഥയേ, എഴുന്നേൽക്ക’ എന്നു പറഞ്ഞു. അവൾ കണ്ണുതുറന്നു, പത്രൊസ് കൈപിടിച്ച് അവളെ എഴുന്നേൽപ്പിച്ചു. ഒരു അപ്പൊസ്തലൻ നടത്തിയതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ പുനരുത്ഥാനമാണ് ഇത്. ഒട്ടേറെ ആളുകൾ വിശ്വാസികളായിത്തീരാൻ ഈ സംഭവം ഇടയാക്കി. (പ്രവൃത്തികൾ 9:39-42) പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ ഇത് നമുക്കു കൂടുതലായ കാരണം നൽകുന്നു.
11. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും അവസാനത്തെ പുനരുത്ഥാനം ഏത്?
11 ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും അവസാനത്തെ പുനരുത്ഥാനം നടന്നത് ത്രോവാസിൽ വെച്ചാണ്. പൗലൊസിന്റെ മൂന്നാമത്തെ മിഷനറി യാത്രക്കിടയിലാണു സംഭവം. ഒരു ദിവസം പൗലൊസിന്റെ പ്രസംഗം അർധരാത്രിവരെ ദീർഘിച്ചു. ക്ഷീണവും വിളക്കുകളിൽനിന്നുള്ള ചൂടും ആളുകൾ തിങ്ങിക്കൂടിയിരുന്നതുകൊണ്ടുള്ള അസ്വസ്ഥതയും എല്ലാം കൂടിയായപ്പോൾ, ജനാലയ്ക്കരികിലിരുന്നു പ്രസംഗം കേട്ടുകൊണ്ടിരുന്ന യൂത്തിക്കൊസ് എന്ന ചെറുപ്പക്കാരൻ ഉറക്കംതൂങ്ങി മൂന്നാം നിലയിൽനിന്നു താഴെ വീണു. അബോധാവസ്ഥയിൽ ആയിരുന്നില്ല, മറിച്ച് “മരിച്ചവനായി”ട്ടുതന്നെയാണ് അവനെ ആളുകൾ “എടുത്തുകൊണ്ടുവന്ന”ത്. പൗലൊസ് കുനിഞ്ഞ് അവനെ തഴുകിക്കൊണ്ട് കൂടിനിന്നവരോടു പറഞ്ഞു: ‘ഭ്രമിക്കേണ്ടാ, അവന്റെ പ്രാണൻ അവനിൽ ഉണ്ട്.’ മരിച്ച യുവാവിനു ജീവൻ തിരികെ ലഭിച്ചു എന്നാണു പൗലൊസ് അർഥമാക്കിയത്. കൂടിനിന്നവർ “അത്യന്തം ആശ്വസിച്ചു.” (പ്രവൃത്തികൾ 20:7-12) ഒരിക്കൽ തങ്ങളോടൊപ്പം ദൈവസേവനത്തിൽ ഏർപ്പെട്ടിരുന്ന, മരിച്ചുപോയ പ്രിയപ്പെട്ടവർ പുനരുത്ഥാനം പ്രാപിക്കുമെന്ന അറിവിൽ ഇന്ന് ദൈവദാസന്മാർ വലിയ ആശ്വാസം കണ്ടെത്തുന്നു.
പുനരുത്ഥാന പ്രത്യാശ—ദീർഘകാലമായുള്ളത്
12. റോമൻ ഗവർണറായിരുന്ന ഫെലിക്സിനു മുമ്പാകെ പൗലൊസ് ഉറച്ച ബോധ്യത്തോടെ എന്താണു പറഞ്ഞത്?
12 റോമൻ ഗവർണറായിരുന്ന ഫെലിക്സിനു മുമ്പാകെ നടന്ന വിചാരണയ്ക്കിടയിൽ പൗലൊസ് ഇങ്ങനെ പറഞ്ഞു: ‘ഞാൻ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കുന്നു. നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്ന് ഞാൻ ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.’ (പ്രവൃത്തികൾ 24:14, 15) ‘ന്യായപ്രമാണം’ പോലെയുള്ള തിരുവെഴുത്തു ഭാഗങ്ങൾ മരിച്ചവരുടെ പുനരുത്ഥാനത്തിലേക്കു വിരൽചൂണ്ടുന്നത് എങ്ങനെയാണ്?
13. ആദ്യത്തെ പ്രവചനത്തിൽ ദൈവം പുനരുത്ഥാനത്തെ കുറിച്ചു സൂചിപ്പിച്ചിരുന്നു എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
13 ഏദെനിൽവെച്ച് ആദ്യത്തെ പ്രവചനം നടത്തിയപ്പോൾ ദൈവംതന്നെ പുനരുത്ഥാനത്തെ കുറിച്ചു സൂചിപ്പിക്കുകയുണ്ടായി. പിശാചായ സാത്താൻ എന്ന “പഴയ പാമ്പിനെ”തിരെ ന്യായവിധി പ്രഖ്യാപിച്ചുകൊണ്ട് ദൈവം ഇപ്രകാരം പറഞ്ഞു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.”(വെളിപ്പാടു 12:9; ഉല്പത്തി 3:14, 15) സ്ത്രീയുടെ സന്തതിയുടെ കുതികാൽ തകർക്കുന്നത് യേശുക്രിസ്തു വധിക്കപ്പെടുന്നതിനെ അർഥമാക്കി. അപ്പോൾ, ആ സന്തതി അഥവാ ക്രിസ്തു സർപ്പത്തിന്റെ തല തകർക്കണമെങ്കിൽ അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടണമായിരുന്നു.
14. യഹോവ “മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ” എന്നു പറയുന്നത് എന്തുകൊണ്ട്?
14 ഒരു സന്ദർഭത്തിൽ യേശു ഇപ്രകാരം പറയുകയുണ്ടായി: “മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.” (ലൂക്കൊസ് 20:27, 37, 38; പുറപ്പാടു 3:6) അബ്രാഹാമും യിസ്ഹാക്കും യാക്കോബും മരിച്ചുപോയിരുന്നു. എന്നാൽ അവരെ പുനരുത്ഥാനത്തിൽ തിരികെ വരുത്താനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം അത്രയ്ക്ക് ഉറപ്പേറിയതാകയാൽ അവിടുത്തെ സംബന്ധിച്ചിടത്തോളം അവരെല്ലാം ജീവിച്ചിരിക്കുന്നതു പോലെതന്നെയാണ്.
15. പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ അബ്രാഹാമിന് എന്തു കാരണം ഉണ്ടായിരുന്നു?
15 പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ അബ്രാഹാമിനു കാരണമുണ്ടായിരുന്നു. അവനും ഭാര്യ സാറായും വയസ്സുചെന്ന് സന്താനോത്പാദനശേഷി സംബന്ധിച്ച് മരിച്ച ഒരവസ്ഥയിൽ ആയിരുന്നപ്പോഴാണ് ദൈവം അത്ഭുതകരമായി അവർക്കു പുനരുത്പാദനശേഷി തിരികെ നൽകിയത്. അത് ഒരു പുനരുത്ഥാനംപോലെതന്നെ ആയിരുന്നു. (ഉല്പത്തി 18:9-11; 21:1-3; എബ്രായർ 11:11, 12) അവരുടെ പുത്രനായ യിസ്ഹാക്കിന് ഏതാണ്ട് 25 വയസ്സുണ്ടായിരുന്നപ്പോൾ അവനെ ബലിയർപ്പിക്കാൻ ദൈവം അബ്രാഹാമിനോട് ആവശ്യപ്പെട്ടു. എന്നാൽ, അബ്രാഹാം യിസ്ഹാക്കിനെ അറുക്കാനായി കത്തി ഉയർത്തിയപ്പോൾ യഹോവയുടെ ദൂതൻ അവനെ തടഞ്ഞു. അബ്രാഹാം, “മരിച്ചവരുടെ ഇടയിൽനിന്നു [യിസ്ഹാക്കിനെ] ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേററവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.”—എബ്രായർ 11:17-19; ഉല്പത്തി 22:1-18.
16. ഇപ്പോൾ മരണത്തിൽ നിദ്രകൊള്ളുന്ന അബ്രാഹാം ഏതു പ്രത്യാശ വെച്ചുപുലർത്തിയിരുന്നു?
16 വാഗ്ദത്ത സന്തതിയായ മിശിഹായുടെ ഭരണത്തിൻ കീഴിലെ പുനരുത്ഥാനത്തിൽ അബ്രാഹാം പ്രത്യാശ വെച്ചിരുന്നു. സ്വർഗത്തിൽ ഒരു ആത്മവ്യക്തിയായിരിക്കെ ദൈവപുത്രൻ അബ്രാഹാമിന്റെ വിശ്വാസം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് അവൻ ഭൂമിയിലായിരുന്നപ്പോൾ യഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു.” (യോഹന്നാൻ 8:56-58; സദൃശവാക്യങ്ങൾ 8:30, 31) ഇപ്പോൾ മരണത്തിൽ നിദ്രകൊള്ളുന്ന അബ്രാഹാം താൻ പ്രത്യാശിച്ചിരുന്നതുപോലെതന്നെ ദൈവത്തിന്റെ മിശിഹൈക രാജ്യത്തിൻ കീഴിൽ ഭൂമിയിലേക്ക് ഉയിർപ്പിക്കപ്പെടും.—എബ്രായർ 11:8-10, 13.
ന്യായപ്രമാണത്തിലും സങ്കീർത്തനങ്ങളിലും നിന്നുള്ള തെളിവുകൾ
17. ‘ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന’ കാര്യങ്ങൾ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലേക്കു വിരൽചൂണ്ടുന്നത് എങ്ങനെ?
17 പൗലൊസിന്റെ പുനരുത്ഥാന പ്രത്യാശ ‘ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന’ കാര്യങ്ങൾക്കു ചേർച്ചയിലായിരുന്നു. ദൈവം ഇസ്രായേല്യരോട് ഇപ്രകാരം അരുളിച്ചെയ്തു: “നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കററ [അതായത്, ‘ആദ്യഫലം’] പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന്നു [നീസാൻ 16-ന്] അവൻ ആ കററ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം.” (ലേവ്യപുസ്തകം 23:9-14) ഒരുപക്ഷേ ഈ കൽപ്പന മനസ്സിൽവെച്ചുകൊണ്ടായിരിക്കണം പൗലൊസ് ഇപ്രകാരം എഴുതിയത്: “ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.” പൊ.യു. 33 നീസാൻ 16-ന്, “ആദ്യഫല”മെന്ന നിലയിൽ യേശു ഉയിർപ്പിക്കപ്പെട്ടു. ‘പിന്നത്തെ’ ഫലങ്ങൾ എന്ന നിലയിൽ യേശുവിന്റെ ആത്മാഭിഷിക്ത അനുഗാമികൾ അവന്റെ സാന്നിധ്യകാലത്ത് ഉയിർപ്പിക്കപ്പെടുമായിരുന്നു.—1 കൊരിന്ത്യർ 15:20-23; 2 കൊരിന്ത്യർ 1:21; 1 യോഹന്നാൻ 2:20, 27.
18. യേശുവിന്റെ പുനരുത്ഥാനം സങ്കീർത്തനങ്ങളിൽ മുൻകൂട്ടി പറഞ്ഞിട്ടുണ്ടെന്ന് പത്രൊസ് വിവരിക്കുന്നത് എങ്ങനെ?
18 സങ്കീർത്തനങ്ങളും പുനരുത്ഥാനത്തിനുള്ള തെളിവു നൽകുന്നു. പൊ.യു. 33-ലെ പെന്തക്കോസ്തുനാളിൽ അപ്പൊസ്തലനായ പത്രൊസ് സങ്കീർത്തനം 16:8-11 ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വല[തു]ഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല. അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല . . . എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.” പത്രൊസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു [ദാവീദ്] ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു.”—പ്രവൃത്തികൾ 2:25-32.
19, 20. പത്രൊസ് സങ്കീർത്തനം 118:22 ഉദ്ധരിച്ചത് എപ്പോൾ, ആ വാക്യം യേശുവിന്റെ മരണത്തോടും പുനരുത്ഥാനത്തോടും ബന്ധപ്പെട്ടിരുന്നത് എങ്ങനെ?
19 കുറച്ചു ദിവസങ്ങൾക്കുശേഷം, പത്രൊസ് സൻഹെദ്രീമിന്റെ മുമ്പാകെ സംസാരിക്കവെ വീണ്ടും സങ്കീർത്തനങ്ങളിൽനിന്ന് ഉദ്ധരിച്ചു. മുടന്തനായ യാചകനെ സുഖപ്പെടുത്തിയത് എങ്ങനെയെന്നു ചോദിച്ചപ്പോൾ അവൻ ഇപ്രകാരം പറഞ്ഞു: “ദൈവം മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻതന്നേ. മറെറാരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.”—പ്രവൃത്തികൾ 4:10-12.
20 സങ്കീർത്തനം 118:22-ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും എങ്ങനെ ബാധകമാകുന്നു എന്നു കാണിക്കാനാണ് പത്രൊസ് ആ വാക്യം ഉദ്ധരിച്ചത്. മതനേതാക്കന്മാരുടെ പ്രേരണയാൽ യഹൂദന്മാർ യേശുവിനെ തള്ളിക്കളഞ്ഞു. (യോഹന്നാൻ 19:14-18; പ്രവൃത്തികൾ 3:14, 15) ‘പണിയുന്നവർ കല്ല് തള്ളിക്കളഞ്ഞത്’ യേശുവിന്റെ മരണത്തിൽ കലാശിച്ചു. എന്നാൽ ‘കല്ല് കോണിന്റെ മൂലക്കല്ലായിത്തീർന്നത്’ അവൻ ആത്മവ്യക്തിയായി സ്വർഗീയ മഹത്ത്വത്തിലേക്ക് ഉയിർപ്പിക്കപ്പെട്ടതിനെ അർഥമാക്കി. സങ്കീർത്തനക്കാരൻ മുൻകൂട്ടിപറഞ്ഞതുപോലെ ‘ഇതു യഹോവയാലാണ് സംഭവിച്ചത്.’ (സങ്കീർത്തനം 118:23) ‘കല്ലിനെ’ ‘കോണിന്റെ മൂലക്കല്ല്’ ആക്കുന്നതിൽ, യേശുവിനെ നിയുക്ത രാജാവായി ഉയർത്തുന്നത് ഉൾപ്പെട്ടിരുന്നു.—എഫെസ്യർ 1:19-21.
പുനരുത്ഥാന പ്രത്യാശ കരുത്തേകുന്നു
21, 22. ഇയ്യോബ് 14:13-15-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ഇയ്യോബ് എന്തു പ്രത്യാശ വെച്ചുപുലർത്തി, മരിച്ചവരെ ഓർത്ത് ദുഃഖിക്കുന്നവരെ ഇന്ന് അത് എങ്ങനെ സഹായിക്കും?
21 മരിച്ചുപോയ ആരെങ്കിലും ജീവനിലേക്കു വന്നതായി നമ്മളാരും കണ്ടിട്ടില്ലെന്നുള്ളതു ശരിയാണ്. എന്നാൽ, പുനരുത്ഥാനം നടക്കുമെന്ന് ഉറപ്പുതരുന്ന ചില തിരുവെഴുത്തു വിവരണങ്ങൾ നമ്മൾ പരിചിന്തിക്കുകയുണ്ടായി. അതുകൊണ്ട് നീതിമാനായ ഇയ്യോബിന് ഉണ്ടായിരുന്നതുപോലുള്ള ഉറച്ച പ്രത്യാശ നമുക്കും ഉണ്ടായിരിക്കാൻ കഴിയും. യാതനയ്ക്കിടയിൽ അവൻ യാചിച്ചു: “[യഹോവേ] നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും . . . എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു. മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? . . . നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും [“വാഞ്ഛയുണ്ടാകും,” NW]. (ഇയ്യോബ് 14:13-15) അതേ, ദൈവത്തിന് ‘തന്റെ കൈവേലയോടു താത്പര്യമുണ്ടാകും,’ ഇയ്യോബിനെ പുനരുത്ഥാനത്തിൽ തിരികെ കൊണ്ടുവരാൻ അവൻ അതിയായി വാഞ്ഛിക്കുന്നു. എത്ര നല്ലൊരു പ്രത്യാശയാണ് അത് നമുക്കു നൽകുന്നത്!
22 ഇയ്യോബിനെ പോലെ നമ്മുടെ കുടുംബത്തിലെ ഒരംഗത്തിന് ഗുരുതരമായ എന്തെങ്കിലും രോഗം പിടിപെട്ടേക്കാം, ഒരുപക്ഷേ മരണം എന്ന ശത്രു ആ വ്യക്തിയെ കീഴ്പെടുത്തിയെന്നുംവരാം. അതു മറ്റു കുടുംബാംഗങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തിയേക്കാം, ലാസരിന്റെ മരണത്തിങ്കൽ യേശുവിന് ഉണ്ടായതുപോലെതന്നെ. (യോഹന്നാൻ 11:35) എന്നാൽ, ദൈവം വിളിക്കുമ്പോൾ അവന്റെ സ്മരണയിൽ ഉള്ളവരെല്ലാം ഉയിർത്തെഴുന്നേൽക്കും എന്നറിയുന്നത് എത്ര ആശ്വാസദായകമാണ്! അത് അവർ ഒരു യാത്ര കഴിഞ്ഞ് മടങ്ങിവരുന്നതുപോലെ ആയിരിക്കും—രോഗികളോ അംഗവൈകല്യമുള്ളവരോ ആയിട്ടല്ല, പിന്നെയോ പൂർണ ആരോഗ്യമുള്ളവരായി.
23. ചിലർ പുനരുത്ഥാനത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത് എങ്ങനെ?
23 പ്രായംചെന്ന ഒരു വിശ്വസ്ത ക്രിസ്ത്യാനി മരിച്ചപ്പോൾ സഹവിശ്വാസികൾ ഇപ്രകാരം എഴുതി: “നിങ്ങളുടെ അമ്മയുടെ മരണത്തിൽ ഞങ്ങൾ അതിയായി ദുഃഖിക്കുന്നു. എന്നാൽ എത്രയും പെട്ടെന്നുതന്നെ നമുക്ക് അമ്മയെ തിരികെ സ്വാഗതം ചെയ്യാനാകും, ആരോഗ്യവതിയും ഊർജസ്വലയുമായി.” മകനെ നഷ്ടപ്പെട്ട ഒരച്ഛനും അമ്മയും പറഞ്ഞു: “ജേസൺ ഉയിർത്തെഴുന്നേൽക്കുന്ന ആ ദിവസത്തിനായി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുകയാണ്. താൻ കാത്തുകാത്തിരുന്ന ആ പറുദീസ അവൻ കൺകുളിർക്കെ കാണും. . . . അവനെ സ്നേഹിച്ചിരുന്ന ഞങ്ങൾക്കും അവിടെ ഉണ്ടായിരിക്കാനുള്ള ശക്തമായ പ്രചോദനം അതു നൽകുന്നു.” അതേ, പുനരുത്ഥാനം ഉറപ്പാക്കപ്പെട്ട ഒരു പ്രത്യാശയാണ്! അതിനായി നമുക്കു കൃതജ്ഞതയുള്ളവരായിരിക്കാം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• മരിച്ചവരെ ഉയിർപ്പിക്കുന്നതിന് ദൈവം ചെയ്തിരിക്കുന്ന ക്രമീകരണത്തിലുള്ള വിശ്വാസം നമ്മെ എന്തിനു സഹായിക്കും?
• തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏതെല്ലാം സംഭവങ്ങൾ നമുക്കു പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നതിനുള്ള കാരണം നൽകുന്നു?
• പുനരുത്ഥാന പ്രത്യാശ ദീർഘകാലമായുള്ള ഒന്നാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
• മരിച്ചവരെ സംബന്ധിച്ച് നമുക്ക് എന്ത് ഉറച്ച പ്രത്യാശ ഉണ്ടായിരിക്കാൻ കഴിയും?
[10-ാം പേജിലെ ചിത്രം]
യഹോവയിൽ നിന്നുള്ള ശക്തിയാൽ ഏലിയാവ് ഒരു വിധവയുടെ മകനെ ജീവനിലേക്കു കൊണ്ടുവന്നു
[12-ാം പേജിലെ ചിത്രം]
യേശു യായീറോസിന്റെ മകളെ ഉയിർപ്പിച്ചപ്പോൾ അവളുടെ മാതാപിതാക്കൾ വിസ്മയിച്ചു, സന്തോഷത്താൽ അവർ മതിമറന്നു
[[15-ാം പേജിലെ ചിത്രം]
യേശു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതായി പൊ.യു. 33-ലെ പെന്തക്കോസ്തു നാളിൽ അപ്പൊസ്തലനായ പത്രൊസ് സധൈര്യം സാക്ഷ്യപ്പെടുത്തി