പുരോഗതി വരുത്തുന്നവരും വഴക്കമുള്ളവരുമായ ശുശ്രൂഷകരായിത്തീരുക
“ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.”—1 കൊരിന്ത്യർ 9:22.
1, 2. (എ) പൗലൊസ് അപ്പൊസ്തലൻ ഫലപ്രാപ്തിയുള്ള ശുശ്രൂഷകനായിരുന്നത് ഏതു വിധങ്ങളിൽ? (ബി) പൗലൊസ് നിയമനത്തോടുള്ള തന്റെ മനോഭാവത്തെ വർണിച്ചത് എങ്ങനെ?
സംസ്കാരസമ്പന്നരായ ബുദ്ധിജീവികളോടും എളിയവരായ കൂടാരപ്പണിക്കാരോടും തെല്ലും പിരിമുറുക്കമില്ലാതെ അവൻ ഒരുപോലെ ഇടപെട്ടു. റോമൻ അധികാരികളെയും പ്രുഗ്യൻ കർഷകരെയും ഒരുപോലെ ക്രിയാത്മകമായി സ്വാധീനിക്കാൻ അവനു കഴിഞ്ഞു. സ്വതന്ത്രചിന്താഗതിക്കാരായ ഗ്രീക്കുകാരെയും യാഥാസ്ഥിതികരായ യഹൂദരെയും ഒരുപോലെ അവൻ തന്റെ ലേഖനങ്ങളിലൂടെ പ്രചോദിപ്പിച്ചു. അവന്റെ യുക്തിസഹമായ ന്യായവാദങ്ങൾ ഖണ്ഡിക്കാനാകുമായിരുന്നില്ല. ശ്രോതാക്കളുടെ വികാരങ്ങളെ സ്പർശിക്കാനുള്ള കഴിവ് അവനുണ്ടായിരുന്നു. ആളുകളെ ക്രിസ്തുവിൽ വിശ്വസിക്കാൻ സഹായിക്കേണ്ടതിന് ഉചിതമായ പൊതു അടിസ്ഥാനമിട്ടുകൊണ്ട് എല്ലാവരോടും സംസാരിക്കാൻ അവൻ ശ്രമിച്ചു.—പ്രവൃത്തികൾ 20:21.
2 പൗലൊസ് അപ്പൊസ്തലനായിരുന്നു ഈ വ്യക്തി. തന്റെ വേലയിൽ എപ്പോഴും പുരോഗതി വരുത്താൻ ആഗ്രഹിച്ച, ശുശ്രൂഷ ഫലപ്രദമായി നിർവഹിക്കാൻ ശ്രമിച്ച ഒരുവനായിരുന്നു പൗലൊസ് എന്നതിനു സംശയമില്ല. (1 തിമൊഥെയൊസ് 1:12) ക്രിസ്തുവിന്റെ “നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ” അവന് യേശുവിൽനിന്നു നിയോഗം ലഭിച്ചു. (പ്രവൃത്തികൾ 9:15) ഈ നിയമനത്തോടുള്ള അവന്റെ മനോഭാവം എന്തായിരുന്നു? അവൻ ഇങ്ങനെ പ്രസ്താവിച്ചു: “ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു. സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.” (1 കൊരിന്ത്യർ 9:19-23) പ്രസംഗ, പഠിപ്പിക്കൽ വേല കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ പൗലൊസിന്റെ മാതൃക നമ്മെ എങ്ങനെ സഹായിക്കും?
മാറ്റംവന്ന ഒരു വ്യക്തി വെല്ലുവിളിയെ വിജയകരമായി നേരിടുന്നു
3. പരിവർത്തനത്തിനുമുമ്പ് പൗലൊസിന് ക്രിസ്ത്യാനികളോട് എന്തു മനോഭാവമാണ് ഉണ്ടായിരുന്നത്?
3 പൗലൊസ് എല്ലായ്പോഴും അനുകമ്പാശീലനും ദീർഘക്ഷമയുള്ളവനും ഇത്തരമൊരു നിയമനത്തിനു യോഗ്യതയുള്ളവനും ആയിരുന്നോ? ആയിരുന്നില്ല! മതഭ്രാന്ത് ശൗലിനെ (പൗലൊസ് മുമ്പ് അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്) ക്രിസ്തുവിന്റെ അനുഗാമികളെ കഠിനമായി ഉപദ്രവിക്കാൻ പ്രേരിപ്പിച്ചിരുന്നു. യുവാവായിരിക്കെ സ്തെഫാനൊസിനെ വധിക്കാൻ അവൻ കൂട്ടുനിന്നു. തുടർന്ന് ക്രിസ്ത്യാനികളെ നിർദയം വേട്ടയാടി. (പ്രവൃത്തികൾ 7:58; 8:1, 3; 1 തിമൊഥെയൊസ് 1:13) അവൻ “കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചു”പോന്നു. യെരൂശലേമിലെ വിശ്വാസികളെ ഉപദ്രവിച്ചതു പോരാതെ അവൻ വിധ്വംസകമായ തന്റെ നീക്കങ്ങൾ അങ്ങ് വടക്ക് ദമസ്കൊസ്വരെ വ്യാപിപ്പിക്കാൻ ശ്രമിച്ചു.—പ്രവൃത്തികൾ 9:1, 2.
4. നിയമനം നിറവേറ്റാൻ പൗലൊസ് എന്തു പൊരുത്തപ്പെടുത്തൽ വരുത്തേണ്ടിയിരുന്നു?
4 ആ പുതിയ വിശ്വാസം യഹൂദമതവിശ്വാസത്തെ അനഭികാമ്യമായ വിജാതീയ ആശയങ്ങളുമായി കൂട്ടിക്കലർത്തി ദുഷിപ്പിക്കുമെന്ന് പൗലൊസ് ഉറച്ചു വിശ്വസിച്ചിരിക്കണം. അവന്റെ മനസ്സിൽ ക്രിസ്ത്യാനിത്വത്തോടു വിദ്വേഷം ആളിക്കത്താനുള്ള അടിസ്ഥാന കാരണം അതായിരിക്കാം. പൗലൊസ് “ഒരു പരീശ”നായിരുന്നു, പരീശൻ എന്ന പദത്തിന്റെ അർഥംതന്നെ “വേറിട്ടവൻ” എന്നാണ്. (പ്രവൃത്തികൾ 23:6) ആ സ്ഥിതിക്ക്, വിജാതീയരോട് ക്രിസ്തുവിനെക്കുറിച്ചു പ്രസംഗിക്കാൻ ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നെന്ന് അറിഞ്ഞപ്പോൾ പൗലൊസിനെ അത് എത്ര ഞെട്ടിച്ചിരിക്കണം! (പ്രവൃത്തികൾ 22:14, 15; 26:16-18) തങ്ങൾ പാപികളായി കണക്കാക്കിയിരുന്നവരോടൊപ്പം ആഹാരം കഴിക്കാൻപോലും പരീശന്മാർ വിസമ്മതിച്ചിരുന്നു! (ലൂക്കൊസ് 7:36-39) തന്റെ വീക്ഷണം പുനർവിചിന്തനം ചെയ്യാനും സകലതരം മനുഷ്യരും രക്ഷപ്രാപിക്കണമെന്ന ദൈവഹിതത്തിനു ചേർച്ചയിൽ അതിനെ കൊണ്ടുവരാനും അവൻ അതീവ ശ്രമം ചെയ്യേണ്ടിയിരുന്നു എന്നതിനു സംശയമില്ല.—ഗലാത്യർ 1:13-17.
5. ശുശ്രൂഷയിൽ നമുക്ക് പൗലൊസിനെ അനുകരിക്കാൻ കഴിയുന്നത് എങ്ങനെ?
5 നാമും അതുതന്നെ ചെയ്യേണ്ടതുണ്ടായിരിക്കാം. വ്യത്യസ്ത ദേശക്കാരും ഭാഷക്കാരും ആയ ധാരാളം ആളുകളെ നാം വയലിൽ കണ്ടുമുട്ടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ മനോഭാവത്തെ വിശകലനം ചെയ്യാനും മുൻവിധിയുടെ ഏതു കണികയും മനസ്സിൽനിന്നു തുടച്ചുമാറ്റാനും നാം ബോധപൂർവകമായ ശ്രമം ചെയ്യേണ്ടതുണ്ട്. (എഫെസ്യർ 4:22-24) നാം തിരിച്ചറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും വളർന്നുവന്ന ചുറ്റുപാട്, അതായത് സാമൂഹികവും വിദ്യാഭ്യാസപരവുമായ നമ്മുടെ പശ്ചാത്തലം, നമ്മെ സ്വാധീനിക്കുന്നുണ്ട്. ഇത് പക്ഷപാതപരവും മുൻവിധിയോടുകൂടിയതും വഴക്കമില്ലാത്തതും ആയ വീക്ഷണങ്ങളും മനോഭാവങ്ങളും നമ്മിൽ ഉൾനട്ടേക്കാം. ചെമ്മരിയാടുതുല്യരായ ആളുകളെ കണ്ടെത്തി സഹായിക്കുന്നതിൽ വിജയം വരിക്കണമെങ്കിൽ നാം അത്തരം പ്രവണതകളെ മറികടന്നേ മതിയാകൂ. (റോമർ 15:7) പൗലൊസ് ചെയ്തത് അതാണ്. ശുശ്രൂഷ വികസിപ്പിക്കുകയെന്ന വെല്ലുവിളി അവൻ സ്വീകരിച്ചു. സ്നേഹത്താൽ പ്രേരിതനായി അവൻ അനുകരണയോഗ്യമായ പഠിപ്പിക്കൽ പ്രാപ്തികൾ വളർത്തിയെടുത്തു. “ജാതികളുടെ അപ്പൊസ്തല”നായ പൗലൊസിന്റെ ശുശ്രൂഷയെക്കുറിച്ചു പഠിക്കുമ്പോൾ അവൻ പ്രസംഗ, പഠിപ്പിക്കൽ വേലയിൽ നിരീക്ഷണപാടവവും വഴക്കവും സാഹചര്യത്തിനൊത്ത് വേണ്ടതു ചിന്തിച്ചു പ്രവർത്തിക്കാനുള്ള കഴിവും ഉള്ളവനായിരുന്നെന്നു കാണാൻ കഴിയും.a—റോമർ 11:13.
വേലയിൽ പുരോഗതി വരുത്തിയ ശുശ്രൂഷകൻ
6. പൗലൊസ് തന്റെ ശ്രോതാക്കളുടെ പശ്ചാത്തലത്തിനു ശ്രദ്ധ നൽകിയത് എങ്ങനെ, എന്തു ഫലത്തോടെ?
6 തന്റെ ശ്രോതാക്കളുടെ വിശ്വാസങ്ങളും പശ്ചാത്തലവും മനസ്സിലാക്കാൻതക്ക നിരീക്ഷണപാടവം ഉള്ളവനായിരുന്നു പൗലൊസ്. അഗ്രിപ്പാ രണ്ടാമൻ രാജാവിനെ സംബോധന ചെയ്യവേ, “യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ” ആയിരുന്നു അദ്ദേഹമെന്ന് പൗലൊസ് എടുത്തുപറഞ്ഞു. തുടർന്ന് അവൻ അഗ്രിപ്പായുടെ വിശ്വാസങ്ങൾ സംബന്ധിച്ചു തനിക്കുണ്ടായിരുന്ന അറിവ് ഉപയോഗിച്ചു വിദഗ്ധമായി കാര്യങ്ങൾ ചർച്ചചെയ്തു. രാജാവ് എല്ലാം നന്നായി ഗ്രഹിക്കുകയും ചെയ്തു. പൗലൊസിന്റെ ന്യായവാദം അത്ര വ്യക്തവും ബോധ്യംവരുത്തുന്ന തരത്തിലുള്ളതും ആയതിനാൽ അഗ്രിപ്പാ ഇങ്ങനെപോലും പറയുകയുണ്ടായി: “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു.”—പ്രവൃത്തികൾ 26:2, 3, 27, 28.
7. ലുസ്ത്രയിലെ ഒരു ജനക്കൂട്ടത്തോടു പ്രസംഗിക്കവേ പൗലൊസ് വഴക്കം പ്രകടമാക്കിയത് എങ്ങനെ?
7 പൗലൊസ് വഴക്കമുള്ളവനും ആയിരുന്നു. ലുസ്ത്ര നഗരത്തിൽവെച്ച് ഒരു ജനക്കൂട്ടം അവനെയും ബർന്നബാസിനെയും ദേവന്മാരായി കണക്കാക്കി പൂജിക്കാൻ തുടങ്ങിയപ്പോൾ അവരെ അതിൽനിന്നു പിന്തിരിപ്പിക്കാനായി അവൻ കൈക്കൊണ്ട സമീപനം എത്ര വ്യത്യസ്തമായിരുന്നെന്നു നോക്കുക. ലുക്കവോന്യ ഭാഷ സംസാരിച്ച ഈ ആളുകൾ അവിടത്തെ നിവാസികളിൽവെച്ചു പഠിപ്പു കുറഞ്ഞവരും കൂടുതൽ അന്ധവിശ്വാസികളും ആയിരുന്നെന്നു പറയപ്പെടുന്നു. പ്രവൃത്തികൾ 14:14-18 പറയുന്നപ്രകാരം പൗലൊസ് സത്യദൈവത്തിന്റെ ഔന്നത്യത്തിനുള്ള തെളിവായി സൃഷ്ടികളിലേക്കും പ്രകൃതിദത്തമായ സമൃദ്ധികളിലേക്കും അവരുടെ ശ്രദ്ധയാകർഷിച്ചു. ആ ന്യായവാദം ഗ്രഹിക്കാൻ നന്നേ എളുപ്പമുള്ളതായിരുന്നു. അത് പൗലൊസിനും ബർന്നബാസിനും “യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ . . . തടുത്തു.”
8. ഇടയ്ക്കൊക്കെ തീവ്രമായ വികാരങ്ങൾ പ്രകടമാക്കിയെങ്കിലും താൻ വഴക്കമുള്ളവനാണെന്ന് പൗലൊസ് ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കി?
8 തീർച്ചയായും, പൗലൊസ് പൂർണനല്ലായിരുന്നു, ഇടയ്ക്കൊക്കെ ചില കാര്യങ്ങൾ സംബന്ധിച്ച് അവൻ തീവ്രമായ വികാരങ്ങൾ പ്രകടമാക്കി. ഉദാഹരണത്തിന് ഒരവസരത്തിൽ അപമാനകരവും നീതിരഹിതവുമായ പെരുമാറ്റത്തിന് ഇരയായപ്പോൾ അനന്യാസ് എന്ന ഒരു യഹൂദന്റെ നേർക്ക് അവൻ പൊട്ടിത്തെറിച്ചു. എന്നാൽ അറിയാതെയാണെങ്കിലും മഹാപുരോഹിതനെയാണ് അപമാനിച്ചതെന്ന് അരികെ നിന്നവർ പൗലൊസിനോടു പറഞ്ഞപ്പോൾ ഉടനടി അവൻ ക്ഷമാപണം നടത്തി. (പ്രവൃത്തികൾ 23:1-5) അഥേനയിൽവെച്ച് “നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ട”പ്പോൾ അവന്റെ “മനസ്സിനു ചൂടുപിടിച്ചു.” എന്നാൽ അരയോപഗക്കുന്നിന്മേൽ നടത്തിയ പ്രസംഗത്തിൽ പൗലൊസ് അമർഷത്തിന്റേതായ വികാരമൊന്നും പ്രകടമാക്കിയില്ല. പകരം അവൻ അഥേനക്കാരെ അവരുടെ പൊതുവേദിയിൽവെച്ചു സംബോധന ചെയ്യുകയും “അജഞാതദേവന്നു” എന്ന് എഴുതിയിരിക്കുന്ന വേദിക്കല്ലിനെയും അവരുടെ കവിവരന്മാരിൽ ഒരാളെയും പരാമർശിച്ചുകൊണ്ട് ഒരു പൊതു അടിസ്ഥാനമിട്ട് അവരോടു സംസാരിച്ചുതുടങ്ങുകയും ചെയ്തു.—പ്രവൃത്തികൾ 17:16-28.
9. വ്യത്യസ്ത ആളുകളുമായി ഇടപെടവേ, സാഹചര്യത്തിനൊത്ത് വേണ്ടതു ചിന്തിച്ചു പ്രവർത്തിക്കാനുള്ള പൗലൊസിന്റെ കഴിവ് പ്രകടമായത് എങ്ങനെ?
9 വ്യത്യസ്ത ആളുകളുമായി ഇടപെടവേ, സാഹചര്യത്തിനൊത്ത് വേണ്ടതു ചിന്തിച്ചു പ്രവർത്തിക്കാനുള്ള പൗലൊസിന്റെ കഴിവ് ശ്രദ്ധേയമാംവിധം പ്രകടമായിരുന്നു. ആളുകളുടെ ചിന്താഗതിയെ വാർത്തെടുത്തിരുന്ന അവരുടെ സംസ്കാരവും ചുറ്റുപാടുകളും അവൻ കണക്കിലെടുത്തു. റോമിലെ ക്രിസ്ത്യാനികൾക്ക് എഴുതവേ, അന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയുടെ തലസ്ഥാനത്താണ് അവർ പാർത്തിരുന്നതെന്ന കാര്യം അവനു നന്നായി അറിയാമായിരുന്നു. ദുഷിപ്പിക്കാനുള്ള ആദാമിക പാപത്തിന്റെ ശക്തിയുടെമേൽ, വിടുതൽ നൽകാനുള്ള ക്രിസ്തുവിന്റെ ശക്തി വിജയം വരിക്കുന്നു എന്നതായിരുന്നു റോമിലെ ക്രിസ്ത്യാനികൾക്കുള്ള പൗലൊസിന്റെ ലേഖനത്തിലെ ഒരു പ്രധാന ആശയം. റോമൻ ക്രിസ്ത്യാനികളോടും അവർക്കു ചുറ്റുമുള്ളവരോടും ഹൃദയത്തെ സ്പർശിക്കാൻ പര്യാപ്തമായ ഭാഷയിൽ അവൻ സംസാരിച്ചു.—റോമർ 1:5; 5:14, 15.
10, 11. പൗലൊസ് തന്റെ ശ്രോതാക്കൾക്കു യോജിക്കുന്ന ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചത് എങ്ങനെ? (അടിക്കുറിപ്പും കാണുക.)
10 തന്റെ ശ്രോതാക്കളോടു ഗഹനമായ ബൈബിൾ സത്യങ്ങൾ വിവരിക്കാൻ ആഗ്രഹിച്ചപ്പോൾ പൗലൊസ് എന്താണു ചെയ്തത്? ആളുകൾക്കു പരിചിതമായതും എളുപ്പം ഗ്രഹിക്കാൻ സാധിക്കുന്നതുമായ ദൃഷ്ടാന്തങ്ങൾ അവൻ ഫലപ്രദമായി ഉപയോഗിച്ചു. ഉദാഹരണത്തിന്, റോമാസാമ്രാജ്യത്തിൽ ഉടനീളം കൊടികുത്തിവാണിരുന്ന അടിമത്ത സമ്പ്രദായത്തെക്കുറിച്ച് അവിടത്തെ ആളുകൾ പരിചിതരായിരുന്നെന്ന് പൗലൊസിന് അറിയാമായിരുന്നു. അവൻ ആർക്കാണോ ലേഖനമെഴുതിയത് അവരിൽ പലരും സാധ്യതയനുസരിച്ച് അടിമകളായിരുന്നു. അതുകൊണ്ട് പാപത്തിനോ നീതിക്കോ കീഴ്പെടാനുള്ള വ്യക്തികളുടെ തിരഞ്ഞെടുപ്പു സംബന്ധിച്ച തന്റെ വാദഗതിക്കു കൂടുതൽ കരുത്തുപകരാൻ പൗലൊസ് അടിമത്തത്തെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചു.—റോമർ 6:16-20.
11 ഒരു പരാമർശകൃതി ഇങ്ങനെ പറയുന്നു: “റോമാക്കാർക്കിടയിൽ ഒരു ഉടമസ്ഥന് തന്റെ അടിമയെ നിരുപാധികം സ്വതന്ത്രനാക്കാമായിരുന്നു അല്ലെങ്കിൽ അടിമയ്ക്ക് തന്റെ ഉടമസ്ഥനിൽനിന്നു സ്വാതന്ത്ര്യം വിലയ്ക്കു വാങ്ങാൻ കഴിയുമായിരുന്നു. ഉടമസ്ഥാവകാശം ഒരു ദേവനു കൈമാറ്റം ചെയ്യുമ്പോഴും വിമോചനത്തിനുവേണ്ട ക്രമീകരണം ചെയ്യാമായിരുന്നു.” സ്വതന്ത്രനാക്കപ്പെട്ട അടിമയ്ക്ക് വേണമെങ്കിൽ വേതനം വാങ്ങിക്കൊണ്ട് തന്റെ യജമാനനുവേണ്ടി തുടർന്നും പണിയെടുക്കാമായിരുന്നു. ഏതു യജമാനനെയാണ്—പാപത്തെയാണോ നീതിയെയാണോ—അനുസരിക്കേണ്ടതെന്ന ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് എഴുതിയപ്പോൾ പൗലൊസ് ഈ സമ്പ്രദായത്തെ ആയിരിക്കാം പരാമർശിച്ചത്. റോമിലെ ക്രിസ്ത്യാനികൾ പാപത്തിന്റെ പിടിയിൽനിന്നു മോചിപ്പിക്കപ്പെട്ടിരുന്നു, ഇപ്പോൾ അവർ ദൈവത്തിന്റെ ഉടമസ്ഥതയിൻകീഴിൽ ആയിരുന്നു. ദൈവത്തെ സേവിക്കാൻ അവർക്കു സ്വാതന്ത്ര്യം ഉണ്ടായിരുന്നു, എന്നാൽ ആഗ്രഹിക്കുന്നപക്ഷം മുൻയജമാനനായ പാപത്തെ സേവിക്കാൻ അവർക്കു തീരുമാനിക്കാമായിരുന്നു. ലളിതവും സുപരിചിതവുമായ ആ ദൃഷ്ടാന്തം തങ്ങളോടുതന്നെ ഈ ചോദ്യം ചോദിക്കാൻ റോമിലെ ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുമായിരുന്നു, ‘ഏതു യജമാനനെയാണു ഞാൻ സേവിക്കുന്നത്?’b
പൗലൊസിന്റെ മാതൃകയിൽനിന്നു പഠിക്കുക
12, 13. (എ) വിവിധ പശ്ചാത്തലങ്ങളിലുള്ള നമ്മുടെ ശ്രോതാക്കളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ ഇന്ന് ഏതു ശ്രമം ആവശ്യമാണ്? (ബി) വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ളവരോടു സാക്ഷീകരിക്കവേ ഫലപ്രദമെന്നു നിങ്ങൾ കണ്ടിരിക്കുന്നത് എന്താണ്?
12 വിവിധ പശ്ചാത്തലങ്ങളിലുള്ള നമ്മുടെ ശ്രോതാക്കളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ പൗലൊസിനെപ്പോലെ നാമും നിരീക്ഷണപാടവവും വഴക്കവും സാഹചര്യത്തിനൊത്ത് വേണ്ടതു ചിന്തിച്ചു പ്രവർത്തിക്കാനുള്ള കഴിവും ഉള്ളവരായിരിക്കണം. സുവാർത്തയുടെ അർഥം ഗ്രഹിക്കുന്നതിനു നമ്മുടെ കേൾവിക്കാരെ സഹായിക്കാൻ, പേരിനുമാത്രം ഒരു സന്ദർശനം നടത്തിയിട്ടു പോന്നാൽ പോരെന്നു നാം മനസ്സിലാക്കുന്നു. തയ്യാറായ ഒരു സന്ദേശം അവതരിപ്പിച്ചിട്ടു പോരുകയോ ഏതെങ്കിലും ബൈബിൾ സാഹിത്യങ്ങൾ കൊടുത്തിട്ടു പോരുകയോ മാത്രം ചെയ്യാതെ അവരുടെ ആവശ്യങ്ങളും ആശങ്കകളും ഇഷ്ടാനിഷ്ടങ്ങളും ഭയവും മുൻവിധികളും വിവേചിച്ചറിയാൻ നാം ശ്രമിക്കുന്നു. ഇതു വളരെയധികം ചിന്തയും ശ്രമവും ആവശ്യമാക്കിത്തീർക്കുന്നെങ്കിലും ലോകമൊട്ടാകെയുള്ള രാജ്യഘോഷകർ ഉത്സാഹപൂർവം അങ്ങനെ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് യഹോവയുടെ സാക്ഷികളുടെ ഹംഗറി ബ്രാഞ്ച് ഓഫീസ് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “സഹോദരങ്ങൾ മറ്റു ദേശക്കാരുടെ സമ്പ്രദായങ്ങളെയും ജീവിതരീതിയെയും ആദരിക്കുന്നു, പ്രാദേശിക സമ്പ്രദായങ്ങളുമായി ആ വ്യക്തികൾ പൊരുത്തപ്പെടാൻ അവർ പ്രതീക്ഷിക്കുന്നില്ല.” മറ്റിടങ്ങളിലെ സാക്ഷികളും അതുതന്നെ ചെയ്യാൻ ശ്രമിക്കുന്നു.
13 വിദൂരപൗരസ്ത്യദേശത്തെ ഒരു രാജ്യത്ത് മിക്ക ആളുകളും ആരോഗ്യത്തെയും കുട്ടികളെ വളർത്തുന്നതിനെയും വിദ്യാഭ്യാസത്തെയും കുറിച്ചു ചിന്തയുള്ളവരാണ്. അവരുമായി സംസാരിക്കുമ്പോൾ അവിടത്തെ രാജ്യപ്രസാധകർ, അധഃപതിച്ചുകൊണ്ടിരിക്കുന്ന ലോകാവസ്ഥകളെയോ സങ്കീർണമായ സാമൂഹിക പ്രശ്നങ്ങളെയോ കുറിച്ചു ചർച്ച ചെയ്യാതെ അവർക്കു താത്പര്യമുള്ള ആ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. സമാനമായി, ഐക്യനാടുകളിലെ ഒരു വൻനഗരത്തിലെ പ്രസാധകർ തങ്ങളുടെ പ്രദേശത്തിന്റെ ഒരു പ്രത്യേക ഭാഗത്തു താമസിക്കുന്ന ആളുകൾ അഴിമതി, ഗതാഗതക്കുരുക്ക്, കുറ്റകൃത്യങ്ങൾ എന്നീ കാര്യങ്ങൾ സംബന്ധിച്ച് ഉത്കണ്ഠയുള്ളവരാണെന്നു മനസ്സിലാക്കി. ബൈബിൾ ചർച്ചകൾ തുടങ്ങാൻ സാക്ഷികൾ വിജയകരമായി ഈ വിഷയങ്ങൾ ഉപയോഗിക്കുന്നു. ഏതു വിഷയം തിരഞ്ഞെടുത്താലും ബൈബിൾ തത്ത്വങ്ങൾ ഇപ്പോൾ പിൻപറ്റുന്നതിന്റെ പ്രായോഗിക മൂല്യത്തെക്കുറിച്ചും ദൈവം വാഗ്ദാനം ചെയ്യുന്ന ശോഭനമായ ഭാവിപ്രത്യാശയെക്കുറിച്ചും ഊന്നിപ്പറഞ്ഞുകൊണ്ട് പ്രോത്സാഹജനകവും ക്രിയാത്മകവുമായ വിധത്തിൽ അവ അവതരിപ്പിക്കാൻ ഫലപ്രദരായ ബൈബിൾ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.—യെശയ്യാവു 48:17, 18; 52:7.
14. ആളുകളുടെ വ്യത്യസ്ത ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് നമുക്കു സമീപനത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്ന മാർഗങ്ങളെക്കുറിച്ചു വിശദീകരിക്കുക.
14 ആളുകളുടെ സംസ്കാരവും വിദ്യാഭ്യാസനിലവാരവും മതപശ്ചാത്തലവും വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ശുശ്രൂഷയിൽ വ്യത്യസ്ത സമീപനങ്ങൾ കൈക്കൊള്ളുന്നതും സഹായകമാണ്. ബൈബിളിൽ വിശ്വസിക്കുന്നില്ലെങ്കിലും ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്ന ആളുകളോടു സംസാരിക്കുന്ന രീതിയിലായിരിക്കില്ല ദൈവത്തിൽ വിശ്വസിക്കാത്തവരോടു നാം സംസാരിക്കുന്നത്. മതപരമായ സാഹിത്യങ്ങളെല്ലാം മതപ്രചാരണത്തിനുള്ള ഉപകരണങ്ങളായി കണക്കാക്കുന്ന ഒരാളെ കണ്ടുമുട്ടുമ്പോൾ നാം ഉപയോഗിക്കുന്ന അവതരണം ആയിരിക്കില്ല ബൈബിൾ പഠിപ്പിക്കലുകളെ അംഗീകരിക്കുന്ന ഒരാളോടു സംസാരിക്കുമ്പോൾ ഉപയോഗിക്കുന്നത്. വ്യത്യസ്ത വിദ്യാഭ്യാസനിലവാരങ്ങളുള്ളവരുമായി സംസാരിക്കുമ്പോഴും വഴക്കം ആവശ്യമാണ്. വൈദഗ്ധ്യമുള്ള അധ്യാപകർ സന്ദർഭത്തിന് അനുയോജ്യമായ വാദഗതികളും ദൃഷ്ടാന്തങ്ങളും ഉപയോഗിക്കും.—1 യോഹന്നാൻ 5:20.
പുതിയ ശുശ്രൂഷകർക്കു സഹായം
15, 16. പുതിയ ശുശ്രൂഷകരെ പരിശീലിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
15 സ്വന്തം പഠിപ്പിക്കൽ രീതികൾ മെച്ചപ്പെടുത്തുന്നതിൽ മാത്രമല്ല പൗലൊസ് തത്പരനായിരുന്നത്. തിമൊഥെയൊസ്, തീത്തൊസ് എന്നിവരെപ്പോലെ ഇളംതലമുറയിൽപ്പെട്ടവരെ ഫലപ്രദരായ ശുശ്രൂഷകരായിത്തീരാൻ പരിശീലിപ്പിക്കുകയും ഒരുക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് അവൻ കണ്ടു. (2 തിമൊഥെയൊസ് 2:2; 3:10, 11എ, 14, 15; തീത്തൊസ് 1:4) സമാനമായി ഇന്നും, പരിശീലനം കൊടുക്കേണ്ടതിന്റെയും സ്വീകരിക്കേണ്ടതിന്റെയും അടിയന്തിര ആവശ്യമുണ്ട്.
16 ലോകമെമ്പാടുമായി 1914-ൽ ഏകദേശം 5,000 രാജ്യപ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഏതാണ്ട് അത്രയും പേർ ഓരോ ആഴ്ചയും സ്നാപനമേൽക്കുന്നുണ്ട്! (യെശയ്യാവു 54:2, 3; പ്രവൃത്തികൾ 11:21) പുതിയവർ ക്രിസ്തീയ സഭയുമായി സഹവസിച്ചു തുടങ്ങുകയും ശുശ്രൂഷയിൽ പങ്കുചേരാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ അവർക്കു പരിശീലനവും മാർഗദർശനവും ആവശ്യമാണ്. (ഗലാത്യർ 6:6) ശിഷ്യരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിൽ നാം നമ്മുടെ നായകനായ യേശുവിന്റെ മാർഗങ്ങൾ ഉപയോഗിക്കേണ്ടത് അതിപ്രധാനമാണ്.c
17, 18. ശുശ്രൂഷയിൽ ആത്മവിശ്വാസം കൈവരിക്കാൻ പുതിയവരെ നമുക്ക് എങ്ങനെ സഹായിക്കാം?
17 യേശു ഒരിക്കലും ഒരു ജനക്കൂട്ടത്തെ കണ്ട ഉടനെ, ‘പോയി പ്രസംഗിച്ചുകൊള്ളൂ’ എന്നു പറഞ്ഞ് അപ്പൊസ്തലന്മാരെ അയയ്ക്കുകയായിരുന്നില്ല. ആദ്യം അവൻ അവരോടു പ്രസംഗവേലയുടെ ആവശ്യം ഊന്നിപ്പറയുകയും പ്രാർഥനാമനോഭാവം ഉണ്ടായിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടർന്ന് അവൻ മൂന്ന് അടിസ്ഥാനക്രമീകരണങ്ങൾ ചെയ്തു. അവർക്ക് ഓരോ സഹകാരിയെയും പ്രസംഗിക്കാനുള്ള ഒരു പ്രദേശവും അവൻ നിയമിച്ചുകൊടുത്തു. പ്രസംഗിക്കേണ്ട സന്ദേശം എന്താണെന്നും പറഞ്ഞുകൊടുത്തു. (മത്തായി 9:35-38; 10:5-7; മർക്കൊസ് 6:7; ലൂക്കൊസ് 9:2, 6) നമുക്കും അതുതന്നെ ചെയ്യാൻ കഴിയും. സ്വന്തം മക്കളെയോ പുതിയ വിദ്യാർഥിയെയോ കുറച്ചു നാളുകളായി പ്രസംഗപ്രവർത്തനത്തിൽനിന്നു വിട്ടുനിന്ന ഒരാളെയോ സഹായിക്കുമ്പോൾ ഈ രീതിയിൽ പരിശീലനം നൽകാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും.
18 രാജ്യസന്ദേശം അവതരിപ്പിക്കാൻവേണ്ട ആത്മവിശ്വാസം കൈവരിക്കാൻ പുതിയവർക്കു ഗണ്യമായ സഹായം ആവശ്യമാണ്. ലളിതവും ആകർഷകവുമായ ഒരു അവതരണം തയ്യാറാക്കിയിട്ട് അതു പരിശീലിക്കാൻ അവരെ നിങ്ങൾക്കു സഹായിക്കാനാകുമോ? വയലിലായിരിക്കെ, ആദ്യത്തെ ഏതാനും ഭവനങ്ങളിൽ നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ മാതൃകയിൽനിന്ന് അവർ പഠിക്കട്ടെ. ഗിദെയോന്റെ ദൃഷ്ടാന്തം നിങ്ങൾക്കു പിൻപറ്റാനാകും. അവൻ തന്റെ സഹപോരാളികളോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ചെയ്യുന്നതുനോക്കി അതുപോലെ ചെയ്വിൻ.” (ന്യായാധിപന്മാർ 7:17) അതിനുശേഷം, പുതിയവർക്കു പങ്കുചേരാൻ അവസരം നൽകുക. ചെയ്ത ശ്രമങ്ങൾക്ക് അവരെ ഊഷ്മളമായി അനുമോദിക്കുക, ഉചിതമായിരിക്കുന്നെങ്കിൽ അഭിവൃദ്ധിപ്പെടാനുള്ള ഹ്രസ്വമായ നിർദേശങ്ങൾ നൽകുക.
19. “ശുശ്രൂഷ” പൂർണമായി “നിവർത്തി”ക്കാൻ യത്നിക്കവേ നിങ്ങളുടെ ഉറച്ച തീരുമാനം എന്താണ്?
19 “ശുശ്രൂഷ നിറപടിയായി” അഥവാ പൂർണമായി “നിവർത്തി”ക്കുന്നതിന് സമീപനത്തിൽ കൂടുതൽ വഴക്കമുള്ളവരായിരിക്കാൻ നാം ദൃഢചിത്തരാണ്, പുതിയ ശുശ്രൂഷകരെയും അതുപോലെയായിരിക്കാൻ പരിശീലിപ്പിക്കുന്നതിനു നാം ആഗ്രഹിക്കുന്നു. രക്ഷയിലേക്കു നയിക്കുന്ന ദൈവപരിജ്ഞാനം പകർന്നുകൊടുക്കുകയെന്ന നമ്മുടെ ലക്ഷ്യത്തിന്റെ പ്രാധാന്യം പരിചിന്തിക്കുമ്പോൾ “ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു . . . എല്ലാവർക്കും എല്ലാമായിത്തീ”രാൻ നാം നടത്തുന്ന ശ്രമം തക്കമൂല്യമുള്ളതാണെന്നു നമുക്കു ബോധ്യമുണ്ട്.—2 തിമൊഥെയൊസ് 4:5; 1 കൊരിന്ത്യർ 9:22.
[അടിക്കുറിപ്പുകൾ]
a ശുശ്രൂഷയിൽ പൗലൊസ് പ്രകടമാക്കിയ അത്തരം ഗുണങ്ങൾ സംബന്ധിച്ച ഉദാഹരണങ്ങൾക്ക് പ്രവൃത്തികൾ 13:9, 16-42; 17:2-4; 18:1-4; 19:11-20; 20:34; റോമർ 10:11-15; 2 കൊരിന്ത്യർ 6:11-13 എന്നീ തിരുവെഴുത്തുകൾ പരിചിന്തിക്കുക.
b സമാനമായി, ദൈവവും അവന്റെ ആത്മാഭിഷിക്ത ‘മക്കളും’ തമ്മിലുള്ള പുതിയ ബന്ധത്തെക്കുറിച്ചു വിവരിക്കവേ പൗലൊസ് റോമാസാമ്രാജ്യത്തിലുള്ള തന്റെ വായനക്കാർക്കു സുപരിചിതമായ ഒരു നിയമനടപടിയെ അധികരിച്ചു സംസാരിച്ചു. (റോമർ 8:14-17) പുത്രന്മാരായി സ്വീകരിക്കൽ അഥവാ “ദത്തെടുക്കൽ അടിസ്ഥാനപരമായി ഒരു റോമൻ സമ്പ്രദായമായിരുന്നു, കുടുംബത്തെ സംബന്ധിച്ച റോമാക്കാരുടെ ആശയങ്ങളുമായി അതിന് അടുത്ത ബന്ധമുണ്ടായിരുന്നു,” സെന്റ് പോൾ റോമിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
c ‘പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു’ എന്ന ക്രമീകരണം ഇന്ന് യഹോവയുടെ സാക്ഷികളുടെ എല്ലാ സഭകളിലുമുണ്ട്. അനുഭവപരിചയം കുറഞ്ഞ പ്രസാധകരെ സഹായിക്കുന്നതിൽ മുഴുസമയ ശുശ്രൂഷകരുടെ അനുഭവസമ്പത്തും പരിശീലനവും ഇതിലൂടെ ഉപയോഗപ്പെടുത്തുന്നു.
നിങ്ങൾ ഓർമിക്കുന്നുവോ?
• ഏതെല്ലാം വിധങ്ങളിൽ ശുശ്രൂഷയിൽ നമുക്ക് പൗലൊസിനെ അനുകരിക്കാൻ കഴിയും?
• നമ്മുടെ ചിന്താഗതിയിൽ എന്തു പൊരുത്തപ്പെടുത്തലുകൾ ആവശ്യമായിരിക്കാം?
• സന്ദേശം ഫലപ്രദമാക്കാൻ നമുക്ക് എങ്ങനെ കഴിയും?
• ആത്മവിശ്വാസം വളർത്തിയെടുക്കാൻ പുതിയ ശുശ്രൂഷകർക്ക് എന്ത് ആവശ്യമാണ്?
[29-ാം പേജിലെ ആകർഷകവാക്യം]
അപ്പൊസ്തലനായ പൗലൊസ് പ്രസംഗ, പഠിപ്പിക്കൽ വേലയിൽ നിരീക്ഷണപാടവവും വഴക്കവും സാഹചര്യത്തിനൊത്ത് വേണ്ടതു ചിന്തിച്ചു പ്രവർത്തിക്കാനുള്ള കഴിവും പ്രകടമാക്കി
[31-ാം പേജിലെ ആകർഷകവാക്യം]
യേശു തന്റെ ശിഷ്യന്മാർക്ക് ഇവ ഉറപ്പുവരുത്തി: ഒരു സഹകാരി, പ്രസംഗിക്കാനുള്ള പ്രദേശം, പ്രസംഗിക്കേണ്ട സന്ദേശം
[28-ാം പേജിലെ ചിത്രങ്ങൾ]
വഴക്കമുള്ളവനായിരിക്കുകവഴി വ്യത്യസ്തതരം ശ്രോതാക്കളുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നതിൽ പൗലൊസ് വിജയിച്ചു
[30-ാം പേജിലെ ചിത്രം]
ഫലപ്രദരായ ശുശ്രൂഷകർ ശ്രോതാക്കളുടെ സാംസ്കാരിക പശ്ചാത്തലം കണക്കിലെടുക്കും
[31-ാം പേജിലെ ചിത്രം]
പുരോഗമനോത്സുകരായ ശുശ്രൂഷകർ പുതിയവരെ ശുശ്രൂഷയ്ക്കായി ഒരുക്കുന്നു