മുഖ്യലേഖനം | ബൈബിൾ ശരിക്കും ദൈവത്തിൽനിന്നോ?
ബൈബിൾ—എല്ലാ അർഥത്തിലും കൃത്യതയുള്ളത്
ശാസ്ത്രീയമായി കൃത്യതയുള്ളത്
ബൈബിൾ ഒരു ശാസ്ത്രീയ പാഠപുസ്തകമൊന്നുമല്ല. എന്നാൽ ശാസ്ത്രീയ കാര്യങ്ങളെക്കുറിച്ച് അതു പറഞ്ഞിരിക്കുന്നതെല്ലാം കിറുകൃത്യമാണ്. കാലാവസ്ഥാശാസ്ത്രത്തെക്കുറിച്ചും ജനിതകഘടനയെക്കുറിച്ചും ഉള്ള ചില ഉദാഹരണങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
കാലാവസ്ഥാശാസ്ത്രം—മഴ
ബൈബിൾ പറയുന്നു: “ദൈവം വെള്ളത്തുള്ളികൾ വലിച്ചെടുക്കുന്നു; നീരാവി ഘനീഭവിച്ച് മഴയായി രൂപം കൊള്ളുന്നു. പിന്നെ മേഘങ്ങൾ അതു ചൊരിയുന്നു.”—ഇയ്യോബ് 36:27, 28.
ഇവിടെ ജലപരിവൃത്തിയുടെ മൂന്നു പടികൾ വർണിച്ചിരിക്കുന്നു. സൗരോർജത്തിന്റെ ഉറവിടമായ ദൈവം (1) ബാഷ്പീകരണത്തിലൂടെ (evaporation) “വെള്ളത്തുള്ളികൾ വലിച്ചെടുക്കുന്നു.” തുടർന്ന്, (2) ഘനീഭവിക്കൽ (condensation) പ്രക്രിയയിലൂടെ മുകളിലേക്കു പോയ വെള്ളം മേഘങ്ങളായി രൂപംകൊള്ളുന്നു. എന്നിട്ട് അതു മഴയായോ മഞ്ഞുതുള്ളിയായോ ആലിപ്പഴമായോ (3) നിപതിക്കുന്നു (precipitation). ഇപ്പോൾപ്പോലും കാലാവസ്ഥാഗവേഷകർക്ക് മഴ എന്ന പ്രതിഭാസം പൂർണമായി മനസ്സിലാക്കാൻ കഴിയുന്നില്ല. രസകരമായ ഒരു ചോദ്യം ബൈബിളിലും കാണാം: “മേഘപാളികളെക്കുറിച്ച് മനസ്സിലാക്കാൻ ആർക്കു കഴിയും?” (ഇയ്യോബ് 36:29) സ്രഷ്ടാവിനു മാത്രം! മനുഷ്യർ അതു ബൈബിളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും സ്രഷ്ടാവായ ദൈവം മറന്നില്ല. ഈ അടിസ്ഥാനപ്രക്രിയകളെക്കുറിച്ച് ശാസ്ത്രീയമായി മനുഷ്യൻ വിവരിക്കുന്നതിന് എത്രയോ കാലം മുമ്പേ ദൈവം അതു രേഖപ്പെടുത്തിവെച്ചു!
ജനിതകഘടന—ഭ്രൂണത്തിന്റെ വളർച്ച
ബൈബിളെഴുത്തുകാരനായ ദാവീദ് രാജാവ് ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “ഞാൻ വെറുമൊരു ഭ്രൂണമായിരുന്നപ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു; അതിന്റെ ഭാഗങ്ങളെല്ലാം . . . അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.” (സങ്കീർത്തനം 139:16) മുമ്പേ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ‘പുസ്തകത്തിലെ’ നിർദേശങ്ങളനുസരിച്ചാണ് ഒരു ഭ്രൂണത്തിന്റെ വളർച്ചയെന്നു കാവ്യഭാഷയിൽ ദാവീദ് കുറിച്ചിട്ടു. 3,000 വർഷങ്ങൾക്കു മുമ്പാണ് ഇത് എഴുതിയത് എന്നതു രസാവഹമാണ്!
എന്നാൽ ജനിതകഘടനയുടെ പിന്നിലെ അടിസ്ഥാനതത്ത്വങ്ങൾ ഓസ്ട്രിയൻ ജീവശാസ്ത്രജ്ഞനായ ഗ്രിഗർ മെൻഡൽ കണ്ടെത്തുന്നത്, 1800-കളുടെ മധ്യത്തിലാണ്. 2003 ഏപ്രിലിലാണ് ജീനോമുകളുടെ രൂപഘടനയെക്കുറിച്ച് ഗവേഷകർക്ക് ഒരു ആകമാനചിത്രം ലഭിച്ചത്. ഒരു മനുഷ്യശരീരം രൂപംകൊള്ളാൻ സഹായകമായ ജനിതകവിവരങ്ങൾ ജീനോമുകളിലാണ് അടങ്ങിയിരിക്കുന്നത്. അക്ഷരങ്ങളും അവ കൂടിച്ചേർന്നുണ്ടാകുന്ന വാക്കുകളും ഒരു ഡിക്ഷ്ണറിയിൽ ക്രമീകരിച്ചിരിക്കുന്നതുപോലെയാണ് ജീനോമുകളിൽ ജനിതകനിർദേശങ്ങൾ ക്രമീകരിച്ചിരിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. ഈ നിർദേശങ്ങൾക്കു ചേർച്ചയിലാണ് തലച്ചോറും ഹൃദയവും ശ്വാസകോശവും കൈകാലുകളും ഒക്കെ കൃത്യസ്ഥാനത്തും കൃത്യസമയത്തും ഭ്രൂണത്തിൽ വളരുന്നത്. ശാസ്ത്രജ്ഞന്മാർ ഈ ജീനോമുകളെ “ജീവന്റെ പുസ്തകം” എന്നു വിളിച്ചിരിക്കുന്നത് തികച്ചും ഉചിതമാണ്. ബൈബിളെഴുത്തുകാരനായ ദാവീദിന് എങ്ങനെയാണ് ഇത്ര കൃത്യതയോടെ ഇതു രേഖപ്പെടുത്താനായത്? അദ്ദേഹം താഴ്മയോടെ ഇങ്ങനെ പറയുന്നു: “യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിച്ചു. അവിടുത്തെ വചനം എന്റെ നാവിലിരുന്നു.”a—2 ശമുവേൽ 23:2.
ഭാവിയെക്കുറിച്ച് കൃത്യമായി പ്രവചിക്കുന്നു
രാജത്വങ്ങളും നഗരങ്ങളും ഉദയംകൊള്ളുന്നതും അസ്തമിക്കുന്നതും എങ്ങനെ, എപ്പോൾ, ഏത് അളവുവരെ ആണെന്ന് പറയാൻ വലിയ ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ അസാധ്യമാണ്. എങ്കിലും ശക്തമായ ഭരണകൂടങ്ങളുടെയും നഗരങ്ങളുടെയും നാശത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. രണ്ട് ഉദാഹരണങ്ങൾ മാത്രം നമുക്ക് ഇപ്പോൾ നോക്കാം.
ബാബിലോണിന്റെ വീഴ്ചയും തകർച്ചയും
ശക്തമായ ഒരു സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു പുരാതന ബാബിലോൺ. ആ നഗരം നൂറ്റാണ്ടുകളോളം പടിഞ്ഞാറൻ ഏഷ്യയിൽ സ്വാധീനം ചെലുത്തി. ഒരു സമയത്ത് ലോകത്തിലെ ഏറ്റവും ഉന്നതമായ നഗരമായിരുന്നു അത്. എന്നിട്ടും കോരെശിന്റെ നേതൃത്വത്തിലുള്ള സൈന്യം ബാബിലോൺ നഗരം കീഴടക്കുമെന്നും പിന്നീടൊരിക്കലും അവിടെ ആൾപ്പാർപ്പുണ്ടാകില്ലെന്നും, അതു സംഭവിക്കുന്നതിന് 200 വർഷങ്ങൾക്കു മുമ്പേ ബൈബിളെഴുത്തുകാരനായ യശയ്യയിലൂടെ ദൈവം മുൻകൂട്ടിപ്പറഞ്ഞു. (യശയ്യ 13:17-20; 44:27, 28; 45:1, 2) അത് അങ്ങനെതന്നെ സംഭവിച്ചോ?
ബി.സി. 539 ഒക്ടോബറിലെ ഒരു രാത്രിയിൽ മഹാനായ കോരെശ് ബാബിലോൺ പിടിച്ചടക്കി. ഒരു സമയത്ത് ആ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കിയിരുന്ന കനാലുകളെല്ലാം കാലക്രമേണ നാമാവശേഷമായി. എ.ഡി. 200-ഓടെ ആ സ്ഥലം ഒരു തരിശുനിലമായിത്തീർന്നു. ഇന്നും ബാബിലോൺ നാശകൂമ്പാരമായി കിടക്കുന്നു. ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുപോലെ, ബാബിലോൺ ഒരു “പാഴ്നിലമായി” മാറി.—യിരെമ്യ 50:13.
ചരിത്രവസ്തുതകളെക്കുറിച്ച് ഈ ബൈബിളെഴുത്തുകാരന് ഇത്ര കൃത്യമായി പ്രവചിക്കാനായത് എങ്ങനെയാണ്? ബൈബിൾതന്നെ അതിന് ഉത്തരം നൽകുന്നു: “ആമൊസിന്റെ മകനായ യശയ്യയ്ക്ക് ഒരു ദിവ്യദർശനം ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള ഈ പ്രഖ്യാപനമുണ്ടായിരുന്നു.”—യശയ്യ 13:1.
നിനെവെ—“വരണ്ട മരുഭൂമി”
അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ നിനെവെ ശില്പകലയ്ക്കു പേരുകേട്ട ഒരു അത്ഭുതനഗരമായി അറിയപ്പെട്ടിരുന്നു. വിശാലമായ വീഥികളാലും മനോഹരമായ പൂന്തോട്ടങ്ങളാലും പ്രൗഢഗംഭീരമായ കൊട്ടാരങ്ങളാലും ക്ഷേത്രങ്ങളാലും അലങ്കൃതമായിരുന്നു ആ നഗരം. എന്നിരുന്നാലും, രാജകീയപ്രൗഢിയുള്ള ആ നഗരം ‘വരണ്ട മരുഭൂമിപോലെയാകും’ എന്ന് സെഫന്യ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു.—സെഫന്യ 2:13-15.
ബി.സി. 7-ാം നൂറ്റാണ്ടിൽ ബാബിലോണിയരും മേദ്യരും ചേർന്ന സംയുക്തസൈന്യം നിനെവെയെ തകർത്തുതരിപ്പണമാക്കി. ഒരു പുസ്തകം പറയുന്നതനുസരിച്ച് മൺമറഞ്ഞ ആ നഗരം “2500 വർഷത്തോളം വിസ്മൃതിയിലാണ്ടുപോയി.” നിനെവെ എന്ന പേരിൽ ഒരു നഗരമുണ്ടായിരുന്നോ എന്നുപോലും ആളുകൾ ചിന്തിച്ചു! 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് നിനെവെയുടെ അവശിഷ്ടങ്ങൾ കുഴിച്ചെടുത്തത്. കാലപ്പഴക്കംകൊണ്ടും ആളുകളുടെ ചിന്താശൂന്യമായ പ്രവർത്തനംകൊണ്ടും ഇന്നും അവിടം നശിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പൈതൃകങ്ങൾ സംരക്ഷിക്കുന്ന ഒരു സംഘടന (Global Heritage Fund) ഇങ്ങനെ മുന്നറിയിപ്പ് നൽകി: “നിനെവെയുടെ നാശാവശിഷ്ടങ്ങൾ വീണ്ടും മൺമറഞ്ഞേക്കാം.”
സെഫന്യക്ക് ഇക്കാര്യങ്ങൾ നേരത്തേ അറിയാൻ കഴിഞ്ഞത് എങ്ങനെ? അത്, “യഹോവയിൽനിന്ന് ലഭിച്ച സന്ദേശം” ആണെന്ന് സെഫന്യ സമ്മതിക്കുന്നു.—സെഫന്യ 1:1.
ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ബൈബിൾ ഉത്തരം നൽകുന്നു
ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം ബൈബിളിലുണ്ട്. ഏതാനും ഉദാഹരണങ്ങൾ ഇതാ. . .
എന്തുകൊണ്ടാണ് ലോകത്ത് ഇത്രയധികം തിന്മയും കഷ്ടപ്പാടും ഉള്ളത്?
ബൈബിളിൽ ഉടനീളം തിന്മയുടെയും കഷ്ടപ്പാടിന്റെയും കാരണത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ബൈബിൾ പറയുന്നു. . .
“മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത് ഇക്കാലമത്രയും അവർക്കു ദോഷം ചെയ്തിരിക്കുന്നു.”—സഭാപ്രസംഗകൻ 8:9.
മത്സരവും കാപട്യവും നിറഞ്ഞ മനുഷ്യഭരണം കൊടിയ യാതനകളാണ് സമ്മാനിച്ചിരിക്കുന്നത്.
“സമയവും അപ്രതീക്ഷിതസംഭവങ്ങളും അവരെയെല്ലാം പിടികൂടുന്നു.”—സഭാപ്രസംഗകൻ 9:11.
ഗുരുതരമായ രോഗങ്ങൾ, അപകടങ്ങൾ, പ്രകൃതിവിപത്തുകൾ എന്നിവപോലുള്ള, മുൻകൂട്ടിപ്പറയാനാകാത്ത സംഭവങ്ങൾ ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എവിടെവെച്ച് വേണമെങ്കിലും ബാധിച്ചേക്കാം.
“ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു.”—റോമർ 5:12.
ആദ്യ മനുഷ്യനെയും സ്ത്രീയെയും സൃഷ്ടിച്ചപ്പോൾ അപൂർണതയും മരണവും ഭൂമിയിലുണ്ടായിരുന്നില്ല. അവർ മനഃപൂർവം സ്രഷ്ടാവിനോട് അനുസരണക്കേട് കാണിച്ചപ്പോൾ ‘പാപം ലോകത്തിൽ കടന്നു.’
മനുഷ്യൻ കഷ്ടപ്പെടുന്നതിന്റെ കാരണങ്ങൾ മാത്രമല്ല, അതിലധികം ചിലത് ബൈബിളിനു പറയാനുണ്ട്. “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല” എന്നും തിന്മ തുടച്ചുനീക്കുമെന്നും അത് ഉറപ്പുതരുന്നു.—വെളിപാട് 21:3, 4.
മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
ഒന്നും ചെയ്യാനാകാത്ത, പൂർണമായ അബോധാവസ്ഥയാണ് മരണമെന്നു ബൈബിൾ വിശദീകരിക്കുന്നു. സഭാപ്രസംഗകൻ 9:5 പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല.” മരണത്തിൽ നമ്മുടെ “ചിന്തകൾ നശിക്കുന്നു.” (സങ്കീർത്തനം 146:4) നമ്മുടെ ഇന്ദ്രിയങ്ങളടക്കം തലച്ചോറിന്റെ എല്ലാ പ്രവർത്തനങ്ങളും മരണത്തോടെ നിലയ്ക്കുന്നു. അതുകൊണ്ട് മരണശേഷം ചിന്തിക്കാനോ അനുഭവിച്ചറിയാനോ എന്തെങ്കിലും ചെയ്യാനോ നമുക്കാകില്ല.
മരിച്ചവരുടെ അവസ്ഥ വിശദീകരിക്കുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ബൈബിൾ പറയുന്നുണ്ട്. ഗാഢനിദ്രയിലായിരിക്കുന്ന മരിച്ചവരെ പുനരുത്ഥാനത്തിലൂടെ ഉണർത്തുമെന്ന ശുഭപ്രതീക്ഷയാണ് അതിനു നൽകാനുള്ളത്.—ഹോശേയ 13:14; യോഹന്നാൻ 11:11-14.
ജീവിതത്തിന്റെ അർഥം എന്താണ്?
മനുഷ്യനെയും സ്ത്രീയെയും ദൈവമായ യഹോവ സൃഷ്ടിച്ചെന്നു ബൈബിൾ പറയുന്നു. (ഉൽപത്തി 1:27) അതുകൊണ്ടാണ് ആദ്യമനുഷ്യനായ ആദാമിനെ “ദൈവത്തിന്റെ മകൻ” എന്നു വിളിച്ചിരിക്കുന്നത്. (ലൂക്കോസ് 3:38) ദൈവം മനുഷ്യനെ സൃഷ്ടിച്ചതിന് ഒരു ഉദ്ദേശ്യമുണ്ട്: സ്വർഗീയപിതാവുമായി ഒരു നല്ല സുഹൃദ്ബന്ധം വളർത്തിയെടുക്കണം, സന്തോഷം നിറഞ്ഞ, സഫലമായ ഒരു ജീവിതം എന്നുമെന്നേക്കും ആസ്വദിക്കണം. അതുകൊണ്ടാണ് ദൈവത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു സ്വാഭാവികചായ്വ് എല്ലാ മനുഷ്യർക്കുമുള്ളത്. ബൈബിളും ഇങ്ങനെ പറയുന്നു: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.”—മത്തായി 5:3.
ഇതു കൂടാതെ, “ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് അനുഗൃഹീതർ” എന്നും ബൈബിൾ പറഞ്ഞിരിക്കുന്നു. (ലൂക്കോസ് 11:28) ബൈബിൾ ദൈവത്തെക്കുറിച്ച് പഠിപ്പിക്കുക മാത്രമല്ല, ഇപ്പോൾ സന്തുഷ്ടമായ ഒരു ജീവിതം നയിക്കാനും സഹായിക്കുന്നു, ഭാവിയെക്കുറിച്ച് നല്ലൊരു പ്രതീക്ഷ നൽകുകയും ചെയ്യുന്നു.
ബൈബിളിന്റെ ഗ്രന്ഥകർത്താവും നിങ്ങളും
തെളിവുകൾ പരിശോധിച്ച ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ബൈബിൾ വെറുമൊരു പുരാതനസാഹിത്യകൃതി മാത്രമല്ല എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ബൈബിൾ ദൈവപ്രചോദിതമാണ് എന്ന ബോധ്യം അവർക്കുണ്ട്. ബൈബിളിലൂടെയാണ് ദൈവം മനുഷ്യരോടു സംസാരിക്കുന്നത്—നിങ്ങളോടും! തന്നെ തിരിച്ചറിയാനും ഒരു അടുത്ത സുഹൃത്താക്കാനും ഉള്ള ക്ഷണം ദൈവം അതിൽ നൽകിയിരിക്കുന്നു. ബൈബിൾ ഇങ്ങനെ വാക്കു തരുന്നു: “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.”—യാക്കോബ് 4:8.
ബൈബിളിന്റെ ആഴത്തിലേക്കു കുഴിച്ചിറങ്ങുമ്പോൾ വിശാലമായ ഒരു വാതിൽ തുറന്നുകിട്ടും. എന്തിലേക്കുള്ള വാതിൽ? ഒരു പുസ്തകം വായിക്കുമ്പോൾ അതിന്റെ എഴുത്തുകാരന്റെ മനസ്സിലേക്കൊന്ന് എത്തിനോക്കാൻ നമുക്കാകുന്നു. അതുപോലെ, ബൈബിൾത്താളുകൾ മറിക്കുമ്പോൾ അതിന്റെ ഗ്രന്ഥകർത്താവായ ദൈവത്തിന്റെ ചിന്തകളിലൂടെയും വികാരങ്ങളിലൂടെയും നമുക്ക് സഞ്ചരിക്കാനാകും. അതു നിങ്ങളിൽ ഉണ്ടാക്കുന്ന പ്രഭാവത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! നിങ്ങളുടെ സ്രഷ്ടാവിന്റെ മനോവികാരങ്ങളും ചിന്താധാരകളും അടുത്തറിയാൻ നിങ്ങൾക്കു ലഭിക്കുന്ന മികച്ച അവസരം! ബൈബിൾ വെളിപ്പെടുത്തുന്ന മറ്റു ചില കാര്യങ്ങളാണ്:
ദൈവത്തിന്റെ പേര്, വ്യക്തിത്വം, മറ്റ് മഹനീയ ഗുണങ്ങൾ.
മനുഷ്യരെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം.
ദൈവവുമായി എങ്ങനെ ഒരു ബന്ധം വളർത്തിയെടുക്കാം?
കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ? നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. സൗജന്യമായ ബൈബിൾപഠനത്തിനുള്ള ക്രമീകരണങ്ങൾ അവർ ചെയ്യും. ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയോടു കൂടുതൽ അടുത്ത് ചെല്ലാൻ ഇതു നിങ്ങളെ സഹായിക്കട്ടെ.
ബൈബിൾ ദൈവപ്രചോദിതമാണ് എന്നതിന്റെ ഏതാനും ചില തെളിവുകൾ മാത്രമാണ് ഈ ലേഖനത്തിൽ വിവരിച്ചത്. കൂടുതൽ വിവരങ്ങൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 2-ാം അധ്യായം നോക്കുക. www.jw.org സൈറ്റിലും ഇതു ലഭ്യം.
ബൈബിളിന്റെ ഗ്രന്ഥകർത്താവ് ആരാണ്? എന്ന വീഡിയോയും www.jw.org സൈറ്റിൽ നിങ്ങൾക്ക് കാണാം
പ്രസിദ്ധീകരണങ്ങൾ > വീഡിയോകൾ എന്നതിനു കീഴിൽ നോക്കുക
a ബൈബിളിൽ ദൈവത്തിന്റെ പേര് യഹോവ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.—സങ്കീർത്തനം 83:18.